ഫാ. ഹാപ്പി ജേക്കബ്ബ്

നാല്പത് നാളിൽ നോമ്പിൻ ദിനങ്ങളിലൂടെ സ്തൂപം ചെയ്തു ജീവിത വിശുദ്ധി നേടി വലിയ പ്രവചന നിവൃത്തിയുടെ അനുഭവം ഇന്ന് നാം ഉൾക്കൊള്ളുകയാണ്. രാജഭാവവും താഴ്മയും, പ്രതീക്ഷയും കാത്തിരിപ്പും എല്ലാം നിവർത്തിക്കുന്ന ദിനം. അവർ ആർത്തു വിളിച്ചു ” ഹോശന്നാ”- ഇപ്പോൾ രക്ഷിക്കണമേ, ദാവീദിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു. അത്യുന്നതങ്ങളിൽ ഹോശാന ! രാജാവായി യെറുശലേമിലേക്ക് പ്രവേശിച്ച അനുഭവം നമ്മുടെ വിശ്വാസ യാത്രയ്ക്ക് പ്രചോദനമാവുകയും രാജാധി രാജാവിനെ വരവേൽക്കുവാൻ ഒരുങ്ങുകയും ചെയ്യാം. വി. യോഹന്നാൻ 12-ാം അധ്യായം 12 – 19 വരെയുള്ള വേദവാക്യങ്ങൾ.

1. പ്രവചനത്തിന്റെ പൂർത്തീകരണം.

സീയോൻ പുത്രി അത്യധികം സന്തോഷിക്കു, ജറുശലേം പുത്രി ആർപ്പിടുക, നീതിമാനും വിജയിയും , താഴ്മയുള്ളവനും കഴുതപ്പുറത്ത് കയറി നിൻറെ അടുക്കൽ വരുന്നു എന്ന് സഖറിയ പ്രവാചകൻ പ്രവചിക്കുന്നു. (9:9). ജനത്തിന്റെ മനസ്സിൽ ഉള്ള യോദ്ധാവായ രാജാവായല്ല, കഴുത കുട്ടിയുടെ പുറത്ത് വരുന്ന വിനീത വിധേയനായ ദാസൻ . മറ്റു പ്രതീക്ഷകളിൽ നിന്ന് പ്രവചനാതീതനായി രാജത്വം പ്രകടമാക്കുന്ന വിനയം അനുകമ്പ, ഏവരാലും സ്വീകാര്യമായ ഭാവം. ഇന്ന് നാമും ഈ പ്രവചനത്തിന്റെ ഭാഗമായി തീരണം. ആർത്ത് വിളിച്ച് നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് അവൻ കടന്നു വരാൻ ഇടയാകട്ടെ .

2. പ്രതീക്ഷയുടെ പൂർത്തീകരണം.

യേശു യെരുശലേമിൽ പ്രവേശിച്ചപ്പോൾ ജനം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. കുരുത്തോലകളും ഒലിവിൻ ജില്ലകളും അവർ പിടിച്ച് കൊണ്ട് ഹോശാന , കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്ത് വിളിച്ചു. ജയത്തിന്റെയും വിജയത്തിന്റെയും പ്രതീകമായി ആളുകൾ അവനെ പ്രതീക്ഷയോടെ സ്വീകരിക്കുന്നു. എന്നാൽ ഭീതികമായ രാജാവ് ആണെന്ന് ധരിച്ചിരുന്ന അവരിൽ ചിലർ യേശുവിനെതിരെ തിരിയുന്നു. ലൗകിക സ്തുതിയുടെ ക്ഷണികമായ സ്വഭാവത്തെക്കുറിച്ചും, ദൈവവചനത്തിലെ മാറ്റമില്ലാത്ത സത്യത്തിൽ അധിഷ്ഠിതമായ അചഞ്ചലമായ വിശ്വാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇത് ഒരു ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.

3. ശിഷ്യത്വത്തിലേക്കുള്ള വിളി.

വിശുദ്ധ വാരത്തിന്റെ ആദ്യദിനമാണ് നാം ഈ പെരുന്നാൾ കൊണ്ടാടുന്നത്. രാജാധി രാജാവായി അവനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന നാം രക്ഷണ്യ യാത്രയിലും ഭാഗമാകേണ്ടതുണ്ട്. നമ്മുടെ കർത്താവ് നടന്നടുക്കുന്നത് രക്ഷയുടെ അനുഭവമായ കുരിശു മരണത്തിലേക്കാണ്. അവനോടൊപ്പം നടന്നു നീങ്ങുന്ന പുരുഷാരത്തോടൊപ്പം അവൻറെ കുരിശിന്റെ അറ്റം എങ്കിലും താങ്ങുവാൻ നാം ഒരുങ്ങേണ്ടതുണ്ട്. കഴിഞ്ഞ ജീവിതങ്ങളിൽ അവൻറെ ക്രൂശിക്കുക എന്നാർത്ത പുരുഷാരത്തോടൊപ്പം നാം ആയിരുന്നില്ലല്ലോ. എന്നാൽ നോമ്പിൻറെ അനുഭവങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു ആർദ്ര സ്നേഹത്തിൻറെ കുരിശിന്റെ ചുവട്ടിലേക്കാണ്. നമ്മുടെ കർത്താവ് ജീവൻ സമർപ്പിച്ചത് പോലെ നിസ്വാർത്ഥതയുടെയും ത്യാഗപരമായ സ്നേഹത്തിന്റെയും ദൈവഹിതത്തോടുള്ള അചഞ്ചലമായ അനുസരണത്തിന്റെയും പാത നമുക്കും സ്വീകരിക്കാം –

രക്ഷയുടെ കഷ്ടാനുഭവമേ സമാധാനത്താലെ വരിക.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907