ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്ക ഗണ്യമായി വർധിക്കുന്നതായി പുതിയ പഠനം. 16 മുതൽ 24 വയസ്സ് വരെയുള്ളവരിൽ വിദ്യാഭ്യാസത്തിലോ ജോലിയിലോ പരിശീലനത്തിലോ ഇല്ലാത്ത യുവാക്കളുടെ എണ്ണം ഒരു ദശകത്തിനിടെ ആദ്യമായി 10 ലക്ഷത്തിലേറെ കടന്നതോടെയാണ് ആശങ്ക ശക്തമായത്. ദീർഘകാല തൊഴിലില്ലായ്മ നേരിടേണ്ടിവരുമെന്ന ഭയം യുവാക്കളിൽ റെക്കോർഡ് നിലയിലെത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ച് (IPPR) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ പ്രവണത തുടർന്നാൽ 2030ഓടെ NEET യുവാക്കളുടെ എണ്ണം 12.5 ലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്ന് മുൻ ലേബർ മന്ത്രി അലൻ മിൽബേൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും യുവാക്കളിൽ കുറയുന്നതായാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. 16 മുതൽ 29 വയസ്സ് വരെയുള്ളവരിൽ നാലിലൊരാൾ മാത്രമാണ് ‘പ്രതിഭയും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ മുന്നേറാൻ എല്ലാവർക്കും തുല്യ അവസരമുണ്ട്’ എന്ന അഭിപ്രായത്തോട് യോജിച്ചത്. ഒരു പതിറ്റാണ്ട് മുൻപിനെ അപേക്ഷിച്ച് സ്വന്തം ജീവിതത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് കരുതുന്ന യുവാക്കളുടെ എണ്ണം വർധിച്ചതായും പഠനം വ്യക്തമാക്കുന്നു. കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കുമെന്ന വിശ്വാസം കുറഞ്ഞത് യുവതലമുറ ഭാവിയെ കൂടുതൽ നിരാശയോടെയാണ് കാണുന്നതെന്ന സൂചനയാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.

യുവജന തൊഴിലില്ലായ്മ, കുത്തനെ ഉയരുന്ന ഭവനവിലയും വാടകച്ചെലവും, മാനസികാരോഗ്യ പ്രശ്നങ്ങളുടെ വർധന, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്നിവയാണ് ആത്മവിശ്വാസത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. 16 മുതൽ 24 വയസ്സ് വരെയുള്ള സ്ത്രീകളിൽ നാലിൽ രണ്ടുപേർക്കും പുരുഷന്മാരിൽ മൂന്നിലൊരാൾക്കും മോശം മാനസികാരോഗ്യാവസ്ഥയുണ്ടെന്നാണ് IPPRയുടെ കണക്ക്. ഇത്തരക്കാരിൽ വെറും 24 ശതമാനം പേർക്ക് മാത്രമാണ് ജീവിതത്തിൽ വിജയിക്കാമെന്ന ആത്മവിശ്വാസമുള്ളത്. യുവാക്കളെ വീണ്ടും വിദ്യാഭ്യാസത്തിലും തൊഴിൽ രംഗത്തും സജീവമാക്കാൻ 2.5 ബില്യൺ പൗണ്ടിന്റെ പിന്തുണാ പദ്ധതികളും രാജ്യത്തുടനീളം യുവജന ഹബ്ബുകളും വിപുലീകരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.