Crime

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ വധഭീഷണി മുഴക്കിയയാളെ പിടികൂടി. സത്യാനന്ദം(43) ആണ് അറസ്റ്റിലായത്.

‘ആരെങ്കിലും അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഞാന്‍ കൊല്ലാന്‍ തയ്യാര്‍’-എന്നായിരുന്നു ഇയാളുടെ വിവാദ പോസ്റ്റ് ഫേസ്ബുക്ക് പോസ്റ്റ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് സത്യാനന്ദം. ആര്യന്‍കുപ്പം സ്വദേശിയാണ് സത്യാനന്ദം. കോടതിയില്‍ ഹാജരാക്കിയ സത്യാനന്ദത്തെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഇയാളുടെ ഈ പോസ്റ്റിനെ കുറിച്ച് ഒരു കാര്‍ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സത്യാനന്ദത്തിന്റെ ഫേസ്ബുക്ക് ഐഡി ട്രേസ് ചെയ്തുകൊണ്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 505 (1), 505 (2) എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുക, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ദുരുദ്ദേശപരമായി ശത്രുതയും വിദ്വേഷവും പരത്താന്‍ ശ്രമിക്കുക എന്നിവയുള്‍പ്പെടുന്നതാണ് ഇയാള്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. വരന്റെ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.

കഴിഞ്ഞ മാസം 26ന് രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടംകൂടി മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് രഞ്ജിത്തിന്റെ തലയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. ശേഷം 30നു വൈകിട്ട് രഞ്ജിത്ത് മരിച്ചു.

വരന്റെ അച്ഛന്‍ നെല്‍സണ്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി മാവേലിക്കര പോലീസ് കേസെടുത്തു. നെല്‍സണ്‍ കൊല്ലത്താണ് ജോലി ചെയ്യുന്നത്. ഇവിടെയുള്ള ആളുകള്‍ ആണ് സല്‍ക്കാരത്തിന് എത്തിയത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പിറവത്ത് വനിതാ പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. മദ്യലഹരിയിലായിരുന്ന എല്‍ദോ എന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്. എല്‍ദോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പിറവം തിരുമാറാടിയില്‍ ഇന്ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്യാന്‍ എത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്.

അതിനിടെയാണ് സംഘാംഗമായ എല്‍ദോ വനിതാ എസ്‌ഐയുടെ മുഖത്തടിക്കുകയും പൊലീസ് ജീപ്പിന്റെ താക്കോല്‍ ഊരി കടന്നു കളയുകയും ചെയ്തത്.

തുടര്‍ന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എല്‍ദോയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് എല്‍ദോയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആന്ധ്രാപ്രദേശില്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. മരിച്ച രണ്ടു പെണ്‍മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി സുഹൃത്ത് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

മൂത്ത സഹോദരി അലേഖ്യയുടെ പേരില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരോ കൃത്രിമത്വം കാണിച്ചുവെന്നാണ് അലേഖ്യയുടെ സുഹൃത്ത് മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്ത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അലേഖ്യയെ ആത്മീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വളരെ യുക്തിപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുകയും പുരോഗമന ചിന്തയുള്ള പെണ്‍കുട്ടിയുമാണ് അലേഖ്യയെന്ന് മൃണാള്‍ പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണുള്ളതെങ്കിലും സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു അലേഖ്യയെന്നും സുഹൃത്ത് പറയുന്നു.

പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വസിച്ചാണ് അധ്യാപകരായ മാതാപിതാക്കള്‍ ചേര്‍ന്ന് മക്കളെ കൊലപ്പെടുത്തിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന കൊലപാതകവാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി.

കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്. ആറു മാസം മുന്‍പാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ പാല് കാച്ചല്‍ ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കള്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല.

തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തില്‍ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തില്‍ ആയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചും അമിത വേഗതയിലും പാഞ്ഞ് എടുത്തത് 22കാരന്റെ ജീവന്‍. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ചെര്‍പ്പുളശ്ശേരി നെല്ലായ മാരായമംഗലം കീഴ്‌ശ്ശേരിയില്‍ റയാനെ(45) പോലീസ് അറസ്റ്റ് ചെയ്തു.

കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് നെയ്തലയില്‍ ബൈക്ക് യാത്രക്കാരന്‍ നാട്ടുകല്‍ പണിക്കര്‍ക്കളം രതീഷ് (പാപ്പു-22)ആണ് റയാന്റെ പരാക്രമത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍, ഇയാള്‍ക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തു. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കസബ ഇന്‍സ്‌പെക്ടര്‍ പറയുന്നു.

ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. നാട്ടുകല്‍ പണിക്കര്‍ക്കളം അപ്പുക്കുട്ടന്റെയും പഞ്ചവര്‍ണത്തിന്റെയും മകനായ രതീഷ് മീനാക്ഷിപുരം ഐടിഐയില്‍ പഠനം പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം. കൃഷിക്കാരനായ റയാന്‍ കൊഴിഞ്ഞാമ്പാറയില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചത്.

അമിതവേഗത്തിലായിരുന്ന കാര്‍ കൊഴിഞ്ഞാമ്പാറ സൂര്യപ്പാറയില്‍ രണ്ടു ബൈക്കുകളില്‍ ഇടിച്ചു. തുടര്‍ന്ന് എലപ്പുള്ളി ഭാഗത്തേക്ക് സഞ്ചരിച്ച കാര്‍ നോമ്പിക്കോട്ട് മറ്റൊരു ബൈക്കിലിടിച്ചു. തുടര്‍ന്ന് നെയ്തലയില്‍വെച്ച് മൂന്ന് വാഹനങ്ങളിലിടിക്കുകയും ചെയ്തു. പിക്കപ്പ് വാനിലും കാറിലുമിടിച്ചെങ്കിലും യാത്രികര്‍ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് കസബ പോലീസ് പറയുന്നു.

എന്നാല്‍, നെയ്തലയില്‍വെച്ചുതന്നെ കാറിടിച്ച ബൈക്ക് യാത്രികന്‍ മരണപ്പെടുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ എതിരേവന്ന മറ്റൊരു കാറിലും പിക്കപ്പ് വാനിലും ഇടിച്ചശേഷം തിരിയുന്നതിനിടെയാണ് രതീഷ് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അതിദാരുണമായ അപകടമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ റയാനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സിബിഐ. കേസില്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ ശരിവെക്കുന്നതാണ് സിബിഐ കുറ്റപത്രം. 132 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. നൂറിലധികം രേഖകള്‍ പരിശോധിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നും ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും തെളിവുകള്‍ കെട്ടിച്ചമച്ചതിനും കലാഭവന്‍ സോബിക്കെതിരെയും കേസെടുക്കും.മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുമായി മരണത്തിനു ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന നിഗമനത്തില്‍ സിബിഐ എത്തിയത്.

സംഭവം കൊലപാതകമാണെന്ന് പറഞ്ഞ സാക്ഷികളിലൊരാളായ കലാഭവന്‍ സോബിക്കെതിരെ കേസെടുക്കാനും സിബിഐ നടപടി തുടങ്ങി. തെറ്റായ വിവരങ്ങള്‍ സിബിഐക്ക് നല്‍കിയതിനും തെളിവുകള്‍ കെട്ടിച്ചമച്ചതിനുമാണ് കേസെടുക്കുക. അപകടം നടന്ന സ്ഥലത്ത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കണ്ടെന്നും റൂബന്‍ തോമസിനെ തിരിച്ചറിഞ്ഞെന്നും സോബി മൊഴി നല്‍കിയിരുന്നു.കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി പ്രതികരിച്ചു

50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാടയ്ക്ക് താമസിക്കുന്ന 50കാരിയുടെ ത്രികോണപ്രണയമാണ് അടിപിടിയില്‍ കലാശിച്ചത്. കമ്പിവടിക്ക് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാറിനെ (38) ആണ് പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്തോഷ്‌കുമാറിനെ ആക്രമിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭാര്യയും വേറെ മക്കളുമുള്ള സജിമോന്‍ പത്രോസ് ചേനക്കാലായില്‍ വാടകയ്ക്കു താമസിക്കുന്ന സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ സ്ത്രീക്ക് സന്തോഷ്‌കുമാര്‍ എന്ന യുവാവുമായും ബന്ധമുണ്ടെന്ന് സജിമോന്‍ കണ്ടെത്തുകയായിരുന്നു.

