Crime

തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്.

നവംബര്‍ പത്തിന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വാടാനപ്പള്ളിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന കയ്പമംഗലം സ്വദേശിനി രമയാണ് ആക്രമിക്കപ്പെട്ടത്. സ്കൂട്ടറില്‍ ചവിട്ടിയ ഉടനെ രമ നിലത്തുവീണു. ഈ സമയം, കഴുത്തിലെ മാല പൊട്ടിച്ചോടുകയായിരുന്നു അക്രമി സംഘം. ഒട്ടേറെ സ്ഥലങ്ങളിലെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അക്രമികള്‍ എത്തിയ ബൈക്ക് തിരിച്ചറിഞ്ഞു. ബൈക്കിന്റെ നമ്പര്‍ പിന്‍തുടര്‍ന്നാണ് പ്രതികളിലേക്ക് എത്തിയത്. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്.

പെരിഞ്ഞനത്തും വലപ്പാടും സ്ത്രീകള്‍ നടത്തുന്ന കടകളില്‍ കയറി മുളകുപൊടിയെറിഞ്ഞ് മാല അപഹരിച്ചതും ഇതേസംഘമാണ്. മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റിടങ്ങളിലും മോഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്നു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി രാഹുൽ രാജ് (24) ആണ് മരിച്ചത്.

ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് രാഹുൽ രാജിനെ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയാണ്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചനിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

അതേസമയം, താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കരുതിക്കൂട്ടി വരുത്തിവെച്ച അപകടമാണോ എന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. താന്‍ സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിന്നു. കാര്‍ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാന്‍ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്- ഖുശ്ബു കുറിക്കുന്നു.

പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച് ഉത്തർപ്രദേശിൽ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരൾ ചൂഴ്ന്നെടുത്തു. 1500 രൂപ പ്രതിഫലം വാങ്ങി കൊടുംക്രൂരത കാട്ടിയ പ്രതികൾ, ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ കൊലപ്പെടുത്തിയത്. ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുൽ, ബീരാൻ എന്നിവരടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാൻപുരിലെ ഗതംപുരിലുള്ള ഭദ്രസ് ഗ്രാമത്തിലാണു ഞെട്ടിക്കുന്ന സംഭവം. പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: വർഷങ്ങളായി മക്കളില്ലാത്ത ദമ്പതികൾ പെൺകുട്ടിയുടെ കരൾ സംഘടിപ്പിക്കാൻ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാൾ ബീരാനെ ഒപ്പം കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് 1000 രൂപയുമായിരുന്നു പ്രതിഫലം. 14ന് ദീപാവലി ദിവസം രാത്രിയാണു കൃത്യം നടത്തിയത്. തൊട്ടടുത്ത കടയിൽനിന്നു സാധനം വാങ്ങാൻ പോയതായിരുന്നു കുട്ടി. പടക്കം വാങ്ങിത്തരാമെന്നു പറഞ്ഞ് അങ്കുലും ബീരാനും കുട്ടിയെ കൂടെക്കൂട്ടി. ഇരുവരും മദ്യലഹരിയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡിപ്പിച്ചു. തുടർന്നു കൊലപ്പെടുത്തിയശേഷം കരൾ ചൂഴ്ന്നെടുത്തു മൃതദേഹം ഉപേക്ഷിച്ചു കടന്നു. ഇവർ കൊണ്ടുവന്ന കരളിന്റെ കുറച്ചു ഭാഗം ദമ്പതികൾ കഴിച്ചു. ബാക്കി നായ്ക്കൾക്കു കൊടുത്തു.

കടയിൽ പോയ കുഞ്ഞ് ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോൾ വീട്ടുകാർ അന്വേഷണം തുടങ്ങി. പിറ്റേന്നു കാലത്താണു ഗ്രാമത്തിലെ കാളിക്ഷേത്രത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. ദുർമന്ത്രവാദം നടന്നതായി ആരോപണം ഉയർന്നെങ്കിലും തിങ്കളാഴ്ച രാത്രി വൈകിയാണു പൊലീസ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. പെൺകുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ യുപി സർക്കാർ സഹായധനം പ്രഖ്യാപിച്ചു.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ
ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായും അതിനു വഴങ്ങാത്തതിനെത്തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കഴിഞ്ഞ ദിവസം ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും താന്‍ അതിന് ഇരയാവുകയാണെന്നും എഴുതി നല്‍കിയ വിശദീകരണത്തില്‍ ശിവശങ്കര്‍ പറഞ്ഞു. ഇതിനെ ഇഡി കോടതിയില്‍ എതിര്‍ത്തു. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഡി അഭിഭാഷകന്‍ അറിയിച്ചു. ശിവശങ്കര്‍ ദുരുദ്ദേശ്യപരമായാണ് ഇത്തരം വാദം ഉയര്‍ത്തുന്നതെന്നും ഇഡി നിലപാടെടുത്തു.

സ്വപ്‌നയുമായുള്ള വാട്ട്‌സ് ആപ്പ് ചാറ്റ് വിവരങ്ങള്‍ എന്ന പേരില്‍ ഇഡി നുണ പ്രചരിപ്പിച്ചെന്ന് ശിവശങ്കര്‍ ആരോപിച്ചിരുന്നു. ബാഗ്ഗജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഓഫിസറെ വിളിച്ചു എന്നതും നുണയാണ്. സ്വര്‍ണം അടങ്ങിയ ബാഗ്ഗജ് വിട്ടുകിട്ടാന്‍ ഒരു കസ്റ്റംസ് ഓഫിസറെയും വിളിച്ചിട്ടില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശിവശങ്കര്‍ വിശദീകരണത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ ലക്ഷ്യമെന്ന്, ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസില്‍ ഇഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു.

സ്വര്‍ണക്കടത്തു കേസിലെ എന്‍ഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകള്‍. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എൻജിനീയർ അറസ്​റ്റിൽ. ജലസേചന വകുപ്പിലെ ജൂനിയർ എൻജിനീയറെയാണ്​ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തത്​. അഞ്ച്​ മുതൽ 16 വയസു വരെയുള്ള കുട്ടികളെയാണ്​ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്​. കഴിഞ്ഞ 10 വർഷത്തിനിടെയായിരുന്നു പീഡനം.

കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാൾ ഓൺലൈനായി വിൽക്കുകയും ചെയ്​തു. ചിത്രകൂട്ട്​, ബാണ്ഡ, ഹാമിർപുർ തുടങ്ങിയ ജില്ലകളിലായാണ്​ സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. ബാണ്ഡയിൽ നിന്നാണ്​ സി.ബി.ഐ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​. ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

ജൂനിയർ എൻജിനീയറുടെ വീട്ടിൽ നടത്തിയ റെയ്​ഡിൽ മൊബൈൽ ഫോണുകളും എട്ട്​ ലക്ഷം രൂപയും ​കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്​ടോപ്പും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്​.

പ്രമുഖ നേത്ര, ദന്ത ചികിത്സാ ശൃംഖലയായ വാസന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. എഎം അരുണിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 51 വയസായിരുന്നു. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്, എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

ബന്ധുക്കളുെട ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ദുരൂഹ മരണത്തിന് പോലീസ് കേസ് ഫയല്‍ ചെയത് അന്വേഷണം ആരംഭിച്ചു. 2002 ല്‍ തമിഴ്നാട് തിരിച്ചുറപ്പള്ളിയിലാണ് വാസന്‍ ഐ കെയര്‍ ആരംഭിക്കുന്നത്. നിലവില്‍ രാജ്യത്തുടനീളം 100ല്‍ അധികം ശാഖകളാണ് വാസന്‍ ഹെല്‍ത്ത് കെയറിനുള്ളത്. നേരത്തെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് വകുപ്പിന്റെയും പരിശോധന നടന്നിരുന്നു.

തുടര്‍ന്ന് അരുണിനും ഭാര്യ മീരയ്ക്കുമെതിരെ കഴിഞ്ഞ വര്‍ഷം മദ്രാസ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഡോക്ടര്‍ അരുണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ കുഞ്ചത്തൂർപദവിൽ ബൈക്ക് മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹവും ബൈക്കും റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇതാണ് അപകടമരണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.

ദേശീയപാതയോരത്ത് മരിച്ചനിലയിലാണ് കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയിലായി. ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കർണാടക സ്വദേശി അല്ലാബാഷ (23) എന്നിവരാണ് പിടിയിലായത്. അംഗപരിമിതനാണ് കൊല്ലപ്പെട്ട ഹനുമന്ത.

കൊലപാതകത്തെ കുറിച്ച് പോലീസ് കണ്ടെത്തിയതിങ്ങനെ: ഭാഗ്യയും അല്ലാബാഷയും തമ്മിലുണ്ടായിരുന്ന വഴിവിട്ട സൗഹൃദം ഭാഗ്യയുടെ ഭർത്താവായ ഹനുമന്ത വിലക്കിയിരുന്നു. ഈ വിഷയത്തിൽ ഇവർ വഴക്കടിക്കുന്നതും തർക്കങ്ങളും നിത്യക്കാഴ്ചയായിരുന്നു.

പിന്നീട് ഹനുമന്തയെ ഇല്ലാതാക്കി സൗഹൃദം തുടരാൻ ഭാഗ്യയും അല്ലാബാഷയും തീരുമാനിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അല്ലാബാഷയും ഭാഗ്യയും ചേർന്ന് ഹനുമന്തയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലയ്ക്ക് ഒരാഴ്ച മുമ്പും ഹനുമന്തയും ഭാര്യയും വഴക്കിട്ടിരുന്നു.

നവംബർ അഞ്ചാം തീയതി പുലർച്ചെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് വീട്ടിലെത്തിയ ഹനുമന്തയെ മർദ്ദിച്ച് അവശനാക്കി കീഴ്‌പ്പെടുത്തിയ ശേഷം അല്ലാബാഷ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരണ വെപ്രാളത്തിൽ ഹനുമന്ത കാലുകൾ നിലത്തിട്ടടിക്കുമ്പോൾ ഭാഗ്യ കാലുകൾ അമർത്തിപ്പിടിച്ച് കൊലപാതകത്തിൽ പങ്കാളിയായെന്നും പോലീസ് പറയുന്നു.

ഹനുമന്തയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാമുകന്റെ ബൈക്കിനു പിറകിൽ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം സഞ്ചരിച്ച് കുഞ്ചത്തൂർപദവിൽ എത്തിച്ചു. ഇവിടെവെച്ച് മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കാൻ കാരണമായതെന്നും സൂചനയുണ്ട്.

ശേഷം അപകടമരണമാണ് എന്ന് വരുത്തി തീർക്കാനായി ഹനുമന്തയുടെ സ്‌കൂട്ടർ ഇവിടെ കൊണ്ടുവന്ന് മറച്ചിടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടത്തിയതിനാൽ മരണകാരണം അപകടമല്ലെന്ന് തെളിയുകയായിരുന്നു. ഇതാണ് ഭാഗ്യയേയും അല്ലാബാഷയേയും കുടുക്കിയത്. മഞ്ചേശ്വരം പോലീസാണ് അന്വേഷണം നടത്തുന്നത്.

എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായലിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ കരുമാലൂര്‍ സ്വദേശി സബീന (35) മരിച്ചു. ഭാര്യയുടെ വിയോഗം അറിയാതെ, ഭര്‍ത്താവ് സലാം ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ് കാര്‍ നിയന്ത്രണം വിട്ട് കായലില്‍ വീണത്. കാറിന്റെ ഡോര്‍ തുറന്ന് സലാം ഭാര്യയുമായി പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും, ആഴവും മൂലം ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.

തുടര്‍ന്ന് ഭാര്യയുടെ പിടിവിട്ട് പോവുകയായിരുന്നു. സബീന മുങ്ങിമരിച്ചു. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ എത്തിയാണ് സലാമിന്റെ ജീവന്‍ രക്ഷിച്ചത്. വിവരമറിഞ്ഞ് മുനമ്പം എസ്‌ഐ റഷീദിന്റെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു.

പ്രശസ്ത തമിഴ് സീരിയൽ താരത്തിനെ വെട്ടിക്കൊന്നു. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച സെൽവരത്‌ന(41)മാണ് കൊലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. സെൽവരത്‌നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പൊലീസിനെ അറിയിച്ചത്.

പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ അഭിനയിക്കുന്ന സെൽവരത്‌നം ശ്രീലങ്കൻ അഭയാർത്ഥിയാണ്.ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെൽവരത്‌നം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു.

ഞായറാഴ്ച രാവിലെ 6.30 ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved