സ്ത്രീയെ നടുറോഡിൽ വെച്ച് മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സ്ത്രീക്ക് പോലീസുകാരന്റെ മർദ്ദനമേറ്റത്. ഐആർ ബറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനായ അമൽ രാജാണ് മർദ്ദിച്ചത്.
മർദ്ദനമേറ്റ് സ്ത്രീ നടുറോഡിൽ വീഴുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാവിനും മർദ്ദനമേറ്റിട്ടുണ്ട്. അമൽരാജിനെതിരെ കാളിയാൻ പോലീസ് കേസെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുവതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് അർജുൻ. ദേവിക നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.
രാത്രി ശുചിമുറിയിൽ പോയ ഭാര്യ തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നര വയസ്സുള്ള ആര്യൻ ഏക മകനാണ്. സംസ്‌കാരം നടത്തി.
കട്ടപ്പന ഡിവൈഎസ്പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തുകയും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
സന്യാസിയോട സ്വദേശിനിയാണ് ദേവിക. മുറിക്കുള്ളിൽ തകർന്ന നിലയിൽ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു.
സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ നടൻ മമ്മൂട്ടിക്ക് ആശംസയുമായി ഹൈബി ഈഡൻ എം പി. ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടിയെന്ന് ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. ഒരു കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹി കൂടിയാണ് അദ്ദേഹം. 2013 ൽ സൗഖ്യം മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമ്പോൾ മുഖ്യാതിഥി ആയി എത്തിയത് മുതൽ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികൾക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നൽകിയ പിന്തുണ കുറച്ചൊന്നുമല്ല.
വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതു പ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വർഷങ്ങൾ നമ്മുടെ അഭിമാനമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ഹൈബി പറഞ്ഞു.
കെ എസ് യു ജില്ലാ പ്രസിഡന്റായിരിക്കെ ഉണ്ടായ അനുഭവവും ഹൈബി ഈഡൻ പങ്കുവെക്കുന്നു. കുറിപ്പ് ഇങ്ങനെ- കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സഹോദരിയ്ക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി ജോലി ലഭിച്ചു. ആദ്യ പോസ്റ്റിംഗ് ബാംഗ്ലൂരിൽ. നാട്ടിലേക്കൊരു സ്ഥലം മാറ്റം വേണം. പലവഴി നോക്കി നടന്നില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ ആയ മമ്മുക്കയെ കുറിച്ചോർക്കുന്നത്. ഉടനെ സിനിമ നിർമ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് മമ്മുക്കയുടെ ഒരു അപ്പോയ്ന്റ്മെന്റ് തരപ്പെടുത്തി. അന്ന് എന്റെ കൂടപ്പിറപ്പായ കവസാക്കി ബൈക്കുമെടുത്ത് മമ്മുക്കയുടെ വീട്ടിലേക്ക് കുതിച്ചു. നല്ല മഴയായിരുന്നു. ഷർട്ടും മുണ്ടുമെല്ലാം നനഞ്ഞു കുതിർന്ന് മമ്മുക്കയുടെ വീടിന്റെ കാർപോർച്ചിൽ ശങ്കിച്ചു നിന്നു. ഈ കോലത്തിൽ കേറണോ?
തന്നെ കണ്ടയുടനെ മമ്മുക്ക വലിയ വാത്സല്യത്തോടെ വീട്ടിൽ കയറ്റിയിരുത്തി ഒരു ഗ്ലാസ് കട്ടൻ ചായ തന്നിട്ട് പറഞ്ഞു. “നിനക്ക് ഈ വീട്ടിൽ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണ് “. എറണാകുളം ലോ കോളേജിലെ പഴയ സഹപാഠിയുടെ മകനെ അദ്ദേഹം സ്വീകരിച്ച രീതി ഏറെ കൗതുകകരമായിരുന്നു. അന്നേ വരെ മനസിൽ കണ്ടിരുന്ന കാർക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയി. അദ്ദേഹത്തെ അടുത്തറിഞ്ഞ എല്ലാവർക്കും ഇത് തന്നെയായിരിക്കും പറയാനുള്ളത്. ഉടൻ തന്നെ ഫോണെടുത്ത് സൗത്ത് ബാങ്കിൽ വിളിച്ചു കാര്യം പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു തീരുമാനമായില്ല. ഒരിക്കൽ കൂടി അദ്ദേഹത്തെ കണ്ടു. അടുത്ത തവണ അദ്ദേഹം ബാങ്ക് അധികൃതരോട് സംസാരിച്ചത് കൂടുതൽ കടുപ്പത്തിലായിരുന്നു. ഈ സ്ഥലം മാറ്റം ശരിയായില്ലെങ്കിൽ ബാങ്കിന്റെ പരസ്യത്തിൽ താൻ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റം ശരിയായി. സഹോദരി നാട്ടിലെത്തി. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇത്തരം കഥകൾ പറയാനുണ്ടാകും.
ഡൽഹിയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയിലാണ്, മലയാള സിനിമയ്ക്ക് മമ്മുക്കയെ ലഭിച്ചിട്ട് 50 വർഷം തികഞ്ഞു എന്നറിയുന്നത്. ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടി. ഒരു കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹി കൂടിയാണ് അദ്ദേഹം. 2013 ൽ സൗഖ്യം മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമ്പോൾ മുഖ്യാതിഥി ആയി എത്തിയത് മുതൽ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികൾക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നൽകിയ പിന്തുണ കുറച്ചൊന്നുമല്ല.
വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതു പ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വർഷങ്ങൾ നമ്മുടെ അഭിമാനമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ചലച്ചിത്ര താരങ്ങളായ മമ്മുട്ടിക്കും,രമേശ് പിഷാരടിക്കുമെതിരെ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെ തുടർന്നാണ് എലത്തൂർ പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയിൽ ഉദ്‌ഘാടനത്തിനെത്തി ആൾകൂട്ടം സൃഷ്ടിച്ചതിന് ആണ് കേസെടുത്തത്. ഉദ്‌ഘാടനത്തിന് ശേഷം താരങ്ങൾ ആശുപത്രിയുടെ ഇന്റർസീവ് കെയർ ബ്ലോക്കിൽ സന്ദർശനം നടത്തിയതും കോവിഡ് പ്രോട്ടോകോൾ ലംഘനമാണെന്നും പോലീസ് പറഞ്ഞു. താരങ്ങൾക്ക് ചുറ്റുമായി നിരവധിയാളുകൾ കൂട്ടം കൂടി നിൽക്കാൻ ഇത് കാരണമായെന്നും പോലീസ് ചൂണ്ടിക്കാട്ടി.
മൂന്നൂറിലധീകം പേരാണ് താരങ്ങൾ എത്തിയതിനാൽ കൂട്ടംകൂടി നിന്നത്. മമ്മുട്ടി,പിഷാരഡി എന്നിവരെകൂടാതെ സിനിമ നിർമ്മാതാവ് ആന്റോ ജോസഫിനെതിരെയും, ആശുപത്രി അധികൃതർക്കെതിരെയും പോലീസ് കേസെടുത്തു.
കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 18-ന് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രു-ലണ്ടന്‍-ഹീത്രൂ പ്രതിവാര സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനം പറക്കുന്നത്. യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാല്‍ പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആമ്പര്‍ പട്ടികയിലേയ്ക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്ര സുഗമമാകുന്നത്.
ഈ തീരുമാനം വന്ന ഉടന്‍ തന്നെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് എയര്‍ എന്ത്യ ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45-ന് കൊച്ചിയിലെത്തുന്ന വിമാനം 05.50-ന് ഹീത്രൂവിലേയ്ക്ക് മടങ്ങും.
