എടത്വാ: ‘ഞങ്ങളെ ആരെ ഏല്‍പ്പിച്ചിട്ടാണ് അച്ഛാ പോകുന്നത്. ഞങ്ങള്‍ക്ക് ഇനി ആരുണ്ട്’? തങ്ങളുടെ ജീവതാളമായിരുന്ന പിതാവിന്റെ മൃതശരീരം അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം ചിതയിലേക്ക് എടുത്തപ്പോള്‍ ഷിംജിയും ഷൈലജയും നിലവിളിച്ചു ചോദിച്ചപ്പോള്‍ അവിടെ കൂടി നിന്നവരുടെ കാഴ്ച അല്‍പ നേരത്തേക്ക് മറച്ചു. ജനുവരി 4ന് ഹൃദയാഘാതം മൂലം മരണമടഞ്ഞ തലവടി 12-ാം വാര്‍ഡ് ആനപ്രമ്പാല്‍ തെക്ക് പാലപറമ്പില്‍ കക്കാടംപള്ളില്‍ പി.കെ.രാജപ്പന്റെ (78) സംസ്‌ക്കാര ചടങ്ങാണ് ഏവരുടെയും കരള്‍ കൂടി അലിയിച്ചത്.
ശരീരം മുഴുവന്‍ തളര്‍ന്നതുമൂലം നെഞ്ചില്‍ അടിച്ച് കരയുവാന്‍ ഷിം ജിയ്ക്കും ഷൈലജയ്ക്കും സാധിച്ചില്ലെങ്കിലും അവരുടെ ഹൃദയം പിളര്‍ന്നത് ഒരു നാടിന്റെ കൂടി വേദനയായി മാറി. മൂത്ത മകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞതിനാല്‍ പി.കെ രാജപ്പന്റ സഹോദരനും സഹോദരങ്ങളുടെ മക്കളും ചേര്‍ന്നാണ് അന്ത്യകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നത്.
ശരീരത്തിന്റെ പേശികള്‍ ക്ഷയിക്കുന്ന രോഗം മൂലം ഷിംജി (45) കഴിഞ്ഞ 20 വര്‍ഷമായി കിടക്കയില്‍ തന്നെയാണ്. തയ്യല്‍ ജോലി ചെയത് ഉപജീവനം നടത്തുന്നതിനിടയില്‍ ആണ് ഷിംജി കിടക്കയില്‍ ആയത്. ഷിംജിയുടെ ചികിത്സക്കിടയില്‍ ക്രമേണ ഷൈലജയ്ക്കും (42) ഈ രോഗലക്ഷണം തുടങ്ങി. കാണ്‍പൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരവെയാണ് ഷൈലജയും 13 വര്‍ഷമായി കിടക്കയിലായിരിക്കുന്നത്. കണ്ണടച്ചു തുറക്കാനും ശ്വാസം വിടാനും ഒഴികെ എന്തിനും തുണയായിരുന്ന അച്ഛന്റെ വേര്‍പാട് ഇവരുടെ മനസ് കൂടി തളര്‍ത്തിയിരിക്കുകയാണ്. രണ്ട് നേരം തിരുമ്മല്‍ ഉള്‍പ്പെടെ ചെയ്ത് ഇവരുടെ പ്രാഥമിക ആവശ്യങ്ങള്‍ എല്ലാം ചെയ്യുവാന്‍ സഹായിച്ചിരുന്നത് മരണമടഞ്ഞ പിതാവ് ആണ്. ആസ്മ രോഗിയായ അമ്മയ്ക്ക് മക്കളെ ശുശ്രുഷിക്കാനാകാത്ത അവസ്ഥയും ആണ്. ജീവകാരുണ്യ സന്നദ്ധ സംഘടനയാണ് രണ്ട് സെന്റ് ഭൂമിയില്‍ ഇവര്‍ക്ക് തല ചായ്ക്കുവാന്‍ ഒരിടം പോലും ഒരുക്കികൊടുത്തത്.
മരണവാര്‍ത്ത മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ് ചില വ്യക്തികളും രാഷ്ട്ര സേവ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിസാമുദിന്‍ അബ്ദുള്‍ ലത്തീഫ് ഉള്‍പെടെയുള്ളവര്‍ വീട്ടിലേക്ക് വരുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഷിംജി പറഞ്ഞു. കൂടാതെ സാമൂഹ്യ പ്രവര്‍ത്തകനായ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള ഇവരുടെ അവസ്ഥ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ അധികൃതരുമായി പങ്കുവെയ്ക്കുകയും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ജില്ലയുടെ ചുമതലയുള്ള മെമ്പര്‍ സെക്രട്ടറിയുമായി ആലോചിച്ച് ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. പി.പി.മോഹനന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് ഉറപ്പു നല്‍കി.
പരസഹായത്താല്‍ പോലും നിവര്‍ന്ന് നില്‍ക്കുവാന്‍ സാധിക്കാത്ത നിലയില്‍ കഴിയുന്ന ഇവരുടെ ഭാവി ഇനിയെന്ത് എന്നുള്ള ആശങ്കയിലാണ് ബന്ധുക്കളും അയല്‍വാസികളും.
വിവരങ്ങള്‍ക്ക്; +919745755003
പതിനഞ്ച് വയസുള്ള പെൺകുട്ടിയും പതിനാറ് വയസുള്ള ആൺകുട്ടിയും കല്യാണം കഴിക്കുന്നുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു. ടെലിഫിലിം ഷൂട്ടിങ്ങിന്റെ പേരിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ എടുത്ത വീഡിയോയുടെ ഒരുഭാഗം മാത്രമാണ് തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ കേസ് കൊടുത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാർത്തുന്ന ദൃശ്യം ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു.
അതേ സമയം സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നത് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ വിദ്യാർഥിനിയുടെ കഴുത്തിൽ താലി ചാർത്തിയെന്ന തരത്തിലായിരുന്നു. ഇതോടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഒരു മാസം മുൻപാണ് പ്രതീകാത്മക വിവാഹം നടന്നതെന്നും, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്കൂളിലെ വിദ്യാർഥിനിയാണ് ദൃശ്യങ്ങളിലുള്ളതെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.
കൂടെയുണ്ടായിരുന്ന വിദ്യാർഥിനികളിൽ നിന്നു വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ അറിയിക്കുകയും, ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കൾ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കണ്ടതോടെ പൊലീസിൽ പരാതി നൽകി. ഇതോടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു പരാതി. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
പ്രശസ്ത സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി.പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു.
ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്തുള്ള ആല്‍മരത്തിന് തീപിടിച്ചു. രാവിലെ 11.30 ഓടെയാണ് തീപടര്‍ന്നത്. നെയ്യമ്പിഷേകം ചെയ്യുന്ന അടുത്താണ് ആല്‍മരം സ്ഥിതി ചെയ്യുന്നത്.
ആഴിയില്‍ നിന്ന് ആലിലേക്ക് തീ പടരുകയായിരുന്നു. പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്സ് തീ കെടുത്തി. വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്തുള്ളത്. തീര്‍ഥാടകരെ വലിയ നടപ്പന്തലില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തീ കെടുത്തിയ ശേഷം തീര്‍ഥാടകരെ കയറ്റി തുടങ്ങി.
നാലുമാസം മുൻപ് അപ്രതീക്ഷിതമായെത്തിയ പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളില്‍ ആലപ്പാട്ടുകാരുമുണ്ടായിരുന്നു. പ്രദേശത്തെ അശാസ്ത്രീയ കരിമണൽ ഖനനത്തിനെതിരെ നാളുകളായി പ്രതിഷേധമുയരുകയാണ്. നടപടി വേണമെന്ന് അപേക്ഷിച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തുവന്നിരിക്കുകയാണ് ഒരു പെൺകുട്ടി.
അശാസ്ത്രീയഖനനം മൂലം കടൽ കയറി ആലപ്പാട് ഇല്ലാതാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പെൺകുട്ടി പറയുന്നു. ഇവിടെയുള്ളവരിൽ അധികവും മത്സ്യത്തൊഴിലാളികളാണ്. ഇവിടുന്ന് മാറിത്താമസിച്ചാൽ അവരുടെ ജീവിതമാർഗ്ഗം ആകും ഇല്ലാതാകുക. ഇത് ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. നാളെ കേരളം മുഴുവനും ചിലപ്പോൾ ഇല്ലാതായേക്കും–പെൺകുട്ടി പറയുന്നു.
നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പല തരത്തിൽ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും അതൊന്നും പരിഹാരം കാണാൻ അധികാരികൾ തയ്യാറായിട്ടില്ല. ഇപ്പോഴും വില്ലേജ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിൽ കൈത്താങ്ങായി ഉണ്ടായിരുന്നത് മത്സ്യത്തൊഴിലാളികളാണ്. ആ ഞങ്ങളെ നിങ്ങൾ രക്ഷിക്കുമെന്ന പ്രതീക്ഷ ഇപ്പോഴുമുള്ളതുകൊണ്ടാണ് ഇങ്ങനൊരു വിഡിയോ ചെയ്യുന്നത്.
ജനിച്ച മണ്ണില്‍ത്തന്നെ മരിക്കണം. അത് ഞങ്ങളുടെ ആഗ്രഹമാണ്. അതിനുവേണ്ടിയാണ് ഞങ്ങളീ പോരാടുന്നത്. സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. നിരവധി പേർ സോഷ്യൽ മീഡിയയിൽ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
കൊല്ലം ജില്ലയുടെ പടിഞ്ഞാർ ഭാഗത്താണ് മത്സ്യബന്ധന ഗ്രാമമായ ആലപ്പാട്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് ആവശ്യമായ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയായ റയർ എർത്ത്, കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽ ആന്റ് മെറ്റൽസ് എന്നീ സ്ഥാപനങ്ങളാണ് അരനൂറ്റാണ്ട് കാലമായി ആലപ്പാട് കരിമണൽ ഖനനം നടത്തുന്നത്.
റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് നേരിട്ട് പങ്കെന്നും ഇപ്പോഴത്തെയോ മുന്‍പത്തെയോ പ്രതിരോധമന്ത്രിമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. റഫാല്‍ കരാര്‍ യുപിഎ ഭരണകാലത്ത് യാഥാര്‍ഥ്യമാകാതിരുന്നത് കമ്മിഷന്‍ കിട്ടാത്തതുകൊണ്ടാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. റഫാല്‍ വിഷയത്തില്‍ നിര്‍മലയും രാഹുലും ഏറ്റുമുട്ടിയപ്പോള്‍ ലോക്സഭയില്‍ തീപാറി. രാഹുല്‍ തന്നെ കള്ളിയെന്ന് വിളിച്ചുവെന്ന് പൊട്ടിത്തെറിച്ച് പ്രതിരോധമന്ത്രി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് വേണ്ടത് നാടകമല്ലെന്ന് രാഹുലിന്‍റെ മറുപടി.
പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കുകയും എച്ച്എഎലിനെ ദുർബലപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് റഫാലിന്‍റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍. അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഇടനിലക്കാരാന്‍ ക്രിസ്ത്യന്‍ മിഷേല്‍ പിടിയിലായതിന്‍റെ ആശങ്കയാണ് കോണ്‍ഗ്രസിന്. റിലയന്‍സിനെ തിരഞ്ഞെടുത്തത് റഫാല്‍ വിമാന നിര്‍മാതാക്കളായ ഡാസോയാണ്. ഒരു വിമാനത്തിന് 526 കോടി രൂപ എന്നതായിരുന്നു യുപിഎ കാലത്തെ ധാരണയെന്ന കോണ്‍ഗ്രസ് വാദം ശരിയല്ല. 737 കോടി രൂപയാണ് അവരുടെ വില. 670 കോടി രൂപയ്ക്ക് നമുക്ക് കിട്ടും.
ചൈനയും പാക്കിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യത്തില്‍ ദേശസുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കിയത്. 2019 സെപ്റ്റംബറില്‍ വിമാനം ഇന്ത്യയ്ക്ക് ലഭിക്കും. 90 വിമാനങ്ങള്‍ ഫ്രഞ്ച് സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനും നീക്കമുണ്ട്. ബൊഫോഴ്സില്‍ കോണ്‍ഗ്രസിന് അടിതെറ്റിയെങ്കില്‍ റഫാല്‍ നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കും ഇടപാടില്‍ രഹസ്യധാരണകളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് വെളിപ്പെടുത്തിയെന്ന രാഹുല്‍ഗാന്ധിയുടെ അവകാശവാദം തെറ്റാണെന്നും നിര്‍മല പറഞ്ഞു.
വിമാനങ്ങളുടെ വിലയല്ല അനില്‍ അംബാനിക്ക് ഒഫ്സെറ്റ് കരാര്‍ ലഭിച്ചത് എങ്ങിനെയാണ് തനിക്കറിയേണ്ടതെന്ന് രാഹുല്‍ തിരിച്ച് ചോദിച്ചു. രാഹുല്‍ തന്നെയും പ്രധാനമന്ത്രിയെയും കള്ളന്മാരെന്ന് വിളിച്ചുവെന്നും തനിക്ക് പാരമ്പര്യത്തിന്‍റെ തണലില്ലെന്നും പ്രതിരോധമന്ത്രി പൊട്ടിത്തെറിച്ച് മറുപടി നല്‍കി. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. താനൊരുസാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും നിര്‍മല പറഞ്ഞു. പ്രതിരോധമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭ ബഹിഷ്ക്കരിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി സഭയ്ക്ക് പുറത്തുപറഞ്ഞു.
സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളില്‍ അയ്യായിരത്തിലേറെപ്പേര്‍ക്കെതിരെ കേസ്; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേകസംഘങ്ങള്‍.
അതേസമയം ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍. നാല്‍പ്പത്തിയേഴ് വയസുള്ള ശശികല ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാല്‍ തന്ത്രി ശുദ്ധിക്രിയകള്‍ ഒന്നും നടത്തിയിട്ടില്ല. ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നില്ലേയെന്ന് മുഖ്യമന്ത്രി സംഘപരിവാറിനെ പരിഹസിച്ചു.
ശ്രീലങ്കന്‍ തമിഴ് വംശജയായ ശശികല ഇരുമുടിക്കെട്ടുമായി ശ്രീകോവിലിന് മുന്നിലൂടെ പോകുന്ന ദൃശ്യമാണിത്. ഒപ്പം മറ്റൊരു സ്വാമിയും. തുടര്‍ന്ന് ഭര്‍ത്താവും മകനും ദര്‍ശനം നടത്തി. നട അടയ്ക്കുന്നതിന് തൊട്ടുമുന്‍പാണ് ശശികല സോപാനത്തെത്തിയത്. ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഇത് ശശികല അല്ല എന്ന വാദവും ഉന്നയിക്കുന്നവരുണ്ട്.
ദര്‍ശനം കഴിഞ്ഞയുടന്‍ ശശികലയും ബന്ധുവും മലയിറങ്ങി. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ശരവണമാരന്‍ ശശികല ക്ഷേത്രത്തില്‍ കയറിയില്ലെന്ന് അവകാശപ്പെട്ടു. പിന്നീട് പമ്പയില്‍വച്ച് ശശികലയും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് പതിനെട്ടാംപടി കയറാന്‍ അനുവദിച്ചില്ലെന്നുപറഞ്ഞ് അവര്‍ പൊട്ടിത്തെറിച്ചു.
എന്നാല്‍ ശശികല ദര്‍ശനം നടത്തിയെന്ന് പൊലീസും സര്‍ക്കാരും പിന്നീട് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ ഇക്കാര്യം പരോക്ഷമായി സമ്മതിക്കുകയും ചെയ്തു.
സര്‍ക്കാര്‍ സ്ഥിരീകരിക്കുമ്പോഴും വിശ്വാസയോഗ്യമായ തെളിവില്ലെന്ന നിലപാടിലാണ് തന്ത്രി. ഓരോ തവണയും യുവതികളെത്തുമ്പോള്‍ ശുദ്ധിക്രിയ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് തന്ത്രിയുടേയും ഒപ്പമുള്ളവരുടേയും നിലപാടെന്നാണ് വിവരം.
കണ്ണൂര്‍: ഹര്‍ത്താലിന് പിന്നാലെയുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച്ച പകല്‍ ചില ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രാത്രിയായതോടെ കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. തലശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍, മുന്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി എന്നിവരുടെ വീടിന് നേരേ ബോംബേറുണ്ടായി.
ബോംബേറുണ്ടായതിന് പിന്നാലെ പെരുവരമ്പില്‍ സിപിഎം പ്രവര്‍ത്തകന് വേട്ടേറ്റിട്ടുണ്ട്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വി.കെ.വിശാഖി(28)നാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും വെട്ടേറ്റ വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചയോടെ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. സിപിഎം-ബിജെപി സംഘര്‍ഷം ഇന്നും തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവലുണ്ട്.
എ.എന്‍ ഷംസീര്‍ തലശേരിയില്‍ സമാധാന യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് അദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെട്ടത്. വീടിന് മുന്നിലേക്ക് ബോംബെറിഞ്ഞ ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണ സമയത്ത് വീട്ടില്‍ ഷംസീറിന്റെ പിതാവും മാതാവും സഹോദരങ്ങളുമാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സി.പി.എം. മുന്‍ ജില്ലാസെക്രട്ടറി പി.ശശിയുടെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലേക്കുള്ള ഹോളോവേ റോഡരികിലെ വീടിനു നേരേ ബോംബേറുണ്ടായി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ ബി.ജെ.പി ദേശീയ നേതാവും എംപിയുംമായ വി. മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടു. ഇന്ന് വീണ്ടും സമാധാന ചര്‍ച്ചകള്‍ നടക്കും.
തൃശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ തീപിടിത്തം. അഞ്ചുകടകള്‍ പൂര്‍ണമായി കത്തി നശിച്ചു. തീ നിയന്ത്രണവിധേയമായിട്ടില്ല. ഫയര്‍ഫോഴ്സിന്റെ നാലു യൂണിറ്റ് തീണയയ്ക്കാനുളള ഊര്‍ജിത ശ്രമത്തിലാണ്. കാറ്റുളളതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് വ്യാപിക്കുകയാണ്.
മറ്റിടങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പഴയവാഹനങ്ങള്‍ പൊളിച്ച് സ്പെയറുകള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
120 കടകളാണ് മാര്‍ക്കറ്റിലുളളത്. സമീപത്തെ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് തീപടരാതിരിക്കാന്‍ നടപടികളെടുത്തു. ഫയര്‍ഫോഴ്സിനൊപ്പം
കോട്ടയത്ത് കാരള്‍ സംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.പി ഒാഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പങ്കെടുത്ത മാര്‍ച്ചിലാണ് സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പിന്നാലെ പൊലീസ് ലാത്തിവീശി.
പാത്താമുട്ടം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി വിഷയത്തിലാണ് മാര്‍ച്ച്. പള്ളിയില്‍ അഭയംതേടിയ കുടുംബങ്ങള്‍ക്ക് നീതിവേണമെന്നാണ് ആവശ്യം. ആക്രമണത്തില്‍ പരുക്കേറ്റ ബാലികമാരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.സമ്മേളനം തുടരുന്നു
സുരക്ഷ ഉറപ്പാക്കിയാൽ വീടുകളിലേക്കു മടങ്ങാൻ തയാറാണെന്നു കൂമ്പാടി സെന്റ് പോൾസ് ആംഗ്ളിക്കൻ പള്ളിയിൽ അഭയം തേടിയ കാരൾ സംഘാംഗങ്ങൾ അറിയിച്ചിരുന്നു. ഡിവൈഎഫ്ഐ അക്രമത്തിൽ പരുക്കേറ്റ് പള്ളിയിൽ കഴിയുന്നവരെ സബ് കലക്ടർ ഈശ പ്രിയ സന്ദർശിച്ച് തെളിവെടുപ്പു നടത്തി. കലക്ടർ പി.സുധീർ ബാബുവിന്റെ നിർദേശ പ്രകാരമായിരുന്നു സബ് കലക്ടറുടെ സന്ദർശനം. ആക്രമണം നടത്തിയവരും പ്രതികളും പുറത്തുള്ള സാഹചര്യത്തിൽ വീടുകളിലേക്കു മടങ്ങുന്നതു സുരക്ഷിതമല്ലെന്നു കാരൾ സംഘം സബ് കലക്ടറോടു പറഞ്ഞു. നിയമപരമായ നടപടി എടുത്തതായി ജില്ലാ പൊലീസ് മേധാവി ഇന്നലെ കലക്ടർക്കു റിപ്പോർട്ടു നൽകി.
പ്രശ്നം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നു കലക്ടർ അറിയിച്ചു. പള്ളിയിൽ താമസിക്കുന്ന കുട്ടികളെ കണ്ട് ചൈൽഡ് ലൈൻ പ്രവർത്തകർ തെളിവെടുപ്പു നടത്തി. വീടുകളിലേക്കു തിരികെ പോകുന്നതു വരെ കുട്ടികൾക്കു സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാമെന്നു ചൈൽഡ് ലൈൻ പ്രവർത്തകർ വാഗ്ദാനം ചെയ്തു. ഡിസംബർ 23ന് രാത്രിയായിരുന്നു പള്ളിയിൽ നിന്നുള്ള കാരൾ സംഘത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്.
ആക്രമണത്തിന് ഇരയായവരിൽ 25 പേർ അന്നു മുതൽ വീടുകളിലേക്ക് പോകാനാവാതെ കൂമ്പാടി പള്ളിയിൽ തന്നെ കഴിയുകയാണ്. പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴും അയവു വന്നിട്ടില്ല. കഴിഞ്ഞ ദിവസം പള്ളിയിൽ ഒരു സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയത്തേക്കു മാത്രം കാരൾ സംഘക്കാർ മറ്റൊരിടത്തേക്കു മാറി. സംസ്കാര ചടങ്ങിനു ശേഷം തിരിച്ചെത്തുകയും ചെയ്തു. അതേസമയം ഡിവൈഎഫ്ഐക്ക് സംഭവുമായി ബന്ധമില്ലെന്ന് സിപിഎം പനച്ചിക്കാട് ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ അറിയിച്ചു. രണ്ടു കാരൾ സംഘങ്ങൾ തമ്മിലാണ് തർക്കം. ഇതിൽ ഒരു സംഘം പള്ളിയിൽ കഴിയുന്നതു രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. മാധ്യമങ്ങളും നേതാക്കളും എത്തുമ്പോൾ മാത്രം ഇവർ പള്ളിയിൽ എത്തുകയും മറ്റുള്ള സമയത്തു സ്വന്തം വീടുകളിൽ തന്നെ കഴിയുകയുമാണ് ചെയ്യുന്നതെന്നും കെ. രാധാകൃഷ്ണൻ പറയുന്നു