Latest News

നടൻ ബാല വിവാഹിതനായി.സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ഞായറാഴ്ച ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു.

വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു.

സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. പിന്നീട് വിവാഹവാർത്ത താരം തന്നെ സ്ഥിരീകരിച്ചിരുന്നു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്.

 

അർജന്റീനയുടെ കളിക്കാർ ക്വാറന്റീൻ പാലിച്ചില്ലെന്ന് ആരോപിച്ച് ബ്രസീൽ അധികൃതർ മത്സരം തടസപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീലിയൻ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിലേക്ക് ഇറങ്ങിയാണ് ലോകകപ്പ് യോഗ്യതാ മത്സരം തടസപ്പെടുത്തിയത്. ഇത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു.

ഞായറാഴ്ച രാത്രി നടന്ന ബ്രസീലും അർജന്റീനയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. അർജന്റീനയുടെ കളിക്കാരായ എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ അധികൃതരെത്തിയത്. എറെനേരം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മത്സരം ഉപേക്ഷിക്കാൻ ഫിഫ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ബ്രസീലിലെത്തിയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച നാല് അർജന്റീന കളിക്കാരോട് ക്വാറന്റീനിൽ കഴിയാൻ ബ്രസീലിന്റെ ആരോഗ്യ ഏജൻസി ഉത്തരവിട്ടിരുന്നു. ഇവരോട് എത് രാജ്യത്ത് നിന്നാണോ വന്നത് അവിടെക്ക് തന്നെ മടങ്ങാൻ ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. എന്നാൽ ഇവർ കളിക്കളത്തിലേക്ക് ഇറങ്ങിയതോടെ ബ്രസീലിയൻ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിലേക്ക് ഇറങ്ങി ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.

ആസ്റ്റൺ വില്ല കളിക്കാരായ മാർട്ടിനെസ്, ബ്യൂണ്ടിയ ടോട്ടൻഹാം കളിക്കാരായ ലോ സെൽസോ റൊമേറോ എന്നിവരാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്കായി കളിക്കാൻ ബ്രസീലിൽ എത്തിയത്.

അതേസമയം, അർജന്റീനയും അവരുടെ കളിക്കാരും ബ്രസീലിയൻ ഹെൽത്ത് പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട മത്സരം ബ്രസീൽ വിജയിച്ചതായി ഫിഫ പ്രഖ്യാപിക്കുകയും ചെയ്യും.

 

200 കോടിയുടെ തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടിയെ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.

തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന ലീന മരിയ പോളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.

കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര എന്നീ സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.

വസ്ത്ര വ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

മലയാള സിനിമാ ലോകത്ത് ഒരു കാലയളവിലെ ഭാഗ്യ ജോഡികൾ ആയിരുന്നു ഇരുവരും. പരസ്പരം പ്രണയിച്ച് വിവാഹം ചെയ്‌തെങ്കിലും നീണ്ട പതിനാറ് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷം വേർപിരിഞ്ഞവരാണ് ദിലീപും മഞ്ജു വാരിയരും. എന്നാൽ ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വേണ്ടി കാത്തിരിക്കുകയാണ് സിനിമാ ലോകം. മഞ്ജുവിന്റെ കൂടെ ഇനി ദിലീപ് അഭിനയിക്കുമോ എന്ന ചോദ്യത്തിന് വളരെ ഏറെ കാലം മുൻപ് ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചാ വിഷയമാകുന്നത്.

ഒരു സമയത്ത് മഞ്ജു നായികയായി എത്തുന്ന ഒരു സിനിമ വന്നാൽ ദിലീപ് നായകനാകുമോ എന്നായിരുന്നു അവതാരകൻ അഭിമുഖത്തിൽ ദിലീപിനോട് ചോദിച്ചത്. ’ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം’- ഇതായിരുന്നു ദിലീപ് അന്ന് പറഞ്ഞ മറുപടി.

ഇപ്പോൾ വീണ്ടും ഈ അഭിമുഖവും ദിലീപിന്റെ ഉത്തരവുമാണ് സംസാര വിഷയം ആയിരിക്കുന്നത്. എന്നാല്‍, ദിലീപിന്റെ കൂടെ ഇനി അഭിനയിക്കാന്‍ മഞ്ജുവിന് വലിയ താല്‍പര്യമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതെ പോലെ തന്നെ ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന ചോദ്യങ്ങളില്‍ നിന്ന് മഞ്ജു പല പ്രാവിശ്യം ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇങ്ങനെയുള്ള വിഷയങ്ങള്‍ സംസാരിക്കാന്‍ ഒട്ടും താത്പര്യമില്ലെന്ന് മഞ്ജു ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപ് ഇപ്പോൾ സിനിമകളിൽ അത്ര സജീവം അല്ലെങ്കിലും മഞ്ജു വാരിയർ വളരെ അധിക സജീവമായി നിൽക്കുന്നുണ്ട്. ഒരു പക്ഷെ രണ്ടാം വരവിൽ ഇത്രയധികം വിജയം കൈ വരിച്ച മറ്റൊരു നടി മലയാളത്തിൽ ഉണ്ടാവില്ല. ചതുർമുഖം ആണ് മഞ്ജുവിന്റെ ഏറ്റവുമൊടുവിൽ റിലീസായ ചിത്രം. കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും താരത്തിന്റെ ഫോട്ടോസ് എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ വീട്ടില്‍ കേന്ദ്രസംഘം എത്തി. മരിച്ച 12കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നിപ ബാധിച്ച് ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണിത്.

കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. ശേഷം കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങള്‍ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.

എല്ലാവരോടും കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചും തുടര്‍ന്ന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി.

അഫ്ഗാനില്‍ അധികാരം പിടിച്ചതോടെ താലിബാനില്‍ അധികാര തര്‍ക്കം രൂക്ഷമായി. പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ താലിബാന്‍ സഹ സ്ഥാപകനും പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്നയാളുമായ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.

പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമല്ല. ബരാദര്‍ ഇപ്പോള്‍ പാകിസ്ഥാനില്‍ ചികിത്സയിലാണ്. താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി നെറ്റ്വര്‍ക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീല്‍ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്.

അധിക്കാരത്തെച്ചൊല്ലിയാണ് ഇവര്‍ ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും ഹഖാനി നെറ്റ്വര്‍ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നല്‍കാന്‍ ബരാദറും ഒപ്പമുള്ളവരും തയ്യാറായില്ല. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയതെന്നാണ് സൂചന.

അഫ്ഗാന്റെ അധികാരം താലിബാന്‍ പിടിച്ചെടുത്ത് മൂന്നാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം നടന്നിരുന്നില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നിതിനു പിന്നില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആര്‍ക്ക് എന്ന കാര്യത്തിലുള്ള തര്‍ക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്റെ ഇടപെടലാണ് താലിബാന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാര വടംവലിക്കും ഏറ്റുമുട്ടലിനും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹഖാനി വിഭാഗവുമായി പാകിസ്ഥാന്‍ നല്ല ബന്ധത്തിലാണ്. അതിനാല്‍ തന്നെ സര്‍ക്കാരിലെ പ്രധാന സ്ഥാനങ്ങള്‍ ഹഖാനി വിഭാഗത്തിന് കിട്ടണമെന്ന് പാകിസ്ഥാന്‍ താല്‍പര്യപ്പെടുന്നു. ഇതിലൂടെ അഫ്ഗാനില്‍ തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കാനും ഹഖാനി വിഭാഗത്തെ കാശ്മീര്‍ പ്രശ്‌നത്തിലുള്‍പ്പടെ ഇന്ത്യക്കെതിരെ ഇടപെടീക്കാം എന്നുമാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍.

പാകിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയുമായി സഹകരിച്ച് ഹഖാനികള്‍ ഇന്ത്യയ്ക്കെതിരെ അഫ്ഗാന്‍ മണ്ണില്‍ മുന്‍പ് ഭീകരാക്രമണം നടത്തിയിട്ടുണ്ട്. 2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച് 58 പേരുടെ മരണത്തിനിടയായ സംഭവത്തിനു പിന്നില്‍ ഹഖാനികളാണ്.

2007 ല്‍ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതും ഹഖാനി നെറ്റ്വര്‍ക്കാണ്. കാര്‍ബോംബ് സ്ഫോടനങ്ങള്‍, വലിയ നാശം വിതയ്ക്കുന്ന ചാവേര്‍ ആക്രമണങ്ങള്‍ ഇവയെല്ലാം ഇന്ത്യയ്ക്കെതിരെ ഹഖാനി ഭീകരര്‍ നടത്തിയിട്ടുണ്ട്.

അതേസമയം ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പാക് അതേസമയം, ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പാക് ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദില്‍ നിന്നുള്ള ഉന്നത സംഘവുമായി കാബൂളിലെത്തിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ ക്ഷണപ്രകാരമാണ് ഹമീദ് കാബൂളിലെത്തിയതെന്നാണ് വിവരം.

ഹഖാനിയുടെ അധികാരം ഉറപ്പിക്കാന്‍ വേണ്ടിയാണ് പാകിസ്താനില്‍ നിന്ന് ഫൈസ് ഹമീദ് എത്തിയതെന്നാണ് മുന്‍ അഫ്ഗാന്‍ വനിതാ എംപിയായ മറിയം സൊലൈമാന്‍ ഖില്‍ ട്വീറ്റ് ചെയ്തു.

പ്രേംനസീറിന്റെ ഡ്യൂപ്പായി സാഹസിക വേഷങ്ങള്‍ ചെയ്ത ആലപ്പുഴ ചാത്തനാട് വെളിപ്പറമ്പില്‍ നസീര്‍ കോയ (എ കോയ-85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്‌നാം കോളനി’യാണ് അവസാന ചിത്രം.

നൂറുകണക്കിനു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രേംനസീറിനു സംഘട്ടനരംഗങ്ങളില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കുഞ്ചാക്കോയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്.

നസീറിക്ക എന്നാണു പ്രേംനസീര്‍ കോയയെ വിളിച്ചിരുന്നത്. ഭാര്യ പരേതയായ നസീമ, മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി.

യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്.

അതേസമയം 12 മുതൽ 15 വയസ്സുവരെയുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. ചെറുപ്പക്കാരുടെ കുത്തിവയ്പ്പിനെ പിന്തുണയ്ക്കുന്നതിനെതിരെ വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള സംയുക്ത സമിതി (JCVI) നിലപാടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കോവിഡ് 12 നും 15നുമിടയിൽ പ്രായമുള്ളവർക്ക് വളരെ കുറഞ്ഞ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. അതിനാൽ ആരോഗ്യപരമായ കാരണങ്ങളാൽ മാത്രം ഈ വിഭാഗക്കാരുടെ വാക്സിനേഷനെ പിന്തുണക്കില്ല എന്നാണ് JCVI നിലപാട്. അതേസമയം യുകെയിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ സ്കൂളുകളിലെ ആബ്സെൻസ് കു റയ്ക്ക്കാൻ ഈ നീക്കത്തിന് കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.

അതിനിടെ 2021 ആദ്യ പകുതിയിൽ പ്രതിദിനം ഏകദേശം 50 സ്റ്റോറുകൾ യുകെയിലുടനീളം അടച്ചുപൂട്ടിയതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ലോക്കൽ ഡാറ്റ കമ്പനിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീട്ടെയിൽ പാർക്കുകളിലും ഷോപ്പിംഗ് സെന്ററുകളിലുമെല്ലാമായി 8,739 ഔട്ട്‌ലെറ്റുകൾ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഇതേ കാലയളവിൽ 3,488 എണ്ണം പുതുതായി തുറക്കുകയും ചെയ്തിട്ടുണ്ട്. അതായത് 5,251 ഷോപ്പുകളാണ് ഈ കാലയളവിൽ കോവിഡ് പ്രതിസന്ധി നേരിടാനാവാതെ അടച്ചുപൂട്ടിയതെന്ന് ചുരുക്കം.

മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും കാര്യങ്ങള്‍ അറിയാനുള്ള താല്‍പര്യത്തെ കുറിച്ചും പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. മറ്റൊരു സൂപ്പര്‍ താരവും ചെയ്യാന്‍ ശ്രമിക്കാത്ത ചില കാര്യങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.

സിനിമയോട് വല്ലാത്ത പാഷനാണ് ആ മനുഷ്യന്. നമ്മുടെ സിനിമ പോലും അദ്ദേഹത്തിന് ബൈഹാര്‍ട്ട് ആണ്. താന്‍ നായാട്ട് എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, സിനിമയുടെ ഫുള്‍ ഡീറ്റെയ്ല്‍സ് പുള്ളി ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയി.

അങ്ങനെ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെ കുറിച്ച് അത് ഇറങ്ങും മുമ്പേ ഇങ്ങനെ മനസിലാക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ മമ്മൂക്ക അങ്ങനെയുള്ള ആളല്ല. സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള മമ്മൂക്കയുടെ താല്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് തന്നെ ഞെട്ടിച്ച ആ സംഭവം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

സിനിമയില്‍ എത്തുന്നതിന് മുമ്പേ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. കുഞ്ഞു നാളില്‍ ഉദയയുടെ സിനിമ അഭിനയിക്കാന്‍ വരുന്ന സമയത്ത് തന്നെ മമ്മൂക്കയെ നേരില്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ സംവിധാനം ചെയ്ത തീരം തേടുന്ന തിരയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത് എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിനും രോ​ഗലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും.

പ്രാഥമിക സമ്പർക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.

മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്.

മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി.

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തി. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി.

ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.

RECENT POSTS
Copyright © . All rights reserved