India

മാവേലിക്കരയില്‍ പന്ത്രണ്ടു വയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കൊല്ലം മരുതൂര്‍കുളങ്ങര മങ്ങാട്ട് തെക്കേ വീട്ടില്‍ സുകു ഭവാനന്ദന്‍ ആണ് അറസ്റ്റിലായത്.

ശരീരമാകെ മുറിവേറ്റ നിലയില്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും ഗുരുതര പരിക്കുണ്ട്. പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുകയാണ് കുടുംബം.

സുകു ഇളയമകനെ ക്രൂരമായി മര്‍ദിക്കുന്നതായി അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ തനിയെ വീണ് പരിക്കേറ്റു എന്നായിരുന്നു കുട്ടിയുടെ മൊഴി. പിന്നീട് കുട്ടിക്ക് ക്രൂര മര്‍ദനമേറ്റെന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്.

കുട്ടിയുടെ അമ്മ സുകുവിന്റെ മര്‍ദനം കാരണം കഴിഞ്ഞദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്നു. ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലും പ്രതിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സുകു.

വില്‍പ്പത്രം തയ്യാറാക്കാനായി മരിച്ച സ്ത്രീയുടെ വിരലടയാളം പകര്‍ത്തി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ വൈറലാണ്. 2021–ല്‍ നടന്ന സംഭവത്തിന്റെ വിഡിയോ ആണിതെന്നാണ് പൊലീസ് പറയുന്നത്. മരിച്ച സ്ത്രീയുടെ

ചെറുമകൻ ജിതേന്ദ്ര ശർമ്മ പോലീസിൽ പരാതിപ്പെടുകയും കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.തന്റെ അമ്മയുടെ അമ്മായിയായ കമലാ ദേവി 2021 മെയ് 8 ന് മരിച്ചു. അവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നുവെന്നും ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധ മരിച്ചതിന് ശേഷം, ആഗ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് അവകാശപ്പെട്ട് അവരുടെ ഭർതൃസഹോദരന്റെ മക്കൾ മൃതദേഹം കൊണ്ടുപോയി.

അൽപ്പം മുമ്പിൽ, അവർ കാർ നിർത്തി ഒരു അഭിഭാഷകനെ വിളിച്ച് തള്ളവിരലടയാളം വ്യാജ വിൽപ്പത്രത്തില്‍ എടുക്കാൻ ശ്രമിച്ചു. വ്യാജരേഖയുടെ അടിസ്ഥാനത്തിൽ വീടും കടയും ഉൾപ്പെടെയുള്ള സ്വത്തുക്കൾ കൈക്കലാക്കി.കമലാദേവി ഒരിക്കലും തള്ളവിരലടയാളം ഉപയോഗിച്ചിരുന്നില്ല. ഒപ്പാണ് ഉപയോഗിച്ചിരുന്നത്. ഇതിലാണ് മറ്റ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. സംശയത്തെ ഉറപ്പിക്കുന്ന തരത്തിലുള്ള വിഡിയോ ആണ് പുറത്ത് വന്നത്.

മൃതദേഹത്തെ കാറിന്റെ പിന്‍സീറ്റില്‍ കിടത്തി അഭിഭാഷകന്‍ കമലാദേവിയുടെ തള്ളവിരല്‍ സ്റ്റാമ്പ് പാഡില്‍ പതിപ്പിക്കുന്നു. പിന്നീട് നിരവധി പേപ്പറുകളിലേക്ക് അത് പകര്‍ത്തുന്നു. ഇതാണ് വിഡിയോയില്‍ കാണുന്നത്. സംഭവത്തില്‍ ആഗ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

അഡൂർ പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഡൂർ ദേവറഡുക്കയിലെ ഷാഫിയുടെ മകൻ മുഹമ്മദ് ആഷിഖ് (ഏഴ്), യൂസഫ് എന്ന ഹസൈനാറിൻ്റെ മകൻ മുഹമ്മദ് ഫാസിൽ (ഒമ്പത്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.15 മണിയോടെ അഡൂർ ദേവറഡുക്കയിലാണ് അപകടം.

കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആഷിഖിനെ ആദ്യം വെള്ളത്തിൽ നിന്നും പുറത്തെടുത്തുവെങ്കിലും മുഹമ്മദ് ഫാസിലിനെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടില്‍. അബദ്ധം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ എത്തിയപ്പോഴേക്കും പണം മുഴുവന്‍ ഉപയോഗിച്ച് ചെലവഴിച്ചു.

സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയുടെ പണമാണ് നെട്ടയത്തെ പൊതുമേഖലാ ബാങ്ക് ശാഖയില്‍ നിന്ന് ആളുമാറി ക്രഡിറ്റ് ചെയ്തത്.

പണം നഷ്ടമായ വിവരം മാര്‍ച്ച് 18-നാണ് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. ബാങ്ക് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയിലുള്ള ഒരു സ്ത്രീയുടെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി.

ഉടനെ തന്നെ ബാങ്ക് അധികൃതര്‍ ഈ സ്ത്രീയെ സമീപിച്ചെങ്കിലും പണം ചെലവഴിച്ചതിനാല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. പണം പൂര്‍ണമായും ചെലവഴിച്ചതായാണ് സ്ത്രീ പോലീസിനോടു പറഞ്ഞത്.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ചേര്‍ത്തല കുറ്റിയത്തോട് തറയില്‍ അബ്ദുല്‍ സലാം (56) ആണ് മരിച്ചത്. തെക്കന്‍ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബര്‍ ജനൂബില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഹൈലക്‌സ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അബ്ദുല്‍ സലാം. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്മാനായിരുന്നു. രണ്ട് മക്കളടങ്ങിയ കുടുംബം സൗദിയില്‍ കഴിഞ്ഞ് വരികയായിരുന്നു. അടുത്തിടെയാണ് മകന്‍ നാട്ടില്‍ തുടര്‍പഠനത്തിനായി പോയത്. മൃതദേഹം ഖമീസ് മുശൈത്ത് മദനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

 

തിരുവനന്തപുരം ജില്ലയിൽ കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പ്രമുഖ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിലായി. മോഷ്ടിച്ച സ്കൂട്ടറിലെത്തി കവർച്ചനടത്തുന്നവരാണ് പിടിയിലായത്.

കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.

ടിക് ടോക്ക് ഇൻസ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളിൽ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്.

പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ച കേസിൽ കാമുകി പിടിയിൽ. കേസിലെ ഒന്നാം പ്രതി ലക്ഷ്മിപ്രിയയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ലക്ഷ്മിപ്രിയയും ഇവരുടെ ഇപ്പോഴത്തെ കാമുകനുമാണ് കേസിലെ പ്രതികൾ.

യുവാവ് പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ തയ്യാറാകാത്തതാണ് മർദ്ദനത്തിനും കവർച്ചയ്ക്കും പിന്നിലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വെച്ചാണ് പ്രതി പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെയാണ് പോലീസ്അന്വേഷണം.

ലക്ഷ്മിപ്രിയയടക്കം രണ്ട് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്.

വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ ഒരു യുവാവുമായി പ്രണയത്തിലായി. തുടർന്ന് മുൻ കാമുകനെ ഒഴിവാക്കാൻ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു. മുൻകാമുകനെ ലക്ഷ്മിപ്രിയ വീട്ടിൽനിന്നു വിളിച്ചിറക്കി കാറിൽ കയറ്റി. തുടർന്ന് മർദ്ദിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാലയും ഐ ഫോണും 5,000 രൂപയും പിടിച്ചുവാങ്ങി. കൂടാതെ, 3,500 രൂപ ഗൂഗിൾ പേ വഴിയും കൈക്കലാക്കി.

തുടർന്ന് എറണാകുളം ബൈപ്പാസിന് സമീപത്തെ വീട്ടിലെത്തിച്ച് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. ബിയർ ബോട്ടിൽകൊണ്ട് തലയ്ക്കടിച്ചു. ലഹരിവസ്തുക്കൾ നൽകിയ ശേഷം യുവാവിനെ വിവസ്ത്രനാക്കി മർദ്ദിക്കകുയായിരുന്നു. ഈ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. തുടർന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് യുവാവിനെ പിറ്റേന്ന് രാവിലെ വൈറ്റില ബസ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.

കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനകത്തു വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ കണ്ടെത്തി. അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍നിന്നു വെള്ളിയാഴ്ചയാണ് മാനസി എന്ന പെണ്‍കുഞ്ഞിനെ കാണാതായത്. മാതാപിതാക്കളായ ശിവകുമാറിനും മഞ്ജുവിനും ഏഴു മാസം പ്രായമുള്ള കുഞ്ഞനിയനുമൊപ്പം ദെവ്‌ല ഗ്രാമത്തിലെ വാടകവീട്ടിലാണ് മാനസി കഴിഞ്ഞിരുന്നത്.

അടുത്തുള്ള ഫാക്ടറിയിലാണ് ശിവകുമാറും മഞ്ജുവും ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച ശിവകുമാര്‍ ജോലിക്കു പോയി. ചന്തയില്‍ പോയ മഞ്ജു തിരിച്ചുവരുമ്പോഴാണ് മകളെ വീട്ടില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. ഏറെ തിരഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു. രണ്ടു ദിവസത്തിനു ശേഷം അയല്‍വാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി ശിവകുമാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. കുഞ്ഞിനെ കാണാതായപ്പോള്‍ തിരയാന്‍ മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം രാഘവേന്ദ്രയും മുന്നില്‍നിന്നിരുന്നു. പിന്നീട് ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടി പൊലീസ് ഊര്‍ജിതമായ തിരച്ചിലാണ് നടത്തുന്നത്. ഉത്തര്‍പ്രദേശുകാരനായ രാഘവേന്ദ്രയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഡിഗ്രി വിദ്യാർഥിനി മരിച്ചു. ആലപുരം വെട്ടത്തു പുത്തൻപുരയിൽ വിനോദ് അഗസ്റ്റിന്റെയും പ്രിൻസിയുടെയും മകൾ ജെന്നിഫർ വിനോദ് (18) ആണ് മരിച്ചത്. കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാർഥിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച 11.30ന് ആലപുരം കവലയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു തലയ്ക്കു പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

സഹോദരൻ: അലക്സ്. സംസ്കാരം നാളെ 10ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളിയിൽ.

ആറ്റിങ്ങലിൽ പൊതുസ്ഥലത്ത് അശ്ലീല രീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് തൊളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു ഇവരുടെ വീഡിയോ ചിത്രീകരണം.

ഒടുവിൽ സഹികെട്ട് പ്രദേശവാസികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അർജുനാണ് അശ്ലീല രീതിയിൽ വസ്ത്രം ധരിച്ച് ബസ് സ്റ്റാൻഡ്, ചായക്കട തുടങ്ങി ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം കറങ്ങി നടന്നത്. എല്ലായിടത്തുനിന്നും വീഡിയോയും പകർത്തി.

പോലീസിന് മുമ്പിലും കൂസലില്ലാതെ നടന്ന യുവാക്കൾ വിവരമന്വേഷിച്ചപ്പോൾ തങ്ങൾ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും കാറിലിരുന്ന് സുഹൃത്ത് ചിത്രീകരിക്കുന്നതായും പറഞ്ഞു. ഇതോടെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാന്റിന് മുകളിൽ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് ഇരുവരെയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

RECENT POSTS
Copyright © . All rights reserved