Kerala

വ്യാജ ഐ.പി.എസുകാരന്‍ ചമഞ്ഞ് ബാങ്കുകളെ പറ്റിച്ച വിപിന്‍ കാര്‍ത്തിക് അവസാനം പിടിക്കപ്പെട്ടു. തലശേരിക്കാന്‍ വിപിന്‍ കാര്‍ത്തിക് പൊലീസിനെ നിര്‍ത്താതെ ഓടിച്ചത് രണ്ടാഴ്ച. അമ്മ ശ്യാമള വേണുഗോപാലിനെ ഒക്ടോബര്‍ 27നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പന്ത്രണ്ടു കാറുകള്‍ വാങ്ങി മറിച്ചുവിറ്റു. വായ്പ അടച്ചതായി ബാങ്കിന്റെ വ്യാജ രേഖയുണ്ടാക്കി ആര്‍.ടി. ഓഫിസില്‍ നല്‍കിയ ശേഷമായിരുന്നു കാറുകള്‍ മറിച്ചുവിറ്റത്. മലപ്പുറത്തെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ ഇന്‍സ്പെക്ടറെ വിളിച്ച് ഐ.പി.എസുകാരനാണെന്ന് പരിചയപ്പെടുത്തി സ്വാധീനിച്ചു. സംശയം തോന്നിയ ഇന്‍സ്പെക്ടര്‍ ഗുരുവായൂര്‍ പൊലീസിനെ അറിയിച്ചതോടെ വിപിന്‍ കാര്‍ത്തിക്കിന്‍റെ ഐ.പി.എസ്. ജീവിതം പൊളിഞ്ഞു.

രണ്ടാഴ്ച വിപിന്‍ കാര്‍ത്തിക് ഒളിവില്‍ കഴിഞ്ഞത് പാസഞ്ചര്‍ ട്രെയിനുകളിലായിരുന്നു. കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിദിനം പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തു. ട്രെയിനില്‍ തന്നെ അന്തിയുറങ്ങി. പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. കേരളത്തിലെ പലരേയും ഫോണില്‍ വിളിച്ച് പണം ചോദിച്ചു. ഗോഹട്ടിയിലേക്ക് പോകണമെന്നും ഇരുപത്തിയ്യായിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ, പണം ചോദിച്ച് വിളി ലഭിച്ചയാള്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രനെ ഫോണില്‍ വിളിച്ചു. വ്യാജ ഐ.പി.എസുകാരന്‍റെ പുതിയ നമ്പര്‍ നല്‍കി. ഡി.ഐ.ജിയാകട്ടെ സൈബര്‍ സെല്ലിനു നമ്പര്‍ കൈമാറി. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയെ വിളിച്ച് പ്രത്യേക സംഘത്തെ പിടികൂടാന്‍ നിര്‍ദ്ദേശിച്ചു.

കോയമ്പത്തൂരിലായിരുന്ന വിപിന്‍ കാര്‍ത്തിക്കിനോട് പണം വാങ്ങാന്‍ പാലക്കാട് ചിറ്റൂരില്‍ എത്താന്‍ സുഹൃത്ത് പറഞ്ഞു. ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അങ്ങനെ പറ‍ഞ്ഞത്. രാത്രി പതിനൊന്നു മണിയോടെ ചിറ്റൂരില്‍ എത്തി. ടാക്സി കാറിലായിരുന്നു വരവ്. ടാക്സി കാറിന്‍റെ നമ്പര്‍ സുഹൃത്തിനോട് വിപിന്‍ പറഞ്ഞിരുന്നു. ഈ സുഹൃത്താകട്ടെ ഡി.ഐ.ജിയോട് കാറിന്‍റെ നമ്പറും പറഞ്ഞു. അങ്ങനെ, പൊലീസ് കാത്തുനിന്നു. സുഹൃത്തിന്‍റെ അടുത്ത് എത്തിയ ഉടനെ പൊലീസ് സംഘത്തെ കണ്ട വിപിന്‍ റോഡിലൂടെ ഓടി. പിന്നാലെ പൊലീസും ഏകദേശം രണ്ടു കിലോമീറ്ററോളം പൊലീസ് പിന്നാലെ ഓടിയാണ് കീഴ്പ്പെടുത്തിയത്.

കാറുകള്‍ വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട് ആര്‍ഭാടമായി ജീവിക്കും. സമാന രീതിയില്‍ നാദാപുരം, തലശേരി, കോട്ടയം , തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി വടകര എന്നീ സ്ഥലങ്ങളില്‍ നിന്ന് പതിനാറു കാറുകള്‍ വാങ്ങിയതിന്‍റെ വിശദാംശങ്ങള്‍ വിപിന്‍ കാര്‍ത്തികിന്‍റെ ഡയറിയില്‍ നിന്ന് കിട്ടി. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലെ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ പണി പോയി. അസിസ്റ്റന്‍റ് പബ്ലിക് റിലേഷന്‍സ് ഓഫിസറാണെന്ന വ്യാജേന തട്ടിപ്പിനായി മകന് കൂട്ടുനിന്നു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കാന്‍ പോയി. ഇതിനിടെയാണ്, വ്യാജ ഐ.പി.എസുകാരനായി വിലസാന്‍ തുനിഞ്ഞിറങ്ങിയത്.

ചാറ്റ് ഷോക്കിടെ നാല് വയസുകാരനെ അസഭ്യം പറഞ്ഞതില്‍ ബോളിവുഡ് താരം സ്വര ഭാസ്‌ക്കറിനെതിരെ സോഷ്യല്‍ മീഡിയ. ‘സണ്‍ ഓഫ് അബിഷ്’ എന്ന പരിപാടിക്കിടെ കരിയറിന്റെ തുടക്കകാലത്ത് ബാലതാരത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചപ്പോഴാണ് മോശം പദങ്ങള്‍ ഉപയോഗിച്ച് സ്വര നാല് വയസുകാരനെ സംബോധന ചെയ്തത്.

കരിയറിന്റെ തുടക്കത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോള്‍ ‘ആന്റി’ എന്ന് വിളിച്ചതായും തുടക്കത്തില്‍ തന്നെ ഇങ്ങനെ വിളിക്കുകയാണെങ്കില്‍ തന്റെ സ്ഥിതി എന്താവുമെന്ന് വിചാരിച്ചതായും സ്വര പറഞ്ഞു. ”കുട്ടി ടോയ്‌ലറ്റില്‍ പോകണമെന്ന് വാശി പിടിച്ചു. കുട്ടിക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന് ഞാന്‍ മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ ഇവിടെ തന്നെ എല്ലാം കഴിഞ്ഞെന്ന് പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നിട്ട് ഫിനോയിലില്‍ കുളിക്കുകയായിരുന്നു” എന്നും സ്വര പറഞ്ഞു.

ചാറ്റ് ഷോയുടെ വീഡിയോ പ്രചരിച്ചതോടെ ട്വിറ്ററില്‍ ട്രോളുകളും നിറഞ്ഞു. ‘സ്വര ആന്റി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ നിറയുകയായിരുന്നു. നിയമാവകാശ സംരക്ഷണ ഫോറം എന്‍ജിഒ ദേശീയ ബാലാവകാശ കമ്മീഷനില്‍ സ്വരക്കെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒറ്റദിവസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായത് എട്ടു പെണ്‍കുട്ടികളെ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു.

ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്.

ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. ചാലക്കുടിയിലെ കേസ് മാത്രം അയല്‍വാസിയ്ക്കൊപ്പമാണ് പോയത്. കോളജ് വിദ്യാര്‍ഥികളാണ് ഭൂരിഭാഗം പേരും. ഓരോ മാസവും പെണ്‍കുട്ടികളെ കാണാതായതിന് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറയുന്നു.

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.

ബിജോ തോമസ് അടവിച്ചിറ

ആന എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലൊരു ചന്തം വരും. ഏഷ്യയിലെ ആനകള്‍, പ്രത്യേകിച്ച് കേരളത്തിലെ നാട്ടാനകള്‍ നന്നായി ഇണങ്ങുന്നവരാണ്. എന്നാലും ഇടയ്ക്ക് അവരില്‍ ചിലര്‍ ഉടക്കും. അതിന് പിന്നില്‍ കുത്സിത ശ്രമമുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം ആരോപിക്കുന്നത്.

കാര്യമെന്തായാലും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും…..? ഓടും, ഓടണം.

ബ്രിട്ടിഷ് പ്രധാനമന്ത്രിയായാലും അതില്‍ മാറ്റം വരുത്താനാകില്ല. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും മദമിളകിയ ആനയെ കണ്ട് ഓടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങ് കേരളത്തില്‍. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗര്‍കോവിലിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെത്തിയപ്പോഴാണ്, വൈദ്യുതിക്കമ്പിയില്‍ തുമ്പിക്കൈ തട്ടി ആന ഇടഞ്ഞതും ബോറിസ് അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടിയതും.

2003 ൽ കേരളത്തിലെ ഒരു വിവാഹത്തിന് ജോൺസണും കുടുംബവും എത്തിയിരുന്നു. അന്തരിച്ച എഴുത്തുകാരനായ ഖുശ്വന്ത് സിങ്ങുമായുള്ള വിവാഹത്തിലൂടെ അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.കേരളത്തിലെ വിവാഹങ്ങളിൽ സംഭവിക്കുന്നതുപോലെ, കൃപണകുമാർ ഗോപാലൻ എന്ന ക്ഷേത്ര ആനയെ ഈ അവസരത്തിൽ വിളിപ്പിച്ചിരുന്നു. അത്തരം അവസരങ്ങളിൽ പലപ്പോഴും സംഭവിക്കുന്നതുപോലെ, ആന മോശമായി പെരുമാറി, ജനക്കൂട്ടത്തെ ആക്രമിച്ചു. ജോൺസൻ അടക്കം അന്ന് ഓടി രക്ഷപെടുകയായിരുന്നു.

അന്ന് ആന ഇടഞ്ഞ ശേഷം കൃഷ്ണ കുമാർ പറഞ്ഞു: “ആനയുടെ ആക്രമണത്തെ അതിജീവിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ എല്ലാ വിപത്തുകളെയും അതിജീവിക്കാൻ നിങ്ങൾക്ക് കഴിയും” പ്രവചനം തീർച്ചയായും ശരിയാണെന്ന് തെളിഞ്ഞു ജോൺസൺ, വർഷങ്ങളായി തന്റെ നിലപാട് ഫലത്തിൽ ഒരിടത്തുനിന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി.

 

വിനയന്റെ സംവിധാനത്തില്‍ പിറന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇരുപത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആകാശഗംഗയുമായി വിനയന്‍ വീണ്ടുമെത്തിയത്. നവംബര്‍ ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.

ഇന്നത്തെ കാലത്തും ഇതുപോലൊരു ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം വിനയന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കഴിയുമ്പോഴും കേരളത്തിലെ പല സെന്ററുകളിലും ആകാശഗംഗ 2 ഹൗസ്ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടത്തുന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ പറഞ്ഞിരിക്കുകയാണ്.

‘ആകാശഗംഗ 2’ ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. തിരുവനന്തപുരം കൈരളി ഉള്‍പ്പടെ കേരളത്തിലെ വിവിധ തീയറ്ററുകളിലും ഇന്നത്തെ ഫസ്റ്റ് ഷോ ഹൗസ്ഫുള്‍ ആണ്. കൈരളിയില്‍ നിന്ന് ഇപ്പോള്‍ അയച്ചു തന്ന ഒരു ഫോട്ടോയാണ് ഇവിടെ പോസ്‌ററ് ചെയ്തിരിക്കുന്നത്. ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം… സപ്പോര്‍ട്ടു തന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ…

ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പം ഒന്നും എത്തിയില്ലെങ്കിലും ഇതും പ്രേക്ഷകര്‍ സ്വികരിക്കണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. ഒന്നാം ഭാഗം ചേട്ടനും രണ്ടാം ഭാഗം അനുജനും… അതു സംഭവിച്ചിരിക്കുന്നു.. കാലം ഇരുപതു വര്‍ഷം മുന്നിലായതു കൊണ്ട് കളക്ഷനില്‍ വലിയ മാറ്റമുണ്ടന്നു മാത്രം. അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.. ഒത്തിരി സന്തോഷം ഉണ്ട്.

വിമര്‍ശനങ്ങള്‍ പലര്‍ക്കും ഉണ്ടാകാം. അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ… ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്. അതു വളരെ ശരി ആയിരുന്നു എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ ആള്‍ക്കൂട്ടം തെളിയിക്കുന്നു..

അവരൊന്നും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരായിരിക്കില്ല. പക്ഷേ അവരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഈ ബോക്‌സാഫീസ് വിജയത്തിനു കാരണം. ന്യായമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം വധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആശ്രമം വിജയിക്കണമെങ്കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം.. അത്രക്കു മോശമായിരിക്കണം. ആകാശഗംഗയുടെ ഈ വിജത്തിനു കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണ് ഏതായാലും എല്ലാവര്‍ക്കും നന്ദി.. നന്ദി.. നന്ദി

ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ഇതൊക്കെ സംശയത്തിന് കാരണമാകുന്നു.
ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുന്‍ കാര്യസ്ഥന്‍ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി.

ജയമാധവന്‍നായരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതു സഹദേവനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയമാധവന്‍നായര്‍ മരിച്ചു. പിന്നാലെ രവീന്ദ്രന്‍ നായരും ജോലിക്കാരി ലീലയും ആശുപത്രിയില്‍ എത്തി. മരണം സ്ഥിരീകരിച്ചപ്പോള്‍ രവീന്ദ്രന്‍ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മരണവിവരം അറിയിച്ചു. ഉടന്‍ പൊലീസുകാര്‍ ആശുപത്രിയിലേക്കു പോയി.

ലീലയുമായി ഉമാമന്ദിരത്തില്‍ എത്തിയ രവീന്ദ്രന്‍ ഉടന്‍ വീടു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉമാമന്ദിരത്തില്‍ പൊലീസ് എത്തുമ്പോഴേക്കും തെളിവുകള്‍ നീക്കം ചെയ്തിരുന്നു. ജയമാധവന്‍നായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു. വീട്ടിലെ കട്ടിളപ്പടിയില്‍ തലയിടിച്ചു വീണ ജയമാധവന്‍നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു രവീന്ദ്രന്‍നായര്‍ അന്നു മൊഴി നല്‍കിയത്.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കു ലഭിച്ചു. നറുക്കെടുപ്പിലെ 11 വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ പകുതിയിലേറെയും മലയാളികള്‍. സമ്മാനവിവരം അറിയിക്കാന്‍ ശ്രീനു ശ്രീധരന്‍ നായരെ വിളിച്ചപ്പോള്‍ ആദ്യം നമ്പര്‍ തെറ്റാണെന്നായിരുന്നു മറുപടി.

ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ പ്രതിമാസം 15,00 ദിർഹം ശമ്പളത്തിന് ജോലി ചെയ്തിരുന്ന ശ്രീനു ശ്രീധരന്‍ നായരാണ് കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം (ഏകദേശം 28.88 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.

ശ്രീനു തന്റെ കമ്പനിയിലെ മറ്റ് 21 സഹപ്രവർത്തകരുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. 500 ദിര്‍ഹത്തിന്റെ ടിക്കറ്റില്‍ 25 ദിര്‍ഹമാണ് തന്റെ വിഹിതമായി നല്‍കിയത്. ഇതിലൂടെ സമ്മാനത്തിന്റെ അഞ്ച് ശതമാനമാണ് ശ്രീനുവിന് ലഭിക്കുക.

വിശദമായി പറഞ്ഞാല്‍, 15 മില്യണ്‍ ദിര്‍ഹത്തിന്റെ 5 ശതമാനം അതായത് 750,000 മില്യണ്‍ ദിര്‍ഹം ശ്രീനുവിന് ലഭിക്കും. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയില്‍ ഏകദേശം 1.42 കോടി രൂപ.

ഈ വിജയത്തിന് നന്ദിയുണ്ടെന്ന് ശ്രീനു പറഞ്ഞു. ‘എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ഞാൻ നേടിയ കൃത്യമായ തുകയെക്കുറിച്ച് എനിക്കറിയില്ല. . എന്റെ ടിക്കറ്റിന് ഞാൻ 25 ദിർഹം നൽകിയെന്നും വിജയിച്ച തുകയുടെ വിഹിതം എനിക്ക് ലഭിക്കുമെന്നും എനിക്കറിയാം’. – ശ്രീനു പറഞ്ഞു.

ആലപ്പുഴയില്‍ ശ്രീനു വീട് പണി ആരംഭിച്ചിരുന്നു. എന്നാല്‍ ഫണ്ട് ഇല്ലാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇനി സമ്മാനത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് വീട് പണി പൂര്‍ത്തിയാക്കുകയാണ് ശ്രീനുവിന്റെ ലക്‌ഷ്യം.

കേരളത്തിലെ തന്റെ കുടുംബം വളരെ നിര്‍ധനരാണെന്നും ശ്രീനുപറഞ്ഞു.ഒക്ടോബർ 20 ന് ഓൺ‌ലൈൻ വഴിയാണ് ശ്രീനു വിജയിച്ച ടിക്കറ്റ് വാങ്ങിയതെന്ന് ബിഗ് ടിക്കറ്റിന്റെ സംഘാടകർ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം സമ്മാന വിവരം പറയാന്‍ ബിഗ്‌ ടിക്കറ്റ് അധികൃതര്‍ ശ്രീനുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നമ്പര്‍ തെറ്റായി നല്‍കിയതാണ് കാരണം. അവസാനം. തിങ്കളാഴ്ച രാവിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ സംഘാടകർക്ക് അദ്ദേഹത്തോട് സംസാരിക്കാനും സന്തോഷവാർത്ത അറിയിക്കാനും കഴിഞ്ഞു.

തിരുനക്കര ക്ഷേത്ര മഹാദേവ ക്ഷേത്രത്തിലെ കൊമ്പന്‍ തിരുനക്കര ശിവന്‍ ഇടഞ്ഞോടി. സ്വകാര്യ ബസ് കുത്തിമറിക്കാന്‍ ശ്രമിച്ച ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ഒന്നാം പാപ്പാന്‍ വിക്രം (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവില്‍ തളയ്ക്കാനായി കൊണ്ടു വരികയായിരുന്നു. ഇല്ലിക്കല്‍ ആമ്പക്കുഴി ഭാഗത്ത് വച്ച് ആന ഇടയുകയായിരുന്നു.

ആന ഇടഞ്ഞത് കണ്ട് ബസ് സ്റ്റോപ്പില്‍ നിര്‍ത്തി. ഈ സമയം അക്രമാസക്തനായ ആന ബസിന്റെ മുന്നില്‍ കുത്തി ബസ് ഉയര്‍ത്തി. ബസിനുള്ളില്‍ നിറയെ യാത്രക്കാര്‍ ഇരിക്കുമ്പോഴായിരുന്നു പരാക്രമം. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ത്ത ആന ബസ് കുത്തിപ്പൊക്കുകയും ചെയ്തു. ഈ സമയം വിക്രം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു. ആനയെ പിടികൂടാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി വിക്രം താഴേയ്ക്ക് ഇറങ്ങി ഈ സമയം പോസ്റ്റില്‍ വച്ച് ആന വിക്രമിനെ അമര്‍ത്തി.

ആനയ്ക്കും പോസ്റ്റിനും ഇടയില്‍ ഇരുന്ന് കുരുങ്ങിയ പാപ്പാനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ചെങ്ങളം ഭാഗത്തേയ്ക്ക് ഓടിയ ആന, മരുതന ഇടക്കേരിച്ചിറ റോഡില്‍ കയറി നില ഉറപ്പിച്ചു. ഈ സമയം നാട്ടുകാരും പ്രദേശത്ത് തടിച്ച് കൂടി. ഇവിടെ ഒരു വീട്ടില്‍ നിന്ന് വെള്ളം കുടിക്കുകയാണ് ആന.

പാപ്പാന്‍ മാറിയതിനെ തുടര്‍ന്ന് ആനയെ ചെങ്ങളത്ത് കാവില്‍ ചട്ടം പഠിപ്പിക്കാന്‍ കെട്ടിയിരിക്കുകയായിരുന്നു. മദപ്പാടിലായിരുന്ന ആനയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് എഴുന്നെള്ളിച്ചത്.

‘ടീച്ചറെ തുറക്കാനാ പറഞ്ഞേ.. എനിക്ക് വീട്ടില്‍ പോകണമെന്ന്.. ടീച്ചറേ.. തുറക്കാനാ പറഞ്ഞേ.. ആഹാ.. ഇനി മിണ്ടാനും വരില്ല. എന്റെ ഷാള്‍ ഇങ്ങ് താ.. ഞാന്‍ പൊയ്ക്കോളാം.. ഇനി ഞാന്‍ ചീത്ത വിളിക്കും പറഞ്ഞേക്കാം. തുറക്കാനാ പറ​ഞ്ഞേ…’ സോഷ്യൽ മീഡിയയിൽ മലയാളികളുടെ കൂട്ടച്ചിരി, ചിരിവിരുന്നു ഒരുക്കിയതോ കടുകുമണി വലുപ്പത്തിലുള്ള ഒരു കരടും…

സ്ഥലവും ആളെയും അറിയില്ലെങ്കിലും സംഘർഷ ഭൂമി ഒരു പ്ലൈ സ്കൂൾ ആണ്. പൂട്ടിയിട്ട ഗെയ്റ്റിനിടയിൽ കൂടി നോക്കിയാൽ സമര നായികയെയും കാണാം. ടീച്ചറോടാണ് ഇൗ വിളിയും പറച്ചിലുമെല്ലാം. തുറന്നുവിട് ടീച്ചറെ എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നീട് ചീത്ത വിളിക്കും മര്യാദക്ക് തുറക്കെന്നായി. ഒടുവില്‍ എടീ തുറക്കെടീ എന്നും.. ഇതെല്ലാം കേട്ട് ചിരിയടക്കിയ ടീച്ചര്‍ക്കും ആരാധകരേറുകയാണ്.

വിവാഹവീടുകളില്‍ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുക, പടക്കംപൊട്ടിക്കുക എന്നിവ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് കൊയിലാണ്ടിയും സമാന രീതിയിലുള്ള ഒരു സംഭവം ഉണ്ടായി. വിവാഹവീട്ടില്‍ സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടപ്പോള്‍ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണ് വിനയായത്.

അതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തില്‍ത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. വിവാഹശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹവീടുകളില്‍ മാലയിടുമ്‌ബോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുന്നത്, പടക്കംപൊട്ടിക്കുക എന്നിവ കൂടിവരികയാണ്. ഇത് സംഘര്‍ഷത്തിലേക്കും മറ്റും നയിക്കാറുണ്ട്.

വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, മലബാറില്‍ ഇടക്കാലത്ത് നിര്‍ത്തിവെച്ച വിവാഹ റാഗിങ്ങ് വീണ്ടും തിരിച്ചു വന്നിരിക്കയാണെന്ന് പരാതിയുണ്ട്. മൂന്‍ മന്ത്രി പികെ ശ്രീമതിയൊക്കെ ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിരവധി മത സംഘടനകളും സാമൂഹിക സംഘടനകളും പ്രതികരിച്ചതോടെ വിവാഹ റാംഗിങ്ങ് തീര്‍ത്തും നിന്നിരുന്നു. കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് മുമ്ബ് പതിവായിരുന്നു. വരന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആകാം ഇത്തരത്തില്‍ വിവാഹദിനത്തില്‍ വധൂവരന്മാര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങി നിരവധി റാഗിങ് പരിപാടികള്‍ പലപ്പോഴും പരിധിയുടെ സീമകളും കടക്കുന്നു.

ഈ സാഹചര്യത്തിലാണു മുന്നറിയിപ്പുമായി കേരള പൊലീസ് തന്നെ നേരത്തെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നത്. ഇത്തരം പരിപാടികള്‍ ക്രമസമാധാന പ്രശ്നമായി മാറുകയാണെന്നും വിവാഹം മുടങ്ങുന്നതും കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ സംഭവങ്ങള്‍ക്കു കാരണമാകുന്നതായും പൊലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വിവാഹവേദിയിലേക്കു ശവപ്പെട്ടിയില്‍ വരനെ കൊണ്ടുവന്ന സംഭവം ചര്‍ച്ചയായിരുന്നു. റാഗിങ് സഹിക്കാനാവാതെ ഭക്ഷണം തട്ടിക്കളഞ്ഞു പോകുന്ന വരന്റെ ദൃശ്യങ്ങളും ഞെട്ടലോടെയാണു കേരളം കണ്ടത്. ഇതുപോലെ നിരവധി പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിമര്‍ശനം നേരിട്ടതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

RECENT POSTS
Copyright © . All rights reserved