ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത അമിത് ഷാ, ഷഹീൻ ബാഗ് പോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഷഹീൻ ബാഗിനോടുള്ള വെറുപ്പ് ഫെബ്രുവരി എട്ടിന് വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്തുമ്പോൾ കാണിക്കണമെന്നും അമിത് ഷാ പറഞ്ഞു.
ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അമിഷ് ഷാ, മറ്റുള്ള സംസ്ഥാനങ്ങൾ കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ, കെജ്രിവാൾ നുണയന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടുകയാണ് ചെയ്തതെന്നും പറഞ്ഞു.
ന്യൂഡൽഹിയിലെ ബാബർപൂരിൽ നടന്ന പൊതുയോഗത്തിൽ പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭത്തിനിടെ നഗരത്തിൽ നടന്ന ആക്രമണങ്ങൾക്ക് ആം ആദ്മി പാർട്ടിയേയും കോൺഗ്രസ് പാർട്ടിയേയും അമിത് ഷാ കുറ്റപ്പെടുത്തി. ഫെബ്രുവരി 11ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ സ്ഥലം വിടണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
“രാഹുൽ ബാബ, കെജ്രിവാൾ കമ്പനി മോദി ജി കൊണ്ടുവന്ന സിഎഎയെ എതിർക്കുന്നു. അവർ ഡൽഹിയിൽ കലാപത്തിന് പ്രേരിപ്പിക്കുകയും ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. വാഹനങ്ങളും മറ്റും കത്തിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇവരെ വീണ്ടും തിരഞ്ഞെടുത്താൽ ഡൽഹി ഒരിക്കലും സുരക്ഷിതമാകില്ല,” അമിത് ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കെജ്രിവാൾ സർക്കാരിനെ പുറത്താക്കാനുള്ള ബിജെപിയുടെ പ്രചാരണത്തിന് ആവേശം നൽകുകയാണ് അമിത് ഷായുടെ പ്രസംഗത്തിന്റെ ഉദ്ദേശ്യം. ബിജെപി അധികാരത്തിൽ വന്നാൽ ഡൽഹിയെ ‘ലോകോത്തര നഗരമായി’ ഉയർത്തുമെന്ന് ഷാ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
“മാലിന്യ വിമുക്തമായ ഡൽഹിയാണ് നമുക്കാവശ്യം. എല്ലാ വീട്ടിലും കുടിയ്ക്കാൻ ശുദ്ധമായ വെള്ളം ഉണ്ടാകണം. 24 മണിക്കൂർ വൈദ്യുതി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം. ഇവിടെ അനധികൃത കോളനികൾ വേണ്ട. മികച്ച ഗതാഗത സൗകര്യം, സൈക്കിൾ ട്രാക്ക്, ലോകോത്തരമായ മികച്ച റോഡുകൾ, ഇവിടെ ട്രാഫിക് കുരുക്കുകളോ ഷഹീൻ ബാഗുകളോ വേണ്ട. അത്തരമൊരു ഡൽഹിയാണ് നമുക്കാവശ്യം,” അമിത് ഷാ പറഞ്ഞു.
അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റ്(41) ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചു. കലിഫോര്‍ണിയയില്‍ പ്രദേശിക സമയം രാവിലെ പത്തിനാണ് അപകടം ഉണ്ടായത്. . കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ അപകടത്തിലാണ് എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള്‍ താരമായി കണക്കാക്കുന്ന കോബി ബ്രയന്റ് കൊല്ലപ്പെട്ടത്. നാല്പത്തിയൊന്നുകാരനായ കോബിക്കൊപ്പം പതിമൂന്നുകാരിയായ മകള്‍ ജിയാന്നയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴ്ചയാണ് കായിക ലോകത്തിന് തീരാ നഷ്ടമുണ്ടാക്കിയ അപകടമുണ്ടായത്. പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേര് അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ് മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിച്ചത് ദുരന്തത്തിന്റെ ആഴംകൂട്ടി. അപകടത്തില്‍ മരിച്ച മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ടു പതിറ്റാണ്ടോളം എന്‍ബിഎ ടീം ലോസ് ആഞ്ചലീസ് ലീക്കേഴ്സിന്റെ താരമായിരുന്നു ബ്രയന്റ്.
അഞ്ച് തവണ ചാമ്ബ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ ടോറന്റോ റാപ്ടോര്‍സിനെതിരെ നേടിയ 81 പോയിന്റ് എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. 2008ല്‍ എന്‍ബിഎയിലെ മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ പുരസ്കാരം ബ്രയന്റ് നേടി. രണ്ടു തവണ എന്‍ബിഎ സ്കോറിംഗ് ചാമ്പ്യനുമായി 2008ലും 2012ലും യുഎസ് ബാസ്കറ്റ് ബോള്‍ ടീമിനൊപ്പം രണ്ടു തവണ ഒളിമ്ബിക് സ്വര്‍ണവും സ്വന്തമാക്കി. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്.
2018ല്‍ ‘ഡിയര്‍ ബാസ്കറ്റ് ബോള്‍’ എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്കര് അവാര്‍ഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്. ബാസ്കറ്റ് ബോള്‍ താരമായ മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. സികോര്‍സ്കിയിലേക്ക് തിരിച്ചതായിരുന്നു കോബിയും മകള്‍ ജിയാന്നയും. ബാസ്കറ്റ്ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ കോബി ബ്രയന്റിനെ ഉള്‍പ്പെടുത്താനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതിനിടയ്ക്കാണ് താരത്തിന്റെ മരണം. 1991 ല്‍ നിര്‍മ്മിതമായ എസ് 76 ബി ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്ത് മണിയോടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. 2016ലാണ് കോബി ബാസ്കറ്റ് ബോളില്‍ നിന്ന് വിരമിച്ചത്. 2011ല്‍ വിവാഹിതനായ താരത്തിന് ജിയാന്ന അടക്കം നാലുപെണ്‍മക്കളാണുള്ളത്.
#Update Downed aircraft is a helicopter. Flames extinguished. #Malibu deputies at crash site looking for survivors, 4200 blk Las Virgenes Rd #Calabasas #LASD pic.twitter.com/eixLhGhLyE
— LA County Sheriffs (@LASDHQ) January 26, 2020
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ കേസിന്റെ ഏറ്റവും പുതിയ വാദം സുപ്രീം കോടതി കേൾക്കുന്നതിനിടെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കുള്ള (ഐഎഎംഐഐ) സെൻട്രൽ ബാങ്കിന്റെ മറുപടി വിശദമായി വായിക്കുകയുണ്ടായി. രാജ്യത്ത് വെർച്വൽ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് ഐഎഎംഐഐക്ക് നൽകിയ മറുപടിയിൽ ആർ ബി ഐ വ്യക്തമായി പറയുന്നു. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ക്രിപ്റ്റോ വ്യവസായത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഓരോ കാര്യത്തിനും മറുപടി നൽകാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു . ആർ ബി ഐയുടെ മറുപടി 30 പേജുള്ള ഒരു രേഖയായിട്ടാണ് പുറത്തുവന്നത്.
റിസർവ് ബാങ്കിന്റെ സ്ഥിരീകരണത്തോടെ കേന്ദ്ര ബാങ്കോ ഇന്ത്യൻ സർക്കാരോ ക്രിപ്റ്റോ കറൻസി നിരോധിച്ചിട്ടില്ല എന്ന് വ്യക്തമായി. ക്രിപ്റ്റോ പ്രവർത്തനങ്ങൾ നിയമപരവും പ്രവർത്തനപരവുമായ അപകടസാധ്യതകൾക്കൊപ്പം സാമ്പത്തികമായ അപകടസാധ്യതകളാണ് സൃഷ്ടിക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് ബാങ്കിംഗ് നിയന്ത്രണങ്ങളെ സെൻട്രൽ ബാങ്ക് ന്യായീകരിക്കുകയുണ്ടായി. രഹസ്യവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിക്കാമെന്ന് ഇന്ത്യൻ സർക്കാർ കഴിഞ്ഞ ജൂലൈയിൽ രാജ്യസഭയോട് പറഞ്ഞു. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗിക്കുന്നുവെന്നതിന് വിവരങ്ങളൊന്നുമില്ല.
റിസർവ് ബാങ്കിന്റെ 2018 ഏപ്രിൽ സർക്കുലറിനെ തുടർന്ന്, ബാങ്കുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ അക്കൗണ്ടുകൾ അടച്ചു. ക്രിപ്റ്റോയുമായി ബന്ധപ്പെട്ടവർ ഉടൻ തന്നെ ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് റിട്ട് പെറ്റീഷനുകൾ ഫയൽ ചെയ്തു. ഈ ക്രിപ്റ്റോ എക്സ്ചേഞ്ച് അംഗങ്ങളെയാണ് ഐഎഎംഐഐ പ്രതിനിധീകരിക്കുന്നത്. ക്രിപ്റ്റോ കേസ് വാദം കേൾക്കൽ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പുനരാരംഭിച്ചു. അതേസമയം, ക്രിപ്റ്റോ കറൻസികൾ നിരോധിക്കാൻ ശ്രമിക്കുന്ന കരട് ബില്ലിൽ ഇന്ത്യൻ സർക്കാർ ഇപ്പോഴും ആലോചന നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ ഇത് അവതരിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടും ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല.
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം വായിച്ചു. പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധവും മതേതര ജനാധിപത്യ സങ്കല്പ്പത്തിന് എതിരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ഞായറാഴ്ച കുര്‍ബാന മധ്യേയാണ് ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം വായിച്ചത്.
മതേതര ഇന്ത്യയ്ക്കായി ഭരണഘടന സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും ലേഖനത്തില്‍ പറയുന്നു. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് ഈ നിയമത്തിലൂടെ നടക്കുന്നത്. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല, രാജ്യത്തെ സര്‍വജനങ്ങളുടെയും പ്രശ്നമാണെന്നും ലേഖനത്തിലുണ്ട്.
പൗരത്വ നിയമ ഭേദഗതിയുടെ ആന്തരിക അര്‍ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെ പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്രത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ലത്തീന്‍ കത്തോലിക്ക സഭയുടെ ലേഖനത്തില്‍ പറയുന്നു. ജനുവരി 26-ന് ഭരണഘടന സംരക്ഷണദിനമായി ആചരിക്കാന്‍ ലത്തീന്‍ കത്തോലിക്ക സഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടയലേഖനവും വായിച്ചത്.
അദ്ധ്യാപികയായ രൂപശ്രീയെ സഹഅദ്ധ്യാപകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഏഴുവര്‍ഷം നീണ്ട പ്രണയം തകര്‍ന്നതിന്റെ പകയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 2003-ലാണ് വെങ്കിട്ടരമണ ഈ സ്കൂളില്‍ അദ്ധ്യാപകനായത്. 2014-ല്‍ രൂപശ്രീ ചരിത്ര അദ്ധ്യാപികയായി എത്തി. സ്കൂളിലെ പ്രദര്‍ശനങ്ങളില്‍ മോഡലിംഗിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. മോഡലിംഗില്‍ സഹായിച്ചത് ചിത്രകലാ അദ്ധ്യാപകന് വെങ്കിട്ട രമണയായിരുന്നു. ഇതുവഴിയാണ് ഇരുവരും അടുത്തത്. പിന്നീട് പ്രണയമായി. പൂജയും മന്ത്രവാദവും നടത്തി ധാരാളം പണമുണ്ടാക്കിയിരുന്ന അദ്ധ്യാപകന് രൂപശ്രീയെ സാമ്ബത്തികമായി കണക്കറ്റ് സഹായിച്ചിരുന്നു.
ഒരുതവണ മൂന്നു ലക്ഷം രൂപയും പിന്നീട് പല തവണയായി ലക്ഷങ്ങളും രൂപശ്രീക്ക് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് മറ്റൊരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകനുമാaയി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ടരമണ അറിഞ്ഞത്. ഈ ബന്ധം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രൂപശ്രീ പിന്മാറിയില്ല. അതോടെ ഇരുവരും അകലാന്‍ തുടങ്ങി. ഒരു തവണ അദ്ധ്യാപകന് വാശിപിടിച്ചപ്പോള്‍ ‘എന്നാല്‍ നിങ്ങള്‍ എന്നെ കല്യാണം കഴിക്കൂ’ എന്ന് രൂപശ്രീ പറഞ്ഞു. എനിക്ക് കുടുംബം ഉള്ളതല്ലേ കല്യാണം കഴിക്കാന്‍ നിര്‍വാഹമില്ല എന്ന് വെങ്കിട്ടരമണ പറഞ്ഞു. ജനുവരി 14-ന് വെങ്കിട്ട രമണ അവധിയെടുത്ത് ഡ്രൈവര്‍ നിരഞ്ജനെയും കൂട്ടി കര്‍ണാടകത്തില്‍ പൂജ നടത്താന്‍ പോയി.
യാത്രയ്ക്കിടെ രൂപശ്രീയെ കുറിച്ച് വെങ്കിട്ടരമണ പറഞ്ഞു. അനുസരിക്കുന്നില്ലെങ്കില്‍ തട്ടിക്കളയാം എന്ന് നിരഞ്ജന് പറഞ്ഞു. ഈ യാത്രയിലാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ജനുവരി 16- ന് രാവിലെ തിരിച്ചെത്തിയ വെങ്കിട്ടരമണ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രൂപശ്രീയെ വിളിച്ചു. ഹൊസങ്കടി ടൗണില്‍ വച്ച് ഇരുവരും കണ്ടു. സ്കൂട്ടര്‍ വഴിവക്കില്‍ വെച്ച് രൂപശ്രീ വെങ്കിട്ടരമണയുടെ കാറില്‍ കയറി. വെങ്കിട്ട രമണയുടെ വീട്ടിലെത്തിയശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വെങ്കട്ട രമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.
രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് ദുര്‍മന്ത്രവാദവും നടന്നിരിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നു. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകള്‍ ഇപ്പോഴും കാസര്‍ഗോഡിന്റെ ഉള്‍പ്രദേശങ്ങളില്‍ നടക്കാറുണ്ട്. രൂപശ്രീയുടെ മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായത് ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുടി മുറിച്ചുമാറ്റിയതും ആഭിചാര കര്‍മങ്ങളുടെ ഭാഗമായിട്ടാകാം.പ്രതി വെങ്കിട്ടരമണ കാരന്ത് വിവിധതരം പൂജകളെക്കുറിച്ച് ആഴത്തില്‍ അറിവുള്ള ആളാണ്. ഇത്തരമൊരു കൃത്യം നടത്തുന്നതിന് സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തതും ഗൂഢപൂജകളുടെ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.
ഇത്തരം ഗൂഢപൂജകളിലൂടെ സമ്ബത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം പലയിടങ്ങളിലും ഉള്ളതാണ്. ബലിമൃഗങ്ങളെ ആയുധമുപയോഗിക്കാതെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതും ഇത്തരം ആഭിചാരകര്മങ്ങളിലെ രീതിയാണ്. വിവിധ സ്ഥലങ്ങളില്‍ കാരന്ത് പൂജകള്‍ക്കായി പോകുമ്ബോള്‍ സഹായിയായി കൂടെ ചെല്ലാറുള്ള നിരഞ്ജനും കൃത്യം നടക്കുമ്ബോള്‍ മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നു. മിയാപ്പദവ് ആസാദ് നഗറിലെ വെങ്കിട്ടരമണയുടെ വീടും നിഗൂഢതകള്‍ നിറഞ്ഞതാണ്. ഒരു കാറിന് കഷ്ടിച്ച് കടന്നുപോകാനാവുന്ന ചെറിയൊരു മണ്‍പാത മാത്രമാണ് വീട്ടിലേക്കുള്ളത്. വിശാലമായ മുറ്റത്ത് തുളസിത്തറയും അഗ്നികുണ്ഡവും കാണാം. മുറ്റത്ത് ഷീറ്റിട്ടതിനാല്‍ വീടിനകത്ത് അധികം വെളിച്ചമില്ല.
പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറി തയ്യാറാക്കിയിട്ടുണ്ട്. സാധാരണ വീടുകളിലുള്ളതുപോലെ ചെറിയൊരു പൂജാമുറി വേറെയുമുണ്ട്. പുറത്തെ പൂജാമുറിയില്‍ വീട്ടിലെ സ്ത്രീകള്‍ക്കും മറ്റും പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. രൂപശ്രീയുടെ മൃതദേഹം കടലില്‍ തള്ളുകയും ഹാന്‍ഡ്ബാഗ് കടല്‍തീരത്തെ കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പറയുമ്ബോഴും വസ്ത്രങ്ങള്‍ എന്തുചെയ്തു എന്ന കാര്യം വെളിപ്പെടാതെ കിടക്കുകയാണ്.
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും തിരിച്ചെത്തിയവരിൽ പതിനൊന്ന് പേർ കേരളം, മുംബൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണത്തിൽ. കേരളത്തിൽ ഏഴ്, മുംബൈയിൽ രണ്ട്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് യാത്രക്കാരിൽ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഈ 11 പേരിൽ മുംബൈ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരും ഹൈദരാബാദിലും ബെംഗളൂരുവിലും നിരീക്ഷണത്തിലുള്ള ഓരോരുത്തരുടേയും പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“മുംബൈ, ബെംഗളൂരു, ഹൈദരബാദ് എന്നിവിടങ്ങളിലുള്ളനാല് സാമ്പിളുകളുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഐസിഎംആർ-എൻഐവി പൂനെ അറിയിച്ചു. മുംബൈലുള്ള രോഗികളിൽ ഒരാൾക്ക് സാധാരണ ജലദോഷ വൈറസുകളിലൊന്നായ റിനോവൈറസ് ഉണ്ട്,” മന്ത്രാലയം ട്വീറ്റ് ചെയ്തു. കേരളത്തിൽ 73 പേർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ പനി, ചുമ, തൊണ്ടവേദന എന്നിവയുടെ നേരിയ ലക്ഷണങ്ങൾ കാണിച്ച ഏഴ് പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇവരിൽ രണ്ടുപേർ കൊച്ചിയിലാണ്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തരും നിരീക്ഷണത്തിലാണ്.
ചൈനയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുന്നവർ പുറപ്പെട്ട തീയതി മുതൽ 28 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. രാജ്യത്ത് ഇരുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൈനയിൽ നിന്ന് 96 വിമാനങ്ങളിലായി യാത്ര ചെയ്ത 20,844 യാത്രക്കാരെ ജനുവരി 24 വരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്ന 20,000 ത്തിലധികം യാത്രക്കാരെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കി. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നവർക്കായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഇൻസുലേഷൻ വാർഡും കേസുകൾക്ക് ചികിത്സ നൽകുന്നതിന് കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.
ചൈനയിലെ ഇന്ത്യൻ എംബസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വുഹാനിൽ നിന്ന് അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങിയ 25 ഓളം വിദ്യാർത്ഥികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അവരുടെ വിശദാംശങ്ങൾ ജില്ലാതല ഉദ്യോഗസ്ഥരുമായി പങ്കുവച്ചിട്ടുണ്ട്, കൂടാതെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ചൈനയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയ രണ്ടുപേരെ കസ്തൂർബ ആശുപത്രിയിലെ ഒരു ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ പരിശോധനയ്ക്കായി അവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചതായി മുംബൈയിൽ അധികൃതർ അറിയിച്ചു.
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നരവയസ്സുകാരി ആല്‍ഫൈനിന്റെ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിലെ ഒന്നാം പ്രതി ജോളിക്കെതിരെ സമർപ്പിക്കുന്ന മുന്നാമത്തെ കുറ്റപത്രമാണ് ആൽഫൈൻ കേസിലേത്. ഒന്നാം പ്രതി ജോളി, ബ്രെഡില്‍ സയനൈഡ് പുരട്ടി നല്കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിക്കുന്നതിനുള്ള മുന്നൊരുക്കമായിയിരുന്നു ഒന്നരവയസ്സുകാരി ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഷാജു സിലി ദമ്പതികളുടെ മകളായിരുന്നു ആൽഫൈൻ. ആസൂത്രിതമായാണ് ആൽഫൈനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജോളി ചെറിയ ഡപ്പിയിലാക്കി സയനൈഡ് കരുതി. തക്കം കിട്ടിയപ്പോള്‍ ഇത് ബ്രഡില്‍ പുരട്ടി ആല്ഫൈന് നല്‍കാനായി എടുത്തുവച്ചു.
ഈ നീക്കം അറിയാതെയായിരുന്നു ഷാജുവിന്റെ സഹോദരി ആന്‍സി കുഞ്ഞിന് ബ്രഡ് നല്‍കുകിയത് എന്നായിരുന്നു കുറ്റപത്രത്തില്‍ പറയുന്നത്. 2014 ലാണ് ഈ കൊലപാതകം നടന്നത്. ആല്ഫൈന് ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം. ഇതിന് ശേഷം സിലിയേയും കൊലപ്പെടുത്തി. ഒന്നര വയസുകാരി ആല്ഫൈന് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ മരിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കൂടത്തായി പരമ്പരിയിലെ ആവസാന മരണമായ സിലിയുടെ കൊലപാകത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിലിയെ അപസ്മാര രോഗത്തിന് ഓമശ്ശേരി ആശുപത്രിയിൽ എത്തിക്കുകയും മരുന്നിനൊപ്പം സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യത്തിൽ സിലിയുടെ ഭർത്താവ ഷാജുവിന് പങ്കില്ലെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1020 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളുണ്ട്. മുന്ന കേസുകളിലും ജോളി ഒന്നാം പ്രതിയാണ്. ജോളിയുടെ സുഹൃത്ത് മാത്യു രണ്ടാം പ്രതിയും സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരാണ് മറ്റ് പ്രതികൾ.
മോദി ഭരണകൂടത്തെയും നയങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ച് ദ ഇക്കണോമിസ്റ്റ്. ‘ഇന്‍ടോളറന്റ് ഇന്ത്യ (അസഹിഷ്ണുത ഇന്ത്യ)’ എന്ന തലക്കെട്ടോടെ ഇറങ്ങിയ ഇപ്രാവശ്യത്തെ ദ ഇക്കണോമിസ്റ്റ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എയെയും എന്‍.ആര്.സിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ദ ഇക്കണോമിസ്റ്റിന്റെ സഹസ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിന്റെ ജനാധിപത്യ സൂചികാ പട്ടികയില്‍ 10 സ്ഥാനം താഴ്ന്ന റാങ്ക് ലഭിച്ചതിനു പിന്നാലെയാണ് ദ ഇക്കണോമിസ്റ്റിന്റെ കവറായി രൂക്ഷവിമര്‍ശന ലേഖനം വന്നത്.
പൗരത്വ നിയമ ഭേദഗതിയും എന്‍.ആര്.സിയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെന്ന ആശയത്തെ അപകടത്തിലാക്കുന്നതാണെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇതിന്റെ കവര്‍ചിത്രം ട്വീറ്റ് ചെയ്തും വിമര്‍ശനക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എങ്ങനെയാണ് അപകടത്തിലാക്കുന്നത്’ എന്നാണ് ട്വീറ്റ്.
‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നരേന്ദ്ര മോദി വിഭാഗീയത സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടിലാണ് ലേഖനം.
ദേശീയതയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കി മോദിയുടെ ബി.ജെ.പിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നുവെന്ന് 80 കളിലെ രാമക്ഷേത്ര നിര്‍മാണ മൂവ്മെന്റുകള്‍ ചൂണ്ടിക്കാണിച്ച് ലേഖനത്തില്‍ പറയുന്നു. യഥാര്‍ഥ ഇന്ത്യക്കാരെ കണ്ടെത്താനെന്ന് പറഞ്ഞ് നടപ്പിലാക്കുന്ന എന്‍.ആര്.സി 130 കോടി ജനങ്ങളെയും ബാധിക്കും. വര്‍ഷങ്ങള്‍ ഇതിന്റെ പേരില്‍ വലിച്ചിഴക്കെപ്പെടും. പട്ടിക വീണ്ടും വെല്ലുവിളിക്കപ്പെടുകയും വീണ്ടും പുതുക്കുകയും പിന്നെയും മാറ്റുകയും ചെയ്യേണ്ടിവരുമെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്കുന്നു.
സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള മറ്റു കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങള്‍ എടുത്തിടുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലോക ജനാധിപത്യ രാജ്യങ്ങളിലെ പട്ടികയില്‍ ഇന്ത്യ താഴ്ന്നു പോയിരുന്നു. 10 സ്ഥാനങ്ങള്‍ താഴ്ന്ന് 165 രാജ്യങ്ങള്‍ക്കിടയില്‍ 51-ാം സ്ഥാനത്താണ് ഇന്ത്യ ഇടംപിടിച്ചത്. 10 ല്‍ 6.9 മാര്‍ക്ക് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചതും.
സി.എ.എയെ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ടും. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
How India’s prime minister and his party are endangering the world’s biggest democracy. Our cover this week https://t.co/hEpK93Al11 pic.twitter.com/4GsdtTGnKe
— The Economist (@TheEconomist) January 23, 2020
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടക്കിയെന്ന ആരോപണം ചീറ്റിപോയപ്പോള്‍ അടുത്ത വെടിയുമായി ബി.ജെ.പി എം.പി വീണ്ടും രംഗത്ത്. ഇത്തവണ കൊല്ലം ജില്ലയിലെ പൊന്നപ്പന്റെ ചായക്കച്ചവടം പൂട്ടിക്കുകയാണെന്ന ആരോപണവുമായാണ് കര്‍ണാടകയിലെ ശോഭ കരന്ത്ലജെ എന്ന എം.പി രംഗത്തെത്തിയിരിക്കുന്നത്. കുറ്റിപ്പുറത്തെ കുടുംബത്തിന് കുടിവെള്ളം മുടക്കിയെന്ന നട്ടാല്‍ മുളക്കുന്ന ട്വീറ്റിട്ടതു വഴി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന കുറിപ്പ് പങ്കുവച്ചതിനായിരുന്നു 153(എ) വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്.
ഇതിനു പിന്നാലെയാണ് പുതിയ ട്വീറ്റുമായി എംപി രംഗത്തുവന്നിരിക്കുന്നത്. ഉഡുപ്പി ചിക്മംഗളൂര് മണ്ഡലത്തിലെ എം.പിയായ ശോഭ കരന്ത്ലജെക്ക് അവിടെത്തെ കാര്യങ്ങളില്‍ ഇടപെടാനില്ലേ എന്നണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത് കേരളമാണ്. ഇവിടെ വിദ്വേഷം പരത്താന്‍ പുറത്തുനിന്ന് ആളുകളെ കെട്ടിയിറക്കേണ്ട ആവശ്യമില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.
കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചായിരുന്നു ഇവര്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നുമാണ് കുറ്റിപ്പുറം പൊലിസ് വ്യക്തമാക്കുന്നത്. ജനുവരി 22നാണ് ശോഭ കരന്ത്ലജെ ട്വീറ്റ് ചെയ്തത്.
കേരളത്തില്‍ വീണ്ടും വിവേചനമാണ്. ഫേസ്ബുക്കില്‍ പൗരത്വ അനുകൂല പോസ്റ്റിട്ടതിനോടുള്ള പ്രതികാരമായി കൊല്ലം ഓച്ചിറ സ്വദേശി പൊന്നപ്പനില്‍ നിന്ന് ഒരു പ്രത്യേക സമുദായം ചായ വാങ്ങുന്നത് നിര്‍ത്തിയെന്നാണ് പുതിയ ട്വീറ്റിലെ ആരോപണം. കേരളത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ? എന്നും, ഇത്തരം അനീതികള്‍ക്കെതിരെ കേസെടുക്കാന്‍ കേരളാ സര്‍ക്കാര്‍ എന്താണ് തയ്യാറാകാത്തതെന്നും അവര്‍ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. അതേസമയം പുതിയ ട്വീറ്റിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
History repeats in Kerala!?
Sri Ponnappan frm Oachira of Kollam were supplying tea&snacks to nearby shops.
For his pro #CAA2019 remrks on FB, he had to face a complete boycot frm a particular community.
Will Govt dare to file case against these injustices happening in Kerala?? pic.twitter.com/hvm1ep0eU5
— Shobha Karandlaje (@ShobhaBJP) January 24, 2020
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ യുവതിക്ക് ഇതുവരേ ചെലവായത് ഒരു കോടി രൂപ. ചൈനയിലെ പ്രൈമറി ആര്‍ട്ട് സ്കൂളിലെ അധ്യാപികയായ മഹേശ്വരിയുടെ തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ബന്ധു കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി. ചികിത്സയ്ക്കായി ഇതുവരെ ചെലവായത് ഒരു കോടി രൂപയാണെന്ന്് സഹോദരന് മനീഷ് താപ്പ പറഞ്ഞു. ചികിത്സയ്ക്ക് ഇനിയും തുക ആവശ്യമായതിനാലാണ് ഇദ്ദേഹം ബീജിങിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. ചികിത്സാചെലവിനായി ധനശേഖരണത്തിന് ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ ക്രൗഡ് ഫണ്ടിംഗ് ഏജന്‍സിയെയും സമീപിച്ചിട്ടുണ്ട്.
ഷെന്‍സനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് മഹേശ്വരി ഇപ്പോഴുള്ളത്. ജനുവരി പതിനൊന്നിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയുണ്ടെന്നും സഹോദരന് പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലാണ് പ്രീതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പക്ഷെ ചികിത്സാ ചെലവുകള്‍ കുടുംബത്തിന് താങ്ങാനാവുന്നതിലുമപ്പുറമാണെന്ന് സഹോദരന് കൂട്ടിച്ചേര്‍ത്തു. അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.