ഞായറാഴ്ച സങ്കീര്‍ത്തനം

ഫാ.ബിജു കുന്നയ്ക്കാട്ട്

യൂറോപ്പിലെ കുട്ടികളെല്ലാം പുതിയ അധ്യയനവര്‍ഷത്തിലേയ്ക്കു പ്രവേശിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിൻറെ വാക്കുകളില്‍ ‘കുട്ടികളുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കടമ പഠിക്കുക’ എന്നതത്രേ! കുട്ടിക്കാലവും സ്‌കൂള്‍-കോളേജ് പഠനകാലവുമെല്ലാം പിന്നിട്ടു ജീവിതാന്തസ്സുകളുടെയും ജോലിഭാരങ്ങളുടെയും മേഖലകളിലേക്ക് പ്രവേശിച്ചു കഴിയുമ്പോള്‍ പലരും തങ്ങളുടെ കുട്ടിക്കാലത്തിൻറെയും പഠനകാലങ്ങളുടെയും നിറം മങ്ങിയ ഓര്‍മ്മച്ചിത്രങ്ങള്‍ ചികഞ്ഞെടുത്ത് ‘എത്ര സുന്ദരമായിരുന്നു ആ കാല’മെന്ന് പരിതപിക്കാറുണ്ട്. സ്‌കൂള്‍ പഠനകാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഹോംവര്‍ക്കിനും അസൈന്‍മെന്റുകള്‍ക്കും ഇടയ്ക്കിടെ വരുന്ന പരീക്ഷകള്‍ക്കുമെല്ലാമിടയ്ക്ക് മിക്ക കുഞ്ഞുങ്ങളും, എടുത്താല്‍ പൊങ്ങാത്ത പഠനഭാരങ്ങളുടെ ദുരിതകാലമായാണ് തങ്ങളുടെ വിദ്യാഭ്യാസകാലത്തെ കാണുന്നത്. അതുകൊണ്ടുതന്നെ എത്രയും വേഗം ഇതൊന്നു തീര്‍ന്നുകിട്ടിയിരുന്നെങ്കിലെന്ന് അവരില്‍ പലരും ആഗ്രഹിക്കുന്നു!

വിദ്യാഭ്യാസകാലത്ത് പഠനം പലര്‍ക്കുമൊരു കീറാമുട്ടിയാണെങ്കിലും അത് ജീവിതത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരു അച്ഛന്‍ തൻറെ മകന് പറഞ്ഞുകൊടുക്കുന്നത് ഈ അടുത്തനാളില്‍ ഒരിടത്ത് വായിച്ചു. സ്‌കൂളില്‍ ചെല്ലുമ്പോള്‍ അടികിട്ടുമെന്ന് പേടിച്ച് പഠനം നിര്‍ത്താന്‍ ആലോചിച്ച മകനെയാണ് പിതാവ് തികച്ചും അര്‍ത്ഥപൂര്‍ണ്ണമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഉപദേശിച്ചത്. ആ പിതാവിൻറെ വാക്കുകള്‍ ഇങ്ങനെ! ”മോനേ, അല്‍പകാലത്തെ ശിക്ഷ ഭയന്നാണ് നീ പഠനം ഉപേക്ഷിക്കുന്നതെങ്കില്‍ നീ ചെയ്യുന്നത് വിഡ്ഢിത്തരമാണ്. കാരണം പഠനം നിര്‍ത്തിയാല്‍ അന്ന് മുതല്‍ ജീവിതാന്ത്യം വരെ നിനക്ക് ശിക്ഷയനുഭവിക്കേണ്ടിവരും. അറിവില്ലായ്മയാണ് ഏറ്റവും വലിയ ശിക്ഷ. വിദ്യാലയത്തില്‍ നിന്ന് അധ്യാപകന്റെ ചെറിയ അടി സഹിക്കാന്‍ നിനക്കാകുന്നില്ലെങ്കില്‍ സമൂഹത്തിന്റെ വലിയ അടി നിനക്കെങ്ങനെ താങ്ങാനാകും?”

അധ്യാപകന്‍ ചീത്ത പറയുന്നത് താങ്ങാനാകുന്നില്ലെങ്കില്‍ ഭാവിയില്‍ സമൂഹം ചീത്ത പറയുന്നത് എങ്ങനെ താങ്ങാനാകുമെന്നും പഠിക്കാത്തതിന് അധ്യാപകന്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് അസഹ്യമാണെങ്കില്‍ അറിവില്ലാത്തതിന്റെ പേരില്‍ സമൂഹം നിന്നെ സുപ്രധാന മേഖലകളില്‍ നിന്നെല്ലാം പുറത്താക്കുമ്പോള്‍ എങ്ങനെ സഹിക്കുമെന്നും പിതാവ് കുട്ടിയോട് ചോദിക്കുന്നു. ഈ ചെറുത്യാഗങ്ങള്‍ പഠിച്ചു ശീലിച്ചാല്‍ പിന്നീട് ചീത്ത കേള്‍ക്കേണ്ടി വരില്ലെന്നും ജീവിതം പിന്നീട് സുഖപ്രദമായിരിക്കുമെന്നും അറിവ് സമ്പാദിക്കാന്‍ അധ്വാനമുണ്ടെങ്കിലും അറിവില്ലായ്മ കൊണ്ടുനടക്കാനാണ് അതിലേറെ അധ്വാനം വേണ്ടിവരുന്നതെന്നും തന്റെ മകന് പറഞ്ഞുകൊടുക്കുന്നു.

ഒട്ടും പരിചയമില്ലാത്ത നാട്ടിലെത്തിയാല്‍ പട്ടാപ്പകലുപോലും വഴിതെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏത് കട്ടപിടിച്ച ഇരുട്ടാണെങ്കിലും സ്വന്തം നാട്ടില്‍ ബസിറങ്ങിയാല്‍ ആരോടും വഴി ചോദിക്കാതെ വീട്ടിലേക്ക് പോകാനാകും. അപ്പോള്‍ രാത്രിയുടെ ഇരുട്ടല്ല ഇരുട്ട്, അറിവില്ലായ്മയാണ് യഥാര്‍ത്ഥ ഇരുട്ട്. അറിവുള്ളവന് ഏത് വിദേശവും സ്വദേശം.

സര്‍വ സൃഷ്ടിജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടമായതാണ് മനുഷ്യസൃഷ്ടി. മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്ന കാര്യം വലിപ്പമോ ഉയരമോ ശക്തിയോ അല്ല, മറിച്ച് അറിവിന്റെ ഔന്നത്യമാണ്. വലിപ്പം കൊണ്ടാണ് പ്രാധാന്യം നിര്‍ണ്ണയിക്കപ്പെടുന്നതെങ്കില്‍ ആനയും തിമിംഗലവും മനുഷ്യനെക്കാള്‍ വലുതാണ്. പക്ഷേ, മനുഷ്യന്‍ ഇവയെയെല്ലാം ഇണക്കിയെടുത്ത് ഒരു വടികൊണ്ട് നിയന്ത്രിക്കുന്നു. ഉയരത്തില്‍ ജിറാഫും ശക്തിയില്‍ കാട്ടുപോത്തും വേഗത്തില്‍ ചീറ്റപ്പുലിയും മനുഷ്യനേക്കാള്‍ മേലെയാണ്. എന്നാല്‍ ഇവയെക്കാളൊക്കെ മനുഷ്യനെ ഉന്നതനാക്കുന്നത് അവന് അറിവ് നല്‍കുന്ന ശക്തിയാണ്.

വിദ്യാധനം ഉപേക്ഷിച്ച് പണത്തിന് പിന്നാലെ പോകുന്നവര്‍ മഹാനായ സോളമന്‍ രാജാവിനെ കണ്ടുപഠിക്കേണ്ടതാണ്. പണവും അധികാരവും അറിവും മുമ്പില്‍ മൂന്ന് വരങ്ങളായി ദൈവം കൊടുത്തിട്ട് ഏതുവേണമെന്ന് ചോദിച്ചപ്പോള്‍ അറിവ് (വിജ്ഞാനം) മതിയെന്ന് പറഞ്ഞ മറുപടിയില്‍ സംപ്രീതനായി എണ്ണിയാലൊടുങ്ങാത്ത പണവും സീമയില്ലാത്ത അധികാരവും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. പണം മാത്രം ചോദിച്ചിരുന്നെങ്കില്‍ വരങ്ങള്‍ പണത്തില്‍ മാത്രം ഒതുങ്ങിപ്പോയേനെ. പണവും അധികാരവുമുള്ളവര്‍ ജനങ്ങളെ ഭരിക്കുമ്പോള്‍ അറിവുള്ളവര്‍ ഈ അധികാരികളെ ഭരിക്കുന്നു. എത്ര വലിയ ഭരണാധികാരിയും ഒരു വിദഗ്‌ദ്ധോപദേശത്തിന് അറിവുള്ളവരെയാണല്ലോ സമീപിക്കുന്നത്.

ഒരാള്‍ ദരിദ്രനാണെങ്കിലും അറിവുണ്ടെങ്കില്‍ ധനികനാണ്. അറിവുള്ളവര്‍ അപരിചിതരെ സുഹൃത്തുക്കളാക്കുന്നു. ഏത് ഒറ്റപ്പെട്ട സ്ഥലത്തുപോയിി തനിച്ച് താമസിച്ചാലും അറിവുള്ളവരാണെങ്കില്‍ ജനങ്ങള്‍ തേടി അവിടെയുമെത്തും. അറിവില്ലെങ്കിലോ ഏത് ജനമധ്യത്തില്‍ നിന്നാലും ആരും തിരിച്ചറിയുകയുമില്ല. അറിവില്ലെങ്കില്‍ എത്ര വലിയവനും ചെറിയവനാണ്. ഒരു വലിയ മൃഗത്തെ ഒരു കൂച്ചു വിലങ്ങിലും വടിയിലും നിറുത്താന്‍ മനുഷ്യന് സാധിക്കുന്നെങ്കില്‍ ആനയ്ക്ക് അതിന്റെ ശക്തിയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടും ആനയെ കൊണ്ടുനടക്കുന്ന ആള്‍ക്ക് തന്റെ കഴിവിനെക്കുറിച്ചുള്ള അറിവുള്ളതുകൊണ്ടുമാണ്. തേനെടുക്കാന്‍ ചെല്ലുന്നവര്‍ക്ക് തേനീച്ചയുടെ കുത്തേല്‍ക്കേണ്ടി വരുമെന്നത് സ്വാഭാവികം. എന്നാല്‍ കുത്ത് ഭയന്ന് പിന്മാറിയാല്‍ തേന്‍ കിട്ടില്ല… ഇങ്ങനെ ചിന്തോദ്ദീപകമായ പല കാര്യങ്ങളും പറഞ്ഞ ആ പിതാവ് തന്റെ മകന് പഠനത്തിന്റെയും അറിവ് നേടലിന്റെയും പ്രാധാന്യം പറഞ്ഞുകൊടുക്കുന്നു.

പലരും സാധാരണ പറയാറുണ്ട്: ”പഠിത്തമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ ജോലിയാണ്” സത്യത്തില്‍ എപ്പോഴാണ് ഒരാളുടെ പഠനം അവസാനിക്കുന്നത്? അറിവുള്ളവര്‍ പറയുന്നതനുസരിച്ച് എല്ലാ മനുഷ്യരും മരണം വരെ പഠിതാക്കളാണ്. ഓരോ ദിവസത്തില്‍ നിന്നും ഓരോ അനുഭവത്തില്‍നിന്നും എന്നും എന്തെങ്കിലുമൊക്കെ എല്ലാവര്‍ക്കും പഠിക്കാനുണ്ട്. വിദ്യാഭ്യാസം ഒരു ജോലി നേടാനുള്ള മാര്‍ഗ്ഗമായി മാത്രം കാണാതെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്ന നിരന്തര കര്‍മ്മ പദ്ധതിയായിട്ടു വേണം മനസിലാക്കാന്‍. ‘സ്വഭാവശുദ്ധിക്കുതകാത്ത വിദ്യാഭ്യാസം’ സമൂഹത്തിലെ ഏഴ് തിന്‍മകളില്‍ ഒന്നാണെന്നാണ് മഹാത്മാഗാന്ധി പറയുന്നത്. നമ്മള്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും നമ്മെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ഒന്നുകില്‍ അവരെപ്പോലെയാകാന്‍, അല്ലെങ്കില്‍ അവരെപ്പോലെ ആകാതിരിക്കാന്‍. ചിലരില്‍ നാമിഷ്ടപ്പെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് നാമും ഒഴിവാക്കി നിര്‍ത്തേണ്ട കാര്യമാണ് ഇതെന്ന് പഠിക്കുകയാണ്. ‘തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യന്‍ തന്നെത്തന്നെ നോക്കിയിട്ട് കടന്നുപോകുന്നു. താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു’ (യാക്കോബ് 1:24). നമ്മുടെ മുമ്പില്‍ വരുന്ന ഓരോ മനുഷ്യനും നമുക്കൊരു കണ്ണാടിയാണ്, നമ്മെത്തന്നെ കാണാനുള്ള കണ്ണാടി. ആ കണ്ണാടിയില്‍ നോക്കി സ്വന്തം കുറവുകള്‍ മനസിലാക്കി തിരുത്തുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി. പകരം പലരും കണ്ണാടിയിലെ കുറവിനെക്കുറിച്ച് വാതോരാതെ കുറ്റംപറഞ്ഞുകൊണ്ടിരുന്ന് സ്വന്തം കാര്യം കാണാതെയും തിരുത്താതെയും കടന്നുപോകും.

വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ തന്നെ മാറിക്കൊണ്ടിരിക്കുന്നു. ബുദ്ധിയെയും മനസിനെയും ആലോചനാരീതികളെയും ശരിയായ വഴിയില്‍ കൊണ്ടുവരുന്നതിനായി പരമ്പരാഗതരീതിയില്‍ ഉണ്ടായിരുന്ന പല ശിക്ഷണക്രമങ്ങളും ഇന്ന് എടുത്തുമാറ്റിയിരിക്കുന്നു. അറിവ് നേടലും പറഞ്ഞുകൊടുക്കലും പുസ്തകങ്ങളിലെ അക്ഷരങ്ങളിലുള്ളത് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. ഉന്നത മാര്‍ക്കോടെ പഠിച്ചിറങ്ങുന്ന പലരും പ്രായോഗികജീവിത പരീക്ഷകളില്‍ വട്ടപ്പൂജ്യം. പേരിനൊപ്പം ഡിഗ്രികളുടെ നീളം കൂട്ടിയാലും പ്രകൃതിയുടെയും കുടുംബത്തിന്റെയും മാനുഷികബന്ധങ്ങളുടെയും ഭാവമാറ്റം അളക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള അറിവിന്റെ തലം ഇനിയും ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. ഓരോ സെമസ്റ്ററിലും നിശ്ചിതപണം കൊടുത്തു വാങ്ങിക്കുന്ന ‘മോഡ്യൂളുകള്‍’ മാത്രമായി നമ്മുടെ അറിവിന്റെ കൈമാറ്റം ഒതുങ്ങിപ്പോകാതിരിക്കട്ടെ. അധ്യാപകരില്‍ പലര്‍ക്കും പണ്ടത്തേതുപോലെ ആത്മാര്‍ത്ഥതയില്ലെന്ന് ഒരു സ്‌കൂളിലെ പ്രഥമാധ്യാപകന്റെ കമന്റ്. ‘മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങളെ എപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളായി കാണാന്‍ ഒരു അധ്യാപകന് കഴിയാതെ വരുന്നോ അപ്പോള്‍ അധ്യാപകജോലി അവസാനിപ്പിക്കണ’മെന്നാണ് മഹാനായ കണ്‍ഫ്യൂഷ്യസിന്റെ വാക്കുകള്‍.

കുട്ടികള്‍ക്ക് വിദ്യാലയം അവരുടെ രണ്ടാം വീടാണ്. അധ്യാപകര്‍ രണ്ടാമത്തെ മാതാപിതാക്കളും. വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും പഠിക്കുന്നതാണ് ഒരാള്‍ സമൂഹത്തില്‍ കാണിക്കുന്നത്. ചുരുക്കത്തില്‍ ഒരാള്‍ക്ക് കിട്ടുന്ന ആത്മീയ, മാനസിക, ബൗദ്ധിക, സാമൂഹിക നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം അവന്റെ/അവളുടെ വീടും വിദ്യാലയവുമാണെന്നതില്‍ തര്‍ക്കമില്ല. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും അതിനുത്തരവാദികള്‍ ഈ ഒന്നാം മാതാപിതാക്കളും രണ്ടാം മാതാപിതാക്കളുമായിരിക്കും. പണ്ട് ലോകം ചിന്തിച്ചിരുന്നത് അധികാരമാണ് ശക്തി (Authority is power) എന്നായിരുന്നു. എന്നാല്‍ പണം അതിനെ വിലകൊടുത്ത് വാങ്ങിയപ്പോള്‍ ആ സമവാക്യം പണമാണ് ശക്തി (Money is Power) എന്നായി മാറി. എന്നാല്‍ ഇന്ന് ലോകം തിരിച്ചറിയുന്നു, ‘അറിവാണ് ശക്തി’ (Knowledge is Power). ഈ അറിവിന്റെ ആരംഭമാകട്ടെ ദൈവഭക്തിയും (പ്രഭാഷകന്‍ 9:10)

പണം ചിലരെ മാത്രം ശക്തരാക്കും, അധികാരം കുറച്ചുപേര്‍ക്ക് മാത്രം ഔന്നത്യം നല്‍കും. എന്നാല്‍ അറിവ് എല്ലാവര്‍ക്കും ഉന്നതരാകാനുള്ള അവസരം തരുന്നു. അറിവെന്ന യഥാര്‍ത്ഥ ശക്തി നേടാന്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് വിദ്യാഭ്യാസകാലത്തിലൂടെ കടന്നുപോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും സാധ്യമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ നന്മയും അനുഗ്രഹവും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വം ആശംസിക്കുന്നു.

ഫാ.ബിജു കുന്നയ്ക്കാട്ട്‌

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് കുടുംബങ്ങള്‍. കുടുംബം രൂപപ്പെടുന്നതോ വിവാഹത്തിലൂടെയും. ഭര്‍ത്താവും ഭാര്യയും കൂടിച്ചേര്‍ന്ന് ഇമ്പത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗമത്രേ. വ്യക്തിജീവിതത്തിലും സമൂഹ രൂപീകരണത്തിലും ഇത്ര പ്രാധാന്യമുള്ള കുടുംബജീവിതത്തിന്റെ നാന്ദിയായ വിവാഹത്തിന് ലോകം വലിയ പ്രാധാന്യമാണ് കല്‍പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ സംസ്‌കാരങ്ങളിലും വിവാഹവും അതിന്റെ ആഘോഷങ്ങളും വ്യത്യസ്തങ്ങളായ ചടങ്ങുകളോടെ കൊണ്ടാടാറുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ മുതല്‍ ആഴ്ചകളും മാസങ്ങളും വരെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ വരെ വിവാഹത്തോടനുബന്ധിച്ച് പലയിടങ്ങളിലും നടക്കാറുണ്ട്.

