ലക്നൗ: കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ക്രിസ്ത്യന്‍ മിഷനറിമാരാണെന്ന് ബിജെപി എംപി. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഭരത് സിങ്ങാണ് വിവാദ പ്രസ്താവന നടത്തിയത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഭരത് സിങ് പറഞ്ഞു.
മിഷനറിമാരുടെ നിര്‍ദേശം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ മിഷനറിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ശനിയാഴ്ച ബലിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോളാണ് ഭരത് സിങ് പറഞ്ഞത്.
ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ദുര്‍ബലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പി ടി ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ബലിയാ മണ്ഡലത്തെയാണ് സിങ് പ്രതിനിധീകരിക്കുന്നത്.
ഭാര്യയുടെ തിരോധാനത്തിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്ദ്ദന്. ഐറിഷ് പത്രമായ സന്‍ഡേ മിററിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളാ പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അവളെ തട്ടിക്കൊണ്ടു പോയത് തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിയയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നുമാണ് ആന്‍ഡ്രൂ നടത്തിയ പ്രതികരണം. ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പാണ് ആന്‍ഡ്രൂവിന്റെ പ്രതികരണം.
ലീഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ മാനസികരോഗിയാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണ് ചെയ്തത് . ലീഗയെ കാണാതായ സ്ഥലത്തിനു അടുത്താണ് പൊലീസ് സ്റ്റേഷനെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസ് നടത്തിയില്ലെന്നും ആന്‍ഡ്രൂസ് വിദേശ റേഡിയോയില്‍ നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
കേരളത്തിലെ ഒരു ഹോട്ടലില്‍ ലിഗ താമസിക്കുന്നാണ്ടാകാം എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ അവിടുത്തെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുക പോലും ചെയ്തു. പിന്നീട് പൊലീസ് എത്തി തന്നെ രോഗിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിഗയുടെ കാര്യം പൊലീസിനെ ഭയന്നോ ടൂറിസത്തെ ബാധിക്കുമെന്നോ ഭയന്ന് മാധ്യമങ്ങള്‍ പോലും വേണ്ടവിദത്തില്‍ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ വിവരം ആന്‍ഡ്രുവും ലിഗയുടെ സഹോദരി ഇലീസും അറിഞ്ഞത് ലീഗയെ അന്വേഷിച്ചുള്ള തെരച്ചിലിനിടയിലാണ്. കാസര്‍ഗോഡു ഭാഗത്തായി ഇദ്ദേഹം ഭാര്യക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അജ്ഞാതമായ ഒരു മൃതദേഹം തിരുവല്ലം പനത്തുറ ആറിന് സമീപത്തെ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ കണ്ടെത്തിയതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയും പിന്നീട് ഇത് കാണാതായ വിദേശ വനിതയുടേതാണെന്ന് സഥിരീകരിക്കുകയുമായിരുന്നു.
തലയറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലീഗ ധരിച്ചിരുന്നതിന് സമാനമായ രീതിയിലുള്ള വസ്ത്രമായിരുന്നു മൃതദേഹത്തില്‍ കണ്ടെത്തിയത്. ഇതോടെ ലീഗയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇവര്‍ തിരുവന്തപുരത്തെത്തി മൃതദേഹം കണ്ടതോടെ ലീഗയുടേത് തന്നെയെന്ന് സ്ഥീരീകരണം നടത്തുകയായിരുന്നു. എന്നാല്‍ മൃതദേഹം ലീഗയുടേത് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
കോവളം കണ്ടല്‍ക്കാടിനുള്ളില്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സാഹചര്യമനുസരിച്ച് ഇതൊരു കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും സംശയത്തിന് ആഴംകൂട്ടുന്നുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്നും സിഗരറ്റ് പായ്ക്കറ്റുകളും ലൈറ്ററും കുപ്പിവെള്ളവും പോലീസ് കണ്ടെത്തിയിരുന്നു. ഇവ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
അമൃതാനന്തമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്ന ലീഗ പിന്നീട് മഠത്തോടുള്ള വിയോജിപ്പുകൊണ്ടാണ് അവിടെനിന്നും പുറത്തേക്ക് പോയത്. വിഷാദരോഗത്തിന്റെ ചികിത്സയ്ക്കായാണ് ലിഗ കേരളത്തിലെത്തിയത്.
അമൃത്സറില് നിന്ന് ഡല്‍ഹിയിലേക്ക് പോയ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം പറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. പറന്നുകൊണ്ടിരിക്കെ ഉണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. തലമുകളില്‍ ചെന്ന് ഇടിക്കുകയും വിമാനത്തിന്റെ വിന്‍ഡോപാനല്‍ തകര്‍ന്നുവീണുമാണ് പരിക്കേറ്റത്. സീറ്റ്ബെല്‍റ്റ് ധരിക്കാതെ ഇരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ഗട്ടര്‍) വീഴുമ്പോഴാണ് സാധാരണ ഇങ്ങനെ സംഭവിക്കുന്നത്. സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതാണ്ട് 15 മിനിട്ടോളം വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു.
32,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു. വിമാനത്തിനുള്ളിലെ വിന്‍ഡോ പാനലിന്റെ ഒരു ഭാഗം ഇളകിവീണു. യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓക്സിജന്‍ മാസ്ക് ധരിക്കേണ്ടി വന്നു. വിമാനം ഡല്‍ഹിയില്‍ ഇറക്കിയ ഉടന്‍ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 2014-ല്‍ സിംഗപ്പൂരില്‍ വന്ന വിമാനം മുംബയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 22 പേര്‍ക്ക് പരിക്കേറ്റിരുന്നു.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിലെ ഹാന്‍ഡ് ബ്രേക്ക് വലിച്ച് അപകടം. സംഭവത്തില്‍ കുട്ടിയടക്കം ഏഴു പേര് മരിച്ചു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയവരെയാണ് മരണിനിരയായത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലായിരുന്നു സംഭവം.
വാഹനത്തിലുണ്ടായിരുന്ന കുട്ടി അറിയാതെ ഹാന്‍ഡ് ബ്രേക്ക് വലിച്ചതോടെയാണ് അപകടമുണ്ടായത്. ടാറ്റാ സുമോയിലാണ് ഇവര്‍ യാത്ര ചെയ്തത്. യാത്രാ മദ്ധ്യേ ഒരു കിടങ്ങിനടുത്തായാണ് ഡ്രൈവര്‍ വാഹനം പാര്‍ക്ക് ചെയ്തത്. വാഹനത്തിന്റെ മുന്നിലിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്തതോടെ കാര്‍ പിന്നിലേക്ക് ഉരുണ്ട് പോവുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പലരുടെയും ജീവന് രക്ഷിക്കാനായില്ല. 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്
വിവാഹം കഴിക്കാനായി പരോള്‍ അപേക്ഷ നല്കിയ അധോലോക നായകന് അബു സലിമിന് തിരിച്ചടി. മുംബൈ സ്ഫോടനക്കേസ് പ്രതിയായ ഇയ്യാള് വിവാഹം കഴിക്കാനായി 45 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ അപേക്ഷ തള്ളകയായിരുന്നു മുംബൈ പൊലീസ്.
സയദ് ബഹര്‍ കൗസര്‍ എന്ന യുവതിയുമായി മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു അബു സലിമിന്റെ പദ്ധതി. വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷ നവി മുംബൈ കമ്മീഷണര്‍ തള്ളുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അബു സലിം മുംബൈയിലെ തലോജ ജയിലിലാണു കഴിയുന്നത്. സലിമിന്റെ പരോള്‍ അപേക്ഷ നിരസിച്ച വിവരം തലോജ ജയില്‍ സൂപ്രണ്ടന്റ് സ്ഥിരീകരിച്ചു.

2014ല്‍ അബു സലിമിനൊപ്പം മുംബൈയില്‍നിന്നു ലക്നോവിലേക്കു യാത്ര ചെയ്തതോടെ സയദ് ബഹര്‍ കൗസറും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതോടെ തന്റെ പേര് നശിപ്പിക്കപ്പെട്ടെന്നും സലിമുമായി വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ബഹര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
250 പേര് കൊല്ലപ്പെട്ട മുംബൈ സ്ഫോടനങ്ങള്‍ക്കുശേഷം ഇയാള്‍ നടിയും കാമുകിയുമായ മോനിക്ക ബേദിക്കൊപ്പം ഇന്ത്യ വിട്ടിരുന്നു. പോര്‍ച്ചുഗലില്‍ സങ്കേതം കണ്ടെത്തിയ ഇരുവരും 2002ല്‍ പോര്‍ച്ചുഗല്‍ പോലീസിന്റെ പിടിയിലാകുന്നതുവരെ ലിസ്ബണിലാണു താമസിച്ചിരുന്നത്. 2003ല്‍ ഒരു പോര്‍ച്ചുഗല്‍ കോടതി അബു സലീമിന് നാലര വര്‍ഷവും ബേദിയ്ക്കു രണ്ടു വര്‍ഷവും തടവുശിക്ഷ വിധിച്ചു. പോര്‍ച്ചുഗലാണ് ഇലുവരേയും ഇന്ത്യക്ക് കൈമാറിയത്.
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ മുഖ്യപ്രതി അമര്‍നാഥ് ബൈജു. അമര്‍നാഥിന് ആര്‍എസ്എസ്, ശിവസേന സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഹര്‍ത്താലിന് ശേഷം കലാപം ഉണ്ടാക്കാന്‍ പ്രതികള്‍ ആഹ്വാനം ചെയ്തു.
ആദ്യ സന്ദേശം അയച്ചതെന്നു കരുതുന്നവരില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. അമര്‍നാഥ് ബൈജുവിന് പുറമെ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ എം.ജെ.സിറില്‍, സുധീഷ് സഹദേവന്, ഗോകുല്‍ ശേഖര്‍, അഖില്‍ അശോകന് എന്നിവരാണ് അറസ്റ്റിലായത്.
തെന്മല കുറുകുന്ന് അമര്‍നാഥ് വോയ്സ് ഓഫ് ട്രൂത്ത്, വോയ്സ് ഓഫ് സിസ്റ്റേഴ്സ് എന്നീ പേരുകളിലുള്ള രണ്ടു വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിനാണെന്നു പൊലീസ് പറയുന്നു. അടുത്തിടെ ആര്‍എസ്എസ്സില്‍നിന്നു പുറത്താക്കിയ അമര്‍നാഥ് പിന്നീടു ശിവസേനയില്‍ ചേര്‍ന്നു. കത്വ പെണ്‍കുട്ടിയുടെ പേരില്‍ രൂപീകരിച്ച ഒരു ഗ്രൂപ്പാണു പിന്നീടു വോയ്സ് ഓഫ് സിസ്റ്റേഴ്സ് എന്ന പേരിലേക്കു മാറ്റിയതെന്നു പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മറ്റു നാലുപേരും വാട്സാപ് ഗ്രൂപ്പ് അഡ്മിന്മാരാണ്.
ആദ്യം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് അമര്‍നാഥ് ആണ്. പിന്നീട് ബാക്കി നാല് പേര് ചേര്‍ന്ന് ഇത് വിപുലീകരിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ബാലപീഡകര്‍ക്ക് വധശിക്ഷ. പോസ്കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി.
കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം തടയൽ നിയമമായ പോസ്കോയിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 12 വയസു വരെയുള്ള കുട്ടികളെ മാനഭംഗത്തിനിരയാക്കുന്നവർക്കു വധശിക്ഷ ലഭിക്കുന്ന വിധമാണ് മാറ്റം. നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വർഷം തടവുമാണ് ശിക്ഷ.
കുട്ടികൾക്കെതിരേ ലൈംഗികാതിക്രമം നടത്തുന്നവർക്കു മരണശിക്ഷ നല്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നതായി കേന്ദ്രസർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
മാനഭംഗത്തിനിരയായ വ്യക്തി മരണപ്പെടുകയോ ജീവച്ഛവമാകുകയോ ചെയ്താൽ പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ഓർഡിനൻസ് 2012 ഡിസംബറിലെ നിർഭയ കേസിനു ശേഷം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഈ ഓർഡിനൻസ് ക്രിമിനൽ നിയമ ഭേദഗതി എന്ന പേരിൽ നിയമമാകുകയും ചെയ്തു.
കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മലപ്പുറത്ത് പോക്സോ നിയമ പ്രകാരം കേസെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളെയും വ്യക്തികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കശ്മീരി പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച അഞ്ച് സംഘടനകള്‍ക്കെതിരെയാണ് മലപ്പുറം പോലീസ് കേസെടുത്തത്.
മുസ്ലിം യൂത്ത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ശിശു സംരക്ഷണ സമിതി, സംസ്കാര സാഹിതി, അല്‍ക എന്നീ സംഘടനകള്‍ക്കെതിരെയാണ് കേസ്. ഒരു വാട്സാപ് ഗ്രൂപ്പില്‍ കശ്മീരി പെണ്‍കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്ത മൂന്നു പേര്‍ക്കെതിരെയും മഞ്ചേരി പോലീസ് കേസെടുത്തു.
ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് കേസെടുക്കാന്‍ കാരണം. പോക്സോ നിയമത്തിലെ 23ആം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ് പി ദേബേശ്കുമാര്‍ ബെഹ്റയുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസുകള്‍.
തിരുവനന്തപുരം: ശമ്പളപരിഷ്കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ലോങ്മാര്‍ച്ച് നടത്തും. യുഎന്‍എയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ച് ഈ മാസം 24ന് ആരംഭിക്കും. നഴ്സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും അന്ന് നടക്കും.
നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും. 243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിക്കുക.
എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നഴ്സുമാര്‍ സെക്രട്ടേറിയനു മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.
ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും അതിന്റെ അടിസ്ഥാന ഘടകമായ മതേതരത്വവും വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ അതിനെ രക്ഷിയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരികയാണെന്ന് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കുവാനും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാല്‍വാള്‍ നടത്തുന്ന നിരാഹാര സമര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചെങ്ങന്നൂരിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീ രാജീവ് പള്ളത്തും വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന് ജോര്‍ജ്ജൂം നയിക്കുന്ന ഏകദിന ഉപവാസസമരം, നന്ദാവനം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിന് പോലും ഇന്ത്യയിലെ ഫാസിസത്തിന്റെ ഗതി തിരിച്ചറിയാന്‍ കഴിയാതിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യധാരക്ക് പുറത്തുള്ള ബദല്‍ രാഷ്ട്രീയം തന്നെയാവണം ഇനിയുള്ള സാധ്യത എന്ന് അദ്ദേഹം പറഞ്ഞു. പോലീസില്‍ നിന്നു പോലും ജനങ്ങള്‍ക്ക് നീതി ലഭിക്കാതിരിക്കുമ്പോള്‍, എംഎല്‍എമാര്‍ തന്നെ നേരിട്ട് നിയമലംഘനം നടത്തുമ്പോള്‍, നിയമലംഘനം നടത്തുന്നവരെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്ത് വരുമ്പോള്‍ നമ്മള്‍ക്ക് പ്രതിക്ഷേധിക്കാതിരിക്കാനാവില്ല. കാരണം നിശബ്ദമായിരിക്കാന്‍ നമ്മള്‍ക്ക് അവകാശമില്ല.
‘ഇനി പഴയതെല്ലാം തിരിച്ചു വരുവാന്‍ പുതിയ ഉടുപ്പുകള്‍ വേണം പുതിയ രാഷ്ട്രീയം വേണം’ എന്ന സച്ചിദാനന്ദന് എഴുതിയ ബാബക്ക് ഒരു കത്ത് എന്ന കവിതയിലെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര് നീലകണ്ഠന് അധ്യക്ഷതവഹിച്ചു. സത്യാഗ്രഹികളായ രാജീവ് പള്ളത്തിനേയും ശ്രീമതി സൂസന് ജോര്‍ജ്ജിനേയും അഭിവദ്യ കൂറിലോസ് തിരുമേനി ഹാരമണിയിച്ചു. യോഗത്തില്‍ റോയി മുട്ടാര്‍ സ്വാഗതം ആശംസിച്ചു. എസ്എന്‍ഡിപി ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന് കണ്‍വീനര്‍ ശ്രീ: സുനില്‍ വള്ളിയില്‍ മുഖ്യ പ്രഭാഷണം നടത്തി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ ശ്രീ വിനോദ് മേക്കോത്ത്, കെ എസ് പത്മകുമാര്‍,ദാസ് ബര്‍ണാഡ്,വിനോദ്, ഷാജഹാന്,ടോമി എലുശ്ശേരി, ബിനു മുളക്കുഴ , അനില്‍ മൂലേടം, ബാവന്കുട്ടി, ജോണ്സന്, ജോസഫ്, സ്ഥാനാര്‍ഥി രാജീവ് പള്ളത്ത്, സൂസന് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.