‘നാഗിൻ’ ടിവി പരമ്പരയിലൂടെ ശ്രദ്ധേയയായ നടി മൗനി റോയി(Mauni Roy) വിവാഹിതയാകുന്നു. മലയാളിയും ദുബായിലെ ബിസിനസുകാരനുമായ സൂരജ് നമ്പ്യാരാണ് മൗനി റോയിയുടെ കഴുത്തിൽ മിന്നുകെട്ടുന്നത്. ഇരുവരും രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. ദുബായിൽ ഇൻവെസ്റ്റ്മെന്‍റ് ബാങ്കറാണ് സൂരജ് നമ്പ്യാർ. ബംഗളുരുവിൽ ജനിച്ചു വളർന്ന സൂരജ് നമ്പ്യാർ പിന്നീട് ദുബായിലേക്ക്(Dubai) ചേക്കേറുകയായിരുന്നു.
മൗനിയുടെ ബന്ധുവായ വിദ്യുത് റോയ് സർക്കാർ ഒരു പ്രാദേശിക പത്രത്തിനോട് മൗനിയുടെ വിവാഹം ജനുവരിയിൽ നടക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം ദുബായിലോ ഇറ്റലിയിലോ വെച്ചായിരിക്കുമെന്നും സൂചനയുണ്ട്. കോവിഡ് കാലമായതിനാൽ തന്നെ ഇരു കൂട്ടരും തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേകം വിവാഹ സത്കാരം രണ്ട് ദിനങ്ങളിലായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
2022 ജനുവരിയിൽ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നടിയും അവതാരകയുമായ മന്ദിര ബേദിയുടെ വസതിയിൽവെച്ച് ഇരുവരുടെയും കുടുംബാംഗങ്ങൾ വിവാഹം കാര്യം തീരുമാനിച്ച് ഉറപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അറിയപ്പെടുന്ന നടിയും ഗായികയും കഥക് നർത്തകിയും മോഡലുമാണ് മൗനി റോയി. പ്രധാനമായും ഹിന്ദി സിനിമകളിലും സീരിയലുകളിലൂടെയുമാണ് അവർ പ്രശസ്തി നേടിയത്. 2007 ൽ സ്റ്റാർ പ്ലസിലെ ക്യൂങ്കി സാസ് ഭി കഭി ബഹു തി എന്ന പരമ്പരയിലെ കൃഷ്ണ തുളസിയുടെ വേഷത്തിലൂടെ അവർ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു.
മറ്റ് നിരവധി ഷോകളിൽ അഭിനയിച്ചതിനു ശേഷം, 2011 -ൽ സതിയായി അഭിനയിച്ച ഡെവോൺ കെ ദേവ് … മഹാദേവ് ഓൺ ലൈഫ് ഓകെ എന്ന ഷോയിലും അവർ തിളങ്ങി. സാര നാച്ച് ദിഖ (2008), പതി പത്നി വോ (2009), ലക് ദിഖ്ല ജാ 7 (2014), ബോക്സ് ക്രിക്കറ്റ് ലീഗ് 2 (2016), ലിപ് സിംഗ് എന്നീ ഷോകളിലും അവർ ഉണ്ടായിരുന്നു.
കളേഴ്സ് ടിവിയിലെ നാഗിൻ 1 (2015-16) എന്ന അമാനുഷിക ത്രില്ലറിലെ ആകൃതി മാറുന്ന സർപ്പമായ ശിവന്യയുടെ കഥാപാത്രത്തിലൂടെ മൗനി റോയ് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി മാറി. ഷോയുടെ രണ്ടാം ഭാഗമായ നാഗിൻ 2 (2016–17) ൽ, റോയി അതിഥി വേഷത്തിൽ ശിവന്യയുടെ വേഷം അവതരിപ്പിക്കുകയും ശിവാനിയയുടെ മകൾ ശിവാംഗിയുടെ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തു,
നാഗിനെ തുടർന്ന്, ബോളിവുഡിൽ നിന്ന് ഓഫറുകൾ ലഭിച്ചു, റീമ കാഗ്ടിയുടെ സ്പോർട്സ് ഡ്രാമ ഗോൾഡ് (2018) ൽ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു, നിർണായകവും വാണിജ്യപരവുമായ വിജയവും മികച്ച വനിതാ നവാഗത നാമനിർദ്ദേശത്തിനുള്ള ഫിലിം ഫെയർ അവാർഡും നേടി.
മൗനി റോയിയുടെ കരിയറിനെ കുറിച്ച് ഇത്ര വിസ്തരിച്ച് പറയുന്നത് എന്തിനാണെന്നായിരിക്കും കാരണമുണ്ട്. സിനിമയിലും മിനിസ്ക്രീനിലും തിളങ്ങുമ്പോഴും സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് മൗനി റോയി. മോഡലിങ് രംഗത്ത് സജീവമായതുകൊണ്ട് തന്നെ തന്‍റെ ആകർഷകമായ ചിത്രങ്ങൾ അവർ ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാമിലും മറ്റും ഷെയർ ചെയ്യാറുണ്ട്.
അമിതാഭ് ബച്ചനും രൺബീറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് മൗനി റോയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്ലാം മത വിശ്വാസികളുടെ പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ വരച്ച സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാർസ് വിൽക്സ് വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. സൗത്തേൺ സ്വീഡനിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഭീകരവാദികളുടെ ഭീഷണി മൂലം വർഷങ്ങളായി പൊലീസ് സംരക്ഷണയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ലാർസിനൊപ്പം സഞ്ചരിച്ച രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്.
2007 ലാണ് ലാർസ് വിവാദ കാർട്ടൂൺ വരച്ചത്. പട്ടിയുടെ ശരീരത്തിനു പ്രവാചകൻ നബിയുടെ തല വെച്ചായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂൺ. കാർട്ടൂണിന് പിന്നാലെ ഇദ്ദേഹത്തിന് നേരെ നിരന്തര വധ ഭീഷണികൾ വന്നിരുന്നു. സ്വീഡനിലെ സമാധാനാന്തരീക്ഷത്തെയും ഇത് ബാധിച്ചു. മുസ്ലിം രാജ്യങ്ങളിൽ നിന്നു വന്ന വിമർശനത്തിനു പിന്നാലെ അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഫ്രെഡ്രിക് റെയിൻഫെൽറ്റലിന് 22 മുസ്ലിം രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തി.
ഇറാഖിലെ അൽ ഖ്വയ്ദ് തീവ്രവാദ സംഘം ഇദ്ദേഹത്തെ കൊലപ്പെടുത്തുന്നവർക്ക് വൻ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. എങ്ങനെയാണ് വാഹനാപകടം ആസൂത്രിതമാണോയെന്ന് സ്വീഡിഷ് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
നാലു വർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ആര്യൻ ഖാൻ. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ചോദ്യം ചെയ്യലിലാണ് ആര്യന്റെ വെളിപ്പെടുത്തല്‍. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നെന്ന് ആര്യൻ എൻസിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ചോദ്യം ചെയ്യലിനിടെ ആര്യൻ ഖാൻ തുടർച്ചയായി കരഞ്ഞതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യൻ ഖാൻ പിതാവ് ഷാറുഖ് ഖാനുമായി ഫോണിൽ സംസാരിച്ചു. നിയമനടപടികളുടെ ഭാഗമായി ലാൻഡ് ഫോണിൽ നിന്ന് 2 മിനിറ്റ് സംസാരിച്ചതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
ഞായറാഴ്ച ആഡംബര കപ്പൽ കോർഡിലിയയിൽ എൻസിബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആര്യൻ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലായത്. ആര്യന്റെ സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡലും നടിയുമായ മുൺമുൺ ധമേച്ഛ, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു.
ഫാഷൻ ടിവി മാനേജിങ് ഡയറക്ടർ ഖാഷിഫ് ഖാന്റെ പങ്കാളിത്തത്തോടെയാണു കപ്പലിൽ ലഹരിവിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം. രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു. സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നുമാണ് ആര്യൻ അന്വേഷണസംഘത്തോടു പറഞ്ഞത്. എന്നാൽ, ആര്യൻ ഖാന്റെ വാട്സാപിൽ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ അന്വേഷണസംഘം കണ്ടെത്തി.
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി ആഷിഖ് ആണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് ആഷിഖ് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്വദേശിയായ 23 വയസ്സുള്ള യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.
പെണ്‍കുട്ടിയും ആഷിഖും സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രണയം അവസാനിപ്പിക്കാമെന്ന് യുവതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പെണ്‍കുട്ടി യു.കെയില്‍ ഉപരിപഠനത്തിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാനായി 1500 രൂപ നല്‍കിയത് ആഷിഖ് ആയിരുന്നു. എന്നാല്‍ യാത്രയ്ക്ക് ദിവസം അടുത്ത് വന്നതോടെ തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് യുവാവ് പ്രകോപിതനായത് എന്നാണ് വിവരം.
ഞായറാഴ്ച ഇരുവരും എരുമേലിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ തനിക്ക് പ്രണയം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തന്റെ ബൈക്കിന്റെ പിന്നില്‍ കയറാന്‍ ആഷിഖ് നിര്‍ബന്ധിച്ചുവെങ്കിലും യുവതി വഴങ്ങാതെ വീട്ടിലേക്ക് പോയി. പിന്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ശേഷം ആഷിഖ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിക്ക് കാര്യമായി പരിക്കുകളില്ലെന്നാണ് വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിറ്റ് കോയിൻ സ്വന്തമാക്കി ശതകോടീശ്വരനായ ഒർലാൻഡോ ബ്രാവോ. ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം ഗണ്യമായി വർദ്ധിക്കുമെന്നും അതിനാലാണ് താൻ ബിറ്റ് കോയിൻ സ്വന്തമാക്കുന്നതെന്നും ബ്രാവോ അഭിപ്രായപ്പെട്ടു. പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ തോമാ ബ്രാവോയുടെ സഹസ്ഥാപകനാണ് ഒർലാൻഡോ ബ്രാവോ. സെപ്തംബർ 29 -ലെ അദ്ദേഹത്തിന്റെ ആസ്തി 6.3 ബില്യൺ ഡോളർ ആണ്. ക്രിപ്റ്റോ ഒരു മികച്ച സംവിധാനമാണെന്നും യുവാക്കൾക്ക് അവരുടേതായ സാമ്പത്തിക സംവിധാനം സൃഷ്ടിക്കാൻ ക്രിപ്റ്റോ സഹായകമാകുന്നുവെന്നും അദ്ദേഹം സിഎൻബിസിയുടെ ഡെലിവറിംഗ് ആൽഫ കോൺഫറൻസിൽ പറഞ്ഞു. നിങ്ങൾ എന്തുകൊണ്ടാണ് ക്രിപ്റ്റോയെ ഇഷ്ടപ്പെടാത്തതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ബ്രാവോ സംസാരിച്ചു തുടങ്ങിയത്.

ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ക്രിപ്റ്റോ കറൻസിയ്ക്കില്ല. എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുണയ്ക്കുന്നത്. കൂടുതൽ ആളുകൾ ബിറ്റ് കോയിൻ കൈവശം വയ്ക്കാൻ തുടങ്ങുമെന്നതിനാൽ, കാലക്രമേണ മൂല്യം വർദ്ധിക്കുകയും കൂടുതൽ ഉപയോഗം ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. താൻ വ്യക്തിപരമായി ബിറ്റ് കോയിനിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

“എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമാണ്. ഇന്നത്തേതിനേക്കാൾ കൂടുതൽ ആളുകൾ ഭാവിയിൽ ക്രിപ്റ്റോയിലേക്ക് വരും. അത് കൂടുതൽ ലാഭം ലഭിക്കുന്നതിന് കാരണമാകും. ഗണ്യമായ വളർച്ച ഉണ്ടാവുന്ന മേഖലയാണിത്.” ബ്രാവോ കൂട്ടിച്ചേർത്തു. ജൂലൈയിൽ എഫ്ടിഎക്സ് ട്രേഡിംഗ് ലിമിറ്റഡിന്റെ ഒരു ഫണ്ടിംഗ് റൗണ്ടിൽ തോമസ് ബ്രാവോ പങ്കെടുത്തിരുന്നു.
ലൗഡ് സ്പീക്കര്‍ പരിപാടിക്ക് എതിരെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി രശ്മി അനിലും. സ്‌നേഹ ശ്രീകുമാറും രശ്മിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന പരിപാടിയാണ് ലൗഡ് സ്പീക്കര്‍. സിനിമാ താരങ്ങളായ ശ്രിന്ദ, എസ്തര്‍ എന്നിവരുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചതോടെയാണ് പരിപാടിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നത്. താനൊരിക്കലും ആരെയും വിമര്‍ശിച്ചിട്ടില്ല, ഷോയില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് വിമര്‍ശിച്ചത് എന്ന് രശ്മി പറയുന്നു.
രശ്മി അനിലിന്റെ കുറിപ്പ്:
രശ്മി അനില്‍ എന്ന ഞാന്‍ ഒരിക്കലും ഒരു വ്യക്തിയേയും വിമര്‍ശിക്കുകയോ അവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിലോ വേദിയിലോ ഇന്ന് വരെയും ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല. 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍. എന്റെ മകള്‍ ഏത് വസ്ത്രം ധരിക്കണം എന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാനവള്‍ക്ക് നല്‍കിയിട്ടുണ്ട്.
കുറച്ചു ദിവസങ്ങളായി ലൗഡ് സ്പീക്കര്‍ എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്‌നേഹയും അവതരിപ്പിക്കുന്നത്. തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവര്‍ക്ക് ഒന്നും ആകാന്‍ കഴിഞ്ഞിട്ടില്ല.താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമര്‍ശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും.
ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ഞങ്ങള്‍ അതില്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പുമൊക്കെയുള്ള ഈ കഥാപാത്രങ്ങള്‍ അങ്ങനെ സംസാരിക്കുമ്പോള്‍ അത് തിരുത്തി തരുന്നവരാണ് അതിലെ മറ്റ് കഥാപാത്രങ്ങളും ജമാലുമൊക്കെ.
അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശിക്കുന്നതും.എസ്തര്‍, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനിട്ട് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും ഫോട്ടോ ഷൂട്ടുകള്‍ താരങ്ങളുടെ പ്രോഫഷന്റെ ഭാഗമാണന്നും ആണ്.
പ്രോഗ്രാം മുഴുവന്‍ ആയി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും താരങ്ങളുടെ ഭാഗത്ത് നിന്നാണ് സംസാരിച്ചത് എന്ന്. വീഡിയോ പൂര്‍ണ്ണമായല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ ഒരിക്കലും രശ്മി എന്ന വ്യക്തി ആരെയും വിമര്‍ശിച്ചിട്ടില്ല, തങ്കു എന്ന കഥാപാത്രമാണ് അസൂയയോടെ ഇതിനെ നോക്കി കണ്ടത്. ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്.
ആര്യന്‍ ഖാന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെ സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍. ഇന്നലെ രാത്രിയോടെയാണ് സല്‍മാന്‍ ഷാരൂഖിനെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിയത്. മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് താരപുത്രനെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ചോദ്യം ചെയ്ത എട്ടു പേരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ആര്യന്‍ ഖാന്‍, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരാണ് എട്ടുപേര്‍.
എന്‍സിബി സംഘം യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറിയതായി റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എക്സ്റ്റസി, കൊക്കെയ്ന്‍, എംഡി (മെഫെഡ്രോണ്‍), ചരസ് തുടങ്ങിയ മരുന്നുകള്‍ കപ്പലില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ നിന്ന് കണ്ടെടുത്തതായി ഏജന്‍സി അറിയിച്ചു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കപ്പല്‍ മുംബൈയില്‍ നിന്ന് കടലില്‍ പോയതിന് ശേഷമാണ് പാര്‍ട്ടി ആരംഭിച്ചത്.
അതേസമയം, ആര്യ ഖാന് പിന്തുണയുമായി നടന്‍ സുനില്‍ ഷെട്ടിയും രംഗത്തെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊക്കെ അനുമാനങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കണം. അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരം നല്‍കണമെന്നാണ് സുനില്‍ ഷെട്ടി ആവശ്യപ്പെടുന്നത്.
പാലാ സെന്റ് തോമസ് കോളേജിലെ മരച്ചുവട്ടിൽ വെച്ച് ഇല്ലാതാക്കിയ അഭിഷേകിന്റെ ക്രൂരത കൃത്യമായ ആസൂത്രണമായിരുന്നെന്ന് പോലീസ്. വിദ്യാർഥിനി നിഥിനാമോളെ കൊലപ്പെടുത്താൻ സഹപാഠി അഭിഷേക് മുന്നൊരുക്കങ്ങൾ നടത്തിയെന്തിന് തെളിവുകൾ ലഭിച്ചു.
ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ആഴ്ചകൾക്കുമുമ്പേ പ്രതി വിവിധ സൈറ്റുകളിൽ തിരഞ്ഞെന്ന് പോലീസ് പറഞ്ഞു. ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതൽ വായിച്ചത്. എവിടെയുള്ള ഞരമ്പുകൾ മുറിച്ചാൽ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തിൽ എത്ര ഞരമ്പുകളുണ്ടന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളിൽ പരിശോധിച്ചതായി പോലീസ് പറഞ്ഞു.
കഴുത്ത് അറുത്താൽ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകൾ എന്നിവയും ഇയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു.
ഇതിനിടെ നിഥിന മോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് സുഹൃത്തിന്റെ പക്കൽ നിന്നും പോലീസ് മൊഴിയെടുത്തു. ഇതിൽ, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താൽ തൂക്കിക്കൊല്ലാൻ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പെട്ടന്നുണ്ടായ വികാരത്തിൽ ചെയ്തതാെണന്നും സ്വന്തം കൈമുറിച്ച് പെൺകുട്ടിയെ പേടിപ്പിക്കാൻ കത്തി കരുതിയതാണെന്നുമുള്ള പ്രതിയുടെ വാദം ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനാണെന്ന് പോലീസ് കരുതുന്നു.
കൊല്ലാനുപയോഗിച്ച പേപ്പർ കട്ടറിൽ പ്രതി മാറ്റങ്ങൾ വരുത്തിയെന്നും പോലീസ് പറഞ്ഞു. മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്ന് ഏതാനും ദിവസം മുമ്പ് വാങ്ങി സാധാരണ പേപ്പർ കട്ടറിലിട്ട് സജ്ജമാക്കി. ഈ കടയിൽ പ്രതിയെ എത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കും.
കണ്ണൂരില്‍ വീടിന്റെ സീലിങ് തകര്‍ന്നു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് കൊയിലി വീട്ടില്‍ വസന്ത (60) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വസന്തയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വീടിന്റെ സീലിങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരം അടക്കമുള്ളവ കൊണ്ട് നിര്‍മിച്ച വീടിന്റെ മച്ച് പാടെ തകര്‍ന്നു വീണ നിലയിലായിരുന്നു. മുകള്‍ ഭാഗം മുഴുവനായും താഴേക്ക് വീണു.
മുകള്‍ നിലയിലുണ്ടായിരുന്ന മുറികളിലെ മേശ, അലമാര, കട്ടില്‍ ഉള്‍പ്പെടെയുള്ളവ താഴത്തെ മുറിയില്‍ കിടന്നിരുന്ന വസന്തയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍, മുകളില്‍ കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീണു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഷിബുവിനെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
പിന്നീട് ഒരു കോണി വച്ച് ഷിബുവിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. വസന്തയെയും പുറത്തെടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടു. വീടിന് ഏതാണ്ട് 50 വര്‍ഷത്തെ പഴക്കമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഷാന്‍ പിടിയിലായത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ആറുവയസുകാരന്‍ അല്‍താഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍താഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നം സംബന്ധിച്ച കേസ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതുകൊണ്ട് മാത്രമാണ് അല്‍ത്താഫിന്റെ സഹോദരി രക്ഷപ്പട്ടത്. സമീപത്തെ ഒരു വീട്ടിലെത്തിയ പെണ്‍കുട്ടി മുഹമ്മദ് ഷാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരിച്ചു. എല്ലാവരേയും കൊന്നെന്നും സാക്ഷി പറയാതിരിക്കാന്‍ നിന്നേയും കൊല്ലുമെന്നും ഷാന്‍ പറഞ്ഞപ്പോഴാണ് രക്ഷപെട്ട് ഓടിയതെന്ന് കുട്ടി അയല്‍ക്കാരോട് വെളിപ്പെടുത്തി. പിന്നാലെയാണ് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.