Latest News

ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ചിത്രമായിരുന്നു മാടമ്പി. കാവ്യാ മാധവനടക്കം ഈയടുത്ത് ചിത്രത്തിന്റെ നിര്‍മാതാവായ ബി.സി. ജോഷി ചിത്രം നിര്‍മ്മിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തനിക്ക് മറക്കാനാകാത്ത ഒരു അനുഭവമുണ്ടായെന്ന് പറയുകയാണ് ബി.സി. ജോഷി. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. എനിക്ക് ഒരു മറക്കാനാവാത്ത അനുഭവം ഉണ്ടായിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു.

പത്ത് ദിവസം കഴിഞ്ഞപ്പോഴെക്കും പലവകയില്‍ ഒരു കോടിയോളം രൂപ ചെലവായിരുന്നു. നമ്മള്‍ ആള്‍ക്കാരില്‍ നിന്നൊക്കെ പൈസ മേടിച്ചിട്ട് തിരിച്ചുപോകാന്‍ പറ്റില്ലല്ലോ. സിനിമയിലെ പൊലീസ് സ്റ്റേഷന്‍ രംഗങ്ങള്‍ ഒരു ഭാഗത്ത് നടക്കാനിരിക്കുന്നു. മോഹന്‍ലാല്‍ സാറിന് ഒരു മാജിക് ഷോയില്‍ പങ്കെടുക്കാനുള്ള സമയവും അന്നായിരുന്നു.

ലാല്‍ സാര്‍ ആണെങ്കില്‍ അന്ന് പോകുമെന്ന് പറഞ്ഞ് നില്‍ക്കുകയായിരുന്നു. സാറിനോട് നേരിട്ട് പറയാന്‍ എനിക്ക് ഒരു മടിയായിട്ട്, ഞാന്‍ കാര്യം ആന്റണിയോട് പറഞ്ഞു. ലാല്‍ സാറിനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണമെന്ന്.

തീയില്‍ ചാടി അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാല്‍ സിനിമയുടെ ഗതിയെന്താകും. ലാല്‍ സാറിനോട് ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാന്‍. എന്നാല്‍ സിനിമ ഷൂട്ടിംഗ് സമയത്തെ ഈ രീതിയോട് യോജിക്കാന്‍ കഴിഞ്ഞില്ല. അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു, ഈ പണിയ്ക്ക് വരണ്ടായിരുന്നുവെന്ന്.

എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍ ലാല്‍ സാറിനോട് ഇതില്‍ നിന്ന് പിന്മാറണമെന്ന് പറയുകയും അങ്ങനെ പുള്ളി പിന്മാറുകയും ചെയ്തു,’ ബി.സി ജോഷി പറഞ്ഞു.

കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജൊവെനെല്‍ മോസെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ചു കൊന്നു. കൂലിപ്പടയാളികളില്‍ രണ്ടു പേര്‍ പിടിയിലായാതായും ബന്ദികളാക്കിയ മൂന്ന് പോലീസുകാരെ മോചിപ്പിച്ചതായും പോലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ പോര്‍ട്ട് ഔ പ്രിന്‍സിലുള്ള വീട്ടില്‍ വെച്ച് ജാവെനെല്‍ മോസെക്കും ഭാര്യക്കും നേരെ ആക്രമണം നടന്ന ഉടന്‍ പോലീസ് കൊലയാളികളെ പിന്തുടര്‍ന്നാണ് വധിച്ചത്‌. സ്പാനിഷ് അറിയുന്ന വിദേശികള്‍ ഉള്‍പ്പെടുന്ന ആസൂത്രിതമായ ഓപ്പറേഷനാണ് നടന്നതെന്നാണ് ഹെയ്തി പോലീസിന്റെ വിലയിരുത്തല്‍. മോസെയുടെ വീട് ആക്രമിച്ച അജ്ഞാത സംഘം അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ മാര്‍ട്ടിന്‍ മോസെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1.1 കോടി ജനസംഖ്യയുള്ള ഹെയ്തിയില്‍ 53-കാരനായ മോസെയുടെ ഭരണത്തില്‍ കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തതിനാല്‍ കോടതിവിധി നേടി രണ്ടുവര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നുവരുകയാണ് മോസെ. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ പ്രക്ഷോഭങ്ങളും നടന്നുവരുന്നുണ്ട്. 2010-ലെ ഭൂകമ്പവും 2016-ലെ ‘മാത്യു’ കൊടുങ്കാറ്റും വിതച്ച നാശങ്ങളില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഗുണ്ടാ അക്രമങ്ങളും പതിവാണ്.

പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. കലാപ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് അറിയിച്ചിട്ടുണ്ട്. ജനങ്ങളോട് ശാന്തരായിരിക്കാന്‍ ഇടക്കാല പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.

യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഈ മാസം അവസാനം മുതൽ ക്വാ റൻ്റീൻ നിബന്ധനകളിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ വേനൽക്കാല അവധി യാത്രകൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്.

ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് കോമൺസിൽ ബ്രിട്ടൻ ദീർഘകാലമായി കാത്തിരുന്ന പ്രസ്താവന നടത്തിയത്. നിലവിൽ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ 10 ദിവസം വരെ ക്വാറൻ്റീനിൽ പോകേണ്ടതുണ്ട്. ജൂലൈ 19 ന് പ്രാബല്യത്തിലാകുന്ന പുതിയ നിയമം ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി എന്നിവയുൾപ്പെടെയുള്ള മികച്ച അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും.

ഇളവുകൾ പ്രാബല്യത്തിലാകുന്നതോടെ ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കോവിഡ് തകർച്ചയ്ക്ക് ശേഷം ഈ തള്ളിക്കയറ്റം പരമാവധി ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ടൂർ ഓപ്പറേറ്റർമാരും എയർലൈനുകളും. അവധി ആഘോഷിച്ച് മടങ്ങി വരുന്നവർക്ക് ക്വാ റൻ്റീൻ വേണ്ടെങ്കിലും ബ്രിട്ടനിലെത്തി രണ്ടാം ദിവസം ഇവർ പിസിആർ ടെസ്റ്റ് ചെയ്യേണ്ടതുണ്ട്.

നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ലെങ്കിലും ക്വാറൻ്റീൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മുതിർന്നവരോടൊപ്പം അവരും രണ്ടാം ദിവസത്തെ കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആകണം. 2 ഡോസ് വാക്സിൻ എടുക്കാത്ത ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന യാത്രക്കാർക്ക് ക്വാ റൻ്റീൻ നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് 10,000 പൗണ്ട് വരെ പിഴ ചുമത്തുമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

അതിനിടെ സ്കൂൾ അവധിക്കാലത്തിനു മുമ്പേ യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിൽനിന്നും നീക്കി, ഹോട്ടൽ ക്വാറന്റീൻ നിബന്ധനകൾ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാർ. രണ്ടുഡോസ് വാക്സീനെടുത്ത ഇന്ത്യക്കാർക്കു ജർമനി കഴിഞ്ഞദിവസം ക്വാറന്റീൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യുകെയിലും ഇളവുകൾ വേണമെന്ന ആവശ്യം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിലും ശക്തമാണ്.

ഈ ആവശ്യം ഉന്നയിച്ച് ആരംഭിച്ച ഓൺലൈൻ പെറ്റീഷനിൽ ഇതിനോടകം 22,000അധികം പേർ ഒപ്പിട്ടു കഴിഞ്ഞു. ഒരു ലക്ഷം പേർ ഒപ്പിട്ടാൽ പരാതി പാർലമെന്റിന്റ പരിഗണനാവിഷയമാകും. രണ്ടുഡോസ് വാക്സീനെടുത്തവർക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി നൽകണമെന്നാണു പരാതിയുടെ ഉള്ളടക്കം. ഓൺലൈൽ പെറ്റീഷനിൽ പങ്കു ചേരാനുള്ള ലിങ്ക് താഴെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍.ഐ.വി. പൂനയിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍.ഐ.വി. പൂനയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു. കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്‌നാട് അതിര്‍ത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ടീം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവര്‍ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.

ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.

എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.

നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം.

സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി അനുവദിക്കണമെന്ന് മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യര്‍ത്ഥിച്ചു. പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് നല്‍കുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

റിജിയണല്‍ ഡയറക്ടര്‍ ഓഫീസര്‍ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. റുചി ജെയിന്‍, ജിപ്മര്‍ പള്‍മണറി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. സക വിനോദ് കുമാര്‍ എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് വിങ്ങുമായും സംഘം ചര്‍ച്ച നടത്തി.

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മള്‍ട്ടി ഡിസിപ്ലിനറി ടീം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തവേയാണ് സംഘം സംതൃപ്തി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, കോലഞ്ചേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കി. ഇങ്ങനെ ഫീല്‍ഡ് തലത്തില്‍ നിന്നും നേരിട്ട് കിട്ടിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ആശുപത്രികളിലെ രോഗീ പരിചരണം, അടിസ്ഥാന സൗകര്യങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം കൈക്കൊണ്ടിട്ടുള്ള നിലപാടുകളിലും നടപടികളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ടി.പി.ആര്‍. സംബന്ധിച്ച ആശങ്ക വേണ്ടെന്നാണ് കേന്ദ്ര സംഘം പറഞ്ഞത്. രണ്ടാം തരംഗത്തില്‍ ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ശക്തമായ പ്രതിരോധം കൊണ്ടാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കേസ് കുറവായിരുന്നു. രണ്ടാം തരംഗം ഇതേ രീതിയില്‍ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഓക്‌സിജന്റേയും ഐസിയു കിടക്കകളുടേയും ക്ഷാമം ഉണ്ടാകാത്ത വിധത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനായത് നേട്ടമായെന്നും കേന്ദ്ര സംഘം വിലയിരുത്തി.

നീണ്ട ഇരുപത്തിനാലു വർഷങ്ങൾ കഴിഞ്ഞിട്ടും ആ റെക്കോർഡ് തകർക്കപ്പെടാതെ തന്നെ തുടരുകയാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഒരു നായകൻ ഇൻഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയ റെക്കോർഡ് ആണത്. 1997 ഇൽ റിലീസ് ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ അതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചു. അതേ വര്ഷം തന്നെ ചന്ദ്രലേഖ , ആറാം തമ്പുരാൻ എന്നീ ചിത്രങ്ങൾ യഥാക്രമം, അനിയത്തിപ്രാവ് സൃഷ്‌ടിച്ച ബോക്സ് ഓഫിസ് കളക്ഷൻ തിരുത്തിയെഴുതി ഇൻഡസ്ട്രി ഹിറ്റുകൾ ആയെങ്കിലും അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഒരു നായകൻ സർവകാല വിജയം രേഖപ്പെടുത്തുക എന്ന കുഞ്ചാക്കോ ബോബന്റെ റെക്കോർഡ് ഇന്നും അങ്ങനെ തന്നെ നിൽക്കുന്നു. കുഞ്ചാക്കോ ബോബൻ- ശാലിനി ടീം തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, സുധീഷ്, ഹരിശ്രീ അശോകൻ, ജനാർദ്ദനൻ, ശങ്കരാടി, കൊച്ചിൻ ഹനീഫ, കെ പി എ സി ലളിത എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ വിജയത്തിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് ഇതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു.

അന്ന് കേരളത്തിൽ തരംഗമായി മാറിയ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ഔസേപ്പച്ചനും വരികൾ എഴുതിയത്, ഈ അടുത്തിടെ അന്തരിച്ചു പോയ എസ് രമേശൻ നായരുമാണ്. ഇപ്പോഴിതാ, അന്ന് ഈ ചിത്രത്തിന്റെ ക്‌ളൈമാക്‌സിനു മുൻപ് ഉൾപ്പെടുത്താൻ വേണ്ടി ഒരുക്കി, പിന്നീട് ചിത്രത്തിൽ ഉൾപ്പെടുത്താതെ ഇരുന്ന തേങ്ങുമീ വീണയിൽ എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. യേശുദാസും, ചിത്രയും ചേർന്ന് പാടിയ ഈ ഗാനം കേട്ട പ്രേക്ഷകർ ചോദിക്കുന്നത്, എന്തുകൊണ്ടാണ് ഇത്ര മനോഹരമായ ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്നത് എന്നാണ്. ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ ആദ്യം തീരുമാനിച്ചതിൽ നിന്നും ചില മാറ്റങ്ങൾ വന്നതോടെയാണ് ഈ ഗാനം ഒഴിവാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും ഈ ഗാനം ഇപ്പോൾ വളരെ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. മലയാളത്തിൽ തരംഗമായ അനിയത്തിപ്രാവ് പിന്നീട്, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലേക്കും റീമേക് ചെയ്‌തു.

ദുബായ്‌യിലെ ജബല്‍ അലി തുറമുഖത്ത് വന്‍ തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായിരുന്ന കണ്ടയ്നറില്‍ സ്ഫോടനമുണ്ടാകുകയും തീപടര്‍ന്നു പിടിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കോ ആളപായമോ ഇല്ല. 40 മിനിറ്റിനകം തീ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. വന്‍ ശബ്ദത്തോടെ തീപടര്‍ന്നത് നഗരവാസികളെ ഏറെ നേരം ആശങ്കയിലാക്കി.

ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍ക്കുളം ദുബായ്‌യില്‍ ഉദ്ഘാടനം ചെയ്തു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഡീപ് ഡൈവ് ഉദ്ഘാടനം ചെയ്തത്.

നാദ് അല്‍ ഷെബ പരിസരത്ത് സ്ഥിതിചെയ്യുന്ന ഡീപ് ഡൈവില്‍ 60 മീറ്ററിലേറെ ആഴത്തില്‍ ഡൈവിങ്ങിനും 1.4 കോടി ലിറ്റര്‍ വെള്ളം സംഭരിച്ചുനിര്‍ത്താനുമാവും. ആറ് ഒളിമ്പിക് വലുപ്പത്തിലുള്ള നീന്തല്‍ക്കുളങ്ങള്‍ക്ക് തുല്യമാണ് ഡീപ് ഡൈവ്.

മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന സൗകര്യവും ഇവിടെയുണ്ട് എന്നതാണ് ഡീപ് ഡൈവിന്റെ പ്രത്യേകത. ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചടങ്ങില്‍ പങ്കെടുത്തു.

ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സ തേടിയിരുന്ന വീരഭദ്ര സിങ് ഇന്ന് പുലർച്ചെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.

തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആരോഗ്യനില വഷളായി. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ഒമ്പത് തവണ എംഎൽഎയും അഞ്ചു തവണ എംപിയുമായിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

ഇതിനിടെ ഇദ്ദേഹത്തിന് ജൂൺ 11ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തെ കോവിഡ് പിടികൂടുന്നത്. ഏപ്രിൽ 12നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.

ഭാര്യ പ്രതിഭ സിങും മകൻ വിക്രമാദിത്യ സിങും രാഷ്ട്രീയ പ്രവർത്തകരാണ്. പ്രതിഭാ സിങ് മുൻ എംപിയായിരുന്നു. മകൻ വിദ്രമാദിത്യ ഷിംല റൂറലിലെ എംഎൽഎയാണ്. വീരഭദ്ര സിങ് കേന്ദ്രമന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved