ഡോക്ടറെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ്(36) അറസ്റ്റിലായത്. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദിച്ച സംഭവത്തിലാണ് മുഹമ്മദ് കബീര്‍ അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് 3ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്‍പിലാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. ഭാര്യയും ഒമ്പതു വയസ്സുള്ള കുട്ടിയുമായി ചികിത്സയ്‌ക്കെത്തിയതായിരുന്നു പ്രതി.
കോവിഡ് രോഗബാധിതയായ ഭാര്യ ആശുപത്രിയിലെത്തുമ്പോള്‍ നെഗറ്റീവായിരുന്നതായി പറയുന്നു. കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. പിന്നില്‍നിന്നായിരുന്നു ആക്രമണം.
വനിതാ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് ഡോക്ടറെ ഇയാളുടെ ആക്രമണത്തില്‍നിന്നു രക്ഷപെടുത്തിയത്. ഭാര്യയോടു സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്നതാണ് ആക്രമണത്തിനു കാരണമെന്നാണു വിലയിരുത്തല്‍.
വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുന്‍പാണ് അവധിക്കെത്തിയത്. സംഭവംനടന്നു പത്തു ദിവസത്തിനുശേഷമാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളില്‍ നിന്നുള്‍പ്പടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും കോവിഡ് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്നു കഴിഞ്ഞ ദിവസം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സഖറിയാസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതി കീഴടങ്ങിയത്.ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. അതേസമയം ഡോക്ടര്‍ക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ രക്ഷപ്പെടുത്താനുള്ള വ്യാജ പരാതിയാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തല്‍.
പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തില്‍ ആദ്യമായി റോഡിലിറങ്ങിയ എട്ടാം ക്ലാസുകാരി അപകടത്തില്‍ മരിച്ചു. ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകള്‍ വൃന്ദ വിനോദാണ് മരിച്ചത്.
ഏറെ നാള്‍ കാത്തിരുന്നാണ് വൃന്ദയ്ക്ക് സൈക്കിള്‍ കിട്ടിയത്. ഇതിന്റെ സന്തോഷത്തില്‍ കൂട്ടുകാരെ കാണിക്കാനായി പോകുകയായിരുന്നു വൃന്ദ. എന്നാല്‍ റോഡിലേക്ക് കയറ്റുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു സൈക്കിള്‍ മതിലില്‍ ഇടിച്ചു.
സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറിലും ഇടിച്ചിരുന്നു. ചെറുകുടലിനു പരുക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒരാഴ്ച മുന്‍പാണ് അപകടമുണ്ടായത്. പുറമേ കാര്യമായ പരുക്കുണ്ടായിരുന്നില്ല. ഛര്‍ദിയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
വിശദ പരിശോധനയില്‍ ചെറുകുടലിനു പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരികെ എത്തുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു മരണം. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന് 11നു മാവൂര്‍ റോഡ് ശ്മശാനത്തില്‍.
ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ മൊബൈല്‍ നമ്പര്‍ പ്രചരിച്ചതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഒരു വീട്ടമ്മ. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയില്‍ പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവര്‍ ആരോപിക്കുന്നു.
പൊതുശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതത്തിലായത്.
ഇവര്‍ സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് സാമൂഹിക മാധ്യമത്തില്‍കൂടി തുറന്നുപറഞ്ഞ് വീഡിയോ ഇട്ടിരുന്നു ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്.
ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്. ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍.
സംഭവത്തില്‍ പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്.’എന്നെ ജീവിക്കാനനുവദിക്കൂ. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാല്‍ പിന്നെ ഞാനെന്ത് ചെയ്യും.’ കണ്ണീരോടെ ഇവര്‍ ചോദിക്കുന്നു.
ചിത്രകാരനും കലാസംവിധായകനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് ജീവനൊടുക്കി. സദാചാര ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ച മനോവിഷമത്തില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമായ സുരേഷ 44 ചാലിയത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ്
ഒരു സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് വാഹനങ്ങളിലായി സദാചാര ഗുണ്ടകള്‍ സുരേഷിന്റെ വലിയോറ ആശാരിപ്പടിയിലെ വീട്ടില്‍ വന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് സുരേഷിനെ അസഭ്യമായി ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലായിരുന്നു സുരേഷ് എന്നും അതിനാലാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു സുരേഷ്. മലപ്പുറത്തെ സാംസ്‌കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവര്‍ത്തകനുമായിരുന്ന സുരേഷിന്റെ വേര്‍പാടില്‍ നിരവധി പേര്‍ അനുശോചനം അറിയിക്കുന്നുണ്ട്
ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിൻെറ മകൻ മിസ്ഹബ് അബ്ദുല്‍ സലാമാണു (11) മരിച്ചത്.
ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൻെറ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.
ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകീട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷെൻറ മകൻ ജയറാമും (44) തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.
മസ്കത്തിൽ നിന്ന് അഞ്ഞൂറ് കിലോമീറ്ററിലധികം ദൂരെ സലാല റോഡിൽ ഹൈമയിൽ വ്യാഴാഴ്ചയായിരുന്നു അപകടം. സുലോചനയാണ് ജയറാമിെൻറ മാതാവ്. ഭാര്യ: രശ്മി. മക്കൾ: നിരഞ്ജന, അർജുൻ.
പൊതു അവധിദിനമായ കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന് സ്വദേശികൾ മരണപ്പെട്ടിരുന്നു. ഖരീഫ് സീസണിെൻറ ഭാഗമായി കൂടുതൽ പേർ സലാലയിലേക്ക് യാത്ര ചെയ്യുന്നതിനാൽ യാത്രികർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.
തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചത് കോവിഡ് വാക്സിന്‍റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾക്ക് സംശയം. കോഴഞ്ചേരി ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിെൻറ മകള്‍ നോവ സാബുവാണ് (19) കഴിഞ്ഞ ദിവസം മരിച്ചത്.
മരണത്തിൽ സംശയം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് കോവിഷീല്‍ഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിയപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി.
ഏഴിന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെൻറിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു.
വ്യാഴാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. മരിച്ച നോവ കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡി.എം.ഒ എ.എല്‍. ഷീജ പറഞ്ഞു.
കോട്ടയം: ഭാരത സർക്കാരിൻ്റെ കീഴിലുള്ള മഹാത്മ ഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ ഗ്രീൻ ചാമ്പ്യൻ പുരസ്ക്കാരം കോട്ടയം സി.എം എസ്. കോളജിന് ലഭിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ (ഐ.എ.എസ്) യിൽ നിന്നും പ്രിൻസിപ്പാൾ ഡോ. വർഗ്ഗീസ് സി.ജോഷ്വാ പുരസ്ക്കാരം സ്വീകരിച്ചു.ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജോജി പണിക്കർ ,വൈസ് പ്രിൻസിപ്പാൾ പ്രൊഫ.സിനി റേച്ചൽ മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറി ബെഞ്ചമിൻ ബെയ്‌ലിയാണ് ഭാരതത്തിലെ ആദ്യ കലാലയമായ സി.എം.എസ് കോളേജിന്റെ സ്ഥാപകൻ. 204 വർഷം പഴക്കമുള്ള ഈ ക്യാമ്പസിൽ 560 ൽ പരം ഇനം മരങ്ങളാണ് ഉള്ളത്. അപൂർവ്വ ഇനം മരങ്ങൾ എന്ന് വനം വകുപ്പിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തിയ മരങ്ങൾ വരെ ഈ ക്യാമ്പസിൽ ഉണ്ട്. വൃക്ഷങ്ങൾക്ക് ക്യൂ ആർ കോഡ് ഉൾപെടുത്തിയിട്ടുള്ളതിനാൽ സ്കാൻ ചെയ്താൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വൃക്ഷങ്ങളെ പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ലഭിക്കും.
കോട്ടയം നഗരത്തിലെ മിക്ക സ്ഥലങ്ങളിലേക്കുമുള്ള ശുദ്ധജലം ശേഖരിച്ചിരിക്കുന്നത് സി.എം.എസ്സിന്റെ വിസ്തൃതമായ കാമ്പസ്സിലെ വനപ്രദേശത്താണ്. ഒരുപക്ഷേ ഏറ്റവുമധികം ശുദ്ധവായു ലഭിക്കുന്ന ഹരിതാഭമായ കാമ്പസും ഇതുതന്നെയാവണം.കലാലയരാഷ്ട്രീയത്തിന്റെ കാര്യത്തിലും ഒട്ടുവളരെ പാരമ്പര്യം അവകാശപ്പെടാൻ ഈ കാമ്പസിനുണ്ട്. ഈ ചരിത്രത്തെയൊക്കെ തനിമയോടെ നിലനിർത്തണമെന്നുള്ള ചിന്തയാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എപ്പോഴും.ശോഷിച്ചുവരുന്ന കാമ്പസിലെ വന്യസൗന്ദര്യത്തെ പരിപോഷിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഏറെ ശ്രമങ്ങളും നടത്തുന്നു.
മഹത്തായ ഇരുനൂറാം വാർഷികം ഇവർ ആഘോഷിച്ചത് നാട്ടിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന അമ്പതോളം വൃക്ഷ ജനുസുകളുടെ ഇരുനൂറ് തൈകൾ ക്യാമ്പസിലും സമീപപ്രദേശങ്ങളിലും നട്ടുകൊണ്ടാണ്. ‘ഒറ്റ ദിവസത്തേക്കുള്ള പ്രകൃതിസ്നേഹത്തിൽ വിശ്വാസമില്ല.സംരക്ഷിക്കപ്പെടാത്ത ഒരു മരവും ഞങ്ങൾ നടില്ല ‘എന്ന പ്രഖ്യാപനത്തിൽ തന്നെ പ്രകൃതിയോടുള്ള അവരുടെ സമീപനം വ്യക്തമാണ്. സ്വാതന്ത്യ സമരത്തിൻ്റെ പങ്കാളിത്തം അടക്കം രാജ്യത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായമെഴുതിയ കോട്ടയം സി.എം.സ് കോളജ് പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് എക്കാലവും ഒരു പ്രകാശഗോപുരമായി നില്ക്കട്ടെയെന്ന് ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള ആശംസിച്ചു.
തിരുവനന്തപുരം നെടുമങ്ങാട്ട് മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റ കരകുളം സ്വദേശി സരിത മരിച്ചു. ഉച്ചയ്ക്കായിരുന്നു സരിതയുടെ മരണം. തലയ്ക്കടിയേറ്റ് ആഴത്തിൽ മുറിവേറ്റ 42 കാരിയായ സരിതയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നെടുമങ്ങാട് നെല്ലിമൂട്ടിലെ വിജയമോഹനൻനായരുടെ വീട്ടിലെത്തിയ സരിത മകളാണെന്ന് അവകാശവാദമുന്നയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടയിൽ മൺവെട്ടി കൊണ്ട് വിജയമോഹൻ നായർ സരിതയുടെ തലയിൽ മർദിക്കുകയായിരുന്നു.സരിതയെ ആക്രമിച്ച വിജയമോഹൻ നായർ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു.
കെഎസ്ആര്‍ടിസിയില്‍നിന്ന് വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനന്‍നായര്‍. സരിത വിജയമോഹനന്റെ വീട്ടിലെത്തി താൻ മകളാണന്നു പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനൻനായർ നെടുമങ്ങാട് പോലീസിൽ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വിജയമോഹനൻ നായരുടെ വീട്ടിലെത്തി സരിത വഴക്കുണ്ടാക്കിയിരുന്നു . പലരും പറഞ്ഞിട്ടും സരിത പിൻമാറാൻ തയ്യാറായില്ല. ഇതിനിടെ വീടിനു സമീപത്തു കിടന്ന മൺവെട്ടികൊണ്ട് വിജയമോഹനൻനായർ സരിതയുടെ തലയ്‌ക്കടിച്ചു.
പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ വിജയമോഹനൻനായർ വട്ടപ്പാറയിലുള്ള അനുജൻ സതീഷിന്റെ വീട്ടിലെത്തി. കൈയിൽ കരുതിയിരുന്ന ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്കാരച്ചടങ്ങ് ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദു ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയിൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്കാരമാണു രാമങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തിയത്. രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ വീട്. സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വർഗീസ് മതിലകത്തുകുഴിയെ വിവരം അറിയിച്ചു. അദ്ദേഹം പാരിഷ് കൗൺസിൽ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിച്ചു.
തുടർന്ന് സംസ്കാരം നടത്താനുള്ള സൗകര്യം ഒരുക്കി നൽകി. പള്ളി സെമിത്തേരിയിൽത്തന്നെ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകൾ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം നൽകി. ട്രസ്റ്റിമാരായ ജോമോൻ പത്തിൽചിറ, സി.പി.ജോർജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി റോയ് അൻപതിൽചിറ എന്നിവർ നേതൃത്വം നൽകി. ഓമനയുടെ മക്കൾ: ഓമനക്കുട്ടൻ, രാധിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, സ്മിത.