കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് എയർ കാനഡ. ഏറ്റവും വലിയ കനേഡിയൻ എയർലൈനാണ് എയർ കാനഡ. എയർ കാനഡയുടെ എല്ലാ ജീവനക്കാരും സർക്കാരിന്റെ കൊറോണ മാർഗനിർദ്ദേശമനുസരിച്ച് പൂർണമായും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റസ്സോ പറഞ്ഞു.
“ഞങ്ങളുടെ ജീവനക്കാർ കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ അവരുടെ പങ്ക് കൃത്യമായി നിർവഹിച്ചിരിക്കുകയാണ്. എയർ കാനഡയിലെ 96 ശതമാനത്തിലധികം പേരും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചു. ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്ത ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്,“ റസ്സോ പറഞ്ഞു.
വാക്‌സിൻ എടുത്തതിന് ശേഷം മാത്രമേ ഇവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. അലർജി പോലുള്ള ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്തവർ കമ്പനിയെ കൃത്യമായി കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. എയർ, റെയിൽ, ഷിപ്പിംഗ് കമ്പനികൾ അവരുടെ ജീവനക്കാർക്ക് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
വ്യോമയാന മേഖലയിലാണ് നിയമം കർശനമാക്കിയത്. എയർപോർട്ടുകളിലെ നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർ വാക്‌സിനേഷൻ സ്വീകരിക്കണമെന്നത് നിർബന്ധമായിരുന്നു. കാനഡയിൽ ഇതുവരെ 1,720,355 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29,056 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,283 പുതിയ കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ജനസംഖ്യയുടെ 78 ശതമാനവും വാക്‌സിനേഷൻ സ്വീകരിച്ചതായാണ് കണക്ക്.
സ്‌കോട്‌ലന്‍ഡില്‍ തന്നെ യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.
വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
2070 ഓടെ കാർബണ്‍ പുറന്തള്ളൽ നെറ്റ് സീറോയിൽ എത്തിക്കുമെന്നും ഉച്ചകോടിയില്‍ മോദി ഉറപ്പ് നൽകി. 2030 ഓടുകൂടി ഇന്ത്യയിലെ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി മോദി ചർച്ച നടത്തി.
കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് ലോകരാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്ട്ര നേതാക്കളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
#WATCH PM Modi plays the drums along with members of the Indian community gathered to bid him goodbye before his departure for India from Glasgow, Scotland
(Source: Doordarshan) pic.twitter.com/J1zyqnJzBW
— ANI (@ANI) November 2, 2021
യുകെയിൽ പുതിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം അതിവേഗമെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് ട്രാക്കിംഗ് വിദഗ്ധരാണ് വൈറസിന്റെ പുതിയ രൂപമാറ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഡെല്‍റ്റയുടെ സബ്‌വേരിയന്റ് പടരുന്നത് നേരത്തെ തന്നെ രാജ്യത്തിന് ആശങ്കയായിരുന്നു. പുതിയ സബ് സ്‌ട്രെയിന്‍ എവൈ.43 ഇംഗ്ലണ്ടില്‍ 8138 തവണ കണ്ടെത്തിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ മധ്യത്തോടെ കണ്ടെത്തിയ ഈ രൂപമാറ്റം രാജ്യത്ത് 24 കേസുകളില്‍ ഒന്നിന് മാത്രമാണ് കാരണമാകുന്നത്. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം വകഭേദത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ ഇതിന് കൂടുതല്‍ വ്യാപന ശേഷിയും, വാക്‌സിനുകളെ മറികടക്കാനും സാധിക്കുമെന്ന് ഉറപ്പാക്കുന്ന തെളിവുകളൊന്നും തല്‍ക്കാലം ലഭിച്ചിട്ടില്ല.
ഡെല്‍റ്റയുടെ മറ്റൊരു രൂപമാറ്റമായ എവൈ.4.2 കേസുകള്‍ അതിവേഗത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ബ്രിട്ടീഷ്, അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ വൈറസിനെ സജീവമായി നിരീക്ഷിക്കുന്നുണ്ട്. എവൈ. 4.2 സബ് വേരിയന്റ് ഇംഗ്ലണ്ടിലെ ആകെ കേസുകളില്‍ 11 ശതമാനത്തിന് കാരണമാകുന്നുണ്ട്. ക്രാവെന്‍, ബേണ്‍ലി, ഹിന്‍ഡ്‌ബേണ്‍, മെല്‍ട്ടണ്‍, ഓഡ്ബി & വിംഗ്‌സ്റ്റണ്‍ എന്നിവിടങ്ങളില്‍ ഒഴികെ മറ്റെല്ലാ ഇടത്തും ഈ വേരിയന്റ് സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.
രണ്ട് സബ് സ്‌ട്രെയിനുകള്‍ക്കും ഇതുവരെ പേരിട്ടിട്ടില്ല. ലോകാരോഗ്യ സംഘടന ഇവയെ ഭീഷണിയായി പരിഗണിച്ചാല്‍ എവൈ.4.2വിന് ‘നൂ’ എന്ന് പേരുവരുമെന്നണ് കരുതുന്നത്. ഇതിന് കേസുകള്‍ ശക്തമായി ഉയരുകയും വേണം. ഡെല്‍റ്റാ വേരിയന്റില്‍ നിന്നും നൂറുകണക്കിന് എവൈ രൂപമാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ഭീഷണി ഉയര്‍ത്തുന്നവയല്ല എന്നാണു ഇപ്പോഴത്തെ വിലയിരുത്തല്‍ .
ഡെല്‍റ്റ ലോകത്തില്‍ മുഴുവന്‍ പടരുകയും, 108 രാജ്യങ്ങളില്‍ 84000 കേസുകളും സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ് എവൈ.43 ജൂലൈയില്‍ കണ്ടെത്തിയത്. ഇത് കൂടുതലും യൂറോപ്പിലാണ് കാണപ്പെടുന്നത്. ഫ്രാന്‍സില്‍ സെപ്റ്റംബര്‍ മുതല്‍ പകുതി കേസുകള്‍ക്കും ഈ വേരിയന്റാണ് കാരണമാകുന്നത്. യുകെയിലാകട്ടെ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ആള്‍ക്കൂട്ടങ്ങള്‍ സജീവമാകുകയും ശൈത്യകാലം അടുത്തെത്തുകയും ചെയ്ത സാഹചര്യം ആശങ്ക വർധിപ്പിക്കുന്നു.
അതിനിടെ കെയര്‍ ഹോം ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയം കഴിയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ വാക്‌സിന്‍ എടുക്കുന്നതില്‍ തണുപ്പന്‍ സമീപനമെന്ന് റിപ്പോർട്ട്. വാക്സിനേഷനില്‍ വര്‍ദ്ധനവ് വന്നിട്ടില്ലെന്ന് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വ്യക്തമാക്കി. നവംബര്‍ 11-നകം എല്ലാ കെയര്‍ ഹോം ജീവനക്കാരും രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നത് നിയമപരമായ നിബന്ധനയാക്കിയാണ് മന്ത്രിമാര്‍ മാറ്റിയത്.
ഇതിന് തയ്യാറായില്ലെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ ഒരുങ്ങാനും മുന്നറിയിപ്പ് നല്‍കിയിരുന്നു . അതുവഴി വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, പ്രായമായ രോഗികളെ സംരക്ഷിക്കാനും സാധിക്കുമെന്നായിരുന്നു മന്ത്രിമാരുടെ പ്രതീക്ഷ. എന്നാല്‍ ഈ നയം കൊണ്ട് വാക്‌സിന്‍ സ്വീകരിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കെയര്‍ ഹോം മേധാവിമാര്‍ മെയിലിനോട് പ്രതികരിച്ചത്. നയം നടപ്പാക്കുമ്പോള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. ജീവനക്കാരുടെ ക്ഷാമം കൂടുതല്‍ കടുപ്പമാക്കാനാണ് ഇത് ഉപകരിക്കുകയെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
അതേസമയം ബ്രിട്ടീഷ് സർക്കാരിൻ്റെ കോവിഡ് പ്രതിരോധത്തിൽ പാളിച്ച പറ്റിയതായി ആരോപിച്ച് പ്രമുഖ ശാസ്ത്രജ്ഞനും വെൽകം ട്രസ്റ്റിന്റെ ഡയറക്ടറുമായ സർ ജെറമി ഫരാർ പാൻഡെമിക് ഉപദേശക സമിതിയിൽ നിന്ന് രാജിവച്ചു. യുകെയിൽ കാണപ്പെടുന്ന ഉയർന്ന തോതിലുള്ള വ്യാപനം തടയുന്നതിനുള്ള “വാക്സിൻ പ്ലസ്” തന്ത്രത്തിനായി സർ ജെറമി വാദിച്ചിരുന്നു. എന്നാൽ സർക്കാരും സേജ് കമ്മിറ്റിയും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുത്തിരുന്നില്ല.
ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനത്തിന് തങ്ങളുടെ വ്യോമപാത നിഷേധിച്ച് പാകിസ്താന്‍. ഇതോടെ ഒരു മണിക്കൂര്‍ അധികദൂരം പറക്കേണ്ടി വരുന്ന വിമാനയാത്രയ്ക്ക് ചിലവുമേറും.
ഒക്ടോബര്‍ 23ന് കേന്ദ്രമന്ത്രി അമിത് ഷായാണ് ശ്രീനര്‍-ഷാര്‍ജ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ആഴ്ചയില്‍ നാല് ദിവസം സര്‍വീസ് എന്ന രീതിയിലായിരുന്നു തീരുമാനം. എന്നാലിപ്പോള്‍ പാക് വ്യോമപാതയിലൂടെ സര്‍വീസ് സാധ്യമല്ലെന്ന അവസ്ഥയായതിനാല്‍ വിമാനത്തിന് ഉദയ്പൂര്‍, അഹമ്മദാബാദ്, ഒമാന്‍ വഴി ഷാര്‍ജയിലേക്ക് പറക്കേണ്ടി വരും. ഇത് ഒരു മണിക്കൂറോളം അധിക യാത്രയാണ്.
പാകിസ്താന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള വിശേഷിപ്പിച്ചു. 2009-10 കാലയളവില്‍ ശ്രീനഗര്‍-ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസിനോടും പാകിസ്താന്‍ ഇതേ രീതിയിലാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാകിസ്താനോട് അനുമതി തേടാതെ കൊട്ടിഘോഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. വ്യോമാര്‍ത്തി ഉപയോഗിക്കുന്നതിന് പാകിസ്താനോട് അനുമതി തേടാത്തത് അമ്പരപ്പിക്കുന്നുവെന്നും വെറും പിആര്‍ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.
പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ശ്രീനഗറില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിച്ചത്. അടുത്തിടെ ജി20 ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റലിയിലേക്ക് പോയതും തിരിച്ചെത്തിയതും പാക് വ്യോമപാതയിലൂടെയായിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശ്രീലങ്ക സന്ദര്‍ശിക്കുന്നതിന് ഇന്ത്യയും വ്യോമാതിര്‍ത്തി തുറന്ന് നല്‍കിയിരുന്നു.
ഇന്ത്യൻ നിർമ്മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഭാരത് ബയോടെക് നിർമ്മിച്ച വാക്‌സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ കോവാക്‌സിൻ സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര യാത്രകൾക്ക് ഉൾപ്പെടെ നേരിട്ടിരുന്ന തടസം ഒഴിവാകും. കോവാക്‌സിന് വേണ്ട അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. വാക്‌സിൻ പരീക്ഷണത്തിന്റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിക്കുകയും ചെയ്തിരുന്നു.
നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അനുമതി നീണ്ടുപോയത് കോവാക്‌സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ കോവാക്‌സിന് 2021 ജനുവരിയിലാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
തെക്കേ അമേരിക്കൻ രാജ്യമായ ഗയാന കഴിഞ്ഞ ദിവസം കോവാക്‌സിന് അംഗീകാരം നൽകിയിരുന്നു. ഓസ്‌ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കോവാക്‌സിൻ അംഗീകരിച്ചതിനു പിന്നാലെയാണ് തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയും കോവിഡിനെതിരെ കോവാക്‌സിൻ ഫലപ്രദമെന്ന് പ്രഖ്യാപിച്ചത്.
മൗറീഷ്യസ്, ഫിലിപ്പൈൻസ്, നേപ്പാൾ, മെക്‌സികോ, ഇറാൻ, ശ്രീലങ്ക, ഗ്രീസ്, എസ്റ്റോണിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളും നേരത്തെ കോവാക്‌സിന് അനുമതി നൽകിയിരുന്നു.
തിരുവനന്തപുരം ചിറയന്‍കീഴില്‍ നവവരന് ഭാര്യാസഹോദരന്റെ ക്രൂരമര്‍ദനം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് മര്‍ദനമേറ്റത്. വ്യത്യസ്ത മത വിഭാഗങ്ങളില്‍ വിവാഹം കഴിച്ചതിന്റെ പേരിലാണ് മര്‍ദ്ദനം. മിഥുനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പെണ്‍കുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മര്‍ദിച്ചത്. മിഥുന്‍ കൃഷ്ണന്‍ ഹിന്ദു മതത്തിലും വിവാഹം ചെയ്ത ദീപ്തി ക്രിസ്ത്യന്‍ മതത്തിലുമായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. 29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം.
വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ദീപ്തിയുടെ വീട്ടില്‍ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ചുകൊണ്ട് പോകുന്നത്. തുടര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു.
ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മര്‍ദനത്തില്‍ മിഥുന്റെ തലയ്ക്കും, നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് കേസെടുത്തു.
ബാഴ്‌സലോണയുടെ സൂപ്പർതാരം മെസി 21 വർഷങ്ങൾക്ക് ശേഷം ടീമിനോട് യാത്രപറഞ്ഞിറങ്ങിയത് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. വൻ സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു ബാഴ്‌സ മൈതാനം വിട്ട് മെസി ഇറങ്ങിയത്. സീസൺ തുടക്കത്തിൽ ക്ലബിന്റെ നന്മക്ക് വേണ്ടി പ്രതിഫലം പകുതിയായി കുറക്കാമെന്ന് മെസി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതും മതിയാവില്ലെന്ന് വന്നതോടെയാണ് മെസിയെ ബാഴ്‌സ റിലീസ് ചെയ്തത്.
എന്നാൽ, ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് പോയ മെസി ഇപ്പോൾ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത് ശ്രദ്ധേയമാവുകയാണ്. ബാഴ്‌സ പ്രസിഡന്റ് യുവാൻ ലെപോർട്ടയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് മെസി രംഗത്തെത്തിയത്. സൗജന്യമായി കളിക്കാൻ മെസ്സി ഒരുക്കമാണെങ്കിൽ ബാഴ്‌സയിൽ തന്നെ താരത്തിന് തുടരാമായിരുന്നുവെന്നാണ് ലെപോർട്ടയുടെ പ്രതികരണം.
എന്നാൽ, ഈ പ്രസ്താവനയോട് മെസി രൂക്ഷമായി പ്രതികരിച്ചു. പ്രസിഡന്റ് അങ്ങനെയാരു ആവശ്യം തന്റെ മുന്നിൽ വച്ചില്ലെന്നും ബാഴ്‌സക്ക് വേണ്ടി സൗജന്യമായി കളിക്കുമായിരുന്നുവെന്നും മെസി പറഞ്ഞു.
ജഗതി ശ്രീകുമാറിന്റെ മകളായ പാർവതിയുടെയും ഷോണിന്റെയും വിവാഹം ലവ് ജിഹാദല്ലെന്ന് പറഞ്ഞ പിസി ജോർജിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. സംഭവത്തെക്കുറിച്ച് ജഗതി പറയുന്നതിങ്ങനെ, ഒരു ദിവസം വിളിച്ചിട്ട് ജഗതി കാണണമെന്ന് പറഞ്ഞു. ആ സമയം ഞാൻ എം എൽ എ ആയിരുന്നു. കാണാം എന്നും പറഞ്ഞു. എന്റെ മകളും നിങ്ങളുടെ മകനും തമ്മിൽ പ്രേമമാണ് എന്ന് അവര് പറയുമ്പോഴാണ് അറിയുന്നത്. പ്രേമം ആണെങ്കിൽ ഒക്കെയാണ്. വിവാഹം കഴിക്കും എന്നുണ്ടെങ്കിൽ തർക്കം ഒന്നും ഇല്ല. അല്ലെങ്കിൽ ഇത് ഇവിടെ വച്ച് നിർത്തിക്കോണം എന്ന് മകനെ ഉപദേശിക്കണം എന്നും പറഞ്ഞു.
ചോദിച്ചപ്പോൾ രണ്ടുവർഷം കഴിഞ്ഞു വിവാഹം മതിയെന്ന് ഷോൺ പറഞ്ഞു. നിയമസഭയിൽ പോകാൻ വേണ്ടി ഒരു ദിവസം ഞാൻ കാന്റീനിൽ കയറി ചെന്നപ്പോൾ ആണ് പത്രക്കാർ എന്റെ ഒപ്പം ചേരുന്നത്. എന്റെ മകൻ ജഗതിയുടെ മകളുമായി ഒളിച്ചു പോയോ എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. നിങ്ങൾ വിവാഹം സമ്മതിക്കാതെ ഒളിച്ചു പോയി എന്നാണല്ലോ വാർത്ത കേൾക്കുന്നത് എന്നും അവർ ചോദിച്ചു. വന്ന വാർത്തയിൽ ഇരുവരുടെയും ഫോട്ടോയും ഉണ്ട്. ഇത് കേട്ടതോടെ ഞാൻ അപ്പോൾ തന്നെ ഷോണിനെ വിളിച്ചു അവർക്ക് നൽകി അവൻ വീട്ടിൽ ഉണ്ടെന്നു അവർക്ക് ബോധ്യപ്പെടുകയും ചെയ്തു.
കുട്ടികളെ ക്രിസ്ത്യാനികൾ ആയി വളർത്തിക്കൊള്ളാം എന്ന് ഷോൺ കത്ത് നൽകണം എന്ന് ആണ് അച്ചൻ പറഞ്ഞത്. അങ്ങനെ ഞങ്ങൾ തീരുമാനിച്ചിരക്കുന്ന സമയത്താണ് മാണിയച്ചൻ എന്നെ വിളിക്കുന്നത്. പാർവതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞു ജഗതി തന്റെ പക്കൽ വന്നിരുന്നു താമസിയാതെ ചെയ്യണം എന്ന് പറഞ്ഞേക്കുകയാണ് എന്ന് മാണിയച്ചൻ പറഞ്ഞു.
ഇതിനൊക്കെ മുൻപ് കല്യാണം കഴിഞ്ഞാൽ എവിടെയാ താമസിക്കുന്നത് എന്ന് പുള്ളി എന്നോട് ചോദിച്ചിരുന്നു. ഈരാറ്റുപേട്ടയിൽ ആണ് എങ്കിൽ പെണ്ണിനെ ക്രിസ്ത്യാനിയാക്കണം. ഇവിടെ ആണ് എങ്കിൽ മതം മാറണ്ടായിരുന്നു എന്ന് അല്ലെങ്കിൽ തെമ്മാടിക്കുഴിയിൽ എന്റെ കൊച്ചിനെ അടക്കേണ്ടി വരും എന്ന് പുള്ളിയാണ് എന്നോട് പറയുന്നത്. ആരും അറിയാതെയാണ് പുള്ളി മാമോദീസ ചടങ്ങുകൾനടത്തിയത്.
മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. 1995 ല്‍ മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വെളളിത്തിരയിലേക്ക് കടന്നുവരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് മഞ്ജു. അസുരന്‍ എന്ന തമിഴ് സിനിമയിലൂടെ തമിഴിലും തന്റെ കഴിവ് തെളിയിച്ചു മഞ്ജു. ഈ സിനിമയില്‍ രണ്ട് മക്കളുടെ അമ്മയായി ആണ് മഞ്ജു അഭിനയിച്ചത്. ഇപ്പോഴും ആ സിനിമയുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
താരത്തിന് തമിഴ് സിനിമയില്‍ കിട്ടിയ ഏറ്റവും നല്ല തുടക്കം തന്നെയായിരുന്നു അസുരന്‍ എന്ന സിനിമയിലെ കഥാപാത്രം. രണ്ട് മക്കളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിനുളള മറുപടി ഏറെ ചര്‍ച്ചയായിരുന്നു. ”രണ്ടുപേരോടും ഇഷ്ടമാണ്. ഒരിക്കലും ഒരമ്മയോട് ചോദിക്കാന്‍ പാടില്ലാത്താരു ചോദ്യമാണിത്” എന്നായിരുന്നു താരത്തിന്റെ മറുപടി.അസുരന്‍ വലിയ വിജയം കൈവരിച്ചതോടെ ഇനിയും നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് മഞ്ജു പറയുന്നത്. ഇപ്പോഴിതാ താരം ബോളിവുഡിലും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പോസിറ്റീവിറ്റി നിരക്കും ഏറ്റവും താഴ്ന്ന നിലകളിലാണ്. ജനജീവിതം പലയിടങ്ങളിലും സാധാരണ നിലയിലായി. കേരളത്തിലടക്കം സ്കൂളുകള്‍ വരെ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചു. എന്നാല്‍ കോവിഡിന്‍റെ ഒരു മൂന്നാം തരംഗം ഇന്ത്യയില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഡെല്‍റ്റ വകഭേദത്തിന്‍റെ ഉള്‍പിരിവായ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ ഉയരുന്നതാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നില്‍. AY4.2 എന്നറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ് വകഭേദം മൂലം 26,000 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്യുഎച്ച്ഒ വൃത്തങ്ങള്‍ പറയുന്നു. യഥാര്‍ഥ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 15 ശതമാനമെങ്കിലും വ്യാപനശക്തി കൂടിയതാണ് AY4.2.
ഇന്ത്യയടക്കം 40ലധികം രാജ്യങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 17 കേസുകളാണ് ഡെല്‍റ്റ പ്ലസ് മൂലം ഉണ്ടായിട്ടുള്ളത്. ആന്ധ്രാ പ്രദേശ്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം AY4.2 വകഭേദം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പടരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷണി പൂര്‍ണമായും അവസാനിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നു. നാളിതു വരെ റഷ്യ, ചൈന, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം AY 4.2 കേസുകളും കണ്ടെത്തിയത്. റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 41,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം തുടങ്ങിയത് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവില്‍ രാജ്യത്തെ കോവിഡ് കണക്കുകളെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികൃതരും വ്യക്തമാക്കുന്നു.
ഈ മാസങ്ങളിലെ ഉത്സവാഘോഷ സീസണ്‍ വീണ്ടുമൊരു കോവിഡ് തരംഗത്തിലേക്ക് ഇന്ത്യയെ നയിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ഇത് എത്ര മാത്രം പ്രായോഗികമാകുമെന്ന് സംശയമുണ്ട്.