കണ്ണൂർ∙ മുഖത്തെ മുറിവിന് തുന്നൽ ഇടുന്നതിനായി അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ അനസ്തീഷ്യ നൽകിയതിനെ തുടർന്നാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കളിക്കുന്നതിനിടെ വീണ് ചുണ്ടിലും മുഖത്തും പരിക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ ആരോഗ്യകേന്ദ്രത്തിലും തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മുറിവിൽ തുന്നൽ ഇടുന്നതിനായി അനസ്തീഷ്യ നൽകിയ ശേഷം കുട്ടി അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനസ്തീഷ്യ നൽകിയ സമയത്ത് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ചികിത്സാപിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അനസ്തീഷ്യ വിദഗ്ധയ്ക്കെതിരെ കേസെടുത്ത പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











Leave a Reply