India

രാത്രിയില്‍ ക്ലോക്കില്‍ സമയം 2 മണി. വി​ദൂ​ര​ത​യി​ൽ​നി​ന്ന് ഓ​രി​യി​ട​ൽ, ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോള്‍ ചു​റ്റി​ലും കാ​ൽ​പ്പെ​രു​മാ​റ്റം, അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ഖ​ത്ത​ടി. ഒരു സ്ത്രീയുടെ അപശബ്ദങ്ങള്‍..ഏതെങ്കിലും പ്രേതസിനിമയിലെ പേടിപ്പിക്കുന്ന സീന്‍ അല്ല ഇത്. രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിലെ തടവുകാരുടെ അനുഭവമാണിത്.
ജ​യി​ലി​​നു​ള്ളി​ൽ പ്രേ​ത ബാ​ധ​യു​ണ്ടെ​ന്നാ​ണ് ത​ട​വു​പു​ള്ളി​ക​ളു​ടെ പ​രാ​തി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി വ​ന്ന​തോ​ടെ ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. പ്രേ​ത ഭീ​തി​യി​ൽ ത​ട​വു​പു​ള്ളി​ക​ളി​ൽ പ​ല​ർ​ക്കും ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥാ​ണ്. അ​തേ​സ​മ​യം, ശ​രി​യാ​യ കൗ​ണ്‍​സ​ലിം​ഗ്, വ്യാ​യാ​മം, യോ​ഗ, ധ്യാ​നം എ​ന്നി​വ​യി​ലൂ​ടെ ഇ​ത്ത​രം പേ​ടി മാ​റ്റി​യെ​ടു​ക്കാ​നാണ് ജ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ്ര​മം.

കാണുന്നത് ഒരു സ്ത്രീരൂപമാണ് എന്നാണ് തടവുകാര്‍ പറയുന്നത്. ചിലപ്പോള്‍ ചുമരില്‍ വലിഞ്ഞുകയറുന്നതായി കാണാം എന്ന് പറയുന്നവ തടവുകാര്‍ വരെയുണ്ട്. ഇത് സംബന്ധിച്ച് ചില അഭ്യൂഹങ്ങളും തടവ് പുള്ളികള്‍ക്കിടയില്‍ പരക്കുന്നുണ്ട്. മുന്‍പ് ജയിലില്‍ ആത്മഹത്യ ചെയ്ത വനിതാ തടവ് പുള്ളിയുടെതാണ് പ്രേതം എന്നാണ് പ്രചരിക്കുന്നത്.

ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ തുടർന്നാണ് പ​ല​പ്പോ​ഴും ത​ട​വു​പു​ള്ളി​ക​ളെ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്ന് സ​ര്‍ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ലെ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി രാ​ജീ​വ് മേ​ത്ത വ്യക്തമാക്കി.

തിരുവനന്തപുരം: കുറ്റങ്ങളെല്ലാം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ശ്രീറാം കുറ്റങ്ങള്‍ നിഷേധിച്ചിരിക്കുന്നത്. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മാധ്യമങ്ങള്‍ പറയുന്നതു പോലെ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. താന്‍ മദ്യപിച്ചിട്ടില്ല എന്നും അപകടത്തില്‍ തനിക്കും ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ശ്രീറാം പറയുന്നു. അപകടത്തില്‍ ഇടതു കൈയ്ക്ക് പരുക്കേറ്റിട്ടുള്ളതായി ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

സ്വകാര്യ ആശുപത്രിയിൽ നിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാനായി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതി (അഞ്ച്‌)മജിസ്‌ട്രേറ്റ് എസ്‌.ആർ.അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ്‌ ജാമ്യാപേക്ഷ നൽകിയത്‌. അപേക്ഷ മജിസ്‌ട്രേറ്റ് സ്വീകരിച്ചില്ല. തിങ്കളാഴ്‌ച കോടതിയിൽ നൽകാൻ നിർദേശിക്കുകയായിരുന്നു. അഭിഭാഷകരായ വി.എസ്‌.ഭാസുരേന്ദ്രൻ നായർ, ആർ.പ്രവീൺ കുമാർ എന്നിവരാണ്‌ പ്രതിക്കുവേണ്ടി ഹാജരായത്‌.

ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ജയിലിലേക്ക് കൊണ്ടുപോകും എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയ്ക്ക് ശേഷം ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്‍ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിരിക്കുന്നത്. പൂജപ്പുര സബ് ജയിലിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ജയിലിന് മുന്നിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

കിംസ് ആശുപത്രിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ പ്രതിഷേധം ശക്തമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പൊലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലേക്കാണ് ആദ്യം കൊണ്ടുപോയത്. സ്ട്രച്ചറിലായിരുന്നു കിംസില്‍ നിന്ന് ശ്രീറാമിനെ പുറത്തേക്ക് എത്തിച്ചത്. മാസ്‌ക് വച്ച് മുഖം മറച്ചിരുന്നു. കിംസ് ആശുപത്രിയുടെ തന്നെ ആംബുലന്‍സില്‍ കയറ്റി മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോയി. കൈയില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു.

മജിസ്‌ട്രേറ്റ് ആംബുലന്‍സിനുള്ളിലേക്ക് എത്തിയാണ് ശ്രീറാമിനെ കണ്ടത്. കിംസ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പരിശോധിച്ച മജിസ്‌ട്രേറ്റ് ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചികിത്സ ലഭിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങളൊന്നും ശ്രീറാം വെങ്കിട്ടരാമന് ഇല്ല എന്ന് മജിസ്‌ട്രേറ്റ് പറയുകയായിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ ജയില്‍ സൂപ്രണ്ടിനെ കൊണ്ട് പരിശോധന നടത്താമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മജിസ്‌ട്രേറ്റ് ഇടപെട്ടതോടെ ശ്രീറാം വെങ്കിട്ടരാമന്‍ ജയിലിലാകും എന്ന അവസ്ഥയിലേക്ക് എത്തി. ഒടുവില്‍ പൂജപ്പുര ജില്ലാ ജയിലിലേക്ക് ശ്രീറാമിനെ എത്തിച്ചു. എന്നാല്‍, പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. രണ്ട് മണിക്കൂറോളം ജയിലിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടു. അത്രയും നേരം ആംബുലന്‍സിനുള്ളില്‍ കിടക്കുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. പിന്നീട് ജയില്‍ സൂപ്രണ്ട് വന്ന് പരിശോധനകള്‍ നടത്തി. ഇവിടെ ശ്രീറാം വെങ്കിട്ടരാമന് തുണയായത് സ്വകാര്യ ആശുപത്രിയിലെ റിപ്പോര്‍ട്ട് ആണെന്നാണ് സൂചന. ശ്രീറാമിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് സ്വകാര്യ ആശുപത്രി നല്‍കിയതെന്ന് സൂചനയുണ്ട്.

സൂപ്രണ്ട് വന്ന് പരിശോധിച്ച ശേഷവും ആംബുലന്‍സ് ജയിലിന് മുന്നില്‍ തന്നെ കിടന്നു. സൂപ്രണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ ജയിലിനുള്ളിലേക്ക് പോയി. പിന്നെയും ചര്‍ച്ചകള്‍ നീണ്ടു. ഒടുവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഉദ്വേഗജനകമായ നിമിഷങ്ങള്‍. പ്രമുഖ നേതാക്കള്‍ അടക്കം വീട്ടുതടങ്കലിലായതോടെ എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇന്ന് രാവിലെ 9.30 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിക്കള്‍ 35 A, ആര്‍ട്ടിക്കള്‍ 370 എന്നിവ എടുത്തുകളയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അജിത് ഡോവലുമായി ചര്‍ച്ച നടത്തിയിരുന്നു. കാശ്മീര്‍ വിഷയമാണ് ചര്‍ച്ചയായതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍.

ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ അടഞ്ഞുകിടക്കും. ജമ്മു സര്‍വകലാശാലയും അടച്ചിട്ടു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷകളൊന്നും നടക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. രാജൗരി, ഉദംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി മുതലാണ് ജമ്മു കാശ്മീരില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രധാന നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. നേതാക്കള്‍ തന്നെയാണ് തങ്ങള്‍ വീട്ടുതടങ്കലിലാണെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും മുന്‍ മുഖ്യമന്ത്രിയും ഒമര്‍ അബ്ദുള്ള എന്നിവരെല്ലാം വീട്ടുതടങ്കലിലാണെന്ന കാര്യം അറിയിച്ചതോടെ ജമ്മു കാശ്മീരില്‍ അനിശ്ചിതത്വം ആരംഭിച്ചു. പുലര്‍ച്ചെ 1.40 ഓടെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ചീഫ് സെക്രടട്ടറി, ഡിജിപി എന്നിവരുടെ അടിയന്തര യോഗം വിളിച്ചു.

“സമാധാനത്തിനു വേണ്ടി പോരാടിയ ഞങ്ങളെപ്പോലെയുള്ള തെരഞ്ഞെടുക്കപെട്ട നേതാക്കള്‍ വീട്ടു തടങ്കലില്‍ ആണ് എന്നത് എന്തൊരു വിരോധാഭാസമാണ്. ജമ്മു-കശ്മീരിലെ ജനങ്ങളേയും ശബ്ദങ്ങളെയും നിശബ്ദമാക്കുന്നത് ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. മതേതര-ജനാധിപത്യ ഇന്ത്യയെ തെരഞ്ഞെടുത്ത അതേ കശ്മീര്‍ തന്നെയാണ് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു അടിച്ചമര്‍ത്തല്‍ നേരിടുന്നത്. ഉണരൂ ഇന്ത്യ,” മെഹബൂബ മുഫ്തി ട്വിറ്ററിൽ പറഞ്ഞു.

ഒമർ അബ്ദുള്ളയുടെ ട്വീറ്റ് ഇങ്ങനെ: “ഇന്ന് രാത്രി മുതല്‍ ഞാന്‍ വീട്ടുതടങ്കലില്‍ ആക്കപ്പെട്ടിരിക്കുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ബാക്കിയുള്ള മുഖ്യധാരാ നേതാക്കള്‍ക്കും ഈ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇത് സത്യമാണോ എന്നറിയാന്‍ ഒരു വഴിയുമില്ല, പക്ഷേ സത്യമാണെങ്കില്‍, ഭാവി നമുക്കായി കാത്തു വയ്ക്കുന്നതെന്തോ, അതിന്റെ മറുകരയില്‍ ഞാന്‍ നിങ്ങളെ ഇനി കാണും. അല്ലാഹു രക്ഷിക്കട്ടെ.”

 

എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.

കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു.മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.

ട്രെയിനിലെ മോഷണം ശ്രമം തടഞ്ഞ അമ്മയെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്സ്പ്രസിലാണ് നടുക്കുന്ന സംഭവം. ഡൽഹി സ്വദേശിയായ മീനയും മകൾ മനീഷയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മകളെ എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്കായി പരിശീലന കേന്ദ്രത്തില്‍ ചേർക്കാൻ പോയപ്പോഴാണ് ദുരന്തമുണ്ടായത്. ഇവർക്ക് ഒപ്പം മകൻ ആകാശും ട്രെയിനിലുണ്ടായിരുന്നു. പുലർച്ചയോടെയാണ് ട്രെയിനിൽ മോഷണശ്രമം നടന്നത്. കള്ളൻമാരിൽ ഒരാൾ മീനയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കരുതിവച്ചിരുന്ന പണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങളുള്ള ബാഗാണ് കള്ളൻമാർ മോഷ്ടിക്കാൻ ശ്രമിച്ചത്.

ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചില്‍ കടന്നാണ് മോഷണം നടത്തിയത്. ഇത് ചെറുത്ത മീനയും മകളും ചങ്ങല വലിച്ച് ട്രെയിനിൻ നിർത്തുകയും ചെയ്തു. ഇൗ സമയം അമ്മയെയും മകളെയും ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട ശേഷം കള്ളൻമാർ രക്ഷപ്പെടുകയായിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും അമ്മയും മകളും മരിച്ചിരുന്നു.

മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയായ കിംസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആഢംബര സൗകര്യങ്ങളോടെയുളള സ്വകാര്യ ആശുപത്രിയിലെ വാസം വിവാദമായ സാഹചര്യത്തിലാണ് നടപടി. റിമാൻഡിലായിരുന്നിട്ടും അച്ഛന്‍റെയും ബന്ധുക്കളുടെയും ഒപ്പമാണ് ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ശ്രീറാമിന്‍റെ വാട്‍സാപ്പ് നമ്പർ പലപ്പോഴും ഓൺലൈനിലുമായിരുന്നു. എന്താണ് ശ്രീറാമിന്‍റെ ആരോഗ്യപ്രശ്നമെന്ന് പൊലീസോ ആശുപത്രി അധികൃതരോ വ്യക്തമാക്കിയിരുന്നില്ല.

സ്ട്രച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്. മുഖത്ത് മാസ്ക് ഇട്ടിരുന്നു. ശ്രീറാം കണ്ണടച്ച് കിടക്കുകയായിരുന്നു. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈയ്ക്കും കാലിനും ഒടിവ് ഇല്ലെന്നാണ് ഇതുവരെ ഡോക്ടർമാർ നൽകിയ വിവരം. ഇടിച്ചതിന്‍റെ പരിക്കുകളാണുള്ളത്. വലിയ പരിക്കുകളില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും വിശദീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് ശേഷമാകും എങ്ങോട്ടാണ് മാറ്റുക എന്ന കാര്യം തീരുമാനിക്കുക.

അപകടമുണ്ടായ ശേഷം, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. എന്നാൽ ശ്രീറാം ഇത് കേൾക്കാതെ സ്വകാര്യ ആശുപത്രിയായ കിംസിലേക്കാണ് പോയത്. സുഹൃത്തുക്കളായ ഡോക്ടർമാരുടെ സംഘം ശ്രീറാമിനൊപ്പമുണ്ടായിരുന്നു കിംസിൽ എന്നാണ് വിവരം.

അതേസമയം ഐഎസുകാരൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ്‌ ചുമത്തിയത്‌ 10 വർഷംവരെ തടവ്‌ ലഭിക്കാവുന്ന 304 വകുപ്പുക‍ളാണ്. ബോധപൂർവമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ തുടങ്ങി 10വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 28 ദിവസമെങ്കിലും റിമാൻഡിൽ കഴിയാതെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയത്.

കാറിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്‌ മോട്ടോർ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേർത്തിട്ടുണ്ട്‌. ശ്രീറാം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി ജുഡീഷ്യൽ കോടതി അഞ്ചിലെ മജിസ്‌ട്രേട്ട്‌ എ ആർ അമൽ എത്തിയാണ്‌ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തത്‌. പൊലീസ്‌ കാവൽ ഏർപ്പെടുത്തി. ഡിസ്‌ചാർജ്‌ ചെയ്‌താൽ സബ്‌ജയിലിലേക്ക്‌ മാറ്റും.ഒരു പഴുതും ശേഷിപ്പിക്കാതെ അന്വേഷണംവേണമെന്നും വീഴ്‌ച ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ പൊലീസ്‌ മേധാവിയോട്‌ നിർദേശിച്ചിട്ടുണ്ട്‌.

ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമെന്ന് പൊലീസും. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാള്‍ മുന്‍പു വിവാഹബന്ധം വേര്‍പെടുത്തി.വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ ഈയിടെയാണ് നാട്ടിലെത്തിയത്.

തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തില്‍പ്പട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോര്‍വാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്.ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്.

അപകടത്തില്‍ വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച്‌ വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

 

തൃശ്ശൂർ: ചാലക്കുടിയിൽ ശക്തമായ കാറ്റ്. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. വെട്ടുകടവ് ഭാ​ഗത്ത് രാവിലെ ഒമ്പത് മണിയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. ആളപായമില്ല.

ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്ന് വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്താകെ ആഞ്ഞടിക്കുകയായിരുന്നു. പത്ത് മിനിറ്റോളം നീണ്ടുനിന്ന ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

വീടുകളുടെ മുകളിൽ പാകിയിരുന്ന ഷീറ്റുകൾ പറന്നുപോയി. പല ഭാഗത്തും മരങ്ങൾ വീണു. വൈദ്യുതി ലൈനുകൾക്ക് കേട് പറ്റിയതോടെ പല ഭാഗത്തും വൈദ്യുതി ലഭ്യത താറുമാറായി. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടകൾക്ക് മുന്നിൽ വിൽപനക്ക് വച്ചിരുന്ന വസ്തുക്കൾ പറന്നു പോയി.

പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്യാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ പ്രദേശത്ത് തുടരുകയാണ്

മുംബൈയിൽ കനത്ത മഴ തുടരുന്നു. ഖാർഘർ വെള്ളച്ചാട്ടം കാണാൻ പോയ മലയാളി വിദ്യാർത്ഥിനി അടക്കം നാലു പേർ മുങ്ങി മരിച്ചു. പാലക്കാടു സ്വദേശിനി ആരതി നായരാണ് മരിച്ചത്. നവി മുംബൈയിൽ സ്ഥിര താമസക്കാരാണ് ആരതിയും കുടുംബവും.

ശക്തമായി തുടരുന്ന മഴയിൽ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായി. ട്രെയിൻ വിമാനസർവീസുകൾ ദിവസങ്ങളായി താറുമാറായിട്ട്. അംബർനാഥ്‌ ബദലാപൂർ ചുനബാട്ടി എന്നിവടങ്ങളിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കുറുകൾ വൈകിയാണ് സർവീസുകൾ നടത്തുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം

സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലുള്ളവർ പുറത്തിറങ്ങും മുൻപേ മങ്ങാരം ഗവ.യുപി പ്രധാനാധ്യാപിക ഗേറ്റ് പൂട്ടി പോയെന്നു പരാതി. കുട്ടിയും ബന്ധുവും അധ്യാപികയും ഹെൽപ്പറും മുക്കാൽ മണിക്കൂർ ഉള്ളിൽ കുടുങ്ങി. മങ്ങാരം ഗവ. യുപി സ്കൂളിനോടു ചേർന്നു പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ഇന്നലെ 3 മണിയോടെയാണ് സംഭവം. അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും വീട്ടിൽ പോയിരുന്നോ എന്ന് ഉറപ്പാക്കാതെ പ്രധാനാധ്യാപിക ഡി.രജിത പ്രധാന ഗേറ്റ് പൂട്ടി പോയതാണ് വിവാദമായത്.

സമയമായിട്ടും കുട്ടിയും ബന്ധുവും വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ അങ്കണവാടിയിൽ കുടുങ്ങിയ വിവരമറിയുന്നത്. ഗേറ്റ് തുറക്കുന്നതിനായി പ്രധാനാധ്യാപികയെ പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു നഗരസഭാംഗങ്ങളെയും പൊലീസിനെയും വിവരം അറിയിച്ചു. നഗരസഭാംഗങ്ങളായ ജി.അനിൽ കുമാർ, വി.വി.വിജയകുമാർ എന്നിവർ സ്ഥലത്തെത്തി.

അവരുടെ സാന്നിധ്യത്തിലാണ് പൂട്ടു തകർത്തു ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഇതു സംബന്ധിച്ചു പൊലീസിലും പന്തളം ഐസിഡിഎസ് ഓഫിസർക്കും അധ്യാപിക പരാതി നൽകി. ഐസിഡിഎസ് ഓഫിസർ റാഹില കലക്ടർക്കും ബാലാവകാശ കമ്മിഷനും ഏഇഒയ്ക്കും പരാതി നൽകി. പ്രധാനാധ്യാപികയും അങ്കണവാടി അധ്യാപികയും തമ്മിലുള്ള ശീതസമരത്തെത്തുടർന്നാണ് സംഭവമുണ്ടായതത്രേ.

അങ്കണവാടിയും വഴിയും ശുചീകരിക്കണമെന്ന് പ്രധാനാധ്യാപിക ഡി.രജിത അങ്കണവാടി അധ്യാപിക വരദയോട് ആവശ്യപ്പെട്ടിരുന്നു. 18 കുട്ടികളുടെ കാര്യം നോക്കേണ്ടതിനാൽ ഇത് അങ്കണവാടി ജീവനക്കാർക്ക് ചെയ്യാനാകില്ലെന്ന് വരദ അറിയിച്ചു. തുടർന്ന് അങ്കണവാടിലേക്കുള്ള വൈദ്യുതിയും വെള്ളവും പ്രധാനാധ്യാപിക നിഷേധിച്ചെന്നും വരദ പറഞ്ഞു. പന്തളം നഗരസഭയ്ക്കു കീഴിലാണ് മങ്ങാരം ഗവ. യുപി സ്കൂൾ. അവിടെയാണ് അങ്കണവാടിയും പ്രവർത്തിക്കുന്നത്.

അങ്കണവാടിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നു കാട്ടി പ്രധാനാധ്യാപികയ്ക്ക് നോട്ടിസ് നൽകിയിരുന്നതായി കൗൺസിലർ അനിൽ കുമാർ പറഞ്ഞു. ഇതിൽ പ്രകോപിതയായിട്ടാണ് അവർ അങ്കണവാടിയുടെ പ്രവർത്തന സമയം കഴിയുന്നതിനു മുൻപ് വാതിൽ പൂട്ടി പ്രതികാര നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അത്യാവശ്യ കാര്യത്തിനു പുറത്തുപോകേണ്ടി വന്നതിനാലാണ് ഗേറ്റ് പൂട്ടിയതെന്നും സ്കൂൾ വളപ്പിൽത്തന്നെയുള്ള ചെറിയ ഗേറ്റ് തുറന്നിട്ടിരുന്നെന്നും സ്കൂൾ പ്രധാനാധ്യാപിക ഡി.രജിത പറഞ്ഞു.

സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വാർത്തയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വമേധയാ കേസെടുത്തതായി ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു. സ്റ്റേഷൻ ഓഫിസറോട് നാളെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനാധ്യാപികയുടെ നടപടി ബോധപൂർണമാണെന്നു കണ്ടെത്തിയാൽ ബാലനീതി നിയമപ്രകാരം സംഭവത്തെ ഗൗരവമായി കണ്ട് നടപടിയുണ്ടാകും.

ജൂലൈ 29നും 31നും നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാക്കിസ്ഥാനിൽനിന്നു ഭീകരർ നിരന്തരം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതിൽ ഒരെണ്ണം വിജയകരമായിരുന്നെന്നും നാലോ അഞ്ചോ ഭീകരർ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ പുൽവാമയിൽ നടത്തിയതു പോലെ വൻ ഭീകരാക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജൻസ് വിവരം. പുൽവാമയിൽ ഫെബ്രുവരിയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.

കഴിഞ്ഞ ദിവസം കശ്മീരിലെ കേരൻ സെക്ടറിൽ നുഴഞ്ഞു കയറ്റ ശ്രമം നടത്തുന്നതിനിടെ പാക്കിസ്ഥാൻ ബോർഡർ ആക്‌ഷൻ ടീം (ബിഎടി) അംഗങ്ങളെയാണ് ഇന്ത്യ വധിച്ചത്. ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമാക്കിയാണ് ഇരുപതോളം പേരടങ്ങുന്ന ബിഎടിയും ഭീകരരും നീക്കം നടത്തിയത്. പ്രദേശത്തു കനത്ത മൂടൽമഞ്ഞുണ്ടായിരുന്ന സമയത്തായിരുന്നു പാക്ക് നീക്കം. നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും പിന്നാലെ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു.

പാക്ക് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുപോകണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ള പതാകയുമായി വന്ന് മൃതദേഹങ്ങൾ‍ കൊണ്ടുപോകണമെന്നാണ് ആവശ്യം. പക്ഷേ ഇന്ത്യയുടെ നിലപാടിനോടു പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കശ്മീരിലെ കേരൻ സെക്ടറിൽ ശക്തമായ വെടിവയ്പ് തുടരുന്നതായാണു വിവരം. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ സുരക്ഷാ സംവിധാനത്തിനു കീഴിലാണ് ജമ്മു കശ്മീർ. 35,000 ത്തിൽ അധികം അർധൈസൈനികരെ സംസ്ഥാനത്തു വിന്യസിച്ചു.

ഇർഫാൻ പതാനുൾപ്പെടെ നിരവധി താരങ്ങോടും ഉദ്യോഗസ്ഥരോടും ജമ്മു കശ്മീർ വിടണമെന്ന് നിർദേശം. അധിക സേനാവിന്യാസത്തെത്തുടര്‍ന്ന് കശ്മീർ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് താരങ്ങളോട് എത്രയും വേഗം സംസ്ഥാനം വിടാൻ നിർദേശിച്ചത്.നിലവിൽ‌ ജമ്മു കശ്മീർ ടീമിലെ താരവും ഉപദേശകനുമാണ് പതാൻ. താരങ്ങളും പരിശീലകരും ഉദ്യോഗസ്ഥരും ഞായറാഴ്ചയോടെ സംസ്ഥാനം വിടുമെന്നാണ് വിവരം. ആ‌ഭ്യന്തര സീസൺ തുടങ്ങാനിരിക്കെയുണ്ടായ സാഹചര്യം ജമ്മു കശ്മീർ ടീമിന് വലിയ തിരിച്ചടിയാണ്.

ഇതുവരെ നൂറിലധികം താരങ്ങളോട് കശ്മീരിൽ നിന്ന് മടങ്ങാൻ‌ നിർദേശിച്ചതായി അധികൃതർ വ്യക്തമാക്കി. ഭീകരാക്രമണ ഭീഷണിയുടെ സാഹചര്യത്തിൽ അമർനാഥ് തീർഥാടകരോടും വിനോദസഞ്ചാരികളോടും തിരികെ പോരാൻ സർക്കാർ നിർദേശിച്ചിരുന്നു.

സംഘർഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. സന്ദർശനത്തിന്റെ വിശദമായ പരിപാടികൾ തയാറാക്കി വരുന്നതേയുള്ളൂവെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം ജമ്മുവിലെത്തുന്ന ആഭ്യന്തര മന്ത്രി അവിടെനിന്ന് കശ്മീര്‍ താഴ്‍വരയിലേക്കു പോകും.
ഭീകരാക്രമണ ഭീഷണിയുള്ളതിനാൽ വിനോദ സഞ്ചാരികളും അമർനാഥ് തീർഥാടകരും എത്രയും പെട്ടെന്ന് കശ്മീർ വിടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. ഇത് കശ്മീരിലെ ജനങ്ങളിലും ഭീതി പടർത്തി. കടകളിലും എടിഎമ്മുകൾക്കു മുന്നിലും കഴിഞ്ഞ ദിവസങ്ങളിൽ നീണ്ട ക്യൂവാണു കണ്ടത്. മുൻകരുതലായി അവശ്യ വസ്തുക്കളും പണവും ശേഖരിക്കുകയാണ് കശ്മീർ ജനത

RECENT POSTS
Copyright © . All rights reserved