ഇത് കയ്യോടെ പിടിക്കുന്നതിനായി പുറത്തു പോകുന്നതായി നടിച്ച് സജിമോന്‍ വീടിനടുത്തു തന്നെ ഒളിച്ചു നില്‍ക്കുകയായിരുന്നു. ഇതറിയാതെ സന്തോഷ്‌കുമാര്‍ വീട്ടിലെത്തി. അകത്തു കയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്ന് സന്തോഷിന് സംശയം തോന്നി.

ഇതോടെ ശുചിമുറിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ നീക്കം നടന്നില്ല. പുറത്തുവന്ന സന്തോഷിനെ സജിമോന്‍ കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷ് അബോധാവസ്ഥയിലായി.

ഡബ്ലിനില്‍ യുവാവിനെ റോഡില്‍ അക്രമിക്കുന്നത് തടയാനിടപെട്ട കൗമാരക്കാരനായ ഫുട്ബോള്‍ താരം കുത്തേറ്റു മരിച്ച ദാരുണമായ സംഭവത്തില്‍ ടേക്ക് എവേ ഡെലിവറിക്കാരനായ ബ്രസീലുകാരന്‍ അറസ്റ്റിലായി.ഫുട്ബോള്‍ താരമായ ജോഷ് ഡന്നിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ മുഖ്യപ്രതിയാണ് ഇയാള്‍. ഡബ്ലിന്‍ നോര്‍ത്തില്‍ താമസിക്കുന്ന ബ്രസീലിയന്‍ പൗരനെയാണ് സ്റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ നിന്നുള്ള ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തത്.

ഡന്‍ഡി യുണൈറ്റഡ്, ബോഹെമിയന്‍സ് എഫ്‌സി എന്നീ ഫുട്ബോള്‍ ക്ലബ്ബുകളുടെ മികച്ച താരമായിരുന്നു ജോഷ് ഡണ്‍ .ചൊവ്വാഴ്ച രാത്രി ഒന്‍പതിന് ശേഷമാണ് ഡബ്ലിനിലെ വടക്കന്‍ നഗരത്തില്‍ നടന്ന സംഭവത്തില്‍ (16)കുത്തേറ്റ് വീണത്.

ജോഷും 16കാരനായ സുഹൃത്തും നടന്നുവരുന്നതിനിടെ 23 കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ടു. ഡെലിവറി സൈക്ലിസ്റ്റിന്റെ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളാണ് ആക്രമിക്കപ്പെട്ടത്.ഈസ്റ്റ് വാളിലെ ഈസ്റ്റ് റോഡിലാണ് സംഭവം.ജോഷും സുഹൃത്തും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 23കാരനും ജോഷിനും കുത്തേറ്റത്.

ഇരുവരേയും മൂന്നുതവണ വീതമാണ് കുത്തിയത്.ഇവരെയും ഡബ്ലിനിലെ മാറ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോഷ് മരിച്ചു.23 വയസുള്ള പുരുഷന്റെ പുറകിലാണ് കുത്തേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് മോഷണ കേസില്‍ ഗാര്‍ഡ ഇദ്ദേഹത്തെ ചോദ്യം ചെയ്യും.

കൊല്ലപ്പെട്ട കൗമാരക്കാരന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും അക്രമണത്തിനിടെ സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുക മാത്രമേ ചെയ്തുള്ളുവെന്നും ഉന്നത ഗാര്‍ഡ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മറ്റ് പ്രതികളില്ലെന്നും ഇദ്ദേഹം അറിയിച്ചു.

വര്‍ഷങ്ങളായി നിരവധി പ്രശസ്ത ക്ലബ്ബുകള്‍ക്കായി കളിച്ചയാളായിരുന്നു ജോഷ്. സെന്റ് കെവിന്‍ ബോയ്സ് എഫ്‌സിയിലെ ഫുട്‌ബോള്‍ ഡയറക്ടര്‍ കെന്‍ ഡോണോ,സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പ് ,ബോഹെമിയന്‍സ് എഫ്‌സി ടോള്‍ക റോവേഴ്‌സ് എഫ്‌സി തുടങ്ങിയ നിരവധി ക്ലബുകളും സംഘടനകളും ആദരാഞ്ജലിയും അനുശോചനവുമറിയിച്ചു.

ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തില്‍ യുവതി കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍. പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ് ഇന്നലെ രാവിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പാവുമ്പയിലെ കുടുംബവീട്ടില്‍ നിന്ന് പലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിജയലക്ഷ്മിയെ കാണാഞ്ഞ് രാവിലെ ബന്ധുക്കള്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും മറ്റേതെങ്കിലും ക്ഷേത്രത്തില്‍പോയതായിരിക്കാം എന്ന കണക്കു കൂട്ടലിലില്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നു വിലയിരുത്തുന്നതായി പൊലീസും വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള മനോവ്യഥയിലായിരുന്നു യുവതി. പ്രണയിച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിവാഹ ശേഷം ചില കേസുകളില്‍ ഇയാള്‍ അറസ്റ്റിലുമായി. തുടര്‍ന്ന് ഭര്‍ത്താവിനെ സ്ഥലത്തു നിന്നു മാറ്റിയാല്‍ മാറ്റമുണ്ടായേക്കും എന്നു കരുതിയാണ് ബെംഗളുരുവിലേയ്ക്കു കൊണ്ടു പോയത്. അവിടെയും മോശം സ്വഭാവം തുടര്‍ന്നതോടെ നാട്ടിലേയ്ക്കു തിരികെ പോരുകയായിരുന്നത്രെ. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ വീണ്ടും ജയിലിലായതോടെയാണ് യുവതി കടുത്ത ദുഃഖത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മരണച്ചിറ എന്നറിയപ്പെടുന്ന ഈ കുളത്തില്‍ നേരത്തെ നിരവധിപ്പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആഴത്തില്‍ കുഴിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഏതുസമയത്തും വെള്ളമുണ്ട്. നൂറനാട് പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് നിഗമനം.

ബസിന് അടിയിലേയ്ക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം നടന്നത്. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടിഎം ബേബിയുടെ മകന്‍ വിബി രാജേഷ് (37) ആണ് മരിച്ചത്. കോട്ടയം നഗരത്തില്‍ കോഴിചന്തയ്ക്കു സമീപമാണ് അപകടമുണ്ടായത്

ഇന്നു രാവിലെ 8.30 ന് ആയിരുന്നു അപകടം. കോട്ടയംപൂവന്തുരുത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് അടിയിലേക്കാണു രാജേഷ് വീണത്. ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ബസിനടിയിലേക്ക് വീണത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിക്കുന്നു. അതേസമയം, അപകടം നടന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ചന്തയുടെ ഭാഗത്ത് പലപ്പോഴും കാണാറുണ്ടായിരുന്നയാളാണ് രാജേഷ്. അവിവാഹിതനാണ് രാജേഷ്. അമ്മ: എം.കെ. രാധാമണി. ബസിന് അടിയിലേക്ക് രാജേഷ് വീഴുന്നതാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് സ്ഥലത്തെ കടയുടമകള്‍ പറയുന്നു. ഇവര്‍ ഒച്ച വച്ചെങ്കിലും അതിനു മുന്‍പു തന്നെ ബസിന്റെ പിന്‍ചക്രങ്ങള്‍ ശരീരത്തില്‍ കയറിയിരുന്നു. മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കും. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Copyright © . All rights reserved