സിയാലിന്റെയും എയര്‍ഇന്ത്യയുടേയും യോജിച്ചുള്ള പ്രവര്‍ത്തനഫലമായാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസ് തുടങ്ങാനായതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു. ‘പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് യൂറോപ്പിലേയ്ക്ക് നേരിട്ടുള്ള സര്‍വീസ്. പാര്‍ക്കിങ്, ലാന്‍ഡിങ് ഫീസ് ഒഴിവാക്കിയതോടെ കൂടുതല്‍ വിമാനക്കമ്പനികള്‍ ഇത്തരം സര്‍വീസുകള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. ചെയര്‍മാനും ഡയറക്ടര്‍ബോര്‍ഡും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുത്തിട്ടുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ രാജ്യാന്തര എയര്‍ലൈനുകള്‍ സിയാലില്‍ എത്തുമെന്നാണ് പ്രതീക്ഷ’- സുഹാസ് കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങുന്നതോടെ, ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. കൊച്ചി-ഹീത്രൂ യാത്രാസമയം 10 മണിക്കൂര്‍ ആണ്. ആമ്പര്‍ വിഭാഗത്തിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യു.കെ. ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കോവിഡ് പരിശോധിക്കണം. യു.കെയില്‍ എത്തി എട്ടാംദിനവും പരിശോധന നടത്തണം.
മാനസയെ വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ രാഖിൽ കൈവശം വെച്ച തോക്ക് കൈമാറിയയാളെ കേരളാ പോലീസ് പിടികൂടി. ബിഹാർ സ്വദേശി സോനു കുമാർ മോഡി (21) ആണ് പോലീസ് പിടിയിലായത്. കേസിൽ നിർണായകമായ വഴിത്തിരിവാണ് ഇയാളുടെ അറസ്റ്റ്. ബിഹാറിൽ നിന്ന് അതിസാഹസികമായാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. ബിഹാർ പോലീസിന്റേയും സ്‌പെഷ്യൽ സ്‌ക്വാഡിന്റേയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അതിസാഹസികമായിട്ടാണ് കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയതെന്നാണ് വിവരം.
ബിഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയതിനാൽ വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും. രാഖിൽ ബിഹാറിൽ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയിൽ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.
ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ച കേരള പോലീസ് സംഘത്തിന് നേരെ ഇയാളുടെ കൂട്ടാളികൾ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ബിഹാറിലെത്തിയ ശേഷം രാഖിൽ ഒരു ടാക്‌സി ഡ്രൈവർ വഴിയാണ് സോനുവിലേക്ക് എത്തിയതും തോക്ക് വാങ്ങിയതുമെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ ദിവസങ്ങളായി വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ഇത് സംബന്ധിച്ച് നിരവധി പേര്‍ നാദിര്‍ഷയെ പിന്തുണച്ചും വിമര്‍ശിച്ചുമെല്ലാം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പിസി ജോര്‍ജും സംഭവത്തില്‍ നാദിര്‍ഷയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇപ്പോഴിതാ പിസി ജോര്‍ജിന്റെ ആവശ്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഫ്ബി പോസ്റ്റ് വിവാദത്തില്‍ രാജിവെച്ച ജഡജ് എസ് സുദീപ്. ഈശോ സിനിമയുടെ പേര് മാറ്റണമെന്നാണ് ജോര്‍ജിന്റെ ആവശ്യം. അപ്പോ ജോര്‍ജിന്റെ പേര് വായിക്കുന്ന സെന്റ് ജോര്‍ജ് പുണ്യാളന്‍ എന്തായിരിക്കും പറയുക എന്നാണ് സുദീപ് ചോദിക്കുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘ഈശോ സിനിമയുടെ പേരു വെട്ടണമെന്ന് പൂഞ്ഞാറ്റിലെ ജോര്‍ജ്. ജോര്‍ജിന്റെ പേരു വായിക്കുന്ന സെന്റ് ജോര്‍ജ് പുണ്യാളന്‍ എന്നതായിരിക്കും ജോര്‍ജേ ആവശ്യപ്പെടുക?’ – എസ് സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
പി സി ജോര്‍ജിന്റെ വാക്കുകള്‍
”നാദിര്‍ഷ എന്ന് പറയുന്ന ആളാണല്ലോ ഈ സിനിമയുമായി ഇറങ്ങിയിരിക്കുന്നത്. അവന്‍ എറണാകുളത്ത് ഒരു വൈദികന്റെ ചിലവില്‍ ജീവിച്ചവനാണ്. അവന്‍ സംസാരിക്കാന്‍ പഠിച്ചതും പ്രശസ്തനായതും അച്ചന്റെ ഔദാര്യം കൊണ്ടാണ്. ആ അച്ചന്റെ സഭയെയാണ് അവന്‍ അവഹേളിക്കുന്നത്. എനിക്ക് പറയാതിരിക്കാന്‍ നിവൃത്തിയില്ല. മലയാള സിനിമയില്‍ വേശ്യയുടെ ഭാഗം അഭിനയിക്കുന്നത് ക്രിസ്ത്യാനി പെണ്ണായിരിക്കും. ഗുണ്ടയുടെ വേഷം ചെയ്യുന്നവരെ ക്രിസ്ത്യാനിയാക്കാന്‍ കഴുത്തില്‍ ഒരു കുരിശ് ഉണ്ടാകും. ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിയിരിക്കുകയാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ക്രിസ്ത്യാനികളെല്ലാം വ്യഭിചാരികളാണോ. ഇത്രയും മാന്യമായി ജീവിക്കുന്ന സമൂഹം വെറെ എവിടെയുണ്ട്.
കേരളത്തില്‍ ഏറ്റവും വലിയ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചവരാണ് ക്രൈസ്തവ സഭകള്‍. ചെയ്യാന്‍ സാധിക്കുന്ന ഉപകാരങ്ങള്‍ ചെയ്ത സഭയോടാണ് ഈ വൃത്തിക്കെട്ടവന്‍മാര്‍ ഈ വൃത്തിക്കെട്ട രീതിയില്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. വൈദികര്‍ പാവങ്ങള്‍ മിണ്ടുമോ. ഞാനും മിണ്ടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ പറഞ്ഞേക്കാം. നാദിര്‍ഷ ഉള്‍പ്പെടെയുള്ള വൃത്തിക്കെട്ടവന്‍മാരോട് ഞാന്‍ പറയുവ. വിടുകേല. ശക്തമായ നടപടിയുണ്ടാകും. മനസിലായോ. എനിക്കിപ്പോള്‍ സമയമുണ്ട്, എംഎല്‍എ അല്ലാത്തത് കൊണ്ട്. അതുകൊണ്ടാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്. നന്നാക്കിയിട്ടേ ഞാന്‍ പോകുന്നുള്ളൂ. നാദിര്‍ഷ എന്ന മാന്യനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ മുഹമ്മദ് നബി എന്നൊരു പടം പിടിക്കുമോ. തല കാണില്ല അവന്റെ. എന്ത് പറഞ്ഞാലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നും മിണ്ടില്ല, ക്ഷമിക്കും. അതുകൊണ്ട് എന്ത് പോക്രിത്തരവുമാകാം. നാദിര്‍ഷ ഇത് നിര്‍ത്തുന്നതാണ് നല്ലത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കരുതി സിനിമ പിടിക്കേണ്ട. കാണിച്ചു തരാം ഞാന്‍.’
പാറക്കെട്ടിനുള്ളിൽ ശരീരം കുടുങ്ങി അവശനായ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പരപ്പൻപൊയിൽ ചെമ്പ്ര കല്ലടപ്പൊയിൽ ക്വാറിയോട് ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ കല്ലടപ്പൊയിൽ സ്വദേശി ബിജീഷിനെ (36) ആണ് ഏറെ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിൽ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി പാറക്കെട്ടിനുള്ളിലേക്ക് നൂണ്ടുപോയ ബിജീഷ് പിന്നീട് പുറത്തിറങ്ങാനാവാത്തവിധം കല്ലുകൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞരക്കംകേട്ട് സ്ഥലത്തെത്തിയ അയൽവാസികളാണ് പാറക്കെട്ടിനുള്ളിൽ അകപ്പെട്ട യുവാവിനെ കണ്ടെത്തിയത്. പാറക്കല്ലുകൾക്കടിയിൽ ഉടൽഭാഗം കുടുങ്ങി ബിജീഷിന്റെ തലയും രണ്ടുകാലുകളും മാത്രമാണ് സ്ഥലത്തെത്തിയവർ പുറത്തുകണ്ടത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി ഗ്രേഡ് എസ്‌ഐ കെകെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ബിജീഷിനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പാറക്കല്ലുകൾ ദേഹത്തുപതിക്കാൻ സാധ്യതയുള്ളതിനാൽ നരിക്കുനി അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ടു.
തുടർന്ന്, ഉച്ചയ്ക്ക് രണ്ടുമണിയോടെ നരിക്കുനി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കെപി ജയപ്രകാശിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർമാരായ ടിപി രാമചന്ദ്രൻ, കെകെ രമേശൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എൻ ഗണേശൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ നിപിൻദാസ്, ഒ അബ്ദുൾ ജലീൽ, ടി സനൂപ്, എംപി രജിൻ, കെ രഞ്ജിത്, എം അനീഷ്, കെകെ.അനൂപ്, ഹോം ഗാർഡ് കെ സുജിത് എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഏതാനും പാറക്കല്ലുകൾ നീക്കംചെയ്തശേഷം മറ്റുകല്ലുകൾ കയറിട്ട് ബന്ധിപ്പിച്ച് അഗ്‌നിരക്ഷാസേനാംഗങ്ങൾ നാട്ടുകാരുടെകൂടി സഹകരണത്തോടെ സാഹസികമായാണ് ഇരുപതുമിനിറ്റിനകം ഇയാളെ പുറത്തെത്തിച്ചത്. അവശനായ യുവാവിനെ പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
പത്തനംതിട്ട മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് സ്ത്രീയെ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി.
അതേസമയം, ഇവർക്ക് അഞ്ച് കുട്ടികളുണ്ടെന്നും ഇനി ഒരു കുട്ടിയെ വളർത്താൻ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവർ പ്രദേശത്ത് വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ് എന്നാണ് അറിയുന്നത്. രാവിലെ 11 മണിയ്ക്കാണ് സംഭവം.
കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കസ്റ്റഡിയിലെടുത്തു.
പ്രതി സെല്ലിനകത്തിരുന്ന മലമൂത്ര വിസര്‍ജ്ജനം നടത്തിയ ശേഷം പോലീസുകാര്‍ക്ക് നേരെ വാരിയെറിഞ്ഞു. നേമം പോലീസുകാര്‍ക്ക് നേരെയായിരുന്നു സ്വദേശി ഷാനവാസാണ് സ്റ്റേഷനുള്ളില്‍ പരാക്രമം നടത്തിയത്.
മാറനല്ലൂരിലെ ഒരു വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനാണ് ഷാനവാസിനെ നേമം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് പോലീസുകാരെ അസഭ്യം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഷാനവാസിനെ സെല്ലില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി സെല്ലിനകത്ത് മലമൂത്രവിസര്‍ജ്ജനം നടത്തി അവ പോലീസുകാര്‍ക്ക് നേരെ വാരിയെറിയുകയായിരുന്നു.
ഇതിനു പിന്നാലെ, പ്രതി സെല്ലിനകത്തുള്ള ശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളില്‍ ഇടിച്ച് തകര്‍ക്കാനും ശ്രമം നടത്തി. ഗതികെട്ട പോലീസ് ഒടുവില്‍ പ്രതിയുടെ കൈയില്‍ വിലങ്ങണിയിക്കുകയും തലയില്‍ ഹെല്‍മെറ്റ് ധരിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് പരാക്രമത്തിന് അവസാനമായത്.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ഷാനവാസ്. അടുത്തിടെ ലോറി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാന ഇടപാടുകാരന് കൂടിയാണ് ഷാനവാസെന്ന് പോലീസ് അറിയിച്ചു.