Kerala

ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിനും രോ​ഗലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും.

പ്രാഥമിക സമ്പർക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.

മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്.

മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി.

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തി. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി.

ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.

ഈ കൊവിഡ് കാലത്ത് ഓൺലൈനിലൂടെ മാത്രം അധ്യാപകരുമായി സംവദിക്കുന്ന വിദ്യാർഥികൾക്ക്….

ഇന്ന് അധ്യാപക ദിനം

“ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നെങ്കിൽ ആദ്യം ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ…”

കാലങ്ങൾക്ക് മുൻപ് അധ്യാപകരെക്കുറിച്ച് കബീർദാസ് പറഞ്ഞ വാക്കുകളാണിത്. ഈ അധ്യാപക ദിനത്തിലും ഇതിന്റെ മാറ്റ് കുറഞ്ഞിട്ടില്ല.

അധ്യാപകർക്ക് സമൂഹത്തിലുള്ള സ്ഥാനം വളരെ വലുതാണ്. വിദ്യാർത്ഥികളെ നാളെയെ നയിക്കാൻ കരുത്തുള്ള പൗരന്മാരാക്കി മാറ്റാൻ വഴിയൊരുക്കുകയും അതിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ. പുസ്തക താളുകളിലെ അറിവുകൾ പകരുക മാത്രമല്ല, ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന പ്രക്രിയയും ഇവിടെ നടക്കുന്നു.

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ഓരോ വിദ്യാലയങ്ങളും. പരീക്ഷകളെ നേരിടുക മാത്രമല്ല ലക്ഷ്യം, അച്ചടക്കം, പരസ്പര ബഹുമാനം, സഹകരണം, ആരോഗ്യകരമായ മത്സരങ്ങൾ എന്നിവയുടെ ബാല പാഠങ്ങൾ പഠിച്ചെടുക്കുന്നതും ഇവിടെ വെച്ച് തന്നെ. ഇതിനെല്ലാം മുന്നിൽ നിന്ന് വഴി തെളിക്കുന്നവരെയാണ് അധ്യാപകർ എന്ന് ഒറ്റ വക്കിൽ അഭിസംബോധന ചെയ്യുന്നത്. കൊവിഡ് കാരണം അധ്യാപകരും വിദ്യാർത്ഥികളും ഓൺലൈൻ വേദികളിൽ മാത്രമാണ് സംവദിക്കുന്നത്. ഇതിനിടയിൽ വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്നത് വലിയൊരു അനുഭവമാണ്.

വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ഡോ. എസ്. രാധാകൃഷ്‌ണന്റെ ജന്മ ദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും മൂല്യമുള്ള വിദ്യാഭ്യാസ ആശയങ്ങൾ നടപ്പാക്കുകയും ചെയതുകൊണ്ട് അധ്യാപക വൃത്തിയ്ക്ക് മികച്ച മാതൃകയായ വ്യകതിത്വമാണ് അദ്ദേഹത്തിന്റേത്.

1962 ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ധേഹത്തിന്റെ ജന്മ ദിനം അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്. മദ്രാസിന് വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് മാറി ആന്ധ്രാപ്രദേശിലെ തിരുത്താണി ഗ്രാമത്തിൽ 1888 സപ്തംബർ 5നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ജീന്‍ സൈബിലസ് എന്ന തത്വചിന്തകന്‍ പറഞ്ഞത് ‘അധ്യാപകന്‍ ശില്‍പ്പിയാണ്, തലമുറകളെ വാര്‍ത്തെടുക്കുന്ന ശില്‍പ്പി’ എന്നാണ്. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡി.എസ്. കോത്താരി 1966 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ തുടക്കം ഇങ്ങനെയായിരുന്നു; ‘ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നത് ക്ലാസ്മുറികളിലൂടെയാണ്….’

ഇത്രമാത്രം വിലപ്പെട്ടതായി കരുതുന്നതാണ് അധ്യാപകരുടെ സേവനം. കരുതലോടെയാണ് അധ്യാപകർ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നത്. അത്രമാത്രം ഉത്തരവാദിത്തമുള്ള ഒരു ജോലിയായതിനാൽ അധ്യാപകർക്ക് പിഴവുകൾ സംഭവിക്കാനും പാടില്ല.

‘ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുന്നത് ‘, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകമാണിത്.

വിദ്യാർത്ഥികളുടെ മനസ്സ് വായിച്ചുകൊണ്ട് കുഞ്ഞു മനസുകളിലേക്ക് ചേക്കേറുന്ന എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ

സദാ പ്രകാശിക്കുന്ന ഒരു വിളക്ക് പോലെ കുഞ്ഞു മനസുകളിൽ അറിവിന്റെയും വിവേകത്തിന്റെയും പ്രകാശം ചൊരിയുന്ന ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂൾ പയ്യനിത്തോട്ടം പൂഞ്ഞാറിലെ എന്റെ എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ആശംസകൾ!

ബിയ ബിജോ…

 

ആലുവ പ്രസന്നപുരം പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സിറോ മലബാര്‍ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെയായിരുന്നു പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്.

വികാരി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ ഇടയലേഖനം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം വിശ്വാസികള്‍ മൈക് എടുത്തു മാറ്റി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇടയലേഖനം കത്തിച്ചു. സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നത് വിശദീകരിച്ചുകൊണ്ടുള്ള ഇടയലേഖനമാണ് പള്ളികളില്‍ വായിച്ചത്. മാര്‍പ്പാപ്പയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുര്‍ബാനയില്‍ ഏകീകൃത രീതി നടപ്പാക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറയുന്നു.

1934 മുതലുള്ള ആരാധനാക്രമ പരിഷ്‌കരണ ശ്രമങ്ങളും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളിലേക്ക് നല്‍കിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നവംബര്‍ 28 മുതല്‍ പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായ കുര്‍ബാനക്രമം നടപ്പാക്കാനാണ് സിനഡ് തീരുമാനം.

സഭയില്‍ തുടര്‍ന്നു വന്നിരുന്ന രണ്ട് കുര്‍ബാന അര്‍പ്പണ രീതികള്‍ സമന്വയിപ്പിച്ചാണ് ഏകീകൃത രീതി നിശ്ചയിച്ചത്. ആരുടെയെങ്കിലും ജയപരാജയമായി സിനഡ് തീരുമാനങ്ങളെ കാണരുതെന്ന അഭ്യര്‍ഥനയുമുണ്ട്. മാര്‍പ്പാപ്പയുടെ നിര്‍ദേശം അനുസരിക്കാന്‍ മെത്രാന്‍മാരും വൈദികരുമടക്കം ബാധ്യസ്ഥരാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. അതേസമയം, പ്രതിഷേധത്തിന് പിന്നാലെ പള്ളിയില്‍ ഇടയലേഖനം വായിച്ചതായി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ പറഞ്ഞു.

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം.
എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.

പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തുനിന്നുമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചുവരുന്നതിനിടെ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു.

അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. ജയ് മോന്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ഒരു മണിക്കൂറോളം പോലീസും അഗ്‌നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പണിക്കന്‍കുടി മണിക്കുന്നേല്‍ ബിനോയിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.

കാമാക്ഷി സ്വദേശിനി താമഠത്തില്‍ സിന്ധു (45) വിന്റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. ഇയാളും സിന്ധുവും തമ്മില്‍ കാലങ്ങളായി അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയുമായി അടുപ്പം നിലനില്‍ക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു എന്നു പറയുന്നു

ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനുമായി സിന്ധു കാമാക്ഷിയില്‍ നിന്നു പണിക്കന്‍കുടിയിലെത്തി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ചു കഴിയുന്ന ബിനോയിയുമായി സിന്ധു പിന്നീട് അടുപ്പത്തിലാകുകയായിരുന്നു.

സിന്ധു അടുത്ത നാളില്‍ ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ബിനോയി പ്രകോപിതനായിരുന്നു. ഇതിന്റെ പേരില്‍ വഴക്കിട്ട ഇയാള്‍ മകനെ കൊന്നു കെട്ടിത്തൂക്കുമെന്നു സിന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ബിനോയി തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം. 12നാണ് സിന്ധുവിനെ കാണാതായത്. മകന്‍ വിവരം സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി രണ്ടുദിവസം മുമ്പ് കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുട വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടത്.

കഴിഞ്ഞ 11ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂട്ടു കിടക്കുന്നതിനായി സിന്ധു പറഞ്ഞു വിട്ടിരുന്നു. ബിനോയിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. പിറ്റേന്നു മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായത്.

തുടര്‍ന്ന് മകന്‍ സിന്ധുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.

സിന്ധുവിന്റെ തിരോധാനം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ബിനോയ് സ്ഥലത്തുനിന്നു മുങ്ങിയത്. 29ന് തൃശൂരില്‍ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്.

ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു.

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 12-കാരന്‍ മരിച്ചു. കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.

വിവരമറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രി കോഴിക്കോടെത്തിയാല്‍ ഉടന്‍ ഉന്നതതല യോഗം ചേരും. കേന്ദ്ര സംഘവും ഇന്ന് കോഴിക്കോടെത്തുന്നുണ്ട്. കോഴിക്കോട്ടേക്കുള്ള വഴി മധ്യേ തൃശൂര്‍ വെച്ചാണ് ആരോഗ്യ മന്ത്രി കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.

കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരേയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019ല്‍ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തില്‍ നിയന്ത്രണ വിധേയമായിരുന്നു.

എടത്വ: കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെയും, ‘സേവ്’ എന്നീ സംഘടനകളുടെ സംയൂക്താഭിമുഖ്യത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായം ജന്മദിനം ഹരിത ദിനമായി ആചരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര
അധ്യക്ഷത വഹിച്ചു.ഹരിത ദിനാചരണം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം നിർവഹിച്ചു.

ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള,കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് ,ജേക്കബ് സെബാസ്റ്റ്യൻ,എൻ.ജെ.സജീവ്,ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.ഗ്രീൻ കമ്യൂണിറ്റി അംഗങ്ങളായിട്ടുള്ളവർ തങ്ങളുടെ ഭവനങ്ങളിൽ വൃക്ഷതൈ നട്ട് ഹരിത ദിനാചരണത്തിൽ പങ്കാളികളായി.

ഗ്രീൻ കമ്മ്യൂണിറ്റിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ആരംഭിച്ച സ്റ്റുഡൻ്റ്സ് ആർമി ഫോർ വിവിഡ് എൻവയർമെൻ്റ് ( സേവ് ) പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈ നട്ടു ഹരിത ദിനാചരണത്തിൽ പങ്കാളികളായി. വിർച്ച്വൽ ഹരിത സംവാദത്തിൽ മുൻ ഡി.ഡി.ഇ :ഇ.കെ സുരേഷ്കുമാർ, പ്രൊഫ ശോഭിന്ദ്രൻ മാസ്റ്റർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.സേവ് അക്കാഡമിക് കോർഡിനേറ്റർ സൽമാൻ അബ്ദുല്ല, ഗ്രീൻ കമ്മ്യൂണിറ്റി സംസ്ഥാന ജനറൽ കൺവീനർ ഷൗക്കത്ത് അലി എരോത്ത്, സേവ് എക്സിക്യൂട്ടീവ് അംഗം അരവിന്ദ് എസ്. വീമംഗലം എന്നിവർ നേതൃത്വം നൽകി.ഹരിത ദിനാചാരണത്തിൽ വിദ്യാർഥികൾ കഴുകി ഉണക്കിയ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം അതാത് പ്രദേശങ്ങളിലെ ഹരിത കർമ്മ സേനക്ക് കൈമാറും.

മുൻമന്ത്രി ജി സുധാകരൻ ബിജെപിയിലേക്ക് എന്ന് സൂചന.ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി സുധാകരൻ ബന്ധപ്പെട്ടതായും വീക്ഷണം റിപ്പോർട്ട് ചെയുന്നു . തദ്ദേശ തിരഞ്ഞെടുപ്പ് സമയം മുതൽ തന്നെ സുധാകരനും പാർട്ടിയുമായുള്ള തർക്കം മറ നീക്കി പുറത്തു വന്നിട്ടുള്ളതാണ്.നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം ചേരിതിരിഞ്ഞ് പോലും തർക്കം രൂക്ഷമായിരുന്നു. കഴിഞ്ഞദിവസം പാർട്ടി നേതൃത്വം സുധാകരനെതിരെ ചർച്ചകൾ സജീവമാക്കിയിരുന്നു.

അതോടൊപ്പം തന്നെ സുധാകരൻ നേതൃത്വത്തിനെതിരെ പാർട്ടിയിലെ വിഷയങ്ങളിൽ കവിത എഴുതിയതും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. സുധാകരൻ ബിജെപിയിലേക്ക് എന്ന വാർത്തയിൽ ഇതുവരെയും സിപിഎം നേതൃത്വം പ്രതികരണത്തിന് തയ്യാറായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തുടനീളം ബിജെപിയുമായി പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം നടത്തിയ രഹസ്യബന്ധങ്ങൾ സുധാകരനിലൂടെ പുറത്തറിയുമെന്ന ഭയമാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.വരുംദിവസങ്ങളിൽ ആലപ്പുഴയിലെ പാർട്ടിയിലെ തർക്കം കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.

വിവാഹ വാഗ്ദാനം നല്‍കി ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2014 മുതൽ യുവതിയുമായി അടുപ്പം പുലർത്തിയ ഗ്രീനു ജോർജ് അന്ന് മുതൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഗ്രീനു ജോർജ് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറേ കാലമായി വിവാഹ കാര്യം പറയുമ്പോഴൊക്കെ ഗ്രീനു ഒഴിഞ്ഞു മാറി. ഇതിനിടെ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പെൺകുട്ടി ഡൽഹിയിൽ പൊലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹം കണ്ടെത്തി. സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.

കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved