തൃശൂര്‍: കുറവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് ആചരണത്തിന്റെ ഭാഗമായുള്ള വചനസന്ദേശത്തില്‍ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കാണിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലിസില്‍ പരാതി. ഡല്‍ഹി യൂണവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയും എം എസ് എഫ് ഡല്‍ഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ യൂസഫാണ് തൃശൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയത്. മുസ്ലിം സമുദായത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനാണ് ബിഷപ്പിന്റെ ശ്രമമെന്നും ബിഷപ്പിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്നാണ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചത്. സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്.
പ്രണയത്തെ അല്ല സഭ എതിർക്കുന്നതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ഇവിടെ പ്രണയമല്ല സംഭവിക്കുന്നത്. പൂർണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്‌ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ഇതര മതസ്ഥരായ യുവതികൾ ഐ എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും എന്നാണ് വിശ്വാസികളോട് പാലാ ബിഷപ്പ് പറയുന്നത്. മുൻ ഡിജിപി ലോക്നാഥ് ബഹ്റ വിരമിച്ച സമയത്ത് പുറപ്പെടുവിച്ച ചില പ്രസ്താവനകളും ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ തീവ്രവാദം ശക്തിപ്പെടുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ധാരാളം ഉള്ളതായും ലോക്നാഥ് ബഹ്റ ആരോപിച്ചിരുന്നു.
നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്ക്രീം പാർലറുകൾ ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു. കുട്ടികൾ സൗഹൃദം തെരഞ്ഞെടുക്കുന്നത് സർപ്പത്തിന്റെ ജാഗ്രതയോടെ വേണമെന്നും ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളോട് ആയി പറയുന്നു.
ഹലാൽ വിവാദവും ജിഹാദുമായി ബന്ധപ്പെട്ടതാണ് എന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. സംഘടിതമായ ശ്രമം ആണ് കേരളത്തിൽ ജിഹാദി ഗ്രൂപ്പുകൾ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ ജിഹാദിന് ഇരയായിട്ടുണ്ടെന്നും പാലാ ബിഷപ്പ് ആരോപിക്കുന്നു.
പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നു. രാജ്യത്തെ രണ്ടു പ്ലാന്റുകളിലേയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. ചെന്നൈയിലെ എന്‍ജിന്‍ നിര്‍മാണ യൂണിറ്റ് അടുത്ത വര്‍ഷം രണ്ടാംപാദത്തോടെ അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോര്‍ഡ്. 2017 ല്‍ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ വില്‍പന നിര്‍ത്തിയിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവര്‍ത്തന നഷ്ടം നേരിട്ട സാഹചര്യത്തില്‍ റീസ്ട്രക്ചറിങ്ങിനു നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് ഫോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. 1948 ലാണ് ഇന്ത്യയില്‍ ഫോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഐസ്‌ലന്‍ഡിനെതിരായ ലോക കപ്പ് യോഗ്യതാ മത്സരശേഷം മടങ്ങിയ ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീം വ്യോമദുരന്തത്തെ അഭിമുഖീകരിച്ചതായി റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ടീമുമായി സഞ്ചരിച്ച ക്ലാസ്‌ജെറ്റ് ഫ്‌ളൈറ്റ് കെഎല്‍ജെ 2703 എന്ന വിമാനമാണ് നിഗൂഢമായ കാരണത്താല്‍ വഴി തിരിച്ചുവിട്ടത്.
ഐസ്‌ലന്‍ഡിന്റെ തലസ്ഥാനമായ റെയ്ക്യവിക്കില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് 29000 അടിയിലേറെ ഉയരത്തില്‍വെച്ച് അപകടത്തെ അഭിമുഖീകരിച്ചത്. ആകാശമദ്ധ്യേ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ നേരിട്ട വിമാനത്തെ സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്‍ബര്‍ഗിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.
ഇരുപത് മിനിറ്റു കൊണ്ട് എഡിന്‍ബര്‍ഗില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് വിമാനത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ താരങ്ങള്‍ക്ക് ശ്വാസം വീണത്. വിമാനം ലാന്‍ഡ് ചെയ്യുന്നതു വരെ അടിയന്തരാവസ്ഥ തുടരുകയും ചെയ്തു. ദിശ തിരിച്ചുവിടാനുള്ള കാരണം, വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
നടന്‍ രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച രാവിലെ അന്ധേരിക്കടുത്തായിരുന്നു വാഹനാപകടം നടന്നത്. മുംബൈ കൂപ്പര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. മാരകമായി പരിക്കേറ്റ ഇയാളെ താരം ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് അവിടെ നിന്നും കടന്നു കളയുകയായിരുന്നുവെന്ന് രാജേഷിന്റെ കുടുംബം ആരോപിച്ചു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് രജത് ബേദിക്കെതിരേ കേസെടുത്തിരുന്നു. തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.. സഹായിക്കാമെന്ന് ഉറപ്പുപറഞ്ഞ രജത് അല്പസമയത്തിന് ശേഷം സ്ഥലം വിട്ടതായി രാജേഷിന്റെ കുടുംബം ആരോപിച്ചു. പിന്നാലെയാണ് താരത്തിനെതിരെ പോലീസ് കേസെടുത്തത്.
ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ റോഡ് മുറിച്ചു കടക്കവേയാണ് രാജേഷിനെ രജതിന്റെ കാറിടിച്ചതെന്ന് ഭാര്യ ബബിത ദൂത് പറഞ്ഞു. രാജേഷ് കാറിന്റെ മുമ്പിലേക്ക് പെട്ടെന്ന് വന്നുപെടുകയായിരുന്നുവെന്നും താനും ഡ്രൈവറും അവിടെയുണ്ടാകുമെന്നും രജത് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആരുമറിയാതെ സ്ഥലം വിട്ട അദ്ദേഹം തിരിച്ചുവന്നില്ലെന്ന് ബബിത ആരോപിച്ചു. അതേസമയം, നടന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. അന്വേഷണം നടത്തി വരികയാണ്.
പത്തനംതിട്ട : കേരളത്തിലെ 140 എംഎൽഎമാരുടെ പേരുകൾ സ്ഫുടതയോടെ നൊടിയിടയിൽ പറയുന്ന മലാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ് ഐയ്യർ ഐഎഎസ് യു.ആർ.എഫ് ദേശിയ റിക്കോർഡ് സമ്മാനിച്ചു.
യു.ആർ.എഫ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.റാന്നി എംഎൽഎ പ്രമോദ് നാരായണൻ അംഗികാര മുദ്ര സമ്മാനിച്ചു. യുആർഎഫ് – സിഇഒ സൗദീപ് ചാറ്റർജി(കൽക്കട്ട), ഇൻ്റർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, എന്നിവരടങ്ങിയ സമിതിയാണ് മലാലയെ ദേശിയ റിക്കാർഡിന് ശിപാർശ ചെയ്തത്.ചടങ്ങിൽ ജോൺ മാത്യം ചക്കിട്ടയിൽ, ജഹോണിയ തോമസ് മാത്യം, ലിജോ ഏബ്രഹാം ഫിലിപ്പ് എന്നിവർ സംബന്ധിച്ചു.
അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളായ മലാല ലില്ലി ഏബ്രഹാം (5) കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പാക്കിസ്ഥാനിലെ മലാലയുടെ ആരാധകയായ ശേബ ഗർഭിണിയായിരിക്കെ ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ ‘മലാല ‘യെന്ന് പേരിടുമെന്ന് ഇരുവരും ഉറപ്പിച്ചിരുന്നു.
മൂന്നര വയസ്സ് മുതൽ മലാല ബുദ്ധിവൈഭവം പ്രകടമാക്കി തുടങ്ങി. ലിജോ വായിച്ച ബൈബിളിലെ 23-ാം സങ്കീർത്തനം മകൾ കാണാതെ പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്. ബൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടു വരെയുള്ള അറുപത്താറ് പുസ്തകങ്ങളും ക്രമമായി ഇംഗ്ലീഷിലും മലയാളത്തിലുമായി കാണാതെ പറയും. കൂടാതെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങ ളുടെയും സംസ്ഥാനത്തെ 14 ജില്ലകളുടെയും പേരുകൾ ഇവൾക്ക് മന:പാഠമാണ്.25 ദിവസം മുൻപാണ് 140എംഎൽഎമാരുടെയും പേരുകൾ മകളുടെ ഉള്ളിൽ നിറ യ്ക്കണമെന്ന് മൗണ്ട് സിയോൻ മെഡിക്കൽ കോളജിലെ പിആർഒ ആയ ലിജോ തീരുമാനിച്ചത്.195 രാജ്യങ്ങളുടെയും പേരുകൾ , ഇന്ത്യയിലെ പ്രസിഡന്റ്മാർ, പ്രധാനമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ , ഗവർണ്ണർ എന്നിവരുടെ പേരുകൾ മലാല പഠിച്ചു തുടങ്ങിയിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കുന്ന സൂപ്പർതാരം മോഹൻലാലിന്റേയും ഭാര്യ സുചിത്രയുടേയും ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്. ഇതിനിടെ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വിവാഹചടങ്ങിലെ ചിത്രത്തിന് നേരം വലിയ വിമർശനം ഉയരുകയാണ്.
മാസ്‌ക് ധരിക്കാതെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിവാഹം എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലായും ചിത്രത്തിന് താഴെ ഉയർന്ന് വരുന്നത്. ‘സംഭവം രവി പിള്ള ആയാലും മോഹൻലാൽ ആയാലും കോവിഡ് പ്രോട്ടോക്കാൾ എല്ലാവർക്കും ബാധകമാണ്. ഈ കാലത്ത് പ്രവർത്തികളും മാതൃകാപരമാകണം’ എന്നാണ് ഒരു കമന്റ്.
‘എല്ലാം നന്നായിട്ടുണ്ട്. നിങ്ങളെപ്പോലെ ഒരാൾ കോവിഡ് പ്രോട്ടോക്കാൾ പാലിക്കാതെ നിൽക്കുന്നത് കാണുമ്പോൾ ഒരു ആരാധകനെന്ന നിലയിൽ ശരിക്കും നിരാശ തോന്നുന്നു. സെലിബ്രിറ്റിറ്റികൾക്കും മുതലാളികൾക്കും നിയമം ബാധകമല്ലെന്ന് വീണ്ടും ഓർമപ്പെടുത്തുന്നു’ എന്നതാണ് മറ്റൊരു കമന്റ്.
രവി പിള്ളയുടെ മകൻ ഗണേഷിന്റേയും അഞ്ജനയുടേയും വിവാഹത്തിന് ആശംസകൾ നേരാൻ മോഹൻലാലും ഭാര്യ സുചിത്രയും നേരിട്ടെത്തുകയായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. മോഹൻലാൽ അതിരാവിലെ തന്നെ എത്തി ക്ഷേത്ര ദർശനം നടത്തിയിരുന്നു.
വിവാഹത്തിന് ഗുരുവായൂര്‍ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കോവിഡ് വ്യാപനം നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികള്‍ക്ക് ദേവസ്വം അനുമതി നല്‍കിയതെന്നാണ് കോടതിയുടെ ചോദ്യം. മാത്രമസല്ല, ക്ഷേത്രത്തില്‍ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേര്‍ക്കാണ് അനുമതി.കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ വിവാഹങ്ങള്‍ നടക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്.
നടപ്പന്തലിലെ കട്ടൗട്ടുകളും ബോര്‍ഡുകളും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. എന്നാല്‍ മറ്റ് അലങ്കാരങ്ങള്‍ മാറ്റിയിട്ടില്ല. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു.
നടപ്പന്തലിലെ വിവാഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് ദേവസ്വമാണെന്നും കോടതി നിര്‍ദേശിച്ചു.
എന്നാല്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ഇവന്റ് മാനേജ്‌മെന്റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് ബോര്‍ഡുകളും മറ്റും വെച്ചതെന്നും ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കി.
ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ കങ്കണയുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി. തനിക്കെതിരേയുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹർജി കോടതി തള്ളി.
ബോളിവുഡിൽ പലരേയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്ന കങ്കണയുടെ പരാമർശത്തിന് എതിരെ 2020 ലാണ് ജാവേദ് അക്തർ പരാതി നൽകിയത്. കങ്കണയുടെ പരാമർശങ്ങൾ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തർ നൽകിയ പരാതിയിൽ പറയുന്നു.
ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. കങ്കണയ്ക്ക് എതിരെ അന്ധേരി മജിസ്‌ട്രേറ്റ് കോടതി കേസിൽ നടപടികൾ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതോടെ കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്തു. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.
കരിപ്പൂർ വിമാനദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തുമെന്ന് മന്ത്രി പ്രതികരിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദുരന്തത്തിൽ 21 പേർ മരിക്കുകയും 96 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 73 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ടെർമിനലിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി റൺവേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
നടിയെ കത്തിമുനയില്‍ നിര്‍ത്തി സിനിമയെ വെല്ലുന്ന മോഷണം. നടി അലംകൃത സാഹെയുടെ വീട്ടിലാണ് നട്ടുച്ചയ്ക്ക് ഞെട്ടിക്കുന്ന കവര്‍ച്ച നടന്നത്. താരത്തിന്റെ ഛത്തീസ്ഗഢിലെ വീട്ടില്‍ വച്ചാണ് സംഭവം. മോഷ്ടാക്കള്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും നടിയെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു.
കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ നടി മോഷ്ടാക്കളില്‍ നിന്ന് കുതറിയോടി മുറിയില്‍ കയറി വാതിലടച്ചു. എന്നാല്‍ സംഘത്തിലെ രണ്ടുപേര്‍ ബാല്‍ക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
വീണ്ടും താരത്തിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ അലംകൃത കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് നല്‍കി. കൂട്ടത്തിലൊരാള്‍ നടിയുടെ എടിഎം കാര്‍ഡ് എടുത്തുകൊണ്ടുപോയി 50000 രൂപ പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. നഗരത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അലംകൃത താമസിക്കാനെത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രണ്ട് ദിവസങ്ങളായി അവര്‍ ദൂരയാത്ര പോയിരിക്കുകയായിരുന്നു. അതിനിടെയാണ് പട്ടാപ്പകല്‍ മോഷണം അരങ്ങേറുന്നത്.
പതിമൂന്നുവയസ്സുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. മേല്‍പ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങളുടെയും ഷാഹിനയുടെയും മൂത്തമകള്‍ സഫ ഫാത്തിമയെ (13)യാണ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സമൂഹ മാധ്യമത്തിലെ ചാറ്റിങ് വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുള്ള വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.വീട്ടിനുള്ളിലെ മുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സമൂഹ മാധ്യമം വഴി പെണ്‍കുട്ടി നടത്തിയ ചാറ്റിങ് വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വിലക്കിയിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടി വിഷമത്തിലായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സഫ.