ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ 61 പേര്‍ക്കാണ് കപ്പലില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളെയും ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ ആദ്യം പരിശോധിച്ചത്. തുടര്‍ന്നാണ് ആശങ്ക വര്‍ധിച്ചത്.

ഇതില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ മുഴുവന്‍ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യം കൊറോണ സ്ഥിരീകരിച്ച യാത്രക്കാരന് യാത്രയ്ക്കിടെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. പിന്നീടാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.