ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭാഗമായ കീത്തിലി സെൻ്റ് അൽഫോൻസാ മിഷനിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കമായി. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാല് മണിക്ക് കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഓശാന തിരുനാൾ ശുശ്രൂഷകൾ ആരംഭിച്ചു. കുരുത്തോല ആശീർവാദത്തിന് ശേഷം കുരിശോലകളേന്തി ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം നടന്നു. തുടർന്ന് പ്രദക്ഷിണം ദേവാലയത്തിൻ്റെ അടഞ്ഞുകിടക്കുന്ന പ്രധാന കവാടത്തിലെത്തി. തുടർന്ന് കാർമ്മികൻ സ്വരമുയർത്തി പറഞ്ഞു.
“വാതിലുകളെ ശിരസ്സുയർത്തുവിൻ. നിത്യ കവാടങ്ങളെ തുറക്കുവിൻ, മഹത്വത്തിൻ്റെ രാജാവെഴുന്നുള്ളുന്നു.” തുടർന്ന് ദേവാലയത്തിൻ്റെ പ്രധാന കവാടം മൂന്ന് പ്രാവശ്യം മുട്ടി തുറന്ന് പ്രദക്ഷിണം ദേവാലയത്തിനുള്ളിൽ പ്രവേശിച്ചതിനു ശേഷം ആഘോഷമായ വിശുദ്ധ കുർബാന ആരംഭിച്ചു. അത്യധികം ഭക്തിനിർഭരമായ വിശുദ്ധ കുർബാനയിൽ കീത്തിലിയിൽ നിന്നും പരിസര പ്രദേശങ്ങിൽ നിന്നുമായി നാനൂറോളം വിശ്വാസികൾ പങ്കെടുത്തു.

2024 സെപ്റ്റംബറിലാണ് കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ രൂപീകൃതമായത്. റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ ശുശ്രൂഷയിൽ ആരംഭിച്ച സെൻ്റ് അൽഫോൻസാ മിഷനിൽ നൂറ്റിമുപ്പതോളം രജിസ്ട്രേഡ് കുടുംബങ്ങളുണ്ട്. കൂടാതെ, സൺഡേ സ്കൂൾ, SMYM , മിഷൻ ലീഗ്, സാവിയോ ഫ്രൺസ്, ഇവാഞ്ചലൈസേഷൻ ടീം, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ സംഘടനകളും സെൻ്റ് അൽഫോൻസാ മിഷൻ്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു. സെൻ്റ് അൽഫോൻസാമിഷന് മാത്രമായി ഗ്രേറ്റ് ബ്രിട്ടൺ സീറാ മലബാർ സഭ ഒരു വൈദീകനെ നിയോഗിച്ചിട്ടുണ്ട്. പാലാ രൂപതയിൽ നിന്നുള്ള വൈദീകൻ ഉടനെ തന്നെ ചാർജ്ജെടുക്കുമെന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അന്തിയാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
വൈകുന്നേരം 6.30 തോട് കൂടി ഓശാന ഞായർ ശുശ്രൂഷകളവസാനിച്ചു.












Leave a Reply