Latest News

നാഗാലാൻഡിൽ ഇന്ത്യ– മ്യാൻമർ അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന കിഫിരെ ജില്ലയിലെ താനാമീർ ഗ്രാമത്തിൽ അത്യപൂർവ മൃഗം മേഘപ്പുലിയെ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. 3.7 കിലോമീറ്റർ പൊക്കമുള്ള മേഖലയിലാണ് പുലിയെ കണ്ടത്. ലോകത്ത് തന്നെ ഇത്രയും ഉയരമുള്ള മേഖലയിൽ ഈ വിഭാഗത്തിൽപെട്ട പുലികളെ കാണുന്നത് ഇതാദ്യമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. നിയോഫിലിസ് നെബുലോസ എന്നു ശാസ്ത്രനാമമുള്ള മേഘപ്പുലികൾ പൊതുവെ താഴ്ന്ന മേഖലകളിൽ അധിവസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.

വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന എൻജിഒയാണു പുലിയുടെ ചിത്രങ്ങളെടുത്തത്. കിഫിരെ ജില്ലയിൽ 65 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വനമേഖലയുണ്ട്. നാഗാലാൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ സാരാമതി പർവതവും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. താനാമീർ ഗ്രാമത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് സമഗ്രപഠനം നടത്താനായാണു വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ ഗവേഷകർ ഇവിടെയെത്തിയത്.

ഗ്രാമീണരുടെ സഹായത്തോടെ അൻപതിലധികം ക്യാമറകൾ ഇവർ ഇവിടെ സ്ഥാപിച്ചു. സാരാമതീ പർവതത്തിനു ചുറ്റുഭാഗത്തായി രണ്ടു വളർന്ന പുലികളെയും രണ്ടു പുലിക്കുട്ടികളെയും കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. കൂടുതൽ പുലികൾ ഇവിടെയുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. താനാമീർ ഗ്രാമത്തിൽ താമസിക്കുന്ന തദ്ദേശീയ ഗോത്രവംശമായ യിംഖ്യൂങ്ങുകളുടെ ഭാഷയായ ചിറിൽ ‘ഖെഫാക്’ എന്ന പേരിലാണു മേഘപ്പുലികൾ അറിയപ്പെടുന്നത്.

പുലികളുടെ കൂട്ടത്തിൽ വലുപ്പം കുറഞ്ഞ മൃഗങ്ങളാണു മേഘപ്പുലികൾ. ഒരു മീറ്റർ വരെ നീളമുള്ള ഇവയുടെ ഭാരം 11 മുതൽ 20 കിലോ വരെയാണ്. സാധാരണ പുലികളിൽ നിന്നു വ്യത്യസ്തമായി വിചിത്രമായ ഘടനയുള്ള പുറം രൂപമാണ് മേഘപ്പുലികളുടെ പ്രത്യേകത. മേഘരൂപത്തിലുള്ള ഈ ഘടനകൾ മൂലമാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപ്പേഡ്സ് അഥവാ മേഘപ്പുലികൾ എന്ന പേരു ലഭിച്ചതും.ഇളം മഞ്ഞ മുതൽ കടുത്ത ബ്രൗൺ വരെ നിറത്തിലുള്ള ഈ ജീവികളെ കണ്ടുകിട്ടിയിട്ടുണ്ട്. വളരെ നീളം കൂടിയ വാലും പല്ലുകളും ഇവയ്ക്കുണ്ട്. ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ കാനനത്തിലൂടെ അതിദ്രുതം ചലിക്കാനും മരം കയറാനും അതി വിദഗ്ധരാണ്.

ഹിമാലയത്തിന്റെ താഴ്‌വരകളുമായി ബന്ധപ്പെട്ടും തെക്കുകിഴക്കൻ ഏഷ്യയിലുമായാണ് ഇവയുടെ അധിവാസ മേഖല. ഇന്ത്യ കൂടാതെ തെക്കൻ ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ, കംബോഡിയ, ലാവോസ്, ബംഗ്ലദേശ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. തായ്‌വൻ ദ്വീപിൽ മുൻപ് ഇവയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ന് ഇവയ്ക്ക് അവിടെ പൂർണ വംശനാശം സംഭവിച്ചുകഴിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജീവികളായിട്ടാണ് ഐക്യരാഷ്ട്ര സംഘടന ഇവയെ വിലയിരുത്തുന്നത്.

 

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേരള പ്രോസിക്യൂട്ടര്‍ ഓഫീസ്, റിപ്പോര്‍ട്ടര്‍ ചാനൽ, ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്ര കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ എം.വി നികേഷ് കുമാർ എന്നിവർക്ക് കേസിലെ പ്രതിയായ ദിലീപിന്റെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്ന് തെളിയുന്ന വേളയിലാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്നും താരം കുറ്റപ്പെടുത്തുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണമാണ് ചാനലിലൂടെ നടന്നതെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിക്കുന്ന രാമന്‍പിള്ള അസോസിയേറ്റ്‌സ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നേരത്തെ അറിയാമെന്നായിരുന്നു എന്നാണ് ബാലചന്ദ്രകുമാറിന്റെ ഒരു വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും ഒരു വിഐപിയാണ് ഇത് കൊണ്ടുവന്നതെന്നും ബാലചന്ദ്രകുമാർ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതോടെയാണ് വീണ്ടും അന്വേഷണം എന്നതിലേക്ക് സര്‍ക്കാര്‍ എത്തിയത്. പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.

എന്നാൽ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി തനിക്കുള്ള ബന്ധം കോടതിയെ ബോധ്യപ്പെടുത്താനാകാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയാണെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനഃപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ദിലീപ് പരാതിയില്‍ ആരോപിക്കുന്നു. നിരന്തരമായ റിഹേഴ്‌സലിന് ശേഷമാണ് അഭിമുഖം പ്രക്ഷേപണം ചെയ്തതെന്നും റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും ചേര്‍ന്ന് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും ദിലീപ് ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ഇന്‍ ക്യാമറ പ്രൊസിഡിങ്ങ്‌സാണെന്നും അതിന്റെ ലംഘനമാണ് നടക്കുന്നത് എന്നും ദിലീപ് പരാതിയില്‍ പറയുന്നു.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മതിയായ ജീവനക്കാരില്ലാത്ത ആശുപത്രികളിലേക്ക് സൈന്യത്തെ ഇറക്കി ബ്രിട്ടന്‍. ഒമിക്രോണ്‍ വകഭേദം കൂടി സ്ഥിരീകരിച്ചതോടെ രോഗികള്‍ നിറഞ്ഞൊഴുകിയ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ വന്നതോടെയാണ് ബ്രിട്ടീഷ് ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയത്.

ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍എച്ച്എസ്) ആശുപത്രികളിലാണ് സൈന്യത്തിന്റെ സേവനമുള്ളത്. 200 സൈനികര്‍ക്കാണ് കോവിഡ് ചുമതല. 40 സൈനിക ഡോക്ടര്‍മാര്‍ക്ക് പുറമെ 160 സാധാരാണ സൈനികരും കോവിഡ് ഡ്യൂട്ടിയിലുണ്ട്. അടുത്ത മൂന്നാഴ്ചത്തേക്കാണ് സൈനികരെ നിയമിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിച്ചതോടെയാണ് ആശുപത്രികളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനൊപ്പം പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരും വലിയ തോതില്‍ വൈറസ് ബാധിതരാകുകയോ ഐസൊലേഷനിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. ഇംഗ്ലണ്ടിലെ മറ്റ് ആശുപത്രികളിലേക്ക് വൈകാതെ സൈന്യത്തിന്റെ സേവനം തേടേണ്ടി വരുമെന്നാണ് വിവരം. മുമ്പുണ്ടായിരുന്ന തരംഗങ്ങളിലും ആശുപത്രികളില്‍ സൈന്യത്തിന്റെ സേവനമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം 1,79,756 കോവിഡ് കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച മാത്രം പ്രതിദിന കോവിഡ് കേസുകളില്‍ 29 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നിലവില്‍ 17,988 പേര്‍ കോവിഡിനെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.

‘അമ്മ പാവമാണ്. ഒന്നും ചെയ്യല്ലേ’…പോലീസിനെ കണ്ടപാടെ നിലവിളിച്ച് എട്ടുവയസ്സുകാരന്‍. അമ്മ ചെയ്ത കുറ്റകൃത്യം പോലും മനസ്സിലാക്കാന്‍ ആവാത്ത കുഞ്ഞ്, അമ്മ പറഞ്ഞത് അനുസരിക്കുക മാത്രമേ ആ കുഞ്ഞ് മനസ്സ് ചെയ്തിട്ടുള്ളൂ, എന്നിട്ടും അവന്റെ മനസ്സ് ഏറെ നൊന്തു. ‘ആശുപത്രിയില്‍ പോയി വാവയെ വാങ്ങിക്കൊണ്ടുവരാം’ എന്ന് കുഞ്ഞുങ്ങളോട് പറയുന്ന തമാശ അവനോടും ചിലപ്പോള്‍ നീതു പറഞ്ഞുകാണും.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതിനെച്ചൊല്ലിയുള്ള ബഹളത്തില്‍ പകച്ച് പോയത് പ്രതി നീതുരാജിന്റെ മകനാണ് എന്താണ് നടക്കുന്നതെന്നറിയാതെ വലഞ്ഞത്. അമ്മയെ അനുസരിച്ച അവന് ഈ സംഭവത്തെത്തുടര്‍ന്ന് ഏറെ വേദനയാണ് അനുഭവിക്കേണ്ടി വന്നത്.

അമ്മയോടൊപ്പം നാലാംതീയതി സന്തോഷത്തോടെയാണ് അവന്‍ യാത്ര തിരിച്ചത്. എന്തിനാണ്, എങ്ങോട്ടാണ് എന്ന് വ്യക്തമായി അറിയില്ലായിരുന്നു. എങ്കിലും കുട്ടി ആവേശത്തിലായിരുന്നു. കോട്ടയത്ത് മെഡിക്കല്‍ കോളേജിനടുത്ത് ഹോട്ടലില്‍ മുറിയെടുത്തതും ആ ദിവസങ്ങളില്‍ ആശുപത്രിയിലേക്കും സമീപ സ്ഥലങ്ങളിലേക്കുമുള്ള യാത്രയും ഹോട്ടല്‍ ഭക്ഷണവുമെല്ലാം ബാലന്‍ ആസ്വദിച്ചു.

സംഭവ ദിവസവും അമ്മയുടെ കൂടെപ്പോയി. അമ്മയുടെ നിര്‍ദേശം അനുസരിച്ച് പ്രസവവിഭാഗത്തിന് മുന്നില്‍ കാത്തുനിന്നു. തിരികെ വന്ന അമ്മയുടെ കൈയില്‍ ഒരു തുണിപ്പൊതിയുണ്ടായിരുന്നു. അത് അവന്റെ അനുജത്തിയാണെന്ന് അമ്മ പറഞ്ഞുകാണും. അതിനാലാണ് സിസിടിവി ദൃശ്യങ്ങളിലും പോലീസ് മുറിയിലെത്തിയപ്പോഴും ഈ ബാലന്‍ സന്തോഷവാനായിരുന്നത്.

പക്ഷേ, പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്. പോലീസ് മുറിയിലെത്തുന്നതും അമ്മയോട് ദേഷ്യത്തില്‍ സംസാരിക്കുന്നതും അവന്‍ കണ്ടു. ഇതിനിടയില്‍ കുട്ടി കരഞ്ഞുപറഞ്ഞു.
പിന്നെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക്. ഒപ്പം എത്തിയ അമ്മയെ പോലീസുകാര്‍ കൊണ്ടുപോയതോടെ കുട്ടി കരയാന്‍ തുടങ്ങി. കാരണം അമ്മ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ.

വനിതാ പോലീസുകാര്‍ അവനെ ആശ്വസിപ്പിച്ച് ശിശുസൗഹൃദ മുറിയിലേക്ക് മാറ്റി. എങ്കിലും കുട്ടിക്ക് സങ്കടമായിരുന്നു. ഇടയ്ക്ക് ഒരു തവണ അഞ്ചുമിനിറ്റ് അവന്‍ അമ്മയെ കണ്ടു. വീണ്ടും മുറിയിലേക്ക്. സങ്കടവും പേടിയും തോന്നിയ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ രാത്രി വൈകി നീതുവിന്റെ ബന്ധുക്കളെത്തി അവനെ ഏറ്റുവാങ്ങി. അമ്മ എവിടെയെന്നറിയാതെ അവന്‍ ബന്ധുക്കള്‍ക്കൊപ്പം മടങ്ങി.

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താതക തെയ്താരെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബുദുള്‍ വഹാബാണ്. ക്യാമ്പസും ഹോസ്റ്റല്‍ ലൈഫുമാണ് ഈ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.സിനിമയില്‍ ആകെയുള്ള പതിനഞ്ച് ഗാനങ്ങളില്‍ അഞ്ചാമത്തെ ഗാനമാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തിലെ ദര്‍ശന ഗാനവും ഒണക്കമുന്തിരി ഗാനവും അടുത്തിടെ ഏറെ ശ്രദ്ധേയമായിരുന്നു.

ചെന്നൈ നഗരത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായി അടുത്തിടെ പുറത്തിറക്കിയ ‘കുരല്‍ കേള്‍ക്കിതാ’ ഗാനവും ശ്രദ്ധ നേടുകയുണ്ടായി. ‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി.

ഒരു ചെറുവിമാനത്തിൽ ഒറ്റയ്‍ക്ക് ലോകം ചുറ്റുന്ന പത്തൊമ്പത് വയസുകാരിയായ ബെൽജിയം സ്വദേശി സാറ റഥർഫോർഡ് റിയാദിലെത്തി. 52 രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ഏവിയേഷൻ ക്ലബ് വൻവരവേൽപാണ് സാറയ്‍ക്ക് നൽകിയത്.

സാറയുടെ യാത്രക്കിടയിൽ വിമാനം ലാൻഡ് ചെയ്യുന്ന സ്റ്റോപ്പിങ് പോയിന്റുകളിലൊന്നാണ് റിയാദ്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നിവയിൽ സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും അവരിൽ വ്യോമയാന രംഗത്തോടുള്ള താത്പര്യം വർധിപ്പിക്കുകയുമാണ് സാറയുടെ ഈ ഏകാന്ത വ്യോമയാത്രയുടെ ഉദ്ദേശ്യം. സൗദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 കിലോമീറ്റർ ദൂരമാണ് മൊത്തം പറക്കുന്നത്.

2021 ഓഗസ്റ്റിൽ പടിഞ്ഞാറൻ ബെൽജിയത്തില്‍ നിന്നാണ് സാഹസിക യാത്ര തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാർക്ക് അൾട്രാലൈറ്റിലാണ് യാത്ര. ഒറ്റ എൻജിനും രണ്ട് സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയർക്രാഫ്റ്റാണിത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് സാറ, യു.എസ് ഫെഡറൽ ഏവിയേഷൻ അസ്‍മിനിസ്ട്രേഷനിൽ നിന്നും പ്രത്യേക ഫ്ലൈറ്റ് ലൈസൻസ് നേടിയത്.

ചെറുവിമാനം ഉപയോഗിച്ച് ഒറ്റയ്‍ക്ക് ലോകം ചുറ്റുന്ന സാറ യാത്രയിൽ വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗിന്നസ് ബുക്കിൽ റെക്കോർഡിടും. യുഎഇയിൽ നിന്നാണ് സാറ റിയാദിലെത്തിയത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ സൗദിയിലെ ബെൽജിയം അംബാസഡർ ഡൊമിനിക് മൈനറും റിയാദ് വിമാനത്താവള കമ്പനിയിലെയും സൗദി ഏവിയേഷൻ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നു.

ഏറ്റവും റിസ്‌കുള്ള ജോലി ആണെങ്കിലും സംവിധായകന്റെ റോളാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിലീഷ് പോത്തന്‍. ഒരു സിനിമ സംവിധാനം ചെയ്താല്‍ രണ്ട് വര്‍ഷം ആയുസ് കുറയുമെന്നാണ് പറയുന്നത്. മൂന്ന് സിനിമ കഴിഞ്ഞപ്പോള്‍ ആറ് വര്‍ഷം ആയുസ് കുറഞ്ഞിട്ടുണ്ടാവും.

ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ചെയ്തപ്പോള്‍ ഒരു മുടി പോലും നരച്ചിരുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് നര കയറിതുടങ്ങിയത്. അഭിനയിക്കുമ്പോഴും നിര്‍മിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവെക്കാറുണ്ട്.

മൂന്നും മൂന്നാണ്. ആക്ടര്‍ സിനിമയെ സമീപിക്കുന്നത് പോലെയല്ല സംവിധായകന്‍ സമീപിക്കുന്നത്. മറ്റൊരാളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വെറും അഭിനേതാവ് മാത്രമായിരിക്കും. അങ്ങിനെയല്ലാതെ ആ സിനിമയെ സമീപിച്ചാല്‍ മറ്റൊരു ഡയറക്ടറുടെ കാര്യത്തില്‍ കൈകടത്തലാകും.

എന്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇത്രയേറെ സിനിമ ചെയ്യാന്‍ കഴിഞ്ഞത്. അദ്ദേഹം മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

 

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത കേസിലെ പ്രതിയായ നീതു രാജിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന നീതുവിന്റെ പരാതിയിലാണ് നടപടി. ഗാര്‍ഹിക പീഡനം, ബാല പീഢനം തുടങ്ങിയ വകുപ്പുകളും ഇബ്രാഹിമിനെതിരെ ചുമത്തും. 30 ലക്ഷവും സ്വര്‍ണവും തട്ടിയെടുത്തു, ഏഴുവയസുകാരന്‍ മകനെ മര്‍ദിച്ചു തുടങ്ങിയവയാണ് ഇബ്രാഹിമിനെതിരെ നല്‍കിയ പരാതിയില്‍ നീതു പറയുന്നത്. ഇയാളെ നാളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.
അതേസമയം, കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇബ്രാഹിമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായെങ്കിലും ഇത് അലസിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തിരുന്നു.

കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെക്കുല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതിയായ നീതു ഹോട്ടലില്‍ മടങ്ങിയെത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിന് ശേഷം വൈകിട്ട് 3.23ന് ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലിലേക്ക് നീതു മടങ്ങിയെത്തുന്ന സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഹോട്ടലില്‍ നിന്നും കൊച്ചിയിലേക്ക് പോകാനാണ് നീതു പദ്ധതിയിട്ടിരുന്നത്. കുട്ടിയെ തട്ടിയെടുത്ത ശേഷം ഹോട്ടലില്‍ എത്തിയപ്പോള്‍ നീതു നഴ്‌സിന്റെ കോട്ട് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

മാവേലി എക്‌സ്പ്രസിലെ യാത്രികനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ന്യായീകരിച്ചുകൊണ്ട് പോസ്റ്റ് പങ്കു വച്ച കേരളാ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രശസ്ത അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ രംഗത്ത്.കഴിഞ്ഞ ദിവസം കേരള പോലീസിന്‍റെ ഫെയിസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഹരീഷ് വാസുദേവന്റെ വിമര്‍ശനം.

എടാ പോടാ എന്നു വിളിക്കുന്ന പോലീസിനെ എന്താടാ എന്ന് തിരിച്ചു വിളിക്കണമെന്ന് പറഞ്ഞത് അങ്ങനെ വിളിക്കാനല്ല മറിച്ച് അധികാര ദുര്‍വിനിയോഗം എന്നത് ഒരാള്‍ക്ക് മാത്രം പറ്റുന്ന കാര്യമല്ല എന്നു ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി ആണെന്ന് അദ്ദേഹം പറയുന്നു. പോലീസ് അത്തരത്തില്‍ വിളിച്ചത് തെറ്റാണെന്നും ജനങ്ങളോട് മര്യാദയോടെ പെരുമാറണം എന്നും ഹൈക്കോടതി ഉത്തരവിടുകയും DGP അത് അനുസരിച്ചു സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

പ്രതികളെ കയ്യില്‍ കിട്ടിയാല്‍ ഇടിക്കുമെന്നു പറയുന്ന ഊള സിനിമാ ഡയലോഗ് മീം തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്ത കേരളാ പോലീസ് അവരുടെ നിലവാരം വ്യക്തമാക്കിയെന്നു അദ്ദേഹം വിമര്‍ശിക്കുന്നു.

എടോ ഡീജീപ്പീ, ജനത്തെ തല്ലിയാല്‍ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, ചിലപ്പോള്‍ റോട്ടിലിട്ടു തല്ലും, അതിനു പറ്റിയില്ലെങ്കില്‍ കല്ലെറിയും. ചവിട്ടിയാല്‍ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, ഇനീ അതും പറ്റിയില്ലെങ്കില്‍ ഇരുട്ടടി അടിക്കും… അങ്ങനെ ജനം തീരുമാനിച്ചു കഴിഞ്ഞാല്‍ ഈ സേന മുഴുവന്‍ മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനെന്നും അദ്ദേഹം പോലീസ് സേനക്ക് മുന്നറിയിപ്പ് നല്‍കുന്നു.

സേന നിയമം കയ്യിലെടുക്കുന്ന അവസ്ഥ വന്നാല്‍, ജനം പോലീസിനെ അനുസരിക്കുന്നത് നിര്‍ത്തും. പോലീസ് സേനയുടെ കയ്യിലുള്ള അധികാരം കണ്ടിട്ടോ മസില്‍ പവര്‍ കണ്ടിട്ടോ അല്ല ജനം ബഹുമാനികുന്നത്, നിയമവ്യവസ്ഥയുടെ കാവലാളിന്റെ യൂണിഫോമിനോടുള്ള ബഹുമാനമാണ്. ആ ബഹുമാനവും വിശ്വാസവും കളഞ്ഞാല്‍ നാട്ടിലെ നിയമവ്യവസ്ഥ തകരാന്‍ അധികം സമയം വേണ്ട. അദ്ദേഹം കുറിച്ചു.

അതുകൊണ്ട് ഇടിയോ തൊഴിയോ ഒന്നും തന്നെ പൊലീസിന് മാത്രം പറ്റുന്ന കാര്യമാണെന്ന് ആരും തെറ്റിധരിക്കരുതെന്നു അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.ഇതൊക്കെ പോലീസ് സേനയോട് പറയേണ്ടത് ഈ നാട്ടിലെ ആഭ്യന്തര മന്ത്രിയാണ്. എന്നാല്‍ അദ്ദേഹമത് ചെയ്യാത്തത് കൊണ്ടാണ് ജനത്തിന് ഈ ഭാഷയില്‍ പറയേണ്ടി വരുന്നതെന്ന് ഹരീഷ് വാസുദേവന്‍‌ പറയുന്നു.

ഇങ്ങോട്ട് തരുന്നതു മാത്രമേ അങ്ങോട്ടും കിട്ടൂ. പ്രതിയെ ഇടിക്കുന്നതിന് പൊലീസിന് ആരും അധികാരം തന്നിട്ടില്ല. ഊള സിനിമാ മീം ഇട്ടു വളിച്ച കോമഡി ഉണ്ടാക്കാനല്ല സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ടു ഫേസ്‌ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. അതില്‍ വരുന്ന ഉള്ളടക്കത്തിന് മറുപടി പറയാന്‍ നാട്ടിലെ ആഭ്യന്തരമന്ത്രിക്ക് ജനങ്ങളോടും ഭരിക്കുന്ന മുന്നണിയോടും അക്കൗണ്ടബിലിറ്റി ഉണ്ട്. നിയമത്തെ അട്ടിമറിക്കുന്ന കേരളാ പോലീസ് ആക്ടിന്റെ ലംഘനമായ പോസ്റ്റുകള്‍ വരുന്നത് പലപ്പോഴായി കാണുന്നു.

എന്നാല്‍ ആ പോസ്റ്റ് നീക്കം ചെയ്തെങ്കില്‍ നല്ലത്. അത് അപ്രൂവ് ചെയ്തത് മനോജ് എബ്രഹാം ആണങ്കില്‍ അയാളെ ട്രെയിനിങ്ങിന് വിടണമെന്നും അദ്ദേഹം കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. ഈ തെറ്റു ആവര്‍ത്തിക്കില്ല എന്ന സ്ഥിതി ഉണ്ടാക്കണം. മുഖ്യമന്ത്രി പിണറായി വിജയനു കേരളാ പോലീസിനെ തിരുത്താന്‍ പറ്റില്ലെങ്കില്‍, തിരുത്തിക്കാന്‍ ജനാധിപത്യത്തില്‍ മറ്റ് വഴികളുണ്ട്. അത് ചെയ്യുക തന്നെ ചെയ്യും. ഏതായാലും പോലീസ് രാജിന്റെ കീഴില്‍ ജീവിക്കാന്‍ തീരുമാനിച്ചിട്ടില്ലന്നും അദ്ദേഹം കുറിച്ചു.

ഷെറിൻ പി യോഹന്നാൻ

ആത്മവിശ്വാസം നന്നേ കുറഞ്ഞ, പെട്ടെന്ന് ഇമോഷണൽ ആവുന്ന, നെഗറ്റീവ് ചിന്താഗതിയുള്ള എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് ശരണ്യ. എന്നാൽ ഫസ്റ്റ് ഈയറിൽ തന്നെ ശരണ്യയെ പലരും നോട്ടമിട്ടുകഴിഞ്ഞു. കോളേജിലെ അർജുൻ റെഡ്ഢിയായ അജിത് മേനോനും ശരണ്യയുടെ അദ്ധ്യാപകനും അതിൽ മുൻപന്തിയിലുണ്ട്. ശരണ്യയുടെ ഹോസ്റ്റൽ ജീവിതവും കൂട്ടുകാരും പ്രണയവുമൊക്കെയായി കഥ മുൻപോട്ട് നീങ്ങുന്നു.

ലേഡീസ് ഹോസ്റ്റൽ ജീവിതവും പെൺസൗഹൃദങ്ങളും പ്രണയവുമൊക്കെ വളരെ റിയലിസ്റ്റിക് ആയി സിനിമയിൽ എത്തിയിട്ടുണ്ട്. സംവിധായകന്റെ ആദ്യ ചിത്രമായ ‘തണ്ണീർമത്തൻ ദിനങ്ങൾ’ ളുടെ അടിസ്ഥാന കഥയോടുള്ള സാമ്യം ഇവിടെയും ദൃശ്യമാണ്. TMD ൽ ജെയ്സന്റെ ദുഃഖമായിരുന്നെങ്കിൽ ഇവിടെ ശരണ്യയുടെ ആകുലതകളും പ്രണയവുമാണ് പ്രധാന പ്രമേയം. ഇവിടെ കഥാപരിസരം കോളേജ് ആണ്. അതിനനുസരിച്ച് സിനിമ വലുതായിട്ടുണ്ട്.

ശരണ്യയുടെ കഥാപാത്ര നിർമിതി മികവിലെത്തിയിട്ടുണ്ട്. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ആ കഥാപാത്രത്തിനുണ്ടാവുന്ന വളർച്ച ശ്രദ്ധേയമാണ്. ജെയ്സനെ പോലെ എല്ലാവരുടെയും മുൻപിൽ സ്റ്റാർ ആകാൻ ശരണ്യ ശ്രമിക്കുന്നില്ല. ശരണ്യയുടെ ഇമോഷൻസിനെയെല്ലാം ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശരണ്യയുടെ സുഹൃത്തുക്കൾ, അർജുൻ അശോകൻ, സജിൻ, വിനീത് വിശ്വം, വിനീത് വാസുദേവൻ എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. ശരണ്യയുടെ പ്രണയത്തിൽ അസൂയയുള്ള, സ്ഥിരം പോസ്റ്റ്‌ ആവുന്ന, എന്നാൽ വളരെ ബോൾഡായ കൂട്ടുകാരിയായുള്ള മമിതയുടെ പ്രകടനവും നന്നായിരുന്നു.

ഓർഗാനിക് ആയ തമാശകളാണ് ചിത്രത്തെ രസകരമാക്കി നിലനിർത്തുന്നത്. ചില സീനുകൾ പൊട്ടിച്ചിരിപ്പിക്കുമ്പോൾ മറ്റ് ചിലത് പാളിപോകുന്നുമുണ്ട്. ‘അശുഭമംഗളകാരി’ എന്ന ഗാനവും അതിലെ റാപ് പോർഷനും ശരണ്യയെന്ന കഥാപാത്രത്തെ വരച്ചിടുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീളമുള്ള ചിത്രത്തിന്റെ ആദ്യ പകുതി രസകരമാണ്. രണ്ടാം പകുതിയിൽ പലയിടത്തും ചിത്രം ഡൗണാകുന്നുണ്ട്. പിന്നീട് സ്ഥിരം പ്രണയ കഥയിലേക്കും ക്ലൈമാക്സിലേക്കും ചിത്രം ചുരുങ്ങുന്നു.

TMD യുടെ ക്ലൈമാക്സിൽ കടന്നുവരുന്ന കോൺഫ്ലിക്ട് പ്രേക്ഷകനെ സ്വാധീനിക്കുന്നതാണ്. എന്നാൽ ഇവിടെ അതില്ല. ശരണ്യ – ദീപു പ്രണയ ബന്ധവും അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. ഇവിടെയെല്ലാം സാന്ദർഭിക തമാശകൾ കൊണ്ട് കഥയെ താങ്ങിനിർത്തുകയാണ് സംവിധായകൻ. തന്റെ രണ്ടാം ചിത്രത്തിലേക്ക് വരുമ്പോൾ പുതുമയുള്ള കഥ പറയാൻ ഗിരീഷ് തയ്യാറാകാത്തതും ഒരു പോരായ്മയായി തോന്നി.

Last Word – രണ്ടാമത്തെ ചിത്രത്തിലൂടെയാണ് ഒരു സംവിധായകനെ വിലയിരുത്തുന്നതെന്ന് പൊതുവെ പറയാറുണ്ട്. തന്റെ രണ്ടാം ചിത്രത്തിലും മോശമല്ലാത്ത എന്റർടൈനർ ഒരുക്കുന്നതിൽ ഗിരീഷ് എ. ഡി വിജയിച്ചിട്ടുണ്ട്. എന്നാൽ പുതുമയില്ലാത്ത കഥയും ലാഗടിപ്പിക്കുന്ന രണ്ടാം പകുതിയും പോരായ്മകളാണ്. നല്ല തമാശകൾക്ക് വേണ്ടി ഒരു തവണ കണ്ടിരിക്കാം. രണ്ട്, രണ്ടേകാൽ മണിക്കൂറിൽ കഥ പറഞ്ഞവസാനിച്ചിരുന്നെങ്കിൽ ശരണ്യ സൂപ്പറായേനെ.

 

Copyright © . All rights reserved