India

യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ. ഞായറാഴ്ച പുലർച്ചെ മുതൽ ആംബർ ലിസ്റ്റിലായ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചും പറക്കാൻ കാത്തിരുന്നവരെ പിഴിയുകയാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഇന്ത്യയിലേക്ക് നേരിട്ടുള്ള എല്ലാ വിമാനത്തിലും ഒരുലക്ഷത്തിനു മുകളിലാണു ടിക്കറ്റ് നിരക്ക്.

ഏ റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ആംബർ ലിസ്റ്റിലായതോടെ ഈ നിരക്കിലും ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിറ്റു തീരുകയാണ്. ടിക്കറ്റ് നിരക്ക് കണ്ട് ഞെട്ടിയ ചിലരാകട്ടെ യാത്ര തന്നെ മാറ്റി വക്കുന്നുമുണ്ട്. നാട്ടിൽനിന്നും ബ്രിട്ടനിലേക്കു പറക്കാൻ കാത്തിരിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാഥികളാണ് യാത്രക്കാരിൽ അധികവും.

ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്ക് നേരിട്ടു പറക്കുന്ന എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേസ്, വിസ്താര, വെർജിൻ അറ്റ്ലാന്റിക് എന്നീ വിമാനങ്ങളിലെല്ലാം ഓഗസ്റ്റ് ആദ്യത്തിൽ ഒരുലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെയാണ് ഇക്കോണമി ക്ലാസിലെ ടിക്കറ്റ് നിരക്ക്. പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല.

ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികളിൽ നിന്നും വിവരം തേടിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ അധികൃതരും കൈമലർത്തുകയാണ്.

ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസുകളുടെ എണ്ണം നിലവിൽ ആഴ്ചയിൽ 30 ആയാണ് പരിമിതപ്പെടുത്തിയിയിരിക്കുന്നത്. ഈ പരിധി നീക്കുന്നതുവരെ നിലവിലെ ടിക്കറ്റ് നിരക്ക് യാത്രക്കാരുടെ കൈ പൊള്ളിക്കുന്നത് തുടരുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരത്തിനാണ് കാവ്യ മാധവന്‍ ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ 178 പേരുടെ വിസ്താരം ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. ആറുമാസത്തിനകം വിചാരണ പൂര്‍ത്തീകരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇനി ഒരു മാസം മാത്രമാണ് വിചാരണയ്ക്കായി ബാക്കിയുള്ളത്.

ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ അനുകൂലികള്‍. ഡല്‍ഹി ജന്തര്‍ മന്ദറില്‍ വെച്ചാണ് സംഭവം. ഓണ്‍ലൈന്‍ മാധ്യമമായ നാഷണല്‍ ദസ്തകിലെ മാധ്യമപ്രവര്‍ത്തകന്‍ അന്‍മോല്‍ പ്രീതത്തെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.

ഏക സിവില്‍ കോഡ് ആവശ്യപ്പെട്ട് ബിജെപി മുന്‍ വക്താവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വനി ഉപാധ്യായയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അന്‍മോല്‍ പ്രീതം.

ഇന്നലെ വൈകിട്ടായിരുന്നു മാര്‍ച്ച്. കാമറാമാന്‍ ആശിഷ് താക്കൂറിനൊപ്പമാണ് താന്‍ ജന്തര്‍ മന്ദറിലെത്തിയതെന്ന് അന്‍മോല്‍ പ്രീതം പറഞ്ഞു.

‘ഞാനെത്തിയപ്പോള്‍ 300-400 പേര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പോലീസ് സാന്നിധ്യത്തിലാണ് ഈ വര്‍ഗീയമായ മുദ്രാവാക്യം ഉയര്‍ന്നത്. ഏഴ് വര്‍ഷമായി ബിജെപിയാണ് ഭരണത്തില്‍. എന്നിട്ടും ഇവര്‍ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് എനിക്കറിയണമായിരുന്നു. ഞാനവരോട് സംസാരിക്കാന്‍ തുടങ്ങി.

രാജ്യം ഇന്നും ദാരിദ്ര്യത്തില്‍ അല്ലേ, പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കേണ്ടതല്ലേയെന്ന് ഞാന്‍ ചോദിച്ചു. ഇതോടെയാണ് ഞാന്‍ ജിഹാദി ചാനലില്‍ നിന്നാണോ എന്ന് ചോദിച്ച് ആള്‍ക്കൂട്ടം അലറാന്‍ തുടങ്ങിയത്. ദാരിദ്ര്യം കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഉണ്ടായിരുന്നുവെന്ന് അവരില്‍ ചിലര്‍ പറഞ്ഞു.

ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ വന്ന് ഞങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു. ജയ് ശ്രീറാം, വന്ദേമാതരം എന്ന് ഉരുവിടാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ വന്ദേമാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും പറഞ്ഞു. ജയ് ശ്രീറാം ഒരു രാഷ്ട്രീയ അജണ്ടയാണെന്ന് തോന്നിയതിനാല്‍ പറയാന്‍ തോന്നിയില്ല. ആദ്യം ഞാന്‍ ശാന്തനായിരുന്നു. സാഹചര്യം നിയന്ത്രണവിധേയമായിരിക്കുമെന്ന് കരുതി.

പക്ഷേ ഒരാള്‍ എന്റെ ചുമലില്‍ പിടിച്ചുതള്ളി. ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം എന്ന് പറഞ്ഞേ തീരൂ എന്ന് ഒരാള്‍ പറഞ്ഞു. എനിക്ക് തോന്നിയാല്‍ മാത്രമേ പറയൂ എന്നും നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ലെന്നും ഞാന്‍ മറുപടി നല്‍കി. അവര്‍ അക്രമാസക്തരാകുമെന്ന് ഇതോടെ ഞാന്‍ ഭയന്നു. ഞാനും കാമറാമാനും ഒരുവിധം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും പുറത്തുകടന്നു. എന്റെ കയ്യില്‍ കാമറയും മൈക്കും ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് അവര്‍ എന്നെ ആക്രമിക്കാതിരുന്നതെന്നും അന്‍മോല്‍ പ്രീതം ന്യൂസ് ലോണ്‍ഡ്രിയോട് പറഞ്ഞു.

സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വിഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആളുകള്‍ അനുമതി കൂടാതെയാണ് സ്ഥലത്ത് ഒരുമിച്ചുകൂടിയതെന്നും ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദീപക് യാദവ് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല. വര്‍ഗീയ മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ല, അവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്.

 

നിയമവിരുദ്ധമായി തങ്ങളുടെ വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേസെടുത്ത ഇ ബുള്‍ജെറ്റ് സഹോദരന്മാരെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ആസൂത്രിതമായി തങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് ഇ ബുള്‍ ജെറ്റ് പൊലീസ് സ്റ്റേഷനില്‍ ലൈവ് വീഡിയോ ചിത്രീകരിച്ചത് പ്രശ്‌നം വലിയ വിവാദമാക്കി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇതിനിടയില്‍ ഇ ബുള്‍ ജെറ്റിനെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു ആരാധകന്‍ സുരേഷ് ഗോപി എംപിയെ വിളിക്കുകയും ചെയ്തു. ഇതിന് അദ്ദേഹം നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലാണ്. സംഭവത്തെ കുറിച്ച് വ്യക്തമായി മനസിലായില്ലെങ്കിലും, ഏകദേശ രൂപം കിട്ടിയ സുരേഷ്, താന്‍ ചാണകമല്ലേയെന്നും നിങ്ങള്‍ മുഖ്യമന്ത്രിയെ വിളിക്കൂ എന്നും പരാതിക്കാരന് മറുപടി നല്‍കി.

വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ആക്കി തങ്ങളുടെ ‘ഇ ബുള്‍ ജെറ്റ്’ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നതാണ് ഇവരുടെ രീതി. വരുമാനം വര്‍ദ്ധിച്ചതോടെ വാഹനത്തില്‍ അപകടകരമായ രീതിയിലുള്ള മാറ്റമാണ് ഇ ബുള്‍ ജെറ്റ്’ സഹോദരന്മാര്‍ വരുത്തിയത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും കേസെടുക്കുകയുമായിരുന്നു. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് 42,000 രൂപ പിഴയുമിട്ടു.

ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ ഗുജറാത്തിലെ അങ്കലേശ്വർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസം മുൻപാണ് സംഭവം. 34 കാരിയായ ഊർമ്മിള വാസവയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ജിഗ്നേഷ് പട്ടേലാണ് അസ്റ്റിലായത്.

ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജിഗ്നേഷ് പിടിയിലാകുന്നത്. ജൂലൈ എട്ടിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഊർമ്മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഊർമ്മിളയ്‌ക്ക് നൽകിയ ഡ്രിപ്പിൽ ജിഗ്നേഷ് സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടർമാരോ നഴ്‌സുമാരോ ആരും തന്നെ ഊർമിളയ്‌ക്ക് സമീപമുണ്ടായിരുന്നില്ല.

സയനൈഡ് ഉള്ളിൽചെന്ന ഉടൻ തന്നെ ഊർമിള മരണത്തിന് കീഴടങ്ങി. മരണത്തിൽ അസ്വഭാവികത തോന്നിയ പോലീസ് അപകട മരണത്തിന് കേസെടുത്തിരുന്നു. ഫോറെൻസിക് പരിശോധനയിൽ വിഷാംശം കണ്ടെത്തിയതോടെയാണ് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. ജിഗ്നേഷിന്റെ മൊഴിയിൽ അസ്വഭാവികത തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ശനിയാഴ്‌ച്ച ജിഗ്നേഷ് അറസ്റ്റിലാവുകയായിരുന്നു.

ഏഴ് വർഷം മുൻപാണ് ഇരുവരുടേയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ദമ്പതിമാര്‍ക്കിടയിലെ പരസരവിശ്വാസമില്ലായ്മയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ജിഗ്നേഷ് കുറ്റം സമ്മതിച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

നഴ്‌സിന് അശ്ലീലസന്ദേശം അയച്ച സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാര്‍ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കര്‍ണാടക ബെലഗാവിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. സ്‌കൂളിലെത്തി ക്ലാസ്മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ യുവതിക്ക് സുരേഷ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചത്.

സംഭവം ഇങ്ങനെ- രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തിയിരുന്നു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍നിന്ന് മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങിയത്. ചില അധ്യാപകര്‍ക്ക് കുത്തിവെയ്പ്പ് ക്യാമ്പില്‍ പങ്കെടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം കൈമാറാനെന്നും പറഞ്ഞാണ് നമ്പര്‍ വാങ്ങിയത്. ഇതിനുപിന്നാലെ പ്രധാനാധ്യാപകന്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് നഴ്‌സിന്റെ പരാതി.

അധ്യാപകന്‍ നഴ്‌സിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതറിഞ്ഞതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു സംഘമാളുകള്‍ സ്‌കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി.

കുറ്റാരോപിതനായ അധ്യാപകനെ നിലവില്‍ സര്‍വീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് രണ്ട് സ്ത്രീകള്‍ കൂടി ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെതിരേ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കി.

ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. വഞ്ചിയൂര്‍ കോടതിവളപ്പിലാണ് സംഭവം.

സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി, കെയുഡബ്ല്യൂജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു. ശിവജിയുടെ മൊബൈല്‍ ഫോണും ഐഡി കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു.

കെഎം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കും. കേസില്‍ തെളിവായി പ്രത്യേക സംഘം നല്‍കിയ സിസിടിവിയുടെ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ട രാമന്‍ ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് കോടതി നല്‍കിയിരുന്നു.

ഇതിനുശേഷമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ചാണ് കെഎം ബഷീറിന്റെ മരണം. വാഹന ഉടമയായ വഫ ഫിറോസും കാറില്‍ ഒപ്പമുണ്ടായിരുന്നു.

അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി ഇനി ഓർമ. ശരണ്യയുടെ മരണവാർത്ത സഹപ്രവർത്തകരെ പോലെ തന്നെ ഓരോ മലയാളിയെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ക്യാൻസറിനോട് പടപൊരുതി പലതവണ ജ്വലിച്ച് ഏവര്‍ക്കും പ്രചോദനമായതിന് ശേഷമാണ് നടി ശരണ്യ ശശി ഓര്‍മയായത്.

പലതവണ ശസ്‍ത്രക്രിയയ്‍ക്ക് വിധേയമാകേണ്ടി വന്നിരുന്നു ശരണ്യക്ക്. പുഞ്ചിരി മായാതെയായിരുന്നു ശരണ്യ ശശി ക്യാൻസറിനോട് പോരാടിയത്. ശരണ്യക്ക് എന്നും താങ്ങായിരുന്ന നടിയും സുഹൃത്തുമായ സീമ ജി നായര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിന് അപ്പുറമാണ് ശരണ്യയുടെ വിടവാങ്ങല്‍.

പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം. അവൾ യാത്രയായി എന്ന് മാത്രമായിരുന്നു സീമ ജി നായര്‍ പറഞ്ഞത്. ശരണ്യക്ക് ഒപ്പമുള്ള ഫോട്ടോകളും സീമ ജി നായര്‍ പങ്കുവെച്ചു. ചികിത്സയ്‍ക്കും മറ്റും എന്നും ശരണ്യക്ക് കൈത്താങ്ങായത് സീമാ ജിയുടെ പരിശ്രമങ്ങളായിരുന്നു.

ശരണ്യക്ക് ആദ്യമായി ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത് 2012ലായിരുന്നു. ലൊക്കേഷനില് കുഴഞ്ഞുവീഴുകയായിരുന്നു ശരണ്യ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗം ക്യാൻസറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നങ്ങോട്ട് ശരണ്യക്ക് ചികിത്സയുടെ കാലമായിരുന്നു.

ക്യാൻസറിനെതിരെയുള്ള പോരാട്ടത്തില്‍ ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീമ ജി നായരാണ്. സീമ ജി നായരുടെ നേതൃത്വത്തിലുള്ള കൂട്ടായ്‍മ ശരണ്യക്ക് ഒരു വീടും വച്ച് നൽകിയിരുന്നു. സ്‍നേഹ സീമ എന്നായിരുന്നു വീടിന് ശരണ്യ നൽകിയ പേര്. അത്രത്തോളം അടുപ്പമുള്ള ശരണ്യ വിടവാങ്ങുമ്പോള്‍ സീമ ജി നായര്‍ വാക്കുകള്‍ കിട്ടാതെ ഇടറുകയാണ്.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു.

ഇ ബുള്‍ ജെറ്റ്’ വ്‌ലോഗര്‍മാരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. കോടതി മുറിയിലും വ്‌ലോഗര്‍മാര്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്.

കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഒടുവില്‍ വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുള്‍ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

പ്രാങ്ക് വീഡിയോയുടെ പേരിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശല്ല്യം ചെയ്ത യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചിറ്റൂർ സ്വദേശി ആകാശ് മോഹനാണ് അറസ്റ്റിലായത്. അശ്ലീല ചേഷ്ടകൾ കാണിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്.

വഴിയേ പോകുന്ന പെൺകുട്ടികളോട് അശ്ലീല സംഭാഷണവും ചേഷ്ടയും കാണിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എറണാകുളം കച്ചേരിപ്പടിയിൽ ഷൂട്ട് ചെയ്തോണ്ടിരുന്ന ഇയാളെ സ്ത്രീകളെ ശല്ല്യം ചെയ്തതിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വില്ലൻ ഹബ് എന്ന യുട്യൂബ് ചാനലിൽ ഇയാൾ നേരത്തെയും ഇത്തരത്തിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്ന പ്രാങ്ക് വീഡിയോകൾ ചിത്രീകരിച്ച് പബ്ലിഷ് ചെയ്തിട്ടുണ്ട്.

വീഡിയോ ചിത്രീകരിക്കാൻ ഇയാളെ സഹായിച്ച സുഹൃത്തുക്കൾ പോലീസിനെ കണ്ട് രക്ഷപെടുകയായിരുന്നു. ഇവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ആകാശ് മോഹനെ ജാമ്യത്തിൽ വിട്ടു.

Copyright © . All rights reserved
➤