ക്രൂയിസ് കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് വീഡിയോ കോളിലൂടെ മാതാപിതാക്കളായ ഷാരൂഖ് ഖാനുമായും ഗൗരി ഖാനുമായും സംസാരിച്ചു. ഷാരൂഖ് ഖാന്‍ മണി ഓര്‍ഡറായി അയച്ച 4,500 രൂപ ആര്യന് ലഭിച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുപത്തി മൂന്നുകാരനായ ആര്യന്‍ ഖാന്‍. മുംബൈ തീരത്തുണ്ടായിരുന്ന ആഡംബരക്കപ്പലില്‍നിന്ന് മൂന്നാം തിയതിയാണ് ആര്യന്‍ ഖാനെയും സുഹൃത്ത് അബ്ബാസ് മര്‍ച്ചന്റിനെയും മോഡല്‍ മുന്‍മും ധമേച്ചയെയും ഉള്‍പ്പെടെയുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തത്.
”കോവിഡ് -19 മാനദണ്ഡങ്ങള്‍ കാരണം കുടുംബാംഗങ്ങളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച സാധ്യമല്ലാത്തതിനാല്‍, വിചാരണത്തടവുകാര്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീഡിയോ കോളിലൂടെ ബന്ധുക്കളോട് സംസാരിക്കാന്‍ അനുവാദമുണ്ട്. അതനുസരിച്ച്, ഓഡിയോ വിഷ്വല്‍ സൗകര്യം വഴി മാതാപിതാക്കളായ ഷാരൂഖ് ഖാനോടും ഗൗരി ഖാനോടും സംസാരിക്കാന്‍ ആര്യന്‍ ഖാനെ അനുവദിച്ചു,” ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടു മൂന്ന് ദിവസം മുമ്പാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ തയാറാക്കിയ ഭക്ഷണമാണ് ആര്യന് നല്‍കുന്നതെന്നും പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയിലിലെ ഭക്ഷണം മികച്ചതും ആവശ്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയില്‍ വളപ്പിലെ കാന്റീനില്‍നിന്ന് ആവശ്യമുള്ള കാര്യങ്ങള്‍ വാങ്ങാന്‍ ആര്യന് കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഷാരൂഖ് ഖാന്‍ മണി ഓര്‍ഡറായി അയച്ച 4,500 രൂപ തിങ്കളാഴ്ച ആര്യനു ലഭിച്ചു. ജയിലേക്കു മാറ്റിയതിനെത്തുടര്‍ന്ന് ആര്യനു വിചാരണത്തടവുകാര്‍ക്കുള്ള തിരിച്ചറില്‍ സംഖ്യ നല്‍കിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആര്യന്‍ ഖാന്റെയും മറ്റു രണ്ടുപേരുടെയും ജാമ്യാപേക്ഷകള്‍ വിധി പറയാനായി പ്രത്യേക കോടതി ഇരുപതിലേക്കു മാറ്റിയിരിക്കുകയാണ്. അതുവരെ ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും. കേസില്‍ അറസ്റ്റിലായ മറ്റ് അഞ്ചുപേരും ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഇവരെ ആര്‍തര്‍ റോഡ് ജയിലിലെ ജനറല്‍ ബാരക്കിലേക്കു മാറ്റിയതായി മറ്റൊരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഇത്തവണ 30 സിനിമകളാണ് (movies) അവാര്‍ഡിനായി അന്തിമ പട്ടികയിലുള്ളത്. നടി സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് ഇത്തവണ നടക്കുന്നത്.
ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനു മത്സരിക്കാന്‍ പ്രധാനമായുമുള്ളത്. നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരും രംഗത്തുണ്ട്. അന്തരിച്ച നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവര്‍ക്കും പുരസ്‌കാര സാധ്യതയുണ്ട്.
വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്.
സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടാം റൗണ്ടിലേക്കു നിര്‍ദേശിക്കുന്ന ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്.
പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടിക ചുവടെ:
വെള്ളം (പ്രജേഷ് സെന്‍) കൃതി (സുരേഷ്) മതിലുകള്‍: ലൗ ഇന്‍ ദ് ടൈം ഓഫ് കൊറോണ (അന്‍വര്‍ അബ്ദുള്ള) താഹിറ (സിദ്ദിഖ് പറവൂര്‍) ഭാരതപ്പുഴ (മണിലാല്‍) ചായം പൂശുന്നവര്‍ (സിദ്ധിഖ് പറവൂര്‍) ഇന്‍ഷ (കെ.വി.സിജുമോന്‍) സാജന്‍ ബേക്കറി സിന്‍സ് 1962 (അരുണ്‍ അപ്പുക്കുട്ടന്‍) അക്വേറിയം (ടി.ദീപേഷ്) പ്യാലി (ബബിത മാത്യു, എ.എക്‌സ്. റിന്‍മോന്‍) ഫാര്‍ (പ്രവീണ്‍ പീറ്റര്‍) ഏക് ദിന്‍ (വിഷ്ണു) കാസിമിന്റെ കടല്‍ (ശ്യാമപ്രസാദ്) മുന്ന (സുരേന്ദ്രന്‍ കലൂര്‍) തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ) കാക്കത്തുരുത്ത് (ഷാജി പാണ്ഡവത്ത്) ബൊണാമി (ടോണി സുകുമാര്‍) എയ്റ്റീന്‍ പ്ലസ് (മിഥുന്‍ ജ്യോതി) അഞ്ചാം പാതിര (മിഥുന്‍ മാനുവല്‍ തോമസ്) അയ്യപ്പനും കോശിയും (സച്ചിദാനന്ദന്‍) വാങ്ക് (കാവ്യ പ്രകാശ്) സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ) പക (നിതിന്‍ ലൂക്കോസ്) ഐസ് ഓരത്ത് (അഖില്‍ കാവുങ്കല്‍)
ഒരിലത്തണലില്‍ (അശോക് ആര്‍.നാഥ്) ലൗ (ഖാലിദ് റഹ്‌മാന്‍) കുഞ്ഞെല്‍ദോ (അരുണ്‍ മാത്യു) രണ്ടാം നാള്‍ (സീനത്ത്) ഉടമ്പടി (സുരേഷ് പി. തോമസ്) സ്വപ്നങ്ങള്‍ പൂക്കുന്ന കാട് (സോഹന്‍ ലാല്‍) വേലുക്കാക്ക ഒപ്പ് കാ (അശോക് കുമാര്‍) എന്നിവര്‍ (സിദ്ധാര്‍ഥ് ശിവ) ടോള്‍ ഫ്രീ 1600 600 60 (കെ.ബി.സജീവ്) ദിശ (വി.സി.ജോസ്) ഓറഞ്ച് മരങ്ങളുടെ വീട് (ഡോ.ബിജു) കാന്തി (അശോക് ആര്‍.നാഥ്) സണ്ണി (രഞ്ജിത്ത് ശങ്കര്‍) ട്രാന്‍സ് (അന്‍വര്‍ റഷീദ്) കപ്പേള (മുഹമ്മദ് മുസ്തഫ) ദി മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ആറ്റ്‌ലി) പായ്- ദ മാറ്റ് (ശ്രീലജ മുകുന്ദകുമാരന്‍) ആണ്ടാള്‍ (ഷെറീഫ് ഈസ) ലെയ്ക (ആസാദ് ശിവരാമന്‍) വര്‍ത്തമാനം (സിദ്ധാര്‍ഥ് ശിവ) ഖോ ഖോ (രാഹുല്‍ റിജി നായര്‍) ലൗ എഫ് എം (ശ്രീദേവ് കാപ്പൂര്‍) ഭൂമിയിലെ മനോഹര സ്വകാര്യം (ഷൈജു അന്തിക്കാട്) ഒരുത്തി (വി.കെ.പ്രകാശ്)
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (എല്‍.പി.ശംഭു) വെളുത്ത മധുരം (ജിജു ഒരപ്പാടി) വെയില്‍ (ശരത് മേനോന്‍) ചോര വീണ മണ്ണില്‍ (മുറിയാട് സുരേന്ദ്രന്‍) 1956 മധ്യതിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ) മോപ്പാള (സന്തോഷ് പുതുക്കുന്ന്) ഇന്‍ലന്‍ഡ് (എസ്.കെ. ശ്രീജിത് ലാല്‍) ഫോര്‍ത്ത് റിവര്‍ (ആര്‍.കെ.ഡ്രീം വെസ്റ്റ്) ഹലാല്‍ ലവ് സ്റ്റോറി (സക്കറിയ മുഹമ്മദ്) ലാല്‍ ബാഗ് (പ്രശാന്ത് മുരളി) വരനെ ആവശ്യമുണ്ട് (അനൂപ് സത്യന്‍) ഫൊറന്‍സിക് (അഖില്‍ പോള്‍, അനസ്ഖാന്‍) പെര്‍ഫ്യൂം-ഹെര്‍ ഫ്രാഗ്രന്‍സ് (പി. ഹരിദാസന്‍) ഈലം (വിനോദ് കൃഷ്ണ) ആര്‍ട്ടിക്കിള്‍ 21(എല്‍.യു.ലെനിന്‍) ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ (ജിയോ ബേബി) സൂഫിയും സുജാതയും (ഷാനവാസ് നാലകത്ത്) മൈ ഡിയര്‍ മച്ചാന്‍സ് (ദിലീപ് നാരായണ്‍) ഡിവോഴ്‌സ് (ഐ.ജി.മിനി) ആണും പെണ്ണും (വേണു, ജയ് കെ.,ആഷിക് അബു)
അബ്രഹാം യാക്കൂബിന്റെ 137 ഒഡീഷനുകള്‍ (അനൂപ് നാരായണന്‍) പച്ചത്തപ്പ് (എസ്.അനുകുമാര്‍) സീ യൂ സൂണ്‍ (മഹേഷ് നാരായണന്‍) മാലിക് (മഹേഷ് നാരായണന്‍) ഉരിയാട്ട് (കെ.ഭുവനചന്ദ്രന്‍ നായര്‍) ഇരുള്‍ (നസീഫ് ഇസുദീന്‍) കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് (ജിയോ ബേബി) എല്‍മര്‍ (ഗോപി കുറ്റിക്കോല്‍) ദ് കുങ്ഫു മാസ്റ്റര്‍ (എബ്രിഡ് ഷൈന്‍) വൂള്‍ഫ് (ഷാജി അസീസ്) ജ്വാലാമുഖി (ഹരികുമാര്‍) കയറ്റം (സനല്‍കുമാര്‍ ശശിധരന്‍).
തൊടുപുഴ: വിജയദശമി ദിവസം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി ജെ ജോസഫ്. പുറപ്പുഴ പഞ്ചായത്തിലും തൊടുപുഴയുമുള്ള നിരവധിപേരാണ് തങ്ങളുടെ കുഞ്ഞുങ്ങളെയുമായി പി ജെ ജോസഫിന്റെ ഭവനത്തിലെത്തിയത്.
നിറ ചിരിയോടെയാണ് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും മുൻ വിദ്യഭ്യാസ മന്ത്രി പി.ജെ.ജോസഫ് സ്വീകരിച്ചത്.തുടർന്ന് കുഞ്ഞുങ്ങളെ മൂർദ്ദാവിൽ കൈ വച്ച് അനുഗ്രഹിച്ചപ്പോൾ മാതാപിതാക്കൾക്കും എന്തെന്നില്ലാത്ത സന്തോഷമായി. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ്റെ മകൻ മാത്യുവിന് ആദ്യാക്ഷരം കുറിച്ചപ്പോൾ പി ജെ ജോസഫിന്റെ മുഖത്തും സന്തോഷം അലയടിച്ചു.
കൊച്ചി:ബി ജെ പി മണ്ഡലം വൈസ് പ്രസിഡൻ്റും നഗരസഭ ഡിവിഷൻ 62 (എറണാകുളം സൗത്ത്) കൗൺസിലർ തത്തംപള്ളി കുടുബാംഗം മിനി ആർ.മേനോൻ (43) നിര്യാതയായി. ഇന്ന് വെള്ളിയാഴ്ച രാവിലെ10.30 മുതൽ വാര്യം റോഡിലെ കൗൺസിലർ ഓഫീസിൽ പൊതു ദർശനത്തിന് വെച്ച ശേഷം സംസ്ക്കാരം ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് രവിപുരം ശ്മശാനത്തിൽ നടന്നു.
പ്രവാസിയായ കൃഷ്ണ കുമാർ വർമ്മയാണ് ഭർത്താവ്.ഇന്ദുലേഖ, ആദിത്യവർമ്മ എന്നിവരാണ് മക്കൾ.
സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ഒരു ജനപ്രതിനിധിയായിരുന്നു മിനി ആർ മേനോൻ എന്നും പരേതയുടെ വേർപാട് കൊച്ചി നഗരത്തിന് തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു
നാഷണലിസ്റ്റ് കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ ഒരു അടിയന്തിര യോഗം പ്രസിഡൻ്റ് ജോയി ഇളമക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് നഗരസഭാ കൗൺസിലർ മിനി ആർ മേനോൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം എൻ ഗിരി ,എൻ എൻ ഷാജി ,അയൂബ് മേലേടത്ത് ട്രഷറാർ ആൻ്റണി ജോസഫ് മണവാളൻ ,ഭാരവാഹികളായ സുധീഷ് നായർ , ഉഷാ ജയകുമാർ ,പി എസ് സി നായർ ,ജാൻസി ജോർജ്ജ് പി ഏ റഹിം ,ഷാജി ഏബ്രഹാം ,പി എൻ ഗോപിനാഥൻ നായർ ,ഷക്കീല മറ്റപ്പള്ളി ,നെൽസൺ ഫ്രാൻസിസ് , ഐസക്ക് നൈനാൻ,ജോണി ജോസഫ് ,സി എസ് ആശ , അജിത് മാത്യു ജേക്കബ്ബ് ,പി കെ പ്രകാശൻ , അനിൽ കുറുമശ്ശേരി ,എൽദോ പൗലോസ് പാണാട്ട്, ജേക്കബ്ബ് ഫിലിപ്പ് വലിയ കാലായിൽ ,അനൂബ് കോശി ,എം കെ തോമസ് എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധി മിനി ആർ മേനോൻ്റെ നിര്യാണത്തിൽ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്ത വർഷം അവസാനത്തോടെ, കുറഞ്ഞത് അഞ്ച് രാജ്യങ്ങളെങ്കിലും ബിറ്റ് കോയിനെ നിയമപരമായി അംഗീകരിക്കുമെന്ന് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ബിറ്റ് മെക്സ് സിഇഒ അലക്സ് ഹോപ്റ്റ്നർ. ബിറ്റ് കോയിൻ സ്വീകരിക്കുന്നതിൽ വികസ്വര രാജ്യങ്ങൾ മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ ക്രിപ്റ്റോ അംഗീകരിക്കുന്നതിലൂടെ അതിന്റെ സ്വീകാര്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. തന്റെ ഈ പ്രവചനത്തിന് മൂന്ന് പ്രധാന കാരണങ്ങൾ ഉണ്ടെന്നും ഹോപ്റ്റ്നർ കൂട്ടിച്ചേർത്തു. പണമയക്കൽ, നാണയപെരുപ്പം, രാഷ്ട്രീയം എന്നിവയാണ് അത്.

എൽ സാൽവഡോറിന്റെ ജിഡിപിയുടെ 23 ശതമാനവും 2020 ൽ പണമയക്കലിലൂടെ ആയിരുന്നു. രണ്ടാമത്തെ ഘടകം പണപ്പെരുപ്പമാണ്. വികസിത രാജ്യങ്ങളുടെ പണപ്പെരുപ്പം ഈ വർഷം 2.4 ശതമാനവും വികസ്വര രാജ്യങ്ങളുടേത് 5.4 ശതമാനവും ആയിരിക്കുമെന്ന് ഇന്റർനാഷണൽ മോണറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിച്ചു. തുർക്കിയിൽ ഈ വർഷം പണപ്പെരുപ്പം 15% ത്തിൽ കൂടുതൽ ഉയർന്നപ്പോൾ, ക്രിപ്റ്റോ ഏറ്റെടുക്കൽ വർദ്ധിച്ചിരുന്നു. സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ക്രിപ്റ്റോ ഉപയോഗിക്കുന്നത് പെട്ടെന്ന് നിരോധിച്ചുകൊണ്ട് തുർക്കി പ്രതികരിച്ചു. പണപ്പെരുപ്പം ഇപ്പോൾ 19.25% ആണ്.

മൂന്നാമത്തെ ഘടകം രാഷ്ട്രീയമാണ്. പല ഭരണാധികാരികളും വിവേകവുമുള്ളവരും പുരോഗമനവാദികളും ആണെന്ന് ഹോപ്റ്റ്നർ അഭിപ്രായപ്പെട്ടു. എൽ സാൽവഡോറിന് സമാനമായ പാതയിലൂടെ അടുത്ത വർഷം പല നേതാക്കളും സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളിൽ നിന്നുണ്ടാവുന്ന വീഴ്ചകൾ ക്രിപ്റ്റോയുടെ വികസനത്തെ ബാധിക്കുമെന്ന ആശങ്കയും ഹോപ്റ്റ്നർ പങ്കുവച്ചു.
ചൊവ്വയിലെ ജലാശം തേടിയുള്ള യാത്രയില്‍ കൂടുതൽ തെളിവുകൾ ശേഖരിച്ചിരിക്കുകയാണ് നാസയുടെ പെര്‍സവറന്‍സ് റോവര്‍. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ വെള്ളം സഹായിച്ചുവെന്നതിന്റെ തെളിവുകള്‍ നിരത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 30 ന് വിക്ഷേപിച്ച പെർവറൻസ് റോവർ 202 ദിവസത്തെ യാത്രയ്ക്ക് ശേഷം 472 ദശലക്ഷം കിലോമീറ്ററുകൾ പിന്നിട്ട് ഫെബ്രുവരി 18 നാണ് ചുവന്ന ഗ്രഹത്തിലെത്തിയത്. പര്യവേക്ഷണത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍, നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു.
ചൊവ്വയിൽ നിന്നും റോവർ അയച്ച വിശദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പഠനസംഘം ജെസെറോ ഗർത്തത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ കണ്ടെത്തലുകൾ സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ ഗര്‍ത്തത്തിലെ പാറക്കെട്ടുകള്‍ക്കുള്ളിലെ പാളികളിൽ ജലത്തിന്റെ രൂപീകരണം എങ്ങനെ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.
“1.5 മീറ്റർ വരെ ഉയരത്തിൽ പാറകൾ അടങ്ങിയ കിടങ്ങുകളിൽ സവിശേഷമായ പാളികൾ ഞങ്ങൾ കണ്ടു.” ഫ്രാൻസിലെ നാൻറ്റസിലെ ലബോറടോയർ ഡി പ്ലാനറ്റോളജി എറ്റ് ജിയോഡൈനാമിക്കിൽ നിന്നുള്ള ശാസ്ത്രജ്ഞനും സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രധാന രചയിതാവുമായ നിക്കോളാസ് മംഗോൾഡ് പറഞ്ഞു.
പാളികളുടെ ആകൃതി ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും സ്ഥിരമായ ഒഴുക്കിനെക്കുറിച്ചും സൂചന നൽകി. പാറക്കഷണങ്ങളെ മൈലുകളോളം വഹിച്ചുകൊണ്ടുപോകണമെങ്കിൽ മണിക്കൂറിൽ 6 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഒഴുകുമായിരുന്ന ജലപ്രവാഹം ഇവിടെ ഉണ്ടായിരുന്നിരിക്കണം എന്നും മാംഗോൾഡും സംഘവും കണക്കാക്കുന്നു.
ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതി ജലപ്രവാഹം താങ്ങാന്‍ പര്യാപ്തമായത്ര ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരുന്നു എന്ന് പഠനം സൂചിപ്പിക്കുന്നു. മുകളിലെയും ഏറ്റവും താഴ്‌ഭാഗത്തെയും പാളികളിൽ ഒരുമീറ്റർ വ്യാസത്തിൽ പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കങ്ങൾ ഗ്രഹത്തിലുണ്ടായതിന്റെ സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
കൂടുതൽ പഠനങ്ങൾക്കായി മള്‍ട്ടി ടാസ്‌കിംഗ് റോവര്‍ സീല്‍ ചെയ്ത ട്യൂബുകളില്‍ പാറകളുടെയും മണ്ണിന്റെയും നിരവധി സാമ്പിളുകള്‍ ശേഖരിക്കും. ജെസറോ ഗർത്തത്തിൽ ഒരു തടാകത്തിന്റെയും നദിയുടെയും ഡെൽറ്റയുടെ സാന്നിധ്യം ഒരിക്കൽക്കൂടി സ്ഥിരീകരിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന പ്രധാന നിരീക്ഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്നും മംഗോൾഡ് പറയുന്നു.
ചൊവ്വയിൽ ജീവൻ നിലനിന്നിരുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ പുതിയ തെളിവുകൾ സഹായിക്കും. ചൊവ്വയെ വലം വെയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങളും ചെവ്വയിലെ ഗർത്തങ്ങളിൽ നിന്നും ശേഖരിച്ച അവശിഷ്ടങ്ങളുമാണ് സംഘം പഠനവിധേയമാക്കിയത്. ചുവന്ന ഗ്രഹത്തിലുടനീളമുള്ള തകർന്ന 262 തടാകങ്ങൾ ഗ്രഹത്തിന്റെ ഉപരിതലത്തെ എങ്ങനെ രൂപപ്പെടുത്തി എന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.
കോവിഡ് ബോധവത്കരണത്തിന് ഹൃസ്വചിത്രം ഒരുക്കിയ നടനും ചിത്രകാരനും മിമിക്രി കലാകാരനുമായ തെരാജ് കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചു. തൃശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശിയാണ് തെരാജ് കുമാര്‍.
കോവിഡ് ബോധവത്കരണത്തിനായി സ്വന്തം വീട്ടില്‍ ആശുപത്രി കിടക്ക സെറ്റിട്ട്, ഹ്രസ്വചിത്രമെടുത്തതിന് പിന്നാലെയാണ് തെരാജിന് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിതനായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാല്‍ വൃക്കകള്‍ കൂടി തകരാറിലായതോടെ ചൊവ്വാഴ്ച തെരാജ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുമ്പസാരം എന്ന പേരിലാണ് കോവിഡ് ബോധവത്കരണത്തിനായി തെരാജ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. വീട്ടില്‍ തന്നെ ആശുപത്രി കിടക്ക സെറ്റിട്ടായിരുന്നു തെരാജ് സിനിമ ഒരുക്കിയത്.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ആണ് തെരാജ് കുമാര്‍ ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ചത്. ക്വാറന്റീന്‍ പാലിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ് അനുസരിക്കാനായിരുന്നു ചിത്രം പറഞ്ഞത്. കഥപാത്രം അവസാനം ശ്വാസംകിട്ടാതെ മരിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.
ചിത്രത്തിന്റെ രചനയും, സംഭാഷണവും നിര്‍മ്മാണവും തെരാജ് തന്നെയായിരുന്നു. പശ്ചാത്തല സംഗീതവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു. തെരാജിന്റെ ഭാര്യ ധന്യയാണ് ചിത്രം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തെരാജിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പനിയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യം എല്ലാവരുടെയും മനംകവരുന്നതാണ്. അതോടൊപ്പം തന്നെ പതഞ്ഞൊഴുകുന്ന വെള്ളത്തിന് സമീപമുള്ള ആ കുടിലും ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞദിവസം കനത്ത മഴയ്ക്ക് പിന്നാലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒന്നുകൂടെ രൗദ്രഭാവം പൂണ്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ ഓലകുടിലിലേക്കായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരുടെ ശ്രദ്ധ പതിഞ്ഞത്.
ശക്തമായ ഒഴുക്കിലും അതിരിപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലുള്ള ആ ചെറിയ കുടിലിന് ഇത്തവണയും കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. 2018-ലെ മഹാപ്രളയകാലത്ത് കുടിലിന്റെ മുകളില്‍ വരെ വെള്ളമെത്തിയെന്നല്ലാതെ കുടിലിന് പോറല്‍പോലും ഏറ്റിട്ടില്ലായിരുന്നു.
2017ലാണ് ഈ കുടില്‍ സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പികെ സഹജന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരാണ് ഈ കുടില്‍ നിര്‍മ്മിച്ചത്.
സിമന്റ്, കമ്പി, പൈപ്പുകള്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളൊന്നും ഈ കുടിലില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി ദത്തമായ മുള, ഈറ്റ, തടിക്കഷ്ണങ്ങള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയും ബേസ്‌മെന്റും ഉള്‍പ്പടെ നിര്‍മ്മിച്ചിരിക്കുന്നത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
‘പാറപ്പുറത്തെ നിര്‍മ്മാണം മറ്റ് നിര്‍മ്മാണങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്‌കരമാണ്. പാറകള്‍ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കുകയില്ല. പകരം പാറകള്‍ക്കിടയിലെ വിടവുകള്‍ കണ്ടെത്തി വേണം അവിടേയ്ക്ക് തൂണുകള്‍ ഉറപ്പിക്കാന്‍. ഈ ബലത്തിലാണ് മുഴുവന്‍ കുടിലും നില്‍ക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച രണ്ട് പ്രധാന വിടവുകളിലാണ് ഇവിടുത്തെ കുടിലും നില്‍ക്കുന്നത്’. സഹജന്‍ പറയുന്നു
കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് നാട്ടിലെ മുളകളെക്കാള്‍ ബലവും ഭംഗിയും ഉണ്ടെന്നതാണ് കാരണമെന്നും സഹജന്‍ വിശദീകരിക്കുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ കാട്ടുമുളകള്‍ ഉപയോഗിക്കും.
എന്നാല്‍ പ്രത്യേക അനുമതി ഉണ്ടെങ്കിലേ വനത്തില്‍ നിന്നുള്ള മുളകള്‍ കൊണ്ടുപോകാനാകൂ. അതിനാല്‍ മറ്റുള്ളയിടങ്ങളില്‍ ഇത്തരം നിര്‍മ്മിതികള്‍ കുറവായിരിക്കും. ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതില്‍ ഈറ്റ ഇല മാത്രം മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റി വിരിക്കണം. ഇത്തരത്തില്‍ പത്തോളം ഹട്ടുകള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഇവര്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയും സഞ്ചാരികളെ കാത്ത് ഉറപ്പിന്റെ പ്രതീകമായി ആ കുടില്‍ അവിടെ തന്നെയുണ്ടാകും.
സോഷ്യൽ മീഡിയയിൽ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന പേരില്‍ അറിയപ്പെടുന്ന ജിഎന്‍പിസി ഗ്രൂപ്പ് വീണ്ടും വിവാദത്തില്‍. ഗ്രൂപ്പില്‍ അംഗങ്ങളായ ഒരുസംഘം ഒരു മൃഗത്തെ പൊതുസ്ഥലത്ത് പരസ്യമായി ചുടുന്നതിന്റെയും കഴിക്കുന്നതിന്റെയും ഫോട്ടോകളാണ് ഇപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.
എന്തിനെയാണ് സംഘം ചുട്ട് തിന്നതെന്ന് ഫോട്ടോയിലൂടെ വ്യക്തമല്ല. പൂച്ച, നായ, മാന്‍ എന്നിവയായിരിക്കാമെന്നാണ് ഫോട്ടോയ്ക്ക് കീഴിലെ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ശരത് ടികെ പട്ടാനി എന്ന എഫ്ബി പ്രൊഫൈലാണ് നാല് ഫോട്ടോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെതിരെയും സംഘത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. കുറ്റകൃത്യങ്ങളുടെ പ്രോത്സാഹനമാണ് ഗ്രൂപ്പില്‍ സജീവമായി നടക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
വ്യാജമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോട്ടോയും കഴിഞ്ഞ ആഴ്ചകളില്‍ ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മദ്യത്തിന്റെ പ്രോത്സാഹനം ഈ ഗ്രൂപ്പില്‍ പാടില്ല. ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന ഗ്രൂപ്പ് നിര്‍ദേശം മറന്നുകൊണ്ടാണ് അഡ്മിന്‍മാര്‍ ഗ്രൂപ്പില്‍ മദ്യപാനവും പ്രോത്സാഹിപ്പിക്കുന്നത്. വിദേശമദ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും കൂടാതെ ചില അംഗങ്ങള്‍ വാറ്റ് ചാരായം കുടിക്കുന്ന ഫോട്ടോകളും ഗ്രൂപ്പിന്റെ ഗ്യാലറിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
2018ല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ അജിത്ത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ തിരുവനന്തപുരം എക്‌സൈസ് ഓഫീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ച് നാള്‍ ഗ്രൂപ്പില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോയകളും പോസ്റ്റ് ചെയ്യുന്നത് നിരോധിച്ചിരുന്നു.
എന്നാല്‍ വീണ്ടും കഴിഞ്ഞ കുറെ നാളുകളായി ഗ്രൂപ്പില്‍ ഇത്തരം ഫോട്ടോകളാണ് നിറയുന്നത്. കട്ടന്‍ ചായ എന്ന പേരിലാണ് ഭൂരിഭാഗം അംഗങ്ങളും മദ്യപാന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഇവരില്‍ പലരും പൊതുസ്ഥലങ്ങളിലും മദ്യനിരോധിത മേഖലകളില്‍ നിന്നുമുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്യുന്നത്.
കൊല്ലം കടക്കലിൽ എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച് ബിജെപി പ്രവർത്തകർ. കടയ്ക്കൽ എസ്എച്ച്എം കോളേജിന് സമീപമാണ് സംഭവം. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് ബിജെപി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി. കോളേജിൽ ബിജെപി പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ വിദ്യാർത്ഥികളെ ആക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
എന്നാൽ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. സ്ഥലത്ത് വൻ പോലീസ് സന്നാഹം കാവൽ തുടരുകയാണ്.