സ്വന്തം ലേഖകൻ

കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാൻ കഴിയാത്തവർക്ക് ഇപ്പോൾ മെയ് 31 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്, എന്നാൽ സാഹചര്യം കണക്കിലെടുത്ത് കാലാവധി നീട്ടി നൽകാൻ സാധ്യതയുണ്ട്.

ഹോം സെക്രട്ടറി പ്രീതി പട്ടേൽ ആണ് ഇന്നലെ ( മാർച്ച് 24ന്) ഇത് പ്രഖ്യാപിച്ചത്. ജനുവരി 24 ന് ശേഷം വിസ കാലാവധി കഴിയുകയും എന്നാൽ യാത്രാ വിലക്കും സെൽഫ് ഐസൊലേഷനും മൂലം സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ കഴിയാതിരിക്കുകയും ചെയ്ത വിദേശികൾക്കാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. മെയ് മുപ്പത്തിയൊന്നാം തീയതി വരെയാണ് ഇത് ബാധകമാവുക എങ്കിലും, സാഹചര്യങ്ങളുടെ തീവ്രത അനുസരിച്ച് വിസ നീട്ടിനൽകാൻ സാധ്യതയുണ്ട്.

യുകെ വിസകളും ഇമിഗ്രേഷനിലും കർമ്മനിരതരായ ഒരു കോവിഡ് 19 ഇമിഗ്രേഷൻ ടീം നിലവിലുണ്ട്. സംശയങ്ങൾ ദൂരീകരിക്കാനും, വിസ സംബന്ധിച്ചുള്ള ഏത് ആവശ്യങ്ങൾക്കും ഇവരെ ബന്ധപ്പെടാം. എന്നാൽ കാലാവധി നീട്ടി നൽകണമെങ്കിൽ അപേക്ഷ അയയ്ക്കണം, ഇതിനെ സംബന്ധിച്ച് ഹോം ഓഫീസ് പുതിയ നടപടിക്രമങ്ങളിലേക്ക് കടക്കുന്നുണ്ട്.

പ്രീതി പട്ടേൽ പറയുന്നു, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സൗഖ്യവും ആണ് ഏറ്റവും പ്രധാനം, അതിനാൽ ഇവിടെത്തന്നെ തുടരുന്നവർ ആരും ശിക്ഷിക്കപ്പെടുകയില്ല. ജോലി ചെയ്തുകൊണ്ടിരുന്നവർക്ക് അത് തുടരാം, വ്യക്തികളുടെ മാനസിക ശാന്തിയാണ് പ്രധാനം. ഹോം ഓഫീസുമായി ബന്ധപ്പെട്ടവർക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ഭയപ്പെടേണ്ടതില്ല എന്നും, കൊറോണ കാരണമാണ് നടപടികൾ വൈകുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.