Kerala

പ്രണയം സഫലമാകില്ലെന്ന് ഉറപ്പായതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമിതാക്കളിൽ യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ നാദിർഷാ അലി (30) ആണ് മരിച്ചത്. മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതിയെ (26) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറയൂർ ഭ്രമരം വ്യൂപോയിന്റിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പ്രണയം വീട്ടിലറിയിക്കാനായില്ലെന്നും ഒന്നിച്ചു മരിക്കാൻ തീരുമാനിച്ചെന്നും പറഞ്ഞ് ഇരുവരും വീഡിയോ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചിരുന്നു. ശേഷമാണ് യുവാവ് പാറക്കെട്ടിൽ നിന്നു ചാടി ജീവനൊടുക്കിയത്. കൂടെയുണ്ടായിരുന്ന യുവതിയെ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌കൂൾ അധ്യാപികയായ യുവതിയും നൃത്തപരിശീലകനായ നാദിർഷ അലിയും മൂന്നു വർഷമായി പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ ഒരുമിച്ച് കാറിലാണ് ഇവർ വ്യൂ പോയിന്റിൽ എത്തിയത്. ഇവിടെവെച്ച് ജീവനൊടുക്കുന്നതിനെ കുറിച്ച് സൂചന നൽകുന്ന വിഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചത്.

പിന്നീട് നിലവിളി കേട്ട് വിനോദസഞ്ചാരികൾ സമീപവാസികളെയും കൂട്ടി നടത്തിയ തിരച്ചിലിലാണ് കൈത്തണ്ട മുറിഞ്ഞ നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതി പറഞ്ഞതനുസരിച്ചു നടത്തിയ തിരച്ചിലിൽ 150 അടി താഴ്ചയിലുള്ള മുൾക്കാട്ടിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

1921ലെ മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായകമായ ആ ചെറുത്ത്‌നില്‍പ്പ് പ്രമേയമാകുന്ന സിനിമ വരുമ്പോള്‍ ടി.ദാമോദരന്‍ മാസ്റ്ററുടെ രചനയില്‍ ഐ.വി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമ കൂടി ചര്‍ച്ചയാവുകയാണ്. 1921 മുന്നോട്ട് വച്ച രാഷ്ട്രീയത്തെക്കുറിച്ചും സിനിമ നേരിട്ട വിമര്‍ശനത്തെക്കുറിച്ചും രചനാ വേളയില്‍ ടി ദാമോദരന്‍ നേരിട്ട ഭീഷണികളെക്കുറിച്ചും മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ സംസാരിക്കുന്നു.

സിനിമ ആലോചിക്കുന്ന ഘട്ടത്തില്‍ ടി ദാമോദരനെ പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നുവെന്ന് ദീദി ദാമോദരന്‍. കൊല്ലപ്പെട്ടേക്കാം സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വാണിജ്യസിനിമയുടെ അകന്ന് നിന്ന് ചരിത്രത്തോട് നീതി പുലര്‍ത്തിയ ചിത്രവുമാണ് 1921 എന്ന് ദീദി.

സിനിമയുടെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ വലിയ വാദപ്രതിവാദം നടന്നിരുന്നു. ഇപ്പോള്‍ നടക്കുന്ന എതിര്‍പ്പുകളും വിവാദങ്ങളുമൊന്നും പുതിയതല്ല. സോഷ്യല്‍മീഡിയ ഇല്ലായിരുന്നതിനാല്‍ അന്നത്തെ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞില്ലെന്ന് മാത്രം. ഭീഷണികള്‍ അന്നും ഉണ്ടായിരുന്നു. ഐവി ശശിയും ടി ദാമോദരനും ചരിത്രത്തെക്കുറിച്ച് പറയാന്‍ പറ്റുന്നവരല്ല എന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ ഉണ്ടായി. ചരിത്രത്തിനോട് നീതികേട് കാണിക്കും. പക്ഷപാതിത്വമുണ്ടാകും.

സിനിമ വരുന്നതിന് മുമ്പേ മുന്‍ധാരണകളോടെ ചര്‍ച്ചകള്‍ ഉണ്ടായി. സിനിമ പുറത്തിറങ്ങിയതോടെ ആലി മുസ്ലിയാരുടെ ഭാഷയെക്കുറിച്ചായി ചര്‍ച്ച. സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള പ്രശ്നങ്ങളെല്ലാം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു. വളരെ കൃത്യമായി ബാലന്‍സ് ചെയ്താണ് സിനിമയെടുത്തത്. എല്ലാവരുടെയും ഭാഗം ആ സിനിമ പറഞ്ഞു. പിന്നീട് ഒരു ആര്‍എസ്എസുകാര്‍ക്കോ മുസ്ലിം സംഘടനകള്‍ക്കോ നിഷ്പക്ഷരായവര്‍ക്കോ കുറ്റം പറയാനോ വിവാദമുണ്ടാക്കാനോ ഒന്നും 1921ല്‍ ഉണ്ടായില്ല. എല്ലാം ശാന്തമായിരുന്നു.

സിനിമാ ചര്‍ച്ച നടക്കുമ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊന്നുകളയും സൂക്ഷിക്കണമെന്ന്. മണ്ണില്‍ മുഹമ്മദ് എന്ന ആളാണ് സിനിമയ്ക്ക് പണമിറക്കുന്നതെന്നും അയാള്‍ക്ക് ലക്ഷ്യങ്ങളുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇന്നത്തെപോലെ തുറന്ന ഭീഷണികളായിരുന്നില്ല അന്ന്. കത്തുകളായി എഴുതി കൊടുത്തിരിക്കാം. മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യില്ല. അതുകൊണ്ട് നാട്ടുകാര്‍ അറിഞ്ഞതുമില്ല. മനുഷ്യര്‍ ഇപ്പോള്‍ മാറിപ്പോയി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. അന്നത്തെ പോലെ തന്നെയാണ് ഇന്നും. ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ വേദികളുണ്ടെന്നത് മാത്രമാണ് വ്യത്യാസം.

1921 എന്ന സിനിമയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വ്യക്തിയെ അടിസ്ഥാനമാക്കിയ സിനിമയായിരുന്നില്ല. ഹിസ്റ്റോറിക്കല്‍ ഡ്രാമയായിരുന്നു. ടൈറ്റാനിക്ക് പോലൊരു സിനിമയിലെ മുഖ്യകഥാപാത്രങ്ങളായി വന്നവര്‍ ആ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ മുങ്ങിമരിച്ചത് വേറെ ആളുകളാണെന്നും പറയുന്നത് പോലെയാണ് മറിച്ചുള്ള വാദം. ടൈറ്റാനിക് ഒരു വാണിജ്യ ഹിറ്റ് ചിത്രമാണ്. അതില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതിരുന്ന രണ്ട് കഥാപാത്രങ്ങളുിലൂടെ കഥ പറയുകയാണ്. അതുപോലെ തന്നെയാണ് 1921നെയും കാണേണ്ടത്. ടി ദാമോദരന് ചരിത്രത്തോട് കൂടുതല്‍ താല്‍പര്യമുള്ളത് കൊണ്ട് അതിനോട് നീതിപുലര്‍ത്തി.

മമ്മൂട്ടിയെന്ന സൂപ്പര്‍സ്റ്റാറിനെ വെച്ച് ധാരാളം പണം ചെലവഴിച്ച് ഉണ്ടാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അത്. അത്തരം ഒരുപാട് ഘടകങ്ങളുണ്ടായിട്ടും ഇതുപോലൊരു സിനിമ ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ് ഞാന്‍ അതില്‍ കാണുന്ന പ്രത്യേകത. ഇവര്‍ ഡോക്യമെന്ററി ഉണ്ടാക്കുന്നവരായിരുന്നില്ലല്ലോ. അവരത് അവകാശപ്പെട്ടിട്ടുമില്ല. കെ കേളപ്പനെ അവതരിപ്പിച്ചത് ചെറിയൊരു നടനാണ്, ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശം മാത്രം എന്നൊക്കെ പറയുന്നത് പോലെ തന്നെയാണ് 1921ല്‍ വാരിയംകുന്നത്തിനെ അപ്രധാന കഥാപാത്രമാക്കി എന്ന് പറയതും.

1921 എന്ന സിനിമയുടെ പുനര്‍വായനയ്ക്ക് ഇപ്പോളത്തെ സാഹചര്യത്തില്‍ സാധ്യതയില്ല. ഐവി ശശി- ടി ദാമോദരന്‍ സിനിമകള്‍ അങ്ങനെ വായിക്കാന്‍ നിരൂപകര്‍ക്ക് താല്‍പര്യവും ഉണ്ടായിരുന്നില്ല. അവരുടെ സിനിമകള്‍ക്ക് നേരെ തെറിവിളിക്കാന്‍ മാത്രമാണ് അന്നും ഇന്നും താല്‍പര്യം. വരേണ്യതയ്ക്ക് യോജിച്ചതല്ല ഇവരുടെ സിനിമകള്‍. ആ കഥാപാത്രത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കിയേക്കാം. 1921 സിനിമയുടെ പക്ഷം ചേരല്‍ വ്യക്തമായിരുന്നു. വാണിജ്യസിനിമയുടെ അകത്ത് നിന്ന് ചരിത്രത്തോട് നീതി കാണിക്കാവുന്നതിന്റെ പരമാവധി ആ സിനിമ ചെയ്തിട്ടുണ്ട്. അത്രയേറെ ജീവിതം ആ സിനിമയ്ക്ക് പറയാനുണ്ടായിരുന്നു. അതിലെ ഏതെങ്കിലും കഥാപാത്രം ഏതെങ്കിലും പക്ഷത്ത് നിന്നിരുന്നെങ്കില്‍ അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മാറുമായിരുന്നു. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ നിന്ന് നോക്കുമ്പോള്‍.

രാഷ്ട്രീയത്തിന് ആ സിനിമയില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. മാപ്പിള ലഹളയെന്നാണോ, കലാപമെന്നാണോ എന്നാണോ വിളിക്കപ്പെടേണ്ടത് എന്നായിരുന്നു അന്നത്തെ പ്രശ്നം. അത് ഒരു രാഷ്ട്രീയ നിലപാട് തന്നെയായിരുന്നു. ആ സിനിമയെക്കുറിച്ച് അത്തരത്തില്‍ ഇപ്പോള്‍ പോലും നിരൂപകര്‍ പറയാന്‍ ഇടയില്ല. പാവം മമ്മൂട്ടി ഫാന്‍സോ അങ്ങനെയുള്ള കുറച്ച് മനുഷ്യരോ മാത്രമാണ് 1921 ചര്‍ച്ച ചെയ്യുന്നത്. നിരൂപകര്‍ക്ക് 1921 എന്ന സിനിമ പഠിക്കപ്പെടേണ്ട ഒന്നാണെന്ന് തോന്നിയിട്ടില്ല. അങ്ങനെയുള്ള ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല ഇനി നടക്കാനും സാധ്യതയില്ല.

ചരിത്രം എന്നത് ഒബ്ജക്ടീവായ കാര്യമാണെന്ന ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആളുകള്‍ പറയുന്നതാണ് ചരിത്രം. ആദ്യത്തെ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ ശിപായി ലഹള എന്നാണ് വിളിച്ചത്. ജാതി എന്നത് അന്നും ഇന്നും ഉണ്ട്. ഓരോ സിനിമയുടെ പിറകിലുള്ളവര്‍ക്കും ഓരോ താല്‍പര്യമുണ്ടാകും. ഒരു സിനിമ സൂപ്പര്‍ ഹിറ്റായാലും തിരക്കഥാകൃത്തിന് കൂടുതല്‍ പണം ലഭിക്കില്ല. ടി ദാമോദരന് ആ സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെതായ താല്‍പര്യം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പുറത്തെത്തിക്കാനുള്ള മികച്ച മാധ്യമമായാണ് സിനിമയെ ടി ദാമോദരന്‍ കണ്ടത്. ചരിത്രത്തിലെ ഇത്തരം ചില ശബ്ദങ്ങള്‍ കൂടി പുറത്തെത്തണമെന്ന് കരുതിയിട്ടുണ്ടാകണം. നിര്‍മ്മാതാവ് വലിയൊരു ഹിറ്റ് കിട്ടാന്‍ ആഗ്രഹിച്ചിട്ടുണ്ടാകും. ഐവി ശശിക്ക് ചരിത്രത്തില്‍ വലിയ താല്‍പര്യമില്ലായിരുന്നുവെങ്കിലും സൂപ്പര്‍ഹിറ്റുകള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുകയെന്നതായിരിക്കാം ലക്ഷ്യം.

ഒരു ചരിത്രസംഭവത്തിന് മേല്‍ എല്ലാവര്‍ക്കും സിനിമ ചെയ്യാന്‍ കഴിയുക എന്നതാണ് ജനാധിപത്യം. ആഷിക് അബുവിന്റെ സിനിമയെ പോലെ തന്നെയാണ് അലി അക്ബറിന്റെ സിനിമയോടുമുള്ള സമീപനത്തെയും കാണേണ്ടത്. രണ്ട് പേരുടെ സിനിമയോടും അസഹിഷ്ണുത കാണിക്കുന്നതിനെ ഒരുപോലെ കാണണം. രണ്ടും വരട്ടെ. ചിലര്‍ക്ക് നായകനായ ആള്‍ മറ്റേ ആള്‍ക്ക് പ്രതിനായകനായി തോന്നാം. അലി അക്ബര്‍ സിനിമയെടുക്കരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല.

ചരിത്രം വളച്ചൊടിച്ചു എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ചരിത്രം നിഷ്പക്ഷമല്ല. അതത് കാലത്തിന്റെ താല്‍പര്യങ്ങളാണ് ചരിത്രത്തിലുള്ളത്. ചരിത്രത്തില്‍ തിയ്യതികളും കഥാപാത്രങ്ങളും മാത്രമാണ് സത്യം. ചരിത്രത്തിന്റെ പുനര്‍വായന എംടി ചെയ്യുമ്പോള്‍ മാത്രം വളരെ പ്രശംസിക്കുകയും മറ്റുള്ളവരാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് ശരിയല്ല. അത്രയൊക്കെ പ്രായപൂര്‍ത്തി മലയാളി കാണിക്കണം. വാരിയംകുന്നത്തിനെ കുറിച്ച് പല സിനിമകള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കണം. ഗാന്ധിജിക്കെതിരെ മുമ്പ് പറയാന്‍ സമ്മതിക്കില്ലായിരുന്നു. നാഥുറാം ഗോഡ്‌സെ പറഞ്ഞത് കൂടി കേട്ടിട്ടല്ലേ നമ്മള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത്. സെന്‍സറിംഗ് മുതിര്‍ന്ന ഒരു സമൂഹം വെച്ച് പുലര്‍ത്തേണ്ടതല്ല.

പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യെയാണ് കഴിഞ്ഞയാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു.

സുനീഷയും ഭര്‍ത്താവ് വിജീഷും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് സുനീഷ ആവശ്യപ്പെടുന്നതും ഭര്‍ത്താവ് വിജീഷ് അത് എതിര്‍ക്കുന്നതുമാണ് ശബ്ദരേഖയില്‍ ഉള്ളത്. സുനീഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭര്‍ത്താവ് വിജീഷില്‍ നിന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും യുവതി മര്‍ദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഫോണ്‍ സംഭാഷണവും നേരത്തെ പുറത്ത് വന്നിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സുനീഷ സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉള്ളത്. ഭര്‍ത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നുണ്ട്. ഭര്‍ത്താവിന്റെ മാതാപിതാക്കളും മര്‍ദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ഓഡിയോയിലുണ്ടായിരുന്നു.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഒന്നര വര്‍ഷം മുമ്പാണ് വിജീഷും സനീഷയും വിവാഹിതരായത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പോലീസ് ഇരുവീട്ടുകാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിന് ശേഷം മര്‍ദ്ദനം തുടര്‍ന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്ന യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്.

ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചി മേയര്‍ എം അനില്‍കുമാറിന് ഭീഷണി കത്ത്. താലിബാന്‍ ചീഫ് കമാന്‍ഡര്‍ ഫക്രുദീന്‍ അല്‍ത്താനിയുടെ പേരിലാണ് കൊച്ചി മേയര്‍ക്ക് ഭീഷണിക്കത്ത് എത്തിയത്.

കോഴിക്കോട്ട് നിന്നാണ് കത്ത് എത്തിയിരിക്കുന്നത്. ഭീഷണിക്കത്തില്‍ ബിന്‍ലാദന്റെ ചിത്രവുമുണ്ട്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും. പത്ര മാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു.

സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി . എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്.

തന്നോട് ആര്‍ക്കെങ്കിലും വിരോധമുള്ളതായി അറിയില്ലെന്നും മാനസിക വിഭ്രാന്തിയുള്ള ആരോ ആണ് ഇത് ചെയ്തതെന്നും മേയര്‍ അനില്‍കുമാര്‍ പറഞ്ഞു. എന്തായാലും ഇതിനു പിന്നാലെ നടക്കാന്‍ ഇല്ല. മേയര്‍ എന്ന നിലയില്‍ ഒരു ഭീഷണി വന്നപ്പോള്‍ അത് പോലീസില്‍ അറിയിക്കുകയാണ് ചെയ്തത്, അദ്ദേഹം വ്യക്തമാക്കി.

വീട്ടിൽ ഒളിച്ചുകളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയമാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളിക്കുന്നതിനിടെ കുട്ടി അപകടത്തിൽ പെട്ടത്. അയൽവക്കത്തെ കുട്ടികളും ഒന്നിച്ച് സാറ്റ് കളിക്കുന്നതിനിടയിൽ ആണ് കുഞ്ഞിന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന്റെ പിന്നിൽ കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഷോക്കേറ്റ് മരണം സംഭവിച്ചത്.

ടൈൽസ് പണിക്കാരനായ അലനും അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെ കരാർ ജീവനക്കാരിയായ ശ്രുതിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. പതിവായി ജോലിക്ക് പോകുമ്പോൾ അമ്മയുടെ പക്കലാണ് കുഞ്ഞിനെ ഏൽപ്പിക്കുന്നത്. പതിവുപോലെ ഇന്നും മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ ശ്രുതിയുടെ അമ്മയുടെ പക്കൽ കുഞ്ഞിനെ ഏൽപ്പിച്ചു പോവുകയായിരുന്നു. അതിനിടെ ആണ് ഉച്ചയോടെ മരണം പിഞ്ചു കുഞ്ഞിന്റെ ജീവൻ കവർന്നെടുത്തത്. അയൽപക്കത്തെ കുട്ടികളുമൊത്ത് റൂത്ത് മറിയവും സഹോദരി ഹെയറയും കളിക്കുന്നത് പതിവായിരുന്നു. അതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി അപകടമുണ്ടായത്.

സംഭവം നടക്കുമ്പോൾ ശ്രുതിയുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി യത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി നാട്ടുകാർ പറയുന്നു. കുഞ്ഞിനെയും കയ്യിൽ വച്ച് ശ്രുതിയുടെ അമ്മ ഇരിക്കുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഉടൻ തന്നെ കുറവിലങ്ങാട് ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാർ കുഞ്ഞിനെ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞു മരിച്ചതായി ഡോക്ടർമാരും പരിശോധനയ്ക്കുശേഷം പറഞ്ഞു.

സംഭവത്തിൽ കുറവിലങ്ങാട് പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. സംഭവത്തിൽ അസ്വാഭാവികമായി മറ്റെന്തെങ്കിലും ഉണ്ടോ എന്ന കാര്യം കുറവിലങ്ങാട് പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള വിവരമനുസരിച്ച് ഷോക്കേറ്റതിനെത്തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ മരണം നാട്ടുകാരേയും ഞെട്ടിച്ചു.

വിവരം അറിഞ്ഞ ശേഷം പിതാവ് അലനും, മാതാവ് ശ്രുതിയും എത്തുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിതമായുണ്ടായ വേർപാട് ഇരുവരെയും കടുത്ത ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്. സംഭവത്തിൽ പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയാക്കിയശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വൈകാതെ തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാകുമെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരും പ്രതികരിച്ചു.

ഫ്രിഡ്ജിന് പിന്നിൽ ഷോക്ക് അടിക്കുന്നതിനു കാരണമായി എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ എത്രത്തോളം ശ്രദ്ധ പുലർത്തണമെന്ന കൂടിയാണ് വെമ്പള്ളി സംഭവം തെളിയിക്കുന്നത്. ഷോക്ക് ഏൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കുഞ്ഞു കുട്ടികൾക്ക് എത്രത്തോളം അപകടകരമാണ് എന്നും വെമ്പള്ളി സംഭവം തെളിയിക്കുന്നു.

പെറ്റി അടയ്ക്കാത്തതിന് പൊലീസ് മൂന്നു വയസ്സുകാരി മകളെ കാറില്‍ പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരെയാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ധനുവച്ചപുരത്ത് നിന്ന് കലാപ്രവര്‍ത്തകര്‍ കൂടിയായ ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ്, വാഹനവേഗത പരിശോധിക്കുന്ന ഇന്‍റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പൊലീസുദ്യോഗസ്ഥര്‍ ഷിബുകുമാറിന്‍റെ വാഹനം തടഞ്ഞു നിര്‍ത്തി. അമിതവേഗത്തിന് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പണമടച്ചാലെ പോകാന്‍ അനുവദിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്ന ഷിബുവിനും ഗായികയായ അഞ്ജന സുരേഷിനും ഒന്നര വര്‍ഷത്തിലേറെയായി കോവിഡ് കാരണം വരുമാനം ഇല്ലാതായത് പറഞ്ഞെങ്കിലും ഒഴിവാക്കിയില്ല. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗത്തില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മര്‍ദ്ദിക്കാനൊരുങ്ങി. ഇത് കണ്ട് ഷിബുവിന്‍റെ ഭാര്യ കാറിന്‍റെ പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു.

പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടം വാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാന്‍ അനുവദിച്ചത്.

പൊലീസിന്റെ മോശം പെരുമാറ്റത്തിന് ഇരയായ ദമ്പതികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട പൊലീസ് നടപടിക്ക് എതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ ചില സ്വഭാവങ്ങള്‍ അടുത്ത സുഹൃത്തും പ്രമുഖ ഗായകനുമായ എസ് പി ബാലസുബ്രഹ്‌മണ്യത്തെ പോലും വേദനിപ്പിച്ചിരുന്നതായി സംവിധായകന്‍ ശാന്തിവിള ദിനേശ്. അത്തരം സംഭവങ്ങള്‍ മലയാളത്തിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ‘പാട്ട് മുഴുവനും പാടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്ര രൂപ തരണം എന്ന ആവശ്യവുമായി പലരും വന്നിട്ടുണ്ടെന്നാണ് ദിനേഷ് പറയുന്നത്. മാര്‍ക്കോസ് അടക്കം ഓപ്പണ്‍ സ്റ്റേജില്‍ പാടുന്ന എത്ര ഗായകര്‍ക്ക് പാടണമെങ്കില്‍ മുഴുവനായും പണം തരണമെന്ന് പറഞ്ഞ് യേശുദാസിന്റെ മൂത്തമകന്‍ കത്ത് അയക്കുമായിരുന്നു.

ആരെങ്കിലും അങ്ങനെ കൊടുത്തിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. യേശുദാസ് ചെയര്‍മാനായി സമം എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചിരുന്നു. മലയാളത്തിലെ ഗായകര്‍ക്ക് വേണ്ടിയുള്ള സംഘടനയായിരുന്നിത്.

ഈ കൊറോണ കാലത്ത് പാട്ടുകാരില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി സമം ഒരു പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം അന്തരിച്ച എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ പേരില്‍ എന്‍കെയും എപ്പോതും എന്ന പ്രോഗ്രാമായിരുന്നു. യേശുദാസ് അടക്കം പലരും വീഡിയോയിലൂടെ പാടി അയച്ച് കൊടുത്തിരുന്നു.

ഇന്ത്യയിലെ ഒരുവിധം എല്ലാ ഗായകരെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചത്. അതിന്റെ റൈറ്റ് ഒന്നര കോടി രൂപയ്ക്ക് മഴവില്‍ മനോരമയ്ക്ക് കിട്ടി. ഗായകരെല്ലാം ഫ്രീയായി വന്ന് പാടുന്നത് കൊണ്ട് അതില്‍ നിന്നും കിട്ടുന്ന വരുമാനം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊടുക്കാമെന്ന് തീരുമാനിച്ചു.

അങ്ങനെ അതൊരു വലിയ പരിപാടി പോലെ എല്ലാം റെഡിയാക്കി. സുരേഷ് ഗോപി അടക്കമുള്ളവര്‍ വരെ അതില്‍ പാടുന്നുണ്ടായിരുന്നു. പക്ഷേ ഷോ തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കവേ ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഇളയരാജ, അവര്‍ക്കൊരു കത്ത് അയക്കുന്നു. ഈ പ്രോഗ്രാമില്‍ ബാലസുബ്രഹ്‌മണ്യം പാടി ഞാന്‍ സംഗീതം കൊടുത്ത പാട്ടുകള്‍ എടുക്കുകയാണെങ്കില്‍ ഓരോ പാട്ടിനും മൂന്ന് ലക്ഷം രൂപ വീതം വേണമെന്ന് പറഞ്ഞു. ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. അങ്ങനെ മനോരമ അറുപത് ലക്ഷം അദ്ദേഹത്തിന് കൊടുത്തു എന്നാണ് അറിയുന്നത്. നോക്ക് കൂലി വാങ്ങിയത് പോലെയായി പോയത്. അതെനിക്ക് ക്രൂരതയായിട്ടാണ് തോന്നിയതെന്ന് ദിനേശ് വ്യക്തമാക്കി.

അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഞ്ചു പേരെ കാണാതായി. മൂന്നു പേരുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ മത്സ്യത്തൊഴിലാളികളും തീരസംരക്ഷണസേനയും ചേർന്ന് നടത്തുകയാണ്.

അഴീക്കൽ പൊഴിക്ക് സമീപം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. തിരയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. ആലപ്പുഴ വലിയ അഴീക്കലിൽ നിന്നുള്ള ‘ഓംകാരം’ എന്ന വള്ളമാണ് മറിഞ്ഞത്. ആലപ്പുഴയിൽ നിന്നും പുറപ്പെട്ട വള്ളം കരുനാഗപ്പള്ളി ഭാഗത്ത് എത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത്.

വള്ളത്തിൽ 16 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പെട്ട വള്ളം കരയിലേക്ക് വലിച്ച് അടിപ്പിച്ചിട്ടുണ്ട്.

മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതോടെ സിനിമാ നിര്‍മാണം ഏറ്റെടുക്കാമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.

സിനിമാ നിര്‍മ്മാണം താന്‍ ഏറ്റെടുക്കാമെന്നും വാരിയന്‍ കുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനാണുള്ളതെന്നും ഷാഫി ചാലിയം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി ചാലിയം വാരിയംകുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്.

നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയതെന്ന് വിശദീകരണം നല്‍കിയത്. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്.

സിനിമയുടെ പേരില്‍ പൃഥ്വിരാജ് സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്.

മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം.

പശുവിനെ ഭാരതത്തിന്റെ ദേശീയ മൃഗമാക്കണമെന്ന അഭിപ്രായവുമായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അഭിപ്രായം.

സിംഗിള്‍ ബെഞ്ച് ജഡ്ജിയായ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവാണ് ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജിക്കാരനായ ജാവേദിന് ജാമ്യം നിഷേധിച്ച കോടതി പാര്‍ലമെന്റ് പശുവിന് മൗലികാവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാസാക്കി പശുവിനെ ദേശീയ മൃഗമാക്കണമെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് പശുവെന്നും അതുകൊണ്ടുതന്നെ ദേശീയ മൃഗമാക്കണമെന്നുമായിരുന്നു അഭിപ്രായം. രാജ്യത്ത് പശുവിനെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം സര്‍ക്കാര്‍ നടപ്പാക്കണമെന്നും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.

പശുവിനെ സംരക്ഷിക്കുക എന്നത് ഒരു മതത്തിന്റെ മാത്രം പ്രവര്‍ത്തനമല്ല അത് ഇന്ത്യയുടെ മൊത്തം സംസ്‌കാരമാണെന്നും പശുവിനെ സംരക്ഷിക്കേണ്ട കടമ രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Copyright © . All rights reserved