അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി ഇനി ഓർമ. ശരണ്യയുടെ മരണവാർത്ത സഹപ്രവർത്തകരെ പോലെ തന്നെ ഓരോ മലയാളിയെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ക്യാൻസറിനോട് പടപൊരുതി പലതവണ ജ്വലിച്ച് ഏവര്‍ക്കും പ്രചോദനമായതിന് ശേഷമാണ് നടി ശരണ്യ ശശി ഓര്‍മയായത്.
പലതവണ ശസ്‍ത്രക്രിയയ്‍ക്ക് വിധേയമാകേണ്ടി വന്നിരുന്നു ശരണ്യക്ക്. പുഞ്ചിരി മായാതെയായിരുന്നു ശരണ്യ ശശി ക്യാൻസറിനോട് പോരാടിയത്. ശരണ്യക്ക് എന്നും താങ്ങായിരുന്ന നടിയും സുഹൃത്തുമായ സീമ ജി നായര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിന് അപ്പുറമാണ് ശരണ്യയുടെ വിടവാങ്ങല്‍.
പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം. അവൾ യാത്രയായി എന്ന് മാത്രമായിരുന്നു സീമ ജി നായര്‍ പറഞ്ഞത്. ശരണ്യക്ക് ഒപ്പമുള്ള ഫോട്ടോകളും സീമ ജി നായര്‍ പങ്കുവെച്ചു. ചികിത്സയ്‍ക്കും മറ്റും എന്നും ശരണ്യക്ക് കൈത്താങ്ങായത് സീമാ ജിയുടെ പരിശ്രമങ്ങളായിരുന്നു.
ശരണ്യക്ക് ആദ്യമായി ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത് 2012ലായിരുന്നു. ലൊക്കേഷനില് കുഴഞ്ഞുവീഴുകയായിരുന്നു ശരണ്യ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗം ക്യാൻസറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നങ്ങോട്ട് ശരണ്യക്ക് ചികിത്സയുടെ കാലമായിരുന്നു.
ക്യാൻസറിനെതിരെയുള്ള പോരാട്ടത്തില്‍ ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീമ ജി നായരാണ്. സീമ ജി നായരുടെ നേതൃത്വത്തിലുള്ള കൂട്ടായ്‍മ ശരണ്യക്ക് ഒരു വീടും വച്ച് നൽകിയിരുന്നു. സ്‍നേഹ സീമ എന്നായിരുന്നു വീടിന് ശരണ്യ നൽകിയ പേര്. അത്രത്തോളം അടുപ്പമുള്ള ശരണ്യ വിടവാങ്ങുമ്പോള്‍ സീമ ജി നായര്‍ വാക്കുകള്‍ കിട്ടാതെ ഇടറുകയാണ്.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു.
ഇ ബുള്‍ ജെറ്റ്’ വ്‌ലോഗര്‍മാരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. കോടതി മുറിയിലും വ്‌ലോഗര്‍മാര്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്.
കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഒടുവില്‍ വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുള്‍ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രാങ്ക് വീഡിയോയുടെ പേരിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശല്ല്യം ചെയ്ത യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചിറ്റൂർ സ്വദേശി ആകാശ് മോഹനാണ് അറസ്റ്റിലായത്. അശ്ലീല ചേഷ്ടകൾ കാണിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്.
വഴിയേ പോകുന്ന പെൺകുട്ടികളോട് അശ്ലീല സംഭാഷണവും ചേഷ്ടയും കാണിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എറണാകുളം കച്ചേരിപ്പടിയിൽ ഷൂട്ട് ചെയ്തോണ്ടിരുന്ന ഇയാളെ സ്ത്രീകളെ ശല്ല്യം ചെയ്തതിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വില്ലൻ ഹബ് എന്ന യുട്യൂബ് ചാനലിൽ ഇയാൾ നേരത്തെയും ഇത്തരത്തിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്ന പ്രാങ്ക് വീഡിയോകൾ ചിത്രീകരിച്ച് പബ്ലിഷ് ചെയ്തിട്ടുണ്ട്.
വീഡിയോ ചിത്രീകരിക്കാൻ ഇയാളെ സഹായിച്ച സുഹൃത്തുക്കൾ പോലീസിനെ കണ്ട് രക്ഷപെടുകയായിരുന്നു. ഇവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ആകാശ് മോഹനെ ജാമ്യത്തിൽ വിട്ടു.
സംസ്ഥാനത്ത് ഇന്നു മുതല്‍ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും. ബാങ്കുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസവും തുറക്കാം.
അതേസമയം ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്നു കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ ഏഴ് മുതല്‍ രാത്രി ഒൻപത് വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.
കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിര്‍ദേശമുള്ളതു വ്യാപാരമേഖലയ്ക്കു കൂടുതല്‍ ആശ്വാസമായി. മാളുകളില്‍ സാമൂഹിക അകലം പാലിച്ച്, ബുധനാഴ്ച മുതല്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാം.
ടൂറിസം മേഖലയും ഇന്ന് മുതല്‍ പൂര്‍ണമായും തുറക്കുകയാണ്. വാക്‌സിനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബമായി എത്താമെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം എസി ഇല്ലാത്ത റെസ്റ്റോറന്റുകളില്‍ ഇരുന്നു കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്‍കുമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചന നൽകി.
മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യകേസ് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിമൂന്നിൽനിന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷൻസ് കോടതിയുടെ പരിഗണനയിലേക്ക് വരുന്നത്.
ഇന്ന് കേസ് പരിഗണനയിൽ വരുമ്പോൾ കേസിലെ ഒന്നും രണ്ടും പ്രതികളായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും കോടതിയിൽ ഹാജരായേക്കും. ഇരുവരോടും തിങ്കളാഴ്ച ഹാജരാകണമെന്ന് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച ശേഷമായിരിക്കും വിചാരണ നടപടി ആരംഭിക്കുക.
ബഷീറിന്റെ വിയോഗത്തിന് രണ്ട് വർഷം പൂർത്തിയായി ഒരാഴ്ച കഴിഞ്ഞാണ് കേസിൽ വിചാരണ നടപടി ആരംഭിക്കുന്നത്. കുറ്റപത്രത്തിെൻറ പകർപ്പുകൾ ഇരുപ്രതികളുടെയും അഭിഭാഷകർക്ക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24ന് നൽകിയിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധന റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ ശ്രീറാമിൽ നരഹത്യ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
സിഡികൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് പ്രതികൾക്ക് നൽകിയ ശേഷം കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫക്കൊപ്പം കാറിൽ അമിതവേഗത്തിലെത്തി മ്യൂസിയം പബ്ലിക്ക് ഓഫിസിന്റെ മുൻവശത്ത് പാർക്ക് ചെയ്ത ബൈക്കിലിരിക്കുകയായിരുന്ന കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത.് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ലോഡ്ജ് മുറിയിൽ മലയാളി സ്ത്രീയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയിലും കൂടെ താമസിച്ചയാളെ മുറിവേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു( 46) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുസ്തഫയെയാണ് മുറിവേറ്റ നിലയിൽ കണ്ടത്. കഴിഞ്ഞ 26നാണ് മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരിൽ ഗാന്ധിപുരം ക്രോസ്കട്ട് റോഡ് അഞ്ചാമത് വീഥിയിലെ ലോഡ്ജിൽ മുറിയെടുത്തത്.
രണ്ടു ദിവസമായി മുറി തുറന്നു കാണാഞ്ഞതിനാൽ വാതിൽ തുറന്നു പരിശോധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും ഉൾപ്പെടെ മുറിവുകളുണ്ടായിരുന്നു. മുറിയിൽ നിന്ന് വിഷം കണ്ടെടുത്തു. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേൽപിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവ് വിനോദ് കോഴിക്കോട് പൊലീസിൽ പരാതി നൽകി.
ജൂലൈ 19 ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെ തുടർന്നാണ് ഭർത്താവ് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടയിലാണ് ചാലപ്പുറത്തെ ധനകാര്യ സ്ഥാപന ശാഖയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയെയും കാണാതായ വിവരം ലഭിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂർ ഗാന്ധിപുരത്ത് ലോഡ്ജിൽ ബിന്ദുവിനെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന മുസ്തഫയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും ബാങ്കിൽ താൽക്കാലിക ജീവനക്കാരായ സമയത്തെ പരിചയമാണ്. പൊലീസും ബന്ധുക്കളും ഇന്ന് കോയമ്പത്തൂരിൽ എത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. മുസ്തഫയും വിവാഹിതനാണ്. കാക്കൂരിൽ വാടക വീട്ടിലാണ് താമസം. ബിന്ദുവിന് 12 വയസ്സായ മകനുമുണ്ട്.
അശ്വിന് ഒന്നര വയസ്സുള്ളപ്പോഴാണ് ‘അമ്മ മാനസിക ബുദ്ദിമുട്ടുകൾ കൊണ്ട് ഉപേക്ഷിച്ചു പോകുന്നത്. കഴക്കൂട്ടത്തുള്ള മാജിക് പ്ലാനറ്റ് മജീഷ്യനായ അശ്വിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്ന കഥയാണ്.ദുരിതങ്ങൾ നിറഞ്ഞ ജീവിത മായിരുന്നു അശ്വിന്റെ .തിരുവനന്തപുരത്തെ മലയോര ഗ്രാമമായ വിതുരയിലെ ആനപ്പെട്ടിയിൽ 1998 മാർച്ച് എട്ടിനാണ് വിജയൻ- ലത ദമ്പതികൾക്ക് അശ്വിൻ ജനിക്കുന്നത്. അശ്വിനു അഞ്ചു വയസ്സായപ്പോൾ അമ്മ ഉപേക്ഷിച്ചുപോയതിൽ മനംനൊന്ത് അച്ഛൻ ജീവൻ ഒടുക്കുകയായിരുന്നു.അമ്മയും അച്ഛനും നഷ്ടപെട്ട അശ്വിനെ പിന്നെ വളർത്തിയത് അച്ഛന്റെ അമ്മയായിരുന്നു.സാമ്പത്തികമായും ബുദ്ദിമുട്ടിലായിരുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ അച്ഛമ്മ ഒരുപാട് കഷ്ടപ്പെട്ടു. അച്ഛമ്മയുടെയും ബന്തുക്കളുടെയും സഹായത്തോടെയാണ് അശ്വിൻ വളർന്നത്.
അശ്വിനെ നല്ലരീതിയിൽ വളർത്തുന്നതിനായി അച്ഛമ്മ തൊഴിലുറപ്പിനും മറ്റു ജോലികൾക്കും പോകുമായിരുന്നു. തുടർന്നുള്ള പഠനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ നാട്ടുകാരുടെ നിർദ്ദേശപ്രകാരം അരവിന്ദാക്ഷൻ എന്നയാളെ പരിചയപ്പെടുകയായിരുന്നു. പിന്നെ അദ്ദേഹമായിരുന്നു അശ്വിന്റെ സ്പോൺസർ.അശ്വിന് കലാപരമായി ഒരുപാട് കഴിവുകൾ ഉണ്ടായിരുന്നു.സ്കൂൾ കലോത്സവവേദികളിൽ അശ്വിൻ നിറസാന്നിധ്യമായിരുന്നു. മറ്റാരുടെയും സഹായം കൂടാതെ സ്വന്തമായി നൃത്തം പേടിച്ചു . പിന്നീട് മാജിക് എന്ന കലയോട് താല്പര്യം തോന്നുകയും. ഉത്സവപ്പറമ്പുകളിലും മറ്റും കണ്ടിരുന്ന മാജിക് ഷോയോട് ആകർഷണം തോന്നിയ അശ്വിൻ .
അതിനെ അറിയുവാനുള്ള കൗതുകം കൊണ്ട് മാജിക്നെക്കുറിച്ച് പഠിക്കുകയായിരുന്നു. അങ്ങനെ ബാലരമയിലും മറ്റു മാഗസിനുകളിലും വരുന്ന മാജിക്കുകൾ പഠിച്ച അശ്വിൻ കുടുംബക്ഷേത്രത്തിലും മറ്റ് അമ്പലങ്ങളിലും പ്രകടനം നടത്തി വരവെയാണ് . ഇത് കണ്ട് ഒരു ബന്ധുവായിരുന്നു അശ്വിനെ മജീഷ്യൻ സേനൻ എന്ന മാന്ത്രികന്റെ അടുത്ത മാജിക് എന്ന മായാജാലം പഠിക്കാൻ കൊണ്ടാക്കിയത്. അവിടുന്ന് മായാജാലം പഠിച്ച അശ്വിൻ പതിനൊന്ന് പേരടങ്ങുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പിന്നീട് സ്വന്തമായി ഒരു ട്രൂപ്പ് ആരംഭിച്ചെങ്കിലും മാജിക് പ്ലാനറ്റ് ആരംഭിച്ചപ്പോൾ അവിടെ പാട്ട് ടൈം ആയി ജോലിക്ക് കയറുകയായിരുന്നു .
ഇതിനിടയിൽ അശ്വിന്റെ അച്ഛമ്മ മരണപ്പെട്ടിരുന്നു. ജീവിതത്തിൽ വീണ്ടും അശ്വിൻ ഒറ്റപെട്ടു.തനിക്ക് കൂട്ടായിരുന്നു തന്റെ അച്ഛമ്മ മരിച്ചതോടെ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങി .അങ്ങനെയാണ് ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ജോലിക്കു കയറിയത് . രാത്രി കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ആയിരുന്നു ഉറങ്ങുന്നത്. ഒടുവിൽ കയ്യിലുണ്ടായിരുന്ന മോതിരം വിറ്റ് ഹോസ്റ്റലിലേക്ക് താമസം മാറി. ആദ്യ മൂന്നു മാസം ശമ്പളം ഇല്ലാത്തതിനാൽ ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും അശ്വിൻ ചിന്തിച്ചിരുന്നു . ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ റെയിൽവേ ട്രാക്കുകളിൽ വീണുകിടക്കുന്ന ബിയർ കുപ്പികളും മറ്റും പെറുക്കി വിറ്റു കാശാക്കി ആണ് ചിലവുകൾ നടത്തിയിരുന്നത്. ഹോസ്റ്റലിൽ ഒപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കൾ മയക്കുമരുന്നടിച്ചു തന്നെ ഉപദ്രവം തുടങ്ങിയതോടെ അവിടത്തെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി . നാട്ടിലെത്തിയ അശ്വിൻ മാജിക് പ്ലാനറ്റിൽ ജോലിക്ക് കയറി .
ജീവിധത്തിൽ ഒറ്റപെടലുകൾ തുടങ്ങിയപ്പോൾ അമ്മയെ കണ്ടുപിടിക്കണമെന്ന ആഗ്രഹം അശ്വിന്റെ ഉള്ളിൽ ഉണ്ടായി. അങ്ങനെ ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം മണക്കാട് അമ്മയുടെ കുടുംബ വീടിന് അടുത്തുനിന്നു വരുന്ന, പ്ലാനറ്റിലെ ഫുഡ്കോർട്ട് ജീവനക്കാരിയുടെ അന്വേഷണത്തിൽ അമ്മ ഏതോ അഗതി മന്ദിരത്തിലുണ്ടെന്ന വിവരം കിട്ടി.
നമ്പർ തപ്പിയെടുത്ത് അശ്വിൻ വിളി തുടങ്ങി. ഒടുവിൽ ചിറയിൻകീഴ് അഗതി മന്ദിരത്തിൽ 44 വയസ്സുകാരിയായ ലത ഉണ്ടെന്ന വിവരം കിട്ടിയതോടെ അവിടേക്ക് കുതിച്ചു.‘അമ്മ എന്നെ തിരിച്ചറിഞ്ഞില്ല. എങ്കിലും പരാതിയില്ല. ഒന്നുമില്ലെങ്കിലും തിരിച്ചു കിട്ടിയില്ലോ. ഇനി അമ്മയ്ക്കൊപ്പം ജീവിക്കണം, നല്ല ചികിത്സ നൽകണം. സ്വന്തമായി ഒരു വീട് വച്ച് അമ്മയെ കൂട്ടിക്കൊണ്ട് പോകണമെന്നാണ് ആഗ്രഹമെന്നും അശ്വിൻ പറയുന്നു.
ജാലവിദ്യകളുടെ ലോകത്ത് അസാമാന്യ പാടവമുള്ള അശ്വിൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഒരു മിനിറ്റിൽ ഏറ്റവുമധികം മാജിക് ചെയ്തുകൊണ്ടാണ് അശ്വിൻ ഈ അപൂർവ നേട്ടം കൈവരിച്ചത്.
നഴ്സുമാര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ഇസ്രയേലില്‍ ലഭിക്കുന്ന ഏക ജോലി ആയമാരുടെതാണ്.ആയമാര്‍ക്ക് നല്‍കുന്ന വീസയുടെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്. വീസ അപേക്ഷ ലഭിച്ചതിന്റെ പ്രാഥമിക രേഖയില്‍ പേരും വിവരങ്ങളും തിരുത്തിയാണ് തട്ടിപ്പുസംഘം വിലസുന്നത്. വാഗ്ദാനങ്ങളില്‍ വീണു ലക്ഷങ്ങൾ നഷ്ടപ്പെട്ട മലയാളികളുടെ എണ്ണം പെരുകുന്നു.
ആയമാർക്ക് വിദ്യാഭ്യാസ യോഗ്യത കൃത്യമായി നിഷ്കര്‍ക്കുന്നുമില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. എറണാകുളം പുത്തന്‍കുരിശുകാരിയായ നീനയെ പറ്റിച്ചത് തിരുവനന്തപുരം സ്വദേശി നടേശന്‍ അനില്‍കുമാറും കണ്ണൂരുകാരി ജിന്‍സി ജോസഫും. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനില്‍ മൂന്നു തവണയായി ഏഴുലക്ഷം കൈപ്പറ്റി. വിസ അപേക്ഷ ലഭിച്ചു കഴിയുമ്പോള്‍ ഇസ്രയേല്‍ നല്‍കുന്ന മത്താഷെയെന്ന പ്രാഥമിക രേഖ മാത്രം നല്‍കി. അതും പേരു തിരുത്തിയുണ്ടാക്കിയതാണെന്ന് അറിയുന്നത് പിന്നീടാണ്. വിസയുടെ കാര്യത്തിലും അവധികള്‍ മാറ്റിപ്പറഞ്ഞതോടെ പണം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം തിരിച്ചു നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം നല്‍കിയില്ല. ഇതോടെ പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കി.
എന്നാൽ യുവതി മറ്റൊരു ഏജന്‍സിവഴി ജോലി തരപ്പെടുത്തി ഇസ്രയേലിലെത്തി. സമാനമായ രീതിയില്‍ എഴുപതിലധികംപേര്‍ അനില്‍കുമാറിന്റെ തട്ടിപ്പിന് ഇരയായി. എല്ലാവര്‍ക്കും നാലുമുതല്‍ പതിനൊന്നുലക്ഷംവരെ നഷ്ടപ്പെട്ടു. ഇടുക്കിക്കാരായ രണ്ടുപേരുടെ പരാതിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഇടപെടുകയും ലോക്സഭയില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. അനില്‍കുമാറിനെ ഇസ്രയേലില്‍ അറസ്റ്റ് ചെയ്തുവെന്ന് അയാളുടെ ബന്ധു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാതെ പോലീസും കളിക്കുന്നു.
കോയമ്പത്തൂരിൽ മലയാളിസ്ത്രീ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍. ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരും കോഴിക്കോട് സ്വദേശികളെന്നാണ് വിവരം. മുസ്തഫ (58), ബിന്ദു (46) എന്നീ പേരുകളില്‍ കഴിഞ്ഞ 26 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത്. രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് ദുര്‍ഗന്ധം വമിച്ചപ്പോളാണ് മുറി തുറന്നത്. പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
കോളജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ വന്നു വാതിലിൽ മുട്ടിയപ്പോൾ അടഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടത്. തുടർന്ന് കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്.
തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനി ആതിര(22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിര.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആതിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂർ പൊലീസ് അറിയിച്ചു. മരണത്തിന് മുൻപ് ആതിര എഴുതിയ കുറിപ്പ് പൊലീസിന് കിട്ടിയെന്നാണ് വിവരം.