മലയാളം യുകെ ന്യൂസ് ബ്യുറോ

സുഹൃത്തുക്കളായ രണ്ട് ബ്രിട്ടീഷ് യുവാക്കൾ സ്പെയിനിലെ കോസ്റ്റ ബ്ലാങ്ക മുനമ്പിൽ നിന്നും സെൽഫിയെടുക്കാൻ ഉള്ള ശ്രമത്തിനിടെ 30 അടി താഴ്ചയിലേക്ക് വീണു മരിച്ചു. 25 വയസ്സുള്ള ഡാനിയേൽ വിവിയൻ മീ എന്ന യുവാവും, 20 വയസ്സുള്ള ജെയ്ഡൻ ഡോൾമാനുമാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 7:30 മണിയോടുകൂടി ടോറിവിയജെ നഗരത്തിലെ പുന്റ പ്രൈമ എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡാനിയേൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.  ജെയ്ഡനെ പിന്നീട് രൂക്ഷമായ പരിക്കുകളോടെ അലികാന്തേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിച്ചു.

സെൽഫി എടുക്കാൻ ഉള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൂന്നാമതൊരാൾ കൂടി ഇവരോടൊപ്പം ഉണ്ടായിരുന്നെങ്കിലും, അപകടം കൂടാതെ രക്ഷപ്പെട്ടു. മൂന്നുപേരും ബ്രിട്ടീഷുകാരാണ് എന്ന് സിവിൽ ഗാർഡ് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് കോൺസുലേറ്റിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഏകദേശം 40 അടി താഴ്ചയിലേക്ക് ആണ് വീണത് എന്നതാണ് പ്രഥമ നിഗമനം. സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്.

ഒറിഹുയെലയും ടോറിവിയേജയും എന്ന രണ്ട് മുനിസിപ്പാലിറ്റികളുടെ അതിർത്തിയാണ് പുന്റ പ്രൈമ എന്ന സ്ഥലം. ഇവിടെ ഈ ആഴ്ചയിൽ തന്നെ സംഭവിക്കുന്ന രണ്ടാമത്തെ ദുരന്തം ആണ് ഇത്. 19 കാരനായ ലൂക്ക് ഫ്രീമാൻ എന്ന ചെറുപ്പക്കാരൻ കോസ്റ്റ ബ്രാവ റിസോർട്ടിലെ കെട്ടിടത്തിൽനിന്ന്വീണ് മരിച്ചിരുന്നു.

മരിച്ച രണ്ടുപേരുടെയും പോസ്റ്റുമാർട്ടം അലികാന്തേ ആശുപത്രിയിൽ വച്ച് നടത്തും. ഇത്തരത്തിലുള്ള അപകടങ്ങൾ തടയുന്നതിനായി ശരിയായ രീതിയിൽ പണിതുയർത്തിയ മതിൽ ഇവിടെയുണ്ട്. വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.