India

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിലെത്താനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറി.കാവ്യയെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്തായിട്ടുണ്ട്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയില്‍ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്.

ദിലീപിന്റെ ബന്ധു സൂരജും ശരത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സൂരജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.

കേസില്‍ ഇനിയും കാര്യങ്ങള്‍ തെളിയിക്കപ്പെടാനുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ട നിലയിലാണ് അന്വേഷണ സംഘം. ഇതിന് ഈ ഓഡിയോ ക്ലിപ് സഹായമാകും. നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കി.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോന്‍ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടര്‍ ഹൈദരാലിയും സൂരജും തമ്മില്‍ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.

 

മാത്യൂ ചെമ്പുകണ്ടത്തിൽ

സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി നിന്നുകൊണ്ട് വീറോടെ വാദിച്ചത് സീറോ മലബാർ സഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു. പുരോഹിതരടക്കം എല്ലാ വിഭാഗം വിശ്വാസികളും ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തിൻ്റെ ഭാഗമാകേണ്ടി വന്നു എന്നതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പിരിമുറുക്കം നിറഞ്ഞു നിന്ന ഏതാനും മാസങ്ങൾക്കൊടുവിൽ, നോമ്പുകാലത്തെ 40-ാം വെളളിയുടെ തലേന്ന് പിതാക്കന്മാർ പുറപ്പെടുവിച്ച സർക്കുലർ അനേകായിരങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ ഫലമായിരുന്നു.

സീറോ മലബാർ സഭയുടെ തലവനും കർദ്ദിനാളുമായ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം. ഈയൊരു നിർണ്ണായക തീരുമാനത്തിലേക്ക് സഭയെ നയിച്ച പരിശുദ്ധാത്മാവിനെ നന്ദിനിറഞ്ഞ ഹൃദയത്തോടെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം സമാധാന ശ്രമങ്ങൾക്കായി മുന്നിട്ടിറങ്ങിയ പുരോഹിതരും അൽമായരുമായ എല്ലാവരേയും “ദൈവപുത്രന്‍മാ”രെന്നു പദവിയോടെ (മത്തായി 5:9) സ്വർഗ്ഗം പ്രതിഫലം നൽകി മാനിക്കട്ടെ എന്നും ആശംസിക്കുന്നു.

“ഞാൻ എൻ്റെ സഭയെ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല” (മത്തായി 16:18) എന്ന് ഈശോ മിശിഹാ പ്രഖ്യാപിക്കുന്നത് റോമാ സാമ്രാജ്യത്തിൻ്റെ ശക്തിപ്രഭാവവും യഹൂദൻ്റ ആചാരതീക്ഷണതയും വിജാതീയ മതങ്ങളുടെ കിരാതമതബോധവും പ്രബലപ്പെട്ടു നിന്ന സമൂഹത്തിൽ നിന്നു കൊണ്ടായിരുന്നു. സാത്താൻ സർവ്വശക്തിയോടും കൂടെ സഭയുടെ സംസ്ഥാപനത്തിനും വളർച്ചയ്ക്കും വ്യാപനത്തിനും തടസ്സങ്ങൾ സൃഷ്ടിച്ചു. സാമ്രാജ്യങ്ങളും ചക്രവർത്തിമാരും സൈന്യങ്ങളും സാത്താൻ്റെ ചട്ടുകങ്ങളായി നിന്നുകൊണ്ട് സഭയെ തകർത്തു കളയാൻ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും വരണ്ട നിലത്ത് വളർന്നുതുടങ്ങിയ സഭ ലോകത്തെ മുഴുവൻ കീഴടക്കി നിത്യജീവൻ്റെ വാസനകളുടെ ഉറവിടമായി ഇന്നും നിലകൊള്ളുന്നു.

സഭയുടെ വളർച്ച കണ്ട് അത്ഭുതപ്പെടുമ്പോഴും ചരിത്രത്തിൽ നിന്നും നാം പഠിക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്; ബാഹ്യശത്രുവിനു തകർക്കാൻ കഴിയാതിരുന്ന സഭ പലയിടത്തും ദുർബലമായത് ആന്തരിക സംഘർഷങ്ങളാലായിരുന്നു എന്ന യാഥാർത്യം. ഇതിൻ്റെ നൂറുകണക്കിന് ഉദാഹരണങ്ങൾ സഭാ ചരിത്രത്തിൽ കണ്ടെത്താൻ സാധിക്കും. ഇവിടെയും രസകരമായ ഒരു കാര്യമുണ്ട്, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള സഭാ നേതൃത്വത്തിൻ്റെ തർക്കങ്ങളേക്കാൾ ദൈവശാസ്ത്ര വിഷയങ്ങളിലുള്ള വ്യത്യസ്ത വീക്ഷണങ്ങളും വ്യാഖ്യാനങ്ങളുമായിരുന്നു ഈ വിഭാഗീയതകൾക്കെല്ലാം കാരണമായിത്തീർന്നത് എന്നതാണ്. സാധാരണ വിശ്വാസികൾക്ക് അധികം പങ്കാളിത്തമില്ലാത്ത ഈ മേഖലയിൽ, സഭയിലെ ഉന്നതസ്ഥാനീയർ തമ്മിലായിരുന്നു പരസ്പരം പോരടിച്ചത്. സീറോ മലബാർ സഭയിലെ കുർബാന വിവാദവും പ്രാരംഭത്തിൽ സാധാരണക്കാരുടെ വിഷയമായിരുന്നില്ല. സാധാരണ വിശ്വാസികൾ നിസ്സഹായരായി നോക്കി നിൽക്കുമ്പോൾ പുരോഹിതനേതൃത്വം പോരടിക്കുന്ന കാഴ്ച പരമ ദയനീയമായിരുന്നു. ക്രിസ്തുവിൽ ഏറ്റവും ചെറിയവനെ വിസ്മരിച്ചുകൊണ്ടുള്ള ദൈവശാസ്ത്ര തർക്കങ്ങൾ തെരുവിലേക്കു നീങ്ങുമ്പോൾ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുകയാണ് തങ്ങളെന്ന് യാഥാർത്ഥും പുരോഹിത വിഭാഗം മറന്നുപോയി. മോഷ്ടിക്കരുത് എന്ന് പഠിപ്പിക്കുകയും അമ്പലം കൊള്ളയടിക്കുകയും ചെയ്യുന്നതിന് തുല്യമാണ് സ്നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിക്കുന്നവർ പരസ്പരം വെല്ലുവിളിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത്. ആത്മീയ വളർച്ച ആത്മീയ പക്വതയിലേക്കുള്ള വളർച്ചയാണ്. കുർബാന വിഷയയത്തിൽ പുരോഹിതരിൽ പലരുടെയും പ്രതികരണങ്ങൾ വളരെ അപക്വമായിരുന്നു എന്ന് പറയാതെ വയ്യ.

“അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണത എന്നെ വിഴുങ്ങിക്കളയും”
(യോഹന്നാന്‍ 2:17) എന്ന് എഴുതപ്പെട്ടതു പോലെ സഭയോടുള്ള തങ്ങളുടെ തീക്ഷണതയും സ്നേഹവും പല വിശ്വാസികളെയും കീഴടക്കിയത് കുർബാന വിവാദത്തിൻ്റെ ദിനങ്ങളിലായിരുന്നു. സോഷ്യൽ മീഡിയാ പോസ്റ്റുകളും കമൻ്റുകളുമായി തങ്ങളുടെ സഭാ സ്നേഹം പലരും പ്രകടിപ്പിച്ചുവെങ്കിലും ചിലതെല്ലാം പരിധിവിട്ടതും ക്രൈസ്തവ ധാർമികതയ്ക്ക് നിരക്കാത്തതുമായിരുന്നു. പല കാരണങ്ങളാൽ സഭയിൽ ഭിന്നത രൂപപ്പെടാമെന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നുണ്ട്. ”നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്‌” (1 കോറിന്തോസ്‌ 11:19) എന്നൊരു തത്വം ബൈബിളിൽ കാണാം. ഈ ആത്മീയതത്വത്തിൻ്റെ അടിസ്ഥാനത്തിൽ, കുർബാന വിവാദത്തിൽ ഇടപെട്ട് ദൈവമുമ്പാകെ അയോഗ്യരായി എന്നു സ്വന്ത മന:സാക്ഷിയിൽ തിരിച്ചറിഞ്ഞവർക്ക് മാനസാന്തരപ്പൊടാനും പാപക്ഷമ യാചിക്കാനും ദൈവാത്മാവുമായി രമ്യതയിലാകുവാനും വലിയവാരത്തിലെ പാപപരിഹാര ദിനങ്ങളെ നമുക്ക് സമീപിക്കാം. സഭാവിരുദ്ധ ശക്തികൾ സഭയ്ക്കു ചുറ്റിലും തമ്പടിച്ചിരിക്കുന്ന ഇക്കാലത്ത് ആത്മാവിൻ്റെ ആയുധവർഗ്ഗം ധരിച്ചു കൊണ്ട് നമുക്ക് ഒരുമയോടെ മുന്നേറാം.

മനുഷ്യചരിത്രത്തിലേക്ക് ദൈവസ്നേഹം മനുഷാകാരംപൂണ്ട് ഇറങ്ങി വരികയും പീഡാസഹനങ്ങളിലൂടെയും മരണത്തിലൂടെയും ഈ സ്നേഹത്തിൻ്റെ ആഴം മനുഷ്യവംശത്തിന് നിരന്തരം വെളിപ്പെടുത്തുകയും ചെയ്യുന്ന അതിവിശുദ്ധ സ്ഥലമാണ് മദ്ബഹ. മദ്ബഹയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയെ തർക്കത്തിൻ്റെയും വാഗ്വാദങ്ങളുടെയും ഇടമാക്കി മാറ്റുന്ന യാതൊന്നും ഇനി സീറോ മലബാർ സഭയിൽ സംഭവിച്ചുകൂട. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് (എഫേ 4:30) എന്ന തിരുവചനത്തെ അതിലംഘിക്കാൻ സാധ്യതയുള്ള യാതൊരു പരിഷ്കാരവും നമുക്കു വേണ്ട. സീറോ മലബാർ സഭയെ ദൈവം ഏൽപ്പിച്ചിരിക്കുന്ന പാരമ്പര്യങ്ങളുടെയും വിശ്വാസ സംവർദ്ധകമായ അനുഷ്ഠാനങ്ങളുടെയും സൂക്ഷിപ്പുകാരാണ് നമ്മൾ ഓരോരുത്തരും. ഈ വസ്തുത വിസ്മരിക്കാൻ നമുക്ക് ഇടയാകാതിരിക്കട്ടെ! വരുന്ന തലമുറയിലേക്ക് ഈ ബോധ്യങ്ങൾ പകർന്നു കൊടുത്തുകൊണ്ട് യേശുക്രിസ്‌തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്ന”
(ഫിലിപ്പി 3 :14) തീർത്ഥാടകരായി നമുക്ക് യാത്ര തുടരാം.

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ തീപ്പൊരി പരാമർശം നടത്തിയ സമാജ്വാദി പാർട്ടി എം.എൽ.എ. ഷാസിൽ ഇസ്‌ലാം അൻസാരിയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ഇടിച്ചുനിരപ്പാക്കി.

അൻസാരിയുടെ പരാമർശം വിവാദമായതിനുപിന്നാലെയാണ് ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ബുൾഡോസറുപയോഗിച്ച് അധികൃതർ പൊളിച്ചുമാറ്റിയത്. ബറേലി-ഡൽഹി ദേശീയപാതയ്ക്ക് സമീപമുള്ള പമ്പിന് നിയമപരമായി അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബറേലി വികസന അതോറിറ്റിയാണ് കടുത്ത നടപടിയെടുത്തത്.

പാർട്ടിപരിപാടിയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അൻസാരി ആഞ്ഞടിച്ചത്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കരുത്തുകൂടിയെന്നും യോഗി ഇനി ശബ്ദമുണ്ടാക്കിയാൽ എസ്.പി.യുടെ തോക്കിൽനിന്ന് പുകയല്ല, വെടിതന്നെ പൊട്ടുമെന്നുമാണ് അൻസാരി പറഞ്ഞത്. ഇതിന്റെപേരിൽ അദ്ദേഹത്തിന്റെപേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ചില മാധ്യമങ്ങൾ തന്റെ പ്രസംഗം വളച്ചൊടിച്ചെന്നാണ് ഇതേക്കുറിച്ച് അൻസാരിയുടെ പ്രതികരണം.

എന്നാൽ, ഈ പ്രസംഗം വൈറലായതോടെയാണ് പ്രതികാരനടപടിയെന്നോണം എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് നിലംപരിശാക്കിയത്. പമ്പ് ഇടിച്ചുനിരത്തുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമാക്കിയിട്ടുള്ള സിനിമകളിൽ പ്രധാനപ്പെട്ടതാണ്. മുട്ടത് വർക്കിയുടെ നോവലിനേ അടിസ്ഥാനമാക്കി ഹിറ്റ് മേക്കർ ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രമായി മമ്മൂട്ടി പകർന്നാട്ടം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായും കോട്ടയം കുഞ്ഞച്ചൻ മാറി. ആട് 2ന്റെ നൂറാം ദിന വിജയാഘോഷ വേളയിൽ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിരുന്നു.

ചിത്രത്തിന്റെ പോസ്റ്റർ വിജയ് ബാബുവും മമ്മൂട്ടിയിയും ചേർന്ന് പുറത്ത് വിട്ടിരുന്നു. പിന്നീട് ചിത്രത്തെ പറ്റി മറ്റ് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിരുന്നില്ല. അതിനിടെ മിഥുൻ മാനുവൽ തോമസ് കാളിദാസനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രമൊരുക്കുകയും ചെയ്തിരുന്നു.

ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ കേരളത്തിലെ സിനിമാ പ്രേമികൾ തങ്ങളുടെ ഇഷ്ട്ട കഥാപാത്രം കോട്ടയം കുഞ്ഞച്ചന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നല്ല.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ ചെയ്യുന്നില്ലെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത് . കഥയോ തിരക്കഥയോ ശരിയായിട്ടില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും വിജയ് ബാബു വ്യക്തമാക്കി.

ഇത്തരമൊരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ 100 ശതമാനവും തൃപ്തിയുള്ളൊരു തിരക്കഥയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ വായിച്ച തിരക്കഥ അത്തരത്തില്‍ ഒന്നായിരുന്നില്ലെന്നും വിജയ് ബാബു പറഞ്ഞു.

മമ്മൂക്കയുടെ ലൈഫിലെ ഏറ്റവും ക്ലാസിക്കായുള്ള ഒരു കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചനെന്നും അപ്രോച്ച് ചെയ്യുമ്പോള്‍ 100 ശതമാനം കോണ്‍ഫിഡന്‍സ് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് അപ്രോച്ച് ചെയ്യാന്‍ പാടുള്ളുവെന്നും വിജയ് ബാബു പറയുന്നു.

ലോകയാൻ 2022നായി ഇന്ത്യൻ നാവികസേനയുടെ കടൽയാത്രാ പരിശീലന കപ്പൽ പുറപ്പെട്ടു. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തുനിന്ന് ഐഎൻഎസ് തരംഗിണിയാണ് ഇന്ത്യയുടെ യശസുയർത്തുന്ന ലോകപര്യടനത്തിനായി യാത്ര തിരിച്ചത്. ദക്ഷിണമേഖലാ മേധാവി റിയർ അഡ്മിറൽ ആന്റണി ജോർജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴ് മാസങ്ങൾ നീളുന്നതാണ് തരംഗിണിയുടെ യാത്ര.

ലണ്ടന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നതാണ് യാത്രയുടെ സുപ്രധാന ഭാഗം. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണിത്. 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ കപ്പൽ സന്ദർശിക്കും. പുതുതായി എത്തുന്നവർക്ക് കടൽയാത്രാ പരിശീലനം നൽകുന്നതിനൊപ്പം പ്രശസ്തമായ ‘ടാൾ ഷിപ്പ് റേസിലും തരംഗിണി പങ്കെടുക്കുമെന്ന് റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു.

‘ദക്ഷിണ നാവിക കമാൻഡിന്റെ കപ്പൽ പരിശീലനക്കപ്പലായ ഐഎൻഎസ് തരംഗിണി, കടൽയാത്രാ പരിശീലനം നൽകുന്നതിനും ടാൾ ഷിപ്പ് റേസിൽ പങ്കെടുക്കുന്നതിനുമായി ഏഴ് മാസത്തെ നീണ്ട യാത്രയ്ക്കായി പുറപ്പെടുന്നു. കപ്പൽ 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ സന്ദർശിക്കും’ – റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു. ലണ്ടനിലെത്തുന്ന കപ്പൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അവിടെ ദേശീയ പതാക ഉയർത്തും. ഇന്ത്യൻ നാവികസേനയ്ക്കും രാജ്യത്തിനും ഇതൊരു അഭിമാന നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് മാസത്തെ യാത്ര പൂർത്തിയാക്കി നവംബറിൽ ഐഎൻഎസ് തരംഗിണി മടങ്ങിയെത്തും.

എറണാകുളം കോതമംഗലത്ത് അർധരാത്രി കോഴിക്കുരുതിയും കൂടോത്ര പൂജയും. കഴിഞ്ഞ രാത്രിയാണ് കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂർ കവലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കൂടോത്രപൂജ നടന്നത്.

അർധരാത്രി ഇതിലൂടെ വാഹനത്തിൽ പോയവരാണ് സംഭവം കണ്ടത്. പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻകോഴിയും വിളക്കും വച്ചായിരുന്നു കവലയുടെ നടുവിൽ കുരുതിക്ക് നീക്കം. നാട്ടുകാരെ കണ്ടതതോടെ നീക്കം ഉപേക്ഷിച്ചു കൂടോത്രക്കാരൻ രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ നാട്ടുകാർ പോത്താനിക്കാട് പൊലീസിൽ അറിയിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് പൂവൻകോഴിയെയും കൂടോത്രത്തിന് ഉപയോഗിച്ച വസ്തുക്കളും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കടകളുടെയും സഹകരണ ബാങ്ക് ബ്രാഞ്ചിന്റെയും സിസിടിവി ദൃശ്യങ്ങളിൽനിന്ന് കൂടോത്രക്കാരനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വോഷണത്തിനു കൂടുതല്‍ സമയം തേടി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.

തുടരന്വേഷണത്തിന്റെ ഭാഗമായി ചില ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന തരത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജിന്റെ ഫോണില്‍ നിന്നും പുതിയ വിവരങ്ങള്‍ ലഭിച്ചു. അതില്‍ ആക്രമണ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതിനാല്‍ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഈ മാസം 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ഭീകര സംഘടന അല്‍ ഖായിദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. വിഗ്രഹാരാധകരായ ഹിന്ദുക്കളുടെ ജനാധിപത്യമെന്ന മായികതയാല്‍ വഞ്ചിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ഹിജാബിനെയും ശരീയത്തിനെയും എതിര്‍ക്കുന്നവര്‍ മുസ്ലിങ്ങള്‍ക്കെതിരാണെന്നും പറയുന്ന സവാഹിരിയുടെ വീഡിയോ പുറത്തു വന്നു.

“യഥാര്‍ഥ ലോകത്ത് മനുഷ്യാവകാശം, ഭരണഘടനയോടുള്ള ബഹുമാനം, നിയമങ്ങള്‍ എന്നിവയൊന്നും ഇല്ല. ഇത്തരം മിഥ്യാധാരണകളില്‍ നിന്നെല്ലാം പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കെതിരായി നടക്കുന്ന യുദ്ധത്തിന്റെ ഭാഗമാണിതെല്ലാം. ഫ്രാന്‍സിനെയും ഹോളണ്ടിനെയുമൊക്കെ നോക്കൂ. പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കാം. പക്ഷേ ഹിജാബ് അനുവദനീയമല്ല. ഇസ്ലാമിന്റെ രീതികളോടും മൂല്യങ്ങളോടും മര്യാദകളോടുമൊക്കെയാണ് ഈ യുദ്ധം. ഇതിനെതിരെ നാം ഒറ്റക്കെട്ടായി പൊരുതണം”. സവാഹിരി വീഡിയോയില്‍ ആഹ്വാനം ചെയ്തു.

ഹിജാബ് ധരിച്ചെത്തിവരെ തടഞ്ഞവര്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങിയ മുസ്‌കാന്‍ എന്ന വിദ്യാര്‍ഥിനിയെ സവാഹിരി വീഡിയോയില്‍ പുകഴ്ത്തുന്നുമുണ്ട്. ഇന്ത്യയുടെ കുലീനയായ വനിതയാണ് മുക്‌സാനെന്ന് പ്രകീര്‍ത്തിച്ച സവാഹിരി വിദ്യാര്‍ഥിനിയ്ക്കായി ഒരു കവിതയും ചൊല്ലി. അഫ്ഗാനില്‍ വെച്ച് രോഗബാധിതനായി മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ആറ് മാസം മുമ്പാണ് സവാഹിരി ആദ്യമായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ആറ് മാസത്തിനിടെയുള്ള രണ്ടാമത്തെ വീഡിയോയാണ്. ഒരു പരിക്കുമില്ലാതെ ജീവിച്ചിരിക്കുന്നെന്നും ഇന്ത്യയുള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളിലെ സംഭവവികാസങ്ങളെ സവാഹിരിയും സംഘവും കൃത്യായി വിലയിരുത്തുന്നുണ്ടെന്നുമാണ് വീഡിയോകള്‍ തെളിയിക്കുന്നത്.

വിദ്യാർത്ഥിനി തീവ്രവാദ സംഘടനയുടെ ഭാ​ഗമാണെന്ന തരത്തിൽ പ്രചരണവും പിന്നാലെ നടന്നു. എന്നാലിപ്പോൾ ഇത്തരം പ്രചരണങ്ങളെ തള്ളിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് മുസ്കാൻ ഖാന്റെ പിതാവ്.അൽ ഖ്വയ്ദയുമായി തങ്ങളുടെ കുടുംബത്തിന് ഒരു ബന്ധവുമില്ലെന്നും വീഡിയോ പ്രസ്താവനയിൽ അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവഹിരി പറയുന്ന കാര്യങ്ങളെ അനുകൂലിക്കുന്നില്ലെന്നും മുസ്കാന്റെ പിതാവ് വ്യക്തമാക്കി.

‘ആളുകൾ എന്തെങ്കിലുമൊക്കെ പറയും. ഇത് അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കാനാണ്. ഞങ്ങൾ ഞങ്ങളുടെ രാജ്യത്ത് സമാധാനപരമായാണ് ജീവിക്കുന്നത്. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ടതില്ല. ‍ഞങ്ങളുമായി ഒരു ബന്ധവുമില്ല. നമ്മൾക്കിടയിൽ വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണിത്,’ പിതാവ് പറഞ്ഞു.

കോട്ടയത്ത് നിന്ന് മണിപ്പാലിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ കർണാടക ഉഡുപ്പി ബീച്ചിൽ തിരയിൽ പെട്ട് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികളാണ് മരിച്ചത്.

കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയാണ് കാണാതായത്.

ബീച്ചിന് സമീപം പാറയിൽ നിന്ന് സെൽഫി എടുക്കവേ കടലിലേക്ക് വഴുതി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെ സെന്റ് മേരിസ് ഐലൻഡിലെ ഉഡുപ്പി ബീച്ചിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാൻ വിദ്യാർത്ഥികൾ പാറക്കെട്ടിൽ കയറിയത്.

മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ മണിപ്പാല്‍ കിംസ് ആശുപത്രിയിലേക്കു മാറ്റി.രണ്ടു ബസുകളിലായി 77 വിദ്യാര്‍ഥികളും നാല് അധ്യാപകരും ഉള്‍പ്പെടുന്ന സംഘം ഇന്നലെ (ബുധനാഴ്ച) വൈകിട്ടാണ് യാത്ര തിരിച്ചത്.

കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ലാബുകളിലും പുറത്തെ സ്വകാര്യലാബിലുമടക്കം നടത്തിയ പരിശോധനകൾ മൂന്ന് ഫലം തന്നതോടെ ഞെട്ടലിൽ ഡോക്ടർമാരും രോഗിയും. ഏത് ഫലമാണ് ശരിയെന്ന് അറിയാതെ തലപുകയ്ക്കുകയാണ് ഡോക്ടർമാർ.

തലയോലപ്പറമ്പ് സ്വദേശിനിയായ ഇരുപത്തിയേഴുകാരി വയറുവേദനയെ തുടർന്ന് കഴിഞ്ഞ 23നാണ് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിലെത്തിയത്. ഡോക്ടറെ കണ്ടപ്പോൾ സ്‌കാനിങിന് നിർദേശിച്ചു. 27ന് പരിശോധനാ ഫലവുമായി എത്തിയപ്പോൾ ഗാസ്ട്രോ വിഭാഗത്തിലേക്ക് പരിശോനയ്ക്ക് അയച്ചു. പരിശോധനയിൽ കരൾ വീക്കം കണ്ടെത്തി. തുടർന്ന് കരളിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ എസ്ജിഒടി, എസ്ജിപിടി എന്നീ രണ്ടു പരിശോധനകൾ നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന ഫലം ലഭിച്ചത്.

മെഡിക്കൽ കോളജിലെ പൊടിപാറ ലാബിൽ നൽകിയ സാംപിളിന്റെ പരിശോധനാഫലം 30ന് കിട്ടിയപ്പോൾ യുവതി വീണ്ടും ഡോക്ടറെ കണ്ടു. ഇവിടെ നിന്ന് കിട്ടിയ പരിശോധനാഫലത്തിലെ എസ്ജിഒടി നോർമൽ റേറ്റ് 2053 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഫലം കണ്ടതോടെ രോഗി അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുമല്ലോയെന്ന് കരുതി വിവരം അന്വേഷിച്ചപ്പോഴാണ് ഡോക്ടറുടെ സമീപത്ത് മറ്റ് കുഴപ്പമൊന്നുമില്ലാതെ നിൽക്കുന്നതാണ് രോഗിയെന്ന് അറിഞ്ഞത്.

എസ്ജിഒടി, എസ്ജിപിടി നോർമൽ റേറ്റ് പല ലാബുകളിലും വ്യത്യസ്തമാണെങ്കിലും ശരാശരി നാൽപതിന് താഴെ നിൽക്കണമെന്നാണ്. എന്നാൽ പൊടിപാറ ലാബിൽ നിന്നും ലഭിച്ചഫലം 2053 ആയിരുന്നു. ഇതനുസരിച്ച് രോഗി ജീവിച്ചിരിക്കില്ല. അതിനാൽ തന്നെ വീണ്ടും പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തന്നെയുള്ള അർദ്ധ സർക്കാർ സ്ഥാപനമായ ലാബിൽ പരിശോധനയ്ക്ക് നൽകി. അവിടെ നിന്നും കിട്ടിയ എസ്ജിഒറ്റി ഫലം വെറും 23.

പിന്നീട് കൂടുതൽ കൃത്യത വരുത്താൻ ഒരിക്കൽകൂടി പരിശോധന നടത്താൻ ഡോക്ടർ തീരുമാനിക്കുകയും ആശുപത്രിക്ക് പുറത്തുള്ള ഒരു സ്വകാര്യ ലാബിൽ സാമ്പിളുകൾ നൽകുകയും ചെയ്തു. അവിടെ നിന്നുള്ള എസ്ജിഒറ്റി ഫലം 18 ആയിരുന്നു. ഇതിൽ ഏതാണു ശരിയെന്ന് കണ്ടത്താനുള്ള തത്രപ്പാടിലാണ് ഇപ്പോൾ ഡോക്ടർമാർ.

പരിശോധനാ ഫലങ്ങൾ പലതരത്തിൽ വന്നപ്പോൾ വിവരം തിരക്കിയ ബന്ധുക്കളോട് മഞ്ഞപ്പിത്തം ഉണ്ടാകാമെന്നും വേണമെങ്കിൽ ഒന്നുകൂടി പരിശോധിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ, തെറ്റായ പരിശോധനാഫലം നൽകിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് പരാതി നൽകുമെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved