മിസ് കേരള ജേതാക്കള്‍ അടക്കം അപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പൊലീസ് നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തു. കാറിൽ പിന്തുടർന്ന സൈജുവിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്തവരെക്കുറിച്ച് സൈജു വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സൈജുവിന്റെ സുഹൃത്തുക്കളാണ് പലരും. ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സൈജു കൊച്ചിയിലും സംസ്ഥാനത്തിന് പുറത്തുമായി വിവിധയിടങ്ങളിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുക്കാറുള്ളതായും കണ്ടെത്തി.
ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍ നിന്നു ഫോര്‍ട്ട്കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ഈ പാർട്ടികൾ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗമുള്ളവയായിരുന്നോ, പങ്കെടുത്ത പ്രമുഖർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍. പ്രാഥമിക അന്വേഷണത്തിൽ സൈജു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. സൈജുവിന്റെ വാട്‌സാപ്പ് ചാറ്റിൽ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്. ചാറ്റ് ചെയ്തവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സൈജു തങ്കച്ചന്‍ മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍നിന്ന് ഡിജെ പാര്‍ട്ടികള്‍ക്കുപയോഗിക്കുന്ന രീതിയിലുള്ള സ്പീക്കര്‍, മദ്യം അളക്കുന്ന പാത്രങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്റീരിയർ ഡിസൈനറായ സൈജുവിന്റെ കാക്കനാട്ടെ ഓഫീസ് പരിസരത്തുനിന്നാണ് കാർ കണ്ടെടുത്തത്. 20 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ സ്വദേശിയിൽ നിന്ന് സൈജു വാങ്ങിയതാണ് കാർ. എന്നാൽ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല
സൈജുവിന്റെ മൊബൈലിൽ നിന്ന് ലഭിച്ച ഫോട്ടോകളിലുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഫോണിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകളുണ്ട്. മോഡലുകളെ പിന്തുടർന്ന സൈജു, അവർക്ക് താമസസൗകര്യം അടക്കം വാഗ്ദാനം ചെയ്തിരുന്നു. സ്ത്രീകൾക്ക് ഇത്തരം വാഗ്ദാനം നൽകിയത് ദുരുദ്ദേശ്യത്തോടെയാണെന്നാണ് കരുതുന്നത്. നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാറ്റുമായി സൈജുവിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെയാണ് സൈജുവിനെ കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുന്നത്
ഹോട്ടല്‍ ഉടമ റോയി ജെ.വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്നു വിട്ടയച്ചേക്കുമെന്നാണുപൊലീസ് കരുതുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതിരമ്പുഴ പഞ്ചായത്തിനെ ഭീതിയിലാക്കി കുറുവാസംഘം. പഞ്ചായത്തിലെ ഒരുവീട്ടിൽ മോഷണവും അഞ്ചു വീടുകളിൽ മോഷണശ്രമവും നടന്നു. ശനിയാഴ്ച പുലർച്ച സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നാണ് കുറുവ സംഘമാണ് മോഷണത്തിനുപിന്നിലെന്ന സംശയം ഉയർന്നത്. ഇതോടെ നാട്ടുകാരും പൊലീസും ജാഗ്രതയിലാണ്.
ശനിയാഴ്ച പഞ്ചായത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പുനൽകി അനൗൺസ്മെൻറ് നടത്തുകയും ചെയ്തു. രാത്രി ഒരുമണിയോടെ അഞ്ചാംവാർഡിൽ കളപ്പുരത്തട്ട് ജോർജ്, നീർമലക്കുന്നേൽ മുജീബ് എന്നിവരുടെ വീട്ടിലാണ് ആദ്യം സംഘം കയറിയത്. ഇരുവീടുകളിലും ആളുകൾ ഉണർന്നതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവിടെനിന്ന് പോവുന്ന മൂന്നുപേരുടെ ദൃശ്യങ്ങളാണ് സി.സി ടി.വിയിൽ പതിഞ്ഞത്. തുടർന്ന് 2.30 ഓടെ ആറാം വാർഡിൽ, ഏറ്റുമാനൂരിൽ ഗോൾഡ് കവറിങ് സ്ഥാപനം നടത്തുന്ന യാസിെൻറ വീട്ടിൽ കയറി.
പുറകുവശത്തെ വാതിൽ തുറന്ന് അകത്തുകയറി ഉറങ്ങിക്കിടന്ന സ്ത്രീയുടെ കാലിൽനിന്ന് പാദസരം കവർന്നു. ഇത് ഗോൾഡ് കവറിങ് ആയിരുന്നു. തുടർന്ന് പരിസരത്തെ മൂന്നു വീടുകളിലും സംഘം കയറി. ആളുകൾ ഉണർന്നപ്പോൾ രക്ഷപ്പെട്ടു. എല്ലാ വീടുകളിലും പുറകുവശത്തെ വാതിലാണ് തുറന്നിട്ടുള്ളത്. വാതിൽ തകർക്കാതെ മുകളിലെ വിജാഗിരിയിൽ കട്ടിളയിലുള്ള ഭാഗം മാത്രം ഇളക്കിയാണ് അകത്തുകയറിയിട്ടുള്ളത്.
യാസിെൻറ വീടിെൻറ പരിസരത്തുനിന്ന് ഇവരുടേതെന്ന് കരുതുന്ന മുണ്ടും കമ്പിപ്പാരയും കണ്ടെടുത്തിട്ടുണ്ട്. ഇവിടത്തെ സ്ത്രീക്കും കുഞ്ഞിനും പകൽ മുഴവൻ മയക്കമുണ്ടായിരുന്നു. കവർച്ചസംഘം ഇവരെ മയക്കാൻ മരുന്ന് സ്പ്രേ ചെയ്തിരിക്കാമെന്നും സംശയമുണ്ട്.
വിവരം അറിഞ്ഞതോടെ പഞ്ചായത്ത് പ്രസിഡൻറ് ബിജു വലിയമലയുടെയും ഏറ്റുമാനൂർ സി.ഐ രാജേഷിെൻറയും നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. പഞ്ചായത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പും നിർദേശങ്ങളും നൽകാനും തീരുമാനിച്ചു. പ്രദേശത്ത് പൊലീസും നാട്ടുകാരും ഉറക്കമൊഴിഞ്ഞ് കാവലുണ്ട്.
പൊലീസിെൻറ നിർേദശങ്ങൾ
അടഞ്ഞുകിടക്കുന്ന വാതിലിനുപിറകിൽ ഒന്നിലധികം അലൂമിനിയം പാത്രങ്ങൾ അടുക്കിവെക്കുക. (വാതിലുകൾ കുത്തിത്തുറന്നാൽ ഈ പാത്രം മറിഞ്ഞുവീണുണ്ടാകുന്ന ശബ്ദംകേട്ട് ഉണരാൻ സാധിക്കും).
വാർഡുകളിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞു സ്ക്വാഡ് പ്രവർത്തനം നടത്തുക.
അനാവശ്യമായി വീടുകളിൽ എത്തിച്ചേരുന്ന ഭിക്ഷക്കാർ, ചൂൽ വിൽപനക്കാർ, കത്തി കാച്ചികൊടുക്കുന്നവർ തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ കർശനമായി അകറ്റിനിർത്തുക.
അസമയത്ത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക.
അയൽപക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പൊലീസ് സ്റ്റേഷൻ നമ്പറും കൃത്യമായി ഫോണിൽ സേവ് ചെയ്യുക.
മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മോഹന്‍ലാല്‍.സിനിമയുടെ റിലീസിങ്ങ് സംബന്ധിച്ച് ഇവിടെ ബഹളമുണ്ടാക്കിയവര്‍ സിനിമയെക്കുറിച്ച് അറിയാത്തവരാണെന്നും സിനിമ വ്യവസായം മാത്രമല്ല എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് താന്‍ മനസിലാക്കിയതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
”സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവര്‍ എന്നതാണ് കൗതുകകരമായ കാര്യം. മോഹന്‍ലാല്‍ ബിസിനസുകാരനാണ്, എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്,” മോഹന്‍ലാല്‍ പറഞ്ഞു.
സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം അറിയാവുന്നതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയില്ലെന്നും ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയാവുന്നത് കൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല.ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നു,” താരം കൂട്ടിച്ചേര്‍ത്തു.
നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം.
വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും, ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങൾക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്.
നാം ഓരാരുത്തരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
എന്താണ് നോറോ വൈറസ്?
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
രോഗം പകരുന്നതെങ്ങനെ?
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.
രോഗ ലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, തലവേദന,പനി, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.
രോഗം ബാധിച്ചാൽ എന്ത് ചെയ്യണം
വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങൾ വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
ആഹാരത്തിനു മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.
കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം
ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് സ്‌നേഹവീട് സമ്മാനിച്ച് ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ചൊക്ലി മേനപ്പുറത്തുള്ള വീട്ടിലെത്തിയാണ് താക്കോല്‍ കൈമാറി.
ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്കും ആവേശം പകരുന്നതാണെന്നും പുഷ്പന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയതിലൂടെ ഡിവൈഎഫ്ഐ മാതൃകാപരമായ കാര്യമാണ് കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം അധ്യക്ഷത വഹിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മനുതോമസ്, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.
തറവാട് വീടിന് സമീപത്താണ് ഇരുനില വീട് നിര്‍മ്മിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് 27 വര്‍ഷത്തിന് ശേഷമാണ് പുഷ്പന് എല്ലാ സൗകര്യങ്ങളോടെയും വീടൊരുങ്ങുന്നത്. ശയ്യാവലംബിയായ പുഷ്പന്റെ ശാരീരികാവസ്ഥയ്ക്ക് ചേര്‍ന്ന വിധമാണ് വീട് ഒരുക്കിയത്.
ആധുനിക സംവിധാനമുള്ള കട്ടില്‍ മുറ്റത്തേക്ക് ഇറക്കുന്നതിനായി പ്രത്യേക ഗ്ലാസ് വാതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും നിരവധി സന്ദര്‍ശകരാണ് പുഷ്പനെ കാണാനെത്താറുള്ളത്. അത് കൂടി പരിഗണിച്ചാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള വീട് ഡിവൈഎഫ്‌ഐ മുന്‍കൈയെടുത്ത് നിര്‍മ്മിച്ചത്.
1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ 5 ഡിവൈഎഫ്‌ഐ സഖാക്കള്‍ മരണമടഞ്ഞപ്പോള്‍, വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയതാണ് സഖാവ് പുഷ്പന്‍. സിപിഎംന്റെയും, ഡി വൈഎഫ്‌ഐയുടെയും സമര വീര്യത്തിന് എന്നെന്നും കരുത്ത് പകരുന്ന ജീവിക്കുന്ന രക്തസാക്ഷി. ദിവസവും നിരവധി സന്ദര്‍ശകരാണ് പുഷ്പനെ കാണാനെത്താറുള്ളത്. അത് കൂടി പരിഗണിച്ചാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള വീട് ഡിവൈഎഫ്‌ഐ മുന്‍കൈയെടുത്ത് നിര്‍മ്മിച്ചത്.
1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ 5 ഡി വൈഎഫ്‌ഐ സഖാക്കള്‍ മരണമടഞ്ഞപ്പോള്‍, വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയതാണ് സഖാവ് പുഷ്പന്‍.
സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത സിനിമയാണ് കാവൽ. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. നടൻ രതീഷിന്റെ മകൻ പത്മരാജ് രതീഷ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രതീഷ് മരിച്ചപ്പോൾ മുതൽ കുടുംബത്തിന് സഹായങ്ങൾ നൽകി സുരേഷ് ഗോപി ഒപ്പമുണ്ടായിരുന്നു.
സ്വന്തം മക്കളെ പോലെയാണ് സുരേഷ് ഗോപി അവരെ സംരക്ഷിക്കുന്നത്. പത്മരാജ് അച്ഛന്റെ സ്ഥാനത്താണ് സുരേഷ് ഗോപിയെ കാണുന്നതും ബഹുമാനിക്കുന്നതും. ഇപ്പോഴിതാ സുരേഷ് ഗോപിയുമൊത്തുള്ള അഭിനയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പത്മരാജ്.വാക്കുകൾ, നിധിൻ ചേട്ടൻ കഥ പറഞ്ഞപ്പോൾ സുരേഷ് ഗോപി അങ്കിളിനൊപ്പമാണ് കോമ്പിനേഷൻ സീനുകൾ ഉള്ളതെന്ന് പറഞ്ഞു. അതുകേട്ടപ്പോഴെ എനിക്ക് പേടിയാണെന്ന് ഞാൻ നിധിൻ ചേട്ടനോട് പറഞ്ഞു.
അന്ന് ചേട്ടൻ കുഴപ്പമില്ല അത് ശരിയാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ശേഷം സെറ്റിലെത്തി അദ്ദേഹത്തിന്റെ നേരെ നിന്ന് ഡയലോഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. പക്ഷെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയും ഡയലോഗ് പറയേണ്ട രീതി വിവരിച്ച് തരികയുമെല്ലാം ചെയ്തപ്പോൾ ആ ബോണ്ട് വർക്കായതായി തോന്നി പിന്നീട് അഭിനയിക്കാൻ എളുപ്പമായിരുന്നു.
സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ആദ്യ സിനിമയുടെ ചിത്രീകരണത്തിന് പോകും മുമ്പ് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ പോയപ്പോൾ തന്നെ അറിയിച്ചിരുന്നു. മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പം അഭിനയിച്ചു. ഇനി മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
പാമ്പാടിയിൽ നിന്നും കാണാതായ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തമ്പാനൂരിലെ ലോഡ്ജിൽ കണ്ടെത്തി. സഹോദരിമാരായ പെൺകുട്ടികളെ കണ്ടെത്താൻ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരണമുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്.
പൊലീസിന്റെ മികച്ച പ്രവർത്തനമാണ് കാണാതായ പെൺകുട്ടികളെ തലസ്ഥാനത്ത് നിന്നും കണ്ടെത്താൻ സാധിച്ചത്. ബംഗളൂരുവിലേക്ക് കടക്കാൻ പദ്ധതിയിട്ട ഇവരെ തിരുവനന്തപുരത്ത് വച്ച് പിടികൂടാൻ സാധിച്ചത് നേട്ടമായി. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സിസിടിവി പരിശോധിച്ചു കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇതിൽ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി മനസിലായി. പിന്നാലെ കാണാതായ യുവാവിന്റെ ഫോൺ സിഗ്നൽ തമ്പാനൂരിൽ നിന്നും ലഭിച്ചതോടെ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും, ലോഡ്ജുകളിലും പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടികൾ ചെറുപ്പക്കാരോടൊപ്പമെത്തി മുറിയെടുത്തതായി ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പാമ്പാടി പൊലീസ് തലസ്ഥാനത്തെത്തി ഇവരെ കൊണ്ടുപോയി. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ ജുവനൈൽ കോടതിയിലും പ്രായപൂർത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിലെ അശോകപുരത്ത് റോഡരികില്‍ വെച്ച് പട്ടാപ്പകൽ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. റോഡരികിൽ മീന്‍കച്ചവടം നടത്തുന്ന കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്.
ശ്യാമിലിയുടെ മുഖത്ത് പരുക്കേറ്റു. മദ്യപിച്ചെത്തിയാണ് നിധീഷ് മർദിച്ചത്. ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബന്ധുക്കളെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.
വീഡിയോ കടപ്പാട് : മാധ്യമം
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ പ്രണവ് കൂടുതല്‍ നന്നായി അഭിയിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍. സിനിമയില്‍ പ്രണവിന്റെ അമ്മ മരിച്ച കാര്യം അറിയുന്ന സീന്‍ ഉണ്ട്. ആ സീന്‍ കണ്ടപ്പോള്‍ പ്രണവിന് തന്നെ എത്രത്തോളം ഇഷ്ടമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യമായി എന്നും സുചിത്ര പറയുന്നു.
മുമ്പ് അഭിനയിച്ച സിനിമകളെക്കാള്‍, മരക്കാറില്‍ അപ്പു കൂടുതല്‍ നന്നായി എന്ന് തോന്നിയിട്ടുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. പ്രധാനമായത് മരക്കാറിന്റെ ചുറ്റുപാടുകള്‍ അവന് ഏറെ പരിചിതമാണ് എന്നതാണ്. അവന്റെ അച്ഛന്‍, പ്രിയപ്പെട്ട പ്രിയനങ്കിള്‍ പ്രിയന്റെ മക്കളായ സിദ്ധാര്‍ഥ്, കല്യാണി. സുരേഷ് കുമാറിന്റെ മക്കളായ കീര്‍ത്തി സുരേഷ്, രേവതി സുരേഷ്.
സാബു സിറിള്‍, അനി ഐവി ശശി, സുരേഷ് ബാലാജി, ആന്റണി പെരുമ്പാവൂര്‍ അങ്ങനെ ഒരുപാട് പേര്‍ അവന്റെ നിത്യ പരിചയക്കാരാണ്. ഒരു ‘കംഫര്‍ട്ട് സോണ്‍’ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീര്‍ച്ച. പിന്നെ പ്രിയന്‍ കുഞ്ഞുനാളിലെ അവനെ അറിയുന്ന ആളാണ് അവന് പറ്റിയ വേഷവും പറയാന്‍ സാധിക്കുന്ന സംഭാഷണങ്ങളും പ്രിയന്‍ കരുതി നല്‍കിയതാണ്.
വ്യത്യസ്ത കോസ്റ്റ്യൂമും കൂടിയായപ്പോള്‍ അപ്പു കൂടുതല്‍ നന്നായിരിക്കുന്നു. സിനിമയില്‍ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. അതവന്‍ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും പറഞ്ഞുവത്രേ, ‘നിന്റെ അമ്മ മരിച്ചതു പോലെ ആലോചിച്ചാല്‍ മതി’. ഒരു പക്ഷേ അവന്‍ ഉള്ളാലെ ഒന്ന് തേങ്ങിയിരിക്കാം.
സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയാണെല്ലോ, ഞങ്ങള്‍ക്ക് വേണ്ടിക്കൂടിയാണല്ലോ എന്നാണ് ഒരു അഭിമുഖത്തില്‍ സുചിത്ര പറയുന്നത്.
കുഞ്ഞുനാള്‍ മുതല്‍ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു എന്നാണ് സുചിത്ര പറയുന്നത്. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു എന്നും സുചിത്ര പറയുന്നു. ഒരു ഘട്ടത്തില്‍, പഠനത്തിന് ഒരു ഇടവേള കൊടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി.
ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആസ്റ്റര്‍ഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തര യാത്രാ ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി യാത്ര ചെയ്തു.
തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണ മുറികളില്‍ രാത്രിയുറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും തങ്ങള്‍ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുണ്ട്. അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം എന്ന് പതുക്കെ തിരിച്ചറിഞ്ഞു.
ഇപ്പോള്‍ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്ന് തനിക്ക് തോന്നുന്നു. മുഴുവന്‍ സമയവും സിനിമയില്‍ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിര്‍ത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് ആദ്യമേ പറഞ്ഞിരുന്നുവെന്നും സുചിത്ര വ്യക്തമാക്കി.
ചിങ്ങവനം എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
നയന ജോലി സമയം കഴിഞ്ഞും വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ സാധ്യത നിഷേധിച്ച കുടുംബം മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.
ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ജിജുവിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയാണ്. മകൻ:സിദ്ധാർഥ്.