Kerala

തെരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാര്‍ റോഡരികിലെ കുഴിയിലേക്കു ചരിഞ്ഞു. കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കൈയ്യാങ്കളിയുമായി. ഒടുവില്‍ പോലീസിനു നേരെയും മര്‍ദനം.

സിഎംഎസ് കോളജ് റോഡില്‍ ചാലുകുന്നിലാണു സംഭവം. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എംജി സര്‍വകലാശാലാ ഉദ്യോഗസ്ഥയും അതിരമ്പുഴ ബൂത്തിലെ പോളിങ് ഓഫിസറുമായിരുന്ന കാരാപ്പുഴ സ്വദേശിനിയുടെ കാറാണു ചാലുകുന്നില്‍ കുഴിയില്‍ വീണത്. റോഡരികിലെ വീടിനോടു ചേര്‍ന്ന മതിലില്‍ ഇടിച്ചാണു കാര്‍ നിന്നത്.

പിന്നാലെ മറ്റൊരു വാഹനത്തില്‍ എത്തിയവര്‍ ഇതു കണ്ടു സഹായിക്കാന്‍ ഇറങ്ങി. കാര്‍ തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടനെ സമീപത്തുള്ള നാട്ടുകാരില്‍ ചിലര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി കുഴിയില്‍ നിന്നു മാറ്റി. ഈ സമയം കാറിന്റെ ടയര്‍ കുഴിയിലും റോഡിലും ഉരസി പൊട്ടി. ഇതോടെ ആദ്യത്തെ സംഘവും നാട്ടുകാരും തമ്മില്‍ തര്‍ക്കമായി.

തര്‍ക്കം അടിപിടിയിലായി. ഈ സമയം അതുവഴിയെത്തിയ വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എംജെ അരുണ്‍ സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യസംഘത്തിലെ 3 പേര്‍ ചേര്‍ന്ന് അരുണിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു.

ഇതു കണ്ട് ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ ജോണ്‍ തോമസിനെ അക്രമികള്‍ കൈക്കു കടിച്ചു പരുക്കേല്‍പിച്ചു. ഒടുവില്‍ അക്രമികളെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

ബാങ്ക് ജീവനക്കാരന്‍ അയ്മനം പാണ്ഡവം വൈശാഖം വീട്ടില്‍ ആനന്ദ് കൃഷ്ണ, ഇദ്ദേഹത്തിന്റെ സഹോദരനും മൊബൈല്‍ കോടതി ജീവനക്കാരനുമായ അരുണ്‍ കൃഷ്ണ, മുണ്ടക്കയം പഴയമണിക്കല്‍ ഹേമന്ത് ചന്ദ്ര എന്നിവരെയാണു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

മദ്യപിച്ചു രാത്രി നഗരത്തില്‍ കറങ്ങാനിറങ്ങിയതാണ് ഇവരെന്നു പോലീസ് പറഞ്ഞു. പോലീസിന്റെ ജോലിക്കു തടസ്സം ഉണ്ടാക്കിയതിനും ആക്രമിച്ചതിനുമാണു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിനു ബാബു(33 വയസ്സ്) എന്ന ചെറുപ്പക്കാരന്റെ മരണം വല്ലാത്ത വേദനയാണ് നല്‍കിയതെന്ന് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. കഴിഞ്ഞ 3 വര്‍ഷമായി ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമായിരുന്നു, ബിനുവിന്റെ വിവാഹം മധുവിധുവിന്റെ ഊഷ്മളത തീരും മുമ്പേ മരണം വേര്‍പിരിച്ചു.ഇതാണ് ജീവിതം. കഴിഞ്ഞ മാസം ഭാര്യ ആതിരയെ നാട്ടിലേക്ക് അയക്കുമ്പോള്‍ അവള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പ്രസവസമയത്ത് നാട്ടിലുണ്ടാകുമെന്ന് ആതിരക്ക് കൊടുത്ത വാക്കും ബിനുവിന് പാലിക്കുവാന്‍ കഴിഞ്ഞില്ല,അതിന് മുമ്പ് വിധി മരണത്തിലേക്ക് ബിനുവിനെ കൊണ്ട് പോയി.സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാന്‍ കഴിയാതെ ബിനു മടങ്ങി മറ്റൊരു ലോകത്തേക്ക്- എന്ന് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം

ഇന്നലെ 4 മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.4 പേരുടെയും മരണം ഹൃദയാഘാതം മൂലമാണ്.അതില്‍ തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിനു ബാബു(33 വയസ്സ്) എന്ന ചെറുപ്പക്കാരന്റെ മരണം വല്ലാത്ത വേദനയാണ് നല്‍കിയത്.കഴിഞ്ഞ 3 വര്‍ഷമായി ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരുകയായിരുന്നു.കഴിഞ്ഞ വര്‍ഷമായിരുന്നു, ബിനുവിന്റെ വിവാഹം മധുവിധുവിന്റെ ഊഷ്മളത തീരും മുമ്പേ മരണം വേര്‍പിരിച്ചു.ഇതാണ് ജീവിതം. കഴിഞ്ഞ മാസം ഭാര്യ ആതിരയെ നാട്ടിലേക്ക് അയക്കുമ്പോള്‍ അവള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പ്രസവസമയത്ത് നാട്ടിലുണ്ടാകുമെന്ന് ആതിരക്ക് കൊടുത്ത വാക്കും ബിനുവിന് പാലിക്കുവാന്‍ കഴിഞ്ഞില്ല,അതിന് മുമ്പ് വിധി മരണത്തിലേക്ക് ബിനുവിനെ കൊണ്ട് പോയി.സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാന്‍ കഴിയാതെ ബിനു മടങ്ങി മറ്റൊരു ലോകത്തേക്ക്.

കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ പെട്ടികള്‍ പാക്ക് ചെയ്ത് വണ്ടിലേക്ക് കയറ്റി വെച്ച്,കൂട്ടുകാരനെയും യാത്രയാക്കി തിരിഞ്ഞ് നടന്നപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്ക് മരണം സംഭവിച്ചു.മരണകാരണം ഹൃദയാഘാതം ആയിരുന്നു.

പിറന്ന നാടും വളര്‍ന്ന മണ്ണും എല്ലാം വിട്ട് മറ്റൊരിടത്തേക്കുള്ള ഒരു ചേക്കേറല്‍. അതാണ് പ്രവാസം, സ്വന്തം വീട്ടില്‍ അതിഥി ആയി ഇടക്ക് വന്ന് പോകുന്നു.മറ്റ് ചിലര്‍ സ്വപ്നങ്ങള്‍ ബാക്കി വെച്ച് മയ്യത്ത് പെട്ടിയില്‍ പാസ്‌പോര്‍ട്ടിലെ വിസയും cancel ചെയ്ത്.ഒരു അവസാനത്തെ യാത്ര. കണ്ണീരിലൂടെ യാത്രാമൊഴി നല്‍കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. ഓരോ പ്രവാസികള്‍ക്കും ഓരോ കഥകള്‍,ചിലര്‍ക്ക് നഷ്ടങ്ങളുടെ,മറ്റ് ചിലര്‍ക്ക് നേട്ടങ്ങളുടെ,എന്തായാലും അവസാനം എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.

നിലക്കാത്ത നൊമ്പരങ്ങളുമായി പ്രവാസികളുടെ ജീവിതങ്ങള്‍ തുടരുന്നു. പ്രതീക്ഷകളോടെ നാം മുന്നോട്ട്.

അഷ്‌റഫ് താമരശ്ശേരി

യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്മാര്‍ വെടിവെച്ച് കൊന്നു.ചാന്ദിനി കശ്യപ് എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ സഹോദരന്മാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര് ഒളിവിലാണ്.സഹോദരിയെ കൊലപ്പടുത്തിയ ശേഷം സഹോദരന്മാര്‍ സ്വന്തം ഫാമില്‍ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ഭാര്യയെ കാണാന്‍ ഇല്ലെന്ന പറഞ്ഞ് ഭര്‍ത്താവ് അര്‍ജുന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്ത് വരുന്നത്. ഈ വര്‍ഷം ജൂണിലാണ് ചാന്ദിനി വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ദളിത് വിഭാഗത്തില്‍ പെട്ട അര്‍ജുനെ വിവാഹം ചെയ്തത്. ഇരുവരും അയല്‍വാസികളായിരുന്നു. അര്‍ജുന്‍ ദലിത് യുവാവ് ആയതിനാല്‍ ഈ ബന്ധത്തില്‍ സഹോദരങ്ങള്‍ വലിയ ഏതിര്‍പ്പായിരുന്നു.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജ്ജുന്‍ കല്യാണ ശേഷം ചാന്ദ്‌നിയുമൊത്ത് കിഴക്കന്‍ ഡല്‍ഹിയിലേക്ക് താമസം മാറി. തുടര്‍ന്ന് നവംബര്‍ 17ന് സുനില്‍, സുശീല്‍, സുധീര്‍ എന്നീ സഹോദരന്മാര്‍ ചാന്ദിനിയെ കാണാന്‍ ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ചാന്ദിനിയെ യുപിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സഹോദരന്മാര്‍ ചാന്ദിനിയെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഫോണില്‍ പോലും ലഭിക്കാതിരുന്നതോടെ അര്‍ജ്ജുന്‍ ചാന്ദിനിയുടെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു.

എന്നാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ബന്ധുക്കള്‍ പറഞ്ഞത്. ചാന്ദിനി ആത്മഹത്യ ചെയ്‌തെന്നും ചാന്ദിനി വേറൊരാളെ വിവാഹം ചെയ്‌തെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അര്‍ജുന്‍ നവംബര്‍ 22ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്’.സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട്∙ തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ ചൂരും ചൂടും കഥകളിൽ നിറച്ച യു.എ. ഖാദർ (85) ഓർമയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചിത്രകാരന്‍, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം സംസ്ഥാന ആരോഗ്യവകുപ്പു ജീവനക്കാരനുമായിരുന്നു. നോവലുകളും കഥകളുമടക്കം എഴുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.

1935 നവംബർ 16ന് ബർമയിലെ (മ്യാൻമർ) മോൺ സ്റ്റേറ്റിൽ ബില്ലിൻ എന്ന ഗ്രാമത്തിൽ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീൻകുട്ടിയുടെയും ബർമക്കാരിയായ മാമൈദിയുടെയും മകനായാണ് ജനിച്ചത്. ഖാദർ ജനിച്ച് മൂന്നാംദിവസം അമ്മ മരിച്ചു. ഏഴാമത്തെ വയസ്സിൽ പിതാവിനൊപ്പം കൊയിലാണ്ടിയിലെത്തി.

കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് പാസായ ശേഷം മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചെങ്കിലും ബിരുദപഠനം പൂർത്തിയാക്കിയില്ല. സ്കൂൾ പഠനകാലത്തുതന്നെ സി.എച്ച്. മുഹമ്മദ്കോയയുടെ പ്രോൽസാഹനത്തിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാലപംക്തിയിൽ എഴുതിത്തുടങ്ങി. 1952ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1957ൽ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി. പല നാടുകളിൽ പല ജോലികൾ ചെയ്ത് തിരികെയെത്തി 1964–ൽ സർക്കാർ സർവീസിൽ ചേർന്നു. ആരോഗ്യവകുപ്പിലായിരിക്കെ ഡെപ്യൂട്ടേഷനിൽ 5 വർഷം കോഴിക്കോട് ആകാശവാണിയിലും പ്രവർത്തിച്ചു. 1990ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിനിസിട്രേഷൻ വിഭാഗത്തിൽനിന്ന് വിരമിച്ചു.

കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റായും പ്രവർത്തിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയിൽ നാലു തവണ അംഗമായി.

1984ൽ ‘തൃക്കോട്ടൂർ പെരുമ’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2009ൽ ‘തൃക്കോട്ടൂർ നോവെല്ലകൾ’ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. അബുദാബി ശക്തി പുരസ്കാരം, എസ്.കെ. പൊറ്റെക്കാട് പുരസ്കാരം, മലയാറ്റൂർ പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി. അഘോരശിവം, നേടിയ കഥപോലെ ജീവിതം, ഒരുപിടി വറ്റ്, വായേ പാതാളം, മേശവിളക്ക്, കലശം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശിക്കൂട്ടം, ഓർമകളുടെ പഗോഡ (യാത്രാവിവരണം), കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും തുടങ്ങിയവയാണു മുഖ്യകൃതികൾ. ആത്മകഥാംശമുള്ള കുറിപ്പുകളുടെ സമാഹാരമാണ് ‘ഖാദർ എന്നാൽ’.

കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിനു സമീപം ‘അക്ഷര’ത്തിലായിരുന്നു താമസം. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലേഖ. മരുമക്കൾ: കെ.സലാം (ബേബി കെയർ), സഗീർ അബ്ദുല്ല (ദുബായ്), സുബൈദ, ഷെരീഫ, റാഹില. സംസ്കാരം ഞായറാഴ്ച നടക്കും.

നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച പോയ സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പും. ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഡ്രൈവറുടെ ലൈസന്‍സിന്നെതിരെ നടപടിക്ക് ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്റെഷന്‍ ഓഫ് ക്രുവല്‍റ്റി റു അനിമല്‍ ആക്ട് പ്രകാരവും കേസ് എടുത്തു.നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.

നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം അഖിലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്നത് കണ്ട അഖില്‍ വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇയാളോട് തട്ടിക്കയറുകയും തെറിവിളിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

നായയുടെ കഴുത്തില്‍ കുരുക്കിട്ടാണ് ഓടുന്ന കാറിന് പിന്നില്‍ കെട്ടിവലിച്ചത്. കാര്‍ ഓടുന്നതിനിടെ നായ തളര്‍ന്നുവീണിട്ടും റോഡിലൂടെ നായയെ കെട്ടിവലിച്ച് കാര്‍ മുന്നോട്ടുപോവുകയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ മറന്ന് ജനങ്ങളെ കൂട്ടത്തോടെ പ്രവേശിപ്പിച്ചതിന് തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വ്യാപാര സ്ഥാപനത്തില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് വന്‍ ജനത്തിരക്കിനിടയാക്കി. വിവരമറിഞ്ഞ് നിരവധി പേരാണ് ഒഴുകിയെത്തിയത്. ഗുരുതര കൊവിഡ് ചട്ട ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.

ജൂലൈയില്‍ പോത്തീസിന്റെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരുന്നു. തുടര്‍ച്ചയായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നഗരസഭ നല്‍കിയ മുന്നറിയിപ്പുകള്‍ സ്ഥാപനം ലംഘിച്ചിരുന്നു.

പോത്തീസിലെ 17 പേര്‍ക്ക് അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്ഥാപനങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് പോലും ഞായറാഴ്ചകളില്‍ പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കല്‍ നടപടി

ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി അതില്‍ച്ചാടി ആത്മഹത്യക്കുശ്രമിച്ച വയോധികന്‍ മരിച്ചു. കൊല്ലം ജില്ലയിലെ കുന്നിക്കോടാണ് സംഭവം. പിടവൂര്‍ അരുവിത്തറ ശ്രീശൈലത്തില്‍ രാഘവന്‍ നായര്‍ ആണ് മരിച്ചത്.

പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് 72കാരന്‍ മരിച്ചത്. എയര്‍ഫോഴ്‌സില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു.

നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളുംചേര്‍ന്ന് ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്. ഭാര്യ സുധയും ഏകമകന്‍ ഹരിയും രോഗബാധിതരായി പത്തുവര്‍ഷംമുന്‍പ് മരിച്ചിരുന്നു.

തുടര്‍ന്ന് രാഘവന്‍ നായര്‍ തനിച്ചായിരുന്നു താമസം. തലവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പ് നടത്തിയ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. ഒറ്റപ്പെടലിന്റെ വേദനയ്ക്കിടെ രോഗവും അലട്ടിയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.അരുവിത്തറ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഖജാന്‍ജിയും എക്‌സ് സര്‍വീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിക്ക് ചുട്ട മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

സംസ്ഥാന സര്‍ക്കാരിനെ കാലില്‍ ചുഴറ്റി അറബികടലില്‍ എറിയണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഇതിന് മറുപടിയായി അറബി കടലില്‍ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറിയുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണമെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണതെന്നും ഹരീഷ് പറഞ്ഞു. ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും. കളമറിഞ്ഞ് കളിക്കുകയെന്നും ഹരീഷ് പറഞ്ഞു.

നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം…എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്…ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും…കളമറിഞ്ഞ് കളിക്കുക…

ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിക്കിടെ പിതാവിന് ദാരുണാന്ത്യം. വെളിയങ്കോട് കിണർ ബദർ പള്ളിയ്ക്ക് സമീപം പള്ളിയകായിൽ ഹംസ (65) യാണ് മക്കളുടെ മർദ്ദനമേറ്റ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹംസയുടെ മകൻ ആബിദ് (35), മകൾ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റുചെയ്തു.

ഹംസയുടെ ഭാര്യ സൈനബയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം നടന്നത്. ഇതേകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഹംസയുമായി ഭാര്യയും മക്കളും കുടുംബപ്രശ്‌നമുണ്ടായിരുന്നു. ഇതിനിടയിൽ മക്കൾ സംരക്ഷിക്കുന്നില്ലെന്നും ഇറക്കിവിടാൻ ശ്രമിക്കുന്നെന്നും കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും കാണിച്ച് മകൻ ആബിദിനെതിരെ ഹംസ പോലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ ഒന്നിനാണ് ഹംസ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയത്. ഇതിനിടയിൽ ഹംസ ഇറക്കിവിട്ടെന്ന് പറഞ്ഞ് ഭാര്യ സൈനബ ചെന്നൈയിലുള്ള മകളുടെ അടുത്തേക്കുപോയി. ആബിദ് ഭാര്യയുടെ വീട്ടിലും കഴിയുകയായിരുന്നു. ഇതിനിടയിൽ സൈനബ പൊന്നാനി മുൻസിഫ് കോടതിയെ സമീപിച്ചു. വീട്ടിൽ കയറുന്നതിന് ഇവർക്ക് മാത്രമായി കോടതി അനുമതി നൽകി.

ഈ ഉത്തരവുമായി വ്യാഴാഴ്ച സൈനബ വെളിയങ്കോട്ടെ വീട്ടിൽ എത്തിയപ്പോൾ കൂടെ രണ്ടുമക്കളും മരുമകളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഭാര്യയും മക്കളും ഹംസയും തമ്മിൽ ബഹളമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ മക്കളുടേയും മരുമകളുടേയും അടിയേറ്റാണ് ഹൃദ്രോഗിയായ ഹംസ ബോധംകെട്ടു വീണത്. ഇതിനിടെ മകൻ ആബിദ് വീട്ടിൽ അടിനടക്കുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പിഡിപി സ്ഥാനാർത്ഥി കുന്നത്ത് മൊയ്തുണ്ണിയും പ്രവർത്തകനും ഹംസയുടെ വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.

നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ വെള്ളം കൊടുക്കാൻ ഹംസയുടെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് സ്ഥാനാർത്ഥിയായ മൊയ്തുണ്ണി പറഞ്ഞു. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.

മക്കളുടെ അടിയേറ്റ ഉടനെ മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ട ഹംസയുടെ മുഖത്ത് പരിക്കുള്ളതായും പ്രതികൾക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തതായും പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ കേഴ്‌സൺ മാർക്കോസ് പറഞ്ഞു.

പ്രമുഖ പ്രവാസി വ്യവസായി എം എ യുസഫലിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍സ്‌കറിയക്ക് 100 കോടിയുടെ വക്കീല്‍ നോട്ടീസ്. സ്വര്‍ണക്കടത്തില്‍ യൂസഫലിക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനാണ് മറുനാടന്‍ മലയാളിക്കെതിരെ ലുലുഗ്രൂപ്പ് നിയമ നടപടി തുടങ്ങിയിരിക്കുന്നത്.

ബോധപൂര്‍വ്വം സമൂഹമധ്യേ അപകീര്‍ത്തിപെടുത്താന്‍ വാര്‍ത്ത ചമക്കുകയായിരിരുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കടുത്ത നിയമ നടപടിയുമായി ലുലുഗ്രൂപ്പ് നീങ്ങുന്നത്. കേരളത്തില്‍ ആദ്യമായാണ് വ്യാജവാര്‍ത്ത നല്‍തിയതിന് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നിയമ നടപടികള്‍ നടക്കുന്നത്.

വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രമുഖ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ മുഖേനെ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു. വിവാദമായ സ്വര്‍ണകടത്തില്‍ പിടികൂടിയ സ്വര്‍ണം യൂസഫിലയുടെ ബന്ധുമുഖേനെ യു എ ഇലേയ്ക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു മറുനാടന്‍ മലയാളി നല്‍കിയ വാര്‍ത്ത.

ലോക്ക് ഡൌണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് മടങ്ങാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് വ്യാജ വാര്‍ത്ത ചമച്ചത്.

ബ്രിട്ടനിലെ മലയാളി വ്യവസായിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ കേസില്‍ നേരത്തെ ഷാജന്‍ സ്‌കറിയ ഒരു കോടിയലധികം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു. പരസ്യം നല്‍കാത്തതിന്റെ പേരില്‍ തന്റെ സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് മലയാളി വ്യവസായി ബ്രിട്ടനിലെ കോടതിയെ സമീപിച്ചേെതാടെയാണ് ഷാജന്‍ സ്‌കറിയയോട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

Copyright © . All rights reserved