Crime

ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യുവതി മക്കൾക്കൊപ്പം ആത്മഹത്യ ചെയ്തു. പേരാമ്പ്ര മുളിയങ്ങലിലെ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (32) ആണ് മക്കളായ പുണ്യതീർഥ (13) നിവേദ്യ (4) എന്നിവർക്കൊപ്പം തീ കൊളുത്തി മരിച്ചത്. പ്രകാശൻ കഴിഞ്ഞ ജനുവരി നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് പ്രിയയെയും കുട്ടികളെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടികൾ രണ്ടു പേരും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുണ്യതീർഥ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ വിജയ, ഉഷ, ജയ, ബിജിലേഷ്.

ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ ജനുവരി 4ന് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പ്രകാശന്റെ മരണത്തിന് ശേഷം ഭാര്യ പ്രിയ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത് തങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്നായിരുന്നുവത്രേ. മക്കളായ പുണ്യതീർഥ, നിവേദ്യ എന്നിവർക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചപ്പോഴും പ്രിയ എല്ലാവരോടുമായ് പറഞ്ഞതും അതുതന്നെയാണ്.

കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങൽ അങ്ങാടിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാൽവ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകൾ രക്ഷിക്കാതിരിക്കാൻ വേണ്ടിയായിരുന്നെന്നും കരുതുന്നു. പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത മകളെയും പ്രിയ മാറ്റി കിടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന ഓമനമ്മയാണ് പ്രിയയെയും കുട്ടികളെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരും അയൽവാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേർത്ത് പിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

മൂവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ അപ്പോഴേക്കും മരിച്ചു. മകൾ മരിച്ചതറിഞ്ഞിട്ടും തങ്ങളെ രക്ഷിക്കരുതെന്ന് പ്രിയ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തങ്ങളെ പ്രകാശേട്ടന്റെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് നാലു മണിയോടെ പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പിൽ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്‌കരിച്ചു.

കെഎസ്ആർടിസി ബസിലെ സീറ്റിൽ കിടന്നപ്പോൾ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടർ മർദിച്ചതിൽ മനംനൊന്തു ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനി (ഷൈജു– 46) മരിച്ചു. സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ആർ.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്.

നവംബർ 20ന് തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മർദനമേറ്റെന്നു കാട്ടി അനി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടർചികിത്സയ്ക്കായി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റിൽ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടർ അപമാനിക്കുകയും വലിച്ചെഴുന്നേൽപിച്ചു മർദിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയിൽ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.

മർദനത്തെത്തുടർന്നു രോഗം വഷളായതോടെ അനിയെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു.

ഡിജിപിക്കും കെഎസ്ആർടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കൾ അഭിജിത്ത്, അഭിനന്ദ്. സംസ്കാരം പിന്നീട്.

നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ച് ഓതാനും ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷയുടെ മൊഴി. ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞെന്നായിരുന്നു നിഷയുടെ ആദ്യത്തെ മൊഴി. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക് മരിച്ച കുഞ്ഞിനെക്കൂടാതെ അഞ്ചു മക്കളുണ്ട്.

സംഭവസമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിയ്ക്ക് പോയിരുന്നു.

ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്നത് ഏഴുപേരടങ്ങുന്ന കുടുംബം

കുടുംബത്തിലെ ഏഴുപേര്‍ അഞ്ചുവര്‍ഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളില്‍തന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്.

കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോള്‍ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാര്‍ഡംഗം പറഞ്ഞു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍നിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നല്‍കിയിരുവെന്ന് അധ്യാപകര്‍ പറയുന്നു. നിഷ ഗര്‍ഭിണിയായിരുന്ന വിവരം അയല്‍വാസികളില്‍നിന്നും സ്‌കൂളിലെ അധ്യാപകരോടും മറച്ചുവെച്ചിരുന്നു. തൊട്ടടുത്ത് വീട്ടുകാര്‍പോലും നിഷ പ്രസവിച്ച വിവരം ആരുംഅറിഞ്ഞിരുന്നില്ല. കുട്ടിയുടെ ജനനം അറിയാത്ത നാട്ടുകാര്‍ ബുധനാഴ്ച 11.30-തോടെ കുട്ടി മരിച്ച വിവരമാണ് അറിയുന്നത്. ഇതോടെ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നാട്ടുകാരും വിവരങ്ങളറിയാന്‍ കൂട്ടംകൂടി.

ആദ്യം പറഞ്ഞത് പൂച്ചയുടെ കരച്ചിലെന്ന്; കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം

നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവം പുറത്തറിയാന്‍ കാരണമായത് അയല്‍വാസിയുടെ ഇടപെടല്‍. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോള്‍ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചില്‍ കേട്ട് സംശയം തോന്നിയ ഇവര്‍ അയല്‍വാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാര്‍ഡിലെ ആശാവര്‍ക്കര്‍ ശാലിനിയെ സംഭവം അറിയിച്ചു.

ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടില്‍ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കരും ചേര്‍ന്നാണ് സംഭവം പോലീസിലും പഞ്ചായത്തിലും അറിയിച്ചത്.

ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ധാരളം വിവരങ്ങൾ പുറത്തുവരുമ്പോൾ 6 മാസം ഗർഭിണിയായിരുന്ന സ്വന്തം മകൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലുമറിയാതെ ആലപ്പുഴയിൽ ഒരു മത്സ്യതൊഴിലാളി കുടുംബം. രണ്ട് വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി ചെറിയഴിക്കലിൽ നിന്ന് കാണാതായ അനിലാ ബാബു എന്ന തൃക്കുന്നപ്പുഴ സ്വദേശിയായ പെൺകുട്ടിയെ കുറിച്ച് ഇതുവരെ ഒരു വിവരവും നൽകാൻ പൊലീസിനോ ഭർതൃവീട്ടുകാർക്കോ കഴിഞ്ഞിട്ടില്ല.

രണ്ട് വർഷമായി സുധയുടെ കണ്ണുനീർ തോർന്നിട്ടില്ല. പീലിംഗ് ഷെഡിൽ പോയി പണിയെടുത്തും, ബാബുവള്ളത്തിൽ പോയി സംമ്പാദിച്ച തുച്ഛമായ വരുമാനവും ബാക്കി കടവും മേടിച്ചാണ് 2018 ജൂലൈ 11 ന് മകൾ അനില എന്ന സത്യയെ കരുനാഗപ്പള്ളി ചെറിയ അഴീക്കൽ അനിൽ ബാഹുലേയന് വിവാഹം ചെയ്ത് നൽകുന്നത്.25 പവൻ സ്വർണാഭരണമാണ് വിവാഹത്തിന് നൽകിയത്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷം സത്യയെ അനിൽ വീട്ടിൽ കൊണ്ടാക്കി. അനിലിൻ്റെ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കായിരുന്നു കാരണം. അനിൽ മദ്യപിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും, ഉപദ്രവിക്കാറുണ്ടെന്നും സത്യ അമ്മയോട് പറഞ്ഞു.പിന്നീട് മദ്യപിക്കില്ലെന്ന് ഉറപ്പിൻമേൽ അനിൽ തന്നെ സത്യയെ കൂട്ടിക്കൊണ്ട് പോയി.

ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അനില ബാബു എന്ന യുവതിയെ ഭർതൃവീട്ടിൽ നിന്നു കാണാതായത്. ഭർത്താവുമായുണ്ടായ വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നാണു ഭർതൃവീട്ടുകാരുടെ വിശദീകരണം. അനിലയെ കാണാതായിട്ട് രണ്ടരവർഷമാകുന്നു. എന്നാൽ, പിന്നീട് ഇതുവരെ പൊലീസിനോ വീട്ടുകാർക്കോ അനിലയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നും ദുരൂഹമായി തുടരുന്ന അനില ബാബുവിന്റെ തിരോധാനത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം.

മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ കോട്ടയംമുറി തൈത്തറയിൽ ബാബുവിന്റെയും സുധയുടെയും മകളാണ് അനില (27). 2018 ജൂലൈ 11ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി ബിനിൽ ബാഹുലേയനുമായി വിവാഹം കഴിഞ്ഞു. ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് 11 ദിവസത്തിനു ശേഷമാണ്, 2019 ജൂലൈ 22ന്, അനിലയെ കാണാതായത്.

സംഭവത്തെക്കുറിച്ച് അനിലയുടെ സഹോദരൻ അഖിൽ പറയുന്നു :

‘പുലർച്ചെ 4 മണിക്കാണ് ബിനിലിന്റെ വീട്ടിൽ നിന്നു ഞങ്ങളെ ഫോൺ ചെയ്തത്. പുലർച്ചെ 2 മണിക്ക് അനില വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും എല്ലായിടത്തും അന്വേഷ‍ിക്കുന്നുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. ബിനിലിന്റെ വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ഒരു തുമ്പും ലഭിച്ചില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.

ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനെത്തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ബിനിലിനെ നുണ പരിശോധനയ്ക്കു വിധേയനാക്കി. അനിലയെ കാണാതായ ദിവസം മദ്യപിച്ചു വീട്ടിലെത്തിയ ബിനിലുമായി വഴക്കുണ്ടായെന്നും അതിനെത്തുടർന്ന് അനിലയുടെ ഫോൺ എറിഞ്ഞു തകർത്തുവെന്നും മാത്രമാണ് ആകെ ലഭിച്ച വിവരം.’അനിലയെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.

അനിലയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാനാണ് ഈ കുടുംബം കാത്തിരിക്കുന്നത്. അനില വീടു വിട്ടിറങ്ങുമ്പോൾ ആഭരണങ്ങളോ വസ്ത്രങ്ങളോ എടുത്തിരുന്നില്ലെന്നു വീട്ടുകാർ പറയുന്നു. ഫോൺ ഡിസ്പ്ലേ തകർന്ന നിലയിൽ ബിനിലിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. ചെരിപ്പു പോലും ധരിക്കാതെയാണ് അനില വീടുവിട്ടുപോയതെന്ന് ഭർതൃവീട്ടുകാർ അനിലയുടെ വീട്ടുകാരോട‍ു പറഞ്ഞിരുന്നു.അനിലയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്ന‍ും കിട്ടിയില്ല.

നേരത്തെ ഒരു തവണ ബിനിലുമായി വഴക്കിട്ട് അനില‍ കുറച്ചു ദിവസം ബന്ധുവ‍ീട്ടിൽ മാറിത്താമസിച്ചെങ്കിലും പ്രശ്നം ഒത്തുതീർപ്പാക്കി വീണ്ടും ബിനിലിന്റെ വീട്ടിലെത്തിയതാണ്. ഭർതൃവീട്ടിൽ നിന്ന് എന്തെങ്കിലും ബുദ്ധ‍ിമുട്ടുണ്ട‍ായതായി അനില ബന്ധുക്കളോടൊന്നും പറഞ്ഞിട്ടുമില്ല. അന‍ിലയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യം വീട്ടുകാർക്കുണ്ട്.

സഹോദരിയുടെ വിവാഹത്തിന് അഞ്ചുനാള്‍ മാത്രം ബാക്കി നില്‍ക്കെ, സഹോദരന്‍ ജീവനൊടുക്കി. വിവാഹത്തിന് പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ മനോവിഷമത്തിലാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്.

വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.

കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്‍മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു.

എറണാകുളം ജില്ലയിലെ വൈപ്പിന്‍ നായരമ്പലത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. നായരമ്പലം സ്വദേശി അതുലാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് അതുലിന്റെ അമ്മ സിന്ധു ഇന്നലെ മരിച്ചു. 70 ശതമാനം പൊള്ളലേറ്റ അതുല്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിന്ധുവിന്റെ കുടുംബം ആരോപിക്കുന്നു. സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ട് എന്നും കുടുംബം പറയുന്നു. മരിക്കുന്നതിന് മുന്‍പ് സിന്ധു സംസാരിക്കുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. തന്നെ ശല്യം ചെയ്തിരുന്ന യുവാവിന്റെ പേരാണ് ശബ്ദരേഖയില്‍ സിന്ധു പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സിന്ധുവിന്റെ ഫോണ്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്തു.

സിന്ധുവിന്റെയും മകന്റെയും മരണത്തിന് കാരണമായത് യുവാവിന്റെ ശല്യം ചെയ്യല്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം. യുവാവിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ അറസ്റ്റ് ചെയ്‌തേക്കും. മരണം ആത്മഹത്യ ആകാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ ആണെങ്കില്‍ യുവാവിനെതിരെ പ്രേരണ കുറ്റം ചുമത്തി കേസെടുക്കും.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെയും മകനെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിന്ധുവിനെ യുവാവ് വഴിയില്‍ വച്ച് തടഞ്ഞ് നിര്‍ത്തി ശല്യപ്പെടുത്തിയിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. ശല്യം കൂടുതലായപ്പോള്‍ സിന്ധു യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

കൊച്ചിയില്‍ ഫോട്ടോഷൂട്ടിന് എത്തിയ മോഡലിന് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി സലീം കുമാറിനെ അറസ്റ്റ് ചെയ്തു.

മലപ്പുറം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്്. ഫോട്ടോഷൂട്ടിനായി കാക്കനാട് എത്തിയ യുവതിയ്ക്ക് സുഹൃത്തായ സലീം ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കി. പിന്നീട് ലോഡ്ജ് ഉടമയുടെ അറിവോടെ സലിം കുമാറും അജ്മല്‍, ഷമീര്‍, എന്നിവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

മദ്യത്തിലും പാനീയങ്ങളിലും മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയതിന് ശേഷമാണ് പീഡനം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ഡിസംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ പീഡനത്തിന് ഇരയായി എന്നാണ് കേസ്. കേസിലെ മറ്റു പ്രതികളായ അജ്മല്‍,ഷമീര്‍ എന്നിവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ് എന്നും പൊലീസ് അറിയിച്ചു.

കേസില്‍ ലോഡ്ജ് ഉടമയടക്കമുള്ളവര്‍ പ്രതികളാകുമെന്ന് സൂചനയുണ്ട്. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസ് അന്വേഷണം.

ലക്‌നൗവിൽ വിഷാദരോഗിയായ ഡോക്ടർ ഒമിക്രോൺ ഉൽക്കണ്ഠ മൂലം ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി. അതിദാരുണമായ മൂന്ന് കൊലപാതകങ്ങളാണ് കാൺപൂരിലുണ്ടായിരിക്കുന്നത്. ഒമിക്രോൺ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി തന്റെ രണ്ട് മക്കളെയും ഭാര്യയെയുമാണ് ഡോക്ടർ ഇല്ലാതാക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഡോക്ടർക്കായി പോലീസ് ശക്തമായ അന്വേഷണത്തിലാണ്.

കൊലപാതകം നടന്ന വീട്ടിൽ നടത്തിയ തിരച്ചിലിൽ ഡോക്ടറുടേത് എന്ന് കരുതുന്ന ഡയറി പോലീസിന് ലഭിച്ചിരുന്നു. ഇതിലാണ് ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്ക ഡോക്ടർ പങ്കുവെച്ചിരിക്കുന്നത്. ‘ഒമിക്രോൺ എല്ലാവരെയും കൊല്ലും, ഇനി രക്ഷപ്പെടാൻ കഴിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ ഞാൻ നിൽക്കുന്നത്, എന്റെ അശ്രദ്ധമൂലമാണ് അത് സംഭവിച്ചത്’ ഡയറിയിൽ ഇങ്ങനെയാണ് ഡോക്ടർ കുറിച്ചിരിക്കുന്നത്. ഏറെ നാളുകളായി ഇദ്ദേഹം വിഷാദരോഗം അനുഭവിക്കുകയാണെന്നാണ് വിലയിരുത്തൽ.

കാൺപൂർ ആശുപത്രിയിലെ ഫോറൻസിക് വിദഗ്ധനാണ് പ്രതിയായ ഡോക്ടർ സുഷീൽ കുമാർ. 48കാരിയായ ഭാര്യയെയും മക്കളെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. മകന് 18ഉം മകൾക്ക് പതിനഞ്ചുമാണ് പ്രായം. മൂവരെയും കൊലപ്പെടുത്തിയ ശേഷം വിവരം പോലീസിൽ അറിയിക്കാൻ ആവശ്യപ്പെട്ട് സഹോദരന് സന്ദേശമയച്ചു. സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഡോക്ടർ രക്ഷപ്പെട്ടിരുന്നു. വീട്ടിൽ നിന്നും ചോരപ്പാടുകളുള്ള ഒരു ചുറ്റിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആര്‍. രാകേഷിന്റെ (30) മുഖത്താണ് കാഞ്ചീപുരം മീനംപാക്കത്തുനിന്നുള്ള പി. ജയന്തി (27) ആസിഡ് ഒഴിച്ചത്. രാകേഷ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരു വിവാഹം കഴിച്ചതുമാണ് പ്രകോപനത്തിന് കാരണം. രാകേഷ് 18 ലക്ഷം രൂപ വാങ്ങിച്ചെടുത്തതായും ജയന്തി പരാതി നല്‍കി.

ദുബായിലെ ഒരു സ്പായില്‍ രാകേഷിനൊപ്പം ജയന്തി ജോലി ചെയ്തിരുന്നു. ജയന്തിയും രാകേഷും അവിടെ ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ജയന്തി. ജൂലായില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ രാകേഷ് മൂന്നു മാസം മുന്‍പു വിവാഹിതനായി. വിവാഹിതനായ വിവരം രാകേഷ് ജയന്തിയില്‍ നിന്ന് മറച്ചുവെച്ചിരുന്നു. ഇതിനിടെ ജയന്തിയും ചെന്നൈയിലേക്ക് മടങ്ങിയിരുന്നു.

പീളമേട്ടിലെ അപ്പാര്‍ട്‌മെന്റില്‍ എത്താന്‍ കഴിഞ്ഞ ദിവസം രാകേഷ് ജയന്തിക്ക് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് കൂടിക്കാഴ്ചയില്‍ വിവാഹം കഴിക്കാന്‍ ജയന്തി രാകേഷിനോട് ആവശ്യപ്പെട്ടു. രാകേഷ് ഇത് നിരസിക്കുകയും വിവാഹിതനായ വിവരം അറിയിക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ ബാഗില്‍ നിന്ന് ആസിഡ് ബോട്ടില്‍ എടുത്ത ജയന്തി രാകേഷിന്റെ മുഖത്തേക്ക് ഒഴിച്ചു.

രാകേഷിന് ഇടതു കണ്ണിന്റെ ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. രാകേഷിനെ ജയന്തി കത്തി ഉപയോഗിച്ച് ആക്രമിച്ചതായും പൊലീസ് അറിയിച്ചു. പിന്നീട് ജയന്തി വിഷം കഴിച്ചു. പാര്‍പ്പിട സമുച്ഛയത്തിലെ സെക്യൂരിറ്റിയാണ് ഇരുവരേയും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.

രാകേഷിന്റെ പരാതിയില്‍ ജയന്തിക്കെതിരേ പീളമേട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാകേഷ് തന്നില്‍നിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പരാതി നല്‍കി. രാകേഷിനെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഞാറയ്ക്കലിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. സമീപവാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് പൊലീസിൽ പരാതി നൽകിയ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശിയായ സിന്ധു എന്ന വീട്ടമ്മയെയാണ് ഇന്ന് പുലർച്ചെയോടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിന്ധു പിന്നീട് മരിച്ചു. സിന്ധുവിനൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ 18കാരനായ മകൻ അതുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം മരിക്കുന്നതിന് മുമ്പുള്ള യുവതിയുടെ ശബ്ദസന്ദേശം ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ സമീപവാസിയായ യുവാവിന്‍റെ പേര് പറഞ്ഞിട്ടുണ്ട്. സ്ഥിരമായി വഴിയിൽ തടഞ്ഞുനിർത്തി യുവാവ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി സിന്ധുവിന്‍റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതേത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് യുവാവിനെതിരെ സിന്ധു പൊലീസിൽ കേസ് നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സന്ധുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

എന്നാൽ സിന്ധു ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. പൊള്ളലേറ്റ സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ബന്ധുക്കളോട് പറഞ്ഞ കാര്യങ്ങൾ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണെന്നും വീട്ടുകാർ ആരോപിക്കുന്നു.

സിന്ധു പറഞ്ഞ കാര്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തു ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടാതെ വീട്ടിൽ കാർ ഷെഡ് നിർമ്മാണം നടന്നുവരികയായിരുന്നു. കാർ ഷെഡ് നിർമ്മാണ തൊഴിലാളികളോട് ഇന്ന് വീട്ടിലെത്താനും സിന്ധു ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് നൽകാനായി ഭക്ഷണം തയ്യാറാക്കുന്നതിന്‍റെ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

അതേസമയം വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിലപാട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Copyright © . All rights reserved