ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിക്കുന്ന മുസ്ലിം ആഘോഷമാണ് ബക്രീദ്. ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ എന്നും ഈദ് അല്‍ അദാ എന്ന പേരിലും ബക്രീദ് ആഘോഷിക്കുന്നു. ‘അദാ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ബലി’ എന്നാണ്. ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദിനെ വിശേഷിപ്പിക്കുന്നത്. ബലി പെരുന്നാള്‍ എന്ന വാക്കില്‍ നിന്ന് ‘വലിയ പെരുന്നാള്‍’ എന്ന പേരും ഈ ആഘോഷത്തിന് ലഭിച്ചു. പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്നാണ് അറവുമാടുകളെ ബലികൊടുക്കുന്നത്.
ദൈവത്തിന്റ കല്‍പന അനുസരിച്ച് പ്രവാചകനായ ഇബ്രാഹിം നബി ആദ്യ പുത്രനായ ഇസ്മായിലിനെ ബലികൊടുക്കാന്‍ തീരുമാനിച്ചു. അതിലൂടെ അദ്ദേഹം ദൈവത്തിന്റെ പരീക്ഷണത്തെ വിജയിച്ചു. ബലി നല്‍കുന്ന സമയത്ത് ദൈവദൂതന്‍ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ എന്നാണ് വിശ്വാസം.
ദൈവപ്രീതിക്കായി മനുഷ്യരെ ബലി നല്‍കരുതെന്ന സന്ദേശവും ഈ സംഭവം നമുക്ക് മനസിലാക്കിത്തരുന്നു. 400 ഗ്രാം സ്വര്‍ണ്ണത്തില്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീം വിശ്വാസിയും ബലി നല്‍കണം എന്നാണ് നിയമം. ഇത് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഭാഗമായി കാണുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ത്ഥന. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ല. പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു.
ഒത്തുചേരലില്ലാതെ കോവിഡിന്റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷിക്കുക. പള്ളികളില്‍ 40 പേര്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാം. ഇത് സാമൂഹിക അകലം പാലിച്ചായിരിക്കണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല.വീടുകളില്‍ ഇരുന്ന് ആഘോഷങ്ങളില്‍ പങ്കെടുത്ത് കോവിഡിനെതിരെയുള്ള പോരാട്ടം കൂടിയാണ് ഈ പെരുന്നാള്‍.
അതേ സമയം പെരുന്നാളിന് കിട്ടിയ ഇളവില്‍ കച്ചവട സ്ഥാപനങ്ങള്‍ സജീവമായിരുന്നു. ഇളവു ലഭിച്ച രണ്ടു ദിവസവും അത്ര തിരക്ക് അനുഭവപ്പെട്ടിരുന്നില്ലെങ്കിലും ഇന്ന് മിഠായിത്തെരുവ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ നിറഞ്ഞു.
‘രാത്രി രണ്ട് കടവിന് അപ്പുറം കെട്ടിയിട്ടിരുന്ന ചെറുവള്ളം രജനിയാണ് എടുത്തുകൊണ്ട് വന്നത്. നഗ്നയായിരുന്ന അനിതയുടെ മൃതദേഹത്തിലേക്ക് വസ്ത്രം ധരിപ്പിച്ച് പ്രതീഷ്, മൃതദേഹം തോളിലേറ്റി രജനിയുടെ വള്ളത്തിൽ കയറ്റി. ഒപ്പം കേറാൻ ശ്രമിച്ചെങ്കിലും വള്ളം ആടിയുലഞ്ഞു. ഇതോടെ തോടിന്റെ കൈവരിയിലൂടെ പ്രതീഷ് നടക്കുകയും രജനി അനിതയുടെ മൃതദേഹവുമായി വള്ളം തുഴഞ്ഞു. ഇടയ്ക്ക് അക്കരയിക്കരെ പോകാൻ നാട്ടുകാർ സ്ഥാപിച്ച തടിപ്പാലത്തിന്റെ അടിയിലൂടെ ഈ വള്ളം എങ്ങനെ കടന്നുപോയി എന്നത് അതിശയമാണ്.’
രജനിയും അനിതയും പ്രതീഷും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമാണ് രജനിയും പ്രതീഷും ചേർന്ന് അനിതയെ ശ്വാസം മുട്ടിച്ച് െകാല്ലുന്നത്. അനിതയുടെ ശരീരത്തിൽ കയറിയിരുന്ന പ്രതീഷ് കഴുത്തുഞെരിച്ചു. ഈ സമയം രജനി അനിതയുടെ കാലുകൾ കൂട്ടിപ്പിടിച്ചു. െതാട്ടപ്പുറത്ത് അടുക്കളയിൽ ഉറങ്ങി കിടന്ന രജനിയുടെ അമ്മ ഇതൊന്നും അറിഞ്ഞില്ല. അടുക്കളും കിടപ്പുമുറിയും മാത്രമുള്ള രജനിയുടെ വീട്ടിൽ വച്ചാണ് ഗർഭിണി കൂടിയായ അനിതയെ െകാന്നത്.
കൊലപ്പെടുത്താൻ രണ്ടാംപ്രതി രജനി മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണം. രജനിയുടെ (38) സഹോദരൻ കായലിൽ മുങ്ങി മരിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കുമെന്നായിരുന്നു പ്രതികൾ കരുതിയതെന്നു പൊലീസ് പറഞ്ഞു. എന്നാൽ രജനിയുടെ പദ്ധതി പൊളിച്ചത് മഴയും തോട്ടിലെ ഒഴുക്കുമാണ്.
10നു രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ കണ്ടെത്തിയത്. അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരൻ തിരിച്ചറിയുകയായിരുന്നു, . പോസ്റ്റ്മോർട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. അനിതയുമായുള്ള ബന്ധത്തെ എതിർത്ത രജനിയാണ് അനിതയെ ഒഴിവാക്കാൻ കൊലപ്പെടുത്തുകയെന്ന നിർദേശം വച്ചത്.
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വർഷം മുൻപു ഫേസ്ബുക്കിലൂടെയാണ് പ്രബീഷ് പരിചയപ്പെട്ടത്. ഡ്രൈവറായ പ്രബീഷ് തുടർന്ന് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 6 മാസം മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്.
അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. കനത്തമഴയിൽ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു. വെള്ളത്തിൽ വീണ ശേഷമാണ് അനിത മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആരോപണം. എന്‍.സി.പി നേതാവ് ഉള്‍പ്പെട്ട പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച ഫോണ്‍ റെക്കോര്‍ഡ് പുറത്തുവന്നു.ഹോട്ടല്‍ ഉടമയും എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ ജി.പത്മാകരനെതിരായ പരാതി ഒതുക്കാനാണ് മന്ത്രി പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചത്. പത്മാകരന്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തി പത്മകരന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പിന്‍വലിക്കുകയും മാപ്പ് പറയണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അപവാദ പ്രചാരണം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
എന്‍.സി.പി പ്രവര്‍ത്തകനാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇദ്ദേഹത്തെ വിളിച്ച മന്ത്രി പാര്‍ട്ടിയില്‍ ചെറിയ വിഷയമുണ്ട് അത് തീര്‍ക്കണമെന്ന് പറയുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നമില്ലെന്ന് കുട്ടിയുടെ പിതാവ് പറയുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ കേസ് എന്ന് മന്ത്രി തിരുത്തിപറയുന്നു. തന്റെ മകളെ പത്മാകരന്‍ കയറിപ്പിടിച്ച കേസാണോ എന്ന് ചോദിക്കുമ്പോള്‍ ‘അത് തന്നെ, അത് നല്ല നിലയില്‍ തീര്‍ക്കണം. പരിഹരിക്കണം’. എന്ന് പറയുന്നു. നല്ല നില എങ്ങനെയാണെന്ന് ചോദിക്കുമ്പോള്‍ ‘അത് നിങ്ങള്‍ക്കറിയാമല്ലോ. അത് തീര്‍ത്തിട്ട് ഇനി പിന്നീട് സംസാരിക്കാമെന്നും’ മന്ത്രി പറയുന്നു.മാര്‍ച്ച് മാസത്തില്‍ നടന്ന സംഭവത്തിലാണ് പത്മാകരന്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. തന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയ പത്മാകരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം പെണ്‍കുട്ടിയുടെ പിതാവും സഹോദരനും നാട്ടിലുണ്ടായിരുന്നില്ല. ഈ വിവരം പെണ്‍കുട്ടി സുഹൃത്തിനോട് മാത്രമാണ് പറഞ്ഞത്. എന്നാല്‍ നാണക്കേടാണ് പുറത്തുപറയേണ്ട എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചു. എന്നാല്‍ പത്മാകരന്‍ തന്റെ മകളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിച്ചതോടെയാണ് ജൂണ്‍ 28ന് പരാതി നല്‍കിയതെന്നും പിതാവ് പറയുന്നു.
കുണ്ടറ സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.പോലീസ് ആവശ്യപ്പെട്ട പ്രകാരം തൊട്ടടുത്ത തിങ്കളാഴ്ച സ്‌റ്റേഷനില്‍ എത്തിയ തന്നെയും മകളെയും എതിര്‍ കക്ഷികള്‍ വരട്ടെ എന്ന് പറഞ്ഞ് ഗേറ്റിനു പുറത്തുനിര്‍ത്തി. ഈ സമയം സി.ഐ അവിടെ ഉണ്ടായിരുന്നില്ല. 12 മണിവരെ പുറത്തുനിര്‍ത്തി പറഞ്ഞുവിട്ടു. എതിര്‍കക്ഷികള്‍ വന്നു പറയാനുള്ളത് സി.ഐയോട് പറഞ്ഞുവെന്നാണ് പോലീസുകാര്‍ അറിയിച്ചത്. തങ്ങളെ പിന്നീട് വിളിപ്പിക്കാമെന്ന് പറഞ്ഞ് മടക്കിയയച്ചു. എന്നാല്‍ താന്‍ അവിടെനിന്ന് തിരിച്ചുപോരുന്നവരെ സി.ഐ സ്‌റ്റേഷനില്‍ വന്നിട്ടില്ല. എതിര്‍കക്ഷികളും വന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു.
പരാതിയുടെ രസീത് പോലീസുകാരുടെ വാട്‌സ്ആപ്പില്‍ ഇട്ടതോടെ എസ്.പി ഇടപെട്ടു. ഉടന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞു. എന്നാല്‍ ആറ് ദിവസമായി ഇതുവരെ നടപടി വന്നിട്ടില്ല. സി.ഐയോട് ചോദിക്കുമ്പോള്‍ കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് കിട്ടുന്നതെന്നും പിതാവ് പറഞ്ഞു.
എന്‍.സി.പി ജില്ലാ പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യമൊന്നും ഇടപെടാന്‍ തയ്യാറാകാത്ത നേതാക്കള്‍ മന്ത്രി വിളിച്ചതിനു ശേഷം തന്നെവിളിച്ച് ഭീഷണി മുഴക്കി. പത്മാകരനോട് കളിച്ചാല്‍ പ്രത്യാഘാതമുണ്ടാകും. പത്മാകരന്‍ ഏതു കളിയും കളിക്കുമെന്നും പറഞ്ഞു. മന്ത്രി കേസില്‍ ഇടപെട്ടതുകൊണ്ടാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും പിതാവ് പറയുന്നു.അതേസമയം, പീഡന പരാതിയാണെന്ന് അറിയാതെയാണ് ഇടപെട്ടതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കാരെകുറിച്ച് കേട്ടപ്പോള്‍ വിളിച്ച് വിവരം തിരക്കുകയാണ് ചെയ്തത്.
മക്കൾക്കു ചെലവിനു നൽകണമെങ്കിൽ കുട്ടികളുടെ പിതൃത്വം ഡിഎൻഎ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് ഭർത്താവു വെല്ലുവിളിച്ചതോടെയാണ് ജീവനാംശത്തിനായി യുവതി വനിത കമ്മിഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെയും മൂന്ന് മക്കളെയും കമ്മീഷൻ സൗജന്യമായി ഡിഎൻഎ ടെസ്റ്റിന് വിധേയരാക്കി.
ഡിഎൻഎ പരിശോധനയിലൂടെ യുവതിക്ക് കുട്ടികളുടെ പിതൃത്വവും സ്വന്തം അഭിമാനവും സംരക്ഷിക്കാൻ സഹായമൊരുക്കി വനിത കമ്മീഷൻ. ചിറയിൻകീഴ് സ്വദേശിയും പ്രായപൂർത്തിയായ രണ്ട് മക്കളുമുള്ള പരാതിക്കാരി തുടർന്നുള്ള കുടുംബജീവിതത്തിന് താല്പര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെതുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. 20 വർഷം മുൻപ് വിവാഹിതരായ ഇരുവരും ഏഴ് വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു.
പരിശോധനയിൽ കുട്ടികളുടെ അച്ഛൻ ഇയാൾ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും വിളിച്ചുവരുത്തി. എന്നാൽ പിതൃത്വം തെളിയിക്കപ്പെട്ടിട്ടും കുടുംബത്തെ ഒപ്പം കൂട്ടാനോ ജീവനാംശം നൽകാനോ ഇയാൾ തയാറായില്ല. പരാതിക്കാരിക്കു കുടുംബ കോടതിയിൽ ജീവനാംശം ലഭിക്കുന്നതിന് വേണ്ട സഹായം കമ്മിഷൻ തന്നെ ചെയ്യുമെന്ന് പരാതി കേട്ട കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര പറഞ്ഞു. കമ്മിഷൻ അംഗം ഇ.എം.രാധയും അദാലത്തിൽ പങ്കെടുത്തു. ഇതുൾപ്പെടെ 24 പരാതികളാണ് പരിഗണിച്ചത്.
ടി.പി.ചന്ദ്രശേഖരന്റെ മകനെയും ആർഎംപി നേതാവ് എൻ.വേണുവിനെയും കൊല്ലുമെന്ന് ഭീഷണിക്കത്ത്. ടി.പിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ.രമയുടെ ഓഫീസ് വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ വേണു വടകര എസ്പിക്ക് പരാതി നൽകി.
ചാനൽ ചർച്ചയിൽ സിപിഎം എംഎൽഎ എ.എൻ.ഷംസീറിനെതിരേ ഒന്നും പറയരുതെന്നും ഇത്തരം മുന്നറിയിപ്പ് അവഗണിച്ചതാണ് ടി.പിക്ക് വിനയായതെന്നും കത്തിൽ ഭീഷണിയുണ്ട്.
സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ സിനിമാ ചിത്രീകരണത്തിന് മാര്‍ഗരേഖയായി. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക.
ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സംഘടനകള്‍ക്ക് നല്‍കണം.
48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഷൂട്ടിങ് സൈറ്റിങ് പ്രവേശനം അനുവദിക്കുകയുള്ളൂ. എല്ലാ ദിവസവും രാവിലെ ശരീരോഷ്മാവ് പരിശോധിക്കണം, സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം,
സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ്, വസ്ത്രാലങ്കാരം എന്നിവയിലുള്ളവര്‍ ജോലിസമയത്ത് കൈയുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം.
നിര്‍ദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോള്‍ പുതിയ മാസ്‌ക് സെറ്റില്‍ വിതരണം ചെയ്യണം. 80% ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റെസര്‍ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നല്കണം.
കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കരുത്, ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ സെറ്റില്‍ ഉണ്ടായിരിക്കണം. കാനില്‍ ചൂടു വെള്ളം നിറച്ച് പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് കുടിക്കണം. കുപ്പികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങള്‍, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങള്‍, എന്നിവ അണുവിമുക്തം ആക്കണം. ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്തമാണ്.
ചിത്രീകരണം തുടങ്ങാനിരിക്കുന്നവര്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്കണം. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍ ഒടിടി ഉള്‍പ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാര്‍ഗരേഖ ബാധകമായിരിക്കും.
ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്. മാര്‍ഗരേഖ നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകള്‍ സന്ദര്‍ശിക്കും.
യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്. രാമങ്കരി സ്വദേശിനി സെസ്സി സേവ്യറിന് എതിരെ ആണ് പരാതി. മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ഇവര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷനില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ സെക്രട്ടറി ആലപ്പുഴ നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
സെസ്സി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എന്‍ റോള്‍മെന്റ് നമ്പര്‍ നല്‍കി അംഗത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ പൊലീസ് സെസ്സിക്കെതിരെ കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് ഇവരെ പുറത്താക്കിയിരുന്നു.
രണ്ടര വര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം അസോസിയേഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സെസി സേവ്യര്‍ ഒളിവിലാണ്. അസോസിയേഷനില്‍ കൂടുതല്‍ ഭൂരിപക്ഷം നേടി ജയിച്ച ഇവര്‍ ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആലപ്പുഴ കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ബി ശിവദാസിന്റെ കീഴിലാണ് ഫൈനല്‍ ഇയര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിയായ സെസി എത്തിയത്.
ഇന്റന്‍ഷിപ്പിന്റെ ഭാഗമായി ആയിരുന്നു ഇത്. തുടര്‍ന്ന് പഠനത്തിന്റെ ഭാഗമായി കോടതികളില്‍ ഇവര്‍ എത്തുകയും ചെയ്തിരുന്നു. പഠന കാലയളവ് കഴിഞ്ഞ് അഭിഭാഷക എന്ന നിലയില്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടുകയും ചെയ്തു. വര്‍ഷങ്ങളോളം ഇവര്‍ നിയമബിരുദം കരസ്ഥമാക്കി എന്നാണ് സഹപ്രവര്‍ത്തകരെയും ,കോടതിയേയും മറ്റുള്ളവരെയും വിശ്വസിപ്പിച്ചിത്. ബാര്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ എന്‍ റോള്‍ ചെയ്തതായി അറിയിച്ച് ബാര്‍ അസോസിയേഷന്‍ അംഗത്വത്തിനായി സമീപിക്കുകയും 2019 മാര്‍ച്ച് 30ന് അംഗത്വം കരസ്ഥമാക്കുകയും ചെയ്തു.
തുടര്‍ന്ന് അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിന്റെ പ്രധാന രേഖകള്‍ കണ്ടെത്താനാകാതെ വന്നതോടെയാണ് കള്ളക്കളി പുറത്തായത്. ആ സമയം പ്രമുഖ അഭിഭാഷകന് കീഴില്‍ ഇന്റന്‍ഷിപ്പ് പൂര്‍ത്തീകരിച്ച് ജൂനിയര്‍ അഡ്വക്കേറ്റായി പ്രാക്ടീസ് തുടങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഈ കഴിഞ്ഞ ജൂലൈ 5 ന് അസോസിയേഷന് ലഭിച്ച ഒരു അജ്ഞാത കത്തില്‍ നിന്നാണ് വ്യാജരേഖകള്‍ വച്ചാണ് സെസ്സി അഭിഭാഷകയായി തുടരുന്നതെന്ന് വിവരം ലഭിക്കുകയായിരുന്നു.സെസ്സി ഉപയോഗിക്കുന്ന റോള്‍ നമ്പര്‍ വ്യാജമാണെന്ന് കത്തില്‍ നമ്പര്‍ സഹിതം വ്യക്തമാക്കിയിരുന്നു.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്നതിനാലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും താന്‍ അവധിയില്‍ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുന്‍പാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്നും ജഡ്ജി അറിയിക്കുകയായിരുന്നു.
എത് ബെഞ്ചിന് മുന്‍പാകെയാണെങ്കിലും വാദം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് 16-ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്.
മാതാപിതാക്കളെ കാണാൻ രണ്ട് ദിവസമെങ്കിലും പരോൾ അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ അഭിഭാഷകന്‍ ഇതിനെ എതിർത്തു. ഇതോടെ കോടതിയും ഈ ആവശ്യം തള്ളി. കേസില്‍ തുടര്‍ന്ന് വാദം കേള്‍ക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇ.ഡിയ്ക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹാജരായി.
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാസര്‍കോട് ചിറ്റാരിക്കലില്‍ ആണ് സംഭവം. കടുമേനി സ്വദേശി ആന്റോ ചാക്കോച്ചൻ (28) ആണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഒരുവര്‍ഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാല്‍ പൊലീസ് ആന്റോയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി കുട്ടിയുടെ അമ്മ ജൂലായ് 13ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൊച്ചി മറൈന്‍ ഡ്രൈവില്‍ വാടക കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ജിസിഡിഎ അധികൃതര്‍ കട അടച്ച് പൂട്ടി. ഉപജീവന മാര്‍ഗം ഇല്ലാതായതോടെ നാല് ദിവസമായി കടക്ക് മുന്നില്‍ സമരത്തിലായിരുന്നു അന്‍പത്തിനാലുകാരിയായ വീട്ടമ്മ. വാടക കുടിശ്ശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപ അടക്കാനുണ്ടെന്നാണ് ജിസിഡിഎ അധികൃതര്‍ പറയുന്നത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ പ്രമുഖ വ്യവസായി എം എ യൂസഫലി പ്രസന്ന അടക്കാനുള്ള തുക മുഴുവന്‍ അടക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കോവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിട്ടു.
2015 മുതല്‍ വാടക അടക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ എറണാകുളം എംഎല്‍എ ടി ജെ വിനോദ് ഇടപെട്ടു. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.