Latest News

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മൃതശരീരത്തിന് മുകളിൽ ദേശീയ പതാകയെ മറച്ച് ബി.ജെപി പതാക പുതപിച്ച നടപടി വിവാദമായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ എന്ന് രാഹുൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ രക്തം ചിന്തി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും ചരിത്രവും ഖാദിയിൽ നെയ്യുന്ന ഓരോ ഇഴനൂലിലും ആരക്കാലിനിടയിൽ തെളിയുന്ന മൂവർണ്ണത്തിലുമുണ്ട്, ഇന്ത്യയെന്ന ദേശത്തിന്റെ സിംബോളിക് പ്രതിബിംബമാണ് ബ്രിട്ടന്റെ പഴയ ചങ്ങാതികൾ അപമാനിച്ചിരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

മരിച്ചവരോട് യുദ്ധമോ, അവരെ അപമാനിക്കുകയോ ചെയ്യരുതെന്നത് ഒരു ജനാധിപത്യ മര്യാദയാണ്. ആയതിനാൽ കല്യാൺ സിംഗിന്റെ മരണത്തിൽ അനുശോചനമറിയിക്കുന്നു.

1947 ആഗസ്ത് 14 ന് ഇന്ത്യ അനുഭവിച്ച രക്തരൂക്ഷിത വർഗീയ കലാപത്തിന്റെ വടുക്കൾ മാറി വികസനത്തിന്റെ പുതിയ വിഹായസ്സിലേക്ക് ഇന്ത്യ ചുവട് വെച്ചതിന് ശേഷം ഇന്ത്യയുടെ നെഞ്ചിൻ കൂട് പിളർന്നത് 1992 ഡിസംബർ 6 നായിരുന്നു, അന്ന് അതിന് വേണ്ടി തിരി തെളിച്ചുവെന്നതാണ് സംഘ പരിവാർ ചരിത്ര പുസ്തകത്തിൽ കല്യാണിന്റെ പേര് സ്വർണത്തിളക്കത്താൽ വിളങ്ങുന്നുണ്ടാവുക.

ബാല്യകൗമാരങ്ങൾ മുഴുവൻ സംഘപരിവാർ സ്കൂളിൽ പഠിച്ച ഒറ്റിന്റെയും, വിദ്വേഷത്തിന്റെയും പാഠങ്ങളെ യു.പി യിലെ മനുഷ്യരിലേക്ക് പകർന്നു നൽകിയ നേതാവെന്നാകും സത്യസന്ധമായി ചരിത്രത്തെ വിലയിരുത്തുമ്പോൾ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ രേഖപ്പെടുത്താനാവുക. അതിനോട് തികഞ്ഞ നീതി പുലർത്തിയ സമീപനമാണ് യോഗി ആദിത്യ തന്റെ ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ രക്തം ചിന്തി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമകളും ചരിത്രവും ഖാദി യിൽ നെയ്യുന്ന ഓരോ ഇഴനൂലിലും ആരക്കാലിനിടയിൽ തെളിയുന്ന മൂവർണ്ണത്തിലുമുണ്ട്, ഇന്ത്യയെന്ന ദേശത്തിന്റെ സിംബോളിക് പ്രതിബിംബമാണ് ബ്രിട്ടന്റെ പഴയ ചങ്ങാതികൾ അപമാനിച്ചിരിക്കുന്നത്.

പിംഗള വെങ്കയ്യ മനസ്സിൽ മാനവിക സ്നേഹമായിരുന്നു ത്രിവർണ്ണ പതാക നെയ്യുമ്പോൾ, എന്നാൽ ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടേയും ഹിംസാത്മക രാഷ്ട്രീയത്തെ നെഞ്ചേറ്റിയവർ നെയ്ത ധ്വജ കൊടിയും അതിന്റെ പ്രച്ഛന്നവും കപടവുമായ രാഷ്ട്രീയ രൂപമായ ബി.ജെ.പി പതാക ദേശീയ പതാകയുടെ ഏഴയലത്ത് വെക്കുക അസാധ്യമാണ്. ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ…

കല്യാൺ സിംഗിനെപ്പോലൊരു നേതാവിന് സംഘ് പരിവാർ സമുചിതമായ യാത്രയയപ്പാണ് നൽകിയിരിക്കുന്നത്, ഇന്ത്യയിലെ മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന ദേശീയ പതാകയെ മറച്ച് വിഭജനത്തിന്റെ മതിലുയർത്തുന്ന ബി.ജെപി പതാക പുതപിച്ചതിലൂടെ…

 

മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ‘ചേര’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിവാദമാകുന്നു. നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്നു ചിത്രം സംവിധാനം ചെയ്യുന്നത് ലിജിന്‍ ജോസ് ആണ്. സംവിധായകനും നിമിഷയ്ക്കും റോഷനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

പോസ്റ്റര്‍ പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കും എന്ന ചിലര്‍ പറയുന്നു. ”പടം ഇറങ്ങുന്നതിനു മുന്‍പ് തന്നെ ജന ശ്രദ്ധ മാക്‌സിമം പിടിച്ചുപറ്റനുള്ള പുതിയ രീതി കൊള്ളാം, ഇത് നോക്കി നില്‍ക്കാന്‍ ആവില്ല, മലയാള സിനിമയിലെ താലിബാനിസം അവസാനിപ്പിക്കണം”, ”ഈ സിനിമ ഇറക്കാന്‍ ഒരിക്കലും അനുവദിക്കില്ല” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

”കര്‍ത്താവിനെ വിറ്റും കാശു വാങ്ങുന്ന ക്രിസ്ത്യാനി’..മാര്‍ക്കറ്റ് തന്ത്രം അതും’ ഈശോയുടെയും ദൈവമാതാവിന്റെയും ചിത്രം വച്ച്… നന്മയാണെന്ന് വരുത്തി തീര്‍ത്ത് വിവാദം ഉണ്ടാക്കി പടം വിജയിപ്പിക്കുന്ന തന്ത്രം.. യുദാസ് യേശുവിനെ ഒറ്റിയത് കാശിനായിരുന്നു. കാശ് അവനെ രക്ഷിച്ചില്ല. അവന്റെ നാശം തൂങ്ങി മരണമായിരുന്നു.. തിന്മയുടെ ആധിപത്യം നിങ്ങളുടെ കുടുംബത്തിന്റെ തലമുറയുടെ നാശത്തിന് കാരണമാകും… അത് കാലം തെളിയിക്കും…” എന്നാണ് മറ്റൊരാളുടെ കമന്റ്.

ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. ലൈന്‍ ഓഫ് കളേഴ്‌സ് ആണ് നിര്‍മ്മാണം. നജീം കോയയുടേതാണ് തിരക്കഥ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു. അജോയ് ജോസ് ആണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ക്യാമറയും ഫ്രാന്‍സീസ് ലൂയിസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പോസ്റ്റര്‍ പങ്കുവച്ച കുഞ്ചാക്കോ ബോബനും എതിരെയും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം.

”കുഞ്ചാക്കോ ബോബന്റെയും പിന്തുണ സിനിമക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച് കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നു… എന്തിനാണ് മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്??? തരംതാണ് അന്നം കഴിക്കണോ, തമ്പുരാന്‍ പൊറുക്കട്ടേന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുന്നു” എന്നാണ് ഒരാളുടെ കമന്റ്.

”മിസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങളായി അച്ഛന്മാരെയും കൂദശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണ്…. കള്ളകടത്തും മലദ്വാരം വഴിയും വരുന്ന കോടികള്‍ മേടിച്ചു നക്കുമ്പോള്‍ നീയൊക്കെ ഒന്നോര്‍ത്തോളൂ, നാളെ നിന്റെ ഒക്കെ അണ്ണാക്കില്‍ വെച്ച് പൊട്ടിക്കാന്‍ സാധനം ആയിട്ട് താലിബാന്‍ മോഡല്‍ വരും…” എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.

”അല്ല ചാക്കോച്ചന്‍,, നിങ്ങള്‍ സിനിമാക്കാര്‍ക്ക് മര്യാദ എന്നൊരു സാധനം ഇല്ലാതയോ…… അതോ അഹങ്കാരം കൂടിയത് കൊണ്ടാണോ….? ആദ്യം ഒരു പേര് ആരുന്നു…..അത് ഒരു പേര് മാത്രം അല്ലേ എന്നോര്‍ത്തു സമാധാനിച്ചു……..??അതിന്റെ പ്രശനങ്ങള്‍ കഴിയുന്നതിനു മുന്നേ അടുത്തത്…….ഇങ്ങനെ കുറെ ആള്‍ക്കാരുടെ വിശ്വാസതെ അപമാനിച്ചിട്ട് അവരുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടാലെ നിങ്ങള്‍ക്കൊക്കെ ഉറക്കം വരു എന്നായോ ഇപ്പൊ….??അതോ അവരൊക്കെ പരസ്പരം ഈ പേര് പറഞ്ഞു തമ്മില്‍ തല്ലി ചാവന്‍ നോക്കി ഇരിക്കുവാണോ……?” എന്നും ചിലര്‍ ചോദിക്കുന്നു.

ഫ്രൈഡേ ഫിലിം ഹൗസില്‍ നടന്ന തിരിമറിയാണ് നടനും സഹനിര്‍മ്മാതാവുമായിരുന്ന വിജയ് ബാബുവുമായി പ്രശ്നമുണ്ടാകാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. സിനിമയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്വത്ത് തര്‍ക്കങ്ങളുണ്ടായിട്ടില്ല. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ് എന്ന് സാന്ദ്ര പറയുന്നു.

പക്ഷെ, ആശുപത്രിയില്‍ എത്തുമ്പോഴാണ് മാന്‍ഹാന്‍ഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവര്‍ കൊടുത്തതും താന്‍ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പോയതും താന്‍ അറിഞ്ഞില്ല. പെട്ടെന്ന് ആകെ പരിഭ്രമിച്ചുപോയി. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്റ്റൊക്കയിട്ടു.

ആളുകള്‍ പുറത്തു വിചാരിക്കുന്നതുപോലെ ഒരു പ്രശ്നമല്ലായിരുന്നു തങ്ങള്‍ തമ്മിലുണ്ടായിരുന്നത്. തന്നെ സംബന്ധിച്ചിടത്തോളം തന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. തന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ സഹിക്കാന്‍ പറ്റോ? താന്‍ മുഖം നോക്കാതെ നടപടിയെടുത്തു. അത് വിജയിക്ക് വേദനയുണ്ടാക്കി.

ആ വിഷയത്തിന് ശേഷം സിനിമ തന്നെ വേണ്ട എന്നായി. താന്‍ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. സിനിമയേ വേണ്ട എന്ന് താന്‍ പറഞ്ഞു. അപ്പോഴേക്ക് ശരിക്കും മടുത്തു. ആറ് വര്‍ഷം കൊണ്ട് 60 വര്‍ഷത്തെ ജീവിതാനുഭവമാണ് സിനിമ തന്നിരിക്കുന്നത് എന്നും സാന്ദ്ര പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

അരീക്കോട് ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ കാട്ടിലേക്ക് കയറിപ്പോയ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചിൽ നാട്ടുകാർ താൽക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിക്കാതെ വന്നതോടെ സംഭവത്തിൽ ദുരൂഹത ഉറപ്പിക്കുകയാണ് പോലീസ്.

ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്താൻ ഊർക്കടവിലെത്തിയത്. ഡോഗ് സ്‌ക്വാഡും തെരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ വനത്തിൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തിൽ ദുരൂഹത ഉറപ്പിക്കുന്നത്.

തുടർച്ചയായ ഏഴ് ദിവസം സൗഹാന് വേണ്ടിയുളള തെരച്ചിൽ വീടിന്റെ പരിസരത്തും വീടിനോട് ചേർന്ന വനപ്രദേശത്തും നടത്തിയിരുന്ന നാട്ടുകാർ ഒടുവിൽ ഒരു തുമ്പും ലഭിക്കാതെയായതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. കാടിറങ്ങി വന്ന കുരങ്ങിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി കാട്ടിലേക്ക് കയറി പോയത്.

അന്നേദിവസം രാവിലെ വീടിനോട് ചേർന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാൾ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിർത്തിയിടുകയും രാത്രിയിൽ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.

പാലായിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട ഗർഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സിനേഷൻ ആകാമെന്ന് വിവാദ റിപ്പോർട്ട്. പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ടാണ് വലിയ ചർച്ചയാകുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തെ തുടർന്നാണ് ആശുപത്രിയുടെ വിവാദ റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ ഉണ്ട്. പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ ആശുപത്രിയാണ് റിപ്പോർട്ട് നൽകിയത്.

ഈ മാസം ആറിനായിരുന്നു മഹിമ വാക്‌സിൻ സ്വീകരിച്ചത്. നാല് ദിവസത്തിന് ശേഷം കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അവശ നിലയിലായതിനെ തുടർന്ന് മഹിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, വിവാദമായ റിപ്പോർട്ടിന്റെ പേരിൽ ആശുപത്രിക്കെതിരെ
ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. ആശുപത്രിയുടെ ചികിത്സയിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ യുവതിയുടെ ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. വിമാനം  ഇന്ന്  രാവിലെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെയാണ് വിമാനം റദ്ദാക്കിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

കുട്ടികളും രോഗികളും പ്രായമായവരും അടക്കം 150-ലധികം യാത്രക്കാരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ ഹോട്ടലിലേക്ക്  മാറ്റി.

വിമാനം വൈകിയത് സംബന്ധിച്ച് എയര്‍ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നല്‍കിയിരുന്നില്ല. മുംബൈയില്‍ നിന്നടക്കമുള്ള വിദഗ്ധ സംഘമെത്തി തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളു.

18-ാം തീയതിയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്ന് തവണയാണ് പ്രത്യേക സര്‍വീസ്.

ബ്രാംപ്റ്റൺ/ആലപ്പുഴ:ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 11-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു.

പുരുഷൻമാരുടെ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തും എത്തി. വനിത വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയൻ ലയൺസ് രണ്ടാം സ്ഥാനത്തും എത്തിയതായി ബ്രാംപ്റ്റൺ മലയാളി സമാജം പ്രസിഡൻ്റും കനേഡിയൻ നെഹ്റു ട്രോഫി സമിതി ചെയർമാൻ കൂടിയായ കുര്യൻ പ്രക്കാനം പറഞ്ഞു. ജലരാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുമ്പോഴും ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവ കാലം കേരളത്തിൽ കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം കാണികൾക്ക് ആവേശം പകർന്നതായും ഇരുപതിലധികം ടീമുകൾ പങ്കെടുത്തതായും ഓവർസീസ് മീഡിയ ടീം ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

രാവിലെ 10ന് കനേഡിയൻ നെഹ്റു ട്രോഫി സമിതി ജലോത്സവ ചെയർമാൻ കുര്യൻ പ്രക്കാനം ഇന്ത്യയുടെ ദേശിയ പതാക ജലോത്സവ വേദിയിൽ ഉയർത്തിയതോടെ ഒന്റേരിയോയിലെ പ്രൊഫസേഴ്‌സ് ലെയിക്കിൽ മത്സരത്തിന് തുടക്കമായി, ഒരു ഉത്സവ പ്രതിച്ഛായ പകർന്നു. ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത്‌ അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമായിരുന്നു. വിവിധ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന കനേഡിയൻ, അമേരിക്കൻ ടീമുകൾ വരെ മത്സരത്തിൽ അണിനിരന്നു.പ്രവാസി മലയാളി ലോകത്തു തന്നെ നടന്ന ഏറ്റവും വലിയ മത്സരമായി തീർന്നിരിക്കുന്നു. ലോക കേരള സഭാംഗമായ കുര്യൻ പ്രക്കാനമാണ് ബ്രാംപ്ടൻ ബോട്ട് റേസിൻ്റെ സ്ഥാപക പ്രസിഡന്റ്. കുര്യൻ പ്രക്കാനം, ഗോപകുമാര്‍ നായര്‍,സണ്ണി കുന്നംപള്ളി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മിറ്റി നേതൃത്വം നല്കി.

മന്ത്രി സർക്കാരിയ എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര, എംപിപി അമർ ജോത്ത് സന്ദു,മേയർ പാട്രിക്ക് ബ്രൗൺ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

ജലോത്സവത്തിന് മുന്നോടിയായി പത്മശ്രീ എം.എ യൂസഫലി വിർച്ച്വൽ ഫ്ലാഗ് ചെയ്ത പതാക ദുബൈയിൽ നിന്നും എത്തിച്ച് പതാക പ്രയാണവും നടന്നു.

റ്റിജി തോമസ്

ചിങ്ങത്തിന്റെ പ്രസരിപ്പും തെളിമയുമായിരുന്നു എവിടെയും, ഞങ്ങളുടെ മനസ്സ് പോലെ. നിലാവ് പോലെ വെയിൽ, പിന്നെ കുളിർകാറ്റിന്റെ അവാച്യത.

ഞങ്ങൾ മേഘങ്ങളെപ്പോലെ ഒഴുകി സഞ്ചരിച്ചു…..

മനോഹര സ്വപ്നങ്ങളുടെ ആനന്ദമാധുരി ആവോളം ആസ്വദിക്കുന്ന ഭാവത്തിൽ ഓരോ നിമിഷവും ഞങ്ങൾ സ്പർശിച്ചു. ഓരോ നിമിഷത്തെയും ഭാഗിക്കണമെന്നും ഓരോ ചെറിയ അംശത്തിലും ജീവിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു .

വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ സ്വീകരണമുറിയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം അവൾ സംസാരിക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ ഇടയിലെ അനേകം മൈലുകളുടെ ദൈർഘ്യം തരണം ചെയ്യാൻ ഒരിക്കലും സാധിക്കില്ലെന്ന് ഞങ്ങൾ കരുതിയിരുന്നു. ഒപ്പം ജീവിതത്തിലൊരിക്കലും കണ്ടുമുട്ടില്ലെന്നും എനിക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. ഒരു അപരിചിതന്റെ ഭാവത്തിൽ , കുട്ടിയുടെ അറിവില്ലായ്മ പോലെ നിശബ്ദനായി നിൽക്കുന്ന എന്നെ നോക്കി അവൾ ചിരിച്ചു .ഒപ്പം അച്ഛനും അമ്മയും .എല്ലാം എല്ലാം തന്നെ എന്നെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ മനസ്സിലായെങ്കിലും അറിവില്ലായ്മകൾ കൂടികലർത്തപ്പെട്ട അവ്യക്തതയുടെ ഒരു പ്രത്യേക അവസ്ഥയിലേക്ക് എത്തിപ്പെടുന്നതായി എനിക്ക് തോന്നി.

അവൾ എൻറെ കയ്യിൽ പിടിച്ചു .അച്ഛൻറെയും അമ്മയുടെയും അനുഗ്രഹത്തിന്റെയും അനുവാദത്തിന്റെയും ധ്വനിയിലുള്ള മന്ദഹാസത്തിന്റെ മദ്ധ്യേ ഞങ്ങൾ പുറത്തേക്കു നടന്നു .

അങ്ങനെ ഞങ്ങൾ മേഘങ്ങളെപോലെ ഒഴുകി സഞ്ചരിച്ചു.

യാത്രയിലുടനീളം ഞാൻ സംസാരിച്ചത് എനിക്ക് അവളോടുള്ള സ്നേഹത്തെക്കുറിച്ചായിരുന്നു.

ഒരുകാലത്ത് അവളോട് എന്ത് സംസാരിക്കണമെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ എനിക്ക് കണക്കറ്റ വിഷയങ്ങളുണ്ടായിരുന്നു. പക്ഷേ ,അവളോട് സംസാരിക്കാൻ എനിക്ക് പരിമിതങ്ങളായ വിഷയങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നെക്കുറിച്ച് അവളെക്കുറിച്ച് പിന്നെ ഞങ്ങൾക്ക് മാത്രമായി കിട്ടിയ നിമിഷങ്ങളെക്കുറിച്ച്. അത്രമാത്രം……

അവളുടെ ചുണ്ടുകൾ മന്ദഹാസം കൊണ്ട് നിറഞ്ഞിരുന്നു. കൈവിട്ടുപോകുന്ന പോകുന്ന ഒരു സ്വപ്നം പോലെ ഞാൻ അവളെ ചേർത്തുപിടിച്ചു .അവളുടെ മുടിയുടെ കോന്തലുകൾ എൻറെ ചുമലിൽ കാറ്റത്ത് പറന്നിരുന്നു…..

യാത്ര എന്തോ പ്രത്യേകതകളുടെ സങ്കലനയായിരുന്നു. അനുഭൂതികളുടെ സങ്കലനം .…..

മഞ്ഞ് ഞങ്ങളുടെ പാതയിലേക്ക് അരിച്ചരിച്ചെത്തി .തണുപ്പ് തീവ്രമായ അനുരാഗം പോലെ ശരീരത്തെ പൊതിഞ്ഞു.

” ഇതു രാത്രിയാണോ പകലാണോ ?”

ഞാൻ ചോദിച്ചു.

“ആവോ ”

“ചന്ദ്രൻ?” ഞാൻ പറഞ്ഞു.

“എന്തിനാ ഇങ്ങനെ ചിന്തക്കണെ. കൊച്ചുകുട്ടികളെപ്പോലെ ചന്ദ്രനെ നോക്ക്യേ….. കടലാസ് പറ്റിച്ചതുപോലെ….. നമ്മൾക്ക് രണ്ടു കുഞ്ഞുഞ്ഞികളാകാം …..”

എനിക്ക് അത് സമ്മതമായിരുന്നു. ഏതോ ഒരു അറിവിൻറെ കണിക എന്റെ ഉള്ളിൽ മിന്നിമറഞ്ഞു.

” എന്റെ കുഞ്ഞൂഞ്ഞി …..”

ഞാൻ വിളിച്ചു .

അവൾ ചിരിച്ചുകൊണ്ട് വിളികേട്ടു. അവൾ കൈചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി . കുന്നിൻറെ മുകളിൽ നിലാവിൽ ( അതോ വെയിലിലോ) തിളങ്ങി നിൽക്കുന്ന മനോഹരമായ ഒരു ദേവാലയം . ആ നിമിഷത്തിൽ അവിടെ പൊന്തി വന്നതുപോലെ.

പെട്ടെന്ന് അവളോടുള്ള സ്നേഹത്താൽ ഞാൻ വീർപ്പുമുട്ടി.

അവളുടെ കൈപിടിച്ച് ഞാൻ ദേവാലയത്തിലേക്ക് ഓടി….. നിലാവിൽ പലതരം പൂക്കളുടെ മദ്ധ്യേ ഒരു കൊച്ചു ദേവാലയം. ചുവരുകളിൽ നിലാവു തട്ടി ശോഭിക്കുന്നു.

അങ്ങനെ ഒരു ദേവാലയം ഇതിന് മുമ്പ് ഒരിക്കലും കണ്ടിരുന്നില്ല. ദേവാലയത്തിന്റെ പ്രധാന കവാടം വഴി അകത്തു കടന്നു .

ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന പഴയ ക്ലോക്ക് മണി അടിച്ചു….. ഏതോ സമയം.

വിജനത. ദേവാലയത്തിൽ രണ്ട് വ്യക്തികൾ മാത്രം. പരസ്പരം സ്നേഹിക്കുന്നവർ…. പുറത്തുള്ള ലോകം ഏതോ വിദൂരതയിൽ അങ്ങകലെ.

ദേവാലയത്തിന്റെ പ്രകാശമാനമായ, വിജനമായ അവസ്ഥയിൽ ഇനി ഒട്ടുനേരം ജീവിക്കണമെന്നും, ഒളിച്ചേ പാത്തേ, അക്ക്, കല്ലു കൊത്തിക്കളി, ഞൊട്ടിപ്പിടുത്തം മുതലായ അനേകം കുഞ്ഞൂഞ്ഞിക്കളികൾ കളിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ , അവ്യക്തമായ ലക്ഷ്യപ്രാപ്തി ഞങ്ങളെ മുന്നോട്ട് നയിച്ചു.

ദേവാലയത്തിൽ നിന്ന് പുറത്തേക്ക്… പിന്നെ സ്വപ്ന സാദൃശ്യമായ താഴ്വാരം…. ഞങ്ങൾ മുന്നോട്ട് നീങ്ങി.

” നമ്മൾക്ക് ജീവിക്കണം….”

അപ്പോൾ ഒരു ചെറു മന്ദഹാസത്തിനിടയിൽ അവൾ ചുണ്ടനക്കി.

” എന്നുവരെ….?”

പെട്ടെന്ന് ഒരു ഉത്തരം എനിക്ക് അപ്രാവ്യമായിരുന്നു. സമയത്തെക്കുറിച്ച് കാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു….

“അങ്ങുവരെ…”

അത്രമാത്രം പറഞ്ഞ് ഞാൻ അവളുടെ കവിളിൽ ചുംബിച്ചു. ആ നിമിഷം അവളുടെ സാമീപ്യം എൻറെ മനസ്സിൽ സുഖമുള്ള ലേപനമായി പടർന്നു.

കടന്നുപോയ നിമിഷങ്ങളുടെ നഷ്ടബോധം വരാനിരിക്കുന്നവയുടെ ലാഭത്തിൽ കിഴിച്ച് കണക്കുകൂട്ടുമ്പോൾ അവൾ മൊഴിഞ്ഞു.

മുന്നോട്ട് …

സാധാരണത്വത്തിൻെറ ചരടിൽ യുക്തി തരം തിരിക്കുമ്പോൾ അവൾ വിലക്കി.

“ചിന്തകൾ പുറകിലേക്ക് നയിക്കാൻ പാടില്ല.. അവയുടെ ബാഹുല്യത്തിൽ എന്തിന് ഇന്നിനെ നമ്മളെ ….മറക്കണം ….”

അവളുടെ അറിവിൻറെ പ്രകാശത്തിൽ എൻറെ വേദനകൾ ആകുന്നു …ദീപ്തമായ അനുഭൂതിയായി പ്രകാശമായി അവൾ എൻറെ മനസ്സിൽ നിറഞ്ഞു .

പാത ഒരു ഗുഹയിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ അമ്പരന്നില്ല. കാരണം ഗുഹയുടെ അങ്ങേ കവാടത്തിൽ വിരിഞ്ഞ പൂക്കളുടെ മനോഹാരിതയും ഇളംകാറ്റിൻെറ നിർവൃതിയും അത്ര ശക്തമായി ഉണ്ടായിരുന്നു.

മുന്നേറവേ ഇരുട്ടിൻെറയും വായുവിൻെറയും കട്ടി ഏറിവന്നു .ഗുഹയുടെ ഉള്ള് പരന്ന് ഇടുങ്ങി. കൈകൾ കൊരുത്ത് നീങ്ങവേ ഞങ്ങളുടെ കാലുകളെ തഴുകി ഒഴുകുന്ന ജലം പകർന്ന കുളിർമയുടെ നൈമിഷിക അനുഭൂതിയും അടുത്ത നിമിഷം പ്രയാണത്തിൻെറ ദുഷ്‌കരതയും മിന്നായം പോലെ മനസ്സിൽ കടന്നു കൂടി. ഗുഹയിൽ വരമ്പുകൾ ഉള്ളതായും, അവ ഓരോന്നും പിന്തിരിപ്പിക്കണതും ഞങ്ങൾ അറിഞ്ഞു.

വരമ്പുകൾക്കിടയിലൂടെ ഇഴഞ്ഞ് മുന്നോട്ട് നീങ്ങവേ അവളുടെ കണ്ണുകളിലെ പ്രകാശവും, നിശ്വാസത്തിൻറെ ഊഷ്മളതയും എനിക്ക് ആശ്വാസമായി.

ഇരുട്ടിൻെറയും ഒഴുകി എത്തുന്ന ജലത്തിൻെറയും വരമ്പുകളുടെയും മധ്യേ പ്രയാണത്തിൻെറ അവ്യക്തത ഞങ്ങളെ പിൻതുടർന്നു .

ഏതോ ഇച്‌ഛാഭംഗത്തിൻെറ മുറിവുകളുമായി ഞങ്ങൾക്ക് എതിരെ മന്ദമാരുതൻ വീഴ്ത്തി വീശിയെത്തി. അടുത്ത വരമ്പുകൾക്കിടയിലൂടെ നൂർന്ന് കയറാൻ ലക്ഷ്യം വയ്ക്കവേ ബോധത്തിൻെറ വിലക്കിൽ ഞാൻ പിൻവാങ്ങാൻ തീരുമാനിച്ചു.

എൻറെ ബോധം അവളെ തേടിച്ചെന്നു. ഞാൻ പിൻതിരിഞ്ഞ നിമിഷം തന്നെ അവളും പിൻതിരിഞ്ഞു. ഇടുങ്ങിയ വരമ്പുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് മുന്നോട്ടും പിന്നോട്ടും ഇല്ലാത്ത സന്ദിഗ്ദ്ധാവസ്ഥയിൽ ശ്വാസത്തിനായി ബദ്ധപ്പെട്ട് ഞാൻ അവളെ തിരഞ്ഞു. ബോധത്തിൻെറ അന്യതയിൽ വരമ്പുകൾക്ക് അപ്പുറത്ത് അവൾ എത്തിച്ചേർന്നിരുന്നു….

അവസാന ശ്വാസത്തിൻെറ ഊർജ്ജവും പേറി ഞാൻ വിളിച്ചു…

” എൻറെ പെണ്ണെ…..”

വരമ്പുകളിൽ തട്ടി ഒഴുകുന്ന ജലത്തിൻറെ ആരവത്തിൽ എൻറെ വിളി അലിഞ്ഞ് ഇല്ലാതായി.

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]

ശോശാമ്മ ജേക്കബ്

അഞ്ചു കൊല്ലത്തെ വിദേശജീവിതത്തിൽ നിന്നും ഒരു ഇടവേള വേണമെന്ന് തോന്നിതുടങ്ങിയപ്പോഴാണ് ഞാൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്. എന്തോ ഒരുതരം മരുവിപ്പ് അനുഭവപ്പെട്ട് തുടങ്ങിയപ്പോഴേ നാട്ടിലുള്ള വീടും സുഹൃത്തുക്കളും മനസ്സിൽ ഓടിയെത്തി…

എന്ത് ചെയ്താലും ഒന്നും പൂർണമാവാത്തതുപോലെ ഒരു തോന്നൽ. പിന്നെ രണ്ടാമത് ഒന്ന് ആലോചിക്കാൻ നിന്നില്ല എത്രെയും വേഗം നാട്ടിൽ വരണം എന്നായി… മൂന്ന് മാസത്തെ അവധിക്ക് എത്തിയതാണ്. പറയാൻ തക്ക ബന്ധുക്കളും, ബന്ധങ്ങളും ഇല്ല എങ്കിലും നാട്ടിൽ എനിക്കുവേണ്ടി ഒരു വീട് ഉണ്ട്…

അങ്ങോട്ടേക്ക് ചെന്നാൽ ആകാംഷയോടെ കാത്തിരിക്കുന്ന കണ്ണുകൾ ഇല്ല, നിറഞ്ഞ സ്നേഹത്തോടെ കെട്ടിപിടിക്കാനും ആരുമില്ല പക്ഷെ ആ വീട്ടിലേക്ക് ചെന്ന് കയറിയാൽ ആരൊക്കെയോ ഇപ്പോഴും അവിടെയുള്ള ഒരു പ്രതീതി ആണ്. ഒറ്റയ്ക്കാണ് എന്നൊരു തോന്നൽ ഉണ്ടാവുന്നില്ല. അമ്മാവൻ ആവുന്നത്ര വന്ന് വിളിക്കും നാട്ടിൽ വരുമ്പോ അമ്മാവന്റെയും കുടുംബത്തിന്റെയും ഒപ്പം ചെന്ന് നില്ക്കാൻ വേണ്ടി… ആ വീട് നിറയെ ആളും ബഹളവുമാണ്. എപ്പോഴും ഉണർന്നിരിക്കുന്ന വീട്…

അത്തരമൊരു പരിസരം എന്നെ സംബന്ധിച്ചിടത്തോളം വല്ലാതെ വീർപ്പുമുട്ടിക്കുന്നതാണ്. ആളും ബഹളവും സ്നേഹാന്വേഷണങ്ങളും ഒരു സമയം കഴിഞ്ഞാൽ എന്നെ മടുപ്പിക്കും. എല്ലാവരെയും ഒന്നിച്ചു കാണുന്നത് ഇഷ്ടമാണ് പക്ഷെ അധികം നേരം അവിടെ നിൽക്കാൻ എനിക്ക് കഴിയില്ല. ഇവിടെ വീട്ടിൽ ആവുമ്പോ കൂടെ ആരെങ്കിലുമൊക്കെ ഉള്ള ഒരു പ്രതീതി കിട്ടും, സമാധാനം ഉണ്ട്…എന്റെ മനസ്സിലെ തോന്നൽ ആവുകകൊണ്ട് ആരും ചോദ്യങ്ങൾ ചോദിച്ചു എന്നെ മടുപ്പിക്കില്ല. ആരുടെയൊക്കെയോ ഒപ്പം താമസിക്കുന്ന ഒരു അനുഭവം കിട്ടിയാൽ മതി അതിനപ്പുറം ഒന്നും വേണ്ട എന്നാണ് എനിക്ക്.

പഴയ സുഹൃത്തുക്കളെ ഇത്തവണ കാണണം എന്നുണ്ടായി.ലക്ഷ്മിയും, ഭദ്രയും, ബാലുവും ഞങ്ങൾ ഡിഗ്രി കാലയളവിൽ ഒരുമിച്ചു ആയിരുന്നു. ലക്ഷ്മിയും കുടുംബവും,ബാലുവും അമ്മയും ഞാൻ നാട്ടിലെത്തി എന്ന് അറിയിച്ചപ്പോഴേ വീട്ടിലേക്ക് വന്നു. ഭദ്ര വിവാഹശേഷം ഡൽഹിക്ക് പോയി ഓണം, ക്രിസ്മസ് ഒക്കെ ആയാൽ ഭർത്താവിനൊപ്പം നാട്ടിലേക്ക് വരും. ബാലുവിന്റെ വിവാഹം ഏകദേശം എല്ലാം ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. ബാലുവിന്റെ അമ്മ ഫോൺ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചോദ്യം ഇത്തവണ നേരിട്ട് ചോദിച്ചു “എത്ര കാലം ഇങ്ങനെ ഒറ്റയ്ക്കു അവിടെയും ഇവിടെയുമായി മാറി മാറി നിൽക്കും? ഒരു ജീവിതം വേണ്ടേ കുഞ്ഞേ നിനക്കും?”

എന്തായിപ്പോ ഒരു തുണ ഇല്ലെങ്കിൽ ജീവിതം ഇല്ലേ? ഞാൻ അമ്മയോട് മറുപടി പറഞ്ഞു “ഒറ്റയ്ക്കാണ് എന്നെനിക്ക് തോന്നിയിട്ടില്ല അമ്മേ… ഇടയ്ക്ക് ഒരു വിരസത തോന്നുമ്പോ ഞാൻ ഇവിടേക്ക് വരണുണ്ടല്ലോ അതൊക്കെ മതി.. ഇതാണ് എനിക്ക് സന്തോഷം ”

പിന്നീടൊന്നും അമ്മ ചോദിച്ചില്ല ബാലുവും എന്നോട് അതേപറ്റി ഒന്നും ചോദിക്കാറില്ല… എന്റെ മറുപടി ബാലുവിനും, ലക്ഷ്മിക്കും, ഭദ്രക്കും ഒക്കെ അറിയാം എനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചു എന്നെ അവർ ബുദ്ധിമുട്ടിക്കാറില്ല. കൂടെ ഒരാൾ വേണം എന്നൊരു തോന്നലും ഇഷ്ടവുമൊക്കെ ഒരു കാലത്ത് എനിക്കുണ്ടായിരുന്നു. സേതു…

സേതുവിനൊപ്പം ഒരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു. വിവാഹം അമ്മാവനും ബന്ധുക്കളും ഉറപ്പിച്ചിരുന്നതുമാണ്… പരസ്പരമുള്ള ഇഷ്ടങ്ങൾക്കുമപ്പുറം വിവാഹത്തിന് മുൻപ് എനിക്കൊരു വില നിശ്ചയിക്കാൻ സേതുവിന്റെ കുടുംബം ഒരുങ്ങിയപ്പോഴാണ് ഞാൻ എതിർത്തത്. “കൊടുക്കൽ വാങ്ങലുകൾ ഒന്നുമില്ലാതെ എങ്ങനെ ഒരു പെങ്കൊച്ചിനെ പറഞ്ഞയക്കുക “ഈ ഒരു വാചകം എന്തുകൊണ്ടോ എനിക്ക് രസിച്ചില്ല.എന്റെ എതിർപ്പ് സേതു പിന്തുണച്ചില്ല. വീട്ടുകാരുടെ തീരുമാനമാണ് തനിക്കും എന്ന നിലപാടിലായിരുന്നു സേതു. പിന്നീടൊരു ചോദ്യത്തിന് ഞാനും നിന്ന് കൊടുത്തില്ല..പതിയെ നാട്ടിൽ നിൽക്കാൻ ഇഷ്ടം കുറഞ്ഞുവന്നു. ഉപരിപഠനത്തിനായി നാട്ടിൽ നിന്നും മാറി ഒരിടം വേണമെന്ന് ആഗ്രഹം വന്നപ്പോഴാണ് യു എസിലേക്ക് പോന്നത്. സ്വന്തമായി ഒരു നിലനിൽപ്പ് ആയതിൽ പിന്നെ കിട്ടാതെപോയതിനെ ഓർത്തു ഞാൻ വിഷമിച്ചിട്ടില്ല. നഷ്ടപ്പെട്ടതിനെ ഓർത്തു ഓരോ ദിവസവും തള്ളിനീക്കിയ കാലം എനിക്കുണ്ടായിരുന്നു. ഇന്നോർക്കുമ്പോ അതൊക്കെ എന്റെ ജീവിതത്തിലെ ഓരോ പാഠങ്ങൾ ആണ് .നിബന്ധനകൾ ഇല്ലാത്ത സ്നേഹം നമുക്ക് നമ്മളോട് തന്നെയാണ് വേണ്ടത്…. കൂടുതൽ മനോഹരമായി ജീവിക്കുവാൻ അത് തന്നെ ധാരാളം.

മൂന്ന് മാസം മൂന്ന് ദിവസം എന്നപോലെ കടന്നുപോയി…. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കുവാനുണ്ട് പോകുന്ന വഴിയിൽ തളർച്ച തോന്നാതിരിക്കുവാൻ ഇടയ്ക്കൊക്കെ ഇത്തരമൊരു മടങ്ങിവരവ്വ് എന്തുകൊണ്ടും നല്ലതാണ്… എന്നിലേക്ക് തന്നെയുള്ള ഇത്തരം യാത്രകളാണ് എന്റെ ജീവിതോർജ്ജവും.

ശോശാമ്മ ജേക്കബ്

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം,
തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ കഴിവ് തെളിയിച്ചു വരുന്നു

ആദില ഹുസൈൻ

ഞാൻ ചെ, ഫാഷനിൽ വിളിക്കാൻ വേണ്ടി അനുമോൾ തന്ന പേരാണ്,
പേര് കേട്ടിട്ട് മറ്റേതോ രാജ്യക്കാരിയാണെന്നൊന്നും കരുതല്ലേ, കേരളത്തിൽ പിറന്ന നല്ലൊന്നാന്തരം മലയാളിയാണ് കേട്ടോ,
മുഴോൻ പേര് ചേക്കുട്ടി
ചേക്കുട്ടിപ്പാവ ഫ്രം ചേന്ദമംഗലം,
ചെറിനെ അതിജീവിച്ച കുട്ടി തന്നെ.
ചരിത്രവും ഭൂമിശാസ്ത്രവും സംസ്കൃതിയുമൊക്കെ ഇഴുക്കിച്ചേർത്തു പറഞ്ഞാൽ അതിജീവനത്തിന്റെ അടയാളം. പ്രളയ ബാക്കിയായ കൈത്തറി സാരികളിൽ നിന്നും അങ്ങേയറ്റം കരുതലോടെ മുറിച്ചെടുത്തു തുന്നിയതാണെന്നെ. നവ കേരളം പടുത്തുയർത്താൻ ജാതിമതഭേദമന്യേ കേരളീയർ കൈകോർത്തപ്പോൾ പിറന്നവളാണ് ഞാൻ.

ഈ കഥയൊക്കെ പറയുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലാട്ടോ ഞാനിപ്പോ. ന്നുവെച്ചാൽ പുരാനി ദില്ലിയിൽ അനുക്കുട്ടിയോടൊപ്പം പ്രവേശന പരീക്ഷ എഴുതാൻ വന്നതാ ഞാൻ.

അനുക്കുട്ടിയുടെ അടുത്ത് ഞാൻ എത്തിയതെങ്ങനെ എന്നൊന്നും എനിക്കറിയില്ല ട്ടോ. ഒരീസം കണ്ണുതുറന്നപ്പോൾ പല വർണ്ണ നൂലുകൾ തുന്നിയ ഒരു തുണി ബാഗിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു എന്നെ. പ്രളയം പോയിട്ട് ഒന്നൂടെ വന്നു, കൊറോണ വന്നു പിന്നേം വന്നു ഒന്നൂടെ വ ന്നു അപ്പോഴെല്ലാം ഞാൻ അനൂന്റെ മുറീൽ തന്നെ.
ഏകാന്തവാസമൊന്നും അല്ലാട്ടോ അനുകുട്ടി മിടുമിടുക്കിയാ പാട്ടും കവിതയും ചിത്രംവരയും വായനയുമൊക്കെയായി രണ്ടു കൊല്ലത്തിനടുത്ത് അവളെ കണ്ടിരിക്കാൻ തന്നെയായിരുന്നു എനിക്കേറ്റവും ഇഷ്ടം. ആളിന് കുന്നോളം സ്വപ്നങ്ങൾ ആന്നേ,പുറത്തു പോയി പഠിക്കണം കുറെ എഴുതണം പ്രസംഗിക്കണം പ്രതികരിക്കണം ന്നൊക്കെ. എനിക്കും ആളുടെ കൂടെ കൂടി ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ ആയി. ലോകം കാണണമെന്നാണ് എന്റെ ഏറ്റോം വല്യ സ്വപ്നം.
അങ്ങനെ വീണു കിട്ടിയതാണ് ദില്ലി യാത്ര. ആളുടെ ബാഗിൽ തൂങ്ങിക്കിടന്ന് ട്രെയിനിലെ എന്തോരം മനുഷ്യരെയാ ഞാൻ കണ്ടതെന്നോ.
അനുക്കുട്ടി തനി കിലുക്കാം പെട്ടി എത്ര പേരോടാ വർത്താനം പറയുന്നത്. എനിക്കണേൽ എല്ലാ ഭാഷയും മനസ്സിലാവുന്നുമുണ്ട്. അത് എനിക്ക് തന്നെ പുതിയ ഒരു അറിവായിരുന്നു കേട്ടോ.

രണ്ടു ദിവസത്തെ യാത്രയ്ക്കൊടുവിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ എത്തി. പുറത്തു കടന്നപ്പോൾ അല്ലേ തമാശ. ഓട്ടോറിക്ഷക്കാരും ടാക്സി മാമൻ മാരും എല്ലാരൂടെ ഓടിവന്നൊരു പൊതിയലാ. 100 റുപ്യെന്റെ ഓട്ടത്തിന് 400ഉം 500ഉം ചോദിക്കുന്നത് മാത്രമല്ല എന്തൊക്കെ നട്ടാൽ കുരുക്കാത്ത നൊണകളാ പറഞ്ഞതെന്ന് അറിയോ. ഡൽഹിയിൽ വെള്ളപ്പൊക്കം ആണത്രേ!ന്നിട്ട് മുട്ടുവരെ പാന്റ് തെറുത്തുവെച്ച് കാണിച്ചുതരുന്നു. അതും ആരോടാ? ഈ ചേക്കുട്ടിപ്പാവ യോട് (യ്യോ അല്ല അനുക്കുട്ടിയോട് )
പിന്നെ പറയണ ഞായറാഴ്ച മെട്രോ ഓടൂല്ലെന്ന് അതും നട്ടുച്ച നട്രാനും വെയിലത്ത്. എന്റെ മാമൻമാരെ ഡൽഹി മെട്രോ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 6 മണി മുതൽ 11 വരെ ണ്ട്ന്ന് ആർക്കാണ് അറിയാൻ മേലാത്തത്.

ദേ ഒരു കാര്യം പറഞ്ഞരാം, ഞാൻ അധികം പുറത്തൊന്നും പോയിട്ടല്ല എന്നാലും എല്ലാ സാധാരണക്കാരായ യാത്രക്കാരും അറിയേണ്ടതാ. മുൻപരിചയമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പാടെ കാണുന്ന ഓട്ടോ-ടാക്സി മാമന്മാരെ ഒറ്റയടിക്ക് വിശ്വസിക്കല്ലേ. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കിട്ടണ വണ്ടി പിടിക്കാൻ നോക്കിക്കോ ഇല്ലേൽ നല്ലോം പറ്റിക്കപ്പെടുവേ.

എന്തായാലും അനുവും കൂട്ടുകാരും കുറച്ചു മാറി ഓട്ടോ പിടിച്ചു അതുകൊണ്ട് അധികം പൈസ ചെലവായതുമില്ല.

അങ്ങനെ അനുവിന് പരീക്ഷയ്ക്ക് കൂട്ടു പോയും,ഹുമയൂൺ ടോമ്പും, ജമാ മസ്ജിദും,ലോട്ടസ് ടെമ്പിളും, ലോധി ഗാർഡനുമൊക്കെ കണ്ടും,മെട്രോ, ഫട് ഫട്,സൈക്കിൾ റിക്ഷാ,സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ബസുകളിലും ഇ റിക്ഷയിലുമൊക്കെ കയറിയിറങ്ങി നടക്കുമ്പോഴാണ് , രാജ്യതലസ്ഥാനത്തിന്റെ മറ്റൊരു മുഖം ശ്രദ്ധയിൽപ്പെട്ടത്. തലചായ്ക്കാൻ വീടില്ലാതെ ഉടുത്തു മാറാൻ മറുതുണിയില്ലാതെ കരിപുരണ്ട ദേഹവും ഒടുങ്ങാത്ത വിശപ്പുമുള്ള, പുഴുക്കൾ നുരക്കുന്ന ഗട്ടറിലെ വെള്ളം പോലും ഇരുമ്പ് പാട്ടയിൽ കോരിയെടുത്ത് കുടിക്കുന്ന കുഞ്ഞുങ്ങൾ, മെട്രോ പാതയുടെ ചുവട്ടിൽ കിടന്നുറങ്ങുന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആധാറില്ലാത്ത റേഷൻകാർഡിൽ ഇല്ലാത്ത മനുഷ്യർ. അവർ അനാഥരാണ്.
ഞാനോ ?

ഇനി ഞാൻ എങ്ങനെയാണ് അനുവിന് ഒപ്പം തിരിച്ചു പോവുക, സമാധാനമായി ഉറങ്ങുന്നത് .
എന്റെ അജ്ഞതയുടെ പുതപ്പ് കീറി, അത് നൽകുന്ന സുരക്ഷ ഇനി എനിക്കില്ല.
മടങ്ങി പോകേണ്ടെന്ന് തീരുമാനിച്ചു. അവളോട് യാത്ര ചോദിക്കുന്നില്ല. ബാഗിൽ നിന്ന് പിടിവിട്ട് നേരെ താഴെ അഴുക്കുചാലുകൾ നിറഞ്ഞ ഗല്ലിയിലേക്ക്.
അതിജീവനത്തിന്റെ മറ്റൊരു ചേക്കുട്ടി യുടെ കഥ ഇവിടെ തുടങ്ങുന്നു.

ആദില ഹുസൈൻ

കായംകുളം സ്വദേശിയാണ്, തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബി എ , ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ.
ആദില ഹുസൈന്റെ കവിതകൾ എന്ന കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
വിവർത്തനം, കഥ, കവിത, ആസ്വാദനം, വിമർശനം, അധ്യാപനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. സമകാലികങ്ങളിൽ എഴുതാറുണ്ട്.

RECENT POSTS
Copyright © . All rights reserved