ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ വീണ്ടും മെഡല്‍പ്പട്ടികയില്‍. വനിതകളുടെ ബോക്‌സിങ്ങില്‍ തകര്‍പ്പന്‍ പ്രകടനവുമായി ലോവ്‌ലിന ബോര്‍ഗോഹെയ്‌നാണ് ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചത്. ഇന്നു രാവിലെ നടന്ന വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില തായ്‌പെയ് താരം ചെന്‍ നിയന്‍ ചെന്നിനെയാണ് ലോവ്‌ലിന ഇടിച്ചിട്ടത്.
ജയത്തോടെ സെമിയില്‍ കടന്ന ഇന്ത്യന്‍ താരം വെങ്കലമെഡല്‍ ഉറപ്പാക്കി. മൂന്നു റൗണ്ടിലും എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ലോവ്‌ലിന കാഴ്ചവച്ചത്.
ആദ്യ റൗണ്ടില്‍ മൂന്നു ജഡ്ജുമാര്‍ ലോവ്‌ലിനയെ പിന്തുണച്ചപ്പോള്‍ രണ്ടുപേരാണ് തായ്‌പേയ് താരത്തിനൊപ്പം നിന്നത്. രണ്ടാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ താരം പുറത്തെടുത്തപ്പോള്‍ അഞ്ച് ജഡ്ജുമാരും ലവ്‌ലിനയ്‌ക്കൊപ്പം നിന്നു. മൂന്നാം റൗണ്ടിലും ഇന്ത്യന്‍ താരത്തിനെതിരേ പിടിച്ചു നില്‍ക്കാന്‍ ചെന്നിനായില്ല. മൂന്നാം റൗണ്ടില്‍ നാലു ജഡ്ജിമാരും ലവ്‌ലിനയ്‌ക്കൊപ്പം നിന്നു.
അസമില്‍ നിന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമാണ് ലോവ്‌ലിന. 2018ലും 2019ലും തുടര്‍ച്ചയായി രണ്ടു തവണ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ താരമണ്. ഇരുതവണയും വെങ്കലമാണ് ലോവ്‌ലിന സ്വന്തമാക്കിയത്.
കര്‍ണാടകയില്‍ കുരങ്ങുകളെ വിഷം നല്‍കിയതിനു ശേഷം മര്‍ദിച്ച് അവശരാക്കി ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. ഹസന് ജില്ലയിലെ സക് ലേഷ്പുര് ബേഗര്‍ ക്രോസ് റോഡിലാണ് സംഭവം.
ചാക്കില്‍ കെട്ടി വഴിയരികിലാണ് കുരങ്ങുകളെ ഉപേക്ഷിച്ചത്. കുരങ്ങുകള്‍ അവശനിലയിലായിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തി.
60 കുരങ്ങുകളെയാണ് വിഷം നല്കി മര്‍ദിച്ച് ഉപേക്ഷിച്ചത്. ഇതില്‍ 38 എണ്ണം ചത്തു. ബാക്കിയുള്ള കുരങ്ങുകളെ സമീപത്തെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചു നടത്തിയ പരിശോധനയിലാണ് കുരങ്ങുകള്‍ക്ക് വിഷം നല്‍കിയതായി മനസിലായത്.സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ നേരില്‍ കണ്ട അനുഭവം പങ്കുവച്ച് എ.ആര്‍ റഹ്‌മാന്‍. ഓസ്‌കര്‍ പുരസ്‌കാരം നേടുന്നതിന് മുമ്പ് മൈക്കല്‍ ജാക്‌സനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം ഒരു സുഹൃത്ത് മുഖേന റഹ്‌മാന്‍ അറിയിച്ചിരുന്നു. മെയില്‍ വഴി അപേക്ഷ അയച്ചതിന് ശേഷം ആഴ്ചകള്‍ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല.
ഒരിക്കലും മൈക്കല്‍ ജാക്‌സനെ കാണാന്‍ സാധിക്കില്ലെന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാനത്തിന് നാലു ദിവസങ്ങള്‍ മാത്രം ശേഷിക്കവെ റഹ്‌മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതമറിയിച്ച് മൈക്കല്‍ ജാക്‌സന്റെ മറുപടി വന്നു. പക്ഷേ പുരസ്‌കാര പ്രഖ്യാപന നിശയിലേയ്ക്കുള്ള പ്രകടനത്തിന്റെ പരിശീലനത്തില്‍ ആയതിനാല്‍ കൂടിക്കാഴ്ചയ്ക്ക് റഹ്‌മാന്‍ വിസമ്മതിച്ചു.
ഓസ്‌കര്‍ നേടിയാല്‍ താന്‍ ജാക്‌സനെ കാണാന്‍ എത്താമെന്നും അല്ലാത്തപക്ഷം തനിക്ക് അദ്ദേഹത്തെ കാണേണ്ട എന്നും റഹ്‌മാന്‍ പറഞ്ഞു. ഓസ്‌കര്‍ നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ മൈക്കല്‍ ജാക്‌സനെ കാണാനെത്തി. രണ്ടു മണിക്കൂറോളം നീണ്ട സംഭാഷണത്തിന് ഒടുവില്‍ റഹ്‌മാന്റെ സംഗീതം ഏറെ ഇഷ്ടമാണന്ന് ജാക്‌സന്‍ പറഞ്ഞു.
മൈക്കല്‍ ജാക്‌സന്‍ അദ്ദേഹത്തിന്റെ മാന്ത്രികച്ചുവടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ആ നിമിഷം താന്‍ തരിച്ചു നിന്നു പോയി എന്നാണ് റഹ്‌മാന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന് വാട്സ്ആപ്പിൽ ആത്മഹത്യാസന്ദേശം അയച്ച് വീട് വിട്ടിറങ്ങിയ യുവതി ആറ്റിൽച്ചാടി ജീവനൊടുക്കി. കിഴക്കേകല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാ (23)ണ് മരിച്ചത്. ‘നിങ്ങളുടെ അച്ഛന് കൂടുതല്‍ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാന്‍ പോകുന്നു’വെന്നായിരുന്നു സന്ദേശം.
വ്യാഴാഴ്ച പകല്‍ 11നാണ് യുവതി കടപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്കു ചാടിയത്. പ്രദേശവാസികള്‍ രക്ഷിച്ചു കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതിയും സൈജുവും കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നാണ് വിവാഹിതരായത്.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛന്‍ ബാലന്‍ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10നാണ് രേവതി വീടുവിട്ടിറങ്ങിയത്.
രേവതിയെ കാണാതായവിവരം ഭര്‍തൃവീട്ടുകാര്‍ അച്ഛനമ്മമാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് രേവതിയുടെ അമ്മയും സഹോദരി രമ്യയും പരാതി നല്‍കാന്‍ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കല്ലടയാറ്റില്‍ യുവതി ആത്മഹത്യചെയ്തത് അറിഞ്ഞത്. രേവതിയുടെ മൊബൈല്‍ ഫോണും ഡയറിയും സൈജുവിന്റെ വീട്ടില്‍നിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ. നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.
കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം.
ഇങ്ങനെ ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസീക ബുദ്ധിമുട്ട് പൊലീസിനോട് വിശദമായി നല്‍കിയിട്ടുണ്ട്. കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.
ചങ്ങനാശേരി ബൈപാസിൽ രക്തക്കറ പുരണ്ടതിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ് നാട്ടുകാർ. ലോക്ഡൗൺ ഇളവുകൾക്കു പിന്നാലെ കഴിഞ്ഞ ഒരു മാസമായി ബൈപാസിൽ അമിതവേഗത്തിൽ യുവാക്കൾ ബൈക്കുകളിൽ ചീറിപ്പായുന്നതായി പലരും പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും റോഡിലേക്കു തെറിച്ചുവീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു തന്നെ മരിച്ചു. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. മുരുകനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി യുവാക്കൾ ബൈക്കുകളിൽ ബൈപാസിലൂടെ അമിതവേഗത്തിലെത്തി അഭ്യാസപ്രകടനം നടത്തിയിരുന്നതായും ശരത്ത് അപകടത്തിൽപെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ബൈക്ക് നിർത്താതെ കടന്നുകളഞ്ഞതായും നാട്ടുകാർ ആരോപിച്ചു. സംഭവത്തെത്തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
ചിതറിത്തെറിച്ചു കിടക്കുന്ന ശരീരഭാഗങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടെ അതിദാരുണമായ ദൃശ്യമാണ് അപകടവിവരം അറിഞ്ഞ് എത്തിയവർ കണ്ടത്. ദേഹമാസകലം രക്തവുമായി റോഡിൽ കിടന്നവരെ അവിടെ നിന്ന് എടുക്കാൻ പോലും അധികമാർക്കും ധൈര്യമുണ്ടായിരുന്നില്ല. പൊലീസിന്റെ സഹായത്തോടെ ഇവരെ മാറ്റിയതിനു ശേഷം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ റോഡ് കഴുകി വൃത്തിയാക്കി. ഇതിനു ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. സ്വർണപ്പണികളുമായി ബന്ധപ്പെട്ട് മുരുകനും സേതുനാഥും യാത്രകൾ പോകുന്നത് പതിവായിരുന്നു. അന്ത്യയാത്രയിലും ഇവർ ഒരുമിച്ചായത് നാട്ടുകാർക്കും ബന്ധുക്കൾക്കും വേദനയായി. സേതുനാഥിന്റെയും മുരുകൻ ആചാരിയുടെയും പക്കൽ നിന്ന് 5 ലക്ഷം രൂപ ലഭിച്ചതായി പൊലീസ് പറഞ്ഞു.മുരുകന്റെ ഭാര്യ ആശാലത, മക്കൾ : രാഹുൽ, ഗോകുൽ.സേതുനാഥിന്റെ ഭാര്യ രഞ്ജിനി, മക്കൾ : ലക്ഷ്യ, അക്ഷയ്, വേദ.
നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും കാര്യമായ പരിശോധനകൾ ഇല്ലാത്തതും പുതുതലമുറ ബൈക്കുകളുമായി ചീറിപ്പായാനുള്ള ഇടമാക്കി ബൈപാസ് തിരഞ്ഞെടുക്കാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്. ഇരുവശത്തേക്കുമുള്ള അപകടകരമായ ബൈക്ക് റേസിങ് പേടിച്ച് റോഡിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മോഡിഫിക്കേഷൻ വരുത്തിയതും നമ്പർ പ്ലേറ്റ് മറച്ചതുമായ ബൈക്കുകൾ കൂടുതലായി അഭ്യാസപ്രകടനങ്ങൾക്കായി ഇവിടേക്ക് എത്തിക്കുന്നതായും പരാതികളുണ്ട്. ബൈപാസിൽ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊല്ലം കടപുഴ പാലത്തിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണൻ (22) ആണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
ഇന്ന് രാവിലെ 11 ഓടെയാണ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. പ്രദേശവാസികൾ രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി രേവതി മരിക്കുകയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു രേവതിയുടെയും സൈജുവിന്റെയും വിവാഹം. സൈജു വിദേശത്താണ് ജോലി ചെയ്യുന്നത്. ഭർത്താവുമായുണ്ടായ നിസാര വാക്കുതർക്കമാണ് ആത്മഹത്യക്ക് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ ഭർത്താവിന്റെ അച്ഛനും അമ്മയുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസുമുണ്ടായിരുന്നതായി പ്രദേശവാസികളിൽ ചിലർ പോലീസിന് സൂചന നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പഞ്ചാബിൽ 24 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കാനഡയിലുള്ള ഭാര്യയെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റം അടക്കമുള്ളവ ചുമത്തിയിട്ടുണ്ട്. 25 ലക്ഷത്തോളം രൂപ മുടക്കി ഭർത്താവ് ഭാര്യയെ കാനഡയിൽ അയച്ചിരുന്നു. എന്നാൽ അവിടെ എത്തിയശേഷം ഭർത്താവിനെ ഒപ്പം െകാണ്ടുപോകാൻ ഭാര്യ തയാറായില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ മാസമാണ് ലവ്പ്രീത് സിങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസുള്ള ഭാര്യ ബീന്ത് കൗറിനെ 2018ൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് ലവ്പ്രീത് കാനഡയിൽ പഠിക്കാൻ വിട്ടത്.

കൃഷിയിടത്തിൽ കീടനാശിനി കഴിച്ച് മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കാനഡയിൽ സ്ഥിരതാമസമാക്കാനായിരുന്നു യുവാവിന്റെ മോഹം. മരുമകളുടെ പഠനത്തിന് 25 ലക്ഷത്തോളം രൂപ നൽകി സഹായിച്ചത് യുവാവിന്റെ അച്ഛനാണ്.യുവാവിന്റെ അച്ഛൻ ബല്‍വീന്ദര്‍ സിങ് മരുമകൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കാനഡയിൽ എത്തിയ േശഷം തന്റെ മകനെ ഭാര്യ വഞ്ചിച്ചുവെന്നും അവന് നൽകിയ വാക്ക് അവൾ പാലിച്ചില്ല എന്നും പിതാവ് ആരോപിക്കുന്നു.
മകനുമായി സംസാരിക്കാൻ പോലും താൽപര്യം കാണിച്ചില്ലെന്ന് പിതാവ് പറയുന്നു. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം പരാതിപ്പെടുന്നത്. ഇതോടെയാണ് കാനഡയിലുള്ള യുവതിക്കെതിരെ പൊലീസ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്.എന്നാൽ കോവിഡ് പ്രതിസന്ധിയാണ് ഭർത്താവിനെ െകാണ്ടുപോകാൻ വൈകിയതിന് കാരണമെന്ന് യുവതി പറയുന്നു.
ബ്രിട്ടനിലെ വാണിജ്യ വ്യാപാര മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള ഉന്നത ബ്രിട്ടീഷ് ബഹുമതി ലുലു ഗ്രൂപ്പിൻ്റെ ബ്രിട്ടനിലെ ഉപസ്ഥാപനമായ വൈ ഇൻ്റർനാഷണൽ കരസ്ഥമാക്കി. ഗ്രേറ്റർ ബർമിംഗ്ഹാം ചേംബർ ഓഫ് കോമേഴ്സിൻ്റെ 2021 വർഷത്തെ എക്സലൻസ് ഇൻ ഇൻ്റർനാഷണൽ അവാർഡാണ് വൈ ഇൻ്റർനാഷണൽ യു.കെ. യ്ക്ക് ലഭിച്ചത്.
ഇരുനൂറ് വർഷത്തിലേറെക്കാലമായി ബർമിംഗ് ഹാമിലെ വാണിജ്യ വ്യവസായ മേഖലകളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത സ്ഥാപനമായ ബർമിംഗ് ഹാം ചേംബർ ഓഫ് കോമേഴ്സ് യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള
ചേംബർ ഓഫ് കോമേഴ്സാണ്
ബ്രിട്ടനിലെ ഭക്ഷ്യ സംസ്കരണ രംഗത്ത് 2013 മുതൽ സാന്നിധ്യമുള്ള വൈ ഇൻ്റർനാഷണൽ ബർമിംഗ് ഹാം സിറ്റി കൗൺസിൽ അഡ്വാൻസ്ഡ് മാനുഫാക്ചരിംഗ് സോണിലെ അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലും, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നു.
ബർമിംഗ് ഹാം ചേംബർ ഓഫ് കോമേഴ്സിൻ്റെ എക്സലൻസ് പുരസ്കാരം ബ്രിട്ടനിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ പ്രേരകമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
വാണിജ്യ വ്യാപാര രംഗത്തെ മികവിന് ബ്രിട്ടനിലെ ഉന്നതമായ പുരസ്കാരമായ ക്വീൻസ് അവാർഡ് എലിസബത്ത് രാജ്ഞി 2017 ൽ യൂസഫലിക്ക് നൽകി ആദരിച്ചിരുന്നു. തദ്ദേശിയൾ ഉൾപ്പെടെ 350 ൽ പരം ആളുകളാണ് വൈ ഇൻ്റർനാഷണൽ യുകെയിൽ ജോലി ചെയ്യുന്നത്.
ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ ഏറ്റവും പ്രമുഖമായതും ചരിത്ര പ്രസിദ്ധവുമായ സ്കോട്ട് ലാൻഡ് യാർഡ് പൈതൃക മന്ദിരം, എഡിൻബർഗിലെ കാലെഡോണിയൻ മന്ദിരം എന്നിവ ലുലു ഗ്രൂപ്പിൻ്റെതാണ്
നടന്‍ ജനാര്‍ദനന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാജ്ഞലി കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് ജനാര്‍ദ്ദനന്‍ തന്നെ നേരിട്ട് രംഗത്തെത്തി.
താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജനാര്‍ദനന്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്‍ദനന്‍ പറഞ്ഞു.
വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ജനാര്‍ദനന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് ഫാന്‍ ഗ്രൂപ്പ് പ്രതികരിച്ചു.
നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു- ”ഇന്നലെ മുതല്‍ നടന്‍ ജനാര്‍ദനന്‍ മരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാര്‍ദനന്‍ ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയര്‍ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിര്‍ത്തണം. ഇതൊരു അപേക്ഷയാണ്”- ബാദുഷ കുറിച്ചു.
പ്രമുഖരുടെ വ്യാജ മരണ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിന്റെ അഭിമാന താരം ജഗതി ശ്രീകുമാര്‍ മുതല്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ സോഷ്യല്‍ മീഡിയയുടെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ വ്യാജ വാര്‍ത്തകളുടെ ഇരയായിരിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന നടന്‍ ജനാര്‍ദനന്‍ ആണ്. അദ്ദേഹം മരണപ്പെട്ടതായി വ്യാപക പ്രചാരണമാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും നടക്കുന്നത്.
ലോകത്തെ ഏറ്റവും എരിവുള്ള മുളക് ഇനി ലണ്ടനിലേയ്ക്ക്. ഭൂത് ജൊലോക്കിയ(ഗോസ്റ്റ് പെപ്പര്‍) എന്നറിയപ്പെടുന്ന മുളകാണ് വിദേശികള്‍ക്കിടയിലും പ്രിയമേറുന്നത്. നാഗാലാന്‍ഡില്‍ നിന്നും വിളവെടുത്ത മുളകുകള്‍ ഗുവാഹത്തിയില്‍ നിന്ന് വിമാനമാര്‍ഗം യുകെയിലേക്ക് ഇതാദ്യമായി കയറ്റി അയച്ചതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു.
ഒപ്പം 2019 ല്‍ ഭാര്യയോടൊപ്പം മേഘാലയയിലെ പച്ചക്കറിച്ചന്ത സന്ദര്‍ശിച്ചപ്പോള്‍ ‘ഭൂത് ജൊലോക്കിയ’ വാങ്ങാനിടയായതിനെക്കുറിച്ചുള്ള ഓര്‍മയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അരുണാചല്‍പ്രദേശ്, അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന ‘ഭൂത് ജൊലോക്കിയ’ മുളകുകളുടെ രാജാവ് എന്നാണ് നാഗാലാന്‍ഡില്‍ അറിയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന പേരില്‍ 2009 ല്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയ മുളകാണിത്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്തെടുക്കുന്ന തനതുവിളകളുടെ കയറ്റുമതിയില്‍ വന്‍ ഇനി കുതിച്ചുചാട്ടമുണ്ടാവുമെന്ന പ്രതീക്ഷയിലാണ്.
The king of chillies from Nagaland exported to London via Guwahati for the first time.
Reminds me of our brush with this famous variety of fiery chillies when Lakshmi & I stopped by at a roadside vegetable market during our trip to Meghalaya in August 2019. https://t.co/Od298o5huQ pic.twitter.com/93JLpQa2gc
— Hardeep Singh Puri (@HardeepSPuri) July 28, 2021