റോയി ജോസ്
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
രാമപുരം. പാടശേഖരങ്ങള്‍ കരഭൂമിയായി മാറി കൊണ്ടിരിക്കുന്ന കാലത്ത് ഉള്‍നാടന്‍ പാടശേഖരങ്ങള്‍ക്ക് മാതൃകയാകുന്നു കോട്ടയം ജില്ലയിലെ രാമപുരം. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നെല്‍കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന പുതിയ പദ്ധതികളാണ് രാമപുരം പഞ്ചായത്ത് നടപ്പിലാക്കുന്നത്. വെള്ളിലാപ്പിളളി, പാലവേലി, അമനകര, കൊണ്ടാട്, മേതിരി, കിഴതിരി എന്നീ പാടശേഖരങ്ങളാണ് രാമപുരം പഞ്ചായത്തിലുള്ളത്.
അമനകര പാടശേഖരത്ത് സര്‍വകലാശാല മുന്‍ വോളീബോള്‍ താരം റോയി ജോസ് വാലുമ്മേലിന്റെ നേതൃത്വത്തില്‍ നിരവധി കര്‍ഷകരാണ് കൃഷിയിറക്കുന്നത്. കൃഷി നിലനില്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന തിരിച്ചറിവോടെയാണ് റോയി കാര്‍ഷിക മേഖലയിലേയ്ക്ക് ഇറങ്ങി തിരിച്ചത്. 1990 1992 കാലഘട്ടങ്ങളില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞു. കൂടാതെ ജില്ലാതല മത്സരങ്ങളിലും നിരവധി തവണ ജേതാവായി. കളിയോടൊപ്പം കാര്‍ഷികവും എന്നത് ചെറുപ്പം മുതലേ റോയിയുടെ വികാരമായിരുന്നു. അതിന്റെ ഭാഗമാണ് നെല്‍കൃഷിയിലേയ്ക്കുള്ള റോയിയുടെ തിരിച്ച് വരവ്.
കൃഷിക്ക് വേണ്ടി മാത്രമായി നാല്‍പ്പത് ലക്ഷത്തിലേറെ രൂപയാണ് ഇക്കുറി പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തു ചാലില്‍ പറഞ്ഞു. പതിനഞ്ച് ഹെക്ടര്‍ സ്ഥലത്തായിരുന്നു ഇതുവരെ കൃഷി ചെയ്തിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 40 ഹെക്ടര്‍ സ്ഥലത്താണ് ഇക്കുറി കൃഷിയിറക്കുന്നത്.
പത്ത് ഹെക്ടറില്‍ താഴെ പാടശേഖരങ്ങള്‍ ഇപ്പോഴും കൃഷിയിറക്കാതെ പഞ്ചായത്തിലുണ്ട്. ഉടമകള്‍ വിദേശത്തായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനും പരിഹാരം കാണുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കൃഷി ഓഫീസര്‍ പ്രജിത പറഞ്ഞു. കൃഷി അസിസ്റ്റന്റുമായ എസ്. നിസാര്‍, അഞ്ചു തോമസ്, കെ. എസ്. നസീര്‍ തുടങ്ങിയവര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. കൃഷിഭവന്റെ കീഴില്‍ ഹരിത സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സംഘത്തിന്റെ കീഴിലാണ് കൃഷി ചെയ്യുന്നത്.
എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം വിട്ട് പി ജെ ജോസഫ് വിഭാഗത്തിലേയ്ക്ക് പോകുന്നു. മുതിര്‍ന്ന നേതാവും മുന്‍ കോട്ടയം ജില്ല പ്രസിഡന്റുമായ ഇ ജെ അഗസ്തി അടക്കമുള്ളവരാണ് ജോസ് കെ മാണിയെ വിട്ട് ജോസഫിനൊപ്പം ചേരുന്നത്. 25 വര്‍ഷം കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇ ജെ അഗസ്തി. 2017ല്‍ സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും അഗസ്തി പാര്‍ട്ടി വിട്ടിരുന്നില്ല. മറ്റൊരു പ്രമുഖ നേതാവായ ജോസഫ് എം പുതുശ്ശേരി നേരത്തെ മാണി ഗ്രൂപ്പ് വിട്ടിരുന്നു.
ഒക്ടോബർ 14ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജ്യസഭാംഗത്വം രാജി വയ്ക്കുന്നതായും ജോസ് കെ മാണി അറിയിച്ചത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയായി ഒക്ടോബർ 22ന് എൽഡിഎഫ് അംഗീകരിച്ചു. ഉപാധികളില്ലാതെയാണ് ജോസ് കെ മാണി പക്ഷം എൽഡിഎഫിലേയ്ക്ക് വന്നതെന്ന് മുന്നണി കൺവീനർ എ വിജയരാഘവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടുണ്ടെങ്കിലും പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനും എൻസിപിയും. 15 സീറ്റുകൾ ആവശ്യപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന് 12-13 സീറ്റുകൾ എൽഡിഎഫ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായും പാർട്ടി ചെയർമാൻ സ്ഥാനവുമായും ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ, കെ എം മാണിയുടെ മരണ ശേഷം പിളർപ്പിലേയ്ക്കെത്തിച്ചത്. ജോസ് കെ മാണി – പി ജെ ജോസഫ് പോര്, പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുന്നതിലേയ്ക്ക് നയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പേരിൽ യുഡിഎഫ് തങ്ങളെ അപമാനിച്ച് പുറത്താക്കിയെന്ന് ജോസഫ് ഗ്രൂപ്പും കോൺഗ്രസ്സും തന്നെ വ്യക്തിഹത്യ നടത്തിയതെന്നും ഇതുകൊണ്ടാണ് എൽഡിഎഫിലേയ്ക്ക് പോകുന്നതെന്നും ഇടതുമുന്നണിയുടെ നയങ്ങളോട് യോജിപ്പാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഈ വർഷം അവസാനം നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ഏപ്രിൽ-മേയിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിും മധ്യകേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ ഇത് സഹായകമാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
യെമനില്‍ വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതോടെ ദയാധനം ഉള്‍പ്പെടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. നഴ്‌സായ നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാലിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ സഹായത്തിന്റെ മറവില്‍ ക്ലിനിക്കിലെ പണം തട്ടിയെടുക്കാനുള്ള തലാലിന്റെ ശ്രമം നിമിഷ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇതിനിടെ, വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്‌തെന്നു കാണിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡീപ്പികയും ചെയ്തു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയായി. കൊടിയ പീഡനങ്ങള്‍ക്കൊടുവിലായിരുന്നു തലാലിനെ നിമിഷ കൊലപ്പെടുത്തിയത്. നിമിഷയെ സഹായിച്ച നഴ്സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
സാഹചര്യങ്ങളും അനുഭവിച്ച പീഡനങ്ങളും ചൂണ്ടിക്കാട്ടി, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമര്‍പ്പിച്ച അപ്പീല്‍ ആഗസ്റ്റ് 26ന് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തു. 90 ദിവസത്തിനകെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വധശിക്ഷക്കെതിരെ നിമിഷയുടെ അഭിഭാഷകര്‍ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനു മുന്നില്‍ വാദിക്കണം. തലാലിന്റെ കുടുബവുമായി സംസാരിച്ച് ദയാധനം ലഭ്യമാക്കി കേസ് തീര്‍പ്പാക്കുന്നതിനാണ് എംബസി ഉദ്യോഗസ്ഥരും സാമുഹിക പ്രവര്‍ത്തകരും ശ്രമിക്കുന്നത്.
എന്‍ഡിഎ ഘടക കക്ഷിയായിരുന്ന പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മുന്നണി വിട്ട് യുഡിഎഫിന് ഒപ്പം ചേരാനുള്ള തീരുമാനത്തിലാണ്. ഞായറാഴ്ച്ച നടക്കുന്ന യോഗത്തില്‍ ആയിരിക്കും ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുക. ഈ സാഹചര്യത്തിൽ കെ.എം മാണിയുമായി അകന്നതും എൻഡിഎയിൽ എത്തിയതും എൽഡിഎഫ് വിടാൻ ഉണ്ടായ സാഹചര്യവും ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ കേന്ദ്രസഹമന്ത്രി കൂടിയായ പി.സി തോമസ്. ജോസ് കെ മാണിക്കും കെ.എം മാണിക്കും ഒരു ഘട്ടത്തിൽ എൻഡിഎയിൽ വരാൻ താൽപര്യമുണ്ടായിരുന്നുവെന്നും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും പി.സി തോമസ് പറയുന്നു.
പ്രമുഖ മാധ്യമത്തിന് പിസി തോമസ് നൽകിയ അഭിമുഖത്തിൽ നിന്നും
കേരളത്തില്‍ പ്രതീക്ഷിച്ചതുപോലെയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. താഴെത്തട്ടിലേക്ക് വേരോട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല. ജില്ല തലങ്ങളില്‍ ഉണ്ടെങ്കിലും വാര്‍ഡ് തലങ്ങളില്‍ എന്‍ഡിഎ സംവിധാനം കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. പലതവണ ഇക്കാര്യം ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുള്ളതാണെങ്കിലും അനുകൂലമായി ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഓരോ കക്ഷിയെയും മുന്നണിയില്‍ ചേര്‍ത്തിരിക്കുന്നത് ഓരോരോ ഉദ്ദേശങ്ങള്‍ വച്ചാണ്. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. അതിനു വേണ്ടി പലതും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. പക്ഷേ, അതിനാവശ്യമായ സാഹചര്യം ഉണ്ടാക്കാനോ, ഞങ്ങള്‍ക്ക് വേണ്ട പരിഗണന തരാനോ നേതൃത്വം തയ്യാറായിട്ടില്ല. മുന്നണിയിലുള്ള എല്ലാ കക്ഷികള്‍ക്കും എന്തെങ്കിലും സ്ഥാനങ്ങള്‍ കൊടുക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഒന്നും നടന്നില്ല.അമിത് ഷാ നേരിട്ട് തന്ന വാഗ്ദാനങ്ങള്‍ പോലും ഞങ്ങളുടെ കാര്യത്തില്‍ പാലിച്ചില്ല. എന്‍ഡിഎ കേരളഘടകത്തിന്റെ കണ്‍വീനര്‍ ആക്കാമെന്ന വാഗ്ദാനം നല്‍കിയിരുന്നു. അന്ന് ബിഡിജെഎസ് ഇല്ല. പക്ഷേ, അവര്‍ വന്നപ്പോള്‍ കണ്‍വീനര്‍ സ്ഥാനം അവര്‍ക്ക് കൊടുത്തു. അതിലൊന്നും ഒരു പരാതിയും ഞങ്ങള്‍ പറഞ്ഞില്ല. പക്ഷേ, അമിത് ഷാ തന്നെ നല്‍കിയ വാഗ്ദാനം പാലിക്കാതെ വന്നപ്പോള്‍ പാര്‍ട്ടിക്ക് വലിയ നിരാശയും പ്രതിഷേധവും തോന്നി.
കേരളത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണോ
ഇക്കാര്യങ്ങളൊക്കെ ഇവിടുത്തെ ബിജെപി ഘടകത്തിന് അറിയാവുന്ന കാര്യമാണ്. പക്ഷേ, അവരും നിരാശരാണ്. ഞങ്ങളെ പോലും പരിഗണിക്കുന്നില്ലെന്ന വേദന കേരളത്തിലെ ബിജെപിക്കാര്‍ എന്നോട് പങ്കുവച്ചിട്ടുണ്ട്. എന്‍ഡിഎ ദേശീയ സമിതിയില്‍ അംഗമാണ് ഞാന്‍. അവിടെ ഞങ്ങളുടെ കാര്യം കൂടി പറയണമെന്ന് ഇവിടുത്തെ ബിജെപി നേതാക്കന്മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ ബിജെപി ഘടകത്തോടും ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നത് വസ്തുതയാണ്. കേരളത്തെക്കൊണ്ട് പ്രയോജനമില്ലെന്നാണ് അവര്‍ പറയുന്നത്. കേരളത്തില്‍ നിന്നും ഒരു പാര്‍ലമെന്റ് അംഗത്തെയെങ്കിലുമാണ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ അവര്‍ക്ക് ഇപ്പോഴില്ല. നിലവിലെ സാഹചര്യത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ട് കേരളത്തെ അവര്‍ ഏതാണ്ട് തഴഞ്ഞിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ അങ്ങനെയല്ല. വളരെ ശ്രദ്ധിക്കുന്നുണ്ട്, പണം മുടക്കുന്നുണ്ട്, അവര്‍ സീറ്റും പിടിക്കും.
ഇവിടെ ബിജെപി വളരുന്നുണ്ട്. അവര്‍ക്കൊരു അടിത്തറ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം കാര്യമില്ല, ന്യൂനപക്ഷ വോട്ടുകള്‍ കിട്ടണം. ബിജെപി വോട്ട് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയം സാധ്യമല്ല. അതിനുവേണ്ടി പലതും ചെയ്തു നോക്കുന്നുണ്ട്. അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതൊക്കെ അതിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ കേരളത്തിലെ ബിജെപിയില്‍ വലിയതോതില്‍ അമര്‍ഷമുണ്ട്. തുടക്കം മുതല്‍ പണിയെടുത്തവര്‍ക്ക് ഒന്നു കൊടുക്കാതെ ഇന്നലെ വന്നവര്‍ക്ക് സ്ഥാനം കൊടുത്തു എന്ന നിരാശയും പ്രതിഷേധവും പലരും എന്നോട് പങ്കുവച്ചിട്ടുണ്ട്. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെും പോലുള്ളവരെ മാറ്റി നിര്‍ത്തുന്നത് ശരിയാണോ? അവരൊക്കെ പണിയെടുത്തിട്ടല്ലേ നമുക്ക് ഇന്ന് ഭരfക്കാന്‍ പറ്റുന്നത് എന്ന സി.കെ പത്മനാഭന്റെ പ്രസ്താവന, അബ്ദുള്ളക്കുട്ടി വിഷയത്തില്‍ ദേശീയ നേതൃത്വത്തോട് നടത്തിയ ബുദ്ധിപരമായ വിമര്‍ശനമായിരുന്നു.
ബിജെപിക്കൊപ്പം പോയതില്‍ തെറ്റുപറ്റിയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ
ശരിക്കും പറഞ്ഞാല്‍, ഞങ്ങള്‍ക്ക് പറ്റിയൊരു മണ്ടത്തരമായിരുന്നു അത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കാര്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ജയിക്കാനുള്ള സാധ്യതയുണ്ടെന്നും നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും പറഞ്ഞപ്പോള്‍, ആലോചിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാല്‍, അവരുമായി സംസാരിക്കാന്‍ പോയ ഞങ്ങളുടെ നേതാക്കള്‍ കമിറ്റ്‌മെന്റ് നടത്തി. അത് മണ്ടത്തരമായി പോയി. കാരണം, കൂടെ നില്‍ക്കണമെങ്കില്‍ അതിനുള്ള ചര്‍ച്ച നടത്തേണ്ടിയിരുന്നത് ബിജെപി ദേശീയ നേതൃത്വവുമായിട്ടായിരുന്നു. ആ സമയത്ത് ബിഡിജെഎസ് ഉണ്ടായിട്ടില്ല. ഇവിടെയവര്‍ക്ക് ജയിക്കണമെങ്കില്‍ കൂടെ നില്‍ക്കാന്‍ ആരെങ്കിലും വേണം. അതുകൊണ്ട് തന്നെ നമ്മള്‍ മുന്നോട്ട് വയ്ക്കുന്ന ഡിമാന്‍ഡുകള്‍ അംഗീകരിക്കും. അതിനുള്ള സാഹചര്യം ഇല്ലാതാക്കി കൊണ്ടാണ് സംസ്ഥാന ഘടകവുമായി കമ്മിറ്റ് ചെയ്യുന്നത്. വാക്ക് കൊടുത്തിട്ട് പിന്മാറുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത് അവര്‍ക്കൊപ്പം പോവുകയായിരുന്നു.
ഇനി യുഡിഎഫിലേക്കോ അതും പിജെ ജോസേഫിൽ ലയിക്കുമോ
ജോസ് കെ മാണി, ജോസഫ് പ്രശ്‌നത്തിനു പിന്നാലെ യുഡിഎഫില്‍ നിന്നും ഞങ്ങലെ പലരും ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടിയിലും യോജിപ്പുണ്ടായി. പക്ഷേ, ഇതുവരെ യുഡിഎഫുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. എങ്കിലും ഞങ്ങള്‍ വരുന്നതിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെ സ്വാഗതം ചെയ്യുന്നുണ്ട്.
ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനം. കേരള കോണ്‍ഗ്‌സ് പാര്‍ട്ടികളുടെ ഐക്യത്തിനുവേണ്ടി എന്നും പരിശ്രമിക്കുന്നൊരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ പി ജെ ജോസഫിന് ഒപ്പം നില്‍ക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ ജോസഫിന് അതിന് സാധ്യമല്ല. ജോസ് കെ മാണിയുമായി നടക്കുന്ന ഫൈറ്റ് ആണ് പ്രശ്‌നം. ഞങ്ങളുടെ പാര്‍ട്ടിയുടെ പേരാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് പോയി ലയിക്കാന്‍ ഞങ്ങള്‍ സാധിക്കില്ല. ജോസഫിന് കേരള കോണ്‍ഗ്രസിലേക്ക് ലയിക്കാനും സാധിക്കില്ല. അങ്ങനെ ചെയ്താല്‍ ജോസ് കെ മാണിക്ക് പ്രയോജനം ചെയ്യും. കേരള കോണ്‍ഗ്രസ് എം ആരുടെതാണ് എന്നതാണല്ലോ അവര്‍ക്കിടയിലെ തര്‍ക്കം. ജോസഫ് ഞങ്ങളിലേക്ക് ലയിച്ചാല്‍ പിന്നെ ജോസ് കെ മാണിക്കാണല്ലോ കേരള കോണ്‍ഗ്രസ് എം. ഇതറിയാവുന്നതുകൊണ്ട്, കേസില്‍ ഒരു തീരുമാനം വരുന്നതുവരെ ഞങ്ങളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് തത്കാലം തയ്യാറാകില്ല.
ഐ എഫ് ഡി പി രൂപീകരിച്ചതിന്റെ സാഹചര്യം വ്യത്യാസപ്പെട്ടപ്പോള്‍ അതില്‍ തന്നെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു വന്നു. അന്ന് സ്‌കറിയ തോമസ് ആണ് പി ജെ ജോസഫിനൊപ്പം ചേരാമെന്നു പറയുന്നത്. എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. എന്‍ഡിഎ മുന്നണിയില്‍ നിന്നാണ് മൂവാറ്റുപുഴയില്‍ അഭിമാന വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ആ മുന്നണി വിട്ടു പോകുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു എനിക്ക്. ജോസഫിനൊപ്പം ചേരാമെന്നു സ്‌കറിയ പറയുകയും ചെയ്ത സാഹചര്യത്തില്‍ ഞാന്‍ മുന്നോട്ടുവച്ച ഐഡിയയായിരുന്നു എല്‍ കെ അദ്വാനിയെ കണ്ട് സംസാരിച്ച്, അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന്. അദ്വാനി അന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. മുന്നണി വിടരുതെന്ന് അദ്ദേഹം പറയും എന്നു കരുതിയിടത്ത് അദ്വാനി എന്നെ ഞെട്ടിച്ചു. ഐഫ്ഡിപിയുമായി മുന്നോട്ടു പോകുന്നതില്‍ ഇനി കാര്യമില്ലെന്നും കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാനും അദ്വാനി പറഞ്ഞപ്പോള്‍ ഞാനും സ്‌കറിയ തോമസും അത്ഭുതപ്പെട്ടുപോയി. കേരളത്തില്‍ കേരള കോണ്‍ഗ്രസിന് ഒരു സ്ഥാനമുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ വലിയ പാര്‍ട്ടി നിങ്ങളാണ്. അതു കഴിഞ്ഞേ ബിജെപി വരുന്നുള്ളൂ. ജയിക്കുന്ന പാര്‍ട്ടി നിങ്ങളാണ്. പി ജെ ജോസഫ് വലിയ കുഴപ്പക്കാരനല്ലെന്നാണ് കേട്ടത്. നിങ്ങള്‍ക്ക് വിരോധം കെ എം മാണിയോടല്ലേ, ജോസഫിനോടില്ലല്ലോ, അതുകൊംണ്ട് അദ്ദേഹത്തിനൊപ്പം കൂടൂ എന്നാണ് അദ്വാനി പറഞ്ഞത്. അങ്ങനെയാണ് ജോസഫിനൊപ്പം ചേരുന്നത്. അന്ന് അദ്വാനി ഒരു കാര്യം കൂടി പറഞ്ഞിരുന്നു; കേരള കോണ്‍ഗ്രസ് വളര്‍ന്നാല്‍ ഭാവിയില്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. കേരളത്തില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ വേറെ ആരെങ്കിലും കൂടെ വേണം. സിപിഎമ്മുമായോ കോണ്‍ഗ്രസുമായോ മുസ്ലിം ലീഗുമായോ അത് സാധ്യമാകില്ല, കേരള കോണ്‍ഗ്രസുമായി മാത്രമാണ് ഞങ്ങള്‍ക്ക് കൂട്ടുചേരാന്‍ പറ്റുന്നത്. അതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് ശക്തപ്പെടുന്നത് ബിജെപിക്ക് ഗുണമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
മാണിയെ എന്‍ഡിഎയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നല്ലോ, അതെന്തുകൊണ്ടാണ് പരാജയപ്പെട്ടത്
ഏഴെട്ട് എട്ടു മാസങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ വച്ച് ജോസിനെ കണ്ടു ഞാന്‍ സംസാരിച്ചിരുന്നു. എന്‍ഡിഎയിലേക്ക് വരണം. നിങ്ങള്‍ ഇപ്പോള്‍ എംപിയാണ്, ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ വഴി നോക്കുന്നതുകൊണ്ട് ഉറപ്പായും മന്ത്രിസ്ഥാനം കിട്ടും. സമ്മതമാണെങ്കില്‍ ബിജെപി നേതൃത്വത്തോട് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. മാണി സാറിനോട് സംസാരിക്കാതെ ഒന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു ജോസിന്റെ മറുപടി. ആലോചിച്ച് തീരുമാനം പറയാന്‍ ഞാന്‍ പറഞ്ഞു. പിറ്റേദിവസം ജോസ് വന്നത് സന്തോഷത്തോടെയായിരുന്നു. അങ്ങനെയൊരു തീരുമാനം ആലോചിക്കാമെന്ന് മാണി സാര്‍ പറഞ്ഞതായി ജോസ് പറഞ്ഞു. ബിജെപി നേതൃത്വത്തോട് സംസാരിക്കാമെന്നും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ, പിന്നീടവര്‍ അതില്‍ നിന്നും പിന്മാറുകയാണുണ്ടായത്. അതിന്റെ കാരണം എനിക്കറിയില്ല.
യുഡിഎഫില്‍ പ്രശ്‌നമുണ്ടായതിനു പിന്നാലെയും ഞാന്‍ ജോസിനെ വിളിച്ചിരുന്നു. ഞങ്ങള്‍ സെക്കന്റ് കസിന്‍സ് കൂടിയാണ്. ഒരു സഹോദരന്‍ എന്ന നിലയിലാണ് സംസാരിക്കുന്നതെന്നും എല്‍ഡിഎഫിലേക്ക് പോകുന്നത് മണ്ടത്തരമായിരിക്കും, അന്ന് പറഞ്ഞ മന്ത്രിസ്ഥാനം ഇപ്പോഴും ഉറപ്പാണെന്നും ഞാന്‍ പറഞ്ഞു. മറ്റുള്ളവര്‍ സമ്മതിക്കില്ലെന്നായിരുന്നു ജോസിന്റെ മറുപടി. ഞങ്ങള്‍ തമ്മില്‍ നല്ല അകല്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു ഈ സംസാരങ്ങളും നടന്നത്.
ഞാന്‍ അഞ്ചാം തവണയും എംപിയായി ജയിച്ച് നില്‍ക്കുന്ന സമയത്താണ് ജോസ് കെ മാണി രാഷ്ട്രീയത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ ഉണ്ടാകുന്നത്. അദ്ദേഹം ആ സമയത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ജോസ് വരുന്നതില്‍ പി സി തോമസിന് ആശങ്ക എന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടാവുകയും അത് മാണി സാറിന്റെ അടുക്കല്‍ എത്തുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞപ്പോള്‍ നേരിട്ടു പോയി മാണി സാറിനെ കണ്ടു. ജോസ് എന്റെ അനിയന്‍ ആണെന്നും അവന്‍ രാഷ്ട്രീയത്തില്‍ വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും വേണമെങ്കില്‍ എന്റെ പാര്‍ലമെന്റ് സീറ്റ് ജോസിനു വേണ്ടി മാറിക്കൊടുക്കാമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ, മാണി സാര്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിലാണ് സംസാരിച്ചത്. പക്ഷേ, കുറച്ച് കഴിഞ്ഞ് വീണ്ടും ഇതേ കാര്യം ചര്‍ച്ചയായി. വീണ്ടും മാണി സാറിനെ ചെന്നു കണ്ടു. ജോസ് രാഷ്ട്രീയത്തിലേക്ക് വരുന്നത് മണ്ടത്തരമാണെന്നു പറഞ്ഞ മാണി സാര്‍, അന്ന് പറഞ്ഞത് അവന് അങ്ങനെയൊരു താത്പര്യമുണ്ട്, അതുകൊണ്ട് താന്‍ എന്തിനാ എതിര്‍ക്കുന്നത് എന്നായിരുന്നു. ജോസ് വരുന്നതുകൊണ്ട് പി സി തോമസിന് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നു കൂടി മാണി സാര്‍ എന്നോട് പറഞ്ഞിരുന്നു.
തോമസ് ചാഴികാടന്‍ ആദ്യ തവണ ഏറ്റുമാനൂരില്‍ മത്സരിക്കുമ്പോള്‍ എനിക്കായിരുന്നു മണ്ഡലത്തിന്റെ ചുമതല. നന്നായി പരിശ്രമിച്ചു. ചാഴികാടന്‍ ജയിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധമുണ്ട്. അടുത്ത തവണയും ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ട് ചാഴികാടന്‍ മണ്ഡലം നിലനിര്‍ത്തി. അതു കഴിഞ്ഞുള്ള ഇലക്ഷനു മുമ്പായി, ഒരു ദിവസം ചാഴികാടന്‍ എന്നെ വിളിച്ചു, ഇത്തവണ ഇരുപതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം നേടി ജയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. പക്ഷേ, എന്നെ ഇവിടെ നിന്നും മാറ്റാനാണ് തീരുമാനം എന്നു ചാഴികാടന്‍ വലിയ സങ്കടത്തോടെ പറഞ്ഞു. കടുത്തുരുത്തിയില്‍ നിന്നാല്‍ മതിയെന്നാണ് പറയുന്നതെന്നും അത് ഉറച്ച മണ്ഡലമാണെങ്കിലും നമ്മുടെ പാര്‍ട്ടിയിലെ രണ്ടു പേര്‍ അവിടെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചെന്നാല്‍ കുഴയില്‍ ചാടുന്നതിനു തുല്യമായിരിക്കും. അതുകൊണ്ട് ഏറ്റുമാനൂര്‍ തന്നെ മത്സരിപ്പിക്കണം, അല്ലെങ്കില്‍ രാഷ്ട്രീയം വിട്ട് പഴയ ഉദ്യോഗസ്ഥത്തിലേക്ക് തന്നെ തിരിച്ചു പോയ്‌ക്കോളാം എന്നൊക്കെ ചാഴികാടന്‍ കരഞ്ഞു പറയുകയാണ്. എനിക്കതൊക്ക കേട്ടപ്പോള്‍ അത്ഭുതം തോന്നി. ആരാണ് സീറ്റ് മാറ്റത്തിന്റെ കാര്യം പറഞ്ഞതെന്നു ചോദിച്ചപ്പോള്‍, അപ്പോഴത്തെ ചെയര്‍മാനായിരുന്നു സി എഫ് തോമസ് സാര്‍ ആണെന്നു പറഞ്ഞു. ഞാന്‍ സി എഫ് സാറിനെ വിളിച്ചു. അങ്ങനെയൊരു തീരുമാനം ഉണ്ടെന്നും പക്ഷേ, അത് തന്റെ തീരുമാനമല്ല, മാണി സാറിന്റെ തീരുമാനം ആണന്നുമായിരുന്നു സാര്‍ പറഞ്ഞത്. ഞാന്‍ മാണി സാറിനെ പലതവണ വിളിച്ചിട്ടും സംസാരിക്കാന്‍ പറ്റിയില്ല. തിരിച്ച് ഞാന്‍ സി എഫ് സാറിനെ തന്നെ വിളിച്ചു. ചാഴികാടനെ മാറ്റരുതെന്നും അങ്ങനെയൊരു വൃത്തികേട് കാണിച്ചാല്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്ന് തുറന്നു പറഞ്ഞു. സത്യത്തില്‍ ചാഴികാടനെ എന്തിനു മാറ്റുന്നുവെന്നതിനെ കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. എന്തായാലും ഏറ്റുമാനൂരില്‍ നിന്നും ചാഴികാടനെ മാറ്റേണ്ടെന്ന തീരുമാനം പാര്‍ട്ടിയില്‍ വന്നു. പക്ഷേ, ആ തീരുമാനം എന്നോടുള്ള എതിര്‍പ്പ് വ്യക്തമാക്കി കൊണ്ടായിരുന്നു മാണിസാര്‍ എടുത്തത്. കാരണം, ജോസിനുവേണ്ടി മാണി സാര്‍ കണ്ടു വച്ച സീറ്റ് ആയിരുന്നു ഏറ്റുമാനൂര്‍.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിന് കാരണം
ഞാന്‍ അന്ന് എംപിയാണ്. ഒരു ദിവസം പാര്‍ലമെന്റ് കഴിഞ്ഞ് ഇവിടെ തിരിച്ചെത്തിയപ്പോള്‍, ഗസ്റ്റ് ഹൗസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കാണേണ്ടി വന്നു. അന്ന് മാണി സാറിനെതിരേ ഇടമലയാര്‍ കേസ് ആരോപണങ്ങള്‍ നില്‍ക്കുന്ന സമയാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായി. മാണി സാറിനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ഒരിക്കലും തെറ്റ് ചെയ്യില്ലെന്നുമായിരുന്നു എന്റെ മറുപടി. പക്ഷേ, ഞാന്‍ പത്രക്കാരുടെ മുന്നില്‍ മാണി സാറിനെ വേണ്ട രീതിയില്‍ പ്രതിരോധിച്ചില്ലെന്ന എന്ന കുറ്റം കൂടി ചേര്‍ത്ത് ഒറ്റ ദിവസം കൊണ്ട് എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു വാക്ക് പോലും എന്നോട് ചോദിക്കുകയോ, പറയാനുള്ളത് കേള്‍ക്കുകയോ ചെയ്യാതെ കോവളത്ത് വച്ചൊരു യോഗം ചേര്‍ന്ന് പുറത്താക്കുകയായിരുന്നു. എം പി സ്ഥാനവും രാജിവച്ച് വക്കീല്‍ പണിയിലേക്ക് തിരിച്ചുപോകാമെന്നു ഞാനും തീരുമാനിച്ചതാണ്. പക്ഷേ, പാലായില്‍ എനിക്കെതിരെ വലിയ രീതിയില്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയതോടെ എനിക്ക് തിരിച്ച് പ്രതിരിക്കേണ്ടി വന്നു. ഞാന്‍ മത്സരിച്ചിരുന്ന മൂവാറ്റുപുഴ മണ്ഡലം തന്നെ അവര്‍ ഇല്ലാക്കി കളഞ്ഞു.
സ്‌കറിയ തോമസ് എങ്ങനെ എതിരാളിയാകുന്നത്
പിണറായി വിജയനും സ്‌കറിയ തോമസും തമ്മില്‍ വലിയ ബന്ധമുണ്ട്. ഞങ്ങള്‍ എന്‍ഡിഎയില്‍ നില്‍ക്കുമ്പോഴും സ്‌കറിയ പിണറായിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പി ജെ ജോസഫ് ഇടതു മുന്നണിയില്‍ നിന്നുപോയപ്പോഴും ഞങ്ങള്‍ അവിടെ തന്നെ നിന്നു. പക്ഷേ, അതിനുശേഷം സ്‌കറിയ തോമസ് എനിക്കെതിരെ പണികള്‍ തുടങ്ങി. സാധാരണ എല്‍ഡിഎഫ് യോഗത്തിന് ഞാനും സ്‌കറിയയും ജോര്‍ജ് സെബാസ്റ്റ്യനുമാണ് പോകുന്നത്. ഒരു യോഗത്തിന് ഞാനും ജോര്‍ജ് സെബാസ്റ്റ്യനും ചെല്ലുമ്പോള്‍ ഞങ്ങള്‍ക്കുള്ള മൂന്ന് സീറ്റില്‍ സ്‌കറിയ തോമസും മറ്റു രണ്ടുപേരും ഇരിക്കുന്നു. അന്ന് കണ്‍വീനര്‍ വൈക്കം വിശ്വനാണ്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ സീറ്റ് എവിടെയെന്നു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, നിങ്ങളുടെ പാര്‍ട്ടിക്കാര്‍ തന്നെയാണല്ലോ ഇരിക്കുന്നതെന്നായിരുന്നു മറുപടി. പാര്‍ട്ടി ചെയര്‍മാന്‍ ഞാന്‍ ആണന്നും എനിക്ക് ഇരിക്കാന്‍ സീറ്റില്ലേ എന്നു തിരിച്ചു ചോദിപ്പോള്‍, പിണറായി വിജയന്‍ ഇടപെട്ടു. ‘നിങ്ങള്‍ അങ്ങനെ പറഞ്ഞാലും ഞങ്ങളതിന് തയ്യാറല്ല, നിങ്ങള്‍ എന്താ വിചാരിച്ചത്, നിങ്ങളെ കയറ്റി ഇരുത്തുമെന്നോ’ എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. അതാണോ അങ്ങയുടെ തീരുമാനം എന്നു ഞാന്‍ ചോദിച്ചു. അങ്ങനെ വേണമെങ്കില്‍ കരുതിക്കോ എന്നു മറുപടി. തീരുമാനം ആണെങ്കില്‍ ശരി, പക്ഷേ, ഞങ്ങള്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ് എല്‍ഡിഎഫില്‍ ഉള്ളത്, സ്‌കറിയ തോമസ് അല്ല, ഈ മൂന്നു പേരെ ഇരുത്തിക്കൊണ്ട് എല്‍ഡിഎഫ് കൂടുമോ? എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഞങ്ങള്‍ കൂടുകയോ എന്തു വേണമെങ്കിലും ചെയ്യും. നിങ്ങള്‍ എന്തുവേണമെന്നുവച്ചാല്‍ ചെയ്‌തോ എന്നു പറഞ്ഞ് വീണ്ടും ഞങ്ങളെ അധിക്ഷേപിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. അതോടെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നു. സിപിഐ ഇക്കാര്യം അറിയുകയും എല്‍ഡിഎഫില്‍ ചോദിക്കുകയും ചെയ്തു. പിണറായി ആ വിഷയം പിന്നീട് സംസാരിക്കാനേ തയ്യാറായില്ല.
മുന്നണിയില്‍ നിന്നും പുറത്താക്കിയതല്ല. ഇത്രയും അപമാനിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായത്. യുഡിഎഫിനൊപ്പം നില്‍ക്കാനായിരുന്നു എല്ലാവര്‍ക്കും ആഗ്രഹം. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഞങ്ങള്‍ വരുന്നത് സന്തോഷമുള്ള കാര്യമായിരുന്നുവെങ്കിലും മാണി സാറിന്റെ കാര്യത്തിലാണ് സംശയം പറഞ്ഞത്. അത് സത്യമായിരുന്നു. ഞങ്ങള്‍ വരുന്നതിന് മാണി സാര്‍ സമ്മതിച്ചില്ല. പിന്നീട് കുറച്ചു നാള്‍ ഒറ്റയ്ക്ക് നിന്നു. അതു കഴിഞ്ഞാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയിലേക്ക് പോകുന്നത്.
യുഡിഎഫില്‍ എത്തിയാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുമോ
മത്സരിക്കുന്ന കാര്യത്തിലൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ല. അതൊക്കെ പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ രോഗമുക്തനായ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ബിജി (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ബിജി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബിജി പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുന്‍പായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടുത്തിടെ ഇദ്ദേഹത്തിന്റെ സഹോദരന്‍ മരിച്ചിരുന്നു. അതേത്തുടര്‍ന്ന് ബിജി മാനസികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡിസ്ചാര്‍ജിനു മുന്‍പ് മനോരോഗ വിദഗ്ദ്ധനെ ഉള്‍പ്പെടെ കണ്ടിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ബിജിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഹാഥ്രസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌ഐടിയിലെ മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലക്‌നൗവിലെ വീട്ടിലെ മുറിയിലാണ് പുഷ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പുഷ്പയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
36 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പുഷ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഔദ്യോഗിക വൃത്തം അറിയിച്ചു. ഹാഥ്രസ് പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നുമുളള പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് എസ്‌ഐടിയുടെ മൂന്നംഗ അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. എന്നാല്‍ യുപി സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
ചങ്ങനാശ്ശേരി വലിയകുളത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മൂന്ന് ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. ചങ്ങനാശേരി കുട്ടമ്പേരൂര്‍ സ്വദേശിയും എറണാകുളം രാജഗിരി കോളേജിലെ ബി.കോം വിദ്യാര്‍ഥിയുമായ ജെറിന്‍ ജോണി (19), മലകുന്നം സ്വദേശി വര്‍ഗീസ് മത്തായി (ജോസ്-69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടു മണിയോടെ ജെറിന്‍ ജോണിയും, ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ ജിന്റോ ജോസും അഞ്ചരയോടെ ജോസ് വര്‍ഗീസും മരണപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും ബൈക്കും പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ച ജെറിന്‍ ജോണിയ്‌ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വാഴപ്പള്ളി സ്വദേശി കെവിന്‍ ഫ്രാന്‍സിസിനെ(19) ഗുരുതര പരിക്കുകളോടെ ചങ്ങനാശേരിയിലെ ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. തെങ്ങണ ഭാഗത്തുനിന്നു സ്‌കൂട്ടറില്‍ വരികയായിരുന്നു ജിന്റോയും ജോസ് വര്‍ഗീസും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ മഴ തുടരും. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം കരയിൽ പ്രവേശിച്ചു. മുൻ ദിവസങ്ങളേക്കാൾ കേരളത്തിൽ മഴ കുറയും. കാലവർഷം അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങാൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കാലവർഷം ഒക്‌ടോബർ 28 ഓടെ പൂർണമായും പിൻവാങ്ങും. ഒക്‌ടോബർ 28 നു തുലാവർഷം ആരംഭിക്കാനുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. തുലാവർഷമഴ സാധാരണ രീതിയിൽ ലഭിക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട നിലയിൽ മഴ ലഭിച്ചു. മധ്യ-വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.
മത്സ്യതൊഴിലാളികൾക്ക് ജാഗ്രതനിർദേശം
കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
ഒഡീഷ തീരത്തിനോട് ചേർന്ന് ഒരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ന്യൂനമർദം കേരളത്തെ ബാധിക്കാൻ സാധ്യത ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
23-10-2020: വടക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിൽ അടുത്ത 12 മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ
ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികൾ ഒഴിവാക്കുക.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനത്തിനുള്ളിലാണെങ്കിൽ തുറസായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്‌പർശിക്കാതെ ഇരിക്കണം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
പട്ടം പറത്തുവാൻ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം
കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണാന്‍ അവസരം ലഭിക്കും. മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഇതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്.
കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്മെന്റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ്-19 അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.
60 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പര്‍ക്കവും ഉണ്ടാകാന്‍ പാടില്ല. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം. മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്.
കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.
ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം: കെഎം മാണിക്കും പി.ജെ ജോസഫിനും ശേഷം കേരള കോൺഗ്രസിൽ വ്യക്തിപ്രഭാവവും ജനപിന്തുണയും ഉള്ള നേതാവായി വളർന്നു വന്ന നേതാവാണ് പി. സി തോമസ് . മാണി തൻറെ മകനെ വളർത്തിക്കൊണ്ടുവരാനായിട്ട് പി സി തോമസിനെ ബോധപൂർവം ഒഴിവാക്കുകയും ഒതുക്കുകയും ആയിരുന്നു എന്നുള്ള പരാതി വ്യാപകമാണ്. പിസി തോമസ് മാണി വിഭാഗത്തോട് കൂടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് നേരിടുന്ന നേതൃത്വ പ്രതിസന്ധി ഉണ്ടാവുകയില്ലായിരുന്നെന്ന് അണികളുടെ ഇടയിൽ സംസാരം വ്യാപകമാണ് . ഈ സാഹചര്യത്തിലാണ് പി. സി തോമസിൻറെ യുഡിഎഫിലേക്കുള്ള മടങ്ങിവരവ്. ജോസ് കെ മാണി മുന്നണി വിട്ടതിന് പിന്നാലെയാണ് യുഡിഎഫ് നേതൃത്വം പി.സി തോമസുമായി ചർച്ചകൾ ആരംഭിച്ചത്.
കേരളാ കോണ്‍ഗ്രസുമായി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ്. യോഗത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ യു.ഡി.എഫിലേക്ക് പോകുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് നാളെ ചേരും. യു.ഡി.എഫിലേക്ക് ചേരാന്‍ ഔദ്യോഗികമായി കത്തുകളൊന്നും നല്‍കിയിട്ടില്ലെന്നും പി.സി. തോമസ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി. കേന്ദ്ര നേതൃത്വം 2018ല്‍ ഉറപ്പുനല്‍കിയ റബര്‍ ബോര്‍ഡിലേത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാര്യങ്ങള്‍ തീരുമാനമാകാതെ നീണ്ടുപോകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയുണ്ട്. കാര്യങ്ങള്‍ ബി.ജെ.പി. സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. എന്‍.ഡി.എയ്ക്കുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നറിയാവുന്ന യു.ഡി.എഫിലെ പല ആളുകളും പാര്‍ട്ടിയിലെ ചിലരുമായി സംസാരിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫിനൊപ്പം വരാനാണെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല യു.ഡി.എഫ്. യോഗത്തില്‍ പറഞ്ഞത്.
ഒരു ചെയര്‍മാന്‍ സ്ഥാനവും അഞ്ച് ബോര്‍ഡുകളുമാണ് ബി.ജെ.പി. ഉറപ്പ് നല്‍കിയിരുന്നത്. ഈ ആറ് സ്ഥാനങ്ങളും ലഭിക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2018ലാണ് ഇവ നല്‍കാമെന്ന് ബി.ജെ.പി. അംഗീകരിച്ചത്. ഇത്ര നാള്‍ കഴിഞ്ഞിട്ടും അതില്‍ തീരുമാനമാകാത്തതാണ് പാര്‍ട്ടിയില്‍ എതിര്‍പ്പുയരാന്‍ കാരണമായത്.
കേരളത്തില്‍ എന്‍.ഡി.എയ്ക്ക് കാര്യമായൊരു സംവിധാനമില്ലെന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. എന്‍.ഡി.എ. നേതൃത്വവുമായി പരാതികളൊന്നുമില്ല. ഉറപ്പുപറഞ്ഞ സ്ഥാനങ്ങള്‍ പോലും ലഭിക്കാതെ മുന്നണിയില്‍ നില്‍ക്കുന്നതെങ്ങനെയാണ്. അക്കാര്യം ഞങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫിലേക്ക് പോകണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. അതിനാല്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് കൂടി ഒരു തീരുമാനത്തിലെത്തും. ഒരു ഘടകകക്ഷിയെന്ന നിലയില്‍ യു.ഡി.എഫിലേക്ക് പോണമെന്നാണ് അഭിപ്രായമുയരുന്നത്. അങ്ങനെ അല്ലാതെ പോകേണ്ടെന്നും പറയുന്നവരുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പി.സി. തോമസ് പറഞ്ഞു.