Crime

വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി. ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടായെന്നും കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടതായും നടി ഹൈക്കോടതിയില്‍ പറഞ്ഞു. ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വിചാരണകോടതി തടഞ്ഞില്ലെന്നും സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വരെ ചോദ്യങ്ങളുണ്ടായെന്നും കോടതിയില്‍ തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നതായും താരം കൂട്ടിച്ചേര്‍ത്തു.

അനേകം അഭിഭാഷകര്‍ കോടതിയിലുണ്ടായിരുന്നു. എട്ടാം പ്രതി ദിലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നില്‍ വെച്ചാണ് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടി വന്നത്. ചില ചോദ്യങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തിയപ്പോഴും അത് തടയാന്‍ കോടതി തയ്യാറായില്ലെന്നും ആക്രമിക്കപ്പെട്ട നടി തുറന്നടിച്ചു.

അതേസമയം, എന്തുകൊണ്ട് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്ന് നടിയോട് ഹൈക്കോടതി ആരാഞ്ഞു. എല്ലാത്തിലും എതിര്‍പ്പ് ഫയല്‍ ചെയ്യേണ്ടെന്ന് തോന്നിയെന്നും എന്നാല്‍ അത് തെറ്റായെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിനുള്ളില്‍ ഡ്യൂട്ടിഫ്രീ ഷോട്ട് ആരംഭിക്കുന്നതിനുള്ള പണി നടക്കുന്ന മുറിക്ക് ഉള്ളില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലാക്കിയിരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് പിടിയിലാകുമെന്ന ഭയത്തില്‍ സ്വര്‍ണ്ണം ഉപേക്ഷിച്ചതായിരിക്കുമെന്നാണ് സൂചന. സ്വര്‍ണ്ണം കടത്തിയ ആളിനെ കണ്ടെത്തുന്നതിന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു വരികയാണ്.

കൊല്ലത്ത് നിന്നും കോട്ടയം വൈക്കത്ത് എത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത. കൊല്ലം അഞ്ചൽ സ്വദേശി അമൃത, കടമകുളം സ്വദേശി ആര്യ എന്നിവർ വീട്ടിൽ നിന്നും ഇറങ്ങിയത് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്നു പറഞ്ഞായിരുന്നു. നവംബർ 13നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും.

തീവ്രമായ സൗഹൃദത്തിലായിരുന്ന ആര്യയും അമൃതയും ഒരുമിച്ചായിരുന്നു എപ്പോഴും. വിദേശത്ത് ജോലിചെയ്യുന്ന അമൃതയുടെ പിതാവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ ക്വാറന്റീൻ സൗകര്യത്തിനായി അമൃത ആര്യയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 12 ദിവസത്തോളം ആര്യയുടെ വീട്ടിലാണ് അമൃത താമസിച്ചത്. ഇതിനിടെ അമൃതയുടെ പിതാവ് വിവാഹാലോചനകളും ആരംഭിച്ചിരുന്നു.

എന്നാൽ, വിവാഹം കഴിഞ്ഞാൽ കൂട്ടുകാരിയെ വേർപിരിയേണ്ടിവരുമെന്ന വിഷമത്തെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

കൊല്ലത്ത് നിന്നും ശനിയാഴ്ച രാത്രിയോടെയാണ് വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ വൈക്കത്ത് എത്തിയത്. പിന്നീട് പെൺകുട്ടികൾ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് ആറ്റിലേക്കെ എടുത്ത് ചാടുകയായിരുന്നു. രണ്ടു പേർ ആറ്റിൽ ചാടിയെന്ന് സമീപത്തെ കുട്ടികളാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. പിന്നാലെ പോലീസും മുങ്ങൽ വിദഗ്ധരടക്കമുള്ളവരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

പിന്നീട് തെരച്ചിൽ പുനരാരംഭിച്ചതോടെ തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.

പരപുരുഷ ബന്ധം തുടര്‍ന്ന അമ്മയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മകന്റെ ക്രൂരത. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് ദാരുണ സംഭവം. പരപുരുഷന്മാരുമായി അമ്മയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയതെന്ന് ഷിഗോണ്‍ പോലീസ് പറയുന്നു. ഒരു പുരുഷനുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും എന്നാല്‍ അത് അംഗീകരിക്കാത്ത മകന്‍ അമ്മയ്ക്ക് ഒരുപാട് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് കുറ്റപ്പെടുത്തിയതായും കുടുംബാംഗങ്ങളും ആരോപിച്ചു.

വിഷയത്തില്‍ അമ്മയുമായി തര്‍ക്കിച്ച മകന്‍ തുടര്‍ന്ന് ബലാത്സംഗ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാല്‍പ്പതുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. 15 വര്‍ഷം മുമ്പാണ് സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. മകനൊപ്പം വാനഹള്ളിയില്‍ താമസിച്ചിരുന്ന സ്ത്രീ അതേ പ്രദേശത്തുള്ള ഒരാളുമായി അടുപ്പത്തിലാവുകയായിരുന്നു.

പ്രദേശവാസികളാണ് സ്ത്രീക്ക് പരപുരുഷന്മാരുമായി ബന്ധങ്ങളുണ്ടെന്ന് മകനോട് പറഞ്ഞത്. മുമ്പും സമാനമായ കാരണങ്ങള്‍ക്ക് അമ്മയുമായി പ്രതി വഴക്കിട്ടിരുന്നു. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. അതേസമയം, കാമുകനുമായുള്ള ബന്ധം തുടരുമെന്ന് സ്ത്രീ മകനോട് പറഞ്ഞു. തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

മുംബൈ: ദീപാവലി ദിവസം മലയാളികളെ കണ്ണീരിലാഴ്‌ത്തി മഹാരാഷ്ട്രയിലെ മലയാളികളുടെ മരണ വാര്‍ത്ത. നവി മുംബയില്‍ ഇന്ന് പുലര്‍ച്ചയൊണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അഞ്ച് പേര്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.

എട്ടു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സത്താറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നവി മുംബൈ സ്ഥിരതാമസമാക്കിയ മലയാളികളായ ദിവ്യ മോഹന്‍(30), ദീപാ നായര്‍(32) ലീലാ മോഹന്‍ (35) ഇവര്‍ ന്യൂ മുംബൈയിലെ വാശി സെക്ടറില്‍ താമസിക്കുന്നവരാണ്.

മോഹന്‍ വേലായുധന്‍ (59), സിജിന്‍ ശിവദാസന്‍ (8) ദീപ്തി മോഹന്‍ (28) ഇവര്‍ കോപ്പര്‍ കിര്‍ണ സ്വദേശികളാണ്. സജ്ജുന മധുസൂദനന്‍ നായര്‍(15) വാശി സെക്ടര്‍, ഡ്രൈവര്‍ റിങ്കു ഗുപ്ത(30) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.

നവി മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പാലത്തില്‍ നിന്ന് നദിയിലേക്കു മറിയുകയായിരുന്നു. പുണെ ബെംഗളൂരു ഹൈവേയിലെ സത്താറയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം.ഡ്രൈവര്‍ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

സത്താരായ്ക്കും കരാടിനും ഇടയ്ക്കുള്ള ദേശീയപാതയിലാണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കരാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വൈക്കത്ത് ആറ്റില്‍ ചാടിയ യുവതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. കഴിഞ്ഞദിവസം വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെച്ച തെരച്ചിലാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികള്‍ മുറിഞ്ഞപ്പുഴ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടിയത്. പാലത്തിന് സമീപം താമസിക്കുന്നവരാണ് യുവതികള്‍ ആറ്റില്‍ ചാടിയ വിവരം പോലീസിനെ അറിയിച്ചത്.

പോലീസും അഗ്‌നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ രാവിലെ മുങ്ങല്‍ വിദഗ്ധരുടെയും മറ്റ് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വീണ്ടും തിരച്ചില്‍ ആരംഭിച്ചത്.

കഴിഞ്ഞദിവസം കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ആറ്റില്‍ ചാടിയതെന്നാണ് സംശയം. പാലത്തിന് സമീപത്തുനിന്ന് ഇവരുടെ തൂവാലയും ചെരിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കുടുംബത്തിലെ മൂന്നു പേരെ വെടിവച്ചു കൊന്ന കേസിലെ 3 പ്രതികളെ മഹാരാഷ്ട്രയിലെ സോലാപൂരിൽ ചെന്നൈ പൊലീസ് കാർ പിന്തുടർന്നു സാഹസികമായി പിടികൂടി. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ജയമാല ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നു

പിടിയിലായ പ്രതികളെ ചെന്നൈയിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്യും. നഗരത്തെ ഞെട്ടിച്ച് ബുധനാഴ്ച രാത്രിയാണു പണമിടപാടു സ്ഥാപനം നടത്തുന്ന ദിലീപ് ചന്ദ്, ഭാര്യ പുഷ്പ ഭായ്, മകൻ ശീതൾ കുമാർ എന്നിവരെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതൾ കുമാറും ഭാര്യ ജയമാലയും പിരിഞ്ഞു താമസിക്കുകയാണ്. ജീവനാംശമായി 5 കോടി ആവശ്യപ്പെട്ടതിനാൽ ഇരു കുടുംബങ്ങൾക്കിടയിൽ തർക്കമുണ്ട്. പ്രശ്നം പറഞ്ഞു തീർക്കാനെത്തിയ ജയമാലയും സഹോദരന്മാരുമുൾപ്പെടുന്ന സംഘമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു നിർണായക തുമ്പ് ലഭിച്ചത്.

ജയമാലയുടെ സഹോദരൻ കൈലാഷ് (32), സുഹൃത്തുക്കളായ കൊൽക്കത്ത സ്വദേശി രവീന്ദ്രനാഥ ഖേർ (25), പുണെ സ്വദേശി വിജയ് ഉത്തം (28) എന്നിവരെയാണു പിടികൂടിയത്. രാത്രി പി.ജവഹറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസ് സ്പെഷൽ ടീം കാറിൽ പോകുമ്പോൾ എതിർ ദിശയിലേക്കു പോയ കാറിൽ പ്രതികളോടു സാമ്യമുള്ളവരെ കണ്ടു. ഉടൻ വാഹനം തിരിച്ചു കാറിനെ പിന്തുടർന്ന പൊലീസ് സംഘമാണു പിടികൂടിയത്. പ്രതികളിൽനിന്നു തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ജയമാല, പുണെയിൽ അഭിഭാഷകനായ സഹോദരൻ വിലാസ്, ഇയാളുടെ കൂട്ടാളി എന്നിവരെയാണു ഇനി പിടികൂടാനുള്ളത്.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്താണു സംഘം പുണെയിൽനിന്നു ചെന്നൈയിലെത്തിയതെന്നു പൊലീസ് അറിയിച്ചു ആയുധങ്ങൾ പുണെയിൽനിന്നു കൊണ്ടുവന്നതാണ്. ജയമാലയെ ശീതളും കുടുംബവും അപമാനിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കൈലാസ് പറഞ്ഞു. ജാതിയും കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയും പറഞ്ഞു നിരന്തരം കളിയാക്കി. ഇതാണു ഇരുവരും പിരിയാൻ കാരണം.

രണ്ടു പെൺകുട്ടികളെ വളർത്താനായാണു 5 കോടി നഷ്ടപരിഹാരം ചോദിച്ചത്. എന്നാൽ, ശീതളിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതു പ്രകോപനമായി. ഇതിനെത്തുടർന്നാണു കൊലപ്പെടുത്താൻ തീരുമാനിച്ചത്. മൂന്നു പേരെയും വെടിവച്ചു കൊന്നതു താനും സുഹൃത്തും ചേർന്നാണെന്നും 5 റൗണ്ട് വെടിയുതിർത്തെന്നും കൈലാസ് പറഞ്ഞു. സംഭവത്തിനു ശേഷം 2 കാറിലാണു തങ്ങൾ രക്ഷപ്പെട്ടതെന്നും പൊലീസിനു മൊഴി നൽകി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബ്രിട്ടനിലെ ചരിത്രത്തിലെ തന്നെ ക്രൂരനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിപ്പർ പീറ്റർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ലോറിഡ്രൈവർ ആയിരുന്ന പീറ്റർ 1975 മുതൽ 80 വരെയുള്ള കാലഘട്ടത്തിൽ 13 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. പീറ്ററിൻെറ ഇരകൾ യോർക്ക്ഷെയർ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ നിന്നുള്ളവരായിരുന്നു. 13 കൊലപാതകങ്ങൾ കൂടാതെ ഏഴ് സ്ത്രീകളെ കൊലപ്പെടുത്താനുള്ള ശ്രമത്തിനും ആണ് പീറ്റർ ആജീവനാന്തകാലം അഴിയറക്കുള്ളിലായത്. നാല് കുട്ടികളുടെ അമ്മയായ വിൽമ മക്കാനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണ് പീറ്റർ കൊലപാതക പരമ്പരകൾ ആരംഭിച്ചത്. കൊലയാളിയുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയ പലരും മാരകമായ ശാരീരികപ്രശ്നങ്ങളുമായാണ് ശിഷ്ഠകാലം ജീവിച്ചത്. വേശ്യകളെ കൊല്ലാനുള്ള ദൈവത്തിൽനിന്നുള്ള പ്രത്യേക ദൗത്യത്തിലാണ് താനെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. കൊലയാളിയുടെ ഇരകളിൽ ചിലരൊക്കെ ലൈംഗിക തൊഴിലാളികളായിരുന്നു. 16 നും 45 നും ഇടയിൽ പ്രായമുള്ള ഇരകളിൽ 2 യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നു.

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലയാളിയായി പീറ്റർ ശിക്ഷിക്കപ്പെട്ടതിനുശേഷവും അയാളുടെ മുൻ ഭാര്യ സോണിയ സട്ട്ക്ലിഫ് ഭർത്താവിനൊപ്പം നിന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൊലപാതക പരമ്പരകളുടെ സമയത്ത് പീറ്ററിൻെറ ഭാര്യയായിരുന്ന സോണിയ ഒരിക്കൽ പോലും ഈ സംഭവങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. അവർ പലപ്പോഴും പീറ്ററിനെ ജയിലിൽ തൻെറ രണ്ടാം വിവാഹ ശേഷവും സന്ദർശിച്ചത് വാർത്തയായിരുന്നു.

ബ്രിട്ടനിലെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകിയുടെ മരണത്തിൽ താൻ ഒരു തുള്ളി കണ്ണുനീർ പോലും ഒഴുക്കുന്നില്ലന്നാണ് കൊലയാളിയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥൻ ബോബ് ബ്രിഡ്‌ജസ്റ്റോക്ക് അഭിപ്രായപ്പെട്ടത്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽകൂടി എം.സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ എംഎൽഎ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. അതേസമയം 42 കേസുകളിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഇന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

മുമ്പ് മറ്റ് കേസുകളിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദ്ദീന്റെ വാദം. കേസിൽ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരിക്കുന്നതെന്ന് കോടതി മറുപടി നൽകി.

ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽ. തട്ടിയെടുത്തെന്നാണ് കേസ്. നിലവിൽ 128 ഓളം കേസുകളാണ് എം.സി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. കാസർഗോഡ് ഹോസ്ദുർഗ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നു. കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കുമാർ ആണ് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചത്.

പ്രത്യേക ഫോൺ നമ്പർ ഉപയോഗിച്ചാണ് എംഎൽഎയുടെ പിഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് നമ്പർ സംഘടിപ്പിച്ചത്. ജനുവരി 28ന് പത്തനാപുരത്തുനിന്നാണ് ഭീഷണിപ്പെടുത്തിയത്. ഉന്നതർ ഇടപ്പെട്ട് ഗൂഢാലോചന നടന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

കേസിലെ സാക്ഷിയായ കോട്ടിക്കുളം സ്വദേശിയായ വിപിൻലാലാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ വിളിച്ച മൊബൈൽ ഫോണിന്റെ സിം എടുത്തത് തിരുനെൽവേലിയിൽ നിന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved