സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ വിമർശനവുമായി നടൻ ജയസൂര്യ. മഴയാണ് റോഡ് അറ്റകുറ്റപ്പണിയുടെ തടസം എന്ന സർക്കാർ വാദം ജനം അറിയേണ്ട. കുഴികളിൽ വീണ് ജനം മരിക്കുമ്പോൾ കരാറുകാരനാണ് ഉത്തരവാദിത്വമെന്നും ജയസൂര്യ പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമർശനം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു താരം വിമർശനം നടത്തിയത്.
എന്നാൽ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ റോഡ് പ്രവൃത്തിക്ക് മഴ തടസം തന്നെയാണ്. ജയസൂര്യ പറഞ്ഞ ചിറാപുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ കേരളത്തേക്കാൾ റോഡ് കുറവാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചിറാപുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ 10,000 കിലോമീറ്റർ റോഡാണുള്ളത്. കേരളത്തിൽ മൂന്നരലക്ഷം കിലോമീറ്റർ റോഡ് ഉണ്ടെന്ന് ഓർക്കണം. ജയസൂര്യയുടേത് സ്വാഭാവിക പ്രതികരണം മാത്രമെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുത്തുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു.
ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവ പുതിയ പദ്ധതി പ്രകാരം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. തെന്മല ഇടമൺ സ്വദേശി ബിനു(41) ആണ് മരിച്ചത്. <br> <br> വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ ബന്ധുവീട്ടിലേക്കു വരുന്നവഴി കാൽ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്.
തുടർന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി ബിനു പിടികൂടി. ഇതുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി. ഈ സമയം ബിനു ആശുപത്രിയിലേക്കു പോയില്ല.
പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ തന്നെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
കോട്ടയം കട്ടച്ചിറയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വഴിയോരത്ത് ഇറങ്ങിയ നേരത്തില്‍ കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് എടുത്ത് ഓടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വണ്ടി മറ്റു രണ്ടുവാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂര്‍ പാല റോഡില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പാലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ദാഹമകറ്റാനായി ആംബുലന്‍സ് ഡ്രൈവര്‍ വാഹനം വഴിയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു.
ഈ സമയത്ത് കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സില്‍ കയറി വണ്ടി മുന്നോട്ടെടുക്കവെയായിരുന്നു അപകടം. അപകട സമയത്ത് ആംബുലന്‍സില്‍ രോഗികളാരും ഉണ്ടാകാതിരുന്നത് വലിയൊരു അപകടത്തില്‍ നിന്നും കരകയറാനായി. സംഭവത്തില്‍ അലക്ഷ്യമായി വണ്ടിയോടിച്ച ആള്‍ക്കെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.
കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി.ജനസാന്ദ്രത കൂടിയ കേരളത്തിൽ വളരെ സാധാരണമായ ഒരു പൊതുവിഷയമാണ് വഴിപ്രശ്നം. മിക്ക മലയാളികൾക്കും ചിരപരിചിതമായ ഇത്തരം ഒരു വഴിപ്രശ്നത്തെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ‘ഭീമന്റെ വഴി’. ചെറിയ വസ്തുവിൽ അടുത്തടുത്തായി വീടുവച്ചു താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നവും പുരോഗതിയിലേക്കുള്ള പ്രതീക്ഷയുമാണ് പൊതുവഴി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. റെയിൽവേ ട്രാക്കിനോട് ഓരം ചേർന്നു കിടക്കുന്ന ഒരു പറ്റം വീടുകൾ. ഇവിടെയാണ് നാട്ടുകാർ ഭീമൻ എന്നു വിളിക്കുന്ന സഞ്ജുവും (കുഞ്ചാക്കോ ബോബൻ) അമ്മയും താമസിക്കുന്നത്.
ഒരു ബൈക്കിന് കഷ്ടിച്ച് പോവാനുള്ള വഴി മാത്രമേയുള്ളൂ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലേക്ക്. ആർക്കെങ്കിലും അസുഖം വന്നാൽ ഒന്ന് എടുത്തോണ്ട് കാറിനോ ആമ്പുലൻസിനോ അടുത്തെത്തിക്കാൻ തന്നെ 20 മിനിറ്റെങ്കിലുമെടുക്കും. ഈ ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി വരുത്താൻ ഭീമന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു റോഡ് നിർമ്മിക്കാൻ ഒരുങ്ങുന്നതാണ് കഥാപശ്ചാത്തലം.പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്.
ഒരു റോഡുണ്ടാക്കിയ കഥ- ഒറ്റവാക്കിൽ പറയാവുന്ന ഒരു കഥാതന്തുവിനെ കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോവുകയാണ് സംവിധായകൻ. നടന്‍ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണത്.
പരോപകാരം ചെയ്യാനുള്ള മനസ്സും ഏറ്റെടുത്ത കാര്യങ്ങൾ നടത്തി കൊണ്ടുപോവാനുള്ള സാമർത്ഥ്യവും അൽപ്പസ്വൽപ്പം സൂത്രങ്ങളുമൊക്കെ കയ്യിലുള്ള ഭീമൻ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കയ്യിൽ ഭദ്രമായിരുന്നു. ഊതാമ്പള്ളി കോസ്തേപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിനു ജോസഫ് ആണ് ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നത്. വളരെ സ്റ്റൈലിഷായി ജീവിക്കുന്ന അർബൻ കഥാപാത്രങ്ങളായി കണ്ടു പരിചയിച്ച ജിനുവിന്റെ മേക്കോവർ ചിത്രം കാത്തുവയ്ക്കുന്ന സർപ്രൈസ് ആണ്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജിനു.
ബിനു പപ്പുവാണ് ചിത്രത്തിന് ഫ്രെഷ്‌നസ്സ് സമ്മാനിക്കുന്ന മറ്റൊരു നടൻ. സീരിയസ് റോളുകളിൽ നിന്നും പൊലീസ് വേഷങ്ങളിൽ നിന്നുമൊക്കെ മാറി ഒരു കൊമേഡിയൻ റോളിലേക്കുള്ള ബിനു പപ്പുവിന്റെ ചുവടുമാറ്റം കൂടിയാണ് ചിത്രം. അധികം സീനുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും ചിത്രത്തിന് ഉണർവ്വ് സമ്മാനിക്കുന്നുണ്ട്.
പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ, അതിനപ്പുറത്തേക്ക് കഥാപാത്രങ്ങൾക്ക് ഒരു ഗ്രോത്ത് നൽകാനോ അവയെ കഥയിലേക്ക് രസകരമായി സമന്വയിപ്പിക്കാനോ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ ഉദാഹരണം. ഒരു അപൂർണത അനുഭവപ്പെടുന്ന കഥാപാത്രമാണിത്. നിർമൽ പാലാഴി, നസീർ സംക്രാന്തി, വിൻസി അലോഷ്യസ് , ചിന്നു ചാന്ദ്നി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കഥയുടെ രസച്ചരട് മുറിയാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ തിരക്കഥ പലപ്പോഴും പരാജയപ്പെട്ടുപോവുന്നുണ്ട്. പലയിടത്തും ലാഗിങ്ങും അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ക്ലൈമാക്സിലേക്ക് എത്തുന്നതോടെ ചിത്രം വീണ്ടും അതിന്റെ താളം വീണ്ടെടുക്കുന്നുണ്ട്.
ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെയിൽ പാളങ്ങളോട് ചേർന്നു കിടക്കുന്ന ആ ഭൂപ്രദേശത്തെ ഏറ്റവു മികവോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കോറിയിടാൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്. വിഷ്ണു വിജയിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഒരുത്തീ എന്നു തുടങ്ങുന്ന പാട്ടും കേൾക്കാൻ ഇമ്പമുള്ളതാണ്.
അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ‘ഭീമന്റെ വഴി’ ഒരു ആവറേജ് കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ’ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പെരിങ്ങരയിലെ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ മൃതദേഹം സംസ്കരിച്ചു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. പ്രിയനേതാവിന്റെ വേർപാട് കുടുംബത്തിനെന്ന പോലെ ഒരു നാടിന്റെ മൊത്തം നൊമ്പരമായി.
ഭാര്യയുടെ പിറന്നാൾ സമ്മാനം കാണാൻ പോലും കാണാൻ കഴിയാത്തെ യാത്രയായ സന്ദീപിന്റെ വേർപാട് എല്ലാവരെയും കണ്ണീരണിയിച്ചു. ശനിയാഴ്ചയായിരുന്നു സന്ദീപിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സന്ദീപിന് സർപ്രൈസ് സമ്മാനമായി ചുവന്ന ഷർട്ട് സുനിത കരുതിവെച്ചിരുന്നു. എന്നാൽ നേരിട്ട് നൽകാൻ കഴിയാത്ത സമ്മാനം അന്ത്യയാത്രയ്ക്ക് മുമ്പ് പ്രിയതമന് നൽകിയാണ് സുനിത സന്ദീപിനെ യാത്രയാക്കിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സി.പി.ഐ.എം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മന്ത്രിമാരായ കെ.ൻ ബാലഗോപാൽ, വി.എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.
സന്ദീപ് കുമാറിന്റെ മരണക്കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ദീപിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ടെന്നും അറയ്ക്ക് മുകളിൽ പതിനഞ്ചിലേറെ കുത്തുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ചാം പ്രതി അഭിയെ എടത്വായിൽ നിന്നുമാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അടക്കം നാലെ പേരെയും പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡൻറാണ് മുഖ്യപ്രതി ജിഷ്ണു രഘു. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ടെത്തിയ കോടതി ഗുമസ്തയെ മർദ്ദിച്ച സംഭവത്തിൽ പൂഞ്ഞാർ സ്വദേശികളായി രണ്ട് പേർ അറസ്റ്റിൽ. ജെയിംസും മകൻ നിഹാലുമാണ് അറസ്റ്റിലായത്. ജെയിംസിന്റെ മകളുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പാല കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ പാലാ കുടുംബ കോടതി ഗുമസ്ത റിൻസിയെ ജെയിംസും നിഹാലും കൂടി ആക്രമിക്കുകയായിരുന്നു.
തന്നെ കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെന്ന റിൻസിയുടെ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കോഴിക്കോടും ഒമിക്രോൺ (omicron) ജാഗ്രത. കഴിഞ്ഞ ദിവസം യുകെയിൽ നിന്നെത്തിയ 46 കാരനാണ് രോഗലക്ഷണങ്ങളുള്ളതായി സംശയിക്കുന്നത്. ഇയാൾ കോവിഡ് പോസിറ്റീവാണ്. മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുവരേയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വിശദപരിശോദനകൾക്കായി ഇയാളുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 21നാണ് ഇയാൾ യുകെയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്.
ഇയാളുടെ സമ്പർക്കത്തിൽ നാല് ജില്ലകളിലുള്ളവരും ഉൾപ്പെടും. വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. പട്ടിക മറ്റു ജില്ലകളിലേക്കും അയച്ചു കഴിഞ്ഞതായി ഡിഎംഒ ഡോ.ഉമറുൽ ഫാറൂഖ് അറിയിച്ചു. നിലവിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യ. ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസില്‍ സെപ്റ്റംബര്‍ 18ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി 80-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കേരളം ഒന്നടങ്കം പറഞ്ഞത് പ്രതിയായ കിരണിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നാണ്.
ദുരന്തം നടന്ന് അഞ്ചാം മാസം എംവിഡി ഉദ്യോഗസ്ഥനായിരുന്ന കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഈയാഴ്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ നിര്‍ണായക വഴിത്തിരിവ് പുറത്തുവരുന്നത്.
വിസ്മയയുടേത് കൊലപാതകമാണെന്നാരോപിച്ച് വിസ്മയയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തെളിവായി മര്‍ദ്ദന ദൃശ്യങ്ങളും ഫോണ്‍ സന്ദേശങ്ങളും പുറത്തു വിട്ടു. ശാസ്താംകോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ, കുറ്റപത്രവും, അനുബന്ധ രേഖകളും പരിശോധിക്കുമ്പോഴാണ് ഇതുവരെ പുറത്തുവരാത്ത പലതും ശ്രദ്ധയില്‍പ്പെടുന്നത്.
മരണം കൊലപാതകമല്ല, ആത്മഹത്യ എന്ന് തെളിഞ്ഞുകഴിഞ്ഞു. വിസ്മയയെ കിരണ്‍കുമാര്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്ത് വരുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ കൊല്ലത്തെ സി.പ്രതാപ ചന്ദ്രന്‍ പിള്ളയാണ്.
വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ആരാണ് എന്നതാണ് കേസില്‍ പ്രധാനപ്പെട്ട വിഷയം. വിസ്മയയുടെ മാതാപിതാക്കള്‍ക്കും സഹോദരനും ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ? പ്രതാപ ചന്ദ്രന്‍ പിള്ളയുടെ അന്വേഷണം ആ വഴിക്കാണ്. അതില്‍ ഒന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ മൊഴിയാണ്.
അതേസമയം, പ്രതിഭാഗത്തിന്റെ കണ്ടെത്തലുകളാണ് ഇപ്പോള്‍ ഞെട്ടിയ്ക്കുന്നത്. വിനയായിരിക്കുന്നത് വിസ്മയയുടെ സഹോദരന്റെ മൊഴിയാണ്. വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങള്‍ പലതും തെറ്റാണ് എന്നതാണ് പ്രതിഭാഗത്തിന്റെ തുറുപ്പുചീറ്റ്.
വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങളെ കുറിച്ചാണ് സംശയം ഉയരുന്നത്. കേരളത്തിലെ ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും കിരണ്‍ കുമാറിന് എതിരായി കാട്ടിയ വിസ്മയയുടെ മുഖത്തെയും കൈകളിലെയും ഒക്കെ മുറിവുകള്‍ക്ക് കാരണക്കാരന്‍ കിരണല്ല എന്നാണ് വിജിത്തിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.
‘മാളു അവളുടെ വിവാഹത്തിന് മുമ്പ് ഒരുദിവസം, അവളുടെ ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കും, പിന്നെ എന്നേ ഒരു കാര്യമേ അല്ല എന്നുപറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കായി തമാശയ്ക്ക് പിടിവലി കൂടി. ഞങ്ങള്‍ രണ്ടുപേരും മറിഞ്ഞുവീണു. എന്റെ കൈ തട്ടി ഗ്ലാസ് ഉടഞ്ഞു. എനിക്ക് നല്ല വേദന ഉണ്ടായത് കാരണം ഞാന്‍ അവളോട് മിണ്ടാതെ പോയി വഴക്കിട്ടിരുന്നു. ആ ദിവസം മാളുവാണ് രേവതിയോട് എനിക്ക് പരിക്ക് പറ്റിയതില്‍ വിഷമം ഉണ്ടെന്നും മറിഞ്ഞ് വീണ് അവള്‍ക്കും പരിക്ക് പറ്റിയെന്ന് പറഞ്ഞത്. പിറ്റേ ദിവസം തന്നെ അവള്‍ വന്ന് സാധാരണ പോലെ ഇടപഴകുകയും ചെയ്തു.
രേവതിക്ക് അന്ന് മാളു അയച്ചുകൊടുത്തിരുന്ന ഫോട്ടോകള്‍ കൂടി രേവതിയുടെ മൊബൈലില്‍ കിടന്നത് കൂടിയാണ് പത്രക്കാരുടെ ആവശ്യപ്രകാരം നല്‍കിയത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. മാളു മരിച്ച ദിവസം രാവിലെ പത്രക്കാര്‍ പരിക്ക് പറ്റിയ ചിത്രങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുകയും, രേവതി അയച്ച് തന്നത് ഞാന്‍ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴാണ് എനിക്ക് ആ ചിത്രങ്ങള്‍ മാളുവിന്റെ വിവാഹത്തിന് മുമ്പുള്ളതാണ് എന്ന് മനസ്സിലായത്.
അതായത്, കിരണ്‍ കുമാറിന്റെ മര്‍ദ്ദനത്തിന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്നത് യഥാര്‍ഥത്തില്‍ വിസ്മയയുടെ വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. പരിക്ക് സഹോദരനുമായി ഉണ്ടായ വഴക്കിന്റേതുമാണ്.
കേസിലെ വിചാരണ ആരംഭിക്കുമ്പോള്‍ ഈ മൊഴിയും ഏറെ പ്രധാനപ്പെട്ടതാണ്.
മന്നം ആയൂര്‍വ്വേദ കോര്‍പ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിയായിരുന്ന വിസ്മയയുടെയും കിരണ്‍ കുമാറിന്റെയും വിവാഹം 2020 മാര്‍ച്ചിലായിരുന്നു. 28കാരനായ കിരണ്‍ കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി വഴക്ക് തുടങ്ങി. ഇരുവരും തമ്മിലുള്ള വഴക്ക് കൈവിട്ടതോടെയാണ് വിസ്മയ ജീവനൊടുക്കിയത്. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.
തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക സിപിഐഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു അടക്കമുള്ള അഞ്ച് പേരടങ്ങിയ സംഘമാണ് സന്ദീപിനെ വെട്ടിക്കൊന്നത്.
രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സംഭവം. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു.
നിരവധി കേസുകളിലെ പ്രതിയായ വിഷ്ണു അടുത്തിടയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.ആര്‍എസ്എസിന് വേണ്ടി നടത്തിയ നിരവധി ആക്രമണക്കേസുകളിലെ പ്രതിയായ വിഷ്ണു അടുത്തിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അതേസമയം, അക്രമിസംഘത്തിലെ മറ്റു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സന്ദീപിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നത്. കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ആര്‍എസ്എസ് സംഘം സന്ദീപിനെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി വെട്ടിക്കൊല്ലുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസ് സംഘം സ്ഥലത്ത് നിന്ന് മടങ്ങിയത്. സന്ദീപിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ് സന്ദീപ് കുമാര്‍.
ഷിക്കാഗോയിൽ കാറപകടത്തിൽ കോട്ടയം ഉഴവൂർ സ്വദേശിയായ യുവാവ് മരിച്ചു. ഉഴവൂർ കിഴക്കേക്കുറ്റ് ബിജു-ഡോളി ദമ്പതികളുടെ മകൻ ജെഫിൻ കിഴക്കേക്കുറ്റ് [22] ആണ് മരിച്ചത്.
തിങ്കളാഴ്ച അർദ്ധരാത്രി ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക് ആൻഡ് മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.
ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്, ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.