നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരെത്തി.

ആലുവയിലെ സബ്ജയിലില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് ആന്റണി പെരുമ്പാവൂര്‍ ദിലീപിന് പിന്തുണയുമായി എത്തിയത്. നേരത്തെ ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി പരസ്യപിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാര്‍ എംഎല്‍എ മടങ്ങിയ ശേഷമാണ് ആന്റണി പെരുമ്പാവൂരിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ജയിലിനുളളില്‍ ദിലീപുമായി അരമണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയ ഗണേഷ് കുമാര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ അടക്കം നിരവധി പേരാണ് ഇന്ന് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു.