ഞായറാഴ്ച സങ്കീര്‍ത്തനം

ഫാ. ഹാപ്പി ജേക്കബ്

സമാധാനത്തിന്റെയും, ശാന്തതയുടെയും ദിവ്യ ദിനങ്ങളിലേക്ക് കടന്നു വരികയാണല്ലോ. കർത്താവ് അരുളിച്ചെയ്ത ലോകം തരാത്ത സമാധാനം, അത് നേടുവാൻ നമ്മെ ഒരുക്കുന്ന ഭവ്യതയാർന്ന സമയം കൂടി ആണിത് എന്ന് നാം വിസ്മരിക്കരുത്. ഏവരുടെയും ശ്രദ്ധയും, ചിന്തയും, ധ്യാനവും ആ സമാധാന ദാതാവിന്റെ ജനന സ്ഥലത്തേക്ക് എത്തി ഇന്നത്തെ സാഹചര്യത്തിൽ എപ്രകാരം നാം ആയിത്തീരണമെന്ന് കൂടി ചിന്തിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു.

നാം അധിവസിക്കുന്ന ഈ സാഹചര്യങ്ങളിൽ നിന്ന് നമുക്ക് യാത്ര ആരംഭിക്കാം. പോകുന്ന വഴിയിൽ നാം കേട്ടിട്ടുള്ള പക്ഷേ അത്ര പരിചയമില്ലാത്ത ചില മുഖങ്ങളെ കൂടി നമുക്ക് കൂട്ടാം. അത്യാധുനികതയും, സാങ്കേതിക വിപ്ലവങ്ങളും ബൗദ്ധികമായ ഉപായങ്ങൾ ഒന്നും കൊണ്ടു പോകേണ്ട കാര്യമില്ല. പകരം നിർമ്മലത ഉള്ള മനസ്സ് മാത്രം മതി ഈ യാത്രയിൽ. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും. വി. മത്തായി 5 : 8.

പ്രവാചകന്മാർ അരുളിച്ചെയ്ത രാജാവ് പിറക്കുന്നതും അത് കാണുവാനും ദൈവ ജനസമൂഹം ഒരുങ്ങി. അവർ കാത്തിരുന്നു എവിടെ ആയിരിക്കും ഈ രാജാവ് പിറക്കുന്നത് . പൂർണ്ണഗർഭിണിയായ മറിയവും, ജോസഫും യാത്രയിലാണ്. കഷ്ടതയും, ഭാരവും, ക്ഷീണവും, ആകുലതയും, നിരാശയും, വേദനയും എല്ലാം കൂട്ടിനുണ്ട്. വഴി യാത്രയിൽ വീണു പോകാൻ ഈ കാരണങ്ങളെല്ലാം ധാരാളം. എങ്കിലും അവർ യാത്ര തുടർന്നു. നമുക്കും ഈ യാത്രയിൽ പങ്കുചേരാം. ഇതിൽ ഏതെങ്കിലും ചിലത് നമ്മുടെ ജീവിതത്തിൽ ചിലർ എങ്കിലും അനുഭവിച്ചേക്കാം. മറ്റ് ചിലർക്ക് കേട്ട് കേൾവി ഉണ്ടാകും. ഈ കഠിന യാതനകളിൽ നമ്മെ വിടുവിക്കാനാണ് ദൈവപുത്രനെ വഹിച്ചുകൊണ്ട് ദൈവമാതാവ് യാത്ര ചെയ്യുന്നതെന്ന് നമുക്ക് എത്രമാത്രം ബോധ്യം ഉണ്ട്. മറിയത്തിന് പ്രചോദനവും ശക്തിയും ലഭിച്ചത് താൻ ശ്രവിച്ച ദൈവ ശബ്ദം മാത്രമായിരിക്കും. “മറിയമേ നീ ഭയപ്പെടേണ്ടാ, നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന് യേശു എന്ന് പേർ വിളിക്കണം. ലൂക്കോസ് 1:30 – 33.

ഈ യാത്രയിൽ നമുക്ക് യാത്രികരായ നമ്മുടെ ജീവിതചര്യകൂടി ഒന്ന് ഓർക്കാം. പഴയതും പഴമയും വളരെ നല്ലത് എന്ന് പലരും പറഞ്ഞു പ്രസംഗിച്ചും കേട്ടിട്ടുണ്ട്. ഓണം ആഘോഷിക്കുന്ന സമയത്ത് പലരും പറയാറുണ്ട് ഞങ്ങളുടെ ചെറുപ്പകാലത്ത് ഓണം അത്രയൊന്നും ഇന്നില്ല. പെരുന്നാൾ ആഘോഷങ്ങളും നാം ഇങ്ങനെ വിലയിരുത്താറുണ്ട്. അപ്പോൾ എന്താ ഇന്നത്തെ കുറവ്. എന്താ പഴമയുടെ മേന്മ. എന്റെ കാഴ്ചപ്പാടിൽ ദൈവഭയവും ദൈവസ്നേഹവും കുറച്ച് ഉണ്ടായിരുന്നു പഴയ കാലത്തിൽ. പങ്കുവയ്ക്കലിൽ കൂടി കുറച്ച് എങ്കിലും കരുതൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇതെല്ലാം കൈമോശം വന്നുപോയി. വിളവ് ലഭിക്കുമ്പോൾ സ്തോത്രം അർപ്പിച്ചിരുന്ന മാതാപിതാക്കന്മാർ നമുക്ക് ഉണ്ടായിരുന്നു. വിളവ് ലഭിച്ചില്ലെങ്കിൽ പ്രാർത്ഥനയും നോമ്പും നോറ്റിരുന്ന തലമുറ. ഇന്നോ ചെറിയ ഒരു കുറവ് മതി നിരാശപ്പെടുവാനും ജീവിതം അവസാനിപ്പിക്കുവാനും എന്തേ നാം ഇങ്ങനെ ആയി. ഒരേ ഒരു കാരണം ദൈവസ്നേഹം വിട്ടകന്ന് ഭൗതിക സ്നേഹം മാത്രമായി.

ബേത് ലഹേമിലേക്ക് ഒന്ന് നോക്കൂ. പുഞ്ചിരിക്കുന്ന മുഖങ്ങളില്ല. മിന്നുന്ന
നക്ഷത്രങ്ങളില്ല തീൻമേശയിൽ വിഭവങ്ങളുമില്ല. എങ്കിലും ദൈവ വചനത്തിന്റെ നിവൃത്തിക്കുവേണ്ടി യാത്ര ചെയ്യുന്ന മറിയവും ജോസഫും. ഇതിൽ നിന്ന് നാം എന്താണ് ഉൾക്കൊള്ളേണ്ടത്.ഇന്ന് ബേത് ലഹേമിൽ നിന്ന് എന്താണ് നാം കാണേണ്ടത്.

മുഴുവൻ പ്രയാസവും പ്രതികൂലതയും ചുറ്റിവരിയുമ്പോഴും നിന്നെ ആക്കിയിരിക്കുന്ന നിന്റെ ദൈവം നിന്നോട് സംസാരിച്ചത് നീ ഓർക്കുക. ഈ യാത്രയിൽ നിന്റെ ശ്രമം കൊണ്ട് ഒഴിവാക്കാവുന്ന, ഒപ്പി എടുക്കാവുന്ന ചിലതെങ്കിലും ഇല്ലേ. എന്തേ ശ്രമിക്കുന്നില്ല. രോഗവും മരണവും യുദ്ധവും പ്രതികൂലതകളും ഉണ്ട്. അവയൊന്നും നമുക്ക് തടയാൻ പറ്റില്ല. എങ്കിലും വേദനിക്കുന്ന ഹൃദയവും പിടയുന്ന മനസ്സുമായി എത്ര പേർ നമുക്ക് ചുറ്റിലും ഉണ്ട്. കുറച്ച് രൂപ കൊടുത്ത് ഉത്തരവാദിത്വത്തിൽ നിന്ന് ഓടിപ്പോകുമ്പോൾ ഓർക്കുക ,ഒരു വാക്ക് കേൾക്കാൻ ,ഒരു തലോടൽ ലഭിപ്പാൻ കൊതിക്കുന്ന അനേകരുടെ നടുവിൽ ആണ് നാം ജീവിക്കുന്നത്. അവരിൽ ചിലർ നമ്മുടെ മാതാപിതാക്കളോ സഹോദരരോ ആണ്.

ആയതിനാൽ ഈ ക്രിസ്തുമസ് കാലം ദൈവപുത്രനെ കാണാനായി നാം ഒരുങ്ങുമ്പോൾ ബേത് ലഹേമിലേക്കുള്ള യാത്രയിൽ മറിയവും ജോസഫും നമ്മുടെ വേദന അകറ്റാനായി ജനിച്ച ക്രിസ്തുവും വേദനിക്കുന്നവരെ ആശ്വസിപ്പിക്കാൻ നമ്മെ ഒരുക്കുവാൻ തക്കവണ്ണം നോമ്പിലേക്ക് പ്രവേശിക്കാം. കാഴ്ചക്കാരായി വഴിയരികിൽ നിൽക്കാതെ കർത്താവിനെ കാണുവാനായി പോകാം.

 

രാജേഷ് ജോസഫ്, ലെസ്ററർ

കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ സ്‌നേഹം മാത്രം തൻറെ ജീവിതം കൊണ്ട് കാണിച്ച മഹാ ത്യാഗിയുടെ ഓര്‍മ്മയ്ക്കായി കുരിശുകള്‍ പണിയുന്ന നമ്മളില്‍ നിന്ന് ഇതുവരെ ക്രിസ്തു ജനിച്ചില്ല. മനസിനെ വല്ലാതെ ഭാരപ്പെടുത്തുന്ന ചോദ്യം നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന സാര്‍വത്രിക സഭ സ്വയം ചോദിക്കേണ്ട വിശ്വാസികള്‍ ആവര്‍ത്തിക്കെണ്ട ചോദ്യമായി ഈ കാലഘട്ടത്തില്‍ മാറിയിരിക്കുന്നു. നമ്മുടെ ജീവിതം പുല്‍ക്കൂടും കാല്‍വരിയുമായി മാറ്റാന്‍ സാധിക്കാതെ പോകുന്നത് എന്ത് എന്നുള്ളത്.

ഭൂമി ഇടപാടുകളും ലൈംഗീക ആരോപണങ്ങളും സ്വാര്‍ത്ഥതയും വിശ്വാസ ജീവിതത്തിൻറെ ഭാഗമായപ്പോള്‍ കുരിശിൻറെ ഭാരം കുറഞ്ഞു വന്നു. സഹനത്തിൻറെ തീച്ചൂളയില്‍ സ്‌നേഹത്തിൻറെ അടിത്തറയില്‍ കെട്ടപ്പെട്ട സഭ സ്വാര്‍ത്ഥതയുടേയും അധികാര ദാര്‍ഷ്യത്തിൻറെയും ഉപഭോഗ സംസ്‌ക്കാരത്തിൻറെയും ഭാഗമായിരിക്കുന്നു. രണ്ട് ഉള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കുന്നതിനു പകരം രണ്ട് ഉള്ളവന്‍ ഒന്ന് ഉള്ളവൻറെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ച് ഇല്ലാത്തവനെ പാടെ മറന്നും പെരുമാറുന്ന രീതി വേദനാജനകമാണ്.

അന്ധന് കാഴ്ച്ചയ്ക്കായും ചെകിടന് കേള്‍വിക്കായും വേശ്യയ്ക്ക് നീതിക്കായും നമ്മുടെ മുന്‍പില്‍ കേഴുമ്പോള്‍ മുഖം മറച്ച് നീതി നടപ്പാക്കാത്ത ക്രിസ്തു ശിഷ്യന്‍മാര്‍ക്ക് സംഭവിക്കുന്നത് പുരമുകളിലെ പ്രഘോഷണവും ഹൃദയങ്ങളിലെ അകല്‍ച്ചയുമാണ്.

ക്രിസ്തുവിനാല്‍ നനഞ്ഞ മണ്ണിലെ ചെളികൊണ്ട് നമുക്ക് കണ്ണുകള്‍ കഴുകാം. പ്രകാശം നമ്മുടെ കണ്ണുകളിലും ജീവിതത്തിലും പതിക്കട്ടെ. അന്ധനേയും കുരുടനേയും കണ്ണ് തുറന്ന് കാണാം. ചേര്‍ത്ത് പിടിക്കാം. ജോയേല്‍ പ്രവാചകൻറെ വാക്യങ്ങള്‍ ഓര്‍മ്മിക്കാം നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത് അവിടുന്ന് ഉദാരവതിയും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹ സമ്പന്നനുമാണ് ശിക്ഷ പിന്‍വലിക്കാന്‍ സദാ സന്നദ്ധനുമാണ്.

RAJESH JOSEPH

ഫാ.ഹാപ്പി ജേക്കബ്

മശിഹാ എന്ന കര്‍ത്താവ് ദാവീദിന്റെ പട്ടണത്തില്‍ ഇന്ന് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു, നിങ്ങള്‍ക്കടയാളമോ ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. വി. ലൂക്കോസ് 2:11

ദൈവപുത്രന്റെ ജനനം സമാഗതമായി. തിരുപ്പ്ിറവി പെരുന്നാള്‍ ആഘോഷിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഏവരുടേയും ഉള്ളില്‍ സന്തോഷത്തിന്റെ തിരിനാളം തെളിഞ്ഞു കത്തുന്നു. ഇരുപത്തിയഞ്ച് ദിവസത്തെ വ്രതനിഷ്ഠയില്‍ ആത്മീയ അനുഭവത്തിന്റെ സാക്ഷാത്കാരം.

ഇന്ന് നമ്മുടെ കാഴ്ചപ്പാടില്‍ സന്തോഷവും സമാധാനവുമാണല്ലോ ക്രിസ്തുമസിന്റെ കാതലായ സന്ദേശമായി കരുതുന്നത്. എന്നാല്‍ ഈ കാഴ്ചപ്പാടിന്റെ വിപരീത ദിശയിലും ക്രിസ്തുമസിന്റെ മഹത്വം നശിക്കുന്ന ദര്‍ശിക്കുന്ന അനുഭവങ്ങള്‍ നമുക്കു ചുറ്റും കാണാവുന്നതാണ്. യാദൃശ്ചികമായി സാഡ്‌നെസ്സും ക്രിസ്മസ് എന്ന് ഒരു ലഘുലേഖ കാണാനിടയായി. അതില്‍ നിന്നും കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒരുപാട് കഥകള്‍, അല്ല ജീവിതാനുഭവങ്ങള്‍ തന്നെ വായിച്ചു ഈ ആഴ്ചയില്‍. അതിലേറെയും സ്‌നേഹബന്ധങ്ങളുടെ ഊഷ്മളതയും തീവ്രതയും നഷ്ടബോധങ്ങളുടെ നടുവിലും പ്രത്യാശ നല്‍കുന്ന അനുഭവങ്ങള്‍ ആയിരുന്നു. സന്തോഷിക്കാന്‍ വകയില്ലാതെ ജീവിക്കുന്ന അനേകായിരങ്ങളുടെ ഇടയില്‍ ക്രിസ്തുസ്‌നേഹത്തില്‍ ക്രിസ്തുമസ് ആചരിക്കുമ്പോഴാണ് ഈ ദിവസങ്ങള്‍ അര്‍ത്ഥപൂര്‍ണമാവുന്നത്. ക്രിസ്തുവിന്റെ ജനനവും ജീവിതവും ഇങ്ങനെയുള്ള പശ്ചാത്തലത്തിലും ആണ് എന്നുള്ളത് നാം വിസ്മരിക്കരുത്.

ലോക രക്ഷിതാവ്, മശിഹാ, ഇമ്മാനുവേല്‍, സമാധാനപ്രഭു, ദൈവ പുത്രന്‍ എന്ന് പറയുമ്പോഴും ജനിക്കുവാന്‍ ഇടം അന്വേഷിക്കുന്ന അനുഭവം. കഷ്ടതയുടെ പാരമ്യതയില്‍ തന്റെ പ്രസവത്തിനായി വാതിലുകള്‍ മുട്ടുന്ന ദൈവമാതാവ്. വരാവുന്ന പ്രതിസന്ധികളില്‍ പെടാതെ മാതാവിനേയും കുഞ്ഞിനേയും സംരക്ഷിക്കുന്ന വിശുദ്ധനായ ജോസഫ്. ഇതില്‍ എവിടെയാണ് നാം കാണുന്ന സന്തോഷവും സമാധാനവും. ഇതാണ് യാഥാര്‍ത്ഥ്യം എന്നറിഞ്ഞിട്ടും എന്തേ നമ്മുടെ ക്രിസ്തുമസ് ആഘോഷമായി മാറി. വര്‍ണപ്പൊലിമകളും ആഡംബരവും ധൂര്‍ത്തും എങ്ങനെ ക്രിസ്തുമസിന്റെ ഭാഗമായി.

അപ്പോള്‍ എവിടെയാണ് നമ്മുടെ ധാരണയ്ക്ക് തെറ്റുപറ്റിയത്. നൂറ്റാണ്ടുകളായി കാത്തിരുന്ന വിടുതല്‍ സാധ്യമായ ഈ ജ്ഞാന പെരുന്നാളില്‍ ഭൗതികത അല്ല ആത്മീയതയാണ് ജനന സന്ദേശമെന്ന് നാം മനസിലാക്കുക. വര്‍ണ കാഴ്ചകളല്ല പ്രത്യാശയുടെ പുഞ്ചിരിയാണ് ക്രിസ്തുമസിന്റെ അലങ്കാരം ആകേണ്ടത്.

ക്രിസ്തുമസില്‍ നമ്മുടെ സമ്പന്നതയില്‍ നിന്ന് ഒരു കഷണം കേക്ക്, ഒരു കാര്‍ഡിന് നാം ചിലവാക്കുന്ന തുക, ആഘോഷങ്ങളുടെ ചിലവില്‍ ഒരു ശതമാനം എങ്കിലും നാം യഥാര്‍ത്ഥ ക്രിസ്തുമസിന് വേണ്ടി മാറ്റിവച്ചേ മതിയാവൂ. ഒരു ആശ്വാസവാക്ക് കേള്‍ക്കുമ്പോള്‍ ക്ഷീണിതന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി, ഒരു പട്ടിണിപ്പാവത്തിന്റെ തൃപ്തി അത്രത്തോളം സംതൃപ്തി തരില്ല ഒരു ആഘോഷവും. ‘നന്മ ചെയ്യുവാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്” എബ്രയാര്‍ 13: 16.

ആത്മാവില്‍ നിറഞ്ഞ് ദൈവാലയത്തില്‍ ക്രിസ്തു പ്രസംഗിക്കുന്നതും ഇത് തന്നെയാണ്. വി. ലൂക്കോസ് 4: 18, 19 ദരിദ്രരോട് സുവിശേഷം അറിയിക്കുക, സന്ധന്മാര്‍ക്ക് വിടുതല്‍ നല്‍കുക, കുരുടര്‍ക്ക് കാഴ്ച കൊടുക്കുക, പീഡിതരെ വിടുവിക്കുക ഇതാകട്ടെ ഈ ക്രിസ്തുമസില്‍ നമ്മുടെ ശ്രമം.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം. ഏവര്‍ക്കും നന്മയുടേയും സ്നേഹത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍.

സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ഹാപ്പി ജേക്കബ്

സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സന്തോഷം ഇന്ന് നിങ്ങളോട് അറിയിക്കുന്നു. കര്‍ത്താവ് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. ഈ മഹാ സന്തോഷം ദര്‍ശിക്കുവാനായി നാം ഒരുങ്ങുകയാണല്ലോ, തലമുറ തലമുറയായി കാത്തിരുന്ന ദൈവ പുത്രന്റെ ജനനം. ഈ ജനനത്തിന്റെ മുന്‍കുറിയായി ഈ ആഴ്ച നാം ഓര്‍ക്കുന്നത് യോഹന്നാന്‍ സ്‌നാപകന്റെ ജനനമാണ്. ദൈവപുത്രന് വഴിയൊരുക്കുവാന്‍ മരുഭൂമിയില്‍ മാനസാന്തരം പ്രസംഗിച്ച യോഹന്നാന്റെ ജനനം.

അരുളപ്പാട് ലഭിച്ച ഉടന്‍ മൗനിയായിരുന്ന സഖറിയ പുരോഹിതന്‍ നാവെടുത്ത് സംസാരിക്കുന്നു. ആത്മീയ അനുഗ്രഹം പ്രാപിച്ച ദൈവാത്മാവില്‍ നിന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. നീയോ പൈതലേ, അത്യുന്നന്റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ അതേ കരുണയാല്‍ അവന്റെ ജനത്തിന് പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുക്കുവാനുമായി നീ അവന് മുമ്പായി നടക്കും.

ഏതൊരു ക്രിസ്ത്യാനിയുടേയും ജീവിത ലക്ഷ്യമാണ് പ്രത്യാശയോടെ ദൈവ സന്നിധിയില്‍ ആയിത്തീരുക എന്നത്. ഇന്ന് അന്ധകാരം നയിക്കപ്പെടുവാന്‍ അത് നമ്മുടെ മുന്‍പില്‍ ഉണ്ട്. ഒരു യഥാര്‍ത്ഥ ഗുരു, നമ്മുടെ കൈ പിടിച്ച് നടത്തുവാന്‍ ഒരു നായകന്‍ ആയി നാം വളര്‍ന്ന് വരേണ്ടതാണ്. എപ്രകാരം ജീവിച്ച് ഒരു മാതൃക കാട്ടിക്കൊടുക്കുവാന്‍ നമുക്ക് കഴിയും. പ്രസംഗകരും ഉപദേശകരും ധാരാളം നമുക്കുണ്ട്. എന്നാല്‍ അതനുസരിച്ച് ജീവിത മാതൃക തരുവാന്‍, കൊടുക്കുവാന്‍ ആരുണ്ട്, അധരം കൊണ്ട് മഹത്വപ്പെടുത്തുകയും അന്തരംഗം കൊണ്ട് ത്യജിക്കുകയും ചെയ്യുന്നവരായ നാം യഥാര്‍ത്ഥ ജീവിത ലക്ഷ്യത്തിന് പാത്രമായി ഭവിക്കേണ്ടതാണ്.

മൂന്ന് ഘടകങ്ങള്‍ ഈ വിശുദ്ധ ദിവസങ്ങളില്‍ നാം പാലിക്കേണ്ടതുണ്ട്. ഒന്നാമതായി പരിജ്ഞാനത്തില്‍ വളരുക. അറിവും ജ്ഞാനവും വ്യത്യസ്തമാണ്. ബിരുദങ്ങളുടെ പട്ടിക നിരത്തുമ്പോഴും മനുഷ്യനായി ജീവിക്കുവാന്‍ മറക്കുന്ന നാം ഇന്ന് മനസിലാക്കി ജീവിത മാര്‍ഗ്ഗം പരിശീലിക്കുക.

രണ്ടാമതായി നമ്മുടെ ഇടയില്‍ തന്നെ സൂക്ഷിക്കുക. ഈ വായനാ ഭാഗങ്ങളെല്ലാം കുടുംബ പശ്ചാത്തലത്തിലാണ് നാം മനസിലാക്കുന്നത്. ഏറ്റവും അടുത്ത ഗുണഭോക്താക്കളാണ് നമ്മുടെ കുടുംബാംഗങ്ങള്‍. അവരുടെ മുന്‍പില്‍ ദൈവ ജീവിതം സാക്ഷിക്കുവാന്‍ നമുക്ക് കഴിയണം.

മൂന്നാമതായി വഴികാട്ടുക. നാം പരിശീലിച്ച, സാക്ഷിച്ച ദൈവീകത അനേകര്‍ക്ക് ദൈവത്തെ കാട്ടിക്കൊടുക്കുവാന്‍ ഉതകുന്നതായിരിക്കണം. യോഹന്നാനെ പോലെ തന്റെ പിന്നാലെ വരുന്നവന്റെ രക്ഷാദൗത്യം കാട്ടി കൊടുക്കുവാന്‍ ദൈവ സമൂഹത്തെ ഒരുക്കുന്ന ശുശ്രൂശഷകരായി നാം രൂപാന്തരപ്പെടുക. യേശുക്രിസ്തുവിന്റെ ജനനത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ ഈ വഴികാട്ടലുമായി ബന്ധപ്പെട്ട് നാം ധ്യാനിക്കാറുണ്ട്. യോഹന്നാന്‍ സ്ഥാപകന്റെ ജനനത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയാവിനോടും ആ വെളിപാട് ശ്രവിക്കുന്ന അവന്റെ കുടുംബത്തോടും നമുക്ക് അനുരൂപപ്പെടാം. ദൈവം അനുഗ്രഹിക്കട്ടെ.

ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ബിജു കുന്നയ്ക്കാട്ട്

മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നതില്‍ പ്രധാനപ്പെട്ടതൊന്ന് ചിരിക്കാനുള്ള കഴിവാണെന്നാണ് പറയപ്പെടുന്നത്. സന്തോഷം വരുമ്പോഴുണ്ടാകുന്ന പുഞ്ചിരിയും നര്‍മ്മവും ഹാസ്യവും ആസ്വദിക്കുമ്പോഴുണ്ടാകുന്ന പൊട്ടിച്ചിരികളും കൂട്ടുകാരൊത്തു കൂടൂമ്പോഴുണ്ടാകുന്ന ആര്‍ത്തട്ടഹാസവുമൊക്കെ ആരോഗ്യ പരിപാലനത്തില്‍ പ്രധാനപ്പെട്ടതാണെന്ന് പഠനങ്ങളും പറയുന്നു. എല്ലാ ദുഃഖങ്ങളും മറന്ന് ചിരിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തിലുണ്ടാകുന്ന വര്‍ദ്ധനവിനെ പരിഗണിച്ച് ‘ചിരി ഒരു മരുന്നാണ്’ എന്ന് വിലയിരുത്തപ്പെടുന്നു. തമാശ എന്ന മലയാള പദത്തിന് തത്തുല്യമായി ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിക്കുന്ന ‘Joke’ എന്ന പദത്തിന്റെ പൂര്‍ണരൂപം ‘Joy of Kids Entertainment’ എന്നാണ്. ചിരിക്കാനും സന്തോഷിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണെന്നതുകൊണ്ടുതന്നെ സ്ഥല-കാല-പ്രായ-ഭാഷാ ഭേദമില്ലാതെ എല്ലാവരും ചിരിയും ചിരിക്കു കാരണമാകുന്ന തമാശകളും സ്വാഗതം ചെയ്യാറുണ്ട്.

എന്നാല്‍ കുറച്ചുപേര്‍ മാത്രം ആസ്വദിക്കുകയും കുറച്ചുപേര്‍ വിഷമിക്കുകയും ചെയ്യുന്ന തരത്തിലുള്ള തമാശകളും കണ്ടുവരുന്നുണ്ട്, പ്രത്യേകിച്ചും ഈ അടുത്ത നാളുകളില്‍. കൃത്യമായി പറഞ്ഞാല്‍ ന്യൂജെന്‍ ചെറുപ്പക്കാരുടെ ഇടയില്‍. കൂടെയുള്ളവര്‍ക്ക് അപ്രതീക്ഷിത നിമിഷങ്ങളുടെ ആശ്ചര്യം നല്‍കാന്‍ വ്യത്യസ്ഥമായ വഴികളിലൂടെ തമാശകള്‍ ഒപ്പിക്കുന്നെന്നു മാത്രമല്ല, ഇന്നു പലരും അതിനു വഴിവിട്ട രീതികള്‍ പോലും തിരഞ്ഞെടുക്കുന്നു. ശുഭപര്യവസായിയായി മാറേണ്ട പല സന്ദര്‍ഭങ്ങളും അതുകൊണ്ടുതന്നെ പലര്‍ക്കും കല്ലുകടിയുടെ ദുരനുഭവങ്ങളും പിന്നീട് ഓര്‍മ്മിക്കാനാഗ്രഹിക്കാത്ത നിമിഷങ്ങളും സമ്മാനിക്കാറുണ്ട്.

വിവാഹം, പിറന്നാള്‍ തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇത്തരം Dark Humour കള്‍ മിക്കപ്പോഴും ഉടലെടുക്കുന്നത്. വരന്റെയോ വധുവിന്റെയോ പിറന്നാള്‍ ആഘോഷിക്കുന്ന ആളിന്റെയോ ഏതെങ്കിലും ഒരു സുഹൃത്തിന്റെ തലയില്‍ ഉദിക്കുന്ന ഒരു മണ്ടന്‍ ആശയം പ്രാവര്‍ത്തികമാക്കുന്നതുവഴി, ആ ദിനത്തില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറേണ്ട വ്യക്തി മിക്കപ്പോഴും ഒരു കോമാളിയുടെ രൂപസാദൃശ്യത്തിലേയ്ക്ക് മാറിപ്പോകും. ചിലപ്പോള്‍ കൂട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി മനസില്ലാമനസോടെ മറ്റു ഗത്യന്തരമില്ലാതെ ചെയ്യേണ്ടി വരുന്ന പല കാര്യങ്ങളും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷത്തോടെ ഓര്‍ക്കാനാഗ്രഹിച്ച ദിവസങ്ങള്‍, ഏറ്റവും വെറുപ്പോടെ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായി മാറ്റും. അത്തരത്തിലൊരു വാര്‍ത്ത ഈ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവാഹിതയായി പുതിയ പ്രതീക്ഷകളോടും അതിലേറെ ആശങ്കകളോടും കൂടി ആദ്യമായി ഭര്‍തൃഗൃഹത്തിലെത്തിയ പെണ്‍കുട്ടിയെ കാത്തിരുന്നത് വിവാഹവസ്ത്രം അണിഞ്ഞുകൊണ്ടുതന്നെ അമ്മിക്കല്ലില്‍ തേങ്ങാ അരയ്ക്കാനുള്ള ദുര്യോഗമായിരുന്നു. വരനും കൂട്ടുകാരും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടു അടുത്ത നില്‍ക്കുന്നു. പുതിയ ജീവിത സാഹചര്യത്തില്‍ അപ്രതീക്ഷിതമായത് ചെയ്യേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ട് ആ പെണ്‍കുട്ടിയുടെ മുഖത്തുണ്ടായിരുന്നു.

ഇലകള്‍ കൂട്ടിത്തുന്നി കിരീടമുണ്ടാക്കി രാജാവിനെയും രാജ്ഞിയെയും പോലെ തലയില്‍ അണിയിക്കുക, സ്‌പ്രേ വധൂവരന്മാരുടെ മുഖത്തേയ്ക്ക് അപ്രതീക്ഷിതമായി അടിക്കുക, വിവാഹമെന്ന മംഗളകര്‍മ്മത്തിന്റെ അവസരത്തിനു ചേരാത്ത വാഹനങ്ങളില്‍ കയറേണ്ടി വരുക, വിവാഹ ചടങ്ങുകള്‍ കഴിഞ്ഞാലും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റു പല ‘ചടങ്ങുകളും’ ചെയ്യേണ്ടി വരിക, പിറന്നാളാഘോഷങ്ങളില്‍ മര്യാദയുടെ അതിരുകള്‍ ലംഘിച്ച് മുഖത്ത് ക്രീമും ചായങ്ങളും തേക്കുക തുടങ്ങി ഇന്നു നമ്മുടെ പല ആഘോഷങ്ങളിലും സാമാന്യമര്യാദയുടെ അതിര്‍ത്തികള്‍ ലംഘിക്കപ്പെടുന്നു. ഒരു മംഗള കര്‍മ്മത്തെ ഇങ്ങനെ അലങ്കോലമാക്കുമ്പോള്‍ അതില്‍ കുറെയേറെപ്പേര്‍ നീറുകയും വിഷമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇത് ചെയ്യുന്നവര്‍ മറക്കരുത്. തമാശകള്‍ അതിന്റെ പരിധിയില്‍ നില്‍ക്കുമ്പോഴേ അതിന് ആസ്വാദ്യതയുള്ളൂ. ഇത്തരം മര്യാദയില്ലാത്ത, മറ്റുള്ളവരെ ബഹുമാനിക്കുന്നതിലേറെ അവരെ വിഷമിപ്പിക്കുന്ന തമാശകള്‍ രൂപപ്പെടുത്തുന്നവര്‍ വികലമായ മനസിന്റെ ഉടമകളാണെന്നു ചിന്തിക്കുകയേ തരമുള്ളൂ.

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ തമാശകള്‍ അതിരുവിടുന്ന മറ്റൊരു മേഖലയാണ് കല. അനുവാചകരെയും ആസ്വാദകവൃന്ദത്തെയും സൃഷ്ടിക്കുമ്പോഴാണ് കല മഹത്തരമാകുന്നത്. തമാശ രംഗങ്ങള്‍ക്കുവേണ്ടി ചില മതങ്ങളും വിശ്വാസികളും ഏറ്റവും പൂജ്യമായി കരുതുന്നവയെ തീരെ താറടിച്ചു കാണിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളെ ഉത്തമകലാസൃഷ്ടികളായി കാണാന്‍ വയ്യ. സിനിമകളില്‍ പലപ്പോഴും ക്രിസ്തീയ – ഹൈന്ദവ -ഇസ്ലാം മത സംബന്ധമായ കാര്യങ്ങളെ ഇകഴ്ത്തി അവതരിപ്പിക്കുന്ന ശൈലി ഒട്ടും ആശാസ്യമല്ല. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങളും ആശയങ്ങളും പ്രധാനപ്പെട്ടതാണ്. മറ്റാരുടെയും വികാരങ്ങളെയും മനസിനെയും മുറിപ്പെടുത്താതെ ജീവിക്കാന്‍ കഴിയുന്ന സംസ്‌കാര സമ്പന്നതയിലേയ്ക്കാണ് നാമോരോരുത്തരും വളരേണ്ടത്. പരസ്യ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളുമായി പലരും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കെതിരെ മുമ്പോട്ടു വരുന്നില്ല എന്നതുകൊണ്ട് പൊതു സമൂഹം ഈ വൈകൃതങ്ങള്‍ ആസ്വദിക്കുന്നു എന്ന് അര്‍ത്ഥമില്ല. പ്രതികരിക്കാത്തവര്‍ അവരുടെ മാന്യത കാരണം പ്രതികരിക്കുന്നില്ല എന്നുമാത്രം.

തമാശയുടെ മേമ്പൊടിയില്‍ കലാലയങ്ങളില്‍ നടക്കുന്ന ‘റാഗിംഗ്’ എന്ന ക്രൂരവിനോദമാണ് അപലപിക്കപ്പെടേണ്ട മറ്റൊരു കാര്യം. പഠനവും ജീവിതത്തിന്റെ നല്ല ഭാവിയും മാത്രം സ്വപ്‌നം കണ്ട് കലാലയങ്ങളിലെത്തിയ എത്ര കൗമാരസ്വപ്‌നങ്ങളാണ് റാഗിംഗ് എന്ന ക്രൂര വിനോദത്തിന്റെ അഗ്നിയില്‍ എരിഞ്ഞുപോയത്. തങ്ങള്‍ക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു ലഭിച്ച തിക്താനുഭവങ്ങളെ, തങ്ങളുടെ പിന്നാലെ വരുന്നവരിലേയ്ക്ക് പകരുന്നവര്‍. റാഗിംഗിനിരയായി ശരീരക്ഷതമേറ്റവര്‍, മനസിടിഞ്ഞു പോയവര്‍, ദുശ്ശീലങ്ങള്‍ക്കടിമപ്പെട്ടവര്‍, വിഷാദരോഗത്തിലേയ്ക്ക് പോയവര്‍, ജീവിതം തന്നെ അവസാനിപ്പിച്ചവര്‍ പോലുമുണ്ട് അക്കൂട്ടത്തില്‍. ചിലര്‍ തമാശയ്ക്കും രസത്തിനുമായി ചെയ്യുന്നത് മറ്റുള്ളവരുടെ ജീവിതവും സ്വപ്‌നങ്ങളും പോലും നശിപ്പിക്കുന്നു എന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല.

മറ്റുള്ളവരെ വാക്കുകളിലൂടെ കുത്തിമുറിവേല്‍പിച്ച് തമാശ ആസ്വദിക്കുന്നവരുമുണ്ട്. പ്രത്യേകിച്ചും പരിഹരിക്കാനാവാത്ത ശാരീരിക ബലഹീനതകളുടെ പേരിലും പരിതാപകരമായ ജീവിത സാഹചര്യങ്ങളുടെ പേരിലുമൊക്കെ ഇത് തീര്‍ത്തും അംഗീകരിക്കാനാവാത്തതാണ്. നിറത്തിന്റെ പേരിലും ശാരീരിക ന്യൂനതകളുടെ പേരിലുമൊക്കെ അപമാനിക്കപ്പെടുന്നത് പൊതു നിയമം പോലും അംഗീകരിക്കാത്തതാണ്. തമാശയ്ക്കായി മറ്റുള്ളവരെ പേടിപ്പിക്കാനും അതുവഴി ‘സര്‍പ്രൈസ്’ നല്‍കാനും ചിലര്‍ ശ്രമിക്കാറുണ്ട്. അപ്രതീക്ഷിത സര്‍പ്രൈസ് നല്‍കപ്പെടുന്ന വ്യക്തി അതു സ്വീകരിക്കാന്‍ തക്ക ശാരീരിക-മാനസിക പക്വതയില്ലാത്തയാളെങ്കില്‍ തമാശ, അപകടത്തിനു വഴിമാറാം.

തമാശകളും നര്‍മ്മവും എല്ലാവരും ഇഷ്ടപ്പെടുന്നവ തന്നെയാണ്. എങ്കിലും അത് സ്വീകരിക്കുന്ന വ്യക്തിയുടെ കഴിവിന്റെ പരിധിയില്‍ നില്‍ക്കുമ്പോഴേ അതിന് ആസ്വാദ്യതയുള്ളൂ. തരംതാണതും മാന്യത കുറഞ്ഞതും അവസരത്തിനു ചേരാത്തതുമായ തമാശകള്‍ വിപരീത ഫലങ്ങളും മാനസിക മുറിവുകളും ഉണ്ടാക്കാം. എന്നാല്‍ ഉചിതവും യോഗ്യവുമായ ഫലിതങ്ങള്‍ നേരമ്പോക്കിനും സന്തോഷത്തിനും ജീവിതാരോഗ്യത്തിനും ഉപകരിക്കും. ”സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്. തളര്‍ന്ന മനസ് ആരോഗ്യം കെടുത്തുന്നു” (സുഭാഷിതങ്ങള്‍ 17:22).

മാന്യതയുടെ അതിരുകടക്കാത്ത തമാശകളും നര്‍മ്മവും എല്ലാവരുടെയും മനസിനും ശരീരത്തിനും ആരോഗ്യം പകരട്ടെ എന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍ എന്നും തലവേദന തന്നെയാണ്. അഴിയാത്ത കുരുക്കുകളായി അവ മുമ്പില്‍ നില്‍ക്കുമ്പോള്‍ പലരും ജീവിതത്തിന്റെ നാല്‍ക്കവലകളില്‍ പകച്ചുനിന്നുപോകാറുണ്ട്. എന്നാല്‍ ചില ബുദ്ധിമാന്മാര്‍ അവയ്ക്കുള്ള പരിഹാരം പറഞ്ഞുതരും. പക്ഷേ അതിനു വ്യത്യസ്ഥമായി ചിന്തിക്കണം. ഈ കഥ കേള്‍ക്കൂ:

വാര്‍ദ്ധക്യത്തിലെത്തി മരിച്ച ഒരു പിതാവ് തന്റെ മൂന്ന് മക്കള്‍ക്കു സമ്പാദ്യമായി കരുതി വച്ചിരുന്നത് 17 താറാവുകളെയാണ്. തങ്ങളുടെ പിതാവിന്റെ മരണശേഷം വില്‍പ്പത്രം കണ്ട മക്കള്‍ അമ്പരന്നു, തങ്ങള്‍ക്കുള്ളത് പതിനേഴ് താറാവുകള്‍ മാത്രം. മൂന്നു മക്കളും അവയെ എങ്ങനെ വീതം വച്ചെടുക്കണം എന്ന നിര്‍ദ്ദേശമായിരുന്നു അവരെ കൂടുതല്‍ കുഴപ്പിച്ചത്: മൂത്ത മകന് 17 താറാവുകളുടെ പകുതി, രണ്ടാമത്തെ മകന് 17 താറാവുകളുടെ മൂന്നില്‍ ഒന്ന്, ഇളയ മകന് 17 താറാവുകളുടെ ഒന്‍പതില്‍ ഒരു ഭാഗം. പല രീതിയില്‍ ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല. പറഞ്ഞിരിക്കുന്നതുപോലെ ചെയ്യണമെങ്കില്‍ ഒരു താറാവിനെയെങ്കിലും മുറിച്ചെടുക്കേണ്ടതായി വരും. അതുശരിയല്ല. എന്തു ചെയ്യണമെന്നറിയാതെ നിന്ന അവര്‍ ഒടുവില്‍ അവരുടെ ഗ്രാമത്തിലെ ജ്ഞാനിയായ ഒരു മനുഷ്യനെ പ്രശ്‌നപരിഹാരത്തിനായി സമീപിച്ചു.

വില്‍പ്പത്രത്തിലെ വിചിത്രമായ സമസ്യ ശാന്തനായി കേട്ട ആ ജ്ഞാനി പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തി. താറാവുകള്‍ പതിനേഴില്‍ നില്‍ക്കുമ്പോളാണ് പ്രശ്‌നം. അദ്ദേഹം തന്റെ കയ്യില്‍ നിന്ന് ഒരു താറാവിനെക്കൂടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താറാവുകളുടെ എണ്ണം 18. തുടര്‍ന്ന് അദ്ദേഹം വില്‍പ്പത്രം വീണ്ടും വായിച്ചു. ആകെ താറാവുകളുടെ പകുതി മൂത്ത മകന്; 18 ന്റെ പകുതി 9 താറാവുകള്‍ അവനു കൊടുത്തു. രണ്ടാമത്തെ മകന് ആകെ താറാവുകളുടെ മൂന്നില്‍ ഒരു ഭാഗം: 6 താറാവുകള്‍ അവനും കിട്ടി. ഇളയ മകന് ആകെ താറാവുകളുടെ ഒന്‍പതില്‍ ഒരു ഭാഗം: രണ്ടു താറാവുകള്‍ അവനും കിട്ടി. ഇപ്പോള്‍ മൂന്ന് പേര്‍ക്കും കൊടുത്ത താറാവുകള്‍ കൂട്ടി നോക്കിയാല്‍ 9+6+2= 17. ആദ്യം ഉണ്ടായിരുന്ന കൃത്യം എണ്ണം താറാവുകള്‍. വീതം വെയ്പ് കഴിഞ്ഞപ്പോള്‍ ഒരു താറാവു ബാക്കി. സുഗമമായ ഭാഗം വെയ്പിനായി ജ്ഞാനിയായ ആ മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത അദ്ദേഹത്തിന്റെ താറാവിനെ അദ്ദേഹത്തിനു തന്നെ തിരിച്ചുകിട്ടി. പ്രശ്‌നത്തിനു പരിഹാരവും കണ്ടു.

പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളുമില്ലാത്ത ജീവിതങ്ങളില്ല. പ്രശ്‌നമുണ്ടെങ്കില്‍ അതിന് പരിഹാരവുമുണ്ട്. പക്ഷേ, പലപ്പോഴും പരിഹാരം പ്രതീക്ഷിക്കുന്ന അത്ര എളുപ്പമാകണമെന്നില്ല. ചുറ്റുമുള്ളവരുടെ  ജീവിതങ്ങളെ നോക്കി, അവര്‍ക്കൊക്കെ എന്തു സുഖമാണ്, ഒരു ബുദ്ധിമുട്ടും അവര്‍ക്ക് ജീവിതത്തിലില്ലല്ലോ’ എന്ന് പലരും പറയാറുണ്ട്. ‘ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച’ എന്ന ഈ പ്രതിഭാസത്തില്‍ എല്ലാവരും അവനവന്റെ ദുഃഖങ്ങളും പ്രയാസങ്ങളും മാത്രമാണ് വലുതായി കാണുന്നത് എന്ന് മാത്രം. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ സമചിത്തതയോടെ അവയെ എങ്ങനെ പരിഹരിക്കാനാകും എന്നാണ് നാം ചിന്തിക്കേണ്ടത്.

പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതിയാണ് ഒന്നാമത്തേതും ഏറെ പ്രധാനപ്പെട്ടതും. ചിലര്‍ വളരെ വികാരപരമായി ഇത്തരം കാര്യങ്ങളെ എടുക്കുകയും ആദ്യത്തെ ശ്രമത്തിനുശേഷം മടുത്തുപേക്ഷിക്കുകയും ചെയ്യാറുണ്ട്. എത്ര അധ്വാനിച്ചിട്ടായാലും മുന്നില്‍ നില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന ഉറച്ച തീരുമാനം മനസിലുണ്ടെങ്കില്‍ പിന്നെ അതിനെ എങ്ങനെ പരിഹരിക്കാമെന്ന് ശാന്തമായി ആലോചിക്കുകയാണ് വേണ്ടത്. ജ്ഞാനിയായ ആ മനുഷ്യന്‍ തന്റെ മുന്നിലെത്തിയ പ്രശ്‌നത്തിന് പരിഹാരം കണ്ടത് അങ്ങനെയാണ്.

ശാന്തമായി ചിന്തിക്കുകയും സമചിത്തതയോടെ പ്രശ്‌നങ്ങളെ സമീപിക്കുകയും ചെയ്യുന്നവര്‍ക്ക് വ്യത്യസ്ഥമായ വഴികള്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കും പതിവുശൈലി വിട്ട് ചിന്തിക്കേണ്ടിയിരിക്കുന്നു. ”Think out of the box’ എന്ന ഇംഗ്ലീഷ് ശൈലിയുടെ അര്‍ത്ഥത്തില്‍ തന്നെ. ഏതു പ്രശ്‌നങ്ങള്‍ക്കും വളരെ ‘സ്മാര്‍ട്ട്’ ആയ ഉത്തരങ്ങള്‍ നല്‍കുന്നവരാണ് ഇന്നത്തെ ആധുനിക മാനേജ്‌മെന്റ് യുഗത്തില്‍ അംഗീകാരം നേടുന്നത്.

നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവരെത്തന്നെ സമീപിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. തങ്ങള്‍ക്ക് ഇത് പരിഹരിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ആ മൂന്നു മക്കളും അവിടെത്തന്നെ നിന്നിരുന്നെങ്കില്‍ അവര്‍ക്കാര്‍ക്കും തങ്ങളുടെ പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനാവുമായിരുന്നില്ല. ഇതിന് ഉത്തരം കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും യോജിച്ച ആളിന്റെ അടുക്കല്‍ തന്നെ അവര്‍ എത്തി എന്നതും ശ്രദ്ധിക്കേണ്ടതാണ്. പല വ്യക്തികളും തങ്ങളുടെ കുടുംബജീവിതത്തിലും സൗഹൃദബന്ധങ്ങളിലും വ്യക്തി ജീവിതത്തിലും താളപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ ‘സ്വയം ചികിത്സ’ നടത്താനും ആരെയും അറിയിക്കാതെ മൂടി വയ്ക്കാനും ശ്രമിക്കുമ്പോള്‍ പ്രശ്‌നത്തിന്റെ കുരുക്കുകള്‍ സ്വയം മുറുക്കുന്നു. എല്ലാകാര്യങ്ങളിലും ‘സ്വയം പര്യാപ്തത’ നേടാനായെന്ന് പറഞ്ഞഭിമാനിക്കുമ്പോള്‍ ഇത്തരം ചില ഇരുണ്ട വശങ്ങള്‍ അതിനുണ്ടെന്നു മറക്കരുത്. സ്വയം പര്യാപ്തത നേടുമ്പോഴും പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഊഷ്മളത നമുക്ക് പ്രശ്‌നങ്ങളില്‍ കൈത്താങ്ങാകും.

ഈ കഥയിലെ ‘ഹൈലൈറ്റ്’ 18-ാമത്തെ താറാവാണ്. പതിനേഴു താറാവുകള്‍ കീറാമുട്ടിയായി നിന്നപ്പോള്‍ 18-ാമത്തെ താറാവ് ‘ സ്വര്‍ണ്ണ’ത്താറാവായി അവതരിച്ചു. നമ്മുടെ ഏതു പ്രശ്‌നങ്ങളിലും ഒരു ‘പൊതുതാല്‍പര്യവസ്തു’ (Common Ground) വിനെ കണ്ടെത്താനായാല്‍ പരിഹാരമുണ്ടാകാം. 18-ാമതൊരു താറാവു കൂടി വന്നപ്പോള്‍ കണക്കുകൂട്ടലുകള്‍ വളരെ എളുപ്പമായി. നമ്മുടെ അഴിയാപ്രശ്‌നങ്ങളില്‍ ചിലപ്പോള്‍ അറിവുള്ള ഒരാള്‍ തരുന്ന ഒരു ഉപദേശം, എല്ലാവരും അംഗീകരിക്കുന്ന ഒരു ഉപദേശം, എല്ലാവരും അംഗീകരിക്കുന്ന ഒരു വ്യക്തിയുടെ സ്‌നേഹപൂര്‍വ്വമായ ശാസന, ചില സന്ദര്‍ഭങ്ങളില്‍ കൂട്ടത്തില്‍ മുതിര്‍ന്ന ആളോ കുടുംബത്തലവനോ അധികാരിയോ എടുക്കുന്ന ഒരു ഉറച്ച തീരുമാനം, വിട്ടുകൊടുക്കാനും ക്ഷമിക്കാനും സന്നദ്ധമാകുന്ന ഒരു മനസ്സ്, വീടിന്റെ നന്മയ്ക്കായി മാതാപിതാക്കള്‍ എടുക്കുന്ന തീരുമാനം, വേറൊരാളുടെ ന്യായയുക്തമായ അഭിപ്രായത്തെ ബഹുമാനിക്കാനും അംഗീകരിക്കാനും കാണിക്കുന്ന എളിമയുള്ള മനസ്, അധികാരികളോടും മുതിര്‍ന്നവരോടുള്ള അനുസരം ഇങ്ങനെ എന്തുമാകാം നമ്മുടെ പ്രശ്‌നപരിഹാരത്തിനുള്ള Common Ground.

’18-ാമത്തെ അടവ്’ എന്ന് മലയാള ഭാഷയിലൊരു ശൈലിയുണ്ട്. 17 അടവുകളും പയറ്റിയിട്ടും വിജയിക്കാത്തപ്പോള്‍ 18-ാമത്തെ അടവില്‍ വിജയം കാണുന്നു. മുകളില്‍ സൂചിപ്പിച്ച പലതും നമ്മുടെ 18-ാമത്തെ അടവും പ്രശ്‌നപരിഹാരങ്ങള്‍ക്കു വഴിയുമാകട്ടെ. പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ മനസിടിഞ്ഞു നില്‍ക്കാതെ പരിഹാരത്തിന് ’18-മാത്തെ അടവ്’ കണ്ടെത്തി ജീവിതം പ്രകാശപൂരിതമാക്കാന്‍ സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

സവിശേഷമാംവിധം ദൈവം ഒരിക്കല്‍ കൂടി ഭൂമിയെ തൊടുന്നു. വാഴ്ത്തപ്പെട്ട സി. റാണി മരിയയിലൂടെ. ഇനി മുതല്‍ ആ ജീവിതം സങ്കീര്‍ത്തനമാണ്. പ്രാര്‍ത്ഥിക്കാനും അപദാനങ്ങള്‍ പാടാനുമായി മറ്റു വീരപുണ്യാത്മാക്കളുടെ കൂട്ടത്തിലേയ്ക്ക് സഭ ഒരു നാമം കൂടി ചേര്‍ക്കുന്നു, സി. റാണി മരിയ. നമ്മുടെ ഇടയില്‍ ജനിച്ച്, ജീവിച്ച്, വളര്‍ന്നാണ് അവള്‍ ദൈവത്തിന്റെയും മനുഷ്യരുടെയും സംപ്രീതിക്ക്(ലൂക്കാ 2:52) പാത്രമായതെന്നത് കുറച്ചൊന്നുമല്ല നമ്മെ അഭിമാനിതരാക്കുന്നത്. കേരളത്തില്‍ എറണാകുളം ജില്ലയിലെ പുല്ലുവഴിയില്‍ ജനിച്ച ആ സ്ത്രീരത്നം ഇന്ന് പുണ്യവഴിയിലേയ്ക്കെത്താന്‍ പക്ഷേ, മൂര്‍ച്ചയേറിയ ഒരു കഠാരയുടെ അന്‍പത്തിനാല് കുത്തുകളും നാല്‍പത്തിയൊന്നു വയസ്സുവരെ വിശുദ്ധമായ സന്യാസജീവിതവും ഏറ്റെടുക്കേണ്ടിയിരുന്നു. സകല വിശുദ്ധരേയും തിരുസഭ അനുസ്മരിക്കുന്ന ഈ നവംബര്‍ മാസത്തില്‍ തന്നെ ഇതാ അവള്‍ അള്‍ത്താരവണക്കത്തിന് യോഗ്യയാകുന്നു, രക്തസാക്ഷികളുടെ അത്യുന്നത നിരയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തിരുസഭയ്ക്ക് ഒരു അത്ഭുത രക്തസാക്ഷിണിയെ കിട്ടി – വി. മരിയാ ഗെരേത്തി (1890-1902). ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതാ സി. റാണി മരിയയും ഏറെ സാമ്യങ്ങളുണ്ട് ഈ രണ്ടുപേരും തമ്മില്‍. രണ്ടുപേരുടെ പേരുകളിലും ‘മരിയ’ എന്ന നാമം പൊതുവായുണ്ട്. കന്യകകളായിരുന്നു രണ്ടുപേരും. 11-ാം വയസ്സില്‍ രക്തസാക്ഷിണിയായ വി. മരിയാ ഗെരേത്തിയും മരിച്ചത് മൂര്‍ച്ചയുള്ള ഒരു കഠാരയുടെ 14 കുത്തുകളേറ്റ്. 41 വയസ്സുള്ള വി. റാണി മരിയ മരിച്ചത് ഒരു കഠാരയുടെ 54 കുത്തുകളേറ്റ്. ഇരുസംഭവങ്ങളിലും ഘാതകര്‍ ജയിലിലടയ്ക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടു. രണ്ടു കൊലയാളികളും ജയിലില്‍ കിടക്കവേ തങ്ങളുടെ കൊടുംപാപത്തെക്കുറിച്ച് അനുതപിച്ചു, മാനസാന്തരപ്പെട്ടു. 1950ല്‍ മരിയാ ഗൊരേത്തിയെ വിശുദ്ധയെന്ന് പേരുവിളിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ അവളുടെ മാനസാന്തരപ്പെട്ട ഘാതകന്‍ അലസ്സാന്ദ്രോയും നിറകണ്ണുകളോടെ സന്നിഹിതനായിരുന്നു. ഇന്നലെ നവംബര്‍ 4ന് സി. റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോള്‍ ആ പുണ്യകര്‍മ്മം നേരില്‍ കാണാന്‍ അവളുടെ മാനസാന്തരപ്പെട്ട ഘാതകന്‍ സമന്ദര്‍സിങ്ങും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. മരിയ ഗൊരേത്തി മരിക്കുന്നതിനുമുമ്പ് അവസാനം പറഞ്ഞത് ഞാന്‍ അലസ്സാണ്ടറിനോട് (ഘാതകനോട്) ക്ഷമിക്കുന്നു എന്നായിരുന്നു. യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ പാഠങ്ങളിലൊന്നും പര്യായവുമായ ‘ക്ഷമ’യെക്കുറിച്ച് പറഞ്ഞുകൊണ്ട് വി. മരിയാ ഗൊരേത്തി മരിച്ചപ്പോള്‍ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ അവസാനത്തെ വാക്കുകള്‍ ”ഈശോയെ….ഈശോയെ….” എന്നതു തന്നെയായിരുന്നു.

കുരിശില്‍ കിടക്കുമ്പോള്‍ പടയാളികളിലൊരാള്‍ മൂര്‍ച്ചയേറിയ കുന്തം കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതിനു സമാനമായി വിദ്വേഷത്തിന്റെ കഠാരക്കുത്തുകള്‍ സി. റാണി മരിയയ്ക്കും ഏല്‍ക്കേണ്ടി വന്നു. ഈശോയുടെ നെഞ്ചില്‍ കുത്തിയ മുറിവില്‍ നിന്ന് ഒഴുകിയിറങ്ങിയ രക്തവും ജലവും അതു കുത്തിയവന്റെ കണ്ണിന്റെ അന്ധത മാറ്റിയെന്ന പാരമ്പര്യം പോലെ, സി. റാണി മരിയായുടെ നെഞ്ചിലെ സ്നേഹരക്തം സമന്ദര്‍സിങ്ങിന്റെ വിദ്വേഷത്തിന്റെ അന്ധതയും മായ്ച്ചു കളഞ്ഞിരിക്കുന്നു. ഈശോയും മരിയാ ഗൊരേത്തിയും സി. റാണി മരിയായും മറ്റു രക്തസാക്ഷികളുമെല്ലാം ഭൂമിയിലെ വിശുദ്ധമായ ജീവിതം കൊണ്ടുമാത്രമല്ല, വീരോചിതമായ മരണം കൊണ്ടും ദൈവ പിതാവിനെ മഹത്വപ്പെടുത്തിയവരാണ്. തിരുസഭയുടെ അടിസ്ഥാന പാറയായ വി. പത്രോസിന്റെ മരണത്തെക്കുറിച്ച് ഈശോ സൂചിപ്പിച്ചതുപോലെ തന്നെ; ”ഈശോ ഇതുപറഞ്ഞത് ഏതുവിധമുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്ന് സൂചിപ്പിക്കാനാണ്. (യോഹന്നാന്‍ 21:19). തല കീഴായി കുരിശില്‍ തറയ്ക്കപ്പെട്ട് അതിസ്വാഭാവിക പീഡകളോടെ മരണം വരിച്ച വി. പത്രോസിന്റെ ജീവിതം ദൈവത്തെ മഹത്വപ്പെടുത്തിയെങ്കില്‍ 54 കഠാരക്കുത്തുകളുടെ അവര്‍ണ്ണനീയ സഹനങ്ങള്‍ സ്വീകരിച്ചുള്ള മരണത്തിലൂടെ വാഴ്ത്തപ്പെട്ട സി. റാണി മരിയായും ദൈവത്തെ മഹത്വപ്പെടുത്തിയെന്ന് സഭ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.

ഈ വീരപുത്രിയെ ധ്യാനിക്കുന്നതിനിടയില്‍ കാണാതെ പോകരുതാത്ത മറ്റുചില ജീവിതങ്ങള്‍ കൂടിയുണ്ട്. ആദ്യത്തേത് അവളുടെ ഘാതകന്‍ സമന്ദര്‍സിങ്ങിന്റേതു തന്നെയാണ്. അരും കൊല നടത്തിയതിനുശേഷം മനഃ സാക്ഷിക്കുത്തുണ്ടായപ്പോള്‍ യൂദാസിന്റെ തീരുമാനത്തിലേയ്ക്ക് പോകാതെ, ഇടതുവശത്തെ കള്ളന്റെ വെറുപ്പിലേയ്ക്കും നിരാശയിലേക്കും പോകാതെ, മൂന്നു പ്രാവശ്യം കര്‍ത്താവിനെ തള്ളിപ്പറഞ്ഞിട്ടും പശ്ചാത്താപത്തിന്റെ കണ്ണീരൊഴുക്കിയ പത്രോസിനെപ്പോലെ, അവസാന നിമിഷം സത്യം തിരിച്ചറിഞ്ഞ നല്ല കള്ളനെപ്പോലെ സമന്ദര്‍സിങ്ങും പുതിയ വ്യക്തിയായി. മന:സാക്ഷിക്കുത്ത് തുടങ്ങിയപ്പോള്‍ കുറ്റബോധത്തിന്റെയും അതുകൊണ്ടുചെന്നെത്തിക്കുന്ന സ്വയംനാശത്തിന്റെയും വഴി തിരഞ്ഞെടുക്കുന്ന യൂദാസാകാതെ, പാപബോധത്തിലേക്കും പശ്ചാത്താപത്തിലേക്കും തിരിഞ്ഞ് തിരിച്ചുവരവിന്റെ വഴി കണ്ടെത്തിയ, കര്‍ത്താവിന്റെ കരുണ കണ്ടെത്തിയ പത്രോസിനെപ്പോലെ ഈ സമന്ദര്‍സിങ്ങും ശരിയായ പാപബോധവഴിയേ സഞ്ചരിച്ചു. പശ്ചാത്താപം തിങ്ങിയ ഹൃദയവുമായി ആ സഞ്ചാരം രക്തസാക്ഷിത്വം നടന്ന ഇന്‍ഡോറിന്റെ അതിര്‍ത്തികളും കടന്ന് എറണാകുളത്തെ പുല്ലുവഴിയിലുള്ള സി. റാണി മരിയയുടെ വീട്ടില്‍, അവളുടെ വൃദ്ധരായ മാതാപിതാക്കളുടെ കാല്‍ക്കല്‍ വരെയെത്തി.

വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ കുടുംബാംഗങ്ങളാണ് രണ്ടാമത്തെ കൂട്ടര്‍. ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയില്‍ തന്നെ അംഗമായ അനുജത്തി സി. സെല്‍മി പോള്‍, റാണി മരിയയുടെ വൃദ്ധരായ മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ അവളുടെ ഘാതകനോട് പ്രകടിപ്പിച്ച ക്ഷമയും കരുണയും സി. റാണി മരിയ ജീവിതം കൊണ്ടും മരണം കൊണ്ടു പറഞ്ഞ സുവിശേഷത്തിനേക്കാളും വലിയ സാക്ഷ്യമാണ്. ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയ സ്വന്തം മകളെ നിഷ്ഠൂരമായി കൊല ചെയ്തയാള്‍ കണ്‍മുമ്പില്‍ നില്‍ക്കുമ്പോഴും പ്രതികാരം ചെയ്യാതിരിക്കാനും ശാപവാക്കുകള്‍ അവന്റെമേല്‍ ചൊരിയാതിരിക്കാനും തയ്യാറായി എന്നുമാത്രമല്ല, അവനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കാനും തലയില്‍ കൈവച്ച് അനുഗ്രഹിക്കാനും നീ ഞങ്ങളുടെ മകനെപ്പോലെയാണ് എന്നുപറയാനും ആ മാതാപിതാക്കള്‍ക്ക് സാധിച്ചതാണ് ഈ നൂറ്റാണ്ടില്‍ സുവിശേഷത്തിന്റെ ഏറ്റവും മികച്ച പ്രഘോഷണവും വ്യാഖ്യാനവുമായി മാറിയത്. സി. റാണി മരിയയുടെ സഹോദരി സി. സെല്‍മി പോള്‍ ഒരു രക്ഷാബന്ധന്‍ ദിനത്തില്‍ സമന്ദര്‍സിങ്ങിന്റെ കയ്യില്‍ രാഖി കെട്ടി നീ എന്റെ സഹോദരനാണെന്ന് പറഞ്ഞതും സമാനതകളില്ലാത്ത സുവിശേഷ സാക്ഷ്യമായി.

സന്ന്യാസ ജീവിതത്തിനു സ്വയം സമര്‍പ്പിച്ച സി. സെല്‍മി പോള്‍ താന്‍ പരിശീലനകാലത്ത് ആഴത്തില്‍ പഠിച്ചതും മനസിലാക്കിയതുമായ ക്രിസ്തു സ്നേഹം പ്രായോഗിക തലത്തിലേയ്ക്ക് കൊണ്ടു വന്നത് ഒരു പരിധി വരെ മനസിലാക്കാന്‍ നമുക്ക് സാധിക്കുമെങ്കിലും വലിയ പഠിപ്പോ ലോകപരിചയമോ ദൈവീക കാര്യങ്ങളില്‍ ആഴമായ അറിവോ ഇല്ലാത്ത പഴയ തലമുറയില്‍പ്പെട്ട താരതമ്യേന ചെറിയ മനസിന്റെ ഉടമകളായേക്കാവുന്ന ആ മാതാപിതാക്കള്‍ തന്റെ മകളുടെ കൊലയാളികളോടു കാണിച്ച ദയാവായ്പ് സത്യത്തില്‍ ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. ആ വൃദ്ധമാതാപിതാക്കള്‍ ലോകത്തോടു പറഞ്ഞ വലിയ ദൈവസാക്ഷ്യമിതാണ്: ”ഞങ്ങളുടെ മകള്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. പക്ഷേ, അവളെ ഞങ്ങള്‍ക്ക് നല്‍കിയ ദൈവവും ആ ദൈവത്തിന്റെ കല്‍പനകളും ഞങ്ങള്‍ക്ക് മകളേക്കാളും പ്രധാനപ്പെട്ടതാണ്, അതുകൊണ്ട് ഞങ്ങള്‍ ഇവനോട് ക്ഷമിക്കുന്നു. നഷ്ടപ്പെട്ട മകളുടെ സ്ഥാനത്ത് ഇവനെ മകനായി സ്വീകരിക്കുന്നു’. ഇവിടെ കാല്‍വരിയിലെ ഒരു രംഗം ഇങ്ങനെ പുനര്‍വ്യാഖ്യാനിക്കപ്പെട്ടു; സ്വര്‍ഗ്ഗത്തിലിരുന്ന് സി. റാണി മരിയാ മാതാപിതാക്കളോടു പറഞ്ഞു, ‘ഇതാ നിങ്ങളുടെ മകന്‍ ‘ അപ്പോള്‍ മുതല്‍ അവര്‍ അവനെ സ്വന്തം മകനായി അവരുടെ ഭവനത്തില്‍ സ്വീകരിച്ചു. (യോഹന്നാന്‍ 19:27).

സമന്ദര്‍സിങ്ങിന്റെ മാനസാന്തരത്തിനും കുടുംബാംഗങ്ങളുടെ ക്ഷമ നല്‍കലിനുമൊക്കെ കാരണക്കാരനായ ഒരു വൈദികനെക്കൂടി പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. മധ്യപ്രദേശില്‍ സ്വാമി സദാനന്ദ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന (സ്വാമിയച്ചന്‍) റവ. ഫാ. മൈക്കിള്‍ പുറാട്ടുകര സി.എം.ഐ വൈദികന്‍. 21 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമന്ദര്‍സിങ്ങിനെ പലതവണ സന്ദര്‍ശിച്ച്, ‘പശ്ചാത്തപിച്ച് നന്മ ചെയ്താല്‍ ക്ഷമിക്കുന്നവനാണ് ദൈവ’മെന്ന സ്വാമിയച്ചന്റെ വാക്കുകളാണ് ആ കൊടുംകുറ്റവാളിയില്‍ മാനസാന്തരവഴി തുറന്നത്. ആദ്യമൊന്നും ആ വന്ദ്യ വൈദികന്റെ നല്ല വാക്കുകള്‍ക്ക് ചെവികൊടുക്കാതിരുന്നെങ്കിലും ആ പുരോഹിതന്റെ സാന്നിധ്യത്തിലൂടെയും വാക്കുകളിലൂടെയും ദൈവം ആ പാപിയുടെ ഹൃദയത്തെ തൊട്ടു. തുടര്‍ന്നുണ്ടായതെല്ലാം ചരിത്രം. സ്വര്‍ഗ്ഗത്തിലിരുന്ന് സി. റാണി മരിയായുടെ പ്രാര്‍ത്ഥനയും സി. സെല്‍മിയുടെയും കുടുംബാംഗങ്ങളുടെയും സ്നേഹപ്രകടനവും അതുവരെ സമന്ദര്‍ മനസില്‍ സൂക്ഷിച്ചിരുന്ന എല്ലാ ദുഷ്ടവിചാരങ്ങളുടെയും മുകളിലുള്ള ഒരു സ്നേഹമായി അനുഭവിച്ചു, അത് അവനില്‍ ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു.

വിശുദ്ധ പദവിയിലേക്ക് സഭ ഉയര്‍ത്തുന്നവരുടെ വിശുദ്ധ ജീവിതത്തിന് ദൈവം നല്‍കുന്ന ഔദ്യോഗിക അടയാളങ്ങളായി അവര്‍ വഴി നടക്കുന്ന അതി സ്വാഭാവിക രോഗസൗഖ്യങ്ങളും അത്ഭുതങ്ങളും ഒരു പ്രധാന കാര്യമായി പരിഗണിക്കാറുണ്ട്. എന്നാല്‍ രക്തസാക്ഷികളെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ ഇത്തരം അത്ഭുതങ്ങള്‍ക്കായി സഭ കാത്തുനില്‍ക്കാറില്ല. സ്വന്തം രക്തം ചിന്തി ജീവന്‍ കൊടുക്കുന്നതിനേക്കാള്‍ വലിയ സ്നേഹപ്രകടനമില്ല (യോഹ 15:13) എന്ന സുവിശേഷ വചനത്തിന്റെ കാഴ്ചപ്പാടിലാണിത്. രക്തസാക്ഷിണിയായ റാണി മരിയയായുടെ കാര്യത്തിലും സഭ അത്ഭുതങ്ങള്‍ക്ക് കാത്തുനില്‍ക്കുന്നില്ല. എങ്കിലും, ഇതിനോടകം എത്രയോ അത്ഭുതങ്ങള്‍ നടന്നുകഴിഞ്ഞു. ഒരു കൊടുംപാപി (സമന്ദര്‍സിങ്ങ്)യുടെ മാനസാന്തരം, കാന്‍സര്‍ രോഗബാധിതയായി മരണം പ്രതീക്ഷിച്ചിരുന്ന സ്വന്തം സഹോദരി സി. സെല്‍മി പോളിന്റെ പരിപൂര്‍ണസൗഖ്യം, മാതാപിതാക്കള്‍ നല്‍കിയ ക്ഷമാദാനം, ചെറുതും വലുതുമായ മറ്റനേകം അത്ഭുതങ്ങളും.

തിരുസഭയുടെ സാമൂഹിക ബോധത്തിന്റെ പ്രതിഫലനം കൂടിയാണ് സി. റാണി മരിയായുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളും വീരോചിത മരണവും. ജന്മിത്വത്തിന്റെ മേല്‍ക്കോയ്മയില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കാനും സി. റാണി മരിയാ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവളുടെ രക്തസാക്ഷിത്വത്തിലൂടെപ്പോലും ഫലം കണ്ടത്. പുറം ലോകം അറിയാതെയും മനസിലാക്കാതെയും ‘മാനവസേവ മാധവസേവ’യായിക്കണ്ട് സാമൂഹിക ഉദ്ധാരണം നിശബ്ദമായി നടത്തിക്കൊണ്ടിരിക്കുന്ന സഭയുടെ മുഖം സി. റാണി മരിയയിലൂടെ ഒരിക്കല്‍ കൂടി വെളിച്ചത്തു വന്നിരിക്കുന്നു. തങ്ങളുടെ സേവനമേഖലയ്ക്ക് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ആയിരക്കണക്കായ വൈദികര്‍ക്കും സന്നാസികള്‍ക്കും പുത്തന്‍ ഉണര്‍വ്വാണ് സി. റാണി മരിയായുടെ രക്തസാക്ഷിത്വവും അവളുടെ ‘വാഴ്ത്തപ്പെട്ട പദവി’ പ്രഖ്യാപനവും നല്‍കുന്നത്‌. സ്ത്രീത്വത്തിന്റെ ആദരം കൂടിയാണ് ഈ വാഴ്ത്തപ്പെടലില്‍ കാണുന്നത്. സ്ത്രീ അബലയാണെന്ന ധാരണകള്‍ക്കുള്ള തിരുത്താണ് സി. മരിയായുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും അതില്‍ അവര്‍ക്കു നേരിടേണ്ടിവന്ന എതിര്‍പ്പുകളും ധീരരക്തസാക്ഷിത്വവും. എതിര്‍പ്പുകളില്‍ തളരാതെ ഇന്നവള്‍ യഥാര്‍ത്ഥ ധൈര്യശാലിയും വിജയിയും ആയിരിക്കുന്നു.

ഫ്രാന്‍സിസ്‌കന്‍ ക്ലാര സഭയില്‍ കേരളത്തില്‍ നിന്ന് വി. അല്‍ഫോന്‍സാമ്മയ്ക്ക് ശേഷം ഒരു സ്ത്രീരത്നം കൂടി ‘വിശുദ്ധ’പദവിയോടടുക്കുന്നു. സി. റാണി മരിയായുടെ ജീവിതവും മരണവും ദൈവത്തെയും മനുഷ്യരേയും ആകര്‍ഷിച്ചു. ”ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്കാകര്‍ഷിക്കും” (യോഹന്നാന്‍ 12: 32). ഇന്ന് അവളുടെ വാഴ്ത്തപ്പെടലില്‍ ഈ വാക്കുകള്‍ അന്വര്‍ത്ഥമായിരിക്കുന്നു. ചിലരുടെ മരണങ്ങള്‍ അങ്ങനെയാണ്. ശരീരം മണ്ണിലേയ്ക്ക് മറഞ്ഞാലും ഓര്‍മ്മകള്‍ കൂടുതല്‍ ദീപ്തമായി മനസില്‍ തുടരുകതന്നെ ചെയ്യും. ”ജനം മുഴുവന്‍ നശിക്കാതിരിക്കാന്‍ അവര്‍ക്കുവേണ്ടി ഒരു മനുഷ്യന്‍ മരിക്കുന്നത് നല്ലതാണെന്ന്” (യോഹന്നാന്‍ 11:50) ദൈവം കണ്ടു. ഇന്ന് ആ മരണത്തിലൂടെ ഒരു ജനം രക്ഷിക്കപ്പെട്ടിരിക്കുന്നു, ഈശോ അറിയപ്പെട്ടിരിക്കുന്നു, സുവിശേഷം പ്രസംഗിക്കപ്പെട്ടിരിക്കുന്നു. ആ വിശുദ്ധ മരണത്തിലൂടെ 22 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വാഴ്ത്തപ്പെട്ടവള്‍ തന്റെ ജീവിതത്തിലേയ്ക്കും ദൈവത്തിലേയ്ക്കും അനേകരെ ആകര്‍ഷിക്കുന്നു.

ഈ വാഴ്ത്തപ്പെടലിലൂടെ സി. റാണി മരിയാ ഒരു പുണ്യ സങ്കീര്‍ത്തനമായി മാറിയിരിക്കുന്നു, പ്രാര്‍ത്ഥനയ്ക്കും മാതൃകയ്ക്കുമായി ഒരു വിശുദ്ധ സങ്കീര്‍ത്തനം. വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ അവള്‍ ഒരു സ്തോത്രഗീതമായി (ലൂക്കാ 1:46-55) മാറും. ആ പുണ്യദിനത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കാം. വാഴ്ത്തപ്പെട്ടവളേ, നിന്നെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, നിന്റെ മാതൃക പുണരാനാഗ്രഹിക്കുന്നു. ഞങ്ങളും വിശുദ്ധരായിത്തീരാന്‍ നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ’.

പുണ്യറാണിയായ വാ. റാണി മരിയായുടെ സ്വര്‍ഗ്ഗീയ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചും നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിച്ചും ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട് 

ദീര്‍ഘകാലം ഈ ഭൂമിയില്‍ ജീവിക്കണമെന്നാണ് മിക്ക മനുഷ്യരും ആഗ്രഹിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതകാലം പല കാരണങ്ങളാല്‍ ഏറിയും കുറഞ്ഞുമിരിക്കും. ദീര്‍ഘായുസ്സിലെത്തി ഈ ലോകത്തില്‍ നിന്നു കടന്നുപോകുന്നവരുണ്ട്, എന്നാല്‍ ചിലര്‍ക്ക് ജീവിതത്തിന്റെ തിരശ്ശീല വളരെ പെട്ടെന്ന് വീഴുകയും ചെയ്യുന്നു. സാധാരണഗതിയില്‍ ‘മനുഷ്യന്റെ ആയുസ്സ് എഴുപത് വര്‍ഷമാണ്, ഏറിയാല്‍ എണ്‍പത്’ (സങ്കീര്‍ത്തനങ്ങള്‍ 90:10) എന്നാണ് വി. ബൈബിളിന്റെ ഭാഷ്യം. ഈയൊരു കാലം പോലും ആര്‍ക്കും ജീവിതത്തിനപ്പുറമില്ല ‘മനുഷ്യന്റെ ജീവിതം പുല്ലുപോലെയാണ്. വയലിലെ പൂപോലെ അതു വിരിയുന്നു, എന്നാല്‍ കാറ്റടിക്കുമ്പോള്‍ അത് കൊഴിഞ്ഞുപോകുന്നു’ (സങ്കീര്‍ത്തനങ്ങള്‍ 103:15) എന്നു പറഞ്ഞിരിക്കുന്നതും ബൈബിള്‍ തന്നെ. ഇത്ര ക്ഷണികമാവുന്ന ജീവിതത്തിലും തീര്‍ത്തും ആവശ്യമില്ലാത്ത ഹൃദയഭാരങ്ങളുമായി ജീവിക്കുന്ന അനേകരുണ്ട് തിരിച്ചറിവില്ലാത്തതുകൊണ്ടുമാത്രം അനാവശ്യ ഭാരത്തിന്റെ വിഴുപ്പേറുന്നവര്‍.

നല്ല സന്ദേശമുള്ള ഈ സംഭവം ശ്രദ്ധിക്കൂ: ബസില്‍ സ്വസ്ഥമായിരുന്ന് യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിലേയ്ക്ക് ഒരു ബസ്‌സ്റ്റോപ്പില്‍ വച്ച് വൃദ്ധയായ ഒരു സ്ത്രീ കയ്യില്‍ ഏതാനും പൊതിക്കെട്ടുകളുമായി കയറിവന്നു. ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ അവര്‍ ഇരുന്നെങ്കിലും കയ്യിലുള്ള പൊതിക്കെട്ടുകള്‍ താഴെ വെയ്ക്കാതെ ഇരുന്ന സീറ്റില്‍ തന്നെ വച്ചു. തൊട്ടടുത്തിരുന്ന യുവതിക്ക് അത് വലിയ വിഷമമുണ്ടാക്കിയെങ്കിലും യാതൊരു പ്രതികരണവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. തിങ്ങി ഞെരുങ്ങിയിരുന്ന ആ യാത്ര രണ്ട് ബസ്റ്റോപ്പുകള്‍ക്കപ്പുറം അവസാനിച്ചു. ബസില്‍ നിന്നു പുറത്തിറങ്ങി കൂട്ടുകാരിയോടൊപ്പം വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ കൂട്ടുകാരി ഈ യുവതിയോടു ചോദിച്ചു. ‘ആ സ്ത്രീ ഇരുന്നതിനു പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതിക്കെട്ടുകള്‍ കൂടി സീറ്റിലേയ്ക്ക് വച്ചപ്പോള്‍, നിനക്ക് ഇരിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നത് ഞാന്‍ കണ്ടു. എന്നിട്ടും നീയെന്തേ പ്രതികരിക്കാതിരുന്നത്? യുവതി വളരെ ശാന്തമായി ഇങ്ങനെ മറുപടി പറഞ്ഞു: ‘ഇത്ര ചെറിയൊരു കാര്യത്തിന് ഞാനെന്തിനാണ് വെറുതെ ദേഷ്യപ്പെടുന്നതും പ്രതികരിക്കുന്നതും? ഞങ്ങള്‍ ഒരുമിച്ച് ആ സീറ്റിലിരുന്നുള്ള യാത്ര അല്‍പ സമയത്തേയ്‌ക്കേ ഉള്ളൂ എന്ന് എനിക്ക് അറിയാമായിരുന്നു..’

അല്‍പസമയം മാത്രം ഒരുമിച്ച് ജീവിക്കുകയും കാണുകയുമൊക്കെ ചെയ്യുന്ന ഒരു ജീവിതയാത്രയിലാണ് നമ്മളെല്ലാവരും. അതുകൊണ്ടുതന്നെ ചെറിയ കലഹങ്ങളില്‍ നിന്നുണ്ടാകുന്ന പിണക്കങ്ങള്‍ക്കും നീണ്ടുനില്‍ക്കുന്ന വൈരാഗ്യങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും വിവേകമുള്ളവരുടെ മനസില്‍ ഒരു സ്ഥാനവുമില്ല.

‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
പുത്രമിത്രാദികളത്രാദി സംഗമം എത്രയും
അല്പകാലസ്ഥിതമോര്‍ക്ക നീ
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തങ്ങളായി വിയോഗം വരും പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയീ
യല്പമെത്രയുമാലയ സംഗമം’ –

മലയാളത്തിലെ പ്രസിദ്ധമായ ഈ കവിതാഭാഗവും പറയുന്ന ആശയവും മറ്റൊന്നല്ല. ‘ഉള്ളി തൊലി പൊളിച്ചതുപോലെ’ കഴമ്പില്ലാത്ത കാര്യങ്ങളെ മനസിലിട്ടു വലുതാക്കി ‘ എല്ലാവരോടും പകയോടെ’ ജീവിക്കുന്നവര്‍ ഓര്‍ക്കുക: ഇത് എന്തിനുവേണ്ടി? എപ്പോള്‍ വേണമെങ്കിലും നിലച്ചു പോകാവുന്ന ഒരു ഹൃദയമിടിപ്പിന്റെ ബലത്തില്‍ ജീവിക്കുന്ന നമുക്ക് എന്തിനാണ് ഇത്രയും കടുംപിടുത്തങ്ങളും വാശികളും? ഒന്നു സംസാരിച്ചാല്‍ തീരാവുന്ന, ക്ഷമിച്ചാല്‍ ഒഴിവാക്കാവുന്ന, തെറ്റിദ്ധാരണ മാറ്റിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളില്‍, അതിനു തയ്യാറാകാത്തതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ നീറിനീറി കഴിയേണ്ടി വരുന്നവരുമുണ്ട്. എന്തുകൊണ്ടാണിങ്ങനെ?

അത്ര പ്രസക്തമല്ലാത്ത പലതിനും അനാവശ്യ ഗൗരവം കൊടുക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മുകളില്‍ കഥയില്‍, യുവതി പറഞ്ഞതുപോലെ ‘ഇത്ര ചെറിയ ഒരു കാര്യത്തിന് എന്തിന് ഞാന്‍ വലിയ പ്രാധാന്യം കൊടുക്കണം’ എന്ന് ഇക്കൂട്ടര്‍ ചിന്തിക്കേണ്ടതാണ്. ഒരു ചെറിയ കാര്യത്തില്‍ പ്രകോപിതരാകാനുള്ള വലിപ്പമേ നമ്മുടെ മനസിനുള്ളൂ എന്നത് കഷ്ടമാണ്. വിവാഹ സല്‍ക്കാരത്തിനിടയില്‍ വിളമ്പിയ പപ്പടം തികയാതെ പോയതിന്റെ പേരില്‍ ഭക്ഷണത്തിനിരുന്നവരും വിളമ്പുകാരനും തമ്മില്‍ പറഞ്ഞു തുടങ്ങിയ ‘കശപിശ’ ചെന്നവസാനിച്ചത്, വിവാഹപ്പന്തലില്‍ വച്ചുതന്നെ വരനും വധുവും വേര്‍പിരിയുന്ന ഘട്ടത്തിലേയ്ക്ക്. നല്ല വാക്ക് പറഞ്ഞ് ‘ ഒതുക്കാവുന്ന’ ഒരു സന്ദര്‍ഭം ചെറിയ പ്രകോപനത്തില്‍ പടുകുഴിയിലേക്ക് വീണുപോയി.

കാര്യം മുഴുവനായും അറിയുന്നതിനുമുമ്പ് പെട്ടെന്ന് പ്രതികരിക്കാനിറങ്ങുന്നവരും ഇതേ അപകടവഴിയിലാണ് യാത്ര ചെയ്യുന്നത്. വിവേകം വികാരത്തിനു വഴിമാറുമ്പോള്‍ പുറത്തുവരുന്ന വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ‘ബെല്ലും ബ്രേയ്ക്കും’ നഷ്ടപ്പെടുന്നു. വികാരപ്രകടനത്തിനിടയില്‍ വേദനിക്കേണ്ടി വരുന്നവരെക്കുറിച്ച് ഇവര്‍ക്ക് തെല്ലും വീണ്ടുവിചാരമില്ല. ആരുടെ ഭാഗത്തുനിന്ന് ബുദ്ധിമുട്ടുണ്ടാകുന്നുവോ, അവരെക്കുറിച്ചോ അവരുടെ സാഹചര്യങ്ങളെക്കുറിച്ചോ മനസിലാക്കാന്‍ ശ്രമിക്കാത്തതും പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടും. കഥയിലെ ‘പ്രശ്‌നക്കാരി’ പ്രായമായ ഒരു പാവം സ്ത്രീയായിരുന്നു. പ്രായം കൂടിയ സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് ശാരീരിക വിഷമതകള്‍ ഉണ്ടാവാം. പെരുമാറ്റ മര്യാദകള്‍ അറിയില്ലായിരിക്കാം. കയ്യിലിരുന്ന പൊതികള്‍ താഴെ വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന ചിന്തയില്‍ ഇരുന്ന സീറ്റില്‍ തന്നെ വയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ കൂടെ ഇരുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാകുമോ എന്നു ചിന്തിക്കാന്‍ പറ്റാത്തതായിരിക്കാം. എന്നാല്‍ പ്രതികരിക്കാതിരുന്ന ആ യുവതി ഒരുപക്ഷേ ഈ രീതിയില്‍ ചിന്തിച്ചിരിക്കാം. ഈ ബുദ്ധിമുട്ടുകള്‍ സഹിച്ച് അല്പസമയത്തേക്ക് മാത്രം ഒരുമിച്ചിരുന്നാല്‍ മതിയല്ലോ എന്ന് ചിന്തിച്ച് സ്വയം സമാധാനിച്ചിരിക്കാം. ഈ നല്ല ചിന്തയിലും ഹൃദയവിശാലതയിലും ഒരു അനാവശ്യ സംസാരവും മോശമായ രംഗങ്ങളും ഒഴിവാക്കാന്‍ സാധിച്ചു.

ചെറിയ കാര്യങ്ങള്‍ക്ക് പോലും വിട്ടുകൊടുക്കാനും ക്ഷമിക്കാനും പലര്‍ക്കും കഴിയുന്നില്ല. വിട്ടുകൊടുക്കുന്നതും ക്ഷമിക്കുന്നതും നാണക്കേടായും കഴിവുകേടായും ചിത്രീകരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ എല്ലാവര്‍ക്കും എല്ലാവരേയും തോല്‍പിക്കാനും എപ്പോഴും ജയിക്കാനുമാണിഷ്ടം. എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ല. എപ്പോഴെങ്കിലും ജീവിതത്തില്‍ പറഞ്ഞു ജയിക്കാനോ പ്രവര്‍ത്തിച്ചു കാണിക്കാനോ പറ്റാതെ വരുമ്പോള്‍ അന്നുമുതല്‍ എതിര്‍വശത്തു നില്‍ക്കുന്നവരെല്ലാം ശത്രുക്കളായി ഗണിച്ചുതുടങ്ങും. ആത്മാഭിമാനത്തിനേറ്റ മുറിവായി സ്വയം പരിതപിക്കാനും തുടങ്ങും.

ആരോഗ്യകരമല്ലാത്ത, മാനസിക സന്തോഷത്തെയും ഊര്‍ജ്ജത്തെയും കെടുത്തുന്ന തരത്തിലുള്ള ചിന്തകളിലും സംസാരങ്ങളിലും പ്രവൃത്തികളിലും കൂട്ടുകെട്ടുകളിലും നിന്ന് അകന്ന് നില്‍ക്കുന്നത് ജീവിത സുഖവും സന്തോഷവും നേടിത്തരുന്ന പ്രധാനകാര്യമാണ്. ഓരോ കാര്യത്തിനും അര്‍ഹിക്കുന്ന പരിഗണന മാത്രം കൊടുക്കാനും ഉപകരിക്കാത്ത കാര്യങ്ങള്‍, ഒട്ടും പരിഗണന കൊടുക്കാതെ വിട്ടുകളയാനും നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു, ഹൃദയം വലുതാക്കേണ്ടിയിരിക്കുന്നു.

പ്രാധാന്യം തീരെ കുറഞ്ഞ കാര്യങ്ങളില്‍ തട്ടി നമ്മുടെ ജീവിതവും സന്തോഷവും സൗഹൃദങ്ങളും തകര്‍ന്നു പോകാതിരിക്കട്ടെ. ‘ഈഗോ’ നമ്മ ഭരിക്കാതെ ‘ഈശോ’യുടെ കരുണാര്‍ദ്രമായ സഹോദര സ്‌നേഹഭാവം നമ്മെ ഭരിക്കട്ടെ. നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു

ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

ഓരോ നാടിനെയും ക്രിയാത്മകമായും ചൈതന്യവത്തായും നിര്‍ത്തുന്നതില്‍ അവിടുത്തെ ആഘോഷങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ഒരുമിച്ച് കൂടുന്നതിനും സന്തോഷിക്കുന്നതിനും പാരമ്പര്യങ്ങളും മൂല്യങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനുമൊക്കെ ആഘോഷങ്ങള്‍ വലിയ വേദികളായിത്തീരാറുമുണ്ട്. പ്രകൃതി ശക്തികളെ പേടിച്ച് അവയ്ക്ക് ആരാധനയും ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്ന പ്രാകൃത മനുഷ്യന്‍ ദൈവയാഥാര്‍ത്ഥ്യത്തിലേയ്ക്കു വന്നപ്പോള്‍ അവന്റെ ആഘോഷങ്ങളില്‍ പലതും ദൈവത്തോടു ബന്ധപ്പെട്ട കാര്യങ്ങളായും മാറി. ക്രൈസ്തവ വിശ്വാസത്തിന്റെ വേരോട്ടം ശക്തമായിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ മിക്ക ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസത്തിന്റെ പിന്‍ബലവും പശ്ചാത്തലവുമുണ്ടായിരുന്നു.

യുകെയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്ന ആഘോഷമാണ് ഹാലോവീന്‍. എല്ലാവര്‍ഷവും ഒക്ടോബര്‍ 31ന് ആഘോഷിക്കുന്ന ഈ ദിനത്തിനും ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലമുണ്ട്, ഇന്നത്തെ ആഘോഷരീതികള്‍ നേരെ വിപരീത ദിശയിലാണ് പോകുന്നതെങ്കിലും വിശുദ്ധ ജീവിതത്താലും വീരോചിത പുണ്യങ്ങളാലും സന്മാതൃക നല്‍കി കടന്നുപോയ മഹാത്മാക്കളെ ക്രിസ്തീയ ശൈലിയില്‍ പൊതുവെ വിളിക്കുന്ന ‘വിശുദ്ധര്‍’ എന്ന പദത്തെ സൂചിപ്പിക്കുന്ന ”Hallow” (Saint) എന്ന പദത്തില്‍ നിന്നാണ് ഹാലോവീന്റെ തുടക്കം. All Hallows Evening, All Saints’ Eve ( എല്ലാ വിശുദ്ധരെയും അനുസ്മരിക്കുന്ന രാത്രി) എന്ന വാക്കുകളില്‍ നിന്നാണ് ‘ഹാലോവീന്‍’ ഉണ്ടാകുന്നത്.

കത്തോലിക്കാ സഭയുള്‍പ്പെടെ മിക്ക ക്രൈസ്തവ സഭകളിലും എല്ലാ വിശുദ്ധരെയും അനുസ്മരിക്കുന്ന നവംബര്‍ 1ന്റെ തലേ രാത്രിയാണ് ഈ ആഘോഷം നടക്കുന്നത്. ക്രൈസ്തവ വിശ്വാസവും പാരമ്പര്യങ്ങളും ആചാരങ്ങളും അതിശക്തമായിരുന്ന കാലത്തു തുടങ്ങിയ ഈ ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും വിശുദ്ധരുടെയും പുണ്യാത്മാക്കളുടെയും മാലാഖമാരുടെയും വേഷം കെട്ടി വീടുവീടാന്തരം കയറിയിറങ്ങി സന്തോഷം പങ്കുവെയ്ക്കുകയും മധുരപലഹാരങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. ദൈവോന്മുഖമായ ജീവിതത്തിന്റെ പ്രകാശനമായും പുണ്യാത്മാക്കളുടെ ജീവിത മാതൃകയും രീതികളും സ്വന്തം ജീവിതത്തില്‍ അനുകരിക്കാനുള്ള ആഗ്രഹത്തിന്റെ പ്രകാശനവും അവരോടുള്ള ആദരവിന്റെ സൂചനയുമായിട്ടായിരുന്നു ഈ രീതികള്‍ ആരംഭിച്ചത്. എന്നാല്‍ ആരംഭത്തില്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങളോടു പുലബന്ധമില്ലാത്ത രീതിയിലാണ് ഇന്നത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

ഇന്നത്തെ ഹാലോവീന്‍ ‘വേഷം കെട്ടലുകളില്‍’ വിശുദ്ധരുടെയോ മാലാഖമാരുടെയോ ഒരു രൂപം പോലും കാണാനില്ലെന്നു മാത്രമല്ല, പിശാചുക്കളുടെയും ഭീതിപ്പെടുത്തുന്ന മറ്റു പല ഭീകരജീവികളുടെയും വേഷങ്ങളാണ് ഇതിനായി വിപണിയിലൂടെ വില്‍ക്കപ്പെടുന്നതും. കണ്ടാല്‍ അറപ്പും പേടിയും ഉളവാക്കുന്ന ഈ വേഷവിധാനങ്ങളുടെ ഈ രൂപമാറ്റം ഇന്നത്തെ യുവമനസിന്റെ ‘ട്രെന്‍ഡിനെ’ കച്ചവടം ചെയ്യാനുമുള്ള വിപണന തന്ത്രമാണെന്ന് പലരും അറിയുന്നില്ല. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്തും വ്യത്യസ്ത വേഷങ്ങളവതരിപ്പിച്ചും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള പുതുമനസുകളുടെ ആഗ്രഹത്തിനുമുമ്പില്‍, ആരും കാണാത്തതും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചപറ്റാന്‍ കഴിയുന്നതുമായ ഇത്തരം കോലങ്ങള്‍ കെട്ടാനുള്ള ചതിക്കുഴിയില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ വീണുപോകുന്നു. പുണ്യാത്മാക്കളുടെ വേഷമണിയുന്നതിനു പകരം പൈശാചിക കോലങ്ങളണിയുന്നതിനും പിന്നാമ്പുറമുണ്ട്.

വേനല്‍ക്കാല വിളവെടുപ്പിനെത്തുടര്‍ന്ന് ശൈത്യകാലത്തിന്റെ ഇരുളിലേയ്ക്കും തണുപ്പിന്റെ കാഠിന്യത്തിലേക്കും പ്രവേശിക്കുന്നതിനു മുമ്പായി ആഘോഷിച്ചിരുന്ന ഒരു സാമൂഹിക സാംസ്‌കാരിക പശ്ചാത്തലം കൂടി ഈ ഹാലോവീനുണ്ട്. കെല്‍റ്റിക് ഭാഷാ പ്രദേശങ്ങളില്‍ ഹാലോവീന്‍, സാംഹെയിന്‍ (Samhain) ആഘോഷമായി കൂടി കണക്കാക്കിയിരുന്നു. ഇത്തരക്കാരുടെ പേഗന്‍ വിശ്വാസരീതിയനുസരിച്ച് ദൈവിക ആത്മാക്കളും മരിച്ചുപോയവരുടെ ആത്മാക്കളും അന്നേദിവസം രാത്രിയില്‍ ഭൂമിയില്‍ ചുറ്റിനടക്കുമത്രേ! ഇത്തരം ദുരാത്മാക്കള്‍ തങ്ങളുടെ ഭവനത്തിലും കൃഷിയിടങ്ങളിലും പ്രവേശിക്കാതിരിക്കാനായി കൃഷിയിടങ്ങളില്‍ തീ കത്തിക്കുകയും മറ്റ് അഗ്നിവിളക്കുകള്‍ തെളിയിക്കുകയും ചെയ്തിരുന്നു. അന്തരീക്ഷത്തില്‍ അലഞ്ഞുനടക്കുന്ന ആത്മാക്കളെ ഭയപ്പെടുത്താനായി ചുവന്ന മത്തങ്ങ (Pumkin) യില്‍ പ്രകാശം കടക്കുന്ന രീതിയില്‍ ചിത്രപ്പണികള്‍ ചെയ്ത് പലപ്പോഴും വികൃതരൂപങ്ങള്‍ അല്ലെങ്കില്‍ കോമാളി രൂപങ്ങള്‍ മത്തങ്ങയുടെ ഉള്ളിലെ മാംസളഭാഗം എടുത്തുകളഞ്ഞ് അതില്‍ തീ കത്തിച്ച് വീടിനു ചുറ്റുമുള്ള വഴികളിലും മറ്റു പൊതുവഴികളിലും വയ്ക്കുന്ന പതിവുണ്ടായിരുന്നു. ഈ മത്തങ്ങകളില്‍ വിളക്കുകള്‍ തെളിക്കുന്നതോടൊപ്പം ചിലര്‍ ഈ രാത്രിയില്‍ ചില വികൃതരൂപങ്ങള്‍ കെട്ടിയിരുന്നു, അതും ദുരാത്മാക്കളെ ഭീകരരൂപങ്ങള്‍ കാണിച്ച് പേടിപ്പിച്ച് തങ്ങളുടെ പ്രദേശത്തുനിന്ന് ഓടിക്കുക എന്ന വിശ്വാസത്തോടുകൂടി തന്നെ.

എതായാലും ഈ ചരിത്രം മനസിലാക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഇന്നു നമ്മള്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഹാലോവീന്‍ ആഘോഷം പിശാചിന്റേതുപോലുള്ള വികൃതരൂപങ്ങള്‍ കെട്ടി ആടാനുള്ളതല്ല. ദുരാത്മാക്കളെയും തിന്മയെയും ഓടിച്ചുവിടാനും ദൈവത്തിന്റെയും പുണ്യാത്മാക്കളുടെയും വേഷങ്ങള്‍ അണിഞ്ഞ് ആചരിക്കാനുമുള്ളതാണ്. ഒരര്‍ത്ഥത്തില്‍ യഥാര്‍ത്ഥ അര്‍ത്ഥമറിയാതെയാണ് ഇന്നത്തെ യുവതലമുറ ഈ ഭീകര വേഷവിധാനങ്ങളോടെ ഹാലോവീന്‍ ആഘോഷിക്കുന്നത്. ദൈവീകതയും നന്മയുടെ ഭാവങ്ങളും ഭാവനകളും ഉണ്ടാകേണ്ട കുഞ്ഞുമനസ്സുകളില്‍ ഭീകരതയുടെയും വൃത്തികേടുകളുടെയും ഇത്തരം വേഷഭാവങ്ങള്‍ മാനസികമായും ആത്മീയമായും വലിയ ദോഷം വരുത്തും.

ലോകത്തെ നന്മയുടെ പാതയില്‍ നിന്നും മാറ്റി തിന്മയിലേക്ക് കൊണ്ടുപോകാനുള്ള ദൈവവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നു കൂടി ഇതിനെക്കുറിച്ച് മനസിലാക്കേണ്ടിയിരിക്കുന്നു. ഒരു ചെറിയ കഥയിങ്ങനെ: ദൈവവും പിശാചും കൂടി ഒരിക്കല്‍ ആകാശത്തുനിന്നു ഭൂമിയിലേക്ക് നോക്കി. പലവിധ കാര്യങ്ങളില്‍ തിരക്കുപിടിച്ച് ഓടിനടക്കുന്ന ആളുകള്‍. ദൈവം പിശാചിനോട് പറഞ്ഞു. നോക്കൂ, ഈ താഴെക്കാണുന്ന ആളുകളെല്ലാം എന്റേതാണ്’ പിശാച് മറുപടി പറഞ്ഞത്രേ: “ഈ ആളുകളൊക്കെ നിന്റേതായിരിക്കാം, പക്ഷേ അവരുടെയെല്ലാം മനസും വിചാരങ്ങളും എന്റെ നിയന്ത്രണത്തിലാണ്”. നന്മയായി തുടങ്ങുന്ന പലതിലും തിന്മയും തിന്മയുടെ സ്വാധീനവും നുഴഞ്ഞുകയറുന്നത് പലരും അറിയില്ല. ദൈവികമായ ചിന്തകള്‍ വെടിഞ്ഞ്, ആത്മീയതയില്‍ മാനുഷിക ദുരാഗ്രഹങ്ങള്‍ കടക്കുമ്പോള്‍ അതില്‍ തിന്മ ശക്തിപ്രാപിക്കുന്നു. നന്മയ്ക്ക് രൂപമാറ്റം സംഭവിച്ച് തിന്മ അവതരിക്കുമ്പോള്‍ പലരും അത് നല്ലതാണെന്നും നന്മയാണെന്നും തെറ്റിദ്ധരിച്ച് അതില്‍ വീണുപോകുന്നു.

കാലം മുമ്പോട്ട് പോകുന്തോറും കാഴ്ചപ്പാടുകളിലും ജീവിത രീതിയിലും മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. എങ്കിലും ആത്യന്തിക സത്യങ്ങളെയും അവ പ്രകടിപ്പിക്കുന്ന നല്ല പാരമ്പര്യങ്ങളും വികലമാക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ അപകടകരമാണ്. പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന നല്ല മൂല്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും തനിമ ഒട്ടും നഷ്ടപ്പെട്ടു പോകാതെ തന്നെ ഇത്തരം ആഘോഷങ്ങള്‍ നടത്താന്‍ നമുക്ക് കഴിയണം. സമൂഹ നന്മയുടെ ധാര്‍മ്മികതയെ ഗൗരവമായെടുക്കാത്തവര്‍ മെനയുന്ന കച്ചവട തന്ത്രങ്ങളില്‍ നമ്മുടെ നല്ല പല ആചാരങ്ങളും ആഘോഷങ്ങളും ‘ഹൈജാക്ക്’ ചെയ്യപ്പെടാറുണ്ട്. ഓരോ വര്‍ഷവും ഇതുവരെ കാണാത്ത തരത്തില്‍ പുതുമയുള്ള ‘കോസ്റ്റിയൂമുകള്‍’ ജനങ്ങളുടെ മുമ്പിലവതരിപ്പിച്ച് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിന്ന് മനുഷ്യമനസുകളെ മാറ്റി ലാഭക്കൊതിയുടെ കച്ചവടക്കണ്ണുമാത്രം ലക്ഷ്യമാക്കി നമ്മുടെ യുവതലമുറയുടെ മനസുകളെ വികലമാക്കുന്നവരെ നാം മനഃപൂര്‍വ്വം ഒഴിവാക്കേണ്ടതുണ്ട്. ലഹരിപോലെ അപകടമാണ് ഇത്തരം അനാരോഗ്യപ്രവണതകള്‍.

സാത്താന്‍ സേവക്കാരും അവരുടെ പ്രയോക്താക്കളും ഹാലോവീന്‍ ദിവസം തങ്ങളുടെ കൂട്ടത്തിലേയ്ക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള ദിവസമായി കൂടി ഇതിനെ കാണുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി കാണിക്കുന്നു. വത്തിക്കാനില്‍ ഭൂതോച്ഛാടക വിഭാഗത്തില്‍ അംഗമായ ഫാ. അള്‍ഡോ ബുയോ നൗട്ടോയുടെ വാക്കുകളില്‍, ഹാലോവീന്‍ ഒരു ലളിതമായ ഉത്സവമാണെന്നു പലരും കരുതുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നിഷ്‌കളങ്കതയുടെയോ ഉല്ലാസത്തിന്റെയോ അര്‍ത്ഥങ്ങള്‍ ഇതിലില്ല. അവയേക്കാളേറെ അപകടം പതിയിരിക്കുന്നതാണ് ഇന്നത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍.

പാശ്ചാത്യ സംസ്‌കാരം അന്ധമായി അനുകരിക്കുന്ന കൂട്ടത്തില്‍ നമ്മുടെ കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഈ ചതിക്കുഴിയില്‍ ചാടാതിരിക്കട്ടെ. ഏദന്‍ തോട്ടത്തില്‍ ആദ്യ സ്ത്രീയായ ഹവ്വയ്ക്ക് തോന്നിയതുപോലെ ഇത് ‘ആസ്വാദ്യവും കണ്ണിനു കൗതുകകരവും അറിവേകാന്‍ കഴിയുന്നതിനാല്‍ അഭികാമ്യവും (ഉല്‍പ്പത്തി 3:6) ആണെന്ന് ആരും വെറുതെ തെറ്റിദ്ധരിക്കരുതേ. ദൈവിക കാര്യങ്ങള്‍ കൂടുതലായി മനസിലാക്കുവാനും വിശുദ്ധരെ കൂടുതലായി പരിചയപ്പെടുവാനും അവരെ ജീവിതത്തിലനുഗമിക്കുവാനുള്ള ആഗ്രഹത്തിന്റെ പ്രകടനമായി അവരെപ്പോലെ വേഷം കെട്ടാനും നമ്മുടെ യുവതലമുറയെ നമുക്ക് പ്രേരിപ്പിക്കാം. ഹാലോവീനിന് പകരം ‘ഹോളിവീന്‍’ സംഘടിപ്പിച്ച സെഹിയോന്‍ യുകെയുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനീയവുമത്രേ! ഈ വരുന്ന ആഴ്ചകളില്‍ നമ്മുടെ സണ്‍ഡേ സ്‌കൂള്‍, വേദപഠന ക്ലാസുകളില്‍ കുഞ്ഞുങ്ങള്‍ക്ക് ഈ ചിന്തകള്‍ പകര്‍ന്നു നല്‍കാം.

എല്ലാ നല്ല ആഘോഷങ്ങളുടെയും കാതല്‍ തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയമാണ്. ഇക്കഴിഞ്ഞ ദീപാവലി തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇനി മുതല്‍ ഹാലോവീന്‍ ആഘോഷവും നന്മയുടെയും ദൈവികതയുടെയും പ്രകാശനമാകട്ടെ. ഇപ്പോഴത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍ ഒക്ടോബര്‍ 31 രാത്രിയിലെ ചില അശുഭ വേഷംകെട്ടലുകള്‍ മാത്രമാണ്. ആഘോഷങ്ങള്‍ അവിടെ നില്‍ക്കാതെ ഇരുട്ടിന്റെ പടി കടന്ന് നവംബര്‍ 1ന്റെ എല്ലാ വിശുദ്ധരെയും അനുസ്മരിക്കുന്ന നന്മയുടെ പ്രഭാതത്തിലേയ്ക്കും വെളിച്ചത്തിന്റെ സന്തോഷത്തിലേയ്ക്കും വരട്ടെ. വി. അഗസ്റ്റിന്റെ മാനസാന്തരത്തിന് വെളിച്ചം നല്‍കിയ തിരുവചനം നമ്മുടെ മനസുകളെയും പ്രകാശിപ്പിക്കട്ടെ. ”രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു; ആകയാല്‍ നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം പകലിനു യോജിച്ച വിധം നമുക്ക് പെരുമാറാം. (റോമാ 13: 12-13).

തിന്മയുടെ ആടകള്‍ മാറ്റിവച്ച് വിശുദ്ധരുടെയും ദൈവത്തിന്റെയും കരം പിടിച്ച് ഹൃദയത്തില്‍ നന്മനിറച്ച് ഈ ഹാലോവീന്‍ നമുക്ക് ആഘോഷിക്കാം. അര്‍ത്ഥമറിഞ്ഞുള്ള ഈ ആഘോഷം നമ്മെ ദൈവത്തിന്റെയും വിശുദ്ധരുടെയും കൂട്ടുകാരാക്കി മാറ്റട്ടെ.

നന്മയും സന്തോഷവും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിവാക്കാനാവാത്ത സ്ഥാനം ഇന്ന് പെര്‍ഫ്യൂമുകള്‍ക്കുണ്ട്. ചെറിയ വിലയില്‍ തുടങ്ങുന്ന ഈ ‘ചെറിയ കുപ്പികള്‍’ ബ്രാന്‍ഡ് നെയിമുകള്‍ക്കും നിലവാരത്തിനുമനുസരിച്ചും അതിഭീമമായ വിലകളില്‍ ചെന്നാണ് അവസാനിക്കുന്നത്. പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. യാത്ര പുറപ്പെടും മുമ്പും മീറ്റിംഗുകളില്‍ സംബന്ധിക്കുമ്പോഴും ആളുകള്‍ പൊതുവെ മറ്റുള്ളവരുടെ മുമ്പില്‍ ‘സുഗന്ധവാഹകരായി’ പ്രത്യക്ഷപ്പെടാറുണ്ട്. നിറത്തിലും മണത്തിലും സ്റ്റാന്‍ഡേര്‍ഡിലും ഇഷ്ടപ്പെട്ട് മിക്കവരും ചില പെര്‍ഫ്യൂകള്‍ തന്നെ സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി മൂന്ന് കാരണങ്ങളാണ് പലരേയും ഈ സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കുന്നതിലേയ്ക്ക് നയിക്കുന്നത്: നല്ല ഡ്രസ്സിങ്ങിനൊപ്പം സുഗന്ധത്തിൻറെ അകമ്പടി  മറ്റുള്ളവരുടെ മുമ്പില്‍ നന്നായി പ്രത്യക്ഷപ്പെടാന്‍ സഹായിക്കുമെന്ന ചിന്ത, സ്വന്തം ശരീര ദുര്‍ഗന്ധത്തിൻറെയും വിയര്‍പ്പുനാറ്റത്തിൻറെയും അസഹ്യത മറയ്ക്കാന്‍, മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അടുത്ത് ഇടപെഴകുമ്പോഴും ആത്മവിശ്വാസം കിട്ടാന്‍.

അതുകൊണ്ടുതന്നെ അതിപുരാതനകാലം മുതല്‍ തന്നെ ഇത്തരം സുഗന്ധലേപനങ്ങള്‍ മനുഷ്യന്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ബിസി 1350-ല്‍ ഈജിപ്തുകാര്‍ ലില്ലിപ്പൂക്കളില്‍ നിന്നും മറ്റു പുഷ്പങ്ങളില്‍ നിന്നും സത്ത് വേര്‍തിരിച്ചെടുത്ത് സുഗന്ധലേപനങ്ങള്‍ ഉണ്ടാക്കിയിരുന്നു. പുരാതന ബാബിലോണിയയില്‍ ‘അത്തര്‍’ വിശേഷ വസ്തുവായിരുന്നു. പണ്ട് രാജാക്കന്മാര്‍ മാത്രമാണ് ഇത്തരം സുഗന്ധലേപനങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് വിവിധ പുഷ്പങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും പരിമളം നിറഞ്ഞ വിവിധ നിറ-വില നിലവാരത്തിലുള്ള കൃത്രിമ സുഗന്ധലേപനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ ഇത്തരം പെര്‍ഫ്യൂമുകളുടെ അമിത ഉപയോഗം സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കേറ്റ് ഗ്രെന്‍വില്‍ എന്ന ഗവേഷക നടത്തിയ പഠനത്തില്‍, സുഗന്ധദ്രവ്യങ്ങള്‍ പൂശുന്ന മൂന്നില്‍ ഒരാള്‍ക്ക് വീതം തലവേദന, ആസ്ത്മ, ദേഹത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014ല്‍ നടന്ന മറ്റൊരു ഗവേഷണഫലം തെളിയിച്ചത് നാലിലൊന്നു സ്ത്രീകള്‍ക്കും മൈഗ്രേനുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പെര്‍ഫ്യൂമുകളുടെ ഗന്ധമായിരുന്നു.

ഇന്ന് കൂടുതലും കൃത്രിമ രാസവസ്തുക്കള്‍ക്കൊണ്ട് ഉണ്ടാക്കുന്ന ഈ സുഗന്ധദ്രവ്യങ്ങളുടെ ‘ട്രേഡ് സീക്രട്ട്’ നിര്‍മ്മാതാക്കളില്‍ പലരും പുറത്തുവിടാറില്ല. പലതിലും പ്രകൃതിദത്ത എണ്ണകളോടൊപ്പം വിഷപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. റോസ് എസന്‍ഷ്യല്‍ ഓയിലുകളിലും കെന്റക്കി ബോര്‍ബോണിലും അടങ്ങിയ സംയുക്തമായ ബിഡാമാസിനോണ്‍ ശരാശരിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അലര്‍ജിക്ക് കാരണമാകും. 1, 8 സിനോള്‍ കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ അത് കരളിൻറെ പ്രവര്‍ത്തനത്തെയും ബാധിക്കും. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നവര്‍ക്ക് മാത്രമല്ല അടുത്തുനിന്ന് അതിൻറെ ഗന്ധം ശ്വസിക്കുന്നവര്‍ക്കും അത് തലവേദനയ്ക്ക് കാരണമാകും.

പെര്‍ഫ്യൂം പോലെ വ്യക്തിജീവിതത്തിൻറെ തിളക്കം കൂട്ടാനായി ഉപയോഗിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി ഇതുപോലെ, ഇതിലേറെ ദോഷകരമായിത്തീരാറുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ നല്ലവനായി ചമയാന്‍ നുണപറയുന്ന സ്വഭാവത്തെ മറയാക്കുന്നവര്‍, സ്റ്റാറ്റസിൻറെ ലക്ഷണമായും പൗരുഷം തെളിയിക്കാനും മദ്യപിക്കുന്നത്, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും കയ്യടി നേടാനും പണം ധൂര്‍ത്തടിക്കുന്നത്, വെറുപ്പും അസൂയയും വിദ്വേഷവും മനസില്‍ കൊണ്ടുനടക്കുന്നതും അഹങ്കാരത്തിൻറെയും സ്വയം പുകഴ്ചയുടെയും വര്‍ത്തമാനം പറയുന്നതും പെര്‍ഫ്യൂമുകളുടെ നിരന്തര ഉപയോഗം ഭാവിയില്‍ വരുത്തുന്ന അപകടങ്ങളെക്കാള്‍ ഏറെ ദോഷകരമായി ഓരോരുത്തരെയും ബാധിക്കുന്നതാണ്.

ചെറുതും വലുതുമായ പല അവസരങ്ങളിലും നമ്മുടെ മുഖം മറ്റുള്ളവരുടെ മനസില്‍ മനോഹരമായി നിലനിര്‍ത്താന്‍ കള്ളത്തരങ്ങളും നുണകളും പറയുന്നവരാണ് നമ്മളിലധികവും. ചെറിയ കാര്യങ്ങളിലെ നുണ വിജയിക്കുന്നതായിക്കാണുമ്പോള്‍ പിന്നീടത് വലിയ കാര്യങ്ങളിലും പരീക്ഷിക്കാന്‍ ധൈര്യപ്പെടും. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച്, ദമ്പതികള്‍ തമ്മില്‍ പരസ്പരം നുണപറയുന്ന, കള്ളത്തരം കാണിക്കുന്ന സ്വഭാവം തുടങ്ങിയാല്‍ പിന്നീട് ബന്ധങ്ങള്‍ തകരുന്ന അവസ്ഥയിലേയ്ക്കുവരെ അതുകൊണ്ടുചെന്നെത്തിക്കാം. പണത്തിൻറെ വിനിയോഗം, ബന്ധങ്ങളിലെ വിശ്വസ്തത തുടങ്ങിയവയിലെ ചെറിയ പുഴുക്കുത്തുകള്‍ നുണയുടെ വാക്ചാതുരിയില്‍ കുറേനാള്‍ കുഴപ്പമില്ലാതെ പൊതിഞ്ഞുപിടിച്ചു മുഖം രക്ഷിച്ചാലും പിന്നീടാ മുഖം മൂടി അഴിഞ്ഞുവീഴുകയും കൂടുതല്‍ ദോഷകരമായതു സംഭവിക്കുകയും ചെയ്‌തേക്കാം.

ആണത്തം തെളിയിക്കാനും സമൂഹത്തിലെ സ്റ്റാറ്റസിൻറെ ഭാഗമാകാനും മദ്യപിച്ച് തുടങ്ങുന്നവരുണ്ട്. പുകവലിയുടെയും മറ്റു മയക്കുമരുന്നുപയോഗങ്ങളുടെയും കാര്യവും അങ്ങനെ തന്നെ. ഉപയോഗിക്കുന്നയാള്‍ക്ക് ആദ്യമത് രസം തരുന്ന കാര്യവും സമപ്രായക്കാരുടെയും സമചിന്താഗതിക്കാരുടെയും കയ്യടി ലഭിക്കുന്ന കാര്യവുമെന്നതൊഴിച്ചാല്‍ പിന്നീടത് ശരീരത്തെയും ജീവിതത്തെയും നശിപ്പിക്കാനായി ദേഹത്ത് കയറിക്കൂടിയ പിശാചായി അനുഭവപ്പെടും. മദ്യപാനത്തിൻറെ 3 ഘട്ടങ്ങളെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്: ‘ആദ്യം മനുഷ്യന്‍ മദ്യം കുടിക്കുന്നു, പിന്നെ മദ്യം മദ്യത്തെ കുടിക്കുന്നു, ഒടുവില്‍ മദ്യം മനുഷ്യനെ കുടിക്കുന്നു’. ആദ്യത്തെ ലെവലില്‍ തുടങ്ങുന്ന ആള്‍ അവസാനത്തെ ഘട്ടത്തിലെത്തുമ്പോള്‍ മാത്രമേ താന്‍ അകപ്പെട്ടു പോയ ചതിക്കുഴിയെക്കുറിച്ച് അറിയൂ.

 

 

 

 

 

 

 

 

 

 

 

 

 

പണത്തിൻറെ വിവേകമില്ലാത്ത ഉപയോഗത്തിലൂടെയും സ്വന്തം ജീവിതം അപകടത്തിലേയ്ക്ക് തള്ളിവിടുന്നവരുണ്ട്. ‘അത്യാവശ്യത്തില്‍ പണം ചിലവഴിക്കുകയും ആവശ്യത്തില്‍ സാഹചര്യമനുസരിച്ചുമാത്രം പണം വിനിയോഗിക്കുകയും അനാവശ്യത്തിന് ഒരിക്കലും പണം ഉപയോഗിക്കാതിരിക്കുകയും ചെയ്യണം’ എന്ന പരമ്പരാഗത ധനവിനിയോഗ ചിന്താഗതികള്‍ മാറ്റിവച്ച് അനാവശ്യങ്ങളില്‍ പണം ധൂര്‍ത്തടിക്കുന്നത് ആവശ്യമായി വന്നിരിക്കുന്നു എന്നാണ് ഇന്നത്തെ സമൂഹത്തിൻറെ ചിന്താഗതി. കുടുംബങ്ങളിലും സമൂഹത്തിലും നടക്കുന്ന ഓരോ ആഘോഷങ്ങളിലും പണം ചിലവഴിക്കാനുള്ള പുതിയ വഴികള്‍ എന്താണ് എന്നാണ് ഇന്ന് ഓരോരുത്തരും അന്വേഷിക്കുന്നത്. പണത്തിൻറെ ധാരാളിത്തത്തില്‍ മദ്യപാനത്തിലും ചൂതാട്ടത്തിലും കൂട്ടുകെട്ടുകളിലും ജീവിതം ആഘോഷിക്കുന്നവര്‍ക്ക് നാശവും ആസന്നമാണെന്ന് ഓര്‍ത്തിരിക്കണം.

മനസില്‍ കട്ടകെട്ടിക്കിടക്കുന്ന ചില നെഗറ്റീവ് എനര്‍ജികളെയും ഇത്തരുണത്തില്‍ കാണാതെ പോകരുത്. മനസില്‍ താലോലിച്ച് കൊണ്ടുനടക്കുന്ന വൈരാഗ്യത്തിൻറെയും വെറുപ്പിൻറെയും അസൂയയുടെയും ഭാവനകള്‍, നിറവേറ്റപ്പെടാതെ പോകുന്ന പ്രതികാരത്തിനു പകരമുള്ള ഒരു ആത്മസംതൃപ്തി ആ വ്യക്തിക്ക് നല്‍കുമെങ്കിലും അത് ഒരു നെഗറ്റീവ് എനര്‍ജിയാണെന്നതിനാല്‍ ആ വ്യക്തിയുടെ തന്നെ നാശത്തിലേ അത് കൊണ്ടുചെന്നെത്തിക്കൂ. അപ്രതീക്ഷിത അംഗീകാരങ്ങളോ ബഹുമതികളോ കിട്ടുമ്പോള്‍ സ്വന്തം കഴിവിൻറെ വലിപ്പത്തെക്കുറിച്ച് ‘വലിയ വര്‍ത്തമാനം’ പറഞ്ഞു സ്വയം ഇളിഭ്യരാകുന്നവരുണ്ട്. ഇതിന് സമാനമായ മലയാളത്തിലുള്ള പഴഞ്ചൊല്ല്, ‘അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കുക’ എന്നത്രേ! ന്യൂജന്‍ കാലത്ത് അത് ‘തള്ള്’ എന്നാണറിയപ്പെടുന്നത്. ”നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക’ എന്ന് ബൈബിളിലെ പ്രഭാഷകൻറെ പുസ്തകം ഉപദേശിക്കുന്നു. പക്വതയില്ലാത്ത ഇത്തരം മനസിലെ അധമവിചാരങ്ങളും ചിന്തയില്ലാത്ത വിവേകരഹിതമായ സംസാരങ്ങളുമെല്ലാം സ്വന്തം നാശം ക്ഷണിച്ചു വരുത്താനും മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങാനുമേ ഉപകരിക്കൂ.

പെര്‍ഫ്യൂം അടിക്കുന്ന ആളിൻറെ അടുത്ത് നില്‍ക്കുന്നവര്‍ക്കും അതു ശ്വസിക്കുന്നതുവഴി അതിൻറെ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കള്ളത്തരത്തിലും ലഹരിയിലും ധനാസക്തിയിലും മനസിലെ നിഷേധാത്മക ചിന്തകളിലും കഴിയുന്നവരുടെ ചുറ്റും നില്‍ക്കുന്നവർക്കും ഈ പ്രശ്നങ്ങളുടെ അനുരണനങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ വ്യക്തിത്വ വികസനത്തിനു തടസ്സം നിൽക്കുന്ന ഇത്തരം കൃത്രിമ ആവരണങ്ങളിലും സുഗന്ധലേപനങ്ങളിലും നിന്ന് വിവേകപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കാം. ധാര്‍മ്മികതയും ശുചിത്വവുമുള്ള ആത്മാവിനും മനസിനും കൃത്രിമ സുഗന്ധക്കൂട്ടുകളുടെ ‘കൂടുതല്‍ ഡെക്കറേഷന്‍’ എന്നും ആവശ്യമില്ല. കൃത്രിമ സൗന്ദര്യത്തിൻറെയും സുഗന്ധത്തിൻറെയും ആകര്‍ഷണത്തേക്കാള്‍ സ്വാഭാവിക ജീവിത ശുദ്ധിയാണ് കൂടുതല്‍ മഹത്തരമെന്നും മറക്കാതിരിക്കാം. സ്വാഭാവിക നന്മയുടെയും വിശുദ്ധിയുടെയും മുഖങ്ങളും ജീവിതങ്ങളും കൊണ്ട് ഈ ഭൂമി കൂടുതല്‍ സുന്ദരമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,

നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved