കോഴിക്കോട്: മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണം ദുരൂഹമാണെന്ന് വ്യക്തമായതോടെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി ഷാജ് ജോസിനാണ് അന്വേഷണ ചുമതല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റുവെന്ന് വ്യക്തമായിരുന്നു. ഇതാണ് ദുരൂഹതയ്ക്ക് കാരണമായിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ ഫോറൻസിക് സംഘത്തിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെത്തി റൂറൽ എസ്പിയാണ് മൊഴി ശേഖരിച്ചത്. വിശദമായ മൊഴിയ്ക്കായി എസ്പി ഡോക്ടർമാരെ ഒപ്പം കൂട്ടിയാണ് മെഡിക്കൽ കോളജിൽ നിന്നും മടങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മറ്റ് പ്രതികളും ഒളിവിൽ താമസിച്ചിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരണത്തിൽ ദുരൂഹത ഏറിയത്. മൃതദേഹം കണ്ടെത്തിയ തോട്ടത്തിലും സമീപ പ്രദേശങ്ങളിലും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പ്രതി ജീവനൊടുക്കിയതാണെന്ന് കരുതുന്നില്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നും കെ.സുധാകരൻ എംപി ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ സിപിഎം ഇത്തരം കൃത്യങ്ങൾ നടത്തുമെന്നായിരുന്നു സുധാകരന്റെ ആരോപണം.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോര്‍ജ് എംഎൽഎ. സ്വന്തം താല്പര്യങ്ങള്ക്കായി ഇടതുവലതു മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമം. പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിന്നു പി.സി.ജോര്‍ജ്.
പാലരുവി എക്സ്പ്രസിന്റെ എന്ജിന് മുന്പില് മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ട്രെയിന്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍നിന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ലോക്കോ പൈലറ്റിനെയും സ്റ്റേഷന് അധികൃതരെയും ഇവര്‍ വിവരമറിയിച്ചു.
പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേക്ക്പോയ പാലരുവി എക്സ്പ്രസിന്റെ എന്ജിന് മുന്പില് മൃതദേഹം കുരുങ്ങിക്കിടന്ന നിലയില്‍ കണ്ടെത്തിയത്.സ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. നാലുകോടി സ്വദേശി ഓമനക്കുട്ടന്റെ മൃതദേഹമാണ് ട്രെയിനില്‍ കുരുങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം എടുത്തുമാറ്റി ഒരു മണിക്കൂറോളം വൈകിയാണ് തിരുവല്ലയില്‍ നിന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായ എംഎ യൂസഫലിയും കുടുംബവും ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടം.
ചെലവന്നൂര്‍ കായലോരത്തെ വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക്ഷോര്‍ ആശുപത്രിയിലേക്കായിരുന്നു യൂസഫലിയുടെയും കുടുംബത്തിന്റെയും യാത്ര.
വീട്ടുമുറ്റത്തുള്ള ഏറ്റവും മുന്തിയ വാഹനങ്ങളില്‍ യാത്ര ചെയ്താല്‍ 15 മിനിട്ട് കൊണ്ടെത്താവുന്ന ദൂരമാണ് ആശുപത്രിയിലേക്കുള്ളത്. എന്നാല്‍ ഭാര്യയും ബന്ധുക്കളുമൊന്നിച്ചുള്ള യാത്രയ്ക്ക് യൂസഫലി തെരഞ്ഞെടുത്തത് ഹെലിക്കോപ്റ്ററായിരുന്നു.
മുന്തിയ കാറുകള്‍ക്ക് പുറമേ സ്വന്തമായി രണ്ടു വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും ഉള്ള അതിസമ്പന്നനാണ് യൂസഫലി. 2018 നവംബറില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ ജെറ്റ് വിമാനം എഎ യൂസഫലിയുടേതായിരുന്നു.
360 കോടി രൂപ വിലയുള്ള ഗള്‍ഫ് ശ്രേണിയില്‍പെട്ട ജി. 550 വിമാനം യൂസഫലി വാങ്ങിയത് 2 വര്‍ഷം മുമ്പായിരുന്നു. എംബ്രാറെര്‍ ലെഗസി 650 ഇനത്തില്‍പ്പെട്ട 13 യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാവുന്ന 150 കോടിയുടെ സ്വകാര്യ വിമാനവും യൂസഫലിയ്ക്ക് സ്വന്തമായുണ്ട്. 90 കോടി രൂപ വില വരുന്ന രണ്ട് ഹെലികോപറ്ററുകളുമുണ്ട്.
ബെന്റ്ലി കോണ്ടിനെന്റല് ജി.ടി വി. 8എസ്(3.85 കോടി), റോള്‍സ് റോയിസ്(6.95 കോടി), റേഞ്ച് റോവര്‍(1.95 കോടി), ബി.എം.ഡബ്ല്യു 730 എല്‍.ഡി (1.35 കോടി), മിനി കൂപ്പര്‍ കണ്ട്രിമാന് (34.9 കോടി) ലെക്സസ്(1.39 കോടി) കേരളത്തില്‍ യൂസഫലിയ്ക്കായി യാത്ര സജ്ജമായ കാറുകളില്‍ ചിലത് ഇവയാണ്.
ജന്മ നാടായ നാട്ടികയിലേക്കുള്ള പതിവുയാത്രകളും ലുലു ആസ്ഥാനമായ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റിലേക്കും ചെലവന്നൂരിലെ വീട്ടിലേക്കും ലേക്ക് ഷോര്‍ ആശുപത്രിയിലേയ്ക്കുമുള്ള പതിവുയാത്രകളില്‍ ഹെലികോപ്റ്റര്‍ തന്നെയാണ് സന്തതസഹചാരി.
അപകടത്തില്‍ യൂസഫലിയ്ക്കും കുടുംബത്തിനും ആപത്തില്ലെന്ന വാര്‍ത്തയുടെ സന്തോഷത്തിലാണ് കേരളക്കരമുഴുവന്‍. ഇന്നു രാവിലെ എട്ടരയോടെയാണ് ലേക്ക് ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പനങ്ങാട് കുഫോസ് ക്യാമ്പസിനുടുത്തുള്ള ചതുപ്പുനിലത്ത് യൂസഫലിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.
യൂസഫലിയും ഭാര്യയും പൈലറ്റുമുള്‍പ്പെടെ ആറു പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കുഫോസ് ക്യാമ്പസില്‍ ഇറക്കാന്‍ കഴിയാതിരുന്ന ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.
മോശമായ കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്ത് സോഫ്റ്റ് ലാന്റിംഗ് നടത്തുകയായിരുന്നുവെന്ന് ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണവുമാരംഭിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്ക്കപ്പെട്ട യൂസഫലിയുടെയും കുടുംംബത്തിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യൂസഫലിയ്ക്ക് നടുവേദന അനുഭവപ്പെടുന്നതിനാല്‍ സ്കാനിംഗ് അടക്കമുള്ള ടെസ്റ്റുകള്‍ നടത്തി.
ദിവസങ്ങള്‍ക്ക് മുമ്പ് ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ മലയാളികളിൽ ഒന്നാമനാണ് യൂസഫലി. 10 മലയാളികള്‍ ഇടംപിടിച്ച പട്ടികയില്‍ 35600 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ഉടമയായ എംഎ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമന്. ആഗോള തലത്തില്‍ 589 ാം സ്ഥാനം. രാജ്യത്തെ അതിസമ്പന്നരില്‍ 26ാമന്‍.
റോഡിന്റ നടുവിൽ വൈദ്യുതി പോസ്റ്റ് നിലനിർത്തി റോഡ് നിർമ്മാണം പൂർത്തിയാക്കിയത് വിവാദത്തിൽ. കിഫ്ബി ധനസഹായത്തിൽ നിർമ്മിച്ച റോഡാണ് സംസ്ഥാനത്തെ തന്നെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെ ഉത്തമോദാഹരണമാകുന്നത്. മൺറോതുരുത്ത് പഞ്ചായത്തിലെ കനറാ ബാങ്ക് പേഴുംതുരുത്ത് റോഡിൽ എസ് വളവിന് 200 മീറ്റർ അടുത്താണ് ഈ നിചിത്ര റോഡ് നിലനിൽക്കുന്നത്.
ആറ് മാസങ്ങൾക്ക് മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂടുമ്പോൾ പാതയോരത്തായിരുന്ന പോസ്റ്റ് പാതക്കുള്ളിലേക്ക് വരുമെന്ന് പകൽ പോലെ വ്യക്തമായിരുന്നെങ്കിലും ആരും വേണ്ട ഇടപെടൽ നടത്തിയില്ല. വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന് വൈദ്യുതി ബോർഡ് 90,000 രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് നൽകിയിരുന്നു.
പക്ഷെ, കാലമിത്രയുമായിട്ടും പണി തുടങ്ങുന്നതിന് മുമ്പ് വൈദ്യുതിതൂൺ മാറ്റിസ്ഥാപിക്കാൻ ഒരു നടപടിയുമായില്ല. പണി വൈകിക്കേണ്ട എന്ന വിചിത്രന്യായമാണ് ടാറിങ്ങിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നത്. പണി തീർന്നുകഴിഞ്ഞ് വീണ്ടും കുഴിച്ച് പോസ്റ്റ് മാറ്റുമ്പോൾ റോഡിനുണ്ടായ കേട്പാട് ആരുതീർക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.
രാത്രികാലങ്ങളിൽ യാത്രചെയ്യുന്നവരുടെ ജീവൻ തന്നെ കവരുന്ന രീതിയിലാണ് ഇപ്പോൾ പോസ്റ്റ് നിൽക്കുന്നത്. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതും സാമാന്യബുദ്ധി പോലും ഉപയോഗിക്കാതെ കടലാസിലുള്ളത് നടപ്പാക്കുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നത്. അപകടം ഒഴിവാക്കാൻ പോസ്റ്റിൽ റിഫ്ളക്ടർ വെയ്ക്കുമെന്നാണ് ഇപ്പോൾ ഉദ്യോഗസഅഥരുടെ ന്യായം.
എറണാകുളത്ത് കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചതുപ്പുനിലത്തില്‍ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. വ്യവസായി എം.എ.യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്ററാണ് തിരിച്ചിറക്കിയത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന വ്യവസായിയുടെ കുടുംബം സുരക്ഷിതരാണ്.
സാങ്കേതിക തകരാറെന്നാണ് പ്രാഥമിക നിഗമനം.വ്യോമയാന അധികൃതരെത്തി കൂടുതല്‍ പരിശോധന നടത്തും’. ഹെലികോപ്റ്ററിലുണ്ടായിരുന്നത് ഏഴ് പേരെന്നും എല്ലാവരും സുരക്ഷിതരെന്നും ഡിസിപി.
ആദ്യം നന്നായി പേടിച്ചു, നേരെ വന്ന് ഒറ്റ വീഴ്ച. പൈലറ്റും ഞാനും കൂടി ഗ്ലാസ് നീക്കി അദ്ദേഹത്തെ താഴേക്കിറക്കി. പുള്ളി ചെയ്ത പുണ്യപ്രവര്‍ത്തികള്‍ കൊണ്ടാണ് ഒരു പോറലുപോലും ഏല്‍ക്കാഞ്ഞത്..’ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത് കണ്ട ദൃക്സാക്ഷി രാജേഷ് പറഞ്ഞു
ഹെലികോപ്റ്റര്‍ സേഫ് ലാന്റ് ചെയ്യുകയായിരുന്നു. യൂസഫലിയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. സ്കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും.
യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപാണ് അടിയന്തര സാഹചര്യമുണ്ടായത്. ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.
സംഭവം കണ്ട ദൃക്സാക്ഷിയായ രാജേഷും പൈലറ്റും ചേർന്നാണ് യൂസഫലിയേയും ഭാര്യയേയും പുറത്തെത്തിച്ചത്.തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്ന് രാജേഷ് പറയുന്നു.
കൊച്ചി: ലുലു ഗ്രൂപ്പിന്റെ ചെയര്മാന് യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള ഏഴ് പേര് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇന്ന് രാവിലെ നിയന്ത്രണം തെറ്റി പനങ്ങാട് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ചതുപ്പിലിറങ്ങി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരിക്കില്ല. എമർജൻസി ലാന്റിംഗ് ആയിരുന്നു.
യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ഇടിച്ചിറക്കുകയായിരുന്നു. ജനവാസകേന്ദ്രമായ ഈ സ്ഥലത്തിന്റെ സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കിയതു കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
റോമിലെ മദർ ജോസ്ഫീൻ വനീനി ആസ്പത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിലെ ഫലകത്തിൽ സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്’ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
മലയാളിയായ സിസ്റ്റർ തെരേസയുടെ പേര് ആ റോഡിനു നൽകിയിരിക്കുന്നത് അവരോടുള്ള ബഹുമതിയായാണ്. കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ചതിന് വനിതാ ദിനത്തിൽ റോമാ നഗരം സിസ്റ്ററിനെ ആദരിച്ചു.
രണ്ടു തവണ കോവിഡ് പിടികൂടിയിട്ടും ഒരു വട്ടം മരണത്തിന്റെ വക്കോളം എത്തിയിട്ടും അതിനെ അതിജീവിച്ചു ജീവിതത്തിലേക്കു തിരികെയത്തി കോവിഡ് രോഗികൾക്കായി പ്രവർത്തിച്ച കണ്ണൂർ കൊട്ടിയൂർ നെല്ലിയോടി സ്വദേശിനി സിസ്റ്റർ തെരേസ വെട്ടത്തിന് ഇറ്റലിയിൽ ആദരം. കോവിഡ് കാലത്തെ നിസ്വാർഥ സേവനത്തിനുള്ള ആദരമായി റോമിന് അടുത്തുള്ള ഒരു റോഡിനു സിസ്റ്റർ തെരേസയുടെ പേരു നൽകുകയായിരുന്നു.
കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് ഇറ്റലി ആദരമര്‍പ്പിച്ചപ്പോളാണ് സിസ്റ്റർ രാജ്യത്തിൻ്റെ അഭിമാനമായത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കിയത്.ആസ്പത്രി കോവിഡ് സെൻ്ററാക്കി മാറ്റിയപ്പോൾ അതിൻ്റെ ഇൻചാർജ് സിസ്റ്റർ തെരേസ ആയിരുന്നു.
സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള എട്ടു വനിത നേഴ്സുമാരെ മുനിസിപ്പാലിറ്റി ആദരിച്ചു. ഇറ്റലിയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
30 വർഷമായി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ തെരേസ ഇറ്റലിയിലെ മാദ്രേ ജോസഫൈൻ വന്നിനി ആശുപത്രിയിലെ കൊച്ചു മുറിയിലേക്കു താമസം മാറ്റിയാണു സേവനം ചെയ്തത്. കൊട്ടിയൂരിലെ പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും മൂന്നാമത്തെ മകളാണു സിസ്റ്റർ തെരേസ. 6 സഹോദരങ്ങളുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിൽ ചേർന്ന സിസ്റ്റർ ദീർഘ കാലമായി ഇറ്റലിയിലാണു ജോലി ചെയ്യുന്നത്.
ഭര്‍ത്താവിനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് ജീവനോടെ തീകൊളുത്തി കൊന്നു. രംഗരാജ് എന്ന 62കാരനെ ആണ് തീകൊളുത്തി കൊലപ്പെടുത്തിയത്. രംഗരാജിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണ് രംഗരാജിനെ കൊലപ്പെടുത്തിയത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡിലെ പെരുന്തുറയിലാണ് ദാരുണ സംഭവം.
തുണിമില്‍ ഉടമയാണ് രംഗരാജ്. അടുത്തിടെ രംഗരാജിന് ഒരു അപകടത്തില്‍ പരിക്കുപറ്റി പീലമേടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകവെ സഞ്ചരിച്ച വാഹനം വലസുപാളയത്തിന് സമീപം വിജനമായ ഒരു സ്ഥലത്ത് നിര്‍ത്തി. ശേഷം ഭാര്യ ജോതിമണിയും ബന്ധു രാജയും ചേര്‍ന്ന് പെട്രോളൊഴിച്ച് വാഹനത്തിന് തീകൊളുത്തുകയായിരുന്നു.
പരുക്കുപറ്റി എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയിലുള്ള രംഗരാജ് വാഹനത്തിനകത്ത് തന്നെ വെന്തുമരിക്കുകയായിരുന്നു. പുലര്‍ച്ചെ രാജ തന്നെയാണ് തിരുപ്പൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനിലെത്തി രംഗരാജന്റെ മരണ വിവരം അറിയിച്ചത്. അപകട മരണം എന്നാണ് ആദ്യം നല്കിയ മൊഴി. രാജയുടെ മൊഴിയിലെ വൈരുദ്ധ്യത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
രംഗരാജന് മരണപ്പെട്ടാല്‍ ലഭിക്കുന്ന 3.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് മൊഴിയില്‍ വ്യക്തമാക്കി. കൊലപാതകത്തിനായി രാജയ്ക്ക് ഒരു ലക്ഷം രൂപയാണ് ജോതിമണി വാഗ്ദാനം ചെയ്തത്. ഇതില്‍ 50,000 രൂപ കൈമാറുകയും ചെയ്തു. ജോതിമണിയും രാജയും കുറ്റം സമ്മിതിച്ചിട്ടുണ്ട്. ഇരുവരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുണ്ടറയില്‍ കാറിനുള്ളില്‍ അകപ്പെട്ട രണ്ടു വയസുകാരനെ നാട്ടുകാര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി. കുട്ടിയെ അകത്തിരുത്തി പിതാവ് കാര്‍ പൂട്ടി പോകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കുണ്ടറ ആശുപത്രിമുക്കിലെ ഹോം അപ്ലൈയന്‍സസിന് മുന്നിലായിരുന്നു സംഭവം.
കാറിനുള്ളില്‍ അകപ്പെട്ട കുട്ടി പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ച് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് കാറിന്റെ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ പുറത്തെത്തിച്ചത്.
പുനുക്കുന്നൂര്‍ കന്യാകുഴി സ്വദേശിയാണ് കുഞ്ഞിനെ കാറിലിരുത്തി പോയത്. ഒരു മണിക്കൂറിന് ശേഷം എത്തിയ പിതാവ് കുഞ്ഞിനെ രക്ഷിച്ചവരോട് തട്ടിക്കയറി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തി. പിതാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി.