ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തു പോയ സ്‌കൂട്ടര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തി. നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളും മറിഞ്ഞ് ഇരുവര്‍ക്കും പരിക്കേറ്റു. സ്ത്രീക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. ഇവര്‍ക്ക് ചുണ്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, യുവാവിന്റെ കൈവിരലും ഒടിഞ്ഞു.
തയ്യല്‍കട നടത്തുകയായിരുന്ന കുന്നന്താനം സ്വദേശിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് ഇവര്‍ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന വഴിയില്‍ ജയകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കിനെ മറികടന്നു. ഇതില്‍ പ്രകോപിതനായ ജയകൃഷ്ണന്‍ പിന്നാലെയെത്തി മല്‍സരഓട്ടത്തിന് ക്ഷണിച്ചു. വേഗം നിയന്ത്രിച്ച് ഓടിച്ച സ്ത്രീയെ തോളില്‍ പിടിച്ച് തള്ളി.
ഇതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ജയകൃഷ്ണന്‍ റോഡില്‍ വീണു. ബൈക്ക് നിരങ്ങിച്ചെന്ന് ഇടിച്ച് സ്‌കൂട്ടറും മറിഞ്ഞു. സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വൈക്കം ചെമ്പിൽ വിദ്യാർത്ഥിനിയായ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമർജിത്, വടക്കേ ബ്ലായിത്തറയിൽ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്പിൽ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്.
ഇരുവരെയും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുന്നതിനിടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവര്‍ക്കിടയില്‍ പ്രണയയോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി.
ഹോട്ടൽ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു. ഇരുവരുടേയും ആത്മഹത്യക്ക് കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് നിലവില്‍ സംശയങ്ങള്‍ ഒന്നുമില്ലെന്ന് വൈക്കം ഡിവൈഎസ്പി എ ജെ തോമസ് വ്യക്തമാക്കി.
മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം പ്രേംചന്ദിൽ മിടിച്ചുതുടങ്ങി. കണ്ണൂർ സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രേംചന്ദ്. അദ്ദേഹത്തിന് മാറ്റിവച്ച ഹൃദയം സ്വന്തമായി മിടിക്കാൻ തുടങ്ങിയെന്നും രോഗി പൂർണമായും ബോധവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇദ്ദേഹമടക്കം ഏഴ് പേർക്ക് പുതുജീവനേകിയാണ് നേവിസ് യാത്രയാവുന്നത്.
എട്ട് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് നേവിസിൻറെ ഹൃദയം 59കാരനായ പ്രേംചന്ദിന് വിജയകരമായി വച്ച് പിടിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. രോഗി വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. എറണാകുളത്ത് നിന്ന് മൂന്ന് മണിക്കൂർ കൊണ്ടാണ് നേവിസിന്റെ ഹൃദയവും വഹിച്ചുള്ള ആംബുലൻസ് കോഴിക്കോട്ടെത്തിയത്.
എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു.
ഹൃദയം കൂടാതെ നേവിസിന്റെ കരളും കിഡ്‌നിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസിൽ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തെ ആശുപത്രിയിൽവച്ച് മസ്തിഷ്‌ക മരണം സംഭവിച്ചു. കേരളത്തിൽ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.
തന്റെ ഭര്‍ത്താവ് ഐ.എസിലെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കേരളത്തിലോ പുറത്തോ എവിടെയെങ്കിലും മറ്റാരെയെങ്കിലും വിവാഹം ചെയ്ത് കഴിയുകയായിരിക്കുമെന്നാണ് കരുതിയതെന്നും ബാലുശ്ശേരി സ്വദേശി പ്രജുവിന്റെ ഭാര്യ. പ്രജു ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞാണ് കേട്ടതെന്നും സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും യുവതി പറയുന്നു.
കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചാണ് പ്രജു എട്ടു വര്‍ഷം മുമ്പ് നാടുവിട്ടതെന്നും തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറയുന്നു. മതം മാറിയ പ്രജു എന്ന മുഹമ്മദ് അമീനുമായി 2008ലാണ് യുവതിയുടെ വിവാഹം നടന്നത്. 2013 മുതല്‍ ഇയാളെ കാണാതായി.
മുജാഹിദ് ആശയത്തില്‍ വിശ്വസിച്ചിരുന്ന ഭര്‍ത്താവിന് പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. സലഫി മതപ്രചാരണ സംഘമായ തബ്ലീഗ് ജമാഅത്തിലേക്ക് വരാന്‍ തന്നെ ഭര്‍ത്താവ് ക്ഷണിച്ചിരുന്നുവെന്നും പക്ഷെ സുന്നി വിശ്വാസിയായതിനാല്‍ പറ്റില്ലെന്ന് അറിയിച്ചുവെന്നും യുവതി വ്യക്തമാക്കി.
യുവതിയുടെ വാക്കുകള്‍
‘വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പ്രജു മതം മാറിയിരുന്നു. പക്ഷെ പ്രജുവിന്റെ വീട്ടുകാരുമായും നല്ല ബന്ധത്തിലായിരുന്നു. നല്ല മാന്യമയാണ് പെരുമാറിയിരുന്നത്. അതുകൊണ്ടാണ് വിവാഹം കഴിക്കാന് തയ്യാറായത്. മുജാഹിദ് വിഭാഗത്തിന്റെ ആശയവുമായി നല്ല ബന്ധമായിരുന്നു. മുജാഹിദ് ബാലുശ്ശേരയുടെ പ്രഭാഷണങ്ങളാണ് സ്ഥിരം കേട്ടിരുന്നത്. സുന്നി പണ്ഡിതന്മാരുമായുള്ള സംവാദങ്ങള്‍ സ്ഥിരമായി കേള്‍ക്കുമായിരുന്നു. ഇടക്ക് തബ്ലീഗ് ജമാഅത്തില്‍ ആകൃഷ്ടനായി.
തന്നോടും മകനോടും തബ്ലീഗില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ സുന്നികളാണ്. അതുവിട്ട് ഒരിടത്തേക്കുമില്ലെന്ന് പറഞ്ഞു’- പ്രജുവിന്റെ ഭാര്യ പറയുന്നു. ഐ.എസ് ആശയങ്ങളൊന്നും വീട്ടില്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നില്ല. ഒരു കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെങ്കിലും കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും യുവതി വ്യക്തമാക്കി.
കേസ് നടത്തിപ്പിനായി യുവതിയുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തുകയും സ്വര്‍ണ്ണം വില്‍ക്കുകയും ചെയ്തു. ഇയാള്‍ മറ്റ് പല വിവാഹങ്ങളും കഴിച്ചിരുന്നതായി പിന്നീട് മനസ്സിലായയതായും യുവതി വ്യക്തമാക്കി. പിതാവ് ഐ.എസിലാണെന്ന വാര്ത്ത വന്ന സാഹചര്യത്തില്‍ ഏക മകന്റെ ഭാവിയോര്‍ത്ത് ആശങ്കയിലാണെന്നും യുവതി പറയുന്നു.
2013ല്‍ തന്റെ ഇരുചക്രവാഹനവുമായി വീട്ടില്‍ നിന്നിറങ്ങിയതാണ് പ്രജു. പിന്നീട് വന്നിട്ടില്ല. ഇതോടെ തന്റെ വാഹനവും നഷ്ടപ്പെട്ടു. ഈ വാഹനത്തിന്റെ വായ്പയും തന്റെ ബാധ്യതയായി മാറി. ഭര്‍ത്താവ് വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും യുവതി പറഞ്ഞു.
എം. ജി.ബിജുകുമാർ
ദീപങ്ങൾ തെളിഞ്ഞു കത്തുന്ന നടയ്ക്കു നേരെ തൊഴുത് പ്രാർത്ഥിച്ച് ഇലക്കീറിൽ കിട്ടിയ പ്രസാദത്തിൽ നിന്നും കുളിർമ്മയുള്ള ചന്ദനം വിരലിൽ തൊട്ടെടുത്ത് നെറ്റിയിൽ കുറി വരച്ച് മാധവി ക്ഷേത്ര മതിൽക്കെട്ടിനു വെളിയിലേക്കിറങ്ങി നടന്നു. ദീപാരാധന തൊഴാൻ നിന്നാൽ ഒരു പക്ഷേ നന്ദേട്ടനെ കാണാൻ പറ്റിയെന്നു വരില്ല. നാളെ വെളുപ്പിന് കൽക്കത്തക്ക് പോവുകയാണ്. എന്തോ ജോലി ശരിയായിട്ടുണ്ടെന്ന് കലേടത്തിയാണ് പറഞ്ഞത്. നിറം മങ്ങാൻ തുടങ്ങിയ വഴിയിലൂടെ മാധവി വേഗം നടന്നു.ആകാശത്താഴ് വരയിൽ ഓടിനടക്കുന്ന മേഘങ്ങൾ ഒന്നാർത്തു പെയ്യാൻ വട്ടം കൂട്ടുന്നതു പോലെ അവൾക്ക് തോന്നി.മന്ദമാരുതന്റെ പുൽകളിൽ തൊടിയിലെ പാടവരമ്പിലൂടെ നടന്നു വരുമ്പോൾ “നന്ദേട്ടനെ വഴിയിൽ കണ്ടുമുട്ടണേ കൃഷ്ണാ ” എന്നായിരുന്നു അവളുടെ പ്രാർത്ഥന.
മുകളിലെ റോഡിലേക്ക് കയറിയത്തും നന്ദൻ സൈക്കിളിൽ അവളുടെ മുന്നിലെത്തിയതും ഒന്നിച്ചായിരുന്നു. അവൻ സൈക്കിളിൽ മുന്നോട്ട് പോകാൻ തുടങ്ങവേ അവൾ കാരിയറിൽ പിടിച്ച് ” നിൽക്ക്
നന്ദേട്ടാ ഞാനൂടെ വരുന്നു.” എന്നു പറഞ്ഞു.
“എങ്കിൽ പിന്നിൽ കയറിക്കോ” നന്ദൻ സൈക്കിൾ നിർത്തി.
“ഏയ് വേണ്ട സൈക്കിളിൽ കയറിയാൽ വേഗം വീടെത്തും.. നമുക്ക് നടക്കാം ” അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് നല്ല സുഖമില്ലേ പെണ്ണേ…? നന്ദൻ ചോദിച്ചു.
“ഇല്ല.. അൽപ്പം അസുഖമുണ്ട്.” അവൾ ചിരിച്ചു.
“എങ്കിൽ അത്യാവശ്യമായി ഡോക്ടറിനെയൊന്നു കാണണം, താമസിക്കണ്ടാ ” അവൻ അതു പറഞ്ഞപ്പോഴും അവൾക്ക് ചിരി തന്നെ.
“എന്റെ അസുഖമൊക്കെ മാറണേൽ ഈ ഡോക്ടർ എന്നെ താലികെട്ടി വീട്ടിൽ കൊണ്ടു പോകണം” അവളവന്റെ ദേഹത്ത് വിരലുകൊണ്ട് കുത്തിക്കൊണ്ടു പറഞ്ഞു.
അപ്പോൾ അവളുടെ കൈകളിലെ ചുവന്ന കുപ്പിവളകൾ ചിരിച്ചു.
“പറയാൻ മറന്ന കവിതകൾക്കും കേൾക്കാൻ കൊതിച്ച വാക്കുകൾക്കുമായി ഞാൻ പ്രതീക്ഷയോടെയിരിക്കുമ്പോൾ തോരാത്ത ചാറ്റൽ മഴയായി പൊഴിയുന്ന ഈ ഡോക്ടറിന്റെ സ്നേഹത്തിന്റ ചാറ്റൽ മഴ നനഞ്ഞാലേ എന്റെ അസുഖം മാറൂ ” അവൾ പറഞ്ഞത് കേട്ടപ്പോൾ നന്ദൻ മനസിൽ ഒന്നു ചിരിച്ചു.
“മണ്ണും മനസ്സും കുളിർക്കുന്ന മഴയുടെ തന്ത്രികളിലാണ് എന്റെ പ്രണയം ഞാൻ ചേർത്ത് വെക്കുന്നത്…, നിന്നെ പോലെയൊരു കിറുക്ക് പിടിച്ച പെണ്ണിന് ഞാനതെങ്ങനെ തരും ” അവളെ കളിയാക്കി നോക്കിക്കൊണ്ട് നന്ദൻ പറഞ്ഞു.
“കളിയാക്കണ്ട.. നന്ദേട്ടന്റെ അമ്മയും എന്റെ വീട്ടുകാരും തമ്മിൽ വാക്ക് പറഞ്ഞതാ നമ്മുടെ കല്യാണം. കലേടത്തിയും പൂർണ്ണ സമ്മതം പറഞ്ഞതുമല്ലേ, പിന്നെന്തിനാ എന്നെ ഒഴിവാക്കുന്നത്.” അവളുടെ ശബ്ദത്തിൽ വിഷാദം കലർന്നിരുന്നു.
നന്ദൻ സൈക്കിളുരുട്ടിക്കൊണ്ട് നടന്നു തുടങ്ങി. ഒപ്പം മാധവിയും.
‘ശരിയാണ് തങ്ങളുടെ വിവാഹം വാക്കാൽ ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ ഇവളുടെ കുട്ടിക്കളികൾക്ക് ഞാൻ വളം വെച്ചു കൊടുക്കുന്നില്ലെന്ന് മാത്രം..’ നടക്കുന്നതിനിടയിൽ നന്ദൻ മനസ്സിലോർത്തു.
“കൽക്കത്തയ്ക്ക് പോയാൽ നന്ദേട്ടൻ ഇനിയെന്നാ വരിക” അവൾ മെല്ലെ ചോദിച്ചു.
“പത്തു വർഷം കഴിഞ്ഞ്..”
” പത്തു വർഷമോ.. ? അവൾ വ്യസനത്തോടെ മൊഴിഞ്ഞു.
“മ്… അതെ ! അപ്പോൾ പിന്നെ നിന്റെയീ കിറുക്ക് ‘ കാണേണ്ടല്ലോ ” നന്ദന്റെ മറുപടി.
“പിന്നെ ഇഷ്ടമുള്ളവരെ സ്നേഹിക്കുന്നത് കിറുക്കാ ??? അവൾ ചിണുങ്ങി.
” പിന്നെ… ഒരു പ്രണയിനി വന്നേക്കുന്നു, കൽക്കത്തയിൽ നിന്നൊരു പെണ്ണിനെയും കെട്ടി അവിടങ്ങ് കൂടണം, പത്തു വർഷത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചു വരണം” അവളെ ശുണ്ഠി പിടിപ്പിക്കാനായി നന്ദൻ പറഞ്ഞു.
“ഇങ്ങു വാ രണ്ടും കൂടി.. കൊല്ലക്കുടിയിലെ വാസുവണ്ണനെക്കൊണ്ട് ഒരു മടവാൾ തീർത്തു ഞാൻ കരുതി വെച്ചിരിക്കും. രണ്ടിനെയും വെട്ടി തുണ്ടം തുണ്ടമാക്കും… ” അവൾ പെട്ടെന്നു തന്നെ പറഞ്ഞ മറുപടിയിൽ തീരുമാനത്തിന്റെ ദൃഢത അനുഭവപ്പെട്ടു. അവളുടെ മുഖം ചുവന്നിരുന്നു.
“നീയെന്റെ പിറകെ നടക്കുന്ന സമയത്ത് നാലക്ഷരം എഴുതാൻ നോക്ക്. പലപ്പോഴും നിന്റെ ചില വാചകങ്ങളൊക്കെ കവിതകളിലെ വരികൾക്ക് സമാനമാണ് ….” നന്ദൻ അവളുടെ മനസിനെ മറ്റൊരു ചിന്തയിലക്ക് കടത്തിവിട്ടു.
“എനിക്ക് നന്ദേട്ടനെപ്പോലെ എഴുതാനൊന്നും വശമില്ല.നന്ദേട്ടനോടുള്ള ഇഷ്ടം കാരണം ഓരോന്നു പറയുകയും എഴുതി നന്ദേട്ടനു തരികയും ചെയ്യുന്നതാ..,
അതല്ലാതെയൊന്നും എനിക്കെഴുതാനറിയില്ല. നന്ദേട്ടനോടുള്ള പ്രണയം മാത്രമേ എനിക്കറിയൂ” മാധവി ലജ്ജയോടെ പറഞ്ഞു .
“എടീ മടിച്ചീ എഴുതിയെഴുതിയാ തെളിയുന്നത്.അല്ലാതെ പേനെയെടുക്കുമ്പോഴേ എഴുത്തുകാരിയാവില്ല…” നന്ദൻ അവളുടെ പ്രണയ ലേഖനമെഴുത്തിനെ വഴിതിരിച്ചുവിടാൻ ശ്രമിച്ചു.
” നിന്റെ വാക്കിൽ പൂക്കൾ വിടർന്നെങ്കിലേ എന്റെ കവിതകളിൽ വസന്തം നിറയൂ എന്നറിയില്ലേ നന്ദേട്ടാ…” അവളവന്റെ മുഖത്തേക്ക് നോക്കി.
അവൾ പറഞ്ഞതും കേട്ട് അവനൊന്നും മിണ്ടാതെ നടക്കുകയാണ്.
“കവിതകളിലും കഥകളിലും സ്നേഹമൊളിപ്പിച്ചുവെക്കുന്ന നന്ദേട്ടൻ എനിക്കെന്നുമൊരു കൗതുകമായിരുന്നു. പിന്നെയതെന്റെ ഏകാന്തതയിലെ സല്ലാപമായി.പിന്നയത് മെല്ലെ അതെന്റെയുള്ളിലെ കുളിർമ്മയായി മാറി..”
അവൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
അവളുടെ കവിത തുളുമ്പുന്ന സംഭാഷണം ഉള്ളാലെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും പുറമേയത് കാണാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് നടന്നു.
അവളുടെ പ്രണയത്തെ വകവെച്ചു കൊടുക്കാതിരിക്കുമ്പോൾ അവളുടെ ശുണ്ഠി പിടിച്ചുള്ള പ്രതികരണങ്ങൾ കാണുക എന്റെ പ്രധാന വിനോദമാണ്.
“നീയൊരു പ്രേമ രോഗിയാണ് ” നന്ദനവളെ കളിയാക്കി.
” നന്ദേട്ടൻ എന്തു പറഞ്ഞാലും ഞാൻ വിട്ടു പോവില്ല” എന്നു പറഞ്ഞ് അവൾ സൈക്കിളിന്റെ ബെല്ലൊന്നടിച്ചു.
“എങ്കിൽ ഞാൻ പറയുന്നത് അനുസരിക്ക്, നിന്റെ തോന്നലുകൾ കവിതകളാക്കി എഴുതാൻ ശ്രമിക്ക്… ” നന്ദൻ പറഞ്ഞു.
“എന്റെ അക്ഷരങ്ങൾ നിറമുള്ള പുഷ്പങ്ങളായി വിടരണമെങ്കിൽ എന്റെയുള്ളിലെ ആകാശമായി നീ നിറഞ്ഞു നിൽക്കണം നന്ദേട്ടാ…,
എനിക്ക് നിശ്വാസങ്ങൾ പൊഴിച്ച് അതിൽ പ്രണയത്തിന്റെ മഴവില്ല് വിരിയിക്കണം ….” അതു പറഞ്ഞ് അവൾ അവനോടൽപ്പം കൂടി ചേർന്നു നടന്നു.
“നീ എഴുതാൻ ശ്രമിക്കണം,ഭാവന വിടരാൻ ധാരാളം വായിക്കണം… അവിടെയെത്തിയിട്ട് ഞാൻ വിലാസമയയ്ക്കാം, നീ എഴുതിയിട്ട് അതിലേക്കയച്ചാൽ മതി.
“നാട്ടുമാവിൻ ചോട്ടിൽ ചേർന്നിരുന്ന് കളി പറയാനും സ്നേഹപ്പുഴയിൽ ഒരുമിച്ചൊഴുകി നീങ്ങാനും കൊതിക്കുന്ന ഞാൻ നന്ദേട്ടനായി എഴുതാം…
നന്ദേട്ടന്റെ ഒരു നോക്കിനായ് പോലും മിഴിനട്ടിരിക്കുന്ന എനിക്ക് അതിൽ സന്തോഷമേയുള്ളു…. ” അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു.
“നിന്റെ വിരൽ തഴുകി ചുംബിച്ചുണരുന്ന കടലാസുകഷണങ്ങളിലെ അക്ഷരങ്ങൾ ചേർത്ത മറുപടിക്കായി കാത്തിരിക്കുന്നതിനും എനിക്കു കഴിയുമല്ലോ നന്ദേട്ടാ…!”
” മ്….. ” നന്ദൻ മെല്ലെ മൂളി.
ഇവൾക്കെന്താണോ എന്നോടിത്ര പ്രണയം തോന്നാൻ അതും ഭ്രാന്തമായ സ്നേഹം എന്നു ചിന്തിച്ചു നടന്നപ്പോഴേക്കും ചെറിയ ചാറ്റൽ മഴയെത്തി.
” നീ വേഗം പൊയ്ക്കോ നനഞ്ഞ് പനിപിടിപ്പിക്കണ്ട “നന്ദൻ മാധവിയോട് പറഞ്ഞു.
“എനിക്കും നന്ദേട്ടനെപ്പോലെ മഴ നനയാനാ ഇഷ്ടം… നമുക്ക് നനഞ്ഞു നടക്കാം… അവളുടെ മറുപടി അവനിൽ അൽപ്പം കൗതുകവുമുണ്ടാക്കി. ഇപ്പോഴേ എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് അവളുടെ പ്രവൃത്തികളുകൊണ്ടു പോകാൻ അവൾ ശ്രദ്ധിക്കുന്നു..
നടന്നു നടന്നു വീടെത്താറായപ്പോൾ “പോകും മുമ്പ് എനിക്കൊന്നും തരുന്നില്ലേ നന്ദേട്ടാ…” എന്നവൾ ആർദ്രതയോടെ ചോദിച്ചു.
അവളൊരു മൃദു ചുംബനം കൊതിക്കുന്നുണ്ടാവുമെന്ന് മനസിലാക്കിയിട്ടും അത് പുറത്തു കാട്ടാതെ നന്ദൻ
അടുത്തുള്ള കയ്യാലയിൽ നിന്ന ഒരു ചെമ്പരത്തിപ്പൂവ് പറിച്ചു അവൾക്ക് നീട്ടി.
“ഇതാ …., ഒന്നും തന്നില്ലെന്നു വേണ്ട.. ” നന്ദൻ പുഞ്ചിരിച്ചു.
അവളത് വാങ്ങി.
പ്രണയം ഉറഞ്ഞു മയങ്ങിയ നീല ഞരമ്പുകൾ തെളിഞ്ഞ കൈകളിലെ കുപ്പിവളകളിൽ മഴ മുത്തുകൾ വീണു ചിതറി.
അവളുടെ കവിളിലും ശോണിമ നിറയുന്നതുപോലെ നന്ദന് തോന്നി.
“ഈ ചെമ്പരത്തിപ്പൂവ് തന്നത് എനിക്ക് കിറുക്കാണെന്ന് സ്ഥാപിക്കാനല്ലേ…?”
“അതെ .. ഇടയ്ക്കൊക്കെ ചെവിയുടെ പിറകിൽ വെച്ചോ
… ചേരും…..” നന്ദൻ മൃദുവായി ചിരിച്ചു.
“എന്നാലൊരു കാര്യം ചോദിക്കട്ടെ?”
“മ്…”
” ഓർമ്മ ആയപ്പോൾ മുതൽ കണ്ടു വളർന്ന, പൂക്കളമിട്ടു തുടങ്ങിയപ്പോൾ മുതൽ അതിനു നടുവിൽ കുടകുത്താനെടുത്തു തുടങ്ങിയ, നമ്മുടെയെല്ലാം വീടിന്റെ ഓർമ്മകളിൽ ഒപ്പമുള്ള ഈ പൂവിനെ എന്തിനാണ് ഭ്രാന്തിന്റെ അടയാളമാക്കി മാറ്റിയത്..,?
മുള്ളുകൾ പോലുമില്ലാത്ത…, ഇലകൾ അരച്ച് താളിയുണ്ടാക്കി മുടിയിൽ തേക്കാവുന്ന ഈ ചെടിയിലെ പൂവല്ലേ ശരിക്കും സ്നേഹത്തിന്റെ അടയാളമാകേണ്ടത്.?”
മാധവി തന്റെ സംശയം പ്രകടിപ്പിച്ചു.
” നിറങ്ങളെല്ലാം ഒരു പോലെയായിരുന്നിട്ടും കാഴ്ചകളിലേക്ക് നീളുന്ന കൃഷ്ണമണിയുടെ നിറമായിട്ടും കറുപ്പിനെ ദു:ഖത്തിന്റെ പ്രതീകമായല്ലേ കാണാറ്.! സൗകര്യമനസരിച്ച് ഓരോ നിറത്തിനെയും ഓരോ പ്രതീകമായി സൂചിപ്പിക്കുന്നു വെന്നേയുള്ളു. അതൊക്കെയിനി പറഞ്ഞിട്ട് കാര്യമില്ല….! അതു കൊണ്ട് നിനക്ക് പറ്റിയത് ഈ പൂവ് തന്നെ..” നന്ദൻ പുഞ്ചിരിച്ചു.
” നന്ദേട്ടനൊരു കരീല തന്നാലും ഞാനത് വാങ്ങും… ” അവൾ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ഒരു കാര്യം ചോദിക്കട്ടെ നന്ദേട്ടാ…”
“മ്… ചോദിക്ക്…”
“നമ്മുടെ ഗ്രാമത്തെ വിട്ട് കുടുംബാംഗങ്ങളെ പിരിഞ്ഞ് കൽക്കത്തയിൽ ജീവിക്കാൻ പ്രയാസം തോന്നുന്നില്ലേ…” മാധവിയുടെ ശബ്ദമിടറിയതായി നന്ദൻ മനസ്സിലാക്കി.
“ഓ., പിന്നെ..! കാർഗിലിൽ യുദ്ധം നടക്കുന്നിടത്തേക്കൊന്നുമല്ലല്ലോ പോകുന്നത്. ”
” യുദ്ധം നടക്കുന്നെന്ന് പത്രത്തിൽ വായിച്ചായിരുന്നു.
കാര്യമായി നന്ദേട്ടൻ പട്ടാളത്തിലൊന്നും ചേരാഞ്ഞത്…”
”അതെന്താ……?”
” പട്ടാളത്തിലായിരുന്നെങ്കിൽ എഴുത്തിനും വായനയ്ക്കുമൊക്കെ സമയം കിട്ടാതെ നന്ദേട്ടന്റെ കലാഹൃദയം നഷ്ടപ്പെട്ടു പോയേനേം.. ”
അവൾ പറഞ്ഞതിൽ കാര്യമില്ലാതില്ലെന്ന് നന്ദന് തോന്നി.
മഴയും പുഴയും ഗ്രാമവുമൊക്കെ വിട്ടിട്ടു പോകാൻ തനിക്ക് ഇഷ്ടമുണ്ടായിട്ടല്ല. വർണ്ണങ്ങൾ നിറഞ്ഞ കാഴ്ചകളിലേക്ക്
കൗതുകം വിടർന്നു തുടങ്ങിയതു മുതൽ
ആകാശക്കൂടാരങ്ങളിലെ മഴമേഘപ്രാവുകളുടെ ചിറകിനൊപ്പം പറക്കുന്ന, ഇപ്പോഴും കനവുകളിലൂടെ സഞ്ചരിക്കുന്ന മനസ്സ്
പിന്നിലേക്ക് പോകാൻ കൊതിക്കാറുണ്ട്,
നഷ്ടസ്വർഗങ്ങളുടെ കുളിർക്കാറ്റിൽ
ഗൃഹാതുരതയുടെ ചാറ്റൽമഴ നനയാൻ ഈ ഗ്രാമത്തിൽ തന്നെ നിൽക്കുന്നതായിരുന്നു ഇഷ്ടം. പക്ഷേ….! നന്ദന്റെ മനസിലൂടെ ചിന്തകൾ ഒഴുകി നീങ്ങി.
ശരിക്കും തനിക്കിഷ്ടമുണ്ടായിട്ടു പോകുന്നതല്ലെന്ന് അവനവളോട് പറഞ്ഞില്ല.
” വിഷമം തോന്നുമ്പോൾ ജാലക വാതിൽ തുറന്നിട്ട് ജനാലയ്ക്കരികിലേക്ക് നക്ഷത്രങ്ങളെ ക്ഷണിച്ച് അവയോട് കിന്നാരം പറഞ്ഞിരിക്കും. നിലാവിന്റെ പാൽപ്പുഞ്ചിരിയിലലിഞ്ഞു ചേരാൻ ഞാനൊരു സ്വപ്നവും കാത്തുവെക്കും… ” നന്ദൻ പറഞ്ഞു.
“ആ സ്വപ്നത്തിൽ എന്നെയും ചേർത്തുവെക്കണേ നന്ദേട്ടാ..”
“ഞാൻ പറയുന്ന പോലൊക്കെ അനുസരിച്ചു നടന്നാൽ….. ”
” അനുസരിക്കാം .. ഞാനെഴുതാം. വെളുത്ത പുസ്തകത്താളു പോലെ എന്റെ മനസ്സ് ഞാൻ നിവർത്തി വെക്കാം, എന്നിലേക്കെത്തുന്ന നന്ദേട്ടന്റെ ആർദ്രമായ നോട്ടങ്ങൾ പോലും അതിൽ അക്ഷരങ്ങളായി വിടരും ” അവൾ അഭിമാനത്തോടെ പറഞ്ഞു.
”ടെലിഫോൺ കണക്ഷൻ അടുത്താഴ്ച കിട്ടുമെന്നാ പറഞ്ഞത്. കിട്ടിയാലും വല്ലപ്പോഴും വിളിച്ചാൽ മതി. എനിക്ക് നന്ദേട്ടൻ എഴുതുന്നത് വായിക്കാനാണിഷ്ടം.
അക്ഷരങ്ങൾ കൊരുത്ത് വാക്കുകൾ ചേർത്ത് മാല്യമായെഴുതുന്ന വാചകങ്ങളിലൂടെ നന്ദേട്ടനെത്തുംവരെ എനിക്ക് കനവു കണ്ടുറങ്ങാനും പ്രതീക്ഷയിലുണരാനുമാണത്..” മാധവി ആർദ്രമായി മൊഴിയുന്നത് കേട്ട് പുഞ്ചിരിയോടെ നന്ദൻ നടന്നു.
നടന്നു നടന്ന് വീടെത്തി.സ്വല്പം കൂടി നടന്നെങ്കിലേ മാധവി വീട്ടിലെത്തുകയുള്ളു.
” മോളേ …മഴ നനഞ്ഞു നടക്കുവായിരുന്നോ.. കയറി വാ തോർത്തിയിട്ടു ഒരു കാപ്പിയും കുടിച്ചിട്ട് പോകാം.., ” നന്ദേട്ടന്റ അമ്മയുടെ സ്നേഹത്തോടെയുള്ള വിളി.
” വേണ്ടമ്മേ ഇരുട്ടായിത്തുടങ്ങി…വീടെത്തിയിട്ട് തോർത്താം…” മാധവി മറുപടി പറഞ്ഞു മുന്നോട്ടൊന്നു നടന്ന് തിരിഞ്ഞു നന്ദന്റെ മുഖത്തേക്ക് നോക്കി,യാത്ര പറയാനെന്നോണം..
അവളുടെ വിരിഞ്ഞ മിഴികളിൽ നിന്ന് കരിമഷിച്ചിന്തുകൾ കവിളിലേക്ക് പടർന്ന പോലെ തോന്നി.ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും.കൈ വീശിയിട്ട് ഗദ്ഗദത്തോടെ അവൾ വീട്ടിലേക്ക് നടന്നു. ഇവളെന്നെ സ്നേഹിച്ചു കൊല്ലുമല്ലോ എന്നോർത്ത് സൈക്കിൾ വെച്ചിട്ട് നന്ദൻ വീട്ടിലേക്ക് കയറി.
അമ്മയെടുത്തു കൊടുത്ത തോർത്തുമായി തല തോർത്തുമ്പോൾ
മുമ്പെന്നോ വീട്ടിൽ വന്ന് കുസൃതി കാണിച്ചപ്പോൾ കൈകളിൽ ബലമായിപ്പിടിച്ചപ്പോൾ ഉടഞ്ഞ മാധവിയുടെ കുപ്പിവളപ്പൊട്ടുകൾ ദീർഘമായൊരു കാത്തിരിപ്പിനു തയ്യാറെടുത്ത് മേശമേൽ ചിതറികിടക്കുന്നുണ്ടായിരുന്നു..
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
രാധാകൃഷ്ണൻ മാഞ്ഞൂർ
വിയർത്തൊലിച്ചു വരുന്ന ടാപ്പിങ് തൊഴിലാളികൾ എനിക്ക് പണിക്കൂലി തരുന്ന ദൈവങ്ങളായി. ചില പണികൾ നന്നായി ……. ചിലരുമായി കലഹിച്ചു …..ചിലർ ശപിച്ചു ……കൂടുതൽ പണിക്കൂലി കിട്ടിയ ദിവസങ്ങളിൽ ആനന്ദത്തിന്റെ അതീവമായ സംത്രാസങ്ങളിൽ പൊട്ടിക്കരഞ്ഞു.
സംതൃപ്തിയുടെ തൊഴിലിടം
പുതിയ വാക്കത്തിയും , തോട്ടങ്ങളിൽ കള വീശുന്ന അരിവാളുമൊക്കെ നിർമിക്കുമ്പോൾ പാകപ്പിഴകളുണ്ടായി ….. ചിലതൊക്കെ ബാലികേറാമലയായിരുന്നു ….. എങ്കിലും ഒരു വിധം സംതൃപ്തി തരുന്ന രീതിയിലേക്ക് തൊഴിലിടം മാറി
എനിക്കു മുന്നേ കടന്നു പോയ പൂർവികരെ മനസ്സിലോർത്തു. കാർന്നോന്മാരുടെ അനുഗ്രഹമാണ് തൊഴിലിനു വേണ്ടത് . അച്ഛനാണ് മനസ്സിൽ .

യാദൃശ്ചിതകളുടെ സാഹിത്യ പിറവികൾ
തികച്ചും യാദൃശ്ചികതകളിലാണ് സാഹിത്യ സൃഷ്ടികളുടെ പിറവി. പലപ്പോഴും തൊഴിലിടത്തെ പണിക്കിടയിലാവും കഥയുടെ മൂശ രൂപപ്പെടുത്തുന്നത് . പ്യൂപ്പയുടെ സുപ്താവസ്ഥയിൽ നിന്നും ഏതെങ്കിലും പേപ്പറുകളിൽ കുറിച്ച് വയ്ക്കും. പിന്നീട് ചില രാത്രികളിൽ വികലമായ കൈയ്യക്ഷരങ്ങളിൽ കഥ എന്ന് പേരിട്ട് ഹൃദയത്തോട് ചേർത്തു വയ്ക്കും . അത്രമേൽ സ്നേഹിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളെ ഈയുള്ളവൻ എങ്ങനെ മറക്കും ….?
കരിയും പുകയും ഏറ്റുവാങ്ങിയ പഴയൊരു 200 പേജിൻറെ ബുക്ക് ഈയിടെ ഇരുമ്പു കഷണങ്ങൾക്കിടയിൽ നിന്നു കണ്ടു കിട്ടി. വർഷങ്ങൾക്ക് മുമ്പ് എന്തൊക്കെയോ എഴുതിയിരുന്ന നോട്ടുബുക്ക് ……. അതിനുള്ളിൽ മറ്റൊരു നിധിയുണ്ടായിരുന്നു . അച്ഛൻ ഉപയോഗിച്ചിരുന്ന ഒരു പോക്കറ്റ് ഡയറി . നീല മഷി പേന കൊണ്ട് എഴുതിയ ചില കുറിപ്പുകൾ . ഏതോ ആശാരി ചേട്ടന് ഉണ്ടാക്കി കൊടുക്കേണ്ട വീതുളിയുടെയും ഇടത്തരം ഉളിയുടെയും അംഗുലം കണക്കുകൾ …. വാങ്ങിയ അഡ്വാൻസ് തുകകൾ ….

വർഷങ്ങൾക്ക് മുൻപ് കാഞ്ഞിരപ്പള്ളിയിലെ ഒരു പകൽ നേരത്ത് ആലയിൽ ഒരാൾ വന്നു . പ്രായത്തിന്റെ അസ്കിതയിൽ, വന്നയുടനെ പെട്ടിപ്പുറത്തിരുന്നു . അച്ഛനെ ആളെ മനസ്സിലായില്ല … ഞാൻ അത്ഭുതം കൊണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. ഒരു കാലത്ത് ഞങ്ങളുടെ കുഗ്രാമത്തിൽ സാഹസികതയുടെ ആൾരൂപമായിരുന്ന ജോൺസൺ എന്ന സർക്കസ് കലാകാരൻ .
ഈയുള്ളവൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് മാഞ്ഞൂരിൽ സർക്കസ് പരിപാടികളുമായി ജോൺസണും സംഘവും വരുന്നത് . ഫാന്റവും മാൻഡ്രേക്കും പോലുള്ള ചിത്രകഥാ നായകന്മാരെ ആരാധിക്കുന്ന ചെറുബാല്യങ്ങൾക്ക് ജോൺസൺ വീരപുരുഷനായി….. നെഞ്ചത്ത് ആട്ടുകല്ലും, അരകല്ലും വയ്ക്കുക, ജീപ്പ് കയറിൽ കെട്ടിവലിക്കുക, ആറടി താഴ്ചയിൽ ഇറങ്ങി കിടന്നിട്ട് മുകളിൽ മണ്ണിട്ടു മൂടുക തുടങ്ങിയ വീരകൃത്യങ്ങൾ ……
ആ ജോൺസണാണ് മുന്നിൽ നിൽക്കുന്നത്.
ജോൺസൺ ചേട്ടന് ഭക്ഷണം വാങ്ങി കൊടുക്കാൻ അച്ഛൻ പറഞ്ഞു . ഹോട്ടലിൽ ഭക്ഷണത്തിന് മുന്നിലിരുന്നപ്പോൾ ശ്വാസം വിടാൻ പോലും അയാൾ നന്നേ ബുദ്ധിമുട്ടിയിരുന്നു . ഭക്ഷണം കഴിഞ്ഞ് ഇറങ്ങാൻ നേരം എന്നോട് ചോദിച്ചു ” അന്ന് ഞാൻ കാണിച്ച് സർക്കസ്സൊക്കെ ഇയാൾക്ക് ഇഷ്ടപ്പെട്ടിരുന്നോ?” എന്തൊരു ചോദ്യമാണിതെന്നുള്ള ഭാവത്തിൽ ആ സാധു മനുഷ്യനെ നോക്കി . ഞാനും , കൂട്ടുകാരും ജയനെയും, നസീറിനെയും ആരാധിച്ചിരുന്നതുപോലെ താങ്കളെ ആരാധിച്ചിരുന്നുവെന്ന് പറഞ്ഞപ്പോൾ വാർദ്ധക്യം ബാധിച്ച ആ കണ്ണുകൾ തിളങ്ങുന്നത് കണ്ടു.

ലോക സഞ്ചാരി കണ്ട ‘രാധ ‘
കാഞ്ഞിരപ്പള്ളി ജീവിതത്തിൽ ഒരുപാട് വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു .
ഒരു നല്ല ശ്രോതാവാകുന്നത് വലിയൊരു കാര്യമാണ്. അവർ പറയുന്നത് നാം കേൾക്കുക…..അതേ സ്നേഹത്തിൻറെ ഒരു കരുതൽ.
വർഷങ്ങൾക്ക് മുൻപ് തൂലികാ സൗഹൃദത്തിലൂടെ വളർന്ന ഒരു സ്നേഹ ബന്ധത്തിൻറെ കഥ.
എ ക്യു മഹ്ദിയെന്ന ലോകസഞ്ചാരി കൊല്ലം ജില്ലയിൽ ചിന്നക്കടയിൽ താമസിക്കുന്നു. എഴുപതോളം രാജ്യങ്ങൾ സന്ദർശിച്ചു . പതിനെട്ട് സഞ്ചാര കൃതികൾ, റേഡിയോ ബെൻ സിംഗർ ( എഫ് എം നിലയം കൊല്ലം) ജോക്കി , നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ അധിപൻ , കഥാകൃത്ത് . മഹ്ദി മാഷിന് ഞാൻ അയക്കുന്ന കത്തുകൾ ഏറ്റവും കുറഞ്ഞത് പത്ത് പേജായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ വ്യത്യസ്തരായ മനുഷ്യരെപ്പറ്റി, അവരുടെ ജീവിത കാഴ്ചപ്പാടുകളെപ്പറ്റിയൊക്കെ വാരിവലിച്ചെഴുതും.

2005 -ലെ ഒരു വേനൽ പകലിൽ ഈ ലോകസഞ്ചാരി എൻെറ പണിശാലയിൽ വന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. എൻെറ പൊള്ളുന്ന ജീവിതം കണ്ട് അത്ഭുതപ്പെട്ടു. ആ കൂടിക്കാഴ്ച യെപ്പറ്റി കൊച്ചിയിലെ ‘വാസ്തവം’ മാസികയിൽ അദ്ദേഹം എഴുതി.
‘കുങ്കുമം’ വാരികയിലും കണ്ണൂരെ ‘സമയം’ മാസികയിലും എന്നെ കഥാപാത്രമാക്കി കൊണ്ട് കഥകളെഴുതി.
‘ഈജിപ്ഷ്യൻ കാഴ്ചകൾ’ എന്ന പുസ്തകത്തിന് ഞാനൊരു ആസ്വാദന കുറിപ്പ് എഴുതി. കോഴിക്കോട് ചന്ദ്രിക ആഴ്ചപ്പതിപ്പ് അത് പ്രസിദ്ധീകരിച്ചു. സ്നേഹം കൊണ്ട് ‘രാധ’ യെന്നാണ് എന്നെ വിളിക്കുന്നത്. ഒരു തവണ അദ്ദേഹം കാഞ്ഞിരപ്പള്ളി ടിബിയിലാണ് താമസിച്ചത്. ടിബിയുടെ മുറ്റത്ത് വാഗമരത്തിൻെറ ചുവട്ടിലിരുന്ന് രാത്രിയിലെ നിലാവ് നോക്കി കിഷോർ ജിയുടെയും, മുഹമ്മദ് റാഫിയുടെയും ഹിന്ദി ഗാനങ്ങൾ ആലപിച്ചു. 1968 ലെ ‘മധുമതി’ എന്ന ചിത്രത്തിൽ ശൈലേന്ദ്ര ഘോഷ് എഴുതി പ്രിയപ്പെട്ട സലിൽ ചൗധരിയുടെ ഈണത്തിലുള്ള ഗാനം മ്യൂസിക് പ്ലെയറിൽ എന്നെ കേൾപ്പിച്ചത് ഇന്നലെയെന്നപോൽ ഓർക്കുന്നു…. പ്രിയപ്പെട്ട ആത്മമിത്രത്തിന് സ്നേഹ വന്ദനം.

കാഞ്ഞിരപ്പള്ളിയിൽ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും കൂട്ടായ്മയിൽ സമചിന്താ സാഹിത്യ സംഘം രൂപീകരിച്ചപ്പോൾ മംഗളം ലേഖകൻ ശ്രീ . പീറ്റർ ആനക്കല്ല് ചെയർമാനായും, ഞാൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു . പീറ്റർ ആനക്കല്ലാണ് ജോസ് പുല്ലുവേലിയെന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയത് .
അദ്ദേഹം പുതിയതായി സ്ഥാപിച്ച ‘നവീക ബുക്സ്’ എന്ന പുസ്തക പ്രസാധന സ്ഥാപനത്തിൻറെ ജനറൽ എഡിറ്ററാക്കി എന്നെ നിയമിച്ചു. നവീക ബുക്സ് ആറു പുസ്തകങ്ങളിലൊന്ന് എൻറെ ‘നിലാവിൻറെ ജാലകം ‘എന്ന കഥാസമാഹാരമായിരുന്നു . നവീകയുടെ ആഭിമുഖ്യത്തിൽ ‘അക്ഷരക്കാഴ്ച ‘ യെന്ന മാസികയും തുടങ്ങി . മാസികയുടെ ചീഫ് എഡിറ്ററും ഞാനായിരുന്നു . ഒൻപത് ലക്കങ്ങൾ പിന്നിട്ടപ്പോൾ മാസിക മൃതിയടഞ്ഞു . പക്ഷേ പ്രസാധനത്തിന്റെ പുതു ചക്രവാളങ്ങൾ തേടിയ ആ പ്രസിദ്ധീകരണം നൽകിയ ആത്മവിശ്വാസം വളരെ വലുതാണ് . നിരവധി എഴുത്തുകാർക്ക് മാസിക ഒരു താങ്ങും തണലുമായിരുന്നു.

2015 ‘പരസ്യപ്പലകയിലൊരു കുട്ടി ‘എന്ന രണ്ടാമത് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രരശ്മി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത് .
മാഗസിൻ ജേർണലിസം തുടങ്ങിയതോടെ കേരള ജേർണലിസ്റ്റ് യൂണിയൻ, ആൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ എന്നിവയിൽ മെമ്പറാകാനും സാധിച്ചു.
1986 ൽ ഭരതം കഥാപുരസ്കാരം ,1997 -ൽ അസ്സീസി സാഹിത്യ അവാർഡ് എന്നിവ നേടി. പ്രശസ്തരായ ആറു എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് അവതാരികകൾ എഴുതി.
അമ്മയുടെ മരണം എന്നെ വല്ലാതെ ഉലച്ചു .2010 ഒക്ടോബർ പതിനാറാം തീയതി 82 വയസ്സ് പ്രായത്തിൽ അമ്മ കടന്നു പോയി …….. മാഞ്ഞൂരിലെ വീട് വളരെ നിശബ്ദമായി .
ഏറെക്കാലം എഴുത്തിൽ നിന്നെല്ലാം പിന്തിരിഞ്ഞു തൊഴിലിടത്തെ തിരക്കിൽ അമർന്നു വീണ് എങ്ങോട്ടൊക്കെയോ ഞാനും സഞ്ചരിച്ചു.

പ്രളയം തകർത്ത സിനിമ സ്വപ്നങ്ങൾ
2018 ഏപ്രിൽ ഏഴാം തീയതിയാണ് എൻറെ സ്കൂൾ സഹപാഠിയും പ്രശസ്ത സംഗീത സംവിധായകനും തേവലക്കര ഗവൺമെൻറ് യുപിസ്കൂൾ അധ്യാപകനുമായ ശ്രീ കെ ജി കൃഷ്ണയുടെ ഫോൺ വരുന്നത്.
തൊള്ളായിരത്തിൽപ്പരം ഗാനങ്ങൾ ചെയ്തിരിക്കുന്ന കെ.ജി ശ്രീകൃഷ്ണ വലിയൊരു സ്വപ്ന പദ്ധതിയിലേക്കാണ് ക്ഷണിച്ചത് . പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീരാഗം ഷാജിയുടെ പുതിയ സിനിമയ്ക്ക് തിരക്കഥ നീ തിരക്കഥ എഴുതണമെന്ന് . എനിക്ക് ആകെ ടെൻഷനായി. ചങ്ങാതിയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സമ്മതിച്ചു. വൺ ലൈൻ കേട്ടു. മൂന്ന് സ്ഥലങ്ങളിലായി തിരക്കഥയെഴുത്തും , കേൾവിയും ,ചർച്ചയും ഗംഭീരമായി നടന്നു . ഒടുവിൽ തിരക്കഥയ്ക്ക് പേരിട്ടു ‘പറഞ്ഞു തീരാത്ത കഥ’ ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ നടക്കുന്ന ജീവിതകഥ . കൊല്ലം ‘ ഗ്രീൻ വേ’ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മാണം . കെ.ജി. കൃഷ്ണ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തി റെക്കോർഡിങ് നടത്തി . ഭരതേട്ടന്റെ ‘വെങ്കലം ‘ സിനിമ ചിത്രീകരിച്ച മായന്നൂർ ഗ്രാമം ലൊക്കേഷനായി തിരഞ്ഞെടുത്തു . മുറികൾ ബുക്ക് ചെയ്തു. ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ‘കല്ലുകൊണ്ടൊരു പെണ്ണ് ‘ എന്ന വിജയശാന്തി ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീ.ജയപ്രകാശ് സാലി പൂർണ്ണ പിന്തുണ നൽകി .
ഷൂട്ട് തുടങ്ങാൻ ഒരാഴ്ച നിൽക്കെ ഒന്നാം പ്രളയം…..!

കേരളം മുഴുവൻ തകർത്തുപെയ്യുന്ന മഴയും , വെള്ളപ്പൊക്കവും ….. ഞങ്ങളുടെ സ്വപ്നങ്ങൾക്കു മുകളിലൂടെയാണ് ആ പ്രളയജലം ഒഴുകിപ്പോയത് …. പേര് പോലെ തന്നെ അതൊരു പറഞ്ഞുതീരാത്ത കഥയായി …..
വിധി ,സമയദോഷം എന്നീ വാക്കുകളിൽ ആശ്വാസം കണ്ടെത്തി . ഇപ്പോൾ മറ്റൊരു തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്. അനുകൂല സാഹചര്യങ്ങളൊത്തുവന്നാൽ സിനിമയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പൊൻകുന്നം ജനകീയ വായനശാലയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചത് മറ്റൊരു വഴിത്തിരിവായി . പ്രശസ്ത കവി പി .മധു സാറിൻറെ നേതൃത്വത്തിൽ എത്രയോ സഹൃദയരായ മനുഷ്യരാണ് അവിടെ ഒത്തുകൂടുന്നത്. മലയാളത്തിന്റെ എണ്ണം പറഞ്ഞ എഴുത്തുകാരെയും , ചിന്തകരെയും തിരക്കഥാകൃത്തുക്കളെയും പരിചയപ്പെടാനും വേദി പങ്കിടാനും സാധിച്ചു .
പൗലോ കൊയ്ലോയുടെ ‘ആൽക്കെമിസ്റ്റിൽ’ നിധി തേടി പോവുന്ന സാന്റിയാഗോ ഞാനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ….. ജീവിതത്തിലെ നിധികളും , സന്തോഷങ്ങളും കാണാതെപോയവൻ …. അതെ …. സന്ദേഹിയായ മനുഷ്യൻറെ ജീവിതയാത്ര തന്നെയാണിത്. എന്നെ ഒളിപ്പിച്ചു വെച്ച കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇടയ്ക്കൊക്കെ മാഞ്ഞൂരിന്റെ നാട്ടു ഗന്ധങ്ങളിലേക്ക് പോവാൻ വെമ്പൽ കൊള്ളുന്നു.
ഈ എളിയ ജീവിതത്തിന് താങ്ങും തണലുമേകിയ നിരവധി വെളിച്ച ഗോപുരങ്ങളുണ്ട് ….
വാഴ്ത്തിയവർക്കും വീഴ്ത്തിയവർക്കും നന്ദി …..
എണ്ണം തെറ്റിയ ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം നിശബ്ദനാവുന്നു ….
” നാമൊരിയ്ക്കൽ നനഞ്ഞൊരാഷാസ്ഥവും ചൂടി
അന്നു നടന്ന വഴികളിൽ
വേനലായി മഞ്ഞു വന്നുപോയി
പിന്നെയോ
കനൽ മാത്രം കടുത്തു ”
വിജയലക്ഷ്മിയുടെ കവിത

രാധാകൃഷ്ണൻ മാഞ്ഞൂരും കുടുംബവും
രാധാകൃഷ്ണൻ മാഞ്ഞൂർ : തൊഴിലാളി, ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.
മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1990 മുതൽ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ കുലത്തൊഴിലായ കൊല്ലപ്പണി ചെയ്യുന്നു. സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .
1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)
പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785
ഷിബു മാത്യൂ.
യോര്‍ക്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനായ ലിമ (ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ച്ച ലീഡ്‌സിലെ ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെടും. അന്നേ ദിവസം രാവിലെ പത്ത് മണിക്ക് ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ കലാവിരുന്ന് ഉദ്ഘാടനം ചെയ്യും. കോവിഡില്‍ രാജ്യം തളര്‍ന്നപ്പോള്‍ ലിമയുടെ ഔദ്യോഗീക പരിപാടികള്‍ തല്കാലത്തേയ്‌ക്കെങ്കിലും നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു. ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കിയതിനു ശേഷമുള്ള
ആദ്യ കൂട്ടായ്മയാണ് ഒക്ടോബര്‍ ഒമ്പതിന് ലീഡ്‌സില്‍ നടക്കുക. കോവിഡ് കാലത്ത് പുതുതായി നിരവധി മലയാളി കുടുംബങ്ങള്‍ ലീഡ്‌സിലും പരിസരത്തുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കൂട്ടായ്മയടെ ഒരാഘോഷമാണ് ഈ കലാവിരുന്ന്. കലാസാംസ്‌കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉള്‍പ്പെടെ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന നിരവധിയായ പരിപാടികളാണ് കലാവിരുന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയ്ച്ചു.
ലിമയുടെ കലാവിരുന്നില്‍, ലിമയുടെ പ്രസിഡന്റും നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത് മുന്‍ പരിചയമുള്ള ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്യുന്ന ‘അമ്മയ്‌ക്കൊരു താരാട്ട് ‘ എന്ന നാടകം അരങ്ങേറും. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ലീഡ്‌സ് മലയാളി അസ്സോസിയേഷനിലെ കലാകാരന്മാര്‍ തന്നെയാണ് നാടകത്തില്‍ വേഷമിടുന്നത്. മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിച്ചവരും ഈ നാടകത്തില്‍ അണിനിരക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ലീഡ്‌സില്‍ പുതുതായി എത്തിയ കുടുംബങ്ങളെ അസ്സോസിയേഷന് പരിചയപ്പെടുത്തുന്നതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന മഹത്തായ കര്‍മ്മം കൂടി അന്ന് നടക്കും. കൂടാതെ അത്തപ്പൂക്കള മത്സരമുള്‍പ്പെടെ നടന്ന മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനം ലീഡ്‌സിലെ പ്രമുഖ റെസ്റ്റോറന്റായ തറവാട് റെസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ തറവാട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സിബി ജോസ് വിജയികള്‍ക്ക് സമ്മാനിക്കും.
ലീഡ്‌സിലുള്ള എല്ലാ മലായാളികളെയും ലിമ സ്വാഗതം ചെയ്യുകയാണ്. വൈകുന്നേരം അഞ്ച് മണി വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം കൂട്ടായ്മ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
മലയാളത്തിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു കിലുക്കം. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തത്. 1991ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലും, ജഗതിയും, രേവതിയും, തിലകനും അടക്കം വലിയൊരു താരനിര തന്നെ ഉണ്ടായിരുന്നു. നിരവധി രസകരമായ മുഹൂർത്തങ്ങളുണ്ട് ചിത്രത്തിൽ. ഇപ്പോഴും ടിവിയിൽ വന്നാൽ മലയാളികൾ ആസ്വദിച്ചിരുന്ന് കാണുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് നിർമ്മാതാവ്.
കിലുക്കം പുറത്തിറങ്ങുന്നത് 1991 മാർച്ച് 15 നാണ്. പലവിധ അഭ്യൂഹങ്ങളും ചിത്രം നേടിയ കളക്ഷനെ കുറിച്ച് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിലെ യഥാർഥ വിവരം പുറത്ത് വിടുകയാണ് നിർമ്മാതാവായ ഗുഡ്നൈറ്റ് മോഹൻ. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഇദ്ദേഹം ഇത് വെളിപ്പെടുത്തിയത്. സഫാരി ചാനലിലാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
ആ സമയത്ത് താനെടുത്ത ചിലവേറിയ ചിത്രമായിരുന്നു ഇത് എന്നാണ് ഇദ്ദേഹം പറയുന്നത്. അതുവരെയും താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയത് അയ്യർ ദി ഗ്രേറ്റ് എന്ന ചിത്രമായിരുന്നു. 20-25 ലക്ഷം രൂപയ്ക്ക് ഒക്കെ മലയാള സിനിമ അന്ന് പൂർത്തിയായിരുന്നു. കിലുക്കം ഫസ്റ്റ് കോപ്പി ഇറക്കിയപ്പോൾ 60 ലക്ഷം രൂപയാണ് ചെലവായത്. താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു അത്. ആർ മോഹൻ എന്ന നിർമാതാവ് പറയുന്നു. ഇത് എങ്ങനെ മുതലാകും എന്ന് പ്രിവ്യൂ കണ്ടതിനുശേഷം പ്രിയനോട് ചോദിച്ചിരുന്നു. കുറെ തമാശ ഉണ്ടെന്നല്ലാതെ കഥയൊന്നും ഇല്ലല്ലോ എന്ന് താൻ പറഞ്ഞു.
എന്നാൽ പ്രിയനെ കോൺഫിഡൻസ് സമ്മതിക്കാതിരിക്കാൻ ആവില്ല. ഒരു കോടി രൂപയ്ക്കു മേൽ ചിത്രം നേടിയാൽ മറ്റു ഭാഷകളിലേക്ക് റീമേക്ക് റയിട്സ് തരുമോ എന്നാണ് പ്രിയൻ അപ്പോൾ ചോദിച്ചത്. അങ്ങനെ വരികയാണെങ്കിൽ എല്ലാ റൈസും നീ എടുത്തോളാൻ താൻ പറഞ്ഞു. അങ്ങനെ ചിത്രം കളക്ട് ചെയ്തത് അഞ്ച് കോടി രൂപയാണ്. അദ്ദേഹം പറഞ്ഞു.
എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും.
സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്.
എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.
4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.
യുകെയിൽ ഇന്ധന പ്രതിസന്ധി. രാജ്യത്തുടനീളം 341 പെട്രോൾ സ്റ്റേഷനുകളുള്ള ഇജി ഗ്രൂപ്പ്, ഇന്ധനത്തിനായുള്ള അഭൂതപൂർവമായ ആവശ്യം കാരണം ഉപഭോക്താക്കൾക്ക് 30 പൗണ്ട് പരിധി ഏർപ്പെടുത്തി. മറ്റൊരു പ്രമുഖ വിതരണക്കാരായ ബിപി 50 മുതൽ 100 വരെ സ്റ്റേഷനുകളിൽ കുറഞ്ഞത് ഒരു ഗ്രേഡ് ഇന്ധനം തീർന്നതായും 20 ഓളം പമ്പുകൾ വെള്ളിയാഴ്ച അടച്ചതായും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
സ്റ്റേഷനുകളിൽ “വർദ്ധിച്ച ഡിമാൻഡ്” ഷെല്ലും റിപ്പോർട്ട് ചെയ്തു, പല ഡ്രൈവർമാരും പമ്പുകളിൽ സാധാരണയേക്കാൾ നീണ്ട ക്യൂ അനുഭവപ്പെടുന്നതായി സാക്ഷ്യപ്പെടുത്തുന്നു. പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ധാരാളം പേർ പങ്കുവെക്കുന്നുണ്ട്. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന നിലാപാടിലാണ് സർക്കാർ. വെള്ളിയാഴ്ച രാത്രി “അടിയന്തിര പ്രശ്നങ്ങൾ ഒഴിവാക്കാൻ താൽക്കാലിക നടപടികൾ പരിഗണിയ്ക്കുന്നു“ എന്നായിരുന്നു സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. ലോറി ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിനായി താൽക്കാലികമായി ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തുന്നത് ഇതിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന.
എന്നാൽ ഇത്തരം എന്ത് നടപടിയും വളരെ കർശനമായ സമയ പരിധി വച്ചാണ് നടപ്പിലാക്കുകയെന്നും സർക്കാർ സൂചിപ്പിച്ചു. യുകെയിൽ ധാരാളം ഇന്ധന സ്റ്റോക്ക് ഉണ്ടെന്നും സർക്കാർ വൃത്തങ്ങൾ ആവർത്തിച്ചു. “എന്നാൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളെപ്പോലെ, കോവിഡ് കാലത്ത് അവശ്യ സാധനങ്ങൾ എത്തിക്കാൻ ആവശ്യമായ ഡ്രൈവർമാരുടെ താൽക്കാലിക കുറവ് ഞങ്ങളും അനുഭവിക്കുന്നു,“ ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി.
അതേസമയം ലോറി ഡ്രൈവർ ക്ഷാമത്തിന്റെ ഒരു കാരണം ബ്രെക്സിറ്റാണെന്ന ആരോപണം മന്ത്രിമാർ തള്ളി. യൂറോപ്യൻ യൂണിയണിൽ നിന്ന് പുറത്തുകടന്നതാണ് രാജ്യത്തിൻ്റെ വിതരണ ശൃംഖലയെ ബാധിച്ചതെന്ന ആരോപണങ്ങൾ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് നിഷേധിച്ചു.