അര്‍ബുദത്തെ ചെറുപുഞ്ചിരിയോടെ പോരാടി ലോകത്തോട് വിടപറഞ്ഞ നന്ദുമഹാദേവ കേരളത്തിന്റെ കണ്ണീര്‍മുഖമാണ്. കാന്‍സറിനോട് അവസാന നിമിഷം വരെയും പടപൊരുതിയാണ് നന്ദു മരണം വരിച്ചത്. നന്ദുമഹാദേവ എങ്ങും പോയിട്ടില്ലെന്ന് അമ്മ ലേഖ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പുമായി എത്തിയത്.
നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല. നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും. ആയിരം സൂര്യന്‍ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും. ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോഴും. അവന്റെ അമ്മ തളര്‍ന്ന് പോകില്ല. ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ. ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു. കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ… നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണമെന്ന് ലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു നന്ദു. ഇതോടെ കൊഴിഞ്ഞുപോയത് അര്‍ബുദത്തോട് മല്ലടിക്കുന്ന ഒരു കൂട്ടര്‍ക്കുണ്ടായിരുന്ന ധൈര്യം കൂടിയായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണമെന്ന ആശയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ആളുകൂടിയായിരുന്നു നന്ദു.
മരണ വേദനയിലും ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. അവസാന നാളുകളില്‍ പോലും ഒരു ചെറുചിരിയോടെ മാത്രമായിരുന്നു നന്ദു പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് സ്വയം മാതൃക കൂടി കാണിച്ചു തരികയായിരുന്നു നന്ദു മഹാദേവ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.
ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളർന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോൻ ആണ് നന്ദുമഹാദേവ.
ഞങ്ങൾ തളർന്ന് പോകില്ല അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങൾ നമുക്ക് ഒരുമിച്ചു നിറവേറ്റണം.
രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ 500 പേരിൽ ചുരുക്കി നടത്തുമ്പോൾ ജനങ്ങളുടെ മനസാണ് യഥാർത്ഥ സത്യപ്രതിജ്ഞാ വേദിയെന്ന് പിണറായി വിജയൻ.
ജനലക്ഷങ്ങളോട് പറയാനുള്ളത് ഇതാണ് സെൻട്രൽ സ്റ്റേഡിയമല്ല കേരളത്തിലെ ഒരോ മനുഷ്യരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഈ പരിമതി ഇല്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നു. ഇടതുമുന്നണിക്ക് ചരിത്രവിജയം നൽകി രണ്ടാമൂഴം ചരിത്രത്തിൽ ആദ്യമെന്ന പോലെ സാധ്യമാക്കിയവരാണ് നിങ്ങൾ.
തുടങ്ങിവച്ചതും ഏറെ മുന്നോട്ട് പോയതുമായ ക്ഷേമപദ്ധതികൾ തുടരാൻ വിധി എഴുതിയവരാണ് നിങ്ങൾ. നിങ്ങൾ എല്ലാവരും ഞങ്ങളുടെ മനസിലുണ്ട്. അതിനപ്പുറമല്ല ഒരു സ്റ്റേഡിയവുമെന്നും അദ്ദേഹം പറഞ്ഞു.
3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന ചടങ്ങിൽ 500 വലിയ എണ്ണം അല്ല. 21 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഗവർണർ ചീഫ് സെക്രട്ടറി രാജ്ഭവനിലേയും സെക്രട്ടേറിയറ്റിലേയും ഒഴിച്ചു കൂടാനാവാത്ത ഉദ്യോഗസ്ഥർ ഇവരെല്ലാം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബാലുശ്ശേരി സ്ഥാനാർഥിയായിരുന്ന ധർമജൻ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത് തോൽവി നേരിട്ട ധർമജന് നേരെ ധാരാളം ട്രോളുകളും ഇറങ്ങി . ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ഞാൻ അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ ഞാൻ പ്രസംഗങ്ങൾക്കിടയിൽ പറഞ്ഞിട്ടുമുണ്ട് നേപ്പാളിൽ ഷൂട്ടിങ്ങിന് പോകുമെന്നും മുങ്ങി എന്ന് പറയാൻ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പോലും ഞങ്ങൾ ഷൂട്ടിങ്ങിൽ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങൾക്ക് മനസ്സിലായി അവർക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി.
സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭ. സിപിഎമ്മിനു പന്ത്രണ്ടും സിപിഐയ്ക്ക് നാലും മന്ത്രിമാരാണുണ്ടാവുക. കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ക്ക് ആദ്യത്തെ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിക്കും. തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും.
സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
സത്യപ്രതിജ്ഞ 20നു നടക്കും. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ആളുകള്‍ക്കു പങ്കെടുക്കാവുന്ന തരത്തിലായിരിക്കും ചടങ്ങ്.
18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്ക് അഭ്യര്‍ഥിക്കും.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ചത്. ആ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിലയിലാണ് കാര്യങ്ങളെ കാണുന്നത്.
മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിനെ തഴഞ്ഞിട്ടില്ല. ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫ് കൂട്ടായെടുത്ത തീരുമാനം. ഭരണഘടനാപരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ. ആ പരിമിതിയില്‍നിന്നു കൊണ്ടേ തീരുമാനം എടുക്കാന്‍ കഴിയൂ. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
ഘടകകക്ഷികളെ പരിഗണിച്ചപ്പോള്‍ മന്ത്രിമാരുടെ എണ്ണത്തില്‍ സിപിഎമ്മിനു നഷ്ടം സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 13 മന്ത്രിമാരാണു സിപിഎമ്മിനു ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 12 ആയി കുറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍.ജയരാജ് ചീഫ് വിപ്പുമായേക്കും. എന്‍സിപിയില്‍നിന്ന് എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. രണ്ടര വര്‍ഷം മന്ത്രിയാകുന്ന ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. ഇവര്‍ക്കു പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബിയിലെ ബി.ഗണേശ് കുമാര്‍ എന്നിവര്‍ അടുത്ത രണ്ടര വര്‍ഷം മന്ത്രിയാകും. ജനതാദള്‍ എസിനു ലഭിച്ച മന്ത്രിസ്ഥാനം കെ.കൃഷ്ണന്‍ കുട്ടിയും മാത്യു ടി.തോമസും തമ്മില്‍ രണ്ടര വര്‍ഷം എന്ന നിലയില്‍ വീതം വയ്ക്കാനാണു സാധ്യത.
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കോവിഡ് രോഗികളുടെ മൃതദേഹം മാറിനൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. സംസ്ക്കാരത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്.
സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സുന്ദരന്റെ ബന്ധുക്കൾ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് കൗസല്യയുടെ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുന്ദരന്‍റേതെന്ന് പറഞ്ഞ് സുന്ദരന്‍റെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൗസല്യയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു.സുന്ദരന്‍റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.
ബന്ധുക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. സുന്ദരൻ്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മൃതദേഹങ്ങളോട് കാണിച്ചത് അനാദരവാണെന്നും ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാൽ പറഞ്ഞു.
മലപ്പുറത്ത് കോവിഡ് രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചതായി പരാതി. പുറത്തൂർ സ്വദേശി ഫാത്തിമ്മ (63) ആണ് മരിച്ചത്. വളാഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം.
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വെന്റിലേറ്ററിനായി സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. ഈ മാസം പത്താം തിയതിയാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാരദ കൈക്കൂലി കേസിൽ തൃണമൂൽ നേതാക്കളെയും മന്ത്രിമാരെയും സിബിഐ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി. കോൽക്കത്തയിലെ സിബിഐ ഓഫീസിൽ മമത നേരിട്ടെത്തി. രണ്ടു മന്ത്രിമാർ ഉൾപ്പെടെ നാലു നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവ്ഹൻ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്.
നാല് മന്ത്രിമാര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് തൃണമൂൽ നേതാക്കൾ കുറ്റപ്പെടുത്തി.
പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ബാങ്ക് ജീവനക്കാരനായ പ്രതി വിജീഷ് വർഗീസിനെ പോലീസ് പിടികൂടി. ബംഗളുരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തട്ടിപ്പ് വെളിപ്പെട്ടതോടെ ഇയാൾ ഭാര്യയേയും രണ്ട് കുട്ടികളേയും കൂടെകൂട്ടി ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയിൽ എത്തിച്ചേരും.
ബാങ്കിലെ ക്ലാർക്ക് കം കാഷ്യറായി കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസ് ജോലി ചെയ്തിരുന്നത്. ഈ ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്.
ഒടുവിൽ ക്രമക്കേട് കണ്ടെത്തിയതോടെ, ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് മുങ്ങിയത്. കാറിൽ പുറപ്പെട്ട് എറണാകുളത്തെത്തിയ ഇയാൾ കാർ അവിടെ ഉപേക്ഷിച്ചു. തുടർന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയിൽ താമസിക്കാൻ പദ്ധതിയിട്ടുവെങ്കിലും അവസാന നിമിഷം ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു.
മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയിൽ നിന്ന് പോലീസ് സംഘം ബംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. നാടകീയമായി ആയിരുന്നു ഇക്കാര്യം വെളിപ്പെട്ടതും. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇക്കാര്യം ജീവനക്കാരൻ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു.
തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയതോടെയാണ് തട്ടിപ്പുകൾ ഓരോന്നായി വെളിപ്പെട്ടത്. ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ, കോടികൾ നഷ്ടമായെന്ന് വ്യക്തമായി. ബാങ്കിലെ മറ്റ് ജീവനക്കാർക്കും തട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തിയ അധികൃതർ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കടയിൽ നിന്നും വീട്ടിലേക്ക് നടന്നുപോയ ഹൃദ്രോഗി വീട്ടിലെത്തി അൽപ്പസമയത്തിന് ശേഷം കുഴഞ്ഞുവീണു മരിച്ചു. കാൽനടയായി വീട്ടിൽ എത്തിയ നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57) ആണ് കുഴഞ്ഞു വീണു മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴം വാങ്ങുകയായിരുന്നു സുനുൽകുമാർ. ഇതിനിടെ പരിശോധനയ്ക്ക് എത്തിയ പോലീസ് ഇയാളുടെ പക്കൽ പുറത്തിറങ്ങുന്നതിനുള്ള സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടിരുന്നു.
ട്രേഡ് യൂണിയൻ സംഘടനകൾ തിങ്കളാഴ്ചത്തെ റേഷൻ കടയടപ്പു സമരത്തിൽ പങ്കെടുക്കില്ല. ആവശ്യങ്ങൾ സർക്കാർ ഉടൻ പരിഗണിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ, കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ സമരത്തിനില്ലെന്ന് അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളും തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് മഹാമാരിയും, കാലാവസ്ഥ പ്രതികൂലമായതിനാലും ജനങ്ങൾക്ക് റേഷൻ വിതരണം തടസമുണ്ടാകും എന്നതിനാലും ജീവനക്കാരുടെ പ്രയാസം കണക്കിലെടുത്തു സർക്കാർ നൽകിയ ഉറപ്പിന് മേലും സമരത്തിൽ നിന്നും പിന്മാറിയതെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ, സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രൻ പിള്ളയും കെആർഇഎഫ് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു എന്നിവർ സംയുക്ത പ്രതാവനയിൽ പറഞ്ഞു. റേഷൻ ജീവനക്കാരുടെ ന്യായമായ സമര പ്രഖ്യാപനത്തിന് എക്കാലവും ഒപ്പം ഉണ്ടാകുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു..