Kerala

കടലിനടിയില്‍ അസാധാരണ പിരിമുറുക്കമുണ്ടെന്ന് സമുദ്ര ശാസ്ത്രജ്ഞര്‍. ഇത് ആശങ്കാ ജനകമാണെന്നും കൊച്ചി പുതുവൈപ്പിനിലെ കേന്ദ്ര മറൈന്‍ ലിവിങ് റിസോഴ്‌സിലെ ഓഷ്യന്‍ 19 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഡോള്‍ഫിന്‍, ഈല്‍, ടോഡ് ഫിഷ്, തിമിംഗലം തുടങ്ങിയ മീനുകളും കടല്‍ ജന്തുക്കളും പ്രത്യേകം ശബ്ദമുണ്ടാക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (നിയോട്)യിലെ ശാസ്ത്രജ്ഞ ഡോ. ജി. ലത വിവരിച്ചു. മഴ, കാറ്റ്, കൊടുങ്കാറ്റ്,കപ്പല്‍സഞ്ചാരം തുടങ്ങിയവയും കടലില്‍ ശബ്ദമുണ്ടാക്കും.

ഈ ശബ്ദങ്ങളെക്കുറിച്ച്‌ നിയോട് പഠനം നടത്തുകയാണെന്ന് അവര്‍ പറഞ്ഞു. ഈ ശബ്ദങ്ങളും അന്തര്‍വാഹിനിയുടെ ശബ്ദവും തിരിച്ചറിയുക പ്രധാനമാണെന്ന് നേവല്‍ ഫിസിക്കല്‍ ഓഷ്യനോഗ്രാഫിക് ലബോറട്ടറിയിലെ ഡോ. ഹരീഷ് കുമാര്‍ പറഞ്ഞു. ഇതിനുള്ള പഠനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കടലിനടിയിലെ ഭൂകമ്ബത്തെ തുടർന്നായിരുന്നു രണ്ടുലക്ഷത്തിലധികം പേര്‍ മരിച്ച സുനാമി 2005 ല്‍ എത്തിയത്, മൂന്നു മാസത്തിനുള്ളില്‍ വീണ്ടും ഭൂചലനം ഉണ്ടായി. കടലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഭൂ പ്രതലത്തില്‍ അസാധാരണമായ പിരിമുറുക്കം ഉണ്ടാകുന്നുവെന്നാണെന്ന് പഠനം വ്യക്തമാക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പൂര്‍ണചന്ദ്രറാവു വിശദീകരിച്ചു. കാലാവസ്ഥാ ഭേദം കടലിലും ഉണ്ടാക്കുന്ന വ്യത്യാസങ്ങളെക്കുറിച്ച്‌ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച്‌ ഡയറക്ടര്‍ ഡോ. എം. രവിചന്ദ്രന്‍ വിവരിച്ചു.

റോഡിൽ പൂച്ചയെ കണ്ട് പെട്ടെന്നു നിർത്തിയ ലോറിക്കു പിന്നിൽ ഇടിച്ചു നിന്ന ബൈക്കിലേക്ക് വാൻ ഇടിച്ചു കയറി അച്ഛനും പ്രതിശ്രുത വരനായ മകനും മരിച്ചു. വാടയ്ക്കൽ നിലവീട്ടിൽ വെളിയിൽ കെ.ബാബു (61), മകൻ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കളപ്പുര ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നു വടക്കു ഭാഗത്തേക്കു പോകുകയായിരുന്നു മൂന്നു വാഹനങ്ങളും.

റോഡിലേക്കു ചാടിയ പൂച്ചയെ രക്ഷിക്കാൻ മുന്നിൽ പോയ ലോറി ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. അജിത് ഓടിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന വാൻ ബൈക്കിനു പിന്ന‍ിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കും വാനിനും ഇടയിൽ അജിത്തും ബാബുവും ഞെരുങ്ങി. തുടർന്ന് ബൈക്ക് തെന്നി ലോറിക്കടിയിലേക്കു വീണു. അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻവശം പൂർണമായും തകർന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജിത് ആശുപത്രിയിലേക്കുള്ള വഴിയിലും ബാബു ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. അജിത്തുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയാരുന്നു ഇരുവരും എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് അജിത് ജോലി ചെയ്യുന്നത്. ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ്. ബാബുവിന്റെ ഭാര്യ ഉഷാകുമാരി. ഇളയ മകൻ അരുൺ ബാബു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.

ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ നിങ്ങൾക്കു എങ്ങനെ തോന്നിയത് ? ഈ സ്വർഗത്തിൽ സൂര്യാസ്തമനം കാണാൻ എത്തുവരുടെ മനസ് മടുപ്പിക്കുന്ന കാഴ്ചയാണിത്”- ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാഴ്ച കാണാനെത്തിയ ഒരു വിദേശിയുടെ ചോദ്യമാണിത്. കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുകയാണ് യൂട്യൂബ് വ്ലോഗറായ നിക്കോളായിയുടെ ചോദ്യം. അമേരിക്കൻ സ്വദേശിയായ നിക്കോളായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് വയനാട് എത്തിയത്. വയനാട്ടിലെ വ്യൂപോയിന്റിൽ നിന്നുള്ള മാലിന്യക്കാഴ്ചകളാണ് നിക്കോളായിയെ അസ്വസ്ഥനാക്കിയത്.

ഇത്രയും മനോഹര സ്ഥലത്തു പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയാനും മാലിന്യം കത്തിക്കാനും എങ്ങനെ തോന്നുന്നുവെന്ന് നിക്കോളായി ചോദിക്കുന്നു. വിനോദസഞ്ചാരികളും മൃഗങ്ങളും ഒരുപോലെ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തി പാടില്ലായിരുന്നുവെന്നും ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കരുതെന്നും നിക്കോളായി പറയുന്നു. ഈ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കുറമ്പാലക്കോട്ടയിലെയും വയനാട് ചുരം വ്യൂപോയിന്റിലെയും മാലിന്യങ്ങൾ വിനോദസഞ്ചാരമേഖലയേയും ബാധിക്കുന്നുണ്ട്.വിജയ് യേശുദാസ് ഉൾപ്പെടെ പല പ്രമുഖരും ഈ വീഡിയോ പങ്കുവച്ചിട്ടിട്ടുണ്ട്

കായംകുളത്ത് പത്തുവയസ്സുകാരനെ വീട്ടിലെകുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാത്രിയിൽ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട് പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടിൽ വൈഷ്ണവത്തിൽ ദേവകുമാറിന്‍റെ മകൻ ധനുഷ് ദേവാണ്(10) മരിച്ചത്. എസ് എൻ സെൻട്രൽ സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിയാണ് ധനുഷ് ദേവ്. കഴിഞ്ഞ ദിവസം രാത്രി12മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സജിതയാണ് മാതാവ്. സഹോദരൻ കാശിദേവ്.

പൗരത്വ നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കുമെന്ന് തന്നെയാണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂരില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കും. ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്താനില്‍ നിന്നോ പാകിസ്താനില്‍ നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നേയില്ല. പിതാവിന്റെയോ പിതാവിന്റെ പിതാവിന്റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്’. മുഖ്യമന്ത്രി പറഞ്ഞു.

നിയമത്തിന്റെ ബലംവെച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്.

നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ്’ -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്രിസ്മസ് കാലം പത്രോസിനും കുടുംബത്തിനും പ്രതീക്ഷകളുടെ കാലമാണ്. നക്ഷത്രങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് അടുത്ത വർഷത്തെ ഡയാലിസിസിനുള്ള പണം ലഭിക്കുമെന്ന പ്രതീക്ഷ. നക്ഷത്ര വിപണി സജീവമാകുന്നതോടെ ആ പ്രതീക്ഷകൾ ഉയരും. ഈറ്റയും വർണക്കടലാസും കൊണ്ടുണ്ടാക്കുന്ന നക്ഷത്രങ്ങൾ വിറ്റു കിട്ടുന്ന പണമാണ് ആനപ്പാറ പുതുവ പത്രോസിന്റെ ജീവൻ നിലനിർത്തുന്നത്. വൃക്കരോഗിയായ പത്രോസിന് ആഴ്ചയിൽ 3 ഡയാലിസിസ് വേണം. ഡയാലിസിസിനുള്ള പണം സ്വരൂപിച്ചു വയ്ക്കാനുള്ള ശ്രമത്തിലാണ് അൻപത്തെഞ്ചുകാരനായ പത്രോസ്.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു ഡയാലിസിസ്. മറ്റു ദിവസങ്ങളിൽ നക്ഷത്രങ്ങളുണ്ടാക്കും. ഈറ്റയിൽ ഉണ്ടാക്കിയ ചട്ടയിൽ പശകൊണ്ട് ചൈനീസ് പേപ്പറും മറ്റും ഒട്ടിച്ചു പരമ്പരാഗത രീതിയിലാണു നക്ഷത്ര നിർമാണം. വീട്ടിൽ നക്ഷത്രങ്ങൾ വാങ്ങാനെത്തുന്നവരുണ്ട്. ആവശ്യക്കാർ ഫോണിൽ വിളിച്ചാൽ വീടുകളിൽ നക്ഷത്രമെത്തിക്കും. വൃക്കരോഗത്തെ തുടർന്നു ഡയാലിസിസ് തുടങ്ങിയിട്ട് 8 വർഷമായി. സന്മനസ്സുള്ളവർ സഹായിക്കുന്നുണ്ട്. പത്രോസിന്റെ രോഗവിവരം അറിയാവുന്നവർ എൽഇഡി തുടങ്ങിയവ ഉപയോഗിച്ചുള്ള പുതുതലമുറ നക്ഷത്രങ്ങൾക്കിടയിൽ പത്രോസിന്റെ നക്ഷത്രവും തൂക്കുന്നു. പ്രതിദിനം ആറോ ഏഴോ നക്ഷത്രങ്ങൾ ഉണ്ടാക്കാനാവും. ഭാര്യ ലിസിയും മകൻ ഡാർവിനും സഹായിക്കും. വാങ്ങാനെത്തുന്നവർ ആഗ്രഹിക്കുന്ന വലുപ്പത്തിലും വർണങ്ങളിലും നക്ഷത്രങ്ങൾ നൽകും.

ആനപ്പാറ ഫാത്തിമമാതാ പള്ളിയിലെ ദേവാലയ ശുശ്രൂഷകനായിരുന്നു പത്രോസ്. ഇലക്ട്രിക്കൽ ജോലിയും നാടക രചനയുമൊക്കെയായി സജീവമായിരുന്നു. പക്ഷെ, വൃക്കരോഗം തളർത്തി. ദുശ്ശീലങ്ങളല്ല പത്രോസിനെ രോഗിയാക്കിയത്. പ്രഷറിനുള്ള മരുന്ന് ഉപയോഗിച്ചതിനു ശേഷമാണു വൃക്കരോഗം തുടങ്ങിയതെന്നു പത്രോസ് പറഞ്ഞു. മോട്ടർ, ഫാൻ വൈൻഡിങ്ങിനായി വീടിനടുത്തു തുടങ്ങിയ ചെറിയ കട അനാരോഗ്യം മൂലം വല്ലപ്പോഴുമാണു തുറക്കുക.

കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ ആരോരുമില്ലാതായി ഒരു ആറാം ക്ളാസുകാരന്‍. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കള്‍ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്നങ്ങള്‍ മൂലം മകനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലിക്ക് പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴി മകന്‍റെ കണ്‍മുന്നില്‍ വച്ചാണ് പ്രേംകുമാര്‍ പൊലീസ് പിടിയിലാകുന്നത്.

കാമുകിയുടെ സഹായത്തോടെ ഭര്‍ത്താവ് ഭാര്യയെ കൊന്ന് തള്ളി. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായിരിക്കുകയാണ്. കൊലപാതകം പുറത്തറിയുന്നതിന് മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ 9 ാം ക്ളാസുകാരി സ്കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു.

ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ സി.ഡബ്ളിയു.സിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടന്‍ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാന്‍ വരുന്ന വഴിക്കാണ് പൊലീസ് പിടിക്കുന്നത്. കണ്‍മുന്നിലുള്ള അച്ഛന്റെ അറസ്റ്റ് ആറാം ക്ളാസുകാരന് ഇരട്ടി ആഘാതമായി. ഏറ്റെടുക്കാന്‍ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കല്‍കൂടി അന്വേഷിക്കും. ഇല്ലങ്കില്‍ ഇനി ആ കുട്ടി അനാഥനാണ്.

ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് മാമാങ്കത്തിൽ നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ താരത്തിനോട് ഒരു ആരാധകൻ നടത്തിയ സംഭാഷണമാണ് വിഡിയോയിൽ. ‘പടം സൂപ്പർ ആയിരുന്നു മോനെ, അല്ല മോൻ ഏതാ ഈ പടത്തിൽ..’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

തലയിൽ കൈവച്ച് ചിരിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ മറുപടി. ‘ചേട്ടാ അതിൽ ചന്ദ്രോത്ത് പണിക്കർ എന്ന ആളാണ് ‍ഞാൻ. ഇപ്പോൾ തടി കുറഞ്ഞു അത്..’ ചിരിച്ച് കൊണ്ട് ഉണ്ണിയുടെ മറുപടി. മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി. മുൻപ് മാമാങ്കം പോസ്റ്റർ പുറത്തുവന്നപ്പോൾ ഇതിൽ ഉണ്ണി മുകുന്ദൻ എതാണെന്ന് ചോദ്യം വന്നിരുന്നു.

അന്നും ഇതാണ് ഞാനെന്ന് ചൂണ്ടിക്കാട്ടി താരം എത്തിയിരുന്നു. ഇപ്പോഴത്തെ വിഡിയോയിൽ അക്കാര്യവും ഉണ്ണി സൂചിപ്പിക്കുന്നുണ്ട്. എന്നെ തിരിച്ചറിയേണ്ട കഥാപാത്രത്തെ തിരിച്ചറിഞ്ഞാ മതി എന്ന് അന്ന് ഞാൻ ഒരു പഞ്ചിന് പറഞ്ഞതാ കോട്ടോ.. ഉണ്ണി പറയുന്നു. വിഡിയോ കാണാം.

നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ഷെയ്ന്‍ നിഗത്തിനെ പൂട്ടാന്‍ ശ്രമിച്ച ജോബിക്ക് കുരുക്കുവീഴുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

2012 ലായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്നായി 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. മൂവാറ്റുപുഴ പൊലീസാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

എന്നാല്‍, വര്‍ഷങ്ങളോളം കേസിന്റെ അന്വേഷണം മരവിച്ചിരുന്നു. എന്നാല്‍, ചലച്ചിത്രമേഖലയില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നത്. സിഐ ബൈജു പൗലോസാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജാണ് കേസിലെ പ്രധാന പരാതിക്കാരന്‍. ബാബു ജോര്‍ജിന്റെ മകന് എംബിബിഎസ് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2 കോടി 47 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

ഇംഗ്ലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കുടുംബം പൊലീസ് പിടിയില്‍. മൈസൂര്‍ കേന്ദ്രമാക്കി കണ്ണൂര്‍, കാസര്‍കോട് മേഖലകളിലെ നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘമാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.

ഇംഗ്ലണ്ടിലേക്ക് വിസ തരാമെന്ന് വാഗ്ദാനം നല്‍കി വിവിധ ആളുകളില്‍ നിന്ന് ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തെയാണ് ബേക്കല്‍ പൊലീസ് മൈസൂരുവില്‍ നിന്ന് പിടികൂടിയത്. മൈസൂര്‍ സ്വദേശികളായ ജോണ്‍ ബെന്‍ഹര്‍ ഭാര്യ വീണ റോഡ്രിഗ്രസ്, ഇവരുടെ സഹോദരന്‍ ഫ്രാന്‍സിസ് റോഡ്രിഗ്രസ് അചഛന്‍ ഡെന്നിസ് എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ടുവര്‍ഷത്തോളമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം രൂപയാണ് വിവിധ ആളുകളില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തത്. ബേക്കല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

വിസ വാഗ്ദാനം നല്‍കി കര്‍ണാടകയിെല വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്, എറണാകുളം ജില്ലകളിലും സമാനമായി ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കല്‍ പൊലീസ് പ്രതികളെ മൈസൂരവില്‍ നിന്ന് പിടികൂടിയത്. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു.

Copyright © . All rights reserved