ഓരോ സ്ഥലത്തുമുള്ള പരമ്പരാഗത ആചാരങ്ങള്‍ക്ക് പുറമേ വിവാഹ ആഘോഷങ്ങള്‍ വ്യത്യസ്ഥമാക്കാനായി പലരും വിചിത്രമായ പല കാര്യങ്ങളും ഇക്കാലത്ത് സംഘടിപ്പിക്കാറുണ്ട്. വെള്ളത്തിനടിയില്‍ വച്ച് വിവാഹിതരാകുന്നവര്‍, ആകാശത്തുവച്ച് വരണമാല്യം ചാര്‍ത്തുന്നവര്‍, കാടിനുള്ളിലും കടല്‍ത്തീരത്തും വിവാഹവേദി തയ്യാറാക്കുന്നവര്‍, രാഷ്ട്രീയ-സിനിമാ താരങ്ങളുടെ സാന്നിധ്യത്താല്‍ വിവാഹ ആഘോഷം കൊഴുപ്പിക്കുന്നവര്‍, വരനും വധുവും ഉള്‍പ്പെടെ പാട്ടുപാടിയും ഡാന്‍സുകളിലും വിവാഹദിനം അവിസ്മരണീയമാക്കുന്നവര്‍ ഇങ്ങനെ നിരവധി വ്യത്യസ്ഥതകളുമായി വാര്‍ത്തകളില്‍ ഇടംനേടുന്ന വിവാഹങ്ങളുണ്ട്. ചില അന്ധവിശ്വാസങ്ങളുടെ പേരില്‍ ചില മൃഗങ്ങളെ ജീവിത പങ്കാളിയായി സ്വീകരിക്കുന്ന വിചിത്ര മനുഷ്യരുമുണ്ട്. വിവാഹ ആഘോഷം വ്യത്യസ്ഥമാക്കി പുലിവാലു പിടിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ശ്രീലങ്കയിലെ കാന്‍ഡിയില്‍ നിന്നാണ്. വധുവിന്റെ രണ്ടുമൈല്‍ നീളമുള്ള വിവാഹസാരി പിടിക്കാന്‍ നിയോഗിച്ചത് 250 കുട്ടികളെ വിവാഹവേദിയില്‍ പൂക്കള്‍ പിടിച്ചത് 100 കുട്ടികള്‍. സ്‌കൂള്‍ പ്രവൃത്തിദിനത്തില്‍ കുട്ടികളെ നിയമവിരുദ്ധമായി ഇത്തരം ജോലിക്ക് നിയോഗിച്ചതിനാണ് പോലീസ് കകേസെടുത്തിരിക്കുന്നത്. പുതുമയ്ക്ക് വേണ്ടി ചെയ്ത വിവാഹ ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ പുലിവാലായി മാറി. കുറ്റം തെളിഞ്ഞാല്‍ വധു പത്ത് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍!

ഏറെ കൊട്ടിഘോഷിക്കപ്പെട്ടു നടക്കപ്പെടുന്ന പല സിനിമാ – വിവാഹങ്ങളും ശുഭാന്ത്യത്തിലെത്താറില്ല. മുമ്പെങ്ങുമില്ലാത്തപോലെ ഇക്കാലത്ത് സാധാരണക്കാരുടെ വിവാഹ – കുടുംബ ജീവിതങ്ങളിലും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. വിവാഹ കുടുംബജീവിതങ്ങളിലും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. വിവാഹമോചനത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരാതികളടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകം മാറിവരുന്നതിന്റെയും പുതിയ കണ്ടുപിടുത്തങ്ങളും ജീവിത സൗകര്യങ്ങളും ഉണ്ടായി വരുന്നതിന്റെയും വാര്‍ത്താമാധ്യമങ്ങളുടെ സ്വാധീനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന വ്യക്തി സ്വാതന്ത്ര്യ ചിന്തയുടെയുമെല്ലാം ഫലങ്ങളും സ്വാധീനവും ഇന്നത്തെ കുടുംബജീവിതങ്ങളെ വളരെ ശക്തമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ അകല്‍ച്ചയും മക്കളും മാതാപിതാക്കളും തമ്മിലുള്ള സ്നേഹത്തില്‍ ഉണ്ടായ ഭാവമാറ്റങ്ങളും കുറഞ്ഞുവരുന്ന അയല്‍പക്കബന്ധങ്ങളും വ്യക്തിജീവിതത്തിന്റെ സമഗ്രത നഷ്ടപ്പെടുന്നതുമെല്ലാം ഇന്ന് പതിവുകാഴ്ചകളാകുന്നു. നഷ്ടപ്പെട്ടു പോകുന്ന ഈ കുടുംബജീവിത വിശുദ്ധി വീണ്ടെടുക്കേതുണ്ട്. കാരണം സമൂഹത്തിന്റെ അടിസ്ഥാനഘടകം നന്നായാല്‍ സമൂഹം നന്നാവും. ഈ അടിസ്ഥാനഘടകത്തില്‍ ചീയല്‍ സംഭവിച്ചാല്‍ അതു സമൂഹത്തെ മുഴുവന്‍ രോഗാതുരമാക്കും. വിവാഹദിനം എത്ര ആര്‍ഭാടമായി ആഘോഷിക്കപ്പെചുന്നു എന്നല്ല, വിവാഹത്തിനുശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങനെ ജീവിക്കുന്നു എന്നു നോക്കിയാണ് ഓരോ വിവാഹവും വിലയിരുത്തപ്പെടേണ്ടത്.

വിവാഹ ജീവിത വിജയത്തിന്റെ അടിസ്ഥാന സൂത്രവാക്യം വി. ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെ തന്നെ ഭാര്യയെ സ്നേഹിക്കണം, ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.” (എഫേസോസ് 5:33). ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര സ്നേഹവും പരസ്പര ബഹുമാനവുമാണ് കുടുംബജീവിത വിജയത്തിന്റെ നെടുംതൂണുകള്‍. സ്നേഹമുണ്ടെങ്കില്‍ ബഹുമാനവുമുണ്ടാകും, ബഹുമാനമുണ്ടെങ്കില്‍ പരസ്പരം സ്നേഹിക്കാനുമാകും. സ്നേഹമെന്നത് ജീവനുള്‍പ്പെടെ എന്തും പങ്കാളിക്കുവേണ്ടി കൊടുക്കുവാന്‍ കാണിക്കുന്ന മനസാണ്. അങ്ങനെയുള്ള ജീവിതത്തില്‍ പരസ്പര പരാതികള്‍ക്ക് സ്ഥാനമില്ല. തനിക്കുള്ളതും തന്നെത്തന്നെയും പൂര്‍ണമായി പങ്കാളിക്ക് കൊടുക്കുവാന്‍ മനസു കാണിക്കുന്ന ഒരാള്‍ തന്റെ ജീവിത പങ്കാളിയോടുള്ള സ്നേഹം അതിന്റെ പൂര്‍ണതയില്‍ പ്രകാശിപ്പിക്കുകയാണ്.

വിവാഹജീവിതത്തില്‍ ഭര്‍ത്താവ് ഭാര്യയെ തന്നെക്കാള്‍ വലുതായും തന്റെ ആവശ്യങ്ങളെക്കാള്‍ ഭാര്യയുടെ ആവശ്യങ്ങളെ വലുതായും കാണുന്നതിനെയാണ് ബഹുമാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭാര്യയും അതുപോലെ തന്നെ തന്റെ ഭര്‍ത്താവിനെക്കുറിച്ചും കണക്കാക്കുന്നു. വിവാഹം ഒരു മറക്കലും ഒരു ഓര്‍മ്മിക്കലുമാണെന്നു പൊതുവെ പറയാറുണ്ട്. സ്വയം മറക്കാനും പങ്കാളിയെ ഓര്‍മ്മിക്കാനുള്ള ജീവിതമാണ് വിവാഹം.

ഇതിനു വിപരീതമായി എപ്പോഴൊക്കെ സംഭവിക്കുന്നോ അതായത്, സ്വയം മാത്രം ഓര്‍മ്മിക്കാനും പങ്കാളിയെ മറക്കാനും തുടങ്ങുന്നാ അപ്പോള്‍ മാത്രമാണ് വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

ഈ പരസ്പര സ്നേഹവും ബഹുമാനവുമുണ്ടെങ്കില്‍ ജീവിതത്തിന്റെ ഏതു വിപത്സന്ധിയെയും മറികടക്കാന്‍ ദമ്പതികള്‍ക്കാവും. റീടേയ്ക്കോ ട്രയലോ ഇല്ലാതെ, അഭിനയമല്ലാതെ ആത്മാര്‍ത്ഥമായ ജീവിതമായി മുമ്പോട്ടുമാത്രം പോകേണ്ടതാണ് വിവാഹ/കുടുംബജീവിതം. ക്രൈസ്തവ കാഴ്ചപ്പാടില്‍ വിവാഹം ഒരു കുദാശയാണ്. കൂദാശ എന്ന വാക്കിന്റെ അര്‍ത്ഥം വിശുദ്ധീകരിക്കുന്ന കര്‍മ്മം എന്തത്രേ. കത്തോലിക്കാ സഭയിലെ ഏഴു കൂദാശകളില്‍ വിവാഹം എന്ന ഒരു കൂദാശ മാത്രമാണ് രണ്ടുപേര്‍ (ഭര്‍ത്താവും ഭാര്യയും) ഒരുമിച്ച് ചേര്‍ന്ന് ഒരു കൂദാശ സ്വീകരിക്കുന്നത്. ബാക്കിയെല്ലാ കൂദാശകളും ഒരാള്‍ തന്നെയാണ് സ്വീകരിക്കുന്നത്. വിവാഹമെന്ന കൂദാശ സ്വീകരിക്കുന്ന പുരുഷനും സ്ത്രീയും ജീവിക്കുന്ന കൂദാശകളായി മാറുന്നു. വിവാഹശേഷം ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിനെ വിശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്വം ഭര്‍ത്താവിനും. അങ്ങനെ വിവാഹിതര്‍ പവിത്രമായ, ജീവിക്കുന്ന കൂദാശകളായി സ്വയം മാറുന്നു, മാറണം.

വിവാഹ ദിനത്തിന്റെ അത്യാഡംബര ആഘോഷങ്ങള്‍ കഴിഞ്ഞും സന്തോഷത്തിലും സമാധാനത്തിലും പരസ്പര ഐക്യത്തില്‍ സ്നേഹത്തോടെ ജീവിക്കാനും, വിവാഹജീവിതം മുഴുവന്‍ വിവാഹദിനത്തിലെ സന്തോഷം നിലനിര്‍ത്താനും പരസ്പരം വിശുദ്ധീകരിക്കുന്ന കൂദാശകളായി മാറാനും എല്ലാ വിവാഹിതര്‍ക്കും സാധിക്കട്ടെയെന്ന പ്രാര്‍ത്ഥയോടെ. സന്തോഷം നിറഞ്ഞ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ക്രൈസ്തവ സഭയ്ക്ക് മാത്രമല്ല ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും കിട്ടിയ ഏറ്റവും ‘വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത’ (ലൂക്കാ 2:10) ബഹു. ടോം ഉഴുന്നാലിലച്ചന്റെ മോചന വാര്‍ത്തയായിരുന്നു. വി. ബൈബിളില്‍ വിവരിക്കുന്ന മൂന്ന് ഉപമകളുടെ കൂടെ (കാണാതെ പോയി കണ്ടുകിട്ടിയ ആടിന്റെ ഉപമ, നഷ്ടപ്പെട്ടുപോയി തിരിച്ചുകിട്ടിയ നാണയത്തിന്റെ ഉപമ, പിതാവില്‍ നിന്നകന്ന് ദൂരദേശത്തേയ്ക്ക് പോയിട്ടും തിരിച്ചുവന്ന ധൂര്‍ത്തപുത്രന്റെ ഉപമ-ലൂക്കാ 15) ചേര്‍ത്തുപറയാന്‍ ഇതാ, നാലാമതൊരു ദൈവികമായ ഉപമ കൂടി – തട്ടിക്കൊണ്ടുപോകപ്പെട്ടതിനുശേഷം തിരിച്ചുകിട്ടിയ ഉഴുന്നാലിലച്ചന്‍ എന്ന ഉപമ. തിരിച്ചുകിട്ടിയ ആടിനെ സന്തോഷത്തോടെ ഇടയന്‍ ഇടയന്‍ തോളിലേറ്റിയതുപോലെ അച്ചനെ ഇപ്പോള്‍ ലോകം ഹൃദയത്തിലേറ്റിയിരിക്കുന്നു, തിരിച്ചു കിട്ടിയ നാണയത്തെക്കുറിച്ചുള്ള സന്തോഷം അയല്‍ക്കാരുമായി പങ്കുവെയ്ക്കപ്പെട്ടതുപോലെ കേട്ടവരെല്ലാം ഈ വലിയ വിശേഷം പങ്കുവെയ്ക്കുന്നു, ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന പിതാവിന്റെ മനസ് ഇന്ന് ലോകം ഏറ്റുവാങ്ങിയിരിക്കുന്നു: ‘ അവര്‍ ആഹ്‌ളാദിക്കാന്‍ തുടങ്ങി”. (ലൂക്കാ 15: 24).

പ്രിയപ്പെട്ട ടോമച്ചന്റെ നന്ദി വാക്കുകളോടു ചേര്‍ന്ന് ലോകം മുഴുവന്‍ പറയുന്നു: ‘ദൈവത്തിനു നന്ദി, ഒമാന്‍ രാജാവിനു നന്ദി, സഭാ നേതൃത്വത്തിനു നന്ദി, ഈ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെട്ട് പരിഹാരത്തിനായി ശ്രമിച്ച വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്കു നന്ദി, സര്‍വ്വോപരി അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഒരു തുള്ളി കണ്ണുനീരെങ്കിലും പൊടിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി’.

സൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തിയുടെ പരസ്യത്തില്‍ ഒരു കുഞ്ഞ്, ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടുനില്‍ക്കുന്ന തന്റെ അമ്മയോടു ചോദിക്കുന്നു: ‘ അമ്മേ, ദൈവം ഇല്ലാതിരുന്നെങ്കിലോ? കുഞ്ഞിന്റെ ഈ സംശയത്തിന് വിവിധ ജീവിതരംഗങ്ങളിലുള്ളവരാണ് ഉത്തരം നല്‍കുന്നത്. ഉയര്‍ന്ന സ്ഥലത്തു കയറി നില്‍ക്കാന്‍ ഉള്ളിലെ ഭയം മാറ്റുന്നത് ദൈവമെന്ന് ഇലക്ട്രിസിറ്റി ലൈന്‍മാന്‍, പാടത്ത് വിത്തുമുളപ്പിക്കുന്നത് ദൈവമെന്ന് കര്‍ഷകന്‍, പരീക്ഷയില്‍ ജയിക്കാന്‍ സഹായിക്കുന്നതും ദൈവമെന്ന് വിദ്യാര്‍ത്ഥികള്‍, കരിക്കിനുള്ളില്‍ വെള്ളം നിറയ്ക്കുന്നതുപോലും ദൈവമെന്ന് അവന്റെ സഹപാഠിയും പറഞ്ഞുകൊടുക്കുന്നു. പരസ്യത്തിനൊടുവില്‍ ഈ ഉത്തരങ്ങളുടെ വെളിച്ചത്തില്‍ പൊതുനിഗമനം ഇങ്ങനെ: ”ദൈവം ഉണ്ട്”. ടോം അച്ചന്റെ മോചന വാര്‍ത്ത കേട്ടപ്പോള്‍ മനുഷ്യസ്‌നേഹം തുടിക്കുന്ന ഓരോ ഹൃദയവും ആയിരം മടങ്ങ് ഉറപ്പോടെ ഈ ഉത്തരം ആവര്‍ത്തിച്ചു. ‘ദൈവം ഉണ്ട്’ .

ആത്മാര്‍ത്ഥമായി എല്ലാവരും ദൈവത്തെ വിളിച്ച നാളുകളായിരുന്നു ഇത്. ഒരിക്കല്‍ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലെങ്കിലും ടോമച്ചന്‍ എല്ലാ ഭവനത്തിന്റെയും വേദനയും പ്രാര്‍ത്ഥനാ വിഷയവുമായി മാറി. ഗവണ്‍മെന്റ് തലത്തില്‍ മോചന ശ്രമങ്ങള്‍ നടക്കുമ്പോഴും ദൈവജനത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ദൈവത്തില്‍ മാത്രമായിരുന്നു. വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ (സെപ്തംബര്‍ – 14) ദിനത്തിന് കൃത്യം രണ്ട് ദിവസം മുമ്പ് മോചിതനായി എത്തിയ ടോമച്ചന്റെ ജീവിതം, അദ്ദേഹം സഹിച്ച വര്‍ണനാതീതമായ കുരിശുകളുടെ വിജയത്തിന്റെയും പുകഴ്ചയുടെയും തിരുനാള്‍ ദിവസം സഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മൂന്ന് ഉത്തരവാദിത്തങ്ങളാണ്; പ്രാര്‍ത്ഥന, പ്രവര്‍ത്തനം, പ്രത്യാശ.

ബഹു. ടോം അച്ചന്റെ കാര്യത്തില്‍ ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ചു. ഇക്കാലത്താണ് സുവിശേഷം എഴുതപ്പെട്ടിരുന്നതെങ്കില്‍, ‘ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നു കാണിക്കാന്‍ ഈശോ അവരോട് (ലൂക്കാ 18:11) ടോം ഉഴുന്നാലിലച്ചന്റെ ഉപമ പറഞ്ഞു’ എന്നു ചിലപ്പോള്‍ വായിക്കേണ്ടി വന്നേനെ. അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞവരെല്ലാം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ വി. കുര്‍ബാന അര്‍പ്പിക്കാന്‍ ഒരിക്കല്‍ പോലും അവസരം ലഭിച്ചില്ലെങ്കിലും പകല്‍ സമയം മുഴുവന്‍ പ്രാര്‍ത്ഥിച്ചാണ് സമയം പോക്കിയിരുന്നതെന്ന് ഫാ. ടോം പറഞ്ഞു. സംശയങ്ങളൊന്നുമില്ലാതെ ലോകം മുഴുവന്‍ പറയുന്നു- ഉഴുന്നാലിലച്ചന്റെ മോചനം പ്രാര്‍ത്ഥനയുടെ ഉത്തരമാണ്. മനസ്സ് മടുക്കാതെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വൈകിയാലും ഉത്തരമുണ്ടെന്നാണ് ടോമച്ചന്റെ അനുഭവം പഠിപ്പിക്കുന്നത്. ചില വലിയ കാര്യങ്ങള്‍ക്ക് വലിയ കാത്തിരിപ്പുവേണ്ടി വരും. വി. അഗസ്റ്റിന്‍ പാപജീവിതത്തില്‍ നിന്നു തിരിച്ചുവരാന്‍ വി. മോനിക്ക (അഗസ്റ്റിന്റെ അമ്മ)) കണ്ണീരോടെ പ്രാര്‍ത്ഥിച്ചു കാത്തിരുന്നത് നീണ്ട 17 വര്‍ഷം. ഒരു കാര്യം ഉറപ്പിക്കാം. ആത്മാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥനയും ഫലമണിയാതെ പോകില്ല.

‘താന്‍ പാതി, ദൈവം പാതി’ എന്ന പഴമൊഴിയുടെ നേര്‍സാക്ഷ്യമായിരുന്നു വിവിധ തലങ്ങളില്‍ നടന്ന മോചന പ്രവര്‍ത്തനങ്ങളും അവയെ ബലപ്പെടുത്തിയ പ്രാര്‍ത്ഥനയും. ഇതു രണ്ടിനും ഊര്‍ജ്ജം നല്‍കിയതാകട്ടെ, മോചനം സാധ്യമാണെന്ന പ്രത്യാശയും. ഈ മൂന്ന് കാര്യങ്ങളുടെ ഒത്തുചേരലില്‍ മോചനം യാഥാര്‍ത്ഥ്യമായി. കുരിശുമരവും കുരിശനുഭങ്ങളും ഈശോ ശരീരത്തില്‍ ചുമന്നു, ഗത്സമിനിയില്‍ രക്തമൊഴുകി പ്രാര്‍ത്ഥിച്ചു, പിതാവ് കൈവിടില്ലെന്ന് പ്രത്യാശിച്ചു – അത് ഈശോയുടെയും കുരിശിന്റെയും വിജയത്തിനും പുകഴ്ചയ്ക്കും കാരണമായി. ഒന്നര വര്‍ഷം നീണ്ട ടോമച്ചന്റെ കുരിശുകളും സെപ്തംബര്‍ 12-ന് പുകഴ്ത്തപ്പെട്ടത് ഈ മൂന്ന് കാര്യങ്ങളുടെ ഒന്നിക്കലിലത്രേ!

അതീവ സങ്കീര്‍ണമായ ഈ മോചന ദൗത്യത്തിന് മുന്നണിയില്‍ പ്രവര്‍ത്തിച്ച ചിലര്‍ കൂടി ഈ വാര്‍ത്തയോടൊപ്പം ശ്രദ്ധിക്കപ്പെട്ടു. നിര്‍ണായകമായ മോചന അഭ്യര്‍ത്ഥന നടത്തിയ കത്തോലിക്കാ സഭാ തലവന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ, ഒരു വലിയ സമൂഹത്തിന്റെ മുഴുവന്‍ ഹൃദയവേദനയുടെ ആഴം കണ്ട് മോചന ശ്രമത്തിന് മുന്‍കൈ എടുത്ത ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്, സതേണ്‍ അറേബ്യയുടെ വികാരി അപ്പസ്‌തോലിക്ക ബിഷപ്പ് പോള്‍ ഹിണ്ടര്‍, കേരള സഭയിലെ സഭാ നേതൃത്വം, ടോമച്ചന്‍ അംഗമായ ഡോണ്‍ ബോസ്‌കോ സഭയുടെ അധികാരികള്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സഭയുടെ പരമാധികാരിയായ മാര്‍പാപ്പയുടെ കരം ചുംബിച്ച് ആദരവ് പ്രകടിപ്പിക്കുന്ന പതിവ് തെറ്റിച്ച്, സഹനദാസന്‍ ടോമച്ചന്റെ കരം ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയുടെ മുഴുവന്‍ ആദരം അച്ചനെ അറിയിച്ചു. ഒന്‍പത് രാജ്യങ്ങളിലെ സൈന്യം ഭരണം നടത്തുന്ന തീവ്രവാദികളുടെ മേഖലയില്‍ നിര്‍ണായക ഇടപെടലിലൂടെ ഒമാന്‍ രാജാവ് മോചന ദൗത്യത്തിന് നേതൃത്വം നല്‍കി. മാനുഷികമായ പല പ്രവര്‍ത്തനങ്ങളിലൂടെ മുമ്പും ഈ ഭരണാധികാരി കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും കൂടി സുല്‍ത്താനായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. കേരള സഭയുടെയും സലേഷ്യന്‍ സഭയുടെയും നിരന്തര അഭ്യര്‍ത്ഥനയെ അര്‍ഹിക്കുന്ന പരിഗണനയോടെ കണ്ട് ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്തിയ, ശ്രീമതി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളും മറക്കപ്പെടരുതാത്തതാണ്. ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നത് ഒറ്റ കാര്യം മാത്രം, ടോമച്ചന്റെ മോചനം സാധ്യമാക്കാന്‍ ദൈവത്തിന് ചില കരങ്ങള്‍ ആവശ്യമായിരുന്നു. ഈ സഭാധികാരികളും ഭരണാധികാരികളും ദൈവകരങ്ങളില്‍ ഉപകരണങ്ങങളായി മാറുകയായിരുന്നു.

ഭീകരര്‍ അത്ര ഭീകരരല്ലായിരുന്നു എന്ന് ടോമച്ചന്റെ സാക്ഷ്യം. ‘അവര്‍ എന്നെ വധിക്കുമെന്ന് ഞാനൊരിക്കലും ഭയപ്പെട്ടിരുന്നില്ല’ എന്ന് അച്ചന്‍ തന്നെ പറയുന്നു ഒറ്റവസ്ത്രത്തില്‍ തന്നെ കഴിയേണ്ടി വന്നെങ്കിലും അസുഖബാധിതമായപ്പോള്‍ മരുന്ന് തരാനുളള കരുണ ആ അസുരഹൃദയങ്ങളിലുണ്ടായി എന്നതും അത്ഭുതം തന്നെ. എത്ര ക്രൂര ഹൃദയത്തിലും കരുണയുടെ ഒരംശം എവിടെയെങ്കിലും മായാതെ കിടപ്പുണ്ടാകുമെന്നുറപ്പ്. ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും എന്തൊക്കെയോ ചില നല്ല കാര്യങ്ങള്‍ ഈശോ യൂദാസില്‍ കണ്ടതുപോലെ, ഭീകരരുടെ മനസില്‍ പോലും ദൈവം പ്രവര്‍ത്തിച്ചു എന്നുവേണം കരുതാന്‍!.

‘യമന്‍’ എന്ന പേര് മലയാളികള്‍ക്ക് അത്ര പഥ്യമല്ല. ഹൈന്ദവ പുരാണമനുസരിച്ച് മനുഷ്യരെ ഈ ഭൂമിയില്‍ നിന്നു കൊണ്ടുപോകുന്ന ‘കാലന്‍’ എന്നതിന്റെ പര്യായപദമാണേ്രത അത്. ടോമച്ചന്റെ കാര്യത്തില്‍ അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍ ‘യമനില്‍’ നിന്ന് ദൈവം അച്ചനെ സൈ്വര ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിനുവേണ്ടി നടന്ന കൂട്ടായ ശ്രമങ്ങള്‍ തെളിയിക്കുന്നത്, മനുഷ്യത്വത്തിനും പൗരോഹിത്യത്തിനും ലോകവും ദൈവജനവും കൊടുത്ത വില അളക്കാനാവാത്തതാണെന്നതാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ക്രൈസ്തവ സഭ ലോകത്തോടു പ്രസംഗിച്ച ഏറ്റവും വലിയ സുവിശേഷ പ്രഘോഷണമായിരുന്ന ഫാ. ടോം ഉഴുന്നാലില്‍ ദൈവാശ്രയബോധവും ദൈവചിന്തയും പ്രാര്‍ത്ഥവയും ദാനധര്‍മ്മവുമെല്ലാം അത് ജനങ്ങളില്‍ വളര്‍ത്തി. കുരിശിന്റെ അവസാനം ക്രിസ്തുവിന്റെ കാലം മുതല്‍ നിരാശയായിരുന്നില്ല, അത് ഉത്ഥാനത്തിന്റെ സന്തോഷത്തിലെ അവസാനിക്കൂ. ക്രിസ്തുദാസന്‍ ടോമച്ചന്റെ കാര്യത്തിലും അത് തെറ്റിയില്ലാ തെറ്റുകയുമില്ല.

ഈ കാലഘട്ടത്തിന്റെ സുവിശേഷവും ഈശോ തന്ന ഉപമയുമാണ് ഫാ. ടോം ഉഴുന്നാലില്‍, സഭ വളരും, മനുഷ്യത്വം വളരും, നന്മ വളരും. ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമ്പോള്‍ ഏതു ദുഃഖവും സന്തോഷമായി മാറ്റാന്‍ ദൈവത്തിനു കഴിയും. നമ്മുടെ കുരിശുകളില്‍ പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തിക്കാനും പ്രത്യാശിക്കാനും കാത്തിരിക്കാനും ടോമച്ചന്റെ മാതൃകയും മനോഭാവവും നമുക്ക് ശക്തിയാകട്ടെ.

നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

ഈ ലേഖനത്തിലെ അക്ഷരങ്ങള്‍ക്ക് കണ്ണുനീരിന്റെ നനവും ഇതിലെ ചിന്തകള്‍ക്ക് നിരവധി ജീവനുകളുടെ വിലയുമുണ്ട്. കഴിഞ്ഞയാഴ്ചയില്‍ എം 1ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ എന്റെ പ്രിയ സുഹൃത്ത് ബെന്നിച്ചേട്ടന്റെയും അദ്ദേഹത്തോടൊപ്പം പൊലിഞ്ഞ മറ്റ് ഏഴ് പേരുടെയും പാവന സ്മരണയ്ക്കു മുന്നില്‍ കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യുകെയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ ദിവസവും റോഡപകടങ്ങളില്‍ മരിക്കേണ്ടി വരുന്നവര്‍ നിരവധിയാണ്. ചിലരെങ്കിലും അശ്രദ്ധയിലൂടെ അപകടം ക്ഷണിച്ചു വരുത്തുമ്പോള്‍ ഏറെപ്പേരും മറ്റുള്ളവരുടെ അശ്രദ്ധമായ റോഡുപയോഗത്തിന്റെ ഇരകളാകുന്നവരാണ്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്ന ഈ ഹതഭാഗ്യരുടെ ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരാകട്ടെ തങ്ങളുടെ ശിഷ്ടകാലം മുഴുവന്‍ കണ്ണീര്‍ കുടിച്ചു കഴിയേണ്ടിയും വരുന്നു.

ചുറ്റുമുള്ള മറ്റുള്ളവരെക്കുറിച്ച് പരിഗണനയും ശ്രദ്ധയും കരുതലും കുറയുന്ന മനസില്‍ നിന്നാണ് ഓരോ അപകടവും ഉദ്ഭവിക്കുന്നത്. പൊതുവഴി സ്വന്തം വഴിയെന്നതുപോലെ നിയമങ്ങളെ കാറ്റില്‍പ്പറത്തി തന്നിഷ്ടപ്രകരാം പ്രവര്‍ത്തിക്കുന്നവരാണ് റോഡിനെ കൊലക്കളമാക്കി മാറ്റുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക (മത്തായി 22:39) എന്ന ദൈവപ്രമാണത്തിന്റെ ഗുരുതരമായ ലംഘനമാണ് ഇത്. ഒരൊറ്റ നിമിഷത്തെ അശ്രദ്ധ മതി ഒരപകടമുണ്ടാകാനും അതുവഴി പലരുടെയും ജീവിതം മാറിമറിയുവാനും. എം 1 റോഡില്‍ ഉണ്ടായ അപകടത്തിന് കാരണക്കാരെന്ന് കരുതപ്പെടുന്ന രണ്ട് ലോറി ഡ്രൈവര്‍മാരില്‍ ഒരാള്‍ നിയമവിരുദ്ധമായി, അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മദ്യപിച്ചിരുന്നു എന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം സന്തോഷത്തിനായി മദ്യത്തിനെ കൂട്ടുപിടിച്ച അയാള്‍ ചിന്തിക്കേണ്ടിയിരുന്നു, മറ്റുള്ളവരുടെ ജീവന്റെ വിലയെക്കുറിച്ചും അവര്‍ കണ്ടിരുന്ന മനോഹര സ്വപ്‌നങ്ങളെക്കുറിച്ചും.

പൊതുവെ നാല് പ്രധാന കാരണങ്ങള്‍ ഗുരുതര റോഡപകടങ്ങളിലേക്ക് നയിക്കാറുണ്ട്. അമിതവേഗതയാണ് അതില്‍ ഒന്നാമത്തേത്. പുതിയ വാഹനം സ്വന്തമാക്കുന്ന ചെറുപ്പക്കാരില്‍ ചിലരെങ്കിലും വാഹനം അമിത വേഗത്തില്‍ പറത്തി മറ്റു വഴിയാത്രികരെ കിടിലം കൊള്ളിക്കാറുണ്ട്. സാഹസികതയുടെ ലക്ഷണമായും മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച് ആകര്‍ഷണ കേന്ദ്രമാകാനുമുള്ള വിവേകമില്ലാത്ത മനസിന്റെ പ്രതിഫലനമാണിത്. എന്നാല്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിലല്ല, ഏറ്റവും സുരക്ഷിതമായ രീതിയിലും നിയന്ത്രിതമായ വേഗത്തിലും വാഹനം ഓടിക്കുന്നതാണ് ഒരു നല്ല ഡ്രൈവറുടെ ലക്ഷണം എന്ന് ഇക്കൂട്ടരില്‍ പലര്‍ക്കും അറിയില്ല. ഇവനെന്താ വായുഗുളിക മേടിക്കാന്‍ പോകുവാണോ എന്ന് കാഴ്ചക്കാരെക്കൊണ്ട് പറയിക്കത്തക്കവിധം ബൈക്കിലും കാറിലും ചീറിപ്പായുന്ന യുവതലമുറ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടഭീഷണി വിളിച്ചു വരുത്തുകയാണ്. ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസം കാണിക്കുന്നവരും വാഹനം എടുത്തു ചാടിച്ച് വിനോദിക്കുന്നവരും മറക്കരുത്, നിങ്ങള്‍ അപകടപ്പെടുത്തുന്ന ഒരു ജീവനും നിങ്ങള്‍ക്ക് തിരിച്ചു കൊടുക്കാനാവില്ല.

കടുത്ത ശരീരക്ഷീണമുള്ളപ്പോഴും മനസും ശരീരവും ഡ്രൈവിംഗിന് തയ്യാറാകാത്തപ്പോഴും യാത്ര നടത്തുന്നവര്‍ക്കും അപകട സാധ്യത കൂടുതലാണ്. അതിദൂരം യാത്ര ചെയ്യുന്നവര്‍ ക്ഷീണമകറ്റാന്‍ എനര്‍ജി ഡ്രിങ്കുകളെയും ഉന്മേഷം നല്‍കുന്ന മറ്റ് കാര്യങ്ങളെയും ആശ്രയിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാനാവില്ല. ചിലപ്പോള്‍ ചുരുങ്ങിയ ഒരു സമയത്തിനു ശേഷം കണ്ണുകളുടെ ഭാരം വര്‍ദ്ധിക്കുകയും ഉറക്കത്തിലേക്കും ശ്രദ്ധക്കുറവിലേക്കും വഴുതിവീണേക്കാം. മനപൂര്‍വമല്ലെങ്കിലും മാനസികമായും ശാരീരികമായും തയ്യാറല്ലാത്ത യാത്രാവസരങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ജീവഹാനി വരുത്തിയേക്കാം. ആരെങ്കിലുമായി ഒരു കലഹത്തിനു ശേഷം യാത്ര പുറപ്പെടുമ്പോളും വാഹനത്തിലിരുന്ന വാഗ്വാദം നടത്തി യാത്ര ചെയ്യുമ്പോളും യാത്ര സുരക്ഷിതമായിരിക്കില്ലെന്നും റോഡിലെ ശ്രദ്ധ കുറഞ്ഞ് അപകടത്തിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.

യാത്രക്കിടയില്‍ വന്നുകൂടുന്ന അശ്രദ്ധാകാരണങ്ങളാണ് അപകടങ്ങള്‍ക്ക് വില്ലനാകുന്ന മൂന്നാമത്തെ ഘടകം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, മെസേജ് അയക്കുന്നത്, ഫോട്ടോ എടുക്കുന്നത്, അമിത ശബ്ദത്തില്‍ സംഗീതം കേള്‍ക്കുന്നത് ഇങ്ങനെ പലതും അത്തരം കാരണങ്ങളില്‍പ്പെടും. ശ്രീനഗറിലെ തെങ്‌പോറ മേഖലയില്‍ നടന്ന അപകടം മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തത് ഡ്രൈവിംഗിലെ സാഹസികത ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോളായിരുന്നു. റോഡില്‍ ശ്രദ്ധിക്കുന്നതിനു പകരം ഡ്രൈവറായ നാലാമന്‍ ഫേസ്ബുക്ക് ലൈവിന്റെ ഫ്രെയിമില്‍ ഉള്‍പ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് അവര്‍ സഞ്ചരിച്ചിരുന്ന മാരുതി 800 കാര്‍ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്നത്. മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇതൊക്കെ സ്വയംകൃതാനര്‍ത്ഥം എന്നേ പറയാനാകൂ. ഇത്തരം കാര്യങ്ങളുടെ അപകടങ്ങളേക്കുറിച്ച് അറിയാഞ്ഞ്ിട്ടും അറിവില്ലാതിരുന്നിട്ടുമല്ല, ഇതൊന്നും എനിക്കുവേണ്ടി പറയുന്നതല്ലെന്നും താന്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്നുചാടില്ലെന്നും താന്‍ സൂക്ഷിച്ചാണ് വാഹനമോടിക്കുന്നതെന്നും എല്ലാവരും അവനവനെക്കുറിച്ച് ചിന്തിക്കുന്നു. സ്വന്തം അനുഭവത്തില്‍ വരുമ്പോള്‍ മാത്രം കാര്യങ്ങള്‍ പഠിക്കുന്നു.

മദ്യപിച്ച് വാഹനമോടിക്കുന്നവരാണ് ഏറ്റവും അപകടകാരികളായ നാലാമത്തെ കൂട്ടര്‍. എത്ര കഴിച്ചാലും തനിക്ക് ഇതൊന്നും ഏല്‍ക്കില്ല എന്ന മിഥ്യാധാരണയോടെ മദ്യപിച്ച് റോഡിലിറങ്ങുന്നവര്‍ തങ്ങളുടെ മരണസമയം അങ്ങോട്ട് അന്വേഷിച്ച് ചെല്ലുന്നവരാണ്. വാഹനത്തെ നിയന്ത്രിക്കേണ്ട ഡ്രൈവറുടെ നിയന്ത്രണം അയാള്‍ സേവിച്ച മദ്യവും മയക്കുമരുന്നും ഏറ്റെടുക്കുന്നതോടുകൂടി അവരുടെ വാഹനം കൊലവണ്ടികളായി മാറുന്നു. സ്വയം അപകടത്തില്‍ ചാടുക മാത്രമല്ല, നിരപരാധികളായ മറ്റ് നിരവധി മനുഷ്യജീവനുകള്‍ കൂടി ഇക്കൂട്ടര്‍ പന്താടുകയാണ്. ഈ പാവങ്ങള്‍ക്കുമുണ്ട് സ്വപ്‌നങ്ങളും ഭാവിയെക്കുറിച്ചുള്ള വര്‍ണ്ണാഭമായ പ്രതീക്ഷകളുമെന്ന് ഈ മദ്യപാനികള്‍ മറക്കരുത്.

മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്ന് ലോകം അംഗീകരിച്ചിരിക്കുന്നത് ചക്രമാണ്. ഒരു വസ്തു ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ മനുഷ്യനെ ചക്രത്തിന്റെ ഉപയോഗം ഏറെ സഹായിച്ചിക്കുന്നു എന്ന് മനസിലാക്കിയതു മുതലാണ് പുരോഗതിയുടെ കുതിച്ചുചാട്ടത്തിന് തുടക്കമായത് എന്ന വിലയിരുത്തലില്‍ നിന്നാണ് ചക്രത്തിന് ഈ ബഹുമതി ലഭിച്ചു തുടങ്ങിയത്. ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പിന്നീട് യാത്രാസൗകര്യത്തിന്റെയും അഭിമാനത്തിന്റെയും ആഡംബരത്തിന്റെയും പ്രൗഢിയുടെയുമൊക്കെ പ്രതീകമായി മാറി. ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കായി വഴികളും പൊതുയാത്രാ സൗകര്യങ്ങളുമെല്ലാം ഉണ്ടായി. എല്ലാം മനുഷ്യ നന്മയ്ക്കും ഉപകാരത്തിനും വേണ്ടിയായിരുന്നു. ഏദന്‍ തോട്ടത്തിലെ വിലക്കപ്പെട്ട കനിപോലെ ഈ സൗകര്യങ്ങള്‍ എപ്രകാരം ഉപകാരപ്പെടുത്തണമെന്നുള്ളത് ഓരോരുത്തരുടെയും തീരുമാനമാണ്. നല്ല രീതിയില്‍ റോഡും വാഹനവും ഉപയോഗിക്കുന്നവര്‍ തനിക്കും മറ്റുള്ളവര്‍ക്കും നന്മ വരുത്തുന്നു. അശ്രദ്ധയോടെ പെരുമാറുന്നവര്‍ തനിക്കും മറ്റുള്ളവര്‍ക്കും അപകടം വിളിച്ചു വരുത്തുന്നു.

ഒന്നോര്‍മിക്കണം, എടുത്താല്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്തതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ജീവനാണ്. ജീവന്‍ ദൈവദാനമാണ്. അത് നല്‍കാനും തിരിച്ചെടുക്കാനും അവകാശമുള്ളത് ദൈവത്തിനു മാത്രം. ജീവനെ അതിന്റെ എല്ലാ ഘട്ടത്തിലും വളര്‍ത്താനും പരിപാലിക്കാനും പരിപോഷിപ്പിക്കാനുമാണ് മനുഷ്യന് ഉത്തരവാദിത്തം. റോഡില്‍ വാഹനവുമായി ഇറങ്ങുന്നവരില്‍ ഏതാനുംപേര്‍ മാത്രം ശ്രദ്ധയുള്ളവരായാല്‍ പോര, എല്ലാവരും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എം1 മോട്ടോര്‍വേയിലുള്ളതുപോലെയുളള ഒരു ദുരന്തവും ഇനിമേലില്‍ കേള്‍ക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെ, ആര്‍ക്കും, ഒരിടത്തും, ഒരിക്കലും.

അകാലത്തില്‍ പൊലിഞ്ഞ സുഹൃത്തുക്കള്‍ക്ക് കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചും ദുരന്തത്തിന്റെ ബാക്കിപത്രവും പേറി കണ്ണീര്‍ക്കടലിലായിരിക്കുന്ന പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്നും ഇത്തരം ദുരന്തങ്ങള്‍ ഇനിയാര്‍ക്കും ഉണ്ടാകരുതേ എന്ന് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെയും നന്മ നിറഞ്ഞ ഒരാഴ്ച ഏവര്‍ക്കും സ്‌നേഹത്തോടെ ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് എഴുപത് വയസ് പൂര്‍ത്തിയായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മയുടെ പതാക, എഴുപത് വര്‍ഷം മുന്‍പൊരു ഓഗസ്റ്റ് പതിനാല് അര്‍ദ്ധരാത്രിയില്‍ വീണ്ടും ഭൂമിയെ തൊട്ടപ്പോള്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും ഒരു ത്രിവര്‍ണ്ണ പ്താകയുടെ രൂപത്തില്‍ മുകളിയേക്കുയര്‍ന്നു. അഭിമാനത്തോടും അവകാശത്തോടും കൂടി അതിലേയ്ക്കു നോക്കിയവരെല്ലാം സ്ഥല-മത-ജാതി-ഭാഷകള്‍ക്കതീതമായി ആ നാട്ടില്‍ ഒന്നുചേര്‍ന്നു. ഇരുനൂറു വര്‍ഷത്തിലധികം നീണ്ട വൈദേശിക ആക്രമണത്തിനുപോലും അപഹരിച്ചെടുക്കാനാവാത്തത്ര സമ്പന്നമായ ഭാരതനാട്, ചോര്‍ന്നുപോയ ശക്തി വീണ്ടെടുത്ത് ഇന്ന് ലോകശക്തികളില്‍ അതികായനായിരിക്കുന്നു. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും സിക്കുകാരനും ജൈനനും പാഴ്സിക്കുമെല്ലാം ഈ നാടിന്റെ ഹൃദയത്തിലിടമുണ്ട്. ക്രിക്കറ്റുകളി കാണുമ്പോഴും യുദ്ധം വരുമ്പോഴും മാത്രമല്ല, എന്നും തങ്ങള്‍ ഒന്നാണെന്ന് ഈ രാജ്യം ലോകത്തോടു വിളിച്ചുപറയുന്നത് മറ്റുരാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് തുടങ്ങിയതുമുതല്‍ ഈ രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. ഭൂമിയും ആകാശവും കടന്ന് ബഹിരാകാശത്തും ഇന്ത്യ സജീവ സാന്നിധ്യമാണ്. കഴിവുകളും ഭാവനകളും ആശയങ്ങളും പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയുടെ എല്ലാ ജീവിതമേഖലകളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാക്കി. മിക്ക വിദേശരാജ്യങ്ങളുടേയും ഭരണസിരാകേന്ദ്രം മുതല്‍ അടിസ്ഥാന ജോലി വിഭാഗങ്ങളില്‍ വരെ ഇന്ത്യന്‍ തലച്ചോറുകള്‍ പ്രവര്‍ത്തന നിരതമാണ്. ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന അടിസ്ഥാനത്തിലാണ് പ്രമാണം ഭാരതജനതയുടെ പ്രാര്‍ത്ഥനയും ലക്ഷ്യവുമായിരുന്നു. ‘സര്‍വ്വ ലോകത്തിനും സുഖം ഭവിക്കട്ടെ’ എന്ന ഈ പ്രാര്‍ത്ഥനയ്ക്ക് ആക്കം കൂട്ടിയതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യപ്രഖ്യാപനം.

പക്ഷേ, ഇന്ന് പുരോഗതിയുടെ പടവുകള്‍ ചവുട്ടിക്കയറുമ്പോള്‍ പലയിടത്തും സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടുന്നു. അധികാരത്തിന്റെ വലിപ്പം സ്വാതന്ത്ര്യത്തിന്റെ അളവു നിശ്ചയിക്കാന്‍ തുടങ്ങുന്നിടത്ത് മറ്റുപലരുടെയും സമാനസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ബഹുസ്വരതയാണ്, എല്ലാവരെയും ഉള്‍ക്കൊള്ളലാണ് ഭാരതത്തിന്റെ അന്തഃസത്തയും നാളിതുവരെയുള്ള പുരോഗതിയുടെ മൂലകാരണവുമെന്ന് സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ ഭാരത്തെ ഓര്‍മ്മിപ്പിച്ചു. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ ചിലര്‍ അമിതസ്വാതന്ത്ര്യമെടുക്കുമ്പോള്‍ മറ്റുപലരുടേയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ആവശ്യങ്ങളും പോലും കൂച്ചുവിലങ്ങിടപ്പെടുന്നു. വ്യക്തിത്വത്തിലും തൊഴിലിലും അഭിപ്രായങ്ങളിലും സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ 1947ല്‍ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ സമഗ്രത പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് പരക്കെയുള്ള ആക്ഷേപം ഉറപ്പിക്കുന്ന രീതിയിലാണ് ഓരോ ദിവസവും പുതിയ പുതിയ സ്ത്രീപീഡന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നമ്മുടെ മുമ്പിലെത്തിക്കുന്നത്. മറ്റു പല രംഗങ്ങളിലും ലോകരാജ്യങ്ങളുടെ മുമ്പില്‍ അസൂയാര്‍ഹമായ നേട്ടമുണ്ടാക്കുമ്പോഴും ഈ കാര്യത്തില്‍ നാണംകെട്ട് തലകുനിക്കേണ്ടി വരുന്നു. ‘എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ, അവിടെ ദേവതകള്‍ രമിക്കുന്നു’ എന്നും ‘മാതൃ ദേവോ ഭവ’ എന്നും ‘സ്ത്രീ ജന്മം പുണ്യജന്മം’ എന്നൊക്കെ പുസ്തകഭാഷയില്‍ പറയുമ്പോഴും ഇരുട്ടിക്കഴിഞ്ഞാല്‍ (ചിലപ്പോള്‍ പകല്‍ വെളിച്ചത്തിലും) ഒരാണ്‍ തുണയില്ലാതെ പുറത്തിറങ്ങി നടക്കാന്‍ നമ്മുടെ സഹോദരിമാര്‍ക്ക് കഴിയാത്ത അവസ്ഥ, ഒരു സ്ത്രീ വ്യക്തിത്വത്തെ അവളുടെ മഹിമകളോടുകൂടി അംഗീകരിക്കാനും അവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കാനുമുള്ള ബുദ്ധി വളര്‍ച്ച വരാത്ത ഒരു സമൂഹത്തിന്റെ കൂടി ചിത്രമാണ്. ഇരുട്ടുവാക്കിന്റെ മറവില്‍ ആക്രമിക്കപ്പെടുന്ന പാവം ജന്മങ്ങള്‍ മാത്രമല്ല, ലൈംലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ പോലും പല തരത്തില്‍ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുന്നു. തനിക്കുള്ളതുപോലെ, താനഗ്രഹിക്കുന്നതുപോലെയുള്ള സ്വാതന്ത്ര്യത്തിന് ബാക്കിയുള്ളവര്‍ക്കും അവകാശം ഉണ്ടെന്ന് കരുതാനുള്ള അടിസ്ഥാന, സാമാന്യ മര്യാദയിലേയ്ക്ക് നമ്മുടെ സമൂഹം ഇനിയും വളരേണ്ടിയിരിക്കുന്നു. ആ ബോധം വരാത്തവര്‍ക്ക് അതിനുള്ള മരുന്ന്, ശിക്ഷ നല്‍കപ്പെടണം, അതുകിട്ടുന്നവര്‍ക്കും കാണുന്നവര്‍ക്കും പാഠമാകുന്ന രീതിയില്‍. ഒളിക്യാമറയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനും പൊതുവഴിയില്‍ ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുമുള്ള വ്യക്തിത്വ സ്വാതന്ത്ര്യം നമ്മുടെ പെണ്‍സമൂഹത്തിന് ഇനിയും കിട്ടേതുണ്ട്. ഒരു സ്ത്രീയെ ഒറ്റയ്ക്ക് കാണുന്ന അവസരം അവളെ ആക്രമിക്കാനുള്ള അവസരമായല്ല, അവളെ സംരക്ഷിക്കാനുള്ള കടമയായി ഓരോരുത്തരും മനസിലാക്കുന്ന ഔന്നത്യത്തിലേയ്ക്ക് വളരണം.

ജോലി സ്വാതന്ത്ര്യം തത്തുല്യമായ കൂലി സ്വാതന്ത്ര്യവും ഈ നാളുകളില്‍ വന്‍ ചര്‍ച്ചാവിഷയമായി. നേഴ്സ് സഹോദരങ്ങളുടെ വേതന വ്യവസ്ഥയിലെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടുവരുന്നു. ചെയ്യുന്ന ജോലിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് വ്യക്തികള്‍ ബഹുമാനിക്കപ്പെടുന്ന കാലം പണ്ടേ മാറേണ്ടിയിരിക്കുന്നു. മാന്യമായ എല്ലാ ജോലി മേഖലകളും ബഹുമാനിക്കപ്പെടേണ്ടതു തന്നെയാണ്. രജനികാന്ത് നായകനായ ‘ചന്ദ്രമുഖി’ എന്ന തമിഴ് സിനിമയിലെ ‘ദേവൂഡ ദേവൂഡ’ എന്നാരംഭിക്കുന്ന ഹിറ്റ് ഗാനത്തിലെ വരികള്‍ പോലെ, ‘മുടിവെട്ടുന്ന തൊഴില്‍ ചെയ്യുന്നവര്‍ ഇല്ലെങ്കില്‍ നമുക്കെല്ലാം എന്ത് അഴകാണുള്ളത്? നദിയിലെ വെള്ളത്തില്‍ നിന്ന് തുണി കഴുകുന്നവര്‍ ഇല്ലെങ്കില്‍ നമ്മുടെ അഴുക്കുകള്‍ പോകുമോ? എന്തു തൊഴില്‍ ചെയതാലും അത് ദൈവത്തിനു ചേര്‍ന്ന തൊഴിലാണെങ്കില്‍ അതു നല്ലതുതന്നെ”. മറ്റുള്ളവരുടെ അദ്ധ്വാനഫലത്തിന്റെ പങ്കുപറ്റി ക്രിയാത്മകമായ ഉത്തരവാദിത്തങ്ങളിലൊന്നും ഏര്‍പ്പെടാതെ ഇത്തിള്‍ക്കണ്ണികളായും ചുറ്റുമുള്ളവരുടെ ചോരയൂറ്റിക്കുടിച്ചു ജീവിക്കുന്ന മൂട്ടകളായും കഴിയുന്നവര്‍ സ്വയം ചിന്തിക്കട്ടെ. എല്ലാത്തരം തൊഴിലുകളും ബഹുമാനിക്കപ്പെടാനും തൊഴില്‍ ചെയ്യുന്നവരുടെ അവതാശങ്ങളെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കപ്പെടാനും ഇവിടെ നിയമമുണ്ടാവണം. നോക്കി നില്‍ക്കുന്നതിനു പോലും കൂലി കൊടുക്കേണ്ടിവരുന്ന നാട്ടില്‍ തൊഴില്‍ സ്വാതന്ത്ര്യം പുനര്‍ നിര്‍ണ്ണയിക്കേണ്ടതുണ്ട്.

മതസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴും മാധ്യമസ്വാതന്ത്ര്യം അതിരുവിട്ട് വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നുകയറുമ്പോഴും കൊടുക്കുന്ന പണത്തിന് തുല്യമായ മൂല്യമുള്ള വസ്തു കിട്ടാതിരിക്കുമ്പോഴും വ്യാപാര ഇടപാടുകളില്‍ സത്യസന്ധത നഷ്ടപ്പെടുമ്പോഴുമൊക്കെ സ്വാതന്ത്ര്യത്തിന്റെ വിവിധ മാനങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. മെഴുകില്‍ പൊതിഞ്ഞ ആപ്പിള്‍ മേടിക്കേണ്ടി വരുന്നവര്‍ക്കുമൊക്കെ നല്ലതും ശുദ്ധമായത് കിട്ടാനുള്ള സ്വാതന്ത്ര്യവും അവകാശവും ഹനിക്കപ്പെടുകയാണ്. കര്‍ക്കശമായ നിയമവ്യവസ്ഥയുടെ പാലനത്തിലൂടെയും സാമ്പത്തിക രംഗത്തെ സുതാര്യത പ്രാവര്‍ത്തികമാക്കുന്നതിലൂടെയും ഇന്ത്യയിലെ എല്ലാ ജനങ്ങളെയും മനസില്‍ കണ്ട് അവരുടെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി രൂപം കൊടുക്കുന്ന പദ്ധതികളിലൂടെയും മാത്രമേ സമഗ്രമായ രാഷ്ട്ര വളര്‍ച്ചയും സ്വാതന്ത്ര്യത്തിന്റെ, ഉത്തരവാദിത്വപൂര്‍ണമായ സ്വാതന്ത്ര്യത്തിന്റെ ഫലപ്രാപ്തിയും സാധ്യമാകൂ. എന്നാല്‍ ഈ സാമൂഹിക-രാഷ്ട്രീയ സ്വാതന്ത്ര്യം ഉത്ഭവിക്കുന്നതാകട്ടെ ഓരോ വ്യക്തികളുടെ മനസിലും.

താന്‍ അനുഭവിക്കുന്ന ആത്മീയ -മാനസിക സ്വാതന്ത്ര്യമാണ് ഒരാള്‍ സമൂഹത്തിലേയ്ക്ക് പടുത്തുയര്‍ത്തുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ മനസിലും ആത്മാവിലും അരക്ഷിതത്വവും പാരതന്ത്ര്യവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും മാനിക്കാന്‍ മടിക്കുന്നത്. രാഷ്ട്രീയമായോ, വ്യക്തിപരമായോ, ശാരീരികമായോ, മാനസികമായോ മറ്റേതെങ്കിലും രീതിയിലോ ഇന്നു പലരും എന്തിന്റെയെങ്കിലുമൊക്കെ അടിമകളാണ്. മദ്യത്തിന്റെ, മയക്കുമരുന്നിന്റെ, സുഖഭോഗങ്ങളുടെ അങ്ങനെ പലരും ഭൗതികമായി നമ്മെ നിയന്ത്രിക്കുന്ന പലതിലൂടെയും കടന്നുപോകേണ്ടി വന്നാലും മനസിന്റെ സ്വാതന്ത്ര്യം ആര്‍ക്കും ഒന്നിനും അടിയറ വയ്ക്കാതിരിക്കുന്നത്രേത സര്‍വ്വപ്രധാനം. ‘കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല’ എന്ന പ്രഖ്യാപനമൊക്കെ ഈ കീഴടങ്ങാത്ത മനസിന്റെ തെളിവാണ്.

ആഗസ്റ്റ് 15-ന് തന്നെ പരി. മറിയത്തിന്റെ സ്വാര്‍ഗ്ഗാരോപണ തിരുനാളിന്റെ പ്രസക്തിയും ഇതുതന്നെയാണ്. ജീവിതത്തിന്റെ വര്‍ണനാതീതമായ പല ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയപ്പോഴും ദൈവത്തിനു മാത്രമായി സമര്‍പ്പിച്ച ജീവിതവും മനസും ആത്മാവും മറ്റൊന്നിനും സമര്‍പ്പിക്കാതിരുന്നതാണ് മറിയത്തിന്റെ ആത്മീയ സ്വാതന്ത്ര്യമായി നാം മനസിലാക്കുന്നത്. മറ്റൊരു തരത്തില്‍, ദൈവത്തിനു സ്വയം സമര്‍പ്പിച്ചവരെ, മറ്റൊന്നിനും അടിമകളാക്കാന്‍ സാധിക്കില്ല എന്നു സാരം.

ആത്മീയ സ്വാതന്ത്ര്യത്തിന്റെ മാതൃകയും പ്രഘോഷകവുമായ പരി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന്റെയും സപ്തതി പൂര്‍ത്തിയാക്കിയ ഭാരത സ്വാതന്ത്ര്യത്തിന്റെയും പ്രാര്‍ത്ഥനാപൂര്‍ണമായ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. ഈ ‘രണ്ട് അമ്മമാര്‍’ നല്‍കുന്ന മാതൃകയും സ്നേഹവും ഇരട്ടി മധുരമായി എന്നും മനസിലും ജീവിതത്തിലും പ്രചോദനമാവട്ടെ എന്ന ആശംസയോടെ നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബംഗളൂരുവിലെ ഒരു ആശുപത്രിയില്‍ ഒരു അപൂര്‍വ്വ ശസ്ത്രക്രിയ കഴിഞ്ഞ ആഴ്ചയില്‍ നടന്നു. ഡോക്ടര്‍മാര്‍ ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ കിടന്ന രോഗി ഗിത്താര്‍ വായിച്ചു! തമാശയ്ക്ക് വേണ്ടിയോ അപൂര്‍വ്വ കാര്യങ്ങള്‍ ചെയ്ത് ഗിന്നസ് ബുക്കില്‍ കയറുന്നതിനുവേണ്ടിയോ ആയിരുന്നില്ല അത്, മറിച്ച് ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു. ഗിത്താറിസ്റ്റായ തുഷാറിന് (യഥാര്‍ത്ഥ പേരല്ല) എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗമായ ‘ഡിസ്റ്റോണിയ’ പിടിപെട്ടതിനെ തുടര്‍ന്ന് ഇടതുകയ്യിലെ മൂന്ന് വിരലുകള്‍ ചലിക്കാത്ത സ്ഥിതിയിലായിരുന്നു. ഈ രോഗം ഭേദമാക്കാനാണ് തലച്ചോര്‍ തുരന്ന് ഓപ്പറേഷന്‍ നടത്തിയത്. കൈവിരലുകള്‍ ചലിപ്പിക്കുമ്പോള്‍ തലച്ചോറിലെ ഏതു ഭാഗത്താണ് പ്രശ്നമെന്നു മനസിലാക്കുന്നതിനുവേണ്ടിയാണ് ശസ്ത്രക്രിയാ ടേബിളില്‍ തുഷാറിനെക്കൊണ്ട് ഡോക്ടര്‍മാര്‍ ഗിത്താര്‍ വായിപ്പിച്ചത്. ഗിത്താര്‍ വായിക്കുമ്പോഴാണ് ഈ പ്രശ്നം അനുഭവപ്പെട്ടിരുന്നത് എന്നതിനാല്‍ ഓപ്പറേഷന്റെ പുരോഗതി അപ്പപ്പോള്‍ അറിയുന്നതിനുവേണ്ടിയാണ് രോഗിയെക്കൊണ്ട് ഓപ്പറേഷനിടയില്‍ത്തന്നെ ഗിത്താര്‍ വായിപ്പിച്ചതെന്ന് യൂണിവേഴ്സിറ്റ് ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് സി. സി. സജ്ജീവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇത്തരമൊരു ഓപ്പറേഷന് മാത്രമല്ല, മറ്റേതൊരു അസുഖവുമായി ആശുപത്രിയില്‍ ചെന്നാലും ഡോക്ടര്‍മാര്‍ രോഗിയെ വിശദമായി പരിശോധിച്ച് രോഗകാരണം കണ്ടെത്താന്‍ പരിശ്രമിക്കും. കാരണം പ്രധാനമായും രോഗിക്ക് എന്നതിനേക്കാള്‍ രോഗത്തിനാണ് ചികിത്സ വേണ്ടത്. പുറമേ കാണുന്ന ഏതാനും ലക്ഷണങ്ങള്‍ വച്ചോ രോഗിയുടെ ജീവിത സാഹചര്യം മനസിലാക്കിയതു കൊണ്ടു മാത്രമോ രോഗമെന്താണെന്നു ശരിയായി, കൃത്യമായി മനസിലാക്കണമെന്നില്ല. ആധുനിക വിദഗ്ധ പരിശോധനകള്‍ യഥാര്‍ത്ഥ രോഗകാരണം കാട്ടിത്തരുമ്പോള്‍, സംശയങ്ങള്‍ക്കിടയില്ലാതെ യഥാര്‍ത്ഥ രോഗകാരണവും രോഗവും രോഗവും കണ്ടെത്തി അതിനു ചികിത്സ ചെയ്യാനും രോഗിയെ സുഖപ്പെടുത്താനും കഴിയും.

ഓപ്പറേഷനും ചികിത്സയ്ക്കും മാത്രമല്ല, ഏതുകാര്യത്തിലും ഇത്തരമൊരു സമീപനമാണ് ശരി. നമ്മുടെ ബന്ധങ്ങളും സൗഹൃദങ്ങളും പലപ്പോഴും നഷ്ടപ്പെടുന്നതിനും മുറിഞ്ഞുപോകുന്നതിനും കാരണം അപൂര്‍ണമായ ചില അറിവുകളില്‍ നിന്നും തോന്നലുകളില്‍ നിന്നും മറ്റുള്ളവരെ മനസിലാക്കാനോ വിധിക്കാനോ ഇടയാകുന്നതുകൊണ്ടാണ്. ചിലപ്പോള്‍, പറഞ്ഞുകേള്‍ക്കുന്നതോ സാഹചര്യങ്ങള്‍ വച്ച് ഊഹിച്ചെടുക്കുന്നതോ മാത്രമാണ് ശരിയെന്നു ധരിച്ചുവശായാല്‍ പിന്നീട് മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും അതിനനുസരിച്ചായിരിക്കും. ഓരോ മനുഷ്യനും സംസാരിക്കുന്നതിനും പെരുമാറുന്നതിനും ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും പിന്നില്‍ അവരുടെ പ്രത്യേക ജീവിത സാഹചര്യങ്ങളും സ്വാധീനമുണ്ടായിരിക്കും. ഓരോരുത്തരുടേയും പെരുമാറ്റത്തെയും സംസാസ ശൈലിയെയും പൂര്‍ണമായി വിലയിരുത്തി അവരെ പൂര്‍ണമായി മനസിലാക്കണമെങ്കില്‍ ഈ പശ്ചാത്തല സാഹചര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.

ഇപ്രകാരം മറ്റുള്ളവരെ മനസിലാക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. അതുകൊണ്ടുതന്നെ നമുക്ക് മറ്റുള്ളവരെ മനസിലാക്കുന്നിടത്ത് തെറ്റിപ്പോകുന്നു. കണ്‍മുമ്പില്‍ കാണുന്നതനുസരിച്ച് ഒരാളെ നാം വിലയിരുത്തുന്നതാണ് ഏറ്റവും വലിയ അപകടം. അന്ധരായി പിറന്നവര്‍ക്ക് ലോകത്തിന്റെ സൗന്ദര്യങ്ങളും സൗഭാഗ്യങ്ങളുമൊന്നും കാണാന്‍ പറ്റില്ലെങ്കിലും അവര്‍ ഒരു കാര്യത്തില്‍ അനുഗ്രഹീതരാണ്, കണ്‍മുമ്പിലെ കാഴ്ചയ്ക്കനുസരിച്ച് അവര്‍ക്ക് ആരെയും വിധിക്കേണ്ടി വരുന്നില്ല. മറിച്ച് അവര്‍ ആളുകളെ മനസിലാക്കുന്നത് മറ്റുള്ളവര്‍ അവരോട് പെരുമാറുന്നതിനനുസരിച്ചാണ്. കടല്‍ത്തീരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന, ഭ്രാന്തിയെപ്പോലെ തോന്നിപ്പിച്ചിരുന്ന വൃദ്ധയായ ഒരു സ്ത്രീയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. അവരുടെ രൂപവും തനിയെ സംസാരിക്കുന്ന പ്രകൃതവുമൊക്കെ കണ്ടിരുന്ന ആളുകള്‍, കുട്ടികള്‍ അവരുടെ അടുത്തേയ്ക്ക് പോകുന്നത് വിലക്കിയിരുന്നു. ‘പലപ്പോഴും കടല്‍ത്തീരത്തു കൂടി അലഞ്ഞുനടന്ന് തീരത്തുനിന്ന് എന്തൊക്കെയോ പെറുക്കിയെടുത്ത് അവരുടെ തോളിലെ സഞ്ചിയില്‍ ഇടുന്നതു കാണാമായിരുന്നു. ആരെങ്കിലും ഭയം തോന്നി ദാനമായി കൊടുത്തിരുന്ന ഭക്ഷണം കഴിച്ചാണവര്‍ ജീവിച്ചിരുന്നത്. ഒരു ദിവസം ആ കടല്‍ത്തീരത്തുതന്നെ അവര്‍ മരിച്ചുകിടക്കുന്നതാണ് ആളുകള്‍ കണ്ടത്. അടുത്ത് ചെന്ന് കടല്‍ത്തീരത്ത് നിന്ന് അവരെ എടുത്തുമാറ്റുമ്പോള്‍ അവരുടെ തോളിലെ സഞ്ചി ആളുകളുടെ ശ്രദ്ധയില്‍ പെട്ടു. അതുപരിശോധിച്ചപ്പോള്‍ അതില്‍ മുഴുവന്‍ കുപ്പിച്ചിലുകളായിരുന്നു. കടല്‍ത്തീരത്ത് ഓടി നടക്കുന്ന കുഞ്ഞുങ്ങളുടെ കാലില്‍ കയറാതിരിക്കാന്‍ കുപ്പിച്ചില്ലുകള്‍ പെറുക്കി മാറ്റുന്നത് ജീവിതവ്രതമായി കരുതിയിരുന്നവള്‍. പക്ഷേ, അവരുടെ പെരുമാറ്റവും കണ്ട ആളുകള്‍ അവളെ മനസിലാക്കിയത് ഒരു ഭ്രാന്തിയായും.

”വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങള്‍ ആരെയും വിധിക്കരുത് (മത്തായി 7:1) എന്ന് ഈശോ പഠിപ്പിക്കുന്നു. നമ്മുടെ വിധി അപൂര്‍ണമാവാന്‍ കാരണം നമ്മള്‍ വിധിക്കുന്ന ആളിന്റെ മനസും പശ്ചാത്തലവും നമുക്കറിയില്ല എന്നതുകൊണ്ടുതന്നെ. ഒരാളുടെ അകവും പുറവും കാണുന്നവന്‍ ദൈവം മാത്രം. അതുകൊണ്ട് കാര്യവും കാരണങ്ങളും അകവും പുറവും നന്നായറിഞ്ഞ് വിധിക്കാന്‍ സാധിക്കുന്നത് ദൈവത്തിനുമാത്രം. വേണ്ടത്ര ആലോചനയില്ലാതെ കാര്യങ്ങള്‍ക്ക് ഉടനടി പ്രതികരിക്കുന്നവര്‍ സ്വയം കുഴിതോണ്ടുന്നവരാകും. ഇക്കാലത്ത് ജീവിച്ചിരിക്കെത്തന്നെ സ്വന്തം മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നവര്‍ നിരവധി. ആരെങ്കിലും പോസ്റ്റു ചെയ്യുന്ന ഒരു വാട്സാപ്പ് മെസേജ് കൃത്യമായ അറിവും ഉറപ്പുമില്ലാതെ മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്ന എടുത്തുചാട്ടം കാണിക്കുന്നവര്‍ പിന്നീട് പഴികേള്‍ക്കേണ്ടി വരുന്നു. കൊച്ചുകുട്ടികള്‍ തമ്മില്‍ ചെറിയ വഴക്കു കൂടുമ്പോള്‍ കാരണമറിയാതെ അതേറ്റു പിടിച്ച് വലിയ വഴക്കുകളിലേയ്ക്ക് പോകുന്ന അയല്‍ക്കാര്‍ ഏതാനു മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും സ്നേഹത്തോടെ കളിക്കുകയും കൂട്ടുകൂടുകയും ചെയ്യുന്ന അതേ കുട്ടികളെത്തന്നെ കണ്ട് ഇളിഭ്യരാകും.

എങ്ങനെ ഈ പ്രശ്നങ്ങളെ ഒഴിവാക്കാം? മുന്‍വിധികള്‍ ഇല്ലാത്ത മനസുമായി മറ്റുള്ളവരെ കാണുക എന്നതുതന്നെയാണ് ഒന്നാമത്തെ കാര്യം. ‘മഞ്ഞപ്പിത്തമുള്ളവന്‍ എല്ലാം മഞ്ഞയായേ കാണൂ’ എന്ന പഴമൊഴി നമ്മുടെ ഓര്‍മ്മയിലിരിക്കട്ടെ. തെറ്റായ അറിവുകളില്‍ നിന്നും സ്വന്തം ഭാവനകളില്‍ നിന്നും ഊഹങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന കാഴ്ചപ്പാടുകള്‍ ഒരാളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കുന്നതില്‍ നിന്നു നമ്മെ തടയും. തുറന്ന മനസോടെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും അവരുടെ സാഹചര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ കാര്യം. ‘അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്’ എന്ന ബൈബിള്‍ വചനത്തിന്റെ അതുതന്നെ. സംസാരത്തിലും പെരുമാറ്റത്തിലുമുള്ള എടുത്തുചാട്ടത്തിന്റെ മനോഭാവം മാറ്റുക എന്നതാണ് മൂന്നാമത്തെ കാര്യം. കേള്‍ക്കുന്നതിനു മുമ്പ് മറുപടി പറയാനും ചോദിച്ചറിയുന്നതിനു മുമ്പ് പ്രതികരിക്കാനും തുടങ്ങുന്നത് ശരിയായ രീതിയല്ല. ‘We listen to respond, not to understand’ എന്നുപറയാറുണ്ട്.

ഇക്കാര്യത്തില്‍ മനുഷ്യരായ നമുക്ക് വ്യക്തമായ മാതൃക തരാാനായി, ഒരു പ്രശ്നത്തില്‍ ഇടപെടുന്നതിന് മുമ്പ് അതിനെക്കുറിച്ച് എത്ര വ്യക്തമായി മനസിലാക്കണമെന്നു നമ്മെ പഠിപ്പിക്കാനായി അപസ്മാര രോഗിയായ പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നതിനു മുമ്പ് ഈശോ അവന്റെ പിതാവിനോട് അവന്റെ അസുഖവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നു (മര്‍ക്കോസ് 9: 21-25) ഒരു ഡോക്ടര്‍ വിശദമായ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതുപോലെ! അതുകൊണ്ട് ഈശോ ഓര്‍മ്മിപ്പിച്ചു: ”പുറമേ കാണുന്നതിനനുസരിച്ച് വിധിക്കാതെ, നീതിയായ വിധിക്കുവിന്‍” (യോഹന്നാന്‍ 7:24). ഭാരതീയ സന്ന്യാസിയുടെ രീതിയില്‍ വസ്ത്രം ധരിച്ച സ്വാമി വിവേകാനന്ദനോട് ഒരിക്കല്‍ ഒരു വിദേശി ചോദിച്ചു; ‘പാന്റ്‌സും ഷര്‍ട്ടും ടൈയുമൊക്കെ ധരിച്ച് എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരു മാന്യനെപ്പോലെ നടന്നുകൂടാ?’ സ്വാമി വിവേകാനന്ദന്‍ മറുപടി പറഞ്ഞു; ”നിങ്ങളുടെ സംസ്‌കാരത്തില്‍ തയ്യല്‍ക്കാരനാണ് നിങ്ങളെ മാന്യനാക്കുന്നതെങ്കില്‍ ഞങ്ങളുടെ സംസ്‌കാരത്തില്‍ ഒരാളുടെ സ്വഭാവമാണ് അയാളെ മാന്യനാക്കുന്നത്. ”

പുറമേ കാണുന്നതിനനുസരിച്ച് മുന്‍വിധികളോടെ ആരെയും വിധിക്കാതിരിക്കാനും ഓരോ കാര്യത്തിന്റെയും പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളെ സമചിത്തതയോടെ മനസിലാക്കാനും പ്രശ്നങ്ങളെ ശാന്തമായും സൗമ്യമായും പരിഹരിക്കാനും നമുക്കാവട്ടെ. നന്മനിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനാപൂര്‍വം ആശംസിക്കുന്നു. ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

യഥാര്‍ത്ഥ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലായിരിക്കാം. എന്നാല്‍ ഭൂമിയിലെ കുറേ മാലാഖമാര്‍ സമരത്തിലാണ്. വെള്ളയുടുപ്പിട്ട് മാലാഖമാരെപ്പോലെ ഓടി നടന്ന് ജീവന്‍രക്ഷാ ജോലി ചെയ്യേണ്ടവര്‍ക്ക് തെരുവിലേയ്ക്കിറങ്ങേണ്ടി വന്നിരിക്കുന്നു. ജീവിതം ദുരിതപൂര്‍ണമായ നരകത്തിലേയ്ക്ക് പോകാതിരിക്കാന്‍ ജോലിയില്‍ സദാസമയം പുഞ്ചിരിക്കുന്ന സൗമ്യഭാവം വിട്ട് രോഷത്തിന്റെയും ആവലാതിയുടെയും അവകാശവാദങ്ങളുടെയും മുഖഭാവങ്ങള്‍ അവര്‍ക്ക് അണിയേണ്ടി വന്നിരിക്കുന്നു. പ്രത്യേക പഠനമോ പരിശീലനമോ ആവശ്യമില്ലാത്ത മറ്റുപല ജോലികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്ന വേതനം പോലും ബാങ്കില്‍ നിന്നും മറ്റുപല സ്ഥലങ്ങളില്‍ നിന്നും ലോണെടുത്ത് പഠിച്ചും നിരവധി പരീക്ഷാ കടമ്പകള്‍ കടന്നും ആതുരശുശ്രൂഷയുടെ അംബാസഡര്‍മാരാകുന്ന ഈ പാവം നഴ്‌സ് സഹോദരീ- സഹോദരന്മാര്‍ക്ക് കിട്ടുന്നില്ല എന്നത് നിയമത്തിന്റെയോ നീതിയുടെയോ മാത്രം മുന്നിലുള്ള ചോദ്യമല്ല, മനഃസാക്ഷിയുടെ മുന്നിലുള്ള ചോദ്യം കൂടിയാണ്. രാജ്യത്തിന്റെ മനഃസാക്ഷിയായ സുപ്രീംകോടതി നിയതമായ ഒരു അടിസ്ഥാന വേതനത്തെക്കുറിച്ച് പറയുകയും കൂടി ചെയ്തിടത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ ഒന്നും അമാന്തിച്ചുകൂടാ.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖമാര്‍ക്കും രക്ഷയില്ലാതായി വരുമ്പോള്‍ എന്തേ ഈ സേവനരംഗം വിലമതിക്കപ്പെടുന്നില്ല എന്ന ചോദ്യമുയരുന്നുണ്ട്. മാന്യമായ എല്ലാ ജോലികള്‍ക്കും അതിന്റേതായ അന്തസുണ്ട്. വിവിധങ്ങളായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവര്‍ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനും മുമ്പോട്ടുള്ള പോക്കിനും അത്യാവശ്യവുമാണ്. എങ്കിലും ചെയ്യുന്ന ജോലിയുടെ സ്വഭാവം പരിഗണിച്ച് ചില ജോലി മേഖലകള്‍ സവിശേഷമായിക്കണ്ടേ പറ്റൂ. അത്തരത്തിലൊന്നാണ് മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലി രം ുഗങ്ങള്‍: ആതുരശുശ്രൂഷകര്‍, അഗ്നിശമന പ്രവര്‍ത്തകര്‍, ക്രമസമാധാനപാലകര്‍, ഭക്ഷ്യവിതരണക്കാര്‍ തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍പെടുന്നവരാണ്. ജീവന്‍ നിലനിര്‍ത്താനും അടിസ്ഥാന ആരോഗ്യ കാര്യത്തിലും മാറ്റി നിര്‍ത്താനാവാത്ത വിഭാഗമായ ആതുരശുശ്രൂഷകര്‍ ഈ നിരയിലും ഒന്നാമതായി പരിഗണിക്കപ്പെടേണ്ടവരാണ്. കാര്യം കണ്ട് കഴിയുമ്പോള്‍ അതുനേടിയെടുക്കാന്‍ സഹായിച്ചവരെ മറക്കുന്ന ശൈലിയുള്ള നമ്മുടെ പൊതു സമൂഹത്തിന്റെ മനസിനാണ് മാറ്റം വരേണ്ടത്. ആതുര ശുശ്രൂഷാരംഗം സമൂഹ മനഃസാക്ഷിയെ ചോദ്യം ചെയ്യുമ്പോള്‍ ഈ സേവനമേഖലയുടെ മഹത്വത്തെക്കുറിച്ച് ചില ചിന്തകള്‍.

നഴ്‌സിംഗ് രംഗം സമൂഹത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഏറ്റവും മുഖ്യധാരയില്‍ വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അത് ഏറ്റവും അത്യാവശ്യ സമയത്ത് നമ്മെ സഹായിക്കുന്നവരാണ് അവര്‍ എന്നുള്ളതുകൊണ്ടാണ്. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്ന് പറയാറുണ്ടല്ലോ. ആരോഗ്യത്തോടെ ജോലി ചെയ്ത് ഓടി നടക്കുമ്പോഴല്ലാ, ഒരസുഖം ബാധിച്ച് കിടപ്പിലാകുമ്പോഴാണ് ഈ ഏറ്റവും വലിയ സമ്പത്തിന്റെ കാര്യം പലരും ഓര്‍മ്മിക്കുന്നത്. ലോകത്തില്‍ നേടി വച്ചിരിക്കുന്ന സമ്പത്തുകളെല്ലാം വൃഥാവിലാകും, അതാസ്വദിക്കാനായി ആരോഗ്യമുള്ള ഒരു മനസും ശരീരവും ഇല്ലാതെ വന്നാല്‍. ജീവിതത്തിന്റെ സൗഭാഗ്യങ്ങളെല്ലാം ഒരസുഖത്തിന്റെ രൂപത്തില്‍ നമ്മില്‍ നിന്ന് നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് വീട്ടുകാരെപ്പോലെ കൂടെ നിന്ന് ജീവിതത്തിലേയ്ക്കും അതിന്റെ സന്തോഷങ്ങളിലേയ്ക്കും ഓരോ രോഗിയേയും കൈപിടിച്ചു തിരിച്ചുകൊണ്ടുവരുന്ന കാവല്‍ മലാഖമാരാണ് നഴ്‌സുമാര്‍. രോഗക്കിടയ്ക്കക്കരികെ നിന്ന് സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും ചെയ്യാനാവാത്ത, ചിലപ്പോഴെങ്കിലും ചെയ്യാനറയ്ക്കുന്ന കാര്യങ്ങളെ സൗമ്യമായും ശാന്തമായും ചെയ്യുന്ന നഴ്‌സ് സഹോദരങ്ങള്‍ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ സഹായിക്കുവാനായി ദൈവം അയക്കുന്ന മാലാഖമാര്‍ തന്നെയാണ്!

ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കാന്‍ ആതുരശുശ്രൂഷകര്‍ക്ക് സാധിക്കുന്നത് അവര്‍ ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരാണ് എന്നുള്ളതുകൊണ്ട്. മറ്റു പല ജോലികളും സാമര്‍ത്ഥ്യത്തോടെ ചെയ്യാന്‍ ബുദ്ധിയും കഴിവുകളും സിദ്ധികളും പരിശീലനം സിദ്ധിച്ച കരങ്ങളും മതിയാകുമ്പോള്‍ ആതുര ശുശ്രൂഷാരംഗത്തെ ജോലികളുടെ പിന്നിലെ പ്രധാന ചാലകശക്തി സ്‌നേഹവും കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയമാണ്. ഒന്നുകില്‍ ഒരു ലോംഗ് ഡേയോ അല്ലെങ്കില്‍ ഒരു നൈറ്റ് ഡ്യൂട്ടിയോ മുഴുവന്‍ സമയവും അടങ്ങിയിരിക്കാതെ ഓടിനടക്കുന്ന നഴ്‌സുമാരെ കാണാം. ഒരാശുപത്രിയില്‍ ചെന്നാല്‍ ആശുപത്രിയിലെ എല്ലായിടത്തും വാര്‍ഡിലും റൂമിലും തീയേറ്ററിലും ഇടനാഴിയിലും ഫാര്‍മസിയിലുമെല്ലാം അവരുടെ സാന്നിധ്യമുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും ശുദ്ധരക്തമെത്തിക്കുന്ന ഞരമ്പുകള്‍ പോലെ. ഞരമ്പുകള്‍ മുറിഞ്ഞാലോ ബ്ലോക്ക് ആാലോ അപകടമാണ്. സാക്ഷര കേരളത്തിന്റെ നാഡീ ഞരമ്പുകള്‍ ഇന്നു തെരുവിലാണ്. അവര്‍ വെയിലും മഴയും കൊണ്ട് അവിടെ നില്‍ക്കേണ്ടവരല്ല, ജോലിയുപേക്ഷിച്ച് അവര്‍ വഴിയില്‍ നില്‍ക്കുന്നത് ആരോഗ്യ കേരളത്തിന് ആപത്തും സാക്ഷര കേരളത്തിന് മാനക്കേടുമാണ്. ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരുടെ ന്യായമായ ആവശ്യങ്ങളെ ഹൃദയപൂര്‍വ്വം മനസിലാക്കാനുള്ള ഹൃദയവിശാലത അധികാരികള്‍ക്കുണ്ടാവണം.

സാധാരണയായി സങ്കടങ്ങളും വേദനയും നിരാശയുമാണ് ആശുപത്രി അന്തരീക്ഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഷോപ്പിംഗ് മാളിലും പാര്‍ക്കുകളിലും ഭക്ഷണശാലകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെല്ലാം ആര്‍പ്പുവിളിയും ചിരിയൊച്ചകളും ഉല്ലാസങ്ങളും നിറയുമ്പോള്‍, ശോകവും കരച്ചിലുകളും മൂകതയും നിരാശയുമൊക്കെയാണ്. ഈ മാലാഖമാര്‍ ജീവിതത്തിന്റെ വലിയൊരുഭാഗം എന്നും കണ്ടുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും അസുഖത്താല്‍ ഒരാഴ്ച ആശുപത്രി അന്തരീക്ഷത്തില്‍ കഴിയേണ്ടി വരുമ്പോഴേയ്ക്കും നമ്മില്‍ പലരും മടുക്കും. എന്നാല്‍ മടുപ്പും ക്ഷീണവുമറിയാതെ, (ഇല്ലാത്തതുകൊണ്ടല്ല, അതേക്കുറിച്ചോര്‍ത്ത് കൊണ്ടിരിക്കാന്‍ സമയമില്ലാത്തതിനാല്‍) തങ്ങളുടെ കര്‍മ്മരംഗത്ത് വ്യാപൃതരാകുന്ന ഈ നഴ്‌സുമാര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. 1987-ല്‍ ലോകം മാറ്റിമറിച്ച ചിത്രമായി നാഷണല്‍ ജിയോഗ്രഫിക് തിരഞ്ഞെടുത്ത ചിത്രം, 23 മണിക്കൂര്‍ നീണ്ട ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന് നേതൃത്വം നല്‍കിയ Dr. Zbigniew Religa ഓപ്പറേഷന്‍ ടേബിളിനു സമീപമിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ രോഗിയുടെ ആദ്യ ഹൃദയമിടിപ്പിനുവേണ്ടി നോക്കിയിരിക്കുമ്പോള്‍ ഓപ്പറേഷന് സഹായിച്ച നഴ്‌സ് തീയറ്ററിന്റെ മൂലയ്ക്ക് ചാരിയിരുന്ന് തളര്‍ന്നുറങ്ങുന്ന ചിത്രമാണ്. സങ്കടങ്ങളിലും വിഷമങ്ങളും മാത്രം ചുറ്റും കാണുന്ന ഒരന്തരീക്ഷത്തില്‍ ഒരു പകല്‍ മുഴുവനുമോ രാത്രി മുഴുവനുമോ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ ശമ്പളം തീര്‍ത്തും അര്‍ഹമാണ്. സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അവര്‍ക്കും മാന്യമായ വേതനം കൂടിയേ തീരൂ, അതവരുടെ അവകാശവുമാണ്.

ആതൂരശുശ്രൂഷാരംഗത്ത് ജോലി ചെയ്യുന്നവര്‍ ദൈവത്തിന്റെ സൗഖ്യ ശുശ്രൂഷയില്‍ പ്രത്യക്ഷമായി പങ്കാളികളാകുന്നവരാണ്. രോഗിയായ ഒരു മനുഷ്യനെ ദൈവം സുഖപ്പെടുത്തുന്നത് മരുന്നുകളിലൂടെയും വിദഗ്ധരായ ഡോക്ടര്‍മാരുടെയും വൈദഗ്ധ്യത്തിലൂടെയുമാണ്. തന്റെ മുമ്പില്‍ നിന്ന അന്ധനായ മനുഷ്യനെ സുഖപ്പെടുത്താനായി നിലത്ത് മണ്ണില്‍ തുപ്പല്‍ കൊണ്ട് ചെളിയുണ്ടാക്കി അന്ധന്റെ കണ്ണുകളില്‍ പുരട്ടി സീലോഹാ കുളത്തില്‍ കഴുകി കാഴ്ച നേടാന്‍ ഈശോ പറഞ്ഞു. (യോഹന്നാന്‍ 9: 6-7). ഉമിനീര് ഔഷധമാണെന്ന അക്കാലത്തെ ജനങ്ങളുടെ വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് മണ്ണില്‍ നിന്നു മനുഷ്യനെ പൂര്‍ണനായി ദൈവം മെനഞ്ഞെടുത്തു എന്നു കാണിക്കാന്‍ ഉമിനീരിനൊപ്പം പൊടിമണ്ണ് ചേര്‍ത്ത്, മാമോദീസാജലം വിശ്വാസത്തിന്റെ അന്ധതയെ മാറ്റുന്നു എന്ന് ലോകത്തെ പഠിപ്പിക്കാന്‍ സീലോഹാ കുളത്തില്‍ കഴുകാന്‍ പറഞ്ഞ്, ഈശോ മരുന്നുകളുടെ സിദ്ധിയിലൂടെ ദൈവം തന്നെയാണ് രോഗിയില്‍ സൗഖ്യം തരുന്നതെന്ന് ലോകത്തെ പഠിപ്പിച്ചു. വിദഗ്ധനായ ഒരു ഡോക്ടര്‍ തന്നെ സഹായിക്കാനായി വാര്‍ഡിലും ഓപ്പറേഷന്‍ തീയറ്ററിലും തനിക്കു വിശ്വസ്തരായ ചില നഴ്‌സുമാരെ ഒപ്പും കൂട്ടുന്നതുപോലെ, ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിക്കുമ്പോള്‍ ഈശോ തന്റെ കൂടെ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്ന് ശിഷ്യന്മാരെ മാത്രം കൂടെ കൂട്ടുന്നു. (ലൂക്കാ 8: 51). മരുന്നും മരുന്നു തരുന്നവരും ദൈവദാനവും ദൈവത്തിന്റെ കയ്യില്‍ സൗഖ്യപ്പെടുത്തുന്ന ശുശ്രൂഷയില്‍ ഉപകരണങ്ങളുമാണെന്ന പൊതുസമൂഹത്തിന്റെ തിരിച്ചറിവ് അവരുടെ ജോലിയുടെ മഹത്വം മനസിലാക്കാന്‍ സഹായിക്കും.

ഡോകടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ ഉദാത്തചിന്ത എപ്പോഴും മനസിലുണ്ടായിരിക്കട്ടെ – തങ്ങളുടെ പ്രവര്‍ത്തനമേഖല ഒരു ദൈവവിളിയാണെന്നും തങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണെന്നും. ”ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്” (1 കോറിന്തോസ് 3:9). വളരെ വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായ അവസ്ഥകളില്‍ കിടന്ന രോഗികളെപ്പോലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കോരിയെടുത്ത് ശുശ്രൂഷിച്ച മദര്‍ തെരേസയോട്, ‘ഇതെങ്ങനെ ഇതുപോലെ ചെയ്യാന്‍ സാധിക്കുന്നു’ എന്ന ചോദ്യത്തിന് വി. മദര്‍ തെരേസ ശാന്തമായി മറുപടി പറഞ്ഞു:”ഞാന്‍ ശുശ്രൂഷിക്കുന്ന ഓരോ രോഗിയിലും ക്രിസ്തുവിന്റെ മുഖം കാണുന്നു”. ദൈവത്തില്‍ നിന്നു വരുന്ന മനുഷ്യ ജീവനെ ആദ്യമായി കയ്യിലെടുക്കുന്നതുമുതല്‍ രോഗങ്ങളിലും അപകടങ്ങളിലും ജീവിതത്തിലെ വിവിധ അവസരങ്ങളില്‍ ആരോഗ്യത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചു കൊണ്ടുവരുകയും അവസാനശ്വാസസവും പോയാലും ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് പൂക്കള്‍ കൊണ്ട് അലങ്കരിക്കാന്‍ വരെ ഈ നഴ്‌സിംഗ് കൈകളാണ് ചുറ്റുമുണ്ടാവുകയെന്ന് മറക്കാതിരിക്കാം. ജോലി സമയത്തെ ഇവരുടെ ഓരോ അശ്രദ്ധയ്ക്കും ഒരു ജീവന്റെ വില വരെ ഉള്ളതിനാല്‍ നിതാന്ത ജാഗ്രതയോടെ ഓടി നടക്കുന്ന ഈ ഭൂമിയിലെ മാലാഖമാരുടെ കണ്ണീര്‍ ഇനിയും നീണ്ടുപോകാനിടയാകാതിരിക്കട്ടെ.

ആര്‍ക്കും കയറാന്‍ പറ്റാത്ത മരമേതാണ് എന്ന കടംകഥ ചോദ്യത്തിന് ‘സമരം’ എന്ന് ഉത്തരം പറയാറുണ്ടെങ്കിലും, നമ്മുടെ നഴ്‌സ് സുഹൃത്തുക്കള്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ‘സമര’ത്തില്‍ കയറിയിരിക്കുന്നു. ഈശോയെ അടുത്തു കാണണമെന്ന തന്റെ ആഗ്രഹം സാധിക്കുന്നതിനായി ‘സിക്കമൂര്‍ മര’ത്തില്‍ കയറിയിരുന്ന സക്കേവൂസിനെ കണ്ട്, വിളിച്ചിറക്കി അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഈശോ തയ്യാറായതുപോലെ സ’മര’ത്തിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ കാണാനും അവരുടെ ന്യായമായ ആവശ്യങ്ങളെ മനസിലാക്കാനും ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നഴ്‌സിംഗിന്റെ ആദ്യരൂപമായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മാതൃകയും ആധുനിക മാതൃകയായ വി. മദര്‍ തെരേസയുടെ മാതൃക നല്‍കുന്ന പ്രചോദനവും ആദര്‍ശരൂപമായ, ‘എലിസബത്തിനെ ശുശ്രൂഷിക്കാന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് അവളോടൊപ്പം മൂന്ന് മാസം താമസിച്ച് ശുശ്രൂഷ ചെയ്ത’ പരിശുദ്ധ മറിയത്തിന്റെ (ലൂക്കാ 1: 39-56) പ്രാര്‍ത്ഥനയും ആതുരശുശ്രൂഷാ രംഗത്തുള്ളവര്‍ക്ക് തുണയാകട്ടെ.

ശാന്തിയും നന്മയും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ആകാംക്ഷയുടെയും ദിനങ്ങൾക്കറുതി വരുത്തി ഒട്ടും ആഗ്രഹിക്കാത്ത ആ വാർത്തയും കേൾക്കേണ്ടിവന്നു. ഫാ: മാര്‍ട്ടിനച്ചന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ വേര്‍പാട് മലയാളികളെ, പ്രത്യേകിച്ച് യുകെ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും’ എന്ന (ലൂക്കാ 2: 35) ശിമയോന്റെ പ്രവചനം പരി. മറിയം അനുഭവിച്ചതുപോലെയായി അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ മലയാളികളും. ദൈവപുത്രനായ ഈശോ ഈ ലോകത്തിലെ പരസ്യജീവിതം അവസാനിപ്പിച്ച് തന്റെ പിതാവിന്റെ പക്കലേയ്ക്ക് പോയ അതേ പ്രായത്തില്‍, തന്റെ 33-ാം വയസില്‍ മാര്‍ട്ടിനച്ചനും തന്റെ സ്വര്‍ഗീയ പിതാവിന്റെ ഭവത്തിലേയ്ക്ക് പോയിരിക്കുന്നു. അള്‍ത്താരയിലെ കൂട്ടുകാരന്റെ അപ്രതീക്ഷിത വിടപറച്ചിലിന്റെ വേദനയില്‍ തേങ്ങുന്ന വൈദിക ഗണത്തിലെ ഒരംഗമെന്ന നിലയില്‍ ശ്രേഷ്ഠമായ ആ പുരോഹിത ജീവിതത്തിനു മുമ്പില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് ചില പൗരോഹിത്യ ചിന്തകള്‍ കുറിക്കട്ടെ.

മനസില്‍ മൊട്ടിടുന്ന പൗരോഹിത്യ ജീവിതമെന്ന ഉല്‍ക്കടമായ ആഗ്രഹത്തെ പ്രാര്‍ത്ഥനയാകുന്ന വെള്ളമൊഴിച്ചും പരിശീലന കാലത്തിന്റെ വളവുമിട്ട് ഓരോ പുരോഹിതനും വളര്‍ത്തിയെടുക്കുന്നത് പത്തിലേറെ വര്‍ഷങ്ങളുടെ നിരന്തര അധ്വാനത്തിലാണ്. മറ്റൊരു ജീവിത രീതിക്കും ഇത്രയേറെ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ദൈര്‍ഘ്യമില്ലാത്തതിനാല്‍ ഒരാള്‍ പുരോഹിതനാകുന്നത് ആ വ്യക്തിക്കുമാത്രമല്ല, അവന്റെ കുടുംബത്തിനും നാടിനും സഭയ്ക്കും അത്യപൂര്‍വ്വ അഭിമാനത്തിന്റെ നിമിഷങ്ങളത്രേ. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ലാ’ത്തിനാലും (ഹെബ്രായര്‍ 5: 4) പൗരോഹിത്യമെന്ന ഈ ദൈവദാനത്തിന്റെ വിലയറിയുന്നവര്‍ അതിന്റെ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കും. ‘പുരോഹിതന്റെ മരണത്തില്‍ ഭൂവാസികളോടൊപ്പം സ്വര്‍ഗ്ഗവാസികളും മാലാഖമാരും കരയുന്നെന്ന്’ വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ ഉദ്‌ഘോഷിക്കുന്നു. ‘പുരോഹിതനെക്കുറിച്ച് വി. ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ ഇങ്ങനെ; ”ഒരു പുരോഹിതന്‍ ആരാണെന്ന് അവന്‍ ഈ ഭൂമിയില്‍ വച്ച് മനസിലാക്കിയാല്‍, ഉടനെ തന്നെ അവന്‍ മരിച്ചുപോയെനെ; ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്. അവന്‍ ഉച്ചരിക്കുന്ന ഏതാനും വാക്കുകളില്‍ ദൈവം സ്വര്‍ഗം വിട്ട് ഈ ഭൂമിയില്‍ ഇറങ്ങി വന്ന് ഒരു ചെറിയ അപ്പത്തില്‍ സന്നിഹിതനാകുന്നു. ഓരോ പുരോഹിതനും അവന്റെ മഹിമ പൂര്‍ണമായി മനസിലാക്കുന്നത് അവന്റെ മരണശേഷം സ്വര്‍ഗത്തില്‍ വച്ച് മാത്രമായിരിക്കും”.

എല്ലാ മതസമ്പ്രദായങ്ങളിലും ദൈവസാന്നിധ്യത്തിന് മുമ്പില്‍ പ്രത്യേക അനുഷ്ഠാനവിധികളും ശുശ്രൂഷകളും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ പൊതുവെ ‘പുരോഹിതര്‍’ എന്നാണ് അറിയപ്പെടുന്നത്. ‘പുരോ’ (കിഴക്ക്) ഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നു ആരാധന നയിക്കുന്നവന്‍, ‘പുര’ത്തിന്റെ (സ്ഥലത്തിന്റെ) ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്യുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നിന്നാണ് പുരോഹിതന്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ‘വേദം അറിയുന്നവന്‍’ എന്ന അര്‍ത്ഥത്തില്‍ നിന്ന് വൈദികനായും അവനെ ലോകം തിരിച്ചറിയുന്നു. വൈദികന്‍ ‘ദൈവികന്‍’ ആകുന്നിടത്ത് ആ സമര്‍പ്പണ ജീവിതം സഫലമാകുന്നു. വിശുദ്ധി ആദര്‍ശ ലക്ഷ്യമായ ഈ ജീവിതത്തിലും അപൂര്‍വ്വം ചില പുഴുക്കുത്തുകളുടെ അപസ്വരങ്ങള്‍ ഇക്കാലത്തും ഈശോയെ ഒറ്റിക്കൊടുക്കുമ്പോഴും ബാക്കി വരുന്ന ബഹുഭൂരിപക്ഷവും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി (മത്താ 5: 13-16) മാറുന്നത് കാണാതെ പോകരുത്. പതിനൊന്ന് പേരും ദിവ്യഗുരുവിനൊപ്പം ഉറച്ചുനിന്നെങ്കിലും ഇടറിപ്പോയ ഒരുവന്റെ പതനത്തിലേയ്ക്ക് കൂടുതലായി ശ്രദ്ധിക്കുന്ന പ്രവണത നമ്മില്‍ നിന്ന് മാറേണ്ടതുണ്ട്. നല്ലത് കാണാനും നന്മകാണാനും നമുക്ക് കഴിയട്ടെ !. വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ വഴിയില്‍ വീണുകിടന്നവന്റെ അരികെ ആദ്യം വന്നത് ഒരു പുരോഹിതനാണെങ്കിലും അവനെ ശ്രദ്ധിക്കാതെ കടന്നുപോയെന്ന് വചനം പറയുന്നു. തിരുലിഖിതത്തിലെ ആ പുരോഹിതന്‍ വരുത്തിവെച്ച നാണക്കേടിനെ ഓരോ കാലത്തും തങ്ങളുടെ വിശുദ്ധമായ ജീവിതത്തിലൂടെ തിരുത്തിയ നിരവധി പുരോഹിത രത്‌നങ്ങള്‍ തിരുസഭയിലുണ്ട്. അത്തരമൊരു വൈദികഗണത്തില്‍ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനും ചേര്‍ന്ന് കാണാനിടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല’ (ഉല്‍പ്പത്തി 2:18) എന്ന് പറഞ്ഞ് ദൈവം അവന് ഇണയും തുണയുമായി സ്ത്രീയെ നല്‍കി. അപ്പോള്‍, പൗരോഹിത്യജീവിതം സ്വീകരിച്ച് കുടുംബജീവിതം സ്വീകരിക്കാത്തവര്‍ ദൈവപദ്ധതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നു ചിന്തിച്ച് നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാല്‍ ദൈവനിയോഗത്തിനായി, സ്വര്‍ഗ്ഗരാജ്യത്തിനായി സ്വയം ഷണ്ഡരാകുന്നവരെക്കുറിച്ച് എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് (മത്തായി 19: 12) ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ വൈദികരെയോ സന്യസ്തരെയോ കുറിച്ച് ഉയരുമ്പോള്‍ പൊതുസമൂഹം എപ്പോഴും ഉയര്‍ത്തുന്ന പരിഹാരങ്ങളിലൊന്ന് ‘കല്യാണം കഴിക്കാനനുവദിച്ചാല്‍ ഈ പ്രശ്‌നം തീരില്ലേ’ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരവും ക്രിസ്തുനാഥന്‍ പറഞ്ഞതുതന്നെ; ഗ്രഹിക്കാന്‍ കഴിയുന്നവര്‍ മാത്രം ഇതിന്റെ രഹസ്യം ഗ്രഹിക്കട്ടെ”.

വൈദികരുടെയും സന്യാസ സമര്‍പ്പണ ജീവിതങ്ങളിലുള്ളവരുടെയും ജീവിതത്തില്‍, അവര്‍ ആരും തുണയില്ലാത്തവരല്ല. ദൈവമാണ് അവരുടെ തുണ. പ്രത്യേക നിയോഗം പേറുന്നവര്‍ക്ക് ‘മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് എത്ര നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8). ഈ ലോകത്തിന്റെ ബന്ധങ്ങളും സ്വത്തുക്കളുമല്ല, ‘കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന് ഓരോ പുരോഹിതനും വിശ്വസിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 16:5-6). ഈ ലോകത്തില്‍ ദൈവത്തിന്റെ മുഖവും സ്വരവും മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ് പുരോഹിതന്‍. മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളായ എല്ലാവരും അവന്റെ രാജകീയ പൗരോഹിത്യത്തില്‍ (1 പത്രോസ് 2:9) അംഗങ്ങളാണെങ്കിലും ലോകപാപങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയര്‍പ്പിച്ച നിത്യപുരോഹിതനായ ഈശോയുടെ ജീവിതബലിയുടെ രക്ഷാകരഫലം ഈ കാലത്തിലും ലഭ്യമാക്കാന്‍ ദൈവം അനുഗ്രഹിക്കുന്നു. ഈ വിശിഷ്ടകാര്യം ചെയ്യാന്‍ ദൈവം തന്നെ ചിലരെ പുരോഹിതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു (ഹെബ്രായര്‍ 7: 24). ഈ പുരോഹിതരെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് തുണയാകുന്നതും മനുഷ്യരല്ല, ദൈവം തന്നെയത്രേ !

‘എന്നാല്‍ പരമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് (2 കോറിന്തോസ് 4:7). ”ലൗകിക മാനദണ്ഡമനുസരിച്ച് ഞങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. (1 കോറിന്തോസ് 1: 26-27). പുരോഹിത ജീവിതത്തിന്റെ മഹനീയതയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും മാനുഷിക ബലഹീനതകളുടെ കല്ലുകളില്‍ ചിലരെങ്കിലും തട്ടി വീഴാറുണ്ട്. കൈ കൊട്ടി ചിരിച്ചും മാറിനിന്ന് അടക്കം പറഞ്ഞും നവമാധ്യമങ്ങളില്‍ അതാഘോഷിക്കപ്പെടുമ്പോഴും വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ആകാശ വിതാനത്തില്‍ പറന്നുയരുന്ന ഭീമന്‍ വിമാനങ്ങളെ അദൃശ്യമെങ്കിലും വായുവിന്റെ സാന്നിധ്യം അന്തരീക്ഷത്തില്‍ താങ്ങിനിര്‍ത്തുന്നതുപോലെ, ലോകത്തിന്റെ നിരവധി അദൃശ്യ കോണുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുടെ ശക്തമായ സാന്നിധ്യം ദൈവത്തിനായും ജനത്തിനായും മാറ്റിവയ്ക്കപ്പെട്ട ഈ പുരോഹിത ജീവിതങ്ങളെ ഉയരത്തില്‍ താങ്ങി നിര്‍ത്തുമെന്നതില്‍ സംശയം വേണ്ട. മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന പ്രത്യേക ജീവികളല്ല വൈദ്യരും സന്യസ്തരും. നമ്മുടെ തന്നെ കുടുംബങ്ങളില്‍ ജനിച്ച്, വളര്‍ന്ന് കുടുംബ പാരമ്പര്യങ്ങളുടെയും സ്വഭാവ രീതികളുടെയും അംശങ്ങള്‍ സ്വീകരിച്ച് ജീവിതം കരുപിടിപ്പിച്ചവര്‍. അവരുടെ നന്മകള്‍ ആ കുടുംബത്തിന്റെയും നാടിന്റെയും നന്മകളാണ്; കുറവുകളും അതുപോലെ തന്നെ. അതിനാല്‍ ‘ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കുവാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം (കൊളോസോസ് 4:3).

‘A priest is always wrong’ എന്ന തലക്കെട്ടില്‍ പ്രസിദ്ധമായ ഒരു കാഴ്ചപ്പാടുണ്ട്. കുര്‍ബാന നേരത്തെ തുടങ്ങിയാലും സമയത്ത് തുടങ്ങിയാലും താമസിച്ച് തുടങ്ങിയാലും വാഹനമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസംഗം ചുരുക്കിയാലും ദീര്‍ഘിപ്പിച്ചാലും പുരോഹിതര്‍ ചെയ്യുന്നത് എല്ലാം തെറ്റുകള്‍ മാത്രം. (Search on google – ‘A priest is always wrong’ ). പക്ഷേ ആ ചിന്താധാര പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെ. ‘ജീവിച്ചിരിക്കുന്ന കാലത്ത് മുഴുവന്‍ പുരോഹിതന് കുറ്റങ്ങളാണെങ്കിലും അവന്‍ മരിച്ചാല്‍ അവന്റെ സ്ഥാനം ഏറ്റെടുക്കാന്‍ എല്ലാവരും ഭയക്കുന്നു!’ ഭൗതിക താല്‍പര്യങ്ങളെല്ലാം മനസ്സുകൊണ്ട് വേണ്ടെന്ന് വച്ച് ദൈവത്തിനും ദൈവമക്കള്‍ക്കുമായി ജീവിതം മാറ്റിവച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ദൈവം മാത്രമാണ് തങ്ങളുടെ തുണ’ എന്ന ബോധ്യത്തോടെ കര്‍മ്മശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നമ്മുടെ എല്ലാ വൈദിക – സമര്‍പ്പിത സഹോദരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ ജീവിതങ്ങളിലെ ചില അപൂര്‍വ്വം അപരാധങ്ങളെ സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുക്കാം, സ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ മുഖവും സ്വരവും ലോകത്തിന് കാണിച്ച് കൊടുക്കുന്ന സമര്‍പ്പിത ജീവിതങ്ങള്‍ക്കുവേണ്ടി, ‘നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസരായ വൈദികര്‍ക്കും സന്യസ്തര്‍ക്കും യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാം.

പ്രിയ മാര്‍ട്ടിനച്ചാ, അങ്ങയുടെ അപ്രതീക്ഷിത വേര്‍പാട് അങ്ങയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. എങ്കിലും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഈ കാര്യത്തിലും ഞങ്ങള്‍ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എപ്പോഴും സുസ്‌മേരവദനനായി, പാട്ടുപാടി തന്റെ ജനത്തെ ദൈവത്തോടടുപ്പിച്ച വന്ദ്യ പുരോഹിതാ, അങ്ങ് സമാധാനത്തോടെ പോവുക. സ്വര്‍ഗീയാകാശത്തിന്റെ തെളിഞ്ഞ മാനത്ത് പ്രഭയാര്‍ന്ന വെള്ളി നക്ഷത്രമായി അങ്ങ് ശോഭിക്കുമ്പോള്‍ അങ്ങയോട് ഞങ്ങളുടെ പ്രാര്‍ത്ഥന ഒന്നുമാത്രം; ” അങ്ങ് അങ്ങയുടെ രാജ്യത്തായിരിക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കേണമേ” (ലൂക്കാ 23: 42). എങ്കിലും ‘ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓര്‍ത്ത് ഞങ്ങള്‍ കരഞ്ഞു’ (സങ്കീര്‍ത്തനങ്ങള്‍ 137: 1) എന്ന വചനം പോലെ, മനസ്സുകൊണ്ട് ഞങ്ങളെല്ലാവരും ‘ഡര്‍ബന്‍ നദീതീരത്തിരുന്നുകൊണ്ട് ഞങ്ങളുടെ മാര്‍ട്ടിനച്ചനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു… ഇപ്പോഴും…

വേദനയോടെ, പ്രാര്‍ത്ഥനയോടെ നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

 

മലയാളം യുകെ ന്യൂസ് ടീം.

ജൂലൈ 3, 2016.. മലയാളം യുകെ ന്യൂസിൽ ഫാ. ബിജു കുന്നയ്ക്കാട്ട് ഇങ്ങനെ എഴുതി.. “ലോകത്തിൻറെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ രണ്ടാഴ്ചകളിൽ യുകെയിലേയ്ക്കായിരുന്നു”.. ഞായറാഴ്ചയുടെ സങ്കീർത്തനത്തിൻറെ തുടക്കം കുറിച്ച വരികൾ ഇങ്ങനെയായിരുന്നു.  തുടക്കം ബ്രെക്സിറ്റിൽ.. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൺ ‘തുടരണമോ വേണ്ടയോ’ എന്ന തീരുമാനത്തിൻറെ വിവിധ മാനങ്ങൾ ഫാ.ബിജു ചെറിയ ചിന്തയായി ലോകത്തോടു പങ്കുവെച്ചു.. ഇന്ന് പ്രവാസ ലോകത്തിൻറെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഞായറാഴ്ചയുടെ സങ്കീർത്തനം മാറുകയാണ്.. പൂർത്തിയാവുന്നത് ഒരു വർഷം.. ഞായറാഴ്ചയുടെ സങ്കീർത്തനം.. ആധുനിക ചിന്തകളുടെ വിശുദ്ധ ഗീതമാണിത്.. വിമർശനങ്ങൾ.. മുന്നറിയിപ്പുകൾ.. നമ്മിലേയ്ക്ക് നാം തന്നെ എത്തി നോക്കുന്നു.. പ്രത്യാശയുടെ നാളെകളിലേയ്ക്ക് നമ്മെ നയിക്കാൻ ബഹു. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ജീവനുള്ള ചിന്തകൾക്ക് കളിത്തൊട്ടിലായത് മലയാളം യുകെ ന്യൂസ്.

ഓൺലൈൻ വാർത്താലോകത്തെ ഒരു നവീന പ്രതിഭാസമായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. അനുദിന ജീവിതയാത്രയിലെ പ്രതിബിംബങ്ങൾക്കു നേരെയുള്ള വിമർശനാത്മകമായ ഒരു തിരിഞ്ഞുനോട്ടം. സ്നേഹശാസനകളുടെ ഹൃദയസ്പന്ദനങ്ങൾ സിരകളെ ഉത്തേജിപ്പിക്കുന്ന അനുഗ്രഹനിമിഷങ്ങളായി പ്രവാസികളുടെ ഞായറാഴ്ചയെ മാറ്റുന്ന വ്യത്യസ്തമായ ഒരു ചുവടുവയ്പാണിത്. ധാർമ്മികതയും നന്മയും സ്നേഹവും കാരുണ്യവും ചോദ്യം ചെയ്യപ്പെടുമ്പോൾ ‘അരുത്’ എന്നു നമ്മുടെ മനസിൽ പ്രകമ്പനം കൊള്ളുന്ന ശബ്ദവീചികളുടെ ഉറവിടമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഇത് മാധ്യമ ധർമ്മത്തിലെ വേറിട്ട ഏടുകൾ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമാണ്.

തൂലികകൾ ചലിക്കുമ്പോൾ പ്രകമ്പനങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ ഉത്ഭവിക്കുന്ന സന്ദേശം ശക്തമാകണം. ബഹു. ഫാദർ ബിജു ജോസഫ് കുന്നയ്ക്കാട്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പബ്ബിക് റിലേഷൻസ് ഓഫീസറാണ്. ധാർമ്മികതയുടെ ശക്തമായ അടിത്തറയിലൂന്നിയ ഉജ്ജ്വലപ്രബോധനങ്ങളുടെ കാവൽക്കാരനായ ബിജു അച്ചൻറെ കരങ്ങളിൽ ഞായറാഴ്ചയുടെ സങ്കീർത്തനം ഭദ്രമെന്ന് മലയാളം യുകെയുടെ വായനക്കാർ നിസംശയം പ്രഖ്യാപിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം  ഒന്നാം വാർഷികമാഘോഷിക്കുമ്പോൾ അനുഗ്രഹാശിസുകളുമായി മലയാളം യുകെയുടെ പ്രിയ വായനക്കാർ മനസു തുറക്കുന്നു. നന്മയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകളായ ഞായറാഴ്ചയുടെ സങ്കീർത്തനത്തെ ഹൃദയത്തിലേറ്റിയ മലയാളം യുകെയുടെ പ്രിയ വായനക്കാരോട് മലയാളം യു കെ ന്യൂസ് ടീമിന്റെ കൃതജ്ഞത അറിയിക്കട്ടെ.

ഫാ. ബിജു കുന്നക്കാട്ട് മലയാളം യുകെ ന്യൂസിലൂടെ ലോകവുമായി പങ്കുവെച്ച ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ ആദ്യ ലേഖനം വായിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Njayarazhchayude sankeerthanam 1 – July 3rd 2016

ആശംസകളും അഭിനന്ദനങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.

ആധുനിക ലോകത്ത് വളരെയധികം അഭിനന്ദനീയമായ ഒരു മാതൃകയായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഭരമേൽപിക്കപ്പെട്ട ദൗത്യം, ഉദാഹരണങ്ങൾ വഴി സംവദിച്ചുകൊണ്ട് ഓൺലൈൻ മാധ്യമത്തിലൂടെ ജനതയ്ക്കു പ്രകാശമായും വഴികാട്ടിയായും വർത്തിക്കാനുള്ള ഉത്തരവാദിത്വമുള്ള ഒരു നിയോഗമാണ് ഫാ. ബിജു കുന്നയ്ക്കാട്ട് നിർവ്വഹിക്കുന്നത്. നാളെയുടെ തലമുറയ്ക്കായുള്ള നന്മയുടെ ചിന്തകൾ മലയാളം യുകെയിലൂടെ ലോകമെങ്ങും എത്തിച്ചേരട്ടെ. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു വർഷം പൂർത്തിയാക്കുന്ന ഈ ധന്യ നിമിഷത്തിൽ വായനക്കാർക്കും ലേഖകനും മലയാളം യുകെ ടീമിനും എല്ലാ അനുഗ്രഹങ്ങളും ഈ ദൗത്യം അഭംഗുരം തുടർന്നു പോകുവാനുള്ള ഇച്ഛാശക്തിയും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ.ജോൺ മുണ്ടയ്ക്കൽ CST, ജേഴ്സി ഐലൻഡ്.
ഓരോ ആഴ്ചയിലും ലോകത്ത് നടക്കുന്ന സംഭവങ്ങളെ ആത്മീയ തലത്തിൽ നിന്നു കൊണ്ട് വിശകലനം ചെയ്യുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം വളരെ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ഓൺലൈൻ പത്രത്തിൽ കാണാൻ കഴിയാത്ത പ്രതിഭാസമാണിത്. മലയാളം യുകെയ്ക്ക് ആശംസകൾ.. ഞായറാഴ്ചയുടെ സങ്കീർത്തനം നൽകുന്ന ആകാംഷകൾ ഒരു ഞായറാഴ്‌ചയുടെ പരിശുദ്ധിയെ തുറന്നു കാട്ടുന്നു. യുവതലമുറയിലെ എൻറെ അനുജന് ആശംസകൾ നേരുന്നു.

സിസ്റ്റർ ഇന്നസെൻസ്യാ, സിസ്റ്റേർസ് ഓഫ് ചാരിറ്റി, ന്യൂ കാസിൽ.

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… അവിടെ നിന്നാണ് കുന്നയ്ക്കാട്ട് അച്ചന്റെ ലേഖനങ്ങൾ കാണുവാൻ ഇടയായത്. ആത്മീയതയുടെ വഴിയിലൂടെ അച്ചൻ എഴുതുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം ആദ്ധ്യാത്മീക ജീവിതം നയിക്കാത്തവർക്ക് ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്. ജീവിതത്തിലെ പല പ്രശ്നങ്ങളേയും വളരെ ലളിതമായാണ് ഞായറാഴ്ചയുടെ സങ്കീർത്തനത്തിൽ വിശദീകരിക്കുന്നത്. ആദ്ധ്യാത്മീക ജീവിതത്തിലെ സങ്കീർത്തനം എന്നും പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. എല്ലാം ഒത്തുചേരുന്ന ഒരു സങ്കീർത്തനം.

ജി. വേണുഗോപാൽ, പ്രശസ്ത ഗായകൻ
ഞാൻ പലപ്പോഴും വളരെ ആകാംക്ഷയോടെ വായിക്കുന്ന ഒരു ലേഖനമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. പേരിൽ തന്നെ ഒരു സംഗീതമുണ്ട്. കഴിഞ്ഞ തവണ ഞാൻ യുകെയിൽ വന്നപ്പോഴാണ് ആദ്യമായി ഞായറാഴ്ചയുടെ സങ്കീർത്തനം ശ്രദ്ധയിൽ പെട്ടത്. ഒരു വർഷത്തിനു ശേഷവും ആനുകാലിക പ്രശസ്തിയുള്ള വിഷയങ്ങളെ കോർത്തിണക്കി ഞായറാഴ്ചയുടെ സങ്കീർത്തനം തുടരുന്നതിൽ ഒത്തിരി സന്തോഷിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു സംഗീതമായി മലയാളികളുടെ ഇടയിൽ പെയ്തിറങ്ങട്ടെയെന്ന് ആശംസിക്കുന്നു.

റ്റിജി തോമസ്, മാക് ഫാസ്റ്റ് തിരുവല്ല.
ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ഞായറാഴ്ചയുടെ സങ്കീർത്തനം തുടർ ദിനങ്ങളിലും നമ്മുടെ ചിന്തകളെ പ്രചോദിപ്പിക്കുന്നു. ചുറ്റുമുള്ള വിഷയങ്ങളിലെ പ്രസാദാത്മകതയിലേയ്ക്ക് ഒരു യോഗിയുടെ അവധാനതയോടെ ഞായറാഴ്ചയുടെ സങ്കീർത്തനം നമ്മെ നയിക്കുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയെ അവലംബിച്ച് അച്ചൻ എഴുതിയ ഞായറാഴ്ചയുടെ സങ്കീർത്തനം, കൈകാര്യം ചെയ്യുന്ന വിഷയങ്ങൾക്കും അതിൻറെ സമകാലീനതയ്ക്കും വ്യക്തമായ ഉദാഹരണമാണ്. കൂടുതൽ പ്രകാശം ചൊരിയുന്ന സങ്കീർത്തനങ്ങൾക്കായി കാത്തിരിക്കുന്നു.

ജോമോൻ ജേക്കബ്, പാസഡീന, അമേരിക്ക.

“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ” ഇരുപത്തിമൂന്നാം ഞായറാഴ്ചയുടെ സങ്കീർത്തനം. അവധിക്ക് നാട്ടിലെത്തിയപ്പോൾ സ്ഥിരമായി സങ്കീർത്തനം വായിക്കുന്ന എൻറെ സുഹൃത്തുമായുള്ള സംസാരത്തിലാണ് സങ്കീർത്തനത്തെക്കുറിച്ചറിയുവാൻ സാധിച്ചത്. കുറവിലങ്ങാടാണ് എൻറെ ദേശം. അത് സങ്കീർത്തനത്തിൽ വിഷയമാകുന്നില്ല. പക്ഷേ, ഇപ്പോൾ സങ്കീർത്തനം ജീവിതത്തിൽ വിഷയമായി തുടങ്ങിയിരിക്കുന്നു. ഭൗതീകതയും ആദ്ധ്യാത്മീകതയും തമ്മിലുള്ള സംഗമം. ” ഞായറാഴ്ചയുടെ സങ്കീർത്തനം ” ഫാ. ബിജു കുന്നയ്ക്കാട്ടിന് ആശംസകൾ

 

ഫാ. ബിജു കുന്നയ്ക്കാട്ട്

മാനസികോല്ലാസത്തിനും നോരമ്പോക്കിനും സൗഹൃദം പങ്കുവെയ്ക്കാനും കഴിവു തെളിയിക്കാനുമൊക്കെയായി ആളുകള്‍ പലപ്പോഴും കളികളിലേര്‍പ്പെടാറുണ്ട്. വിജയികളെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ കളി, മത്സരത്തിന്റെ തലത്തിയേക്ക് മാറുന്നു. ചില അവസരങ്ങളില്‍ ഈ കളികള്‍ മത്സരത്തിന്റെ തലവും കടന്ന് വാക്പോരിലേയ്ക്കും കയ്യാങ്കളിയിലേക്കും ചെന്നെത്താറുണ്ട്. ഒട്ടും ആരോഗ്യകരമല്ലാത്തതും തീര്‍ത്തും ഒഴിവാക്കേണ്ടതുമായ ഇത്തരം, ‘കളി കാര്യമാകുന്ന’ സന്ദര്‍ഭങ്ങള്‍ ഈ കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാന്‍ ഇന്ത്യയെ വലിയ വ്യത്യാസത്തില്‍ തോല്‍പിച്ചത് ഇന്ത്യന്‍ ആരാധകര്‍ക്ക് കനത്ത ക്ഷീണവും പാക്കിസ്ഥാന് ഇരട്ടി മധുരവും സമ്മാനിച്ചു. ജയിച്ച പാക്കിസ്ഥാന്‍ ടീമിന്റെ ആരാധകരുടെ അടക്കാനാവാത്ത നിരാശയുടെ വിങ്ങിപ്പൊട്ടലുകളും പരസ്പരമുള്ള വാക്പോരിലും പോലീസ് ഇടപെട്ട് പരിഹരിക്കേണ്ട തലത്തിലുള്ള ക്രമസമാധാന പ്രശ്നമായും വളരുകയും ചെയ്തു.

ഇന്ത്യ – പാക്കിസ്ഥാന്‍ ആരാധകര്‍ ചേരിതിരിഞ്ഞ് ഫൈനല്‍ മത്സരം നടന്ന ഓവലിലെ സ്റ്റേഡിയത്തിനു പുറത്തും മാഞ്ചസ്റ്ററിലും ലെസ്റ്ററിലും തമ്മിലടിച്ചതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കളിക്കളത്തില്‍ ഒതുങ്ങി നില്‍ക്കേണ്ട കളി കളിക്കളത്തിനു പുറത്തേയ്ക്ക് കൈവിട്ടു പോകുന്നതിനെ തടയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആര് ആരെയാണ് തടയേണ്ടത് എന്ന് ചോദിച്ചാല്‍, നമ്മള്‍ നമ്മളെത്തന്നെയാണ് എന്നാണ് ഉത്തരം. എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ ചില സെലിബ്രിറ്റികള്‍ തോറ്റ ടീമിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള കമന്റുകള്‍ ഇട്ടതും നിലവാരമില്ലാത്തതായിപ്പോയി. കളി കൈവിട്ടു പോകുന്നതെന്തുകൊണ്ടാണ്?

കളിയെ, ഒരു കളിയായി മാത്രം പലര്‍ക്കും കാണാന്‍ പറ്റാത്തതാണ് ഏറ്റവും പ്രധാന കാരണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കളിയെ നിറുത്തേണ്ടിടത്തു നിര്‍ത്താന്‍ പറ്റുന്നില്ല പലര്‍ക്കും. മാനസിക ഉല്ലാസത്തിനും വിനോദത്തിനുമായി കളിയെ ആസ്വദിക്കുന്നതിനു പകരം, അര്‍ഹിക്കുന്നതിനും മുകളിലായ സ്ഥാനം കൊടുക്കുമ്പോള്‍ ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും തലം നഷ്ടപ്പെട്ടേക്കാം. കളി മുറുകുമ്പോള്‍ കാണികളുടെ ആവേശവും വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ‘സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനു ചേരാത്ത ആവേശം കാണികളിലുണ്ടാകുമ്പോഴാണ് അത് വഴക്കിലേയ്ക്കും അക്രമത്തിലേയ്ക്കും വഴിമാറുന്നത്.

കളിയെ, കളിയായി മാത്രം കാണാന്‍ പഠിക്കുക. ആധുനിക ലോകത്തില്‍ ഓരോ കളിയെയും വളരെ ‘പ്രൊഫഷണലായി’ സമീപിക്കുന്ന ആളുകള്‍ എല്ലായിടത്തുമുണ്ട്. കായിക താരങ്ങളുടെ പ്രകടനങ്ങള്‍ സാങ്കേതികമായ രീതിയില്‍ വിലയിരുത്തുകയും നിരൂപണം നടത്തുകയും വിശകലനത്തിലൂടെ അപഗ്രഥിക്കുകയുമൊക്കെ ചെയ്യുന്നവരുണ്ട്. അത് അവരുടെ ജോലിയും കളിക്കാരുടെ സാങ്കേതിക മികവ് മെച്ചപ്പെടുത്തുന്നതിന് സഹായകരവുമാണ്. എന്നാല്‍ ഈ ജോലികളൊന്നുമില്ലാതെ വിനോദവും ആസ്വാദനവും മാത്രം ലക്ഷ്യമാക്കി കളി കാണേണ്ട ‘കാണികള്‍’ അവരുടെ ലക്ഷ്യങ്ങള്‍ മറന്ന് അനാവശ്യ ആവേശപ്രകടനങ്ങള്‍ നടത്തുന്നതും അതിന്റെ പേരില്‍ ഉണ്ടാക്കുന്ന കലാപങ്ങളുമാണ് ന്യായീകരിക്കാനാവാത്തത്.

കളിയുടെ ഈ കാര്യത്തിലെന്നപോലെ ജീവിതത്തിലും ചിലര്‍ ചെറിയ കാര്യങ്ങള്‍ക്ക് അനാവശ്യ പരിഗണന കൊടുത്ത് പൊല്ലാപ്പുകളില്‍ ചെന്നു ചാടുന്നവരുണ്ട്. ഒരാള്‍ തമാശ രൂപേണ പറയുന്ന കാര്യങ്ങളെ ആ രീതിയില്‍ മനസിലാക്കാതെ, ചിലപ്പോള്‍ ചില വാക്കുകളില്‍ കയറിപ്പിടിച്ച് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നവര്‍. തമാശകളെ സഹൃദയ മനസ്സോടെ മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്നതും ഇനി എന്തെങ്കിലും അതിലൊരു ദുഃസൂചന തോന്നിയാലും ഉടനെ പുറത്തു പ്രകടിപ്പിക്കാതെ ”നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതുമാണ്” (മത്താ 18: 15) ഹൃദയവികാസവും മാനസിക പക്വതയും നേടിയൊരാള്‍ ചെയ്യേണ്ടത്. ചെറിയ ഇഷ്ടക്കേടുകളില്‍ കലഹിക്കുകയും അടുത്ത നിമിഷത്തില്‍ എല്ലാം മറന്ന് കൂട്ടുകൂടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുടെ നിസ്സാരമായ വഴക്കിനെ ഏറ്റുപിടിച്ച് പര്‍വ്വതീകരിച്ച് ശത്രുപക്ഷങ്ങളുണ്ടാക്കുന്ന മുതിര്‍ന്നവരും ഓര്‍ക്കേണ്ട പ്രധാന കാര്യമിതാണ് – ചെറിയ കാര്യങ്ങള്‍ക്കും പ്രസക്തിയില്ലാത്ത കാര്യങ്ങള്‍ക്കും അനാവശ്യ പരിഗണന കൊടുത്ത്, ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച് ഉള്ള സ്നേഹവും സൗഹൃദവും നഷ്ടപ്പെടാതിരിക്കുക. മറ്റൊരാളുടെ മനസിനെയോ വികാരങ്ങളെയോ മുറിപ്പെടുത്തുന്ന തമാശകളും സംസാരങ്ങളും പ്രവര്‍ത്തനങ്ങളും സാഹചര്യം കണ്ടറിഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതും മാനസിക പക്വതയുടെയും മറ്റുള്ളവരോടുള്ള പരിഗണനയുടെയും ലക്ഷണമാണ്.

അഭിമാനത്തിന്റെ പേരിലായാലും ആഗ്രഹത്തിന്റെ പേരിലായാലും ഒരിടത്തും ആരുടെ മുമ്പിലും തോല്‍ക്കാനോ, തോല്‍വിയെ ഉള്‍ക്കൊള്ളാനുള്ള മനസിനെ രൂപപ്പെടുത്താനോ കഴിയാത്തതാണ് നമ്മുടെ മറ്റൊരു പ്രധാന പ്രശ്നം. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമൊക്കെ യുദ്ധമായി, അഭിമാന കാര്യമായി വാര്‍ത്തകള്‍ നമ്മുടെ മുമ്പിലവതരിപ്പിക്കുമ്പോള്‍ നാമും അറിയാതെ അതിരുവിടുന്ന ആവശേത്തിലേയ്ക്ക് വീണുപോകുന്നു. ഒരു മത്സരത്തിനിറങ്ങുന്ന രണ്ട് ടീമും ജയിക്കാന്‍ വേണ്ടി തന്നെയാണ് കളിക്കുന്നത്. അതിനായി കഴിവിന്റെ പരമാവധി ഉത്സാഹിക്കുകയും വേണം. എങ്കിലും ഏതെങ്കിലും ഒരു ടീമിനെ വിജയിക്കാനാവൂ. എപ്പോഴും ജയം മാത്രം സ്വപ്നം കാണുമ്പോഴാണ് തോല്‍വികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നത്. കൂടുതല്‍ നന്നായി പ്രകടനം നടത്തുന്നവര്‍ വിജയം നേടും. ഒരിക്കല്‍ തോറ്റു എന്നു കരുതി അതു ലോകാവസാനമാകുന്നില്ല.

വിജയങ്ങളെപ്പോലെ തന്നെ തോല്‍വികളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോഴാണ്, അപ്രതീക്ഷിതമായി കടന്നുവരുന്നതിനെയും സമചിത്തതയോടെ സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്. പഠനത്തിലായാലും കരിയറിലായാലും ‘എപ്പോഴും ജയം’ എന്ന ഒറ്റ ചിന്തമാത്രം കുഞ്ഞുങ്ങളുടെ മനസില്‍ മാതാപിതാക്കള്‍ കുത്തിവയ്ക്കുന്നുണ്ടെങ്കില്‍, ഭാവിയില്‍ ഒരു പരാജയത്തെ മുമ്പില്‍ കാണുമ്പോള്‍ ഈ മക്കള്‍ ജീവിതത്തില്‍ പ്രത്യാശ നഷ്ടപ്പെടുന്നവരും ചിലപ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കുന്നവരും ആയിത്തീര്‍ന്നേക്കാം. ഒരു പരാജയം വരുമ്പോള്‍ ‘സാരമില്ല’ എന്നുപറഞ്ഞ് പുഞ്ചിരിയോടെ ചുമലില്‍ തട്ടി ആശ്വസിപ്പിക്കാനും ‘അടുത്ത തവണ നമുക്ക് അത് നേടിയെടുക്കാന്‍’ കുറച്ചു കൂടി നന്നായി പരിശ്രമിക്കാ’മെന്ന് പറയാനും മാതാപിതാക്കള്‍ക്ക് കഴിയുമ്പോള്‍ അവര്‍ മക്കള്‍ക്ക് നല്‍കുന്നത് മനസിന് ആശ്വാസം മാത്രമല്ല, ഭാവിയെ പ്രതീക്ഷയോടെ നോക്കാനുള്ള ആത്മവിശ്വാസം കൂടിയാണ്. ഓട്ടമത്സരത്തിനുമുമ്പ് ഒരു കുട്ടി പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ മറ്റൊരു കുട്ടി ചോദിച്ചു. ”നീ എന്താണ് ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, ജയിക്കാനുള്ള അനുഗ്രഹമാണോ?” കുട്ടി മറുപടി പറഞ്ഞു. ”ജയിപ്പിക്കണമേയെന്നല്ല, തോറ്റു പോയാലും അതിനെ ഓര്‍ത്ത് കരയാതിരിക്കാന്‍ അനുഗ്രഹിക്കണമേയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. നമ്മുടെ കുഞ്ഞുങ്ങളെയൊക്കെ ഇനി എന്നുമുതലാണ് ഇപ്രകാരമൊന്നു പ്രാര്‍ത്ഥിക്കാന്‍ ശീലിച്ചു തുടങ്ങുന്നത്?.

മത്സരങ്ങളില്‍ വിജയിക്കുന്നവരെയും ജീവിത രംഗങ്ങളില്‍ ഉയര്‍ച്ച നേടുന്നവരെയും നല്ല വാക്കുപറഞ്ഞ് അഭിനന്ദിക്കാന്‍ നമുക്കാവണം. നാം വിജയിക്കുകയും മറ്റുള്ളവര്‍ തോറ്റുപോവുകയും ചെയ്തെങ്കില്‍ തോറ്റവരെ സ്നേഹത്തോടെ ആശ്വസിപ്പിക്കാനും ‘സാരമില്ല, better luck next time’ എന്നു പറയാനും നമുക്കാവണം. എങ്കിലേ കളികള്‍ക്കു ശേഷവും സൗഹൃദവും പരസ്പര സ്നേഹവും നിലനില്‍ക്കുകയുള്ളൂ. പൊരുതിത്തോറ്റവര്‍ വിജയം നേടിയവരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുമ്പോള്‍ സത്യത്തില്‍ അവര്‍ കളിയില്‍ മാത്രം തോറ്റവരും മനസില്‍ തോല്‍ക്കാത്തവരുമാണ്. കളിയില്‍ മാത്രമല്ല, മനസിലും തോല്‍ക്കുന്നിടത്താണ് യഥാര്‍ത്ഥ തോല്‍വി സംഭവിക്കുന്നത്. കളികളില്‍ മാത്രമല്ല, ജീവിതത്തിലും ഇതുതന്നെയാണ് സത്യം. ജീവിത മത്സരങ്ങളില്‍ ഒപ്പം മത്സരിക്കുന്നവര്‍ മികച്ച നേട്ടങ്ങളുണ്ടാക്കുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ നമുക്കാവണം. ‘അസൂയ മൂത്ത അയല്‍ക്കാരന്റെ ദിവാസ്വപ്നങ്ങ’ളില്‍ കഴിയാതെ, വീഴ്ച പറ്റിയെങ്കില്‍ അതില്‍ മനം മടുക്കാതെ തോല്‍വിയെ പരിശോധിച്ച്, തോല്‍വിയുടെ കാരണം കണ്ടെത്തി അവയെ ഭാവിയില്‍ ഒഴിവാക്കാനുള്ള ഗൃഹപാഠം ചെയ്യുന്നെങ്കില്‍ സംശയിക്കേണ്ട, അടുത്ത വിജയം നിങ്ങളുടേതാണ്.

കയ്യാങ്കളിയിലേയ്ക്ക് പോകാതെ കാര്യങ്ങള്‍ പഠിക്കാനുള്ള മാര്‍ഗ്ഗമായി നമ്മുടെ കളികള്‍ മാറട്ടെ. നന്മയും അനുഗ്രഹവും നിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 52’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

 

RECENT POSTS
Copyright © . All rights reserved