ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ സ്വന്തം ക്ലീൻ എയർ സോൺ നിയമം ലംഘിച്ചതിന് ഏകദേശം £4.7 ലക്ഷം പിഴയായി അടച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു . 2021ല്‍ പദ്ധതി ആരംഭിച്ചതിന് ശേഷം കൗണ്‍സിലിന്റെ വാഹനങ്ങള്‍ 3,262 തവണ നിയമലംഘനം നടത്തിയതായും ഇതില്‍ കൂടുതലും മാലിന്യ സംസ്കരണ വിഭാഗത്തിന്റെ വാഹനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനാണ് പദ്ധതി നടപ്പിലാക്കിയതെങ്കിലും കൗണ്‍സിലിന്റെ സ്വന്തം വാഹനങ്ങള്‍ തന്നെ മാനദണ്ഡം പാലിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ആണ് ഇടയാക്കിയിരിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം കൗണ്‍സില്‍ ഇത്തരത്തില്‍ സ്വന്തം ഫണ്ടില്‍ നിന്നു തന്നെ പിഴ അടയ്ക്കുന്നത് കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത് . ഭക്ഷ്യ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് പോലും മലിനീകരണ നിയന്ത്രണ ചാര്‍ജ് വലിയ ബാധ്യതയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചില സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദിവസേന പിഴ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഭക്ഷ്യവിതരണ പ്രവര്‍ത്തനങ്ങള്‍ കുറയുകയും ചെയ്തതായി അവർ ആരോപിച്ചു. എന്നാല്‍ കൗൺസിലിന്റെ നടപടി മൂലം നഗരത്തിലെ വായു മലിനീകരണത്തിന്റെ അളവ് 7 മുതല്‍ 8 ശതമാനം വരെ കുറഞ്ഞതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൗണ്‍സിലിന്റെ വിശദീകരണ പ്രകാരം ഇപ്പോള്‍ 1,170 വാഹനങ്ങളില്‍ 142 എണ്ണം മാത്രമാണ് മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്. പഴയ വാഹനങ്ങള്‍ മാറ്റി പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വാഹനങ്ങളുടെ ഇന്ധന ഉപയോഗം, വേഗത, എഞ്ചിന്‍ പ്രവര്‍ത്തന സമയം എന്നിവ നിരീക്ഷിക്കുന്ന പുതിയ പരിസ്ഥിതി സൗഹൃദ ഡ്രൈവിംഗ് പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം.