മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കര്‍ശന ദുഖാചരണം സംഘടിപ്പിച്ച് ഉത്തര കൊറിയ. പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ദുഖാചരണത്തില്‍ ചിരിക്കുന്നതും കരയുന്നതും ഉള്‍പ്പടെ ഒട്ടുമിക്ക എല്ലാ കാര്യങ്ങള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ന് മുതല്‍ തുടങ്ങുന്ന ദുഖാചരണത്തിന്റെ ദിവസങ്ങളില്‍ വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ പോലും ഷോപ്പിംഗിനിറങ്ങാന്‍ പാടില്ല.മദ്യപിക്കുന്നതിനും വിനോദപരിപാടികളില്‍ പങ്കെടുക്കുന്നതിനും ഇക്കാലയളവില്‍ വിലക്കുണ്ട്. ദുഖാചരണത്തിന്റെ ദിവസങ്ങളില്‍ വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ ഉറക്കെ കരയാന്‍ പാടില്ല എന്നാണ് നിയമം. ഇക്കാലയളവില്‍ ജന്മദിനവും ആഘോഷിക്കാന്‍ അനുവാദമില്ല.

മുമ്പും ഇത്തരത്തില്‍ കര്‍ശന നിയമങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമങ്ങള്‍ തെറ്റിക്കുന്നവരെ കുറ്റവാളികളായി മുദ്ര കുത്തി പോലീസ് അറസ്റ്റ് ചെയ്യുകയാണ് പതിവെന്നും ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ആര്‍ക്കും ലഭിക്കാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിന് ആവശ്യമായ രീതിയില്‍ ദുഖം പ്രകടിപ്പിക്കാത്തവരെ പിടിച്ചുകൊണ്ടുപോകാന്‍ പോലീസിന് ദുഖാചരണത്തിന്റെ കാലയളവില്‍ അനുവാദമുണ്ട്. ഇത്തരത്തിലുള്ളവരെ കണ്ടുപിടിക്കുകയാണ് ഇക്കാലയളവില്‍ പോലീസിന്റെ പ്രധാന ഡ്യൂട്ടി.

നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവാണ്‌ കിം ജോങ് ഇല്‍. 1994 മുതല്‍ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് 2011ലാണ് അന്തരിക്കുന്നത്. എല്ലാ വര്‍ഷവും പത്ത് ദിവസം ഇദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യത്ത് ദുഖം ആചരിക്കാറുണ്ട്. ഈ വര്‍ഷം പത്താം ചരമവാര്‍ഷികമായതിനാലാണ് പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദുഖാചരണം.