Latest News

ട്രെയിന്‍ പാളത്തില്‍ ക്രാഷ് ലാന്റിംഗ് നടത്തിയ വിമാനത്തില്‍ നിന്നും പൈലറ്റിനെ(pilot) മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്. യുഎസിലെ ലോസ് ആഞ്ചലസിന് സമീപം പകോയ്മയിലുള്ള വൈറ്റ്മാന്‍ വിമാനത്താവളത്തിനടുത്തുള്ള റെയില്‍വേ പാളത്തിലാണ് ചെറിയ വിമാനം അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ടതോടെ വിമാനം റെയില്‍ പാളത്തില്‍ തന്നെ ഇടിച്ചിറങ്ങുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

എന്നാല്‍ ഇതേസമയം ഈ ട്രാക്കിലൂടെ മെട്രോലിങ്ക് ട്രെയിന്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പൈലറ്റിനെ കോക്ക്പിറ്റില്‍ നിന്നും രക്ഷിച്ച് പുറത്തേക്ക് മാറ്റി. പൈലറ്റിനെ പുറത്തേക്കെടുത്ത് സെക്കന്‍ഡുകള്‍ക്കകം ആ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വിമാനത്തെ ഇടിച്ച് തെറിപ്പിച്ചു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സമയോചിതമായി ഇടപെട്ട ഉദ്യോഗസ്ഥര്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിച്ചു എന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സംവിധായകനായ ബാലചന്ദ്ര കുമാർ നടത്തിയിരിക്കുന്നത്. ഇതോടെ കേസിന്റെ ​ഗതിയാകെ മാറി മറിഞ്ഞിരിക്കുകയാണ്. മാത്രമല്ല ഈ സാഹചര്യത്തില്‍ ദിലീപുമായി ബന്ധപ്പെട്ട് മറ്റ് ചില വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ ആദ്യ ഭർത്താവിന്റെ വെളിപ്പെടുത്തലുകളാണ് പുറത്തെത്തുന്നത്. കാവ്യയും ദിലീപും തമ്മിൽ ഇരുവരുടെയും വിവാഹത്തിന് മുമ്പ് തന്നെ ബന്ധം ഉണ്ടായിരുന്നു എന്നും അതിന്റെ പേരിൽ ഭീഷണികൾ നേരിട്ടിരുന്നു എന്നുമാണ് കാവ്യയുടെ ആദ്യ ഭർത്താവായ നിഷാൽ ചന്ദ്ര പറഞ്ഞിരിക്കുന്നത്. കാവ്യയുമായുള്ള വിവാഹ ശേഷം കുവൈറ്റിലെത്തിയ നിഷാല്‍ ചന്ദ്ര ആദ്യം ശ്രദ്ധിച്ചത് കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെ കുറിച്ചാണ്. രാപ്പകലില്ലാതെ ദിലീപുമായി കാവ്യ സംസാരിച്ചിരുന്നു.

ഒടുവില്‍ സഹിക്കെട്ട് നിഷാല്‍ ദിലീപിനോട് പറഞ്ഞു തന്റെ കുടുംബത്തെ തനിക്ക് തിരിച്ചു തരിക, തന്റെ ഭാര്യയെ പറഞ്ഞ മനസിലാക്കി തിരിച്ചു തരണമെന്ന് ദിലീപിനോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു ദിലീപിന്റെ മറുപടി. അവള്‍ ഇപ്പോഴും എന്റെ ഭാര്യയാണ്. പിന്നെ നിന്റെ കയ്യില്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം. ഞാനൊന്ന് കൈ ഞൊടിച്ചാല്‍ അവള്‍ തിരികെ വരും. നീ ഒന്നുമല്ലാതായി മാറും. ഈ കാര്യം പുറത്തെങ്ങാനും പറഞ്ഞാല്‍ പിന്നെ നീ ജീവിച്ചിരിക്കില്ല. കുവൈറ്റിലല്ല.., എവിടെപ്പോയി ഒളിച്ചാലും നിന്നെ അവിടെ വന്ന് കൊന്നിരിക്കും എന്നാണ് ദിലീപ് നിഷാല്‍ ചന്ദ്രയോട് പറഞ്ഞതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിലീപ് ലയണ്‍സ് എന്ന പേരില്‍ ഒരു ഗുണ്ടാ സംഘം ദിലീപിന് ഉണ്ടെന്ന് ബാലചന്ദ്ര കുമാറും വെളിപ്പെടുത്തിയിരുന്നു. അതേസമയം, കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

കാവ്യയും ദിലീപും തമ്മിൽ രഹസ്യ ബന്ധമുള്ള വിവരം ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജുവിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആ ബന്ധം പിരിയാൻ ഇടയായത്. ആ വൈരാ​ഗ്യമാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ഉണ്ടായിരുന്നത്. അതിന്റെ പേരിൽ ദിലീപ് ​ഗൂഢാലോചന നടത്തുകയായിരുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്തെത്തിയിരുന്നു. എന്തായാലും സത്യം എത്ര ഒളിച്ചു വച്ചാലും ഒരിക്കൽ അതെല്ലാം മറനീക്കി പുറത്തെത്തും.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വെളിപ്പെടുത്തലുകള്‍ ദിലീപിനെതിരെ പുറത്തുവരുമ്പോള്‍ ദിലീപിനെ ഇപ്പോഴും ന്യായീകരിച്ച് പലരും രംഗത്തെത്തുന്നു. ദിലീപ് ഫാന്‍സ് മാത്രമല്ല ഈ കൂട്ടത്തില്‍ ഉള്ളത്. ഇവിടെ ഇരയാക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. ഈ നാട്ടില്‍ ഇരയ്ക്കല്ലേ നീതി എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടയിലാണ് നടിയുടെ ബന്ധുവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ദിലീപിനെ ന്യായീകരിക്കുന്ന തൊഴിലാളികളോടാണ് നടിയുടെ ബന്ധു രാജേഷ് ബി മേനോന്റെ മറുപടി. അത്തരമൊരു സംഭവം നിങ്ങളുടെ വീട്ടിലാണ് സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുകയെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും പറഞ്ഞു കൊണ്ടാണ് രാജേഷ് ബി മേനോന്റെ പ്രതികരണം എത്തിയത്.

തങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും രാജേഷ് നന്ദിയും അറിയിക്കുന്നുണ്ട്. രാജേഷ് പറയുന്നതിങ്ങനെ.. ഞങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു ഞങ്ങളുടെ കൂടെ നില്‍ക്കുന്ന എല്ലാ സുമനസ്സുകളോടും ആദ്യമായി തന്നെ നന്ദി പറയട്ടെ. പക്ഷേ ഈ കുറിപ്പ് എഴുതുന്നതിന് കാരണം ഞങ്ങള്‍ കേള്‍ക്കേണ്ടതായ പലതും നിങ്ങള്‍ കൂടി കേള്‍ക്കേണ്ടി വരുന്നു എന്ന വേദന കൊണ്ടാണ്. ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരില്‍ പലരും ഇന്ന് വ്യാജ അക്കൗണ്ട്കളിലൂടെ സൈബര്‍ ബുള്ളിയിങ്ന് ഇരകളായിത്തീര്‍ന്നിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. അവര്‍ ചെയ്യുന്ന രീതിയില്‍ തന്നെ നിങ്ങള്‍ക്കും പ്രതികരിച്ചു കൂടെ എന്ന് ചോദിക്കുന്ന പലരോടും ഞങ്ങള്‍ പറഞ്ഞത് ഒന്നേയുള്ളൂ, അതു പോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ സംസ്‌കാരം ഞങ്ങളെ അനുവദിക്കുന്നില്ല എന്ന് മാത്രം.

അവര്‍ പ്രതികരിക്കുന്നതുപോലെ ഞങ്ങള്‍ പ്രതികരിക്കാത്തതുകൊണ്ടു മാത്രമാണ് ഇത്ര ചങ്കൂറ്റത്തോടെ എനിക്കീ കുറിപ്പെഴുതാന്‍ സാധിക്കുന്നതെന്നും രാജേഷ് പറയുന്നു.നുണയ്ക്ക് വിജയിക്കണമെങ്കില്‍ എന്നും ഒരു തുണ കൂടിയേ കഴിയൂ. സത്യത്തിന് അതിന്റെ ആവശ്യമില്ല. പറയുവാനുള്ളത് ചങ്കൂറ്റത്തോടെ സ്വന്തം വ്യക്തിത്വത്തോട് തുറന്നു പറയുന്നവരോട് എന്നും ബഹുമാനമേയുള്ളൂ, മറിച്ച് സ്വന്തം മനസ്സാക്ഷി പണയം വെച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ പോലും കപട മുഖം മൂടി ധരിച്ച് നിങ്ങളുടെ ജോലിയുടെ ഭാഗമായോ കിട്ടുന്ന പ്രതിഫലത്തിന് കൂറ് കാണിക്കുന്നതിന് വേണ്ടിയോ പ്രതികരിക്കുന്ന കേവലം പ്രതികരണ, ന്യായീകരികരണ തൊഴിലാളികള്‍ മാത്രമാണ്, നിങ്ങളെങ്കില്‍ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ, നിങ്ങളുടെ വീട്ടില്‍ ആണ് ഇത് പോലെ സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുക? അങ്ങനെ സംഭവിക്കാതിരിക്കട്ടെ, കാരണം അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ആഘാതം നിങ്ങള്‍ കരുതുന്നതിനേക്കാളും നിങ്ങള്‍ക്ക് താങ്ങാവുന്നതിനേക്കാളും എത്രയോ അപ്പുറത്തായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

സ്വന്തം മനസാക്ഷിയോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ഇതുപോലെ തന്നെ ഇനിയും തുടരാം എന്നാണെങ്കില്‍ ഒരുകാര്യം തിരിച്ചറിയുക. ഈ നിമിഷം മുതല്‍ നിങ്ങളുടെ ജീവിതം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ദുരിതപൂര്‍ണ്ണമാകാന്‍ പോകുകയാണ് . ഞാന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല , നിങ്ങള്‍ ഒന്ന് പിറകിലേക്ക് നോക്കുക നാല് വര്‍ഷങ്ങളായി നിങ്ങളുടെ പ്രിയങ്കരരായിരുന്ന നിങ്ങള്‍ ഇന്നും ചെയ്യുന്നത് പോലെ ഞങ്ങള്‍ക്കെതിരായും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവന് വേണ്ടിയും ന്യായീകരിക്കുകയും വാദിക്കുകയും ചെയ്തിരുന്ന പലരുടേയും ജീവിതം നിമിഷങ്ങള്‍ക്കകമാണ് മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത്. അവരുടെ പ്രിയപ്പെട്ട പലരെയും ഈ കാലയളവില്‍ അവര്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ചെയ്ത് പോയതിലുള്ള കുറ്റബോധം കൊണ്ടാണോ അതോ ജീവനിലുള്ള കൊതികൊണ്ടാണോ എന്നറിയില്ല, പലര്‍ക്കും പലതും ചുറ്റുപാടും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം നിങ്ങള്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമാണ്.

ചന്ദനം ചാരിയാല്‍ ചന്ദനമേ മണക്കൂ, മറിച്ചാണെങ്കില്‍ … ഞാന്‍ ഉറപ്പിച്ചു പറയാം. ഈ പറഞ്ഞതിന്റെ പേരില്‍ എനിക്ക് നേരെ ഒരു സൈബര്‍ ആക്രമണത്തിനാണ് നിങ്ങള്‍ തയ്യാറാകുന്നത് എങ്കില്‍ അതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തു കൊണ്ടാണ് ഞാന്‍ ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. ഇനി മറ്റൊരുകാര്യം പറയുവാനുള്ളത്, അനേകം തന്ത മാര്‍ക്ക് പിറന്നതില്‍ അഭിമാനിക്കുന്ന ചില മുന്‍ ജനപ്രതിനിധികള്‍ അവരുടെ മനസ്സിലെ വൈകൃതങ്ങള്‍ ആവേശത്തോടെ മാധ്യമങ്ങളിലൂടെ പറയുമ്പോള്‍ പ്രതികരിക്കാത്തത് നിങ്ങളോടുള്ള ഭയം കൊണ്ടല്ല, മറിച്ച് ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്.

കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ സ്വന്തം വാക്കുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലമെന്നവണ്ണം കൈകളിലൂടെ ഊര്‍ന്ന് പോകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന പകപ്പ് ഒരു മനുഷ്യന്റെ , ചില മൃഗങ്ങളുടെയും മാനസികാവസ്ഥ തകരാറിലാക്കിയേക്കാം. പക്ഷേ അതുവരെ സ്നേഹിച്ചു വളര്‍ത്തിയ വളര്‍ത്തുനായ്ക്ക് പേ പിടിച്ചാല്‍ അതിനെ സംരക്ഷിച്ചില്ലെങ്കില്‍ നാട്ടുകാര്‍ ഇടപെട്ട് ആ നായയെ തല്ലിക്കൊല്ലുവാന്‍ വരെ മടിക്കില്ല . അത് കണ്ട് നില്‍ക്കുവാന്‍ മാത്രമേ അതിന്റെ ഉടമസ്ഥര്‍ക്ക് പോലും സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. നിങ്ങള്‍ സ്നേഹിക്കുന്നത് തെരുവുനായയേയോ വേട്ടപ്പട്ടിയേയോ ആകട്ടെ അതിനെ അതിന്റെ ഇഷ്ടപ്രകാരം അലഞ്ഞുതിരിയാന്‍ അനുവദിച്ചാല്‍ അതിന്റെ അനന്തരഫലവും ഇതേ മാനസികാവസ്ഥയോടെ നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടതായി വരും.

വൃദ്ധരായ വ്യക്തികളില്‍ ചിലര്‍ക്കെങ്കിലും മാനസികനിലയില്‍ തകരാറ് സംഭവിക്കാറുള്ളത് സ്വാഭാവികമാണ്. അന്നേരം അവരെ വീട്ടില്‍ തന്നെയിരുത്തി അവര്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കുകയാണ് അവരുടെ പ്രിയപ്പെട്ടവര്‍ ചെയ്യാറുള്ളത്. മറിച്ച് പുകഞ്ഞകൊള്ളി പുറത്ത് എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നതെങ്കില്‍ എനിക്ക് മറ്റൊന്നും പറയാനില്ല . കുപ്രസിദ്ധിയിലൂടെയാണെങ്കിലും തനിക്ക് പ്രസിദ്ധനായാല്‍ മതിയെന്ന് ചിന്തിക്കുന്ന ഒറ്റ തന്തയ്ക്ക് പിറക്കാത്തവരോട് പ്രതികരിക്കേണ്ട രീതി ഇതല്ല എന്നറിയാം. ചാനലിനെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്തു കടന്നാണ് ഇതുപോലെ പ്രതികരിക്കുന്നത് എങ്കില്‍ അതിന്റെ പരിണത ഫലം ഞാനോ നിങ്ങളോ ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കുമെന്ന് ഇതിനാല്‍ താക്കീത് നല്‍കുന്നു. എന്നെന്നും അവള്‍ക്കൊപ്പമാണെന്നും രാജേഷ് ബി മേനോന്‍ പറയുന്നു.

യുണൈറ്റഡ് കിംഗ്ഡം എലിസബത്ത് രാജ്ഞി അധികാരത്തിലേറിയിട്ട് എഴുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ബക്കിങ്ഹാം കൊട്ടാരത്തില്‍ ആഘേഷിക്കാനാണ് തീരുമാനം.ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനും ദേശീയ ഐക്യത്തിന്റെ മാനസികാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഘോഷങ്ങൾക്കുള്ള രാജ്ഞിയുടെ ആഹ്വാനത്തെ പ്രതിഫലിപ്പിക്കുന്നതിനുമായി ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ നിരവധി പരിപാടികൾ അനാവരണം ചെയ്തു.

വാര്‍ഷികത്തോടനുബന്ധിച്ച് പുഡ്ഡിംഗ് മത്സരങ്ങള്‍, സൈനിക പരേഡുകള്‍,പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ബക്കിംങ്ഹാം കൊട്ടാരം  തിങ്കളാഴ്ച പ്രഖ്യാപിച്ചു.ദേശീയ അഭിനിവേശങ്ങളെ പ്രതിഫലിപ്പിക്കുന്ന ആഘോഷങ്ങളിൽ പ്രധാനം പുതിയ ജൂബിലി പുഡ്ഡിംഗ് സൃഷ്ടിക്കുന്നതിനുള്ള മത്സരമാണ്, കൊട്ടാരത്തിലെ പ്രധാന പാചകക്കാരൻ ഉൾപ്പെടെയുള്ള വിധികർത്താക്കൾ വിജയിയെ തിരഞ്ഞെടുക്കുന്നു.

1952-ൽ തന്റെ പിതാവായ ജോർജ്ജ് ആറാമൻ രാജാവിന്റെ മരണശേഷം അവർ രാജ്ഞിയായി. 95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി 6ന് 70 വര്‍ഷം തികയും. ഇതൊടെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമായിരിക്കും. ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നാല് ദിവസത്തെ പരിപാടികളായിരിക്കും സംഘടിപ്പിക്കുക.

എട്ടുവയസ്സുമുതലുള്ള യുകെ സ്വദേശികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ടെലിവിഷന്‍ കുക്കറി ഷോകളിലെ പ്രമുഖരായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കും.

ഏതൊക്കെ പരിപാടികളില്‍ രാജ്ഞി പങ്കെടുക്കുമെന്ന് വ്യക്തമായിട്ടില്ല. രാജ്ഞിയോടുള്ള ബഹുമാനാര്‍ത്ഥം രാജ്യത്ത് ഒരു പൊതു അവധി കൂടി വാരാന്ത്യത്തില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചു. മറ്റു ചില രാജ്യങ്ങളില്‍ രാജ്ഞിയുടെ സേവനത്തെ ആദരിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടത്തും. കൊട്ടാരത്തിലെ ആഘോഷങ്ങില്‍ പങ്കെടുക്കാന്‍ ഏകദേശം 1400 പേര്‍ ഇതിനോടകം പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ്.കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. കേസില്‍ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.

കേസില്‍ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മാെഴി മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും ലഭിച്ചു.

കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുനേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനേയും കുടുംബത്തേയും കവര്‍ ചിത്രമാക്കിയുള്ള വനിത മാഗസിന്‍ വിവാദമായപ്പോള്‍ ആ ചിത്രത്തില്‍ തനിക്ക് ഒരു കുഞ്ഞിനെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂവെന്നും പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയണമെന്നും പറഞ്ഞുകൊണ്ടുള്ള നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്ന സാന്ദ്രയുടെ നിലപാടായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. തന്റെ വാക്കുകളെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഒരിക്കലും താന്‍ വേട്ടക്കാരനൊപ്പമല്ലെന്നും സാന്ദ്ര പറയുന്നു.

‘ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്.

ഈയൊരു ചോദ്യം തന്നെ അപ്രസക്തമാണ്. തീര്‍ച്ചയായും ഇരക്കൊപ്പം തന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊലുസിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു.

ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും…?

ആദ്യം വന്ന കുറച്ചു കമന്റ്‌സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവര്‍ അത് പിന്തുടര്‍ന്നു. തങ്കക്കൊലുസിന് സുഖമില്ലാതെ ഇരുന്നതിനാല്‍ കമന്റുകള്‍ക്ക് കൃത്യമായി റിപ്ലൈ ചെയ്യാന്‍ പറ്റിയില്ല.

അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നി. ഞാന്‍ ഇരയ്‌ക്കൊപ്പം തന്നെയാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

വനിത വിവാദത്തിലുള്ള സാന്ദ്ര തോമസിന്റെ ആദ്യ പോസ്റ്റ്..

‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു.’നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.

കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

സാഗറിന്റെ മനസുമാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരന്‍ അനൂപ് പറയുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.

ഹോട്ടലില്‍ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.

സാഗര്‍ ഫിലിപ്പച്ചായനെ( ദിലീപിന്റെ അഭിഭാഷകന്‍) കാണാന്‍ പോയോ എന്ന് ദിലീപ് ചോദിക്കുന്നതും നമ്മുടെ സ്വിഫ്റ്റില്‍ ആലപ്പുഴയില്‍ കൊണ്ടുപോയി മനസ് മാറ്റിയെടുത്തു എന്ന് അനൂപ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ചാണ് സാഗറിനെ സ്വാധീനിച്ചതെന്ന കാര്യം നേരത്തെ പൊലീസിന് മനസിലായിരുന്നെങ്കിലും ഇത് തെളിയിക്കുന്ന രേഖകളോ തെളിവുകളോ പൊലീസിന് ലഭിച്ചിരുന്നില്ല. സാക്ഷിമൊഴികളും ലഭിച്ചിരുന്നില്ല. എന്നാല്‍ ഹോട്ടലില്‍ മുറിയെടുത്തതായുള്ള രജിസ്റ്ററും അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്ര കുമാറിന്റെ മൊഴിയുമാണ് ഇപ്പോള്‍ ഈ സംഭവത്തില്‍ വഴിത്തിരിവായത്.

ബെയ്ജിങ്∙ കോവിഡിന്റെ ഒമിക്രോൺ അടക്കമുള്ള വകഭേദങ്ങളുടെ ക്രമാതീതമായ വർധനയെത്തുടർന്ന് ചൈനയിലെ അൻയാങ് നഗരത്തില്‍ അവശ്യ വസ്തുക്കളുടെ വിൽപന ഒഴിയെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർ‌പ്പെടുത്തിയതോടെ വീടുകളിൽ കഴിയാൻ നിർബന്ധിതരായത് 50 ലക്ഷത്തിൽ അധികം ആളുകൾ.

അടുത്ത മാസം ശീതകാല ഒളിംപിക്സിന് ആഥിത്യമരുളാൻ ഇരിക്കെയാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വീണ്ടും വർധന ഉണ്ടായത്. തലസ്ഥാനമായ ബെയ്ജിങ് നഗരത്തെ ഹൈ റിസ്ക് വിഭാഗത്തിലാണു പെടുത്തിയിരിക്കുന്നത്. ചില മേഖലകളിൽ ലോക്ഡൗൺ, അതിർത്തികളിലെ നിയന്ത്രണം, ദൈർഖ്യമേറിയ ക്വാറന്റീൻ കാലാവധി തുടങ്ങിയ നടപടികളിലൂടെ, രാജ്യത്തെ കോവിഡ് നിരക്ക് പൂജ്യത്തിലെത്തിക്കാനായിരുന്നു അധികൃതരുടെ ശ്രമം.

എന്നാൽ ഇതിനിടെയാണ് കോവിഡ് വകഭേദങ്ങളുടെ നിരക്കു വീണ്ടും പിടിവിട്ടുയരുന്നത്. ഇതോടെ പല നഗരങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും വീടുവിട്ടു പുറത്തിറങ്ങുകയോ, വാഹനങ്ങൾ നിരത്തിലിറക്കുകയോ ചെയ്യരുതെന്ന കർശന നിർദേശമാണ് അധികൃതർ ലോക്ഡൗൺ പ്രഖ്യാപിച്ച നഗരങ്ങളിലെ താമസക്കാർക്കു നൽകിയിരിക്കുന്നതെന്നു ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

അവശ്യ വസ്തുക്കളുടെ നിർമാണം, വിൽപന എന്നിവ ഒഴികെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി. ലോക്ഡൗൺ ഏർപ്പെടുത്തിയ അൻയാങ് നഗരത്തിൽ, ശനിയാഴ്ചയ്ക്കു ശേഷം മാത്രം 84 പേർക്കാണ് രോഗം ബാധിച്ചത്. അൻയാങ് നഗരത്തിനു പുറത്തേക്കുള്ള യാത്രയ്ക്ക് നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച യൂഷോ നഗരത്തിലെ 10 ലക്ഷം ആളുകളോട് അധികൃതർ വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ പറഞ്ഞു പോയതാണ്. ഇനിയുണ്ടാവാതെ നോക്കാം. എസ്.ഡി.പി.ഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ. ഈരാറ്റുപേട്ടയിലെ മുസ്‌ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോൽവിക്ക് കാരണമെന്നും പി.സി ജോർജ് കോഴിക്കോട്ട് പറഞ്ഞു.

കെ റെയിൽ കേരളത്തിനാവാശ്യമില്ലാത്ത പദ്ധതിയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യൻമാരെ വിളിച്ചു ചർച്ച നടത്തുകയാണ്. സമ്പന്നൻമാർ മാത്രമാണ് പിണറായിക്ക് മാന്യൻമാർ. ഇരകളോട് സംസാരിക്കാൻ പിണറായി തയാറാവുന്നില്ല. ആക്രി കച്ചവടത്തിനാണ് കെ റെയിൽ നടത്തുന്നത്. 15000 കോടിയുടെ അഴിമതിയാണ് സിൽവർ ലൈൻ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ടി വില നൽകിയാൽ പിണറായിയുടെ സ്ഥലം തനിക്ക് നൽകുമോയെന്ന് അദ്ദേഹം ചോദിച്ചു.

ജപ്പാനിൽ നിന്ന് ആക്രി ട്രെയിൻ കൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കാൻ മുസ്‍ലിംകൾക്കെതിരെ അവാസ്തവപരമായ കാര്യങ്ങൾ പി.സി ജോർജ് വ്യാപകമായി പ്രചരിപ്പിച്ചത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഹലാൽ ഭക്ഷണ വിവാദകാലത്തും ദുരാരോപണങ്ങളുമായി പി.സി ​ജോർജ് രംഗത്തെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽനിന്ന് പി.സി ജോർജ് മത്സരിച്ച് തോറ്റിരുന്നു.

സമകാലിക പ്രസക്തിയുള്ള പുതുമയാർന്ന വിഷയം അടിസ്ഥാനമാക്കി ചിത്രീകരിച്ച ‘മാർഗവതി’ യെന്നാ ഹ്രസ്വചിത്രം, ഇതിനോടകം വളരെയധികം പ്രേഷകപ്രശംസ നേടുന്നു. മിമിക്രി സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച ശ്രീ. റെജി രാമപുരം, സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിൽ, സുപ്രസിദ്ധ സിനിമാ നടൻ കോട്ടയം നസീർ, അജീഷ് കോട്ടയം, അനു ബാലചന്ദ്രൻ, മനോജ് പണിക്കർ, സഞ്ജു നെടുംകുന്നേൻ തുടങ്ങിയ പ്രഗത്ഭരായ നടിനടന്മാരാണ് അഭിനയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് എടുത്ത് പറയേണ്ടത്, കോട്ടയം നസീറിന്റെ ഡ്രൈവർ അരവിന്ദൻ എന്നുള്ള കഥാപാത്രമാണ്. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ ഹൃദയവേദന, അതിതീവ്ര വികാരത്തോടെ അഭിനയിച്ചു പ്രതിഭലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. കൂടാതെ, പുതുമുഖമായ അനു ബാലചന്ദ്രന്റെ അഭിനയവും പ്രശംസ അർഹിക്കുന്നു.

ഹരി കല്ലംപള്ളിയുടെ വരികൾക്ക് സംഗീതാ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഐഡിയ സ്റ്റാർ സിംഗർ ഫെയ്മും, യുവഗായകനുമായ ജിൻസ് ഗോപിനാഥാണ്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ചിത്ര അരുൺ, ക്യാമറ ഹരീഷ് ആർ കൃഷ്ണ, തിരക്കഥ ബ്രിജിത് കോട്ടയം, എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ, പ്രൊഡക്ഷൻ കണ്ട്രോളർ ശശി പൊതുവാൾ, മേക്കപ്പ് സുധാകരൻ, യൂണിറ്റ് Motherland kochi, ഗിരീഷ് പ്രോ ഓഡിയോ കോട്ടയം, സ്റ്റിൽസ് ബിനു കൊല്ലപ്പിള്ളി, ഉണ്ണി ചിത്ര, DOP സുധി കെ സുധാകരൻ, പ്രോജക്ട് ഡിസൈനർ – ഐശ്വര്യ ലക്ഷ്മി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസ്ഴ്‌സ് രഞ്ജിത് ആൻഡ് പ്രീതി, അനിൽ ജോസഫ് രാമപുരം.

Screen X productions- ന്റെയും CJK Filim House ന്റെയും ബാനറിൽ അനു അഗസ്റ്റിൻ ബഹറിൻ, ക്രിസ്റ്റോ ബഹറിൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഷോർട്ട് ഫിലിമിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് കൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച് അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പ്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചിരിക്കുന്നത്.

ഡേവിഡ് ബെന്നറ്റ് കുറേ ദിവസങ്ങളായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഒരു മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലഭിക്കാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

‘ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. എന്നാണ് ശസ്ത്രക്രിയക്ക് മുമ്പ് ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. നിര്‍ണായകമായ ശസ്ത്രക്രിയ ആയതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണ് ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാരും മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞു. ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നത്. അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം ഏറെ ഗുണകരമാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത് പറഞ്ഞു.

ഈ ശസ്ത്രക്രിയയുടെ വിജയം ഭാവിയില്‍ ഇത്തരത്തില്‍ നിരവധി ആളുകളുടെ ജീവന്‍രക്ഷിക്കുന്നതില്‍ നിര്‍ണായകമായി മാറും എന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി കാര്‍ഡിയാക് ക്‌സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ നടന്ന ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം നേരത്തെ ബബൂണ്‍ കുരങ്ങുകളില്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് രു പരീക്ഷണം നടത്തിയിരുന്നു. അത് വിജയകരമായിരുന്നു എന്നും ഒമ്പത് മാസത്തില്‍ അധികം പന്നിയുടെ ഹൃദയം ബബൂണില്‍ പ്രവര്‍ത്തിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

Copyright © . All rights reserved