തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകരുടെ റാലി. കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലിയിലാണ് പരസ്യമായ വിദ്വേഷമുദ്രാവാക്യം നടത്തിയത്.
‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്’- തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ പ്രവര്‍ത്തകര്‍ മഉഴക്കിയത്.
ബിജെപിയുടെ പ്രമുഖ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജ്ഞിത്ത്, കെ.പി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വനസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. അതേസമയം, പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും വിമര്‍ശനമുണ്ട്.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തിൽ മലയാള സിനിമാ പ്രേമികൾ ഇത്രയധികം കാത്തിരുന്ന ഒരു സിനിമ ഉണ്ടാവില്ല. അങ്ങനെ ആ അത്ഭുത ചിത്രം, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ, മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ഇന്ന് ലോകം മുഴുവനായി റിലീസ് ചെയ്തു. മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ്.
മോഹൻലാലിനൊപ്പം തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രശസ്ത താരങ്ങൾ അണിനിരന്നിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകൻ പ്രിയദർശനും അദ്ദേഹത്തിന്റെ അസ്സോസിയേറ്റായ അനി ഐ വി ശശിയും ചേർന്നാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിലെ അറുനൂറിൽ അധികം സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള നാലായിരം സ്‌ക്രീനുകളിലുമാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 47 ഇൽ കൂടുതൽ രാജ്യങ്ങളിൽ ആണ് മരക്കാർ റിലീസ് ചെയ്തിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയും മരക്കാർ ചരിത്രമായി മാറി.
കാഴ്ചയുടെയും കേൾവിയുടെയും തിയേറ്റർ ആരവങ്ങളുടെയും ഉത്സവം സ്വപ്നം കണ്ട സിനിമാപ്രേമികൾക്കു വേണ്ട ചേരുവകളെല്ലാം ചേർത്താണ് സംവിധായകൻ പ്രിയദർശൻ സിനിമ ഒരുക്കിയിരിക്കുന്നത്. ചരിത്രത്തിൽ കേട്ടു മറന്ന മരക്കാർ കുടുംബത്തിന്റെയും തലമുറകളുടെയും പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് ചിത്രം പറയുന്നത്.
വൈദേശിക ആധിപത്യത്തിനെതിരെ ഇന്ത്യയിൽ നിന്നുയർന്ന ആദ്യ പോരാട്ടങ്ങളിൽ ഒന്നാണ് മരക്കാരുടെ ചെറുത്തുനിൽപ്പ്. കാലക്രമേണ കുഞ്ഞാലി മരക്കാർ എന്ന് പുകൾപെറ്റ മുഹമ്മദലി മരക്കാറിന്റെ യൗവ്വന കാലത്തു നിന്നുമാണ് സംവിധായകൻ കഥ പറഞ്ഞു തുടങ്ങുന്നത്. നിഷ്കളങ്കനായ ആ ചെറുപ്പക്കാരൻ എങ്ങനെയാണ് പിന്നീട് കടലിൽ മായാജാലം കാണിക്കുന്ന പോരാളിയും കടൽക്കൊള്ളക്കാരനുമൊക്കെയായി മാറിയതെന്ന്, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു ജനതയുടെ മനസ്സിൽ രാജാവിനും ദൈവത്തിലും മുകളിലുള്ള ഒരാളായി അയാൾ പ്രതിഷ്ഠിക്കപ്പെടുന്നത് എങ്ങനെയെന്നും.
തുടക്കം മുതൽ അവസാനസീനിൽ വരെ സമ്മാനിക്കുന്ന ദൃശ്യവിസ്മയമാണ് ചിത്രത്തിൽ പ്രേക്ഷകനെ കൊളുത്തിയിടുന്ന പ്രധാന ഘടകങ്ങളിലൊന്ന്. കടൽ ചൊരുക്കിനോട് പടവെട്ടുന്ന കുഞ്ഞാലിയേയും അറബിക്കടലിൽ ഗറില്ലാ യുദ്ധനയം പുറത്തെടുത്ത് പറങ്കിപ്പടയെ തുരത്തുന്ന മരക്കാർ സേനയുമൊക്കെ മിഴിവേറിയ കാഴ്ചകളായി സ്ക്രീനിൽ വിരിയുമ്പോൾ ഹോളിവുഡ് സിനിമക്കാഴ്ചയുടെ അനുഭൂതിയാണ് പ്രേക്ഷകന് ലഭിക്കുക.
മോഹൻലാൽ എന്ന നടൻ തന്നെയാണ് ‘മരക്കാറിന്റെ’ നെടുംതൂൺ. സ്ക്രീനിൽ ഇന്ദ്രജാലം കാണിക്കുന്ന മോഹൻലാൽ മാജിക്കിന്റെ തനിയാവർത്തനങ്ങൾ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. ഓരോ ഫ്രെയിമിലും നിറയുന്ന താരബാഹുല്യമാണ് മരക്കാറിനെ കുറിച്ച് എടുത്തു പറയേണ്ട മറ്റൊരു കാര്യം. പ്രകടനം കൊണ്ടും സാന്നിധ്യം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ചില അഭിനേതാക്കളെയും ‘മരക്കാറിൽ’ കണ്ടെത്താം. അന്യഭാഷകളിൽ നിന്നുള്ള താരങ്ങളെ ഈ മൾട്ടിലിംഗൽ ചിത്രത്തിന്റെ ഭാഗമാക്കുന്നതിന് പിന്നിൽ കച്ചവട താൽപ്പര്യങ്ങൾ ഉണ്ടെങ്കിലും ഇവരിൽ ചിലർ കാഴ്ച വച്ച പ്രകടനം കയ്യടി അർഹിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ചില പേരുകൾ അർജുൻ, സുനിൽ ഷെട്ടി, ചൈനീസ് നടൻ ജയ് ജെ ജാക്രിറ്റ് എന്നിവരുടേതാണ്. മലയാളത്തിന്റെ പ്രിയ നായികമാര്‍ മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കാഴ്ചക്കാരെ ഒരുവേള നൊമ്പരപ്പെടുത്തുന്നത് അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സാന്നിധ്യമാണ്. സാമൂതിരി രാജാവിന്റെ വേഷത്തിലാണ് അദ്ദേഹമെത്തുന്നത്.
മരക്കാർ കാത്തുവയ്ക്കുന്ന മറ്റൊരു സർപ്രൈസ് പ്രണവ് മോഹൻലാൽ എന്ന നടനാണ്. ഒരു നടനെന്ന രീതിയിൽ കുറച്ചുകൂടി പാകപ്പെട്ട ഒരു പ്രണവിനെയാണ് മരക്കാറിൽ കാണാനാവുക. കുഞ്ഞാലിയുടെ ചെറുപ്പകാലമൊക്കെ അസ്സലായി തന്നെ പ്രണവ് അവതരിപ്പിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ധീരനായി വാഴ്ത്തപ്പെട്ട, ആയിരം കഥകളിൽ ആയിരം പരിവേഷം ചാർത്തപ്പെടുന്ന ഒരാളെ കുറിച്ച് ഒരു സിനിമ ഒരുക്കുക എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ചും വേണ്ടത്ര രേഖകൾ ലഭ്യമല്ലാത്ത സാഹചര്യം കൂടിയാവുമ്പോൾ. ചരിത്രം പറയാതെ പോയ ചില കോളങ്ങൾ പൂരിപ്പിക്കുക എന്നത് ചരിത്രാന്വേഷിയുടെ അല്ലെങ്കിൽ സംവിധായകന്റെ ഉത്തരവാദിത്വമായി മാറുകയാണ്.
തന്റെ ഭാവന കൊണ്ടാണ് പ്രിയദർശൻ ആ ഉത്തരവാദിത്വത്തെ മറികടന്നിരിക്കുന്നത്. ചരിത്രത്തിന്റെ കഥാവലംബല്ല മരക്കാർ, കേട്ടകഥകളിലും അപൂർണ്ണമായ ചരിത്രത്തിലും മയങ്ങുന്ന ഒരു ചരിത്രനായകനെ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലും ഭാവനയിലും പുനരാവിഷ്കരിക്കുകയാണ് ‘മരക്കാറിൽ’ എന്ന് പ്രിയദർശൻ തന്നെ ഇക്കാര്യത്തിൽ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. എന്നിരുന്നാലും, ചരിത്രത്തിൽ നിന്ന് ഒരു കഥാപാത്രത്തെ എടുത്ത് കഥ പറയുമ്പോൾ അതിന്റെ കഥാപരിസരങ്ങളോട് പുലർത്തേണ്ട താദാത്മ്യം പ്രാപിക്കൽ ‘മരക്കാറിൽ’ പലയിടത്തും നഷ്ടമായിട്ടുണ്ട്.
ചിത്രത്തിന്റെ പ്രധാന പോരായ്മയായി തോന്നിയ ഒരു കാര്യം, ‘മരക്കാറിൽ’ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ അവിടെ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ആ ഭാഷ അതു പോലെ പുനരാവിഷ്കരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ; അച്ചടി ഭാഷ ഉപയോഗിക്കുന്നതു പോലും ഫലപ്രദമായൊരു ആശയവിനിമയ രീതിയായി പരിഗണിക്കാമെന്നിരിക്കെ മ’രക്കാറിലെ’ സംസാരഭാഷയുടെ കാര്യത്തിൽ അലക്ഷ്യമായ നിലപാടാണ് അണിയറപ്രവർത്തകർ കൈകൊണ്ടിരിക്കുന്നത് എന്നു പറയേണ്ടി വരും. 16-ാം നൂറ്റാണ്ടിലെ ജനതയുടെ കഥ പറയുമ്പോൾ അവിടെ ഉപയോഗിക്കപ്പെടുന്ന ഭാഷ 21-ാം നൂറ്റാണ്ടിനെ ഓർമ്മിപ്പിക്കുന്നു എന്നത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഭാഷയുടെ ഈ പരിമിതി കൊണ്ട് പല കഥാപാത്രങ്ങളെയും കഥാപാത്രങ്ങളായി കാണാൻ കഴിയാതെ പോവുന്നു. മുകേഷും ഇന്നസെന്റും മാമുക്കോയയുമടക്കമുള്ള ഭൂരിഭാഗം അഭിനേതാക്കളും അവരുടെ തനതായ പ്രാദേശിക ചായ്‌വുള്ള ഭാഷ തന്നെയാണ് സംസാരിക്കുന്നത്. ഭാഷ, വസ്ത്രരീതികൾ പോലുള്ള സൂക്ഷ്മാംശങ്ങളിലേക്ക് പോവാതെ ഉപരിവിപ്ലവമായി കഥ പറഞ്ഞു പോവുകയാണ് സംവിധായകൻ ഇവിടെ. ഈ ഉപരിവിപ്ലവമായ സമീപനം സിനിമയിൽ പലയിടത്തും കല്ലുകടിയാവുന്നുണ്ട്.
എന്തു കൊണ്ട് ‘മാസ്റ്റർ ക്രാഫ്റ്റ്മാനെന്ന്’ പ്രിയദർശൻ വിശേഷിപ്പിക്കപ്പെടുന്നു എന്നതിനുള്ള ഉത്തരം ‘മരക്കാറിന്റെ’ ഫ്രെയിമുകൾ പറയും. പ്രിയദർശനു മാത്രം സാധ്യമായ ആ കയ്യൊപ്പ് ചിലയിടങ്ങളിൽ പ്രത്യക്ഷമായി തന്നെ കാണാം.
തിരുവിന്റെ സിനിമോട്ടോഗ്രാഫിയ്ക്ക് ഒപ്പം ‘മരക്കാർ’ കാഴ്ചകളെയും ഫ്രെയിമിനെയും സമ്പന്നമാക്കുന്നതിൽ സാബു സിറിലിന്റെ കലാസംവിധാനത്തിനും നല്ലൊരു പങ്കുണ്ട്. കഥയ്ക്ക് പശ്ചാത്തലമാവുന്ന കാലഘട്ടത്തെ യുക്തിഭദ്രതയോടെ സാബു സിറിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. ചരിത്രത്തിനോട് എത്രത്തോളം ഈ പശ്ചാത്തലം നീതി പുലർത്തിയിട്ടുണ്ടെന്ന് പരിശോധിക്കാൻ കഴിയില്ലെങ്കിലും, സിനിമയുടെ ഡിസൈനിൽ മൊത്തത്തിൽ ഒരു ഏകതാനത കൊണ്ടു വരാൻ സാബു സിറിലിന് കഴിഞ്ഞിട്ടുണ്ട്.
ഗോള്‍ഡന്‍ ഏജ് ഹോളിവുഡ് മൂവികളുടെ ഒരു സ്വഭാവം സിനിമയ്ക്ക് സമ്മാനിക്കാൻ രാഹുൽ രാജിന്റെ പശ്ചാത്തലസംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. എവിടെയൊക്കയോ ‘ട്രോയ്’ പോലുള്ള സിനിമകളെ അനുസ്മരിപ്പിക്കുന്നുമുണ്ട് ‘മരക്കാർ.’ റോണി റാഫേലിന്റെ പാട്ടുകളും ചിത്രത്തിന് മൊത്തത്തിൽ ഒരു ഉണർവ്വ് സമ്മാനിക്കുന്നുണ്ട്. സിനിമയിലെ സംഘട്ടനരംഗങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. കാസു നെട, സുമ്രെട് മൗൺഗുപ്ത്, ബി ത്യാഗരാജൻ എന്നിവരാണ് മരക്കാറിലെ സംഘട്ടനരംഗങ്ങൾക്ക് പിറകിൽ പ്രവർത്തിച്ചവർ. പ്രിയദർശന്റെ മകനായ സിദ്ധാർഥ് ആണ് ചിത്രത്തിന് വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്.
ചൂണ്ടി കാണിക്കാൻ പോരായ്മകൾ ഉണ്ടെങ്കിലും തിയേറ്ററിന്റെ വലിയ സ്ക്രീനിൽ ഒരിക്കലെങ്കിലും കണ്ടറിഞ്ഞ് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് ‘മരക്കാർ’. കാരണം സാങ്കേതിക മികവു കൊണ്ടും ട്രീറ്റ്മെന്റ് കൊണ്ടും ദൃശ്യ വിസ്മയം തീർത്ത ഇതുപോലൊരു ചിത്രം മലയാളത്തിൽ മുൻപ് ഉണ്ടായിട്ടില്ലെന്നതു തന്നെ.
‘ബാഹുബലി’യും ‘കെജിഎഫും’ ‘പത്മാവതും’ ഒക്കെ വിസ്മയത്തോടെ കണ്ട മലയാളി പ്രേക്ഷകർക്ക് അതേ ജനുസ്സിൽ പെട്ടൊരു ചിത്രം മലയാളത്തിലുമുണ്ടായി എന്ന് പറയാൻ ഇനി ‘മരക്കാർ’ ഉണ്ട്. മലയാള സിനിമയെ വലിയ ക്യാൻവാസിൽ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കിയ ചിത്രം എന്ന രീതിയിൽ കൂടിയാവും ചിലപ്പോൾ ‘മരക്കാർ’ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്നേഹം എന്ന വ്യാജേന നാം നമ്മുടെ കുട്ടികൾക്ക് എന്താണ് കൊടുക്കുന്നത്? പാരതന്ത്ര്യം…. സ്നേഹത്തേക്കാൾ മനുഷ്യന് മൂല്യമേറിയതും വിലപ്പെട്ടതും സ്വാതന്ത്ര്യം ആകുന്നു. സ്വാതന്ത്ര്യം ഇല്ലാതെ എങ്ങനെയാണ് സ്വയം അവതരിപ്പിക്കുന്നതും പടർന്ന് പന്തലിക്കുന്നതും? നമ്മുടെ കുട്ടികൾക്ക് സ്വയം അവതരിപ്പിക്കുവാനും പടർന്ന് പന്തലിക്കുവാനും ആവുന്നില്ല. അവർക്ക് അതിന് ആഗ്രഹമുണ്ട്; പക്ഷേ അവർ ശക്തമായും അബോധമായും അടിച്ചമർത്തപ്പെട്ടു പോകുന്നു .അവർ കുറുവൃക്ഷം പോലെ ആകുന്നു. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്.
തങ്ങളുടെ കുട്ടികൾക്ക് ജീവിതത്തിൽ യാതൊരു പ്രശ്നവും ഉണ്ടാകരുത് എന്ന് മാതാപിതാക്കൾ വാശിപിടിക്കുന്നു. അതിനുവേണ്ട ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും മുൻകരുതലുകളും അവർ സ്വീകരിക്കുന്നു .ഇത് എത്രമാത്രം ശരിയാണ് ?പ്രശ്നങ്ങളെ നേരിടാതെ കുട്ടികൾ എങ്ങനെയാണ് മന:ക്കരുത്തും തന്റേടവും പക്വതയും ആർജ്ജിക്കുന്നത്? അവർ തങ്ങളുടെ കുട്ടികളുടെ ഭാവിയെ കുറിച്ചും മറ്റും ആശങ്ക പ്രകടിപ്പിക്കുന്നു. ഈ ആശങ്ക(anxiety) ക്രമേണ കുട്ടികളിലേക്ക് പകരുന്നു. വാസ്തവത്തിൽ ഇങ്ങനെയൊരു ആശങ്കയുടെ ആവശ്യമുണ്ടോ? തങ്ങളുടെ കുട്ടികൾ ഏത് വിഷയം പഠിക്കണമെന്നും ഏത് ജോലി സ്വീകരിക്കണമെന്നും എന്തിന് ആരെ വിവാഹം ചെയ്യണമെന്ന് പോലും മാതാപിതാക്കൾ തീരുമാനിക്കുന്നു. അപ്പോൾ സ്വന്തം ജീവിതത്തിൽ കുട്ടികളുടെ റോൾ(role) എന്താണ്? അവർ കഴിവും ഉത്തരവാദിത്വം ഇല്ലാത്തവരായി മാറുന്നു.
കുട്ടികളെ വളർത്തേണ്ടത് മാതാപിതാക്കൾ അല്ല എന്ന് ഞാൻ ശക്തമായി വാദിക്കുന്നു. ഇന്ന് മാതാപിതാക്കൾക്ക് അതിനു സമയം എവിടെ? മാത്രവുമല്ല കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിലുള്ള പ്രായത്തിന്റെ വിടവ് (generation gap) ആര് മാറ്റി കൊടുക്കും? അതുകൊണ്ട് കുട്ടികളെ കുട്ടികളുടെ ഇടയിലേയ്ക്ക് തന്നെ അയക്കുക. 15 വയസ്സുള്ളവൻ 14കാരന്റെ കൂടി കാര്യങ്ങൾ നോക്കട്ടെ ; 14 കാരൻ 13കാരന്റെയും; 13 കാരൻ 12 കാരന്റെയും കൂടി കാര്യങ്ങൾ നോക്കട്ടെ. ഇപ്രകാരം കുട്ടികളെ കുട്ടികൾക്ക് തന്നെ വിട്ടു കൊടുക്കുക. ആധി പിടിക്കേണ്ട കാര്യമില്ല. സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയിൽ അത് എളുപ്പം സാധിക്കാവുന്നതാണ്.
അത് കൊണ്ട് മുതിർന്നവരോടും മാതാപിതാക്കളോടും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ.. നിങ്ങൾ കുട്ടികളുടെ കാര്യത്തിൽ ഇടപെടാതിരിക്കുക! നിങ്ങൾക്ക് അതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല. നിങ്ങൾ അവരുടെ രക്ഷിതാക്കൾ ചമയാതിരിക്കുക. അതൊക്കെ കാലഹരണപ്പെട്ട സാമൂഹിക വ്യവസ്ഥിതിയുടെ സവിശേഷത ആകുന്നു. ഇന്ന് കാലം മാറിയിരിക്കുന്നു. ഇത് കൂട്ടുകുടുംബത്തിന്റെ കാലമൊന്നുമല്ല. അണുകുടുംബങ്ങൾ പോലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യക്തിയും അവന്റെ സ്വാതന്ത്ര്യവുമാണ് ഇന്നത്തെ പ്രധാനപ്പെട്ട വിഷയങ്ങൾ. കുട്ടികൾക്ക് ജീവിക്കാനാവാത്ത ഒരു സമൂഹമാണ് നമ്മുടേതെങ്കിൽ ആ സമൂഹത്തെ തിരുത്തുക അല്ലേ നമ്മുടെ കടമ ?കുട്ടികളെ തിരുത്തുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? അത് ആണുങ്ങൾക്ക് ഭൂഷണമല്ല.
ജീവിതത്തിൽ തങ്ങൾക്കുണ്ടാകുന്ന വെല്ലുവിളികളെ ആണത്തത്തോടെയും ചങ്കൂറ്റത്തോടെയും നേരിട്ട് കൊണ്ട് പുതിയ തലമുറക്ക് ഒരു ദിശാബോധം കൊടുക്കുകയാകുന്നു പ്രായപൂർത്തിയായവരുടെ കടമ. അതിനുള്ള ശക്തി സംഭരിക്കുവാൻ ആവാതെ ഞരമ്പുരോഗികളായിമാറി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ മാതിരി തങ്ങളുടെ പരാജയങ്ങൾക്കും കഴിവുകേടുകൾക്കും ഉള്ള ദേഷ്യം കുട്ടികളോട് തീർക്കുന്ന വികലമായ വ്യക്തിത്വങ്ങളായി പ്രായപൂർത്തിയായവർ മാറുന്നത് കാണുമ്പോൾ ലജ്ജിച്ച് തലതാഴ്ത്തി പോകുന്നു. അല്ലയോ മുതിർന്നവരേ.. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധിക്കുക. കുട്ടികളെ തൊട്ടുപോകരുത്!! അവർക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. നിങ്ങളുടെ കപട സ്നേഹം അല്ല. നിങ്ങൾ ഈ കാപട്യം എത്രനാൾ ചിലവാക്കും? നിങ്ങൾക്ക് അവരോട് സ്നേഹം ഇല്ല എന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. അവർക്ക് നിങ്ങളോടും സ്നേഹം ഇല്ല എന്ന് അറിഞ്ഞു കൊള്ളുക. അതുകൊണ്ടാണ് വാർദ്ധക്യത്തിൽ അവർ നിങ്ങളെ നോക്കാത്തത്..
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ. യു കെ മലയാളികൾക്ക് അഭിമാനമായി സ്വന്തമായി പാട്ടെഴുതി , പാടി അഭിനയിച്ചു ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയ once me എന്ന ഇംഗ്ലീഷ് ആൽബത്തിന്റെ രചയിതാവും , അഭിനേത്രിയും , ഗായികയുമായ ബെഡ്ഫോർഡിലെ ഡെന്ന ആൻ ജോമോനെ തേടി കൂടുതൽ ആംഗീകാരങ്ങൾ എത്തുന്നു . റിലീസ് ആയി മൂന്നാഴ്ച തികയും മുൻപേ ഒരു ലക്ഷം ആളുകൾ കണ്ട ഈ വീഡിയോ ആൽബം യു ട്യൂബിന്റെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് ബ്രിട്ടനിലെ എം പി മാരും , മന്ത്രിമാരും അടങ്ങുന്ന സംഘം ഡെന്നായെയും കുടുംബത്തെയും പാർലമെന്റില്‍ സാംസ്‌കാരിക പരിപാടികൾ നടക്കുന്ന ഹാളിൽ വിളിച്ചു വരുത്തി മൊമെന്റോ നൽകി ആദരിച്ചത് .

ലോർഡ്, വാജിത് ഖാൻ ( ബേൺലി ), മുഹമ്മദ് യാസിൻ എം ,പി ,( ബെഡ്ഫോർഡ്), വിരേന്ദ്ര ശർമ്മ എം . പി .( സൗത്താൾ ), പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി സാറാ സുൽത്താന എം . പി .( കൊവെൻട്രി ), താൻ മഞ്ജീത് സിംഗ് ദേശി എം .പി, ( സ്ലോ ), നാവേ ന്തു മിശ്ര എം പി ( സ്റ്റോക്ക്‌പോർട് ) ഇമ്രാൻ ഹുസൈൻ എം. പി . ( ബ്രാഡ്ഫോർഡ് ഈസ്റ്റ് ) , ഖാലീദ് മുഹമ്മദ് എം പി . ( ഷാഡോ ഫോറിൻ ഓഫീസ് മിനിസ്റ്റർ-ബെർമിങ്ങ്ഹാം )അഫ്സൽ ഖാൻ എം . പി. ( മാഞ്ചസ്റ്റർ ) എന്നിവരാണ് ഡെന്നായെ അനുമോദിക്കാൻ എത്തിയത് .

കഴിഞ്ഞ ആഴ്ച ഡെന്നയുടെ താമസ സ്ഥലമായ ബെഡ്ഫോർഡിലെ എം പി മുഹമ്മദ് യാസിൻ, ഹൈ ഷെരിഫ് ഓഫ് ബെഡ്‌ഫോർഡ്ഷയർ എറിക് മെസ്സി,ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റി ചെയർമാനുമായ ബൽദേവ് കിൻഡ എന്നിവർ ചേർന്ന് ടൌൺ ഹാളിൽ വിളിച്ചു വരുത്തുകയും അനുമോദിക്കുകയും ചെയ്തിരുന്നു .ഗായകനും സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനും , ആയ ജോമോൻ മാമൂട്ടിലിന്റെയും , ജിൻസി ജോമോന്റേയും പുത്രിയാണ് എ ലെവൽ വിദ്യാർഥിനിയായ ഡെന്ന , ഈ ആൽബത്തിന്റെ റിലീസ് ചടങ്ങും വാർത്തകളിൽ ഇടം പിടിച്ചിരുന്നു , മലയാളത്തിന്റെ പ്രിയ ഗായകരായ കെ എസ് ചിത്ര, വേണുഗോപാൽ ,മലയാള സിനിമയിലെ നിരവധി സംവിധായകരുടെയും, നടീ, നടന്മാരുടെയും ഉൾപ്പടെ ഉള്ള നിരവധി പ്രമുഖരുടെ പേജുകളിൽ കൂടിയാണ് റിലീസ് ചെയ്തത്, കൂടാതെ യുകെയിലെ ലേബർ,കൺസേർവേറ്റീവ് പാർട്ടിയിലെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിക്കാനും എത്തിയിരുന്നു . ഈ ആൽബം കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


കോവിഡ് 19 വാക്‌സിനെതിരെ പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷൻ ചാനൽ ഉടമ കോവിഡ് ബാധിച്ചു മരിച്ചു.നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്ക് സ്ഥാപകനും സിഇഒയുമായ മാർകസ് ലാംബ് (64) ആണ് മരിച്ചത്.
‘ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്ക് സ്ഥാപകനും പ്രസിഡണ്ടുമായ മാർകസ് ലാംബ് ഇന്നു രാവിലെ ദൈവത്തിലേക്ക് മടങ്ങിയതായി ദുഃഖഭാരത്തോടെ അറിയിക്കുന്നു. അവരുടെ കുടുംബത്തിന് സ്വകാര്യത ആവശ്യമുണ്ട്. അത് മാനിക്കപ്പെടേണ്ടതുണ്ട്. അവർക്കായി പ്രാർത്ഥിക്കുന്നു’ – എന്നാണ് ചാനൽ ട്വീറ്റ് ചെയ്തത്
കഴിഞ്ഞയാഴ്ച മാർകസിൻറെ മകൻ ജൊനാഥൻ പിതാവിൻറെ രോഗശമനത്തിനായി പ്രാർഥിക്കാൻ ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തിരുന്നു. മാർകസിൻറെ ഭാര്യയും അദ്ദേഹത്തിന് കോവിഡിൽ നിന്ന് മുക്തി കിട്ടാൻ പ്രാർഥിക്കാനായി ടിവിയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മരണം അറിയിച്ചുള്ള വാർത്താ കുറിപ്പിൽ കോവിഡിനെ കുറിച്ച് പ്രതിപാദിക്കുന്നില്ല.
1997ലാണ് ലാംപ് ഡേ സ്റ്റാർ ആരംഭിച്ചത്. യുഎസിൽ 70ലേറെ ടെലവിഷൻ സ്റ്റേഷനുകൾ നെറ്റ്‌വർക്ക് ഓപറേറ്റ് ചെയ്യുന്നുണ്ട്. കോവിഡ് മഹാമാരിക്കെതിരെ വാക്‌സിൻ വിരുദ്ധ പ്രചാരകർക്ക് വലിയ തോതിൽ ഇടം ചാനൽ അനുവദിച്ചിരുന്നു.
കോഴിക്കോ് നഗരത്തില്‍ പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് അടിച്ചുവീഴ്ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ധീരത. അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാവിലെ മാനാഞ്ചിറയിലാണ് അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ ശല്യം ചെയ്ത വളയം ഭൂമിവാതുക്കള്‍ കളത്തില്‍ ബിജു (31) വിനെയാണ് റഹ്മാനിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മി സജിത്ത് അടിച്ച് കീഴ്‌പ്പെടുത്തിയത്.
ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു സമീപത്തെ ട്യൂഷന്‍ സെന്ററില്‍നിന്നു ക്ലാസ് കഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരിയും ബസ് സ്റ്റോപ്പിലേക്കു പോവുകയായിരുന്നു. ഈ സമയം, ബസ് സ്റ്റോപ്പിലേക്കുള്ള സീബ്ര ക്രോസിനു അല്‍പം അകലെ വച്ചു ബിജു ലക്ഷ്മിയുടെ ദേഹത്തു കയറി പിടിച്ചു. ധൃതിയില്‍ നടന്നു പോകുകയും ചെയ്തു. ഉടന്‍ മുന്നില്‍ നടന്നു പോകുകയായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ കയറി പിടിച്ചു. പെണ്‍കുട്ടി കുതറി മാറി.
ആദ്യത്തെ പരിഭ്രാന്തിയില്‍നിന്നു മോചിതയായ ലക്ഷ്മി ഓടി ബിജുവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിന്നില്‍നിന്നു കുത്തിപിടിക്കുകയായിരുന്നു. അക്രമി കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ ഒരടിയും കൊടുത്തു. പിന്നീട് കൈയും കഴുത്തും ചേര്‍ത്തു പിടിച്ചു വച്ച് ബഹളം വച്ചു. അപ്പോഴേക്കും ആളുകളും തടിച്ചു കൂടി. വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി.
പിന്നീട് പ്രതിയെ കസബ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥയായ നിമ്‌നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷിണി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കരാട്ടെ അഭ്യസിക്കുകയാണ് ലക്ഷ്മി.
ആർത്തവ രക്തം കലർത്തി ഭാര്യ ഭക്ഷണം നൽകിയതിനെ തുടർന്ന് അണുബാധയുണ്ടായെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണത്തിനായി നാലംഗ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. കഴിഞ്ഞവർഷം ജൂൺ 12-ാം തീയതിയാണ് ഭാര്യയും അവരുടെ മാതാപിതാക്കളും ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തിയെന്ന പരാതിയുമായി ഗാസിയാബാദ് സ്വദേശി പോലീസിനെ സമീപിച്ചത്. തുടർന്നാണ് അന്വേഷണത്തിനായി പോലീസ് മെഡിക്കൽ ബോർഡിനെ സമാപിച്ചത്.
ജനറൽ ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓർത്തോപീഡിക്ക് സർജൻ എന്നിവരാണ് മെഡിക്കൽ ബോർഡിലുള്ളത്. പരാതിക്കാരൻ ഹാജരാക്കിയ വിവിധ മെഡിക്കൽ റിപ്പോർട്ടുകളാണ് ബോർഡ് പരിശോധിക്കുക. ഈ ഭക്ഷണം കഴിച്ചതോടെ തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. ഭാര്യയും അവരുടെ മാതാവും തമ്മിൽ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഫോൺകോൾ താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ അവകാശപ്പെടുന്നുണ്ട്.
ഇയാളുടെ പരാതിയിൽ കാവി നഗർ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വിഷവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. 2015-ലാണ് പരാതിക്കാരൻ വിവാഹിതനായത്. ദമ്പതിമാർക്ക് ഒരു മകനുണ്ട്.
ഭർത്താവിന്റെ മാതാപിതാക്കളുടെ കൂടെയുള്ള താമസം ഒഴിവാക്കി മാറിതാമസിക്കാൻ ഭാര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ നിസ്സാരകാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കിയിരുന്നെന്നും പരാതിക്കാരൻ പറയുന്നു. വഴക്ക് പതിവായതോടെ തന്റെ മാതാപിതാക്കൾ വീട്ടിൽനിന്ന് താമസം മാറി.
പിന്നീടാണ് ഭാര്യ രാത്രി കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തിയത്. ഭാര്യയുടെ മാതാപിതാക്കളും സഹോദരനുമാണ് ഭക്ഷണത്തിൽ രക്തം കലർത്തിയതിന് പിന്നിലെന്നും തനിക്കെതിരേ ദുർമന്ത്രവാദം നടത്താൻ ഇവരാണ് ഭാര്യയെ പ്രേരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.
പഞ്ചാബിലെ ജലന്തറില്‍ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍വെന്റ് ചാപ്പലിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കത്തോലിക്കാ വിഭാഗത്തിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി മേഴ്‌സിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. 30 വയസായിരുന്നു.
ആലപ്പുഴയിലെ ചേര്‍ത്തലയ്ക്കടുത്തുള്ള ആര്‍ത്തുങ്കലില്‍ നിന്നുള്ളയാളാണ് സിസ്റ്റര്‍ മേരി മേഴ്‌സി. 1881ല്‍ സ്ഥാപിതമായ ഇറ്റാലിയന്‍ സന്യാസിനി സമൂഹമായ ഫ്രാന്‍സിസ്‌കന്‍ ഇമ്മാകുലേറ്റൈന്‍ സിസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി.
മരണം സ്ഥിരീകരിച്ച് കൊണ്ട് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിപ്പ് നല്‍കിയെങ്കിലും മരണകാരണം സംബന്ധിച്ചൊന്നുമുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കന്യാസ്ത്രീയുടെ ചേര്‍ത്തലയിലെ ഇടവകയില്‍ വെച്ച് നടക്കുമെന്ന് ബിഷപ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു.
”നവംബര്‍ 30ന് രാവിലെ സിസ്റ്റര്‍ മേഴ്‌സിയുടെ മൃതദേഹം കോണ്‍വെന്റ് ചാപലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോപ്‌സിയ്ക്ക് ശേഷം മൃതദേഹം കേരളത്തിലേയ്ക്ക് എത്തിക്കും,” രൂപത ചാന്‍സലര്‍ ഫാദര്‍ ആന്തണി തുരുത്തി പറഞ്ഞതായി മാറ്റേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ചതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെ ഏറെ സംശയങ്ങളും ദുരൂഹതകളും ബാക്കി.ഫോർമാലിൻ കലർത്തിയ ചാരായമാണ് ഇവർ കഴിച്ചിരിക്കുന്നതെന്നു വ്യക്തമായതോടെ ഇത് ആരാണ് ഇവർക്കു നൽകിയതെന്നാണു പോലീസ് അന്വേഷിക്കുന്നത്.നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ആരെങ്കിലും ഇവർക്കു നൽകിയതാകാം എന്നാണു പോലീസ് കരുതുന്നത്.
നിശാന്ത് ആശുപത്രിയിൽ എത്തുംമുന്പേ മരിച്ചെങ്കിലും ബിജു തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണു മരിച്ചത്.ആരോ മദ്യമാണെന്നു പറഞ്ഞു നിശാന്തിനു നൽകിയതാണ് ഞങ്ങൾ ഇരുവരും കഴിച്ചതെന്നു ബിജു പറഞ്ഞതായാണു പുറത്തുവരുന്ന സൂചന.ആരാണ് ഇത് നൽകിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതു കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം.
ഇവർ മരണപ്പെട്ടതിനാൽ ഇവരുടെ മൊബൈൽ ഫോണിലെ സംഭാഷണങ്ങളാണ് ഇക്കാര്യം വ്യക്തമാകുവാൻ പോലീസ് പരിശോധിക്കുന്നത്.പല ദിവസങ്ങളിലും വൈകിട്ട് ഇവർ രണ്ടു പേരും ഒത്തുകൂടാറുണ്ടെങ്കിലും ഇവർ കഴിച്ച മദ്യത്തിന്റെ ബാക്കി കടയിലെ ഇതര സംസ്ഥാന തൊഴിലാളികൾ കഴിക്കാറാണു പതിവ്.എന്നാൽ, കഴിഞ്ഞ ദിവസം ഇവർ കഴിച്ചതിന്റെ ബാക്കി കടയിലെ ജീവനക്കാർ കഴിച്ചിരുന്നില്ല. ഇതുമൂലം കൂടുതൽ പേർ ദുരന്തത്തിനിരയാകുന്നത് ഒഴിവായി.
എന്നാൽ, കടയിലെ ഇതരസംസ്ഥാന തൊഴിലാളികൾ കഴിക്കാതിരുന്നതു പല സംശയങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. പോലീസ് ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്.അപായപ്പെടുത്തുവാൻ ആരെങ്കിലും മനപൂർവ്വം നൽകിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിനാണ് അന്വേഷണ ചുമതല. നിശാന്തും ബിജുവും മദ്യം കഴിച്ചത് എക്സൈസ് റേഞ്ച് ഓഫീസറുടെ കര്യാലയത്തിനോടു ചേർന്നുള്ള കടമുറിയിലാണ്.
ഇതു നിശാന്തിന്റെ ഉടമസ്ഥതയിലുള്ള ചിക്കൻ സെന്ററാണ്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. ഷാനവാസ് സംഭവസ്ഥലം സന്ദർശിച്ചു.ഫോറൻസിക് പരിശോധനകൾക്കു ശേഷം മാത്രമേ ഇവർ കഴിച്ചതു വ്യാജമദ്യമാണോ എന്നതു സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എക്സൈസ് മേധാവി അറിയിച്ചു.ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഈ ബിഗ് ബജറ്റ് ചിത്രം. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
റിലീസിലും മരക്കാർ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് മരക്കാര്‍ റിലീസിനെത്തുന്നത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ നാളെ മുതൽ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ചിത്രത്തിനുണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസർവേഷനിലൂടെ മാത്രമായി മരക്കാർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ റിലീസിങ് സെന്ററുകളാണ് മരക്കാർ നേടിയത്.
കേരളത്തില്‍ 631 റിലീസിങ് സ്ക്രീനുകളാണുള്ളത്. ഇതില്‍ 626 റിലീസിങ് സ്ക്രീനിലും മരക്കാറാണ്. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാര്‍ റിലീസിന് മുന്നേ അവാര്‍ഡ് വേദികളില്‍ തിളങ്ങിയിരുന്നു. മികച്ച സിനിമ, മികച്ച ഗ്രാഫിക്സ് തുടങ്ങി നിരവധി ദേശീയ പുരസ്കാരങ്ങള്‍ മരക്കാര്‍ വാങ്ങിക്കൂട്ടിയിരുന്നു. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.