Kerala

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ദില്ലിയിൽ നിർണായക ഘട്ടത്തിലെത്തി. കെപിസിസി മുൻ അധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളെയും വർ‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രത്യേകം കണ്ടു രാഹുൽ ഗാന്ധി അഭിപ്രായം തേടി. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നോയെന്നും പാർട്ടിക്കുള്ളിലെ ശക്തിപ്രകടനങ്ങൾക്ക് പിന്നിൽ ആരാണെന്നും രാഹുൽ അന്വേഷിച്ചതായാണ് സൂചന. മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം.

സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജൻപഥിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സുധാകരൻ, എം എം ഹസൻ, കെ മുരളീധരൻ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എപി അനിൽ കുമാർ എന്നിവർ പങ്കെടുത്തു. പ്രതിഷേധങ്ങൾ ആസൂത്രിതമായിരുന്നോയെന്നും ആരെ പിന്തുണച്ചാണ് മത്സരമെന്നുമുള്ള കാര്യങ്ങൾ രാഹുൽ വിശദമായി ചോദിച്ചറിഞ്ഞതായി നേതാക്കൾ സൂചിപ്പിച്ചു. ചിലർ എംഎൽഎമാരുടെ പിന്തുണ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനത്തെ പൊതുവികാരവും നിർണായകമാണെന്ന നിലപാടും ഉയർന്നു.

അതേസമയം അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ബംഗളൂരു പരിപാടികൾ റദ്ദാക്കി മല്ലികാർജുൻ ഖർഗെ ദില്ലിയിലെത്തി. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാമ്പുകൾ കടുത്ത ആകാംക്ഷയിലായിരിക്കെ എംഎൽഎമാരുടെ പിന്തുണയോ സംസ്ഥാനത്തെ പൊതുസാഹചര്യമോ ആകുമോ നിർണായകമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

മലപ്പുറം മങ്കടയിലെ നമ്പൂരിക്കാട് വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് നാലു വിദ്യാർഥികൾ മരിച്ചു. റഹീസ് (20), ബഹാസ് (18), സിയാദ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ സംഘത്തിനാണ് അപകടമുണ്ടായത്. റോഷൻ, ഇഷ്ഹാത്ത് ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകട വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പിന്നീട് പാറയിടുക്കിൽ വീണ നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴ ശക്തമായ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

അതേസമയം, പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷനു സമീപം മൺതിട്ട ഇടിഞ്ഞുവീണ് തൊഴിലാളിയായ ഷിജു മരിച്ചു. കനത്ത മഴയിലും കാറ്റിലും സർവീസ് സ്റ്റേഷനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അടുത്ത ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെടാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് മുൻ കെപിസിസി പ്രസിഡന്റുമാരുടേയും വർക്കിങ് പ്രസിഡന്റുമാരുടേയും അഭിപ്രായം തേടാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. കെ. സുധാകരൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാംപുകൾ സജീവമാണ്. എംഎൽഎമാരുടെ പിന്തുണയും ജനപിന്തുണയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം വൈകുന്നതെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടും ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്.

അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കെ. സുധാകരൻ പക്ഷം രംഗത്തെത്തി. വേണുഗോപാലും സുധാകരനും വീണ്ടും ഒരുമിച്ച് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മറുവശത്ത്, രമേശ് ചെന്നിത്തല ക്യാംപും സജീവ ചർച്ചകളിലാണ്. എല്ലാ പക്ഷങ്ങളെയും വിശ്വാസത്തിലെടുത്ത് സമവായ ഫോർമുല കണ്ടെത്താനാണ് ഹൈക്കമാൻഡിന്റെ ശ്രമം.

കാസർകോട് കുമ്പളയിൽ പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ ദുഃഖത്തിൽ യുവതി ആത്മഹത്യ ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തമിഴ്നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും ഒരു മാസം മുൻപ് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മണി ചികിത്സയ്ക്കിടെ മരിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

മൃതദേഹത്തിനരികിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മണിയുടെ വേർപാട് സഹിക്കാനാകുന്നില്ലെന്നും തന്റെ മൃതദേഹവും അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് തന്നെ സംസ്കരിക്കണമെന്നുമാണ് കുറിപ്പിലുള്ളത്.

റാന്നി: ഇൻസ്റ്റഗ്രാം വഴി പതിമൂന്നുകാരിയുമായി പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. റാന്നി വൈക്കംവിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാർ (36) എന്നയാളെയാണ് റാന്നി പോലീസ് പിടികൂടിയത്. 2025 സെപ്റ്റംബറിലായിരുന്നു പെൺകുട്ടിയുമായി ഇയാൾ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നത്. തുടർന്ന് ചാറ്റിങ്ങിലൂടെ അടുത്ത് കൂടിയ പ്രതി ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ കൈക്കലാക്കിയതായാണ് പോലീസ് പറയുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി മറ്റൊരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്ന് വീണ്ടും ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇടുക്കി ജില്ലയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇയാൾ വർഷങ്ങളായി കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമായ ഒരു യുവാവിന്റെ ചിത്രം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പെൺകുട്ടികളെ ഇയാൾ സമാനരീതിയിൽ സമീപിച്ചിട്ടുണ്ടോയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്.ഐ. എസ്. സിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദില്ലി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് ഇപ്പോഴും തീരുമാനത്തിലെത്താനായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രഖ്യാപനം വൈകുന്നത് പാർട്ടിക്കുള്ളിലെ അനിശ്ചിതത്വം കൂടുതൽ ശക്തമാക്കുകയാണ്. മുഖ്യമന്ത്രി കാര്യത്തിൽ ഇതുവരെ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടിട്ടില്ലെന്നതും ചർച്ചയാകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്ത ഏക സംസ്ഥാനമായി കേരളം തുടരുകയാണ്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള അന്തിമ തീരുമാനം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ആ കൂടിക്കാഴ്ച നടന്നിട്ടില്ല. എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച റിപ്പോർട്ടുകളോടും എഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഡി സതീശന് മുൻതൂക്കമെന്ന പ്രചാരണങ്ങൾ ശക്തമായിരുന്നെങ്കിലും, അവയെല്ലാം മാധ്യമ പ്രചാരണം മാത്രമാണെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ശാന്തമായ ശേഷമേ പ്രഖ്യാപനം ഉണ്ടാകൂവെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

അതേസമയം, മുഖ്യമന്ത്രിപ്പോരിൽ സജീവമായ മൂന്ന് ചേരികളും പ്രതീക്ഷ കൈവിടുന്നില്ല. ഇപ്പോഴത്തെ നിശബ്ദത ‘കൂളിംഗ് പിരീഡ്’ മാത്രമാണെന്നാണ് കെസി വേണുഗോപാൽ അനുകൂലികളുടെ വിലയിരുത്തൽ. കെസിയെ തന്നെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആ വിഭാഗം. മറുവശത്ത്, കൂടുതൽ ചർച്ചകൾക്കും ധാരണകൾക്കും സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ. പാക്കേജ് ചർച്ചകളെ കുറിച്ച് വ്യക്തതയില്ലെന്ന നിലപാടും ഇരുപക്ഷവും തുടരുന്നു.

കോതമംഗലം: വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കോതമംഗലത്തെ ദന്തൽ കോളേജിലെ ഒൻപതംഗ വിദ്യാർഥിസംഘമാണ് വിനോദയാത്രയുടെ ഭാഗമായി പുഴയിൽ ഇറങ്ങിയത്.

കുളിക്കുന്നതിനിടെ മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂവരുടെയും നില അതീവ ഗുരുതരമായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

വനമേഖലയിലൂടെ ഒഴുകുന്ന പലവൻപടി പുഴയിൽ വലിയ കയങ്ങളും ആഴമുള്ള ഭാഗങ്ങളുമുള്ളതിനാൽ ഇത് അപകടമേഖലയായി കണക്കാക്കപ്പെടുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. അപകടസാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും അവ അവഗണിക്കാറുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച മുൻപും ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന് നേഴ്സിങ് കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോക്സഭാംഗമായ കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സംസ്ഥാന രാഷ്ട്രീയം പുതിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. കെ.സി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌താൽ ആറുമാസത്തിനകം നിയമസഭാംഗമാകേണ്ടതും ലോക്സഭാംഗത്വം രാജിവെക്കേണ്ടതുമായതിനാൽ ലോക്സഭയിലും നിയമസഭയിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഗണിതവും ബിജെപി വോട്ടുകളുടെ നിലപാടും വീണ്ടും ചർച്ചയാകുന്നത്. ബിജെപി വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി നീങ്ങിയാൽ യുഡിഎഫിന് “നാണംകെട്ട തോൽവി” നേരിടേണ്ടിവരുമെന്ന ആശങ്ക കോൺഗ്രസ് വൃത്തങ്ങളിൽ തന്നെ ഉയരുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിലെ ആഭ്യന്തര പോര് ഇതിനോടകം തന്നെ പരസ്യ ഏറ്റുമുട്ടലിലേക്കാണ് നീങ്ങിയിരിക്കുന്നത്. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ ദില്ലിയിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ച തീരുമാനമില്ലാതെ അവസാനിച്ചു. നേതാക്കളുടെ തമ്മിലടിയും പ്രവർത്തകരുടെ തെരുവ് പ്രതിഷേധവും ഹൈക്കമാൻഡിനെ കടുത്ത അസ്വസ്ഥരാക്കിയെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതും കോൺഗ്രസിലെ അധികാരപ്പോര് തുറന്നുകാട്ടുന്നതുമാണ് നിലവിലെ രാഷ്ട്രീയ ചിത്രം.

ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കാണെന്ന് കെ.സി വേണുഗോപാൽ അവകാശപ്പെട്ടപ്പോൾ, ദേശീയ നേതൃത്വത്തിന്റെ സ്വാധീനം ഉപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കുകയാണെന്ന ഗുരുതര ആരോപണമാണ് വി.ഡി സതീശൻ ഉയർത്തിയത്. മുഖ്യമന്ത്രിയാക്കുന്നില്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് സതീശനും ചെന്നിത്തലയും എടുത്തതോടെ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഘടകകക്ഷികളുടെ അഭിപ്രായവും ജനവികാരവും പരിഗണിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതേസമയം സീനിയോറിറ്റിയും സംഘടനാപരമായ പരിചയവും മുൻനിർത്തിയാണ് ചെന്നിത്തലയുടെ അവകാശവാദം.

ഇതിനിടെ നേതാക്കളുടെ പരസ്യ പോരാട്ടത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രകടനങ്ങളും ഫ്ലെക്‌സ് യുദ്ധവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും, ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം സാധ്യമല്ലെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി എന്ത് നിലപാട് സ്വീകരിക്കും, ആ വോട്ടുകൾ ആരിലേക്ക് നീങ്ങും എന്നതാകും ഇനി കേരള രാഷ്ട്രീയത്തിലെ നിർണായക ചർച്ച. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലെ നീണ്ട അനിശ്ചിതത്വം തന്നെ യുഡിഎഫിന് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ചോദ്യവും ശക്തമാകുകയാണ്.

ദില്ലി: കോൺഗ്രസ് മുഖ്യമന്ത്രിപദ ചർച്ചകൾക്കായി ദില്ലിയിൽ നടന്ന നിർണായക കൂടിക്കാഴ്ച മൂന്ന് മണിക്കൂറിന് ശേഷം പൂർത്തിയായി. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടെ കെ സി വേണുഗോപാലിനെ ഹൈക്കമാൻഡ് മുന്നോട്ടുവെക്കാൻ സാധ്യത ശക്തമായിരിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷൻമല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തു. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ അറിയിച്ചു.

ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെ സി വേണുഗോപാലിനാണെന്നാണ് വിലയിരുത്തൽ. അതേസമയം ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശന് ലഭിക്കുന്ന സാഹചര്യത്തിൽ സീനിയോറിറ്റിയും രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക് തിരിക്കും. എഐസിസി നേതൃത്വവുമായി നേരിട്ടുള്ള കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള അന്തിമ ചർച്ചകൾ നടത്താനാണ് മൂവർ സംഘത്തിന്റെ യാത്ര. എംഎൽഎമാരുടെ അഭിപ്രായങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും ഉൾപ്പെടുത്തി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് തീരുമാനം എടുക്കുക.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കെ.സി. വേണുഗോപാലിന് 45ലധികം എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. ഈ പിന്തുണ ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി. ക്യാമ്പ്. അതേസമയം ഘടകകക്ഷികളുടെ ശക്തമായ പിന്തുണ തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ വിഭാഗം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്സുകളും പ്രകടന ആഹ്വാനങ്ങളും ഉയരുന്നതിനിടെ കോൺഗ്രസിനകത്തെ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തങ്ങളുടെ പിന്തുണയിൽ മാറ്റമില്ലെന്ന സൂചന നൽകിയിട്ടുണ്ട്. മറുവശത്ത്, സമവായ സ്ഥാനാർഥിയായി അവസാന നിമിഷത്തിൽ തനിക്ക് അവസരം ലഭിക്കാമെന്ന പ്രതീക്ഷ കൈവിടാതെയാണ് രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

RECENT POSTS
Copyright © . All rights